കാണാ മറയത്ത്..❤: ഭാഗം 23

kanamarayath

രചന: മീര സരസ്വതി

"ഷീ ഈസ് പെർഫെക്റ്റ്ലി ഓൾറൈറ്റ്.... പ്രൊപോഫോൾ ഇൻജെക്ട് ചെയ്തതാണ്.. സാധാരണ അനെസ്തേഷ്യയിൽ ഉപയോഗിക്കുന്ന മെഡിസിനാണ്.. അതിന്റെ സെഡേഷനിലുള്ള മയക്കമാ... ഒരു വൺ ഹവറിനുള്ളിൽ ഉണർന്നോളും... പിന്നേ, ഉപദ്രവിക്കാനുള്ള ശ്രമം നടന്നതിനാലാവണം ശരീരത്തിൽ ഒന്ന് രണ്ടിടങ്ങളിൽ ചെറിയ മുറിവുകളുണ്ട്.. അത് പക്ഷെ പ്രശനമുള്ളതല്ല... തക്ക സമയത്ത് രക്ഷപ്പെടുത്താൻ സാധിച്ചത് കൊണ്ട്‌ കുഴപ്പമില്ല...." ഡോക്ടർ പറഞ്ഞു കഴിഞ്ഞതും മൂവർക്കും ആശ്വാസമായി... " പേഷ്യന്റ്സ് ഉണ്ട്... ഞാൻ ചെല്ലട്ടെ.. ലൈല ഉണരുമ്പോൾ സിസ്റ്റർ വന്ന് പറയും... " ഡോക്ടർ തൊട്ടടുത്ത റൂമിലേക്ക് കയറിച്ചെന്നു... പെട്ടെന്നാണ് കാശിയ്ക്ക് കാൾ വന്നത്.. ടീച്ചറമ്മയാണ്... ആൾക്ക് കാര്യങ്ങൾ അറിയാഞ്ഞിട്ട് സമാധാനമില്ലാതെ നിൽപ്പാണ്... "കുഴപ്പമൊന്നുമില്ല അമ്മാ.. അവൾ ഓക്കെയാ.. പിന്നെ നടന്ന കാര്യമൊന്നും റിനിയോടോ ജിതേഷിനോടോ പറയേണ്ടാ..."

അമ്മയ്ക്കുള്ള നിർദ്ദേശങ്ങൾ കൊടുത്തതിനു ശേഷമവൻ ഫോൺ വെച്ചു... "റോഷന്റെ കാര്യത്തിൽ എന്താ നിന്റെ തീരുമനം കാശി...??" "ഇഷയും ശരത്തും നാളെ രാവിലെ എത്താമെന്ന് പറഞ്ഞിട്ടുണ്ട് ഫൈസീ... അവരെത്തിയിട്ട് അവനുള്ളത്‌ നമുക്ക് കൊടുക്കാം..." ദേഷ്യത്തോടെ പല്ലിറുമ്മി മുഷ്ടി ചുരുട്ടിക്കൊണ്ട് കാശി പറഞ്ഞു... അപ്പോഴേക്കും കാര്യങ്ങളറിഞ്ഞ് മാലിക്കും റസീനയും ക്ലിനിക്കിൽ എത്തിയിരുന്നു.... "അബ്ബാ.....!!" മാലിക്കിനെ കണ്ടതും അമ്മു ഓടിച്ചെന്ന് ആ മാറിൽ വീണു കരഞ്ഞിരുന്നു... കുറച്ചു ദിവസങ്ങൾ കൊണ്ട് ലൈല അവർക്കൊക്കെയും പ്രിയപ്പെട്ടവളായി മാറിയെന്ന് അവിടെയുള്ളവരുടെയെല്ലാം മുഖം കണ്ടാലറിയാം... "എടോ നിങ്ങളൊക്കെ അവനെ, ആ റോഷനെ എന്താണ് ചെയ്തത്...?? ജീവനോടെയുണ്ടല്ലോ അല്ലെ..??!!" മാലിക്കിന് അറിയേണ്ടത് റോഷന്റെ കാര്യമായിരുന്നു... പിള്ളേരുടെ ദേഷ്യത്തിന് വല്ലതും സംഭവിച്ചെങ്കിൽ ഉത്തരം പറയേണ്ടത് താൻ കൂടിയാണെന്ന് നന്നായി അറിയാവുന്നത് കൊണ്ടും കൂടിയാണ് ഇങ്ങനെയൊരു ചോദ്യവും.. " അങ്ങനെയവന്റെ ജീവൻ പോകാനൊന്നും സമ്മതിക്കില്ല അങ്കിളേ...

