കാണാ മറയത്ത്..❤: ഭാഗം 25

kanamarayath

രചന: മീര സരസ്വതി

കുളി കഴിഞ്ഞ് വേഷം മാറി മുടി ചീകാനായി കണ്ണാടിയ്ക്ക് മുന്നിൽ നിന്നതാണ് ലൈല.. മുഖത്ത് നരി അടിച്ച പാടുകൾ തെളിഞ്ഞു കാണാം... കഴുത്തിലായി നഖം കോറിയ പാടുകളും... ആ പാടുകളിലൂടെ വിരലോടിക്കുമ്പോൾ കണ്ണ് നിറഞ്ഞ് മുന്നിലെ കാഴ്ചകൾ മറച്ചു... "എന്തിനാണ് റബ്ബേ എനിക്കുമാത്രം ഇങ്ങനെയൊരു വിധി...!!!" മനസ്സാലെ വിധിയെ പഴിച്ചവൾ... പെട്ടെന്നാണ് പിന്നിലൂടെ ആരോ പൂണ്ടടക്കമവളെ പുണർന്നത്... അവളുടെ ശരീരമാകെ വിറപൂണ്ടു.. ഭയത്തോടെ കുതറി മാറാൻ ശ്രമിച്ചവൾ.... "ലൈലൂ.... സോറി.. സോറി... ക്ഷമിക്കില്ലേ എന്നോട്....???" അവളിലേക്ക് ഒന്ന് കൂടി ചേർന്നു കൊണ്ടവൻ പറയുമ്പോൾ അവളുടെ കഴുത്തിന് പിറകിലൂടെ അവന്റെ കണ്ണുനീർ ഒലിച്ചിറങ്ങിയിരുന്നു... തന്റെ പ്രിയപ്പെട്ടവനാണു തൊട്ടരികിൽ എന്നറിഞ്ഞതും അനുസരണയുള്ള കുട്ടിയെ പോലെ അവനിലേക്ക് ഒതുങ്ങി നിന്നു ലൈല... " ഞാനുള്ളപ്പോൾ ഒരുത്തനും തൊടില്ലെന്ന് ഉറപ്പു പറഞ്ഞിട്ടിപ്പോൾ...

തൊട്ടടുത്തുള്ള അപകടം പോലും കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ലല്ലോ ലൈലൂ....!!" മറുപടിയൊന്നും പറയാതെ അവനോടൊപ്പം തേങ്ങിക്കരയാൻ മാത്രമേ അവൾക്കുമായുള്ളൂ.... ലൈലയെ ഭക്ഷണം കഴിക്കാനായി വിളിക്കാൻ വന്ന ടീച്ചറമ്മ കാണുന്നത് ഈ രംഗമാണ്... അവരുടെ കണ്ണുകളും നിറഞ്ഞു... ലൈലയോടുള്ള അവന്റെ പ്രണയം അവനെക്കാൾ മുന്നേ തിരിച്ചറിഞ്ഞവരാണ്... ഇന്നത്തെ സംഭവം അവനിൽ എത്രത്തോളം വേദനഹുണ്ടാക്കിയെന്നതും അവർക്കറിയാം... പരസ്പരം പറഞ്ഞില്ലെങ്കിലും ലൈലയുടെ മനസ്സിലും കാശിയുണ്ടെന്ന് എപ്പോഴൊക്കെയോ മനസ്സിലായിട്ടുണ്ട്... ഇരുവരെയും ശല്യപ്പെടുത്താതെ ടീച്ചർ അടുക്കള ലക്ഷ്യമാക്കി നടന്നു.. ഏറെ നേരം ഒന്നുമിരിയാടാതെ അതേ നിൽപ്പിൽ നിന്നു ഇരുവരും..