അവൻ ചെയ്ത തെണ്ടിത്തരത്തിനു ഓരോന്നിനും ഉത്തരം പറയിച്ചിട്ടേയുള്ളൂ ബാക്കി... " അമർഷത്തോടെ പറയുന്നവനെ ഒരുനിമിഷം അയാൾ നോക്കി നിന്നു പോയി... കാശിയുടെ ദേഷ്യം മൂർദ്ധന്യാവസ്ഥയിൽ ആയിരുന്നു... മാലിക്കിന്റെ നോട്ടം ഒരുവേള മകനിലേക്കും പാളി വീണു... അവിടെയും ദേഷ്യം കടിച്ചമർത്തി നിൽപ്പാണെന്ന് മനസ്സിലായി... " പേഷ്യൻറ്റിനു ബോധം വീണിട്ടുണ്ടേ... ചെന്ന് കണ്ടോളൂ.." നേഴ്സ് വന്ന് പറഞ്ഞതും കേട്ട പാതി കേൾക്കാത്ത പാതി എല്ലാവരും മുറിയിലേക്ക് വേഗത്തിൽ നടന്നു.. ബോധം വീണ നിമിഷം തന്നെ സ്വന്തം ശരീരത്തിലേക്കാണ് ലൈലയുടെ കണ്ണുകൾ ചെന്നെത്തി നിന്നത്... പരിചിതമല്ലാത്ത പുതുവസ്ത്രമണിഞ്ഞു കണ്ടതും അവളുടെ കണ്ണുകൾ തുളുമ്പനായി നിറഞ്ഞു വന്നു... അറിയാതെ തന്നെ കഴുത്തിടുക്കിലേക്ക് കൈ നീണ്ടു പോയി.. അവന്റെ നിശ്വാസം എറ്റയിടം... അവിടമാകെ ഒരു കൂട്ടം പുഴുക്കൾ അരിച്ചിറങ്ങുന്ന പോലെ....

പ്രതിരോധിക്കുന്നതിനിടയിൽ റോഷൻ പിടിച്ചു കിടക്കയിലേക്ക് മലർത്തിയിട്ടത്രയും വരെ ഓർമ്മയിലുണ്ട്.. പിന്നീടങ്ങോട്ട് നടന്നതെന്താണെന്ന് എത്രയങ്ങ് ആലോചിച്ചിട്ടും പിടി കിട്ടിയതുമില്ല... ബാക്കി സംഭവിച്ചത് അറിയാനുള്ള ഭയമേറി വന്നതും അറിയാതെ തന്നെ തലയിലൊരു കൊട്ട് കൊടുത്തു പോയി... ഇല്ല, ഓർമ്മയിലെവിടെയും ഒന്നും തന്നെയില്ല... പുതു വസ്ത്രങ്ങൾ സൂചിപ്പിക്കുന്നതപ്പോൾ.....!! പ്രണയത്തിനാൽ വഞ്ചിക്കപ്പെട്ടവന്റെ വെറും വിഴുപ്പു ഭാണ്ഠമാണോ താനിപ്പോൾ..???!! ഒരു വേള മനസ്സിൽ ഭയം നിഴലിച്ചു.. ചിന്തകൾക്ക് പോലും കൂച്ചു വിലങ്ങ് വീണു പോയി... തലയിലൊരു ഭാരം കുമിഞ്ഞു കൂടി... നിറഞ്ഞു വന്ന കണ്ണുകളിൽ നിന്നും നീർതുള്ളികൾ തുളുമ്പിയൊഴുകി.... അപ്പോഴേക്കും മുറിയിൽ ഓരോരുത്തരായി എത്തിക്കഴിഞ്ഞു.. റസീന അവളുടെ കിടയ്ക്കയ്ക്ക് അരികിലായി ചെന്നിരിന്നു.... മാലിക്കും റൂമിനകത്ത് ഒരു മൂലയിലായി നിന്നു.. ഫൈസിയും കാശിയും വാതുക്കൽ തന്നെ നിന്നു... ഏവരുടെയും മുഖത്ത് നോക്കാൻ ലൈലയ്ക്ക് പ്രയാസം തോന്നിപ്പോയി... എല്ലാ കണ്ണുകളും തന്റെ നേർക്കാകുമിപ്പോൾ..

. ആ കണ്ണുകളിലെല്ലാം സഹതാപം നിഴലിക്കുന്നുമുണ്ടാകും... കാശിയേട്ടനിൽ പോലും... !!അത് കാണാൻ താൻ അശക്തയാണ്... തലതാഴ്ത്തി നിശബ്ദമായി കരഞ്ഞു കൊണ്ടിരുന്നു അവൾ... ഏറ്റവും ഒടിവിലായി റൂമിൽ കയറിയ അമ്മു ഓടിച്ചെന്ന് അവളെ ഇറുകെ കെട്ടിപ്പുണർന്നു... അത് വരെ തടഞ്ഞു വെച്ചിരുന്ന കരച്ചിലുകളെല്ലാം ചീളുകളായി പുറത്തേക്ക് തെറിച്ചു... രണ്ടു പേരും ഒരുമിച്ച് പൊട്ടിക്കരഞ്ഞു പോയി.. കണ്ടു നിന്നവരുടെ കണ്ണുകളും സജലങ്ങളായി... " അതുശരി, ഇങ്ങനെ കരയാൻ മാത്രം ഇവിടിപ്പോ എന്താ ഇണ്ടായേ...?? ഏതോ പിരാന്തൻ ഒന്ന് പേടിപ്പിച്ചെന്ന് വെച്ച് ഇങ്ങനെ കരയാണോ വേണ്ടേ..?? അമ്മൂ നീ ചുമ്മാ പെണ്ണിനെ കരയിക്കാതെ... " ശാസനയോടെ റസീന പറഞ്ഞതും അമ്മു ലൈലയിൽ നിന്നുമടർന്നു മാറി... " അത് പിന്നെ കുറേ നേരം കാണാൻ പറ്റാത്തോണ്ട് ഒന്ന് സ്നേഹം പ്രകടിപ്പിച്ചതല്ലേ നമ്മൾ... അതും പറ്റൂലെ...??!!" ഇരു കണ്ണുകളും അമർത്തി തുടച്ച് കള്ളപ്പിണക്കം അഭിനയിച്ചു കൊണ്ട് അമ്മു പറഞ്ഞു...

പക്ഷേ ലൈലയുടെ കണ്ണുകൾ അപ്പോഴും തോർന്നിരുന്നില്ല.. കാശിയ്ക്ക് ഓടിച്ചെന്നവളെ മാറോടടുക്കാൻ തോന്നി.. ആ തലയിൽ വാത്സല്യത്തോടെ തലോടി നെറുകെയിൽ ഉമ്മ വെച്ച് കൊണ്ട് " ഒന്നുമില്ല നിനക്ക്, ഞാനില്ലേ കൂടെ"യെന്ന് പറഞ്ഞ് ചേർത്ത് പിടിക്കാൻ തോന്നി... അവളുടെയാ കണ്ണ് നീർ തന്നെ വല്ലാതെ അശക്തനാക്കുന്നുവെന്ന് തോന്നിയതും കാശി പുറത്തേക്കിറങ്ങി നടക്കാൻ തീരുമാനിച്ചു... അതേ സമയം തന്നെയാണ് ലൈലയുടെ കണ്ണുകൾ കാശിയെ തേടിയത്... വാതിൽ തുറന്ന് പുറത്തേക്കിറങ്ങുന്നവനെ കണ്ടതും വല്ലാത്തൊരു നോവ് അനുഭവപ്പെട്ടു അവൾക്ക്... ഹൃദയത്തിൽ രക്തം പൊടിയും പോലെ.. ശരീരത്തിൽ അങ്ങിങ്ങായുള്ള നീറ്റലുകൾ മേലാകയും വ്യാപിക്കും പോലെ... " ഒന്ന് ആശ്വസിപ്പിച്ചത് പോലുമില്ലല്ലോ..?? അല്ലെങ്കിലും ഞാനാരാ...??!! " പരിഭവത്തോടെ ഓർത്തു കൊണ്ട് അവളൊന്ന് തേങ്ങി... ആ രംഗം കണ്ടു നിൽക്കാനാവാതെ ഫൈസിയും കാശിയുടെ പിന്നാലെ നടന്നു..

"ഹ്മ്മ്... ഉണർന്നോ...???!!" ഡോർ തുറന്ന് അകത്തേക്ക് വന്ന ഡോക്ടറെയും നേഴ്സിനെയും കണ്ടതും റസീന എഴുന്നേറ്റ്‌ ഒരരികിലേക്ക് മാറി നിന്നു... "ഹ.. താനെല്ലാരേം പേടിപ്പിച്ചു കളഞ്ഞല്ലോ...!! ഹൗ ഡു യൂ ഫീൽ നൗ..?? അവളെ പരിശോധിക്കുന്നതിനിടയിൽ ഡോക്ടർ ചോദിച്ചപ്പോൾ മറുപടിയായി അവളൊന്ന് പുഞ്ചിരിച്ചെന്ന് വരുത്തി... പരിശോധനയും കഴിഞ്ഞ് കഴുത്തിലൂടെ സ്റ്റെതസ്കോപ്പെടുത്തിട്ട് ഡോക്ടർ റസീനയുടെ അടികിലേക്ക് നടന്നു.. " എനിക്കൊന്ന് കുട്ടിയോട് സംസാരിക്കണമായിരുന്നു... " ഡോക്ടർ റസീനയെയും മാലിക്കിനെയും മാറി മാറി നോക്കികൊണ്ട് പറഞ്ഞു... കാര്യം മനസ്സിലായതുമവർ അമ്മുവിനെയും കൂട്ടി പുറത്തേക്കിറങ്ങി.. " ലൈലാ... ഇങ്ങനെ വിഷമിച്ചിരിക്കുന്നത് എന്തിനാ..?? തനിക്കൊരു കുഴപ്പമില്ലെടോ... " അതിനവൾ കണ്ണുനിറച്ചൊരു വിഷാദച്ചിരി ചിരിച്ചു... അവളിപ്പോൾ ഏതു തരം മെന്റൽ ട്രോമയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഡോക്ടറിന് നന്നായി അറിയാം... " ടെൻഷനൊന്നും വേണ്ടടോ.. ഏതോ ഒരുവനൊന്ന് അപായപ്പെടുത്താൻ നോക്കിയെന്ന് വെച്ച് ഉടഞ്ഞു പോകുന്നതൊന്നുമല്ല പെണ്ണിന്റെ മാനം... എന്തായാലും അവനുള്ളത്‌ ആമ്പിള്ളേര് ഓങ്ങി വെച്ചിട്ടുണ്ട്...

നല്ല സ്ട്രോങ്ങായി തന്നെയിരിക്ക്... " "അങ്ങനെ ഏതോ ഒരുവനായിരുന്നില്ല ഡോക്ടർ... എന്നെ... എന്നെ പ്രണയത്താൽ മൂടി പ്രാണനെ പോലെ സ്നേഹിക്കുന്നുവെന്ന് നടിച്ച് വഞ്ചിച്ചവനായിരുന്നു...." മനസ്സിൽ ആവർത്തിച്ച് പറഞ്ഞു കൊണ്ടവൾ പൊട്ടിക്കരഞ്ഞു... "ഏയ്... റിലാക്സ്... കരയാതെ..." " എനിക്ക്... എനിക്കൊന്നും ഓർമയില്ല ഡോക്ടറെ... അവനെന്നെ കിടക്കയിലേക്ക് തള്ളിയിട്ടത് വരെ ഓർമയുണ്ട്... പി... പിന്നെയൊന്നുമെനിക്ക്..?!!" "പിന്നെയൊന്നും തനിക്ക് സംഭവിച്ചിട്ടില്ല.. കൃത്യ സമയത്താ അവര് തന്നെ രക്ഷപ്പെടുത്തിയത്... ഈ കാണുന്ന മുറിവുകളൊക്കെ പെട്ടെന്ന് ഉണങ്ങിക്കോളും... മനസ്സിൽ തട്ടിയ മുറിവുകളും..." അദ്ദേഹം അവളുടെ കവിളുകളിൽ തട്ടിക്കൊണ്ട് പറഞ്ഞു... അത്രയും കേട്ടതേ അവൾക്ക് ആശ്വാസമായി.. ആ കണ്ണുനീരിനിടയിലും അവളുടെ ചുണ്ടിന്റെ കോണുകളിൽ ഒരു കുഞ്ഞു പുഞ്ചിരി വിടർന്നു... 🔸🔸🔸 "സൂക്ഷിക്കണം രണ്ടാളും... അബദ്ധങ്ങളൊന്നു കാണിച്ചേക്കരുത്..." " ഏയ് ഇല്ലങ്കിളെ... പോയി വരാം...."

കാശിയും ഫൈസിയും മാലിക്കിനോട് യാത്ര പറഞ്ഞിറങ്ങി.. മാലിക്കും റസീനയും ലൈലയെ വീട്ടിലേക്ക് കൊണ്ടുപോകാം എന്നേറ്റതിനാൽ, ആ ഒരുറപ്പിൻ മേലാണ് കാശി ഇറങ്ങിയത്... "അവനു നല്ല ബോധം വീഴുമ്പോഴേക്കും അവിടെയെത്തണം ഫൈസീ.... കണ്ണ് തുറക്കുമ്പോൾ തന്നെ കണ്ണ് പൊട്ടുമാറ് രണ്ടെണ്ണമവനു കൊടുക്കണം..." കോ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരിക്കുന്നതിനിടയിൽ കാശി പറഞ്ഞു... അത് കേട്ടതും ഫൈസിയുടെ വിരലുകൾ അമർഷത്തോടെ സ്റ്റിയറിങ്ങിൽ അമർന്നു.. 🔸🔸🔸 ബോധം വീണതും റോഷൻ കണ്ണുകൾ പതിയെ തുറന്നു... കട്ട പിടിച്ച ഇരുട്ടാണ് എങ്ങും.. വെളിച്ചത്തിന്റെ കുഞ്ഞു കണിക പോലുമെങ്ങുമില്ല... എവിടെയാണെന്നോ എന്താണെന്നോ അറിയാൻ വയ്യാത്തൊരവസ്ഥ.. തലയ്ക്കുള്ളിൽ ഒരായിരം കടന്നൽക്കൂട്ടങ്ങൾ മൂളും പോലെ തോന്നിയതും അവൻ ശക്തമായൊന്ന് തല കുടഞ്ഞു.. ഓർമ്മകളിൽ ലൈലയുടെ മുഖം മിന്നി മറഞ്ഞു.. നടന്ന കാര്യങ്ങളോരോന്നും മനസ്സിലേക്ക് ഓടിയെത്തി...

അവളിലേക്ക് പടർന്നു കയറുമ്പോൾ പിന്നിൽ നിന്നേറ്റ പ്രഹരവും ഓർമകളിൽ തെളിഞ്ഞു... "ശിവൂ....!!! ഓഹ്ഹ്‌ ഷിറ്റ്‌...." ക്രോധത്തോടെയവൻ അലറി... മദ്യം കഴിച്ച നിമിഷത്തെ പഴിച്ചു കൊണ്ട് ഇരുന്നിടത്തു നിന്നുമെഴുന്നേൽക്കാൻ ശ്രമിച്ചു.. താൻ ബന്ധസ്ഥനാണെന്ന തിരിച്ചറിവുണ്ടായത് അപ്പോഴായിരുന്നു.... " ബാസ്റ്റാർഡ്..... പിന്നിൽ നിന്ന് കളിക്കുന്നത് ഏതവനാടാ.....???? ഇരുട്ടിൽ നിന്ന് കളിക്കാതെ മുന്നിൽ വന്ന് കളിക്കെടാ...." അവൻ അലറി വിളിച്ചതും മുറിയുടെ വാതിൽ തുറക്കപ്പെട്ടതും ഒരുമിച്ചായിരുന്നു... പുറമെ നിന്ന് വന്ന വെളിച്ചം കണ്ണിൽ പതിച്ചപ്പോൾ അസ്വസ്ഥതയോടെ റോഷൻ കണ്ണുകൾ ഇറുകെയടച്ചു... നിമിഷങ്ങൾ കഴിഞ്ഞതുമവൻ കണ്ണുകൾ പതിയെ തുറന്നു നോക്കി... വെളിച്ചം കടന്നു വരുന്ന വാതിലിനു മധ്യത്തിലായി കൈകെട്ടി നിൽക്കുന്ന രൂപത്തെ കണ്ടതും അവനൊന്ന് കിടുങ്ങി..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story