അത്രമേൽ സ്നേഹിക്കുന്നയാളുടെ ഇറുകെയുള്ള ഒരു കെട്ടിപ്പിടിത്തം, അല്ലെങ്കിൽ ഒരു ചേർത്തു നിർത്തൽ മതി അത്രയും നേരമനുഭവിച്ച ടെൻഷൻ അലിയിച്ചു കളയാൻ...!! ഇനിയതെത്ര ഭാരമുള്ളതാണെങ്കിൽ കൂടിയും...!! അതുവരെയുണ്ടായിരുന്ന സംഘർഷം ലൈലയുടെ മനസ്സിൽ നിന്നും വിട്ടുമാറിയിരുന്നു... കാശി ലൈലയെ തനിക്കഭിമുഖമായി നിർത്തി... അവളുടെ കണ്ണുകൾ രണ്ടും കൈ കൊണ്ട് തുടച്ചു കൊടുത്തു... " കരയല്ലേ ലൈലൂ... എനിക്കീ കണ്ണുനീർ കണ്ടു നിൽക്കാൻ വയ്യ... " അപ്പോഴുമവൾ നിസ്സംഗതയോടെ നിന്നതേയുള്ളൂ.. " നൊന്തോ...?? " മുഖത്തെ വിരലടയാളത്തിലൂടെ വിരലോടിച്ചു കൊണ്ട് കാശി ചോദിച്ചു... അവളൊന്ന് വെറുതെ തലയാട്ടി.. ശരീരത്തിനേക്കാളും നോവുന്നതിപ്പോൾ മനസ്സിനാണ്....!! എത്ര തുന്നിക്കെട്ടിയാലും മായാത്തത്രയും മുറിവുകളുണ്ടീ മനസ്സിൽ...!! ഈ പാടുകൾക്കൊക്കെ അവനെക്കൊണ്ട് തന്നെ എണ്ണിയെണ്ണി കണക്ക് പറയിക്കുമെന്ന് കാശി മനസ്സിൽ കുറിച്ചു...

" അവനെ ഒരു തവണയെങ്കിലും കണ്ടിരുന്നേൽ എനിക്ക് മനസ്സിലായേനെ... റാസ്ക്കൽ... നിന്നെ നോവിച്ചതിനൊക്കെയും കണക്കു ചേർത്ത് ഞാൻ കൊടുക്കും.... " " വേണ്ട കാശിയേട്ടാ... ഇനിയുമൊരു പ്രശ്നം വേണ്ട... അവൻ എവിടേലും പോയി തുലയട്ടെ....!!" " അങ്ങനെ മതിയോ...?? ഈ പറഞ്ഞത് ന്റെ മുഖത്ത് നോക്കി പറയ് ലൈലൂ... അങ്ങനെ മതിയോ..???" തല താഴ്ത്തി നിൽക്കുന്ന പെണ്ണിനോട് ഉറച്ച ശബ്ദത്തോടെ അവൻ ചോദിച്ചു.... " അവനെയങ്ങനെ തുലയട്ടേന്ന് കരുതി ചുമ്മാ വിടാം... എന്നിട്ട് നിന്നോട് കാണിച്ചത് പോലെയൊക്കെ നാളെ വേറെന്തെങ്കിലും പെൺകുട്ടികളോട് കാണിക്കട്ടെ... അല്ലെ...??!!" "അ.. അങ്ങനെയല്ല കാശിയേട്ടാ... പ്രശ്നങ്ങൾക്കൊന്നും പോകേണ്ടെന്ന് കരുതിയാ.... " " ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കിയത് അവനല്ലേ...?? ഇനിയെന്ത് വേണമെന്ന് എനിക്കറിയാം... " അമർഷത്തോടെ പറഞ്ഞു കൊണ്ട് കാശി മുറിയിൽ നിന്നും ഇറങ്ങിപ്പോയി...

ഇത്രയുമായിട്ടും ലൈലയ്ക്ക് അവനോടൊരു തരിപോലും ദേഷ്യയമില്ല എന്ന ചിന്ത അവനിൽ ദേഷ്യവും നിരാശയും ഒരുപോലെയുണ്ടാക്കി... ടെറസിലേക്ക് ഓടിക്കയറി കാശി.. ദേഷ്യത്തോടെ കൈ ഭിത്തിയിൽ ആഞ്ഞടിച്ചു... കഴിക്കാൻ ഇരുന്നപ്പോൾ ലൈലയ്ക്ക് വിഷമമാകേണ്ട കരുതിയാകണം ടീച്ചറമ്മ ഇന്ന് നടന്ന സംഭവങ്ങളെ കുറിച്ചൊന്നും ചോദിക്കാനോ പറയുവാനോ പോയില്ല.... കാശിയാണേൽ ലൈലയോടുള്ള ദേഷ്യത്തിലും നിശ്ശബ്ദനായിരുന്നു കഴിച്ചു തുടങ്ങി... വല്ലാത്തൊരു നിശബ്ദതയവിടെ തങ്ങി നിന്നു... ലൈല ഭക്ഷണം കഴിക്കാതെ വിരലിട്ടു കളിക്കുന്നത് കണ്ടതും ടീച്ചറമ്മയ്ക്ക് വിഷമമുണ്ടാക്കി... അവളുടെ പാത്രത്തിലിരിക്കുന്ന് ചോറെടുത്ത് ഉരുളയാക്കി ലൈലയുടെ വായിൽ വെച്ചു കൊടുത്തപ്പോൾ കണ്ണ് നിറച്ച്‌ കൊണ്ടവൾ അവരെ നോക്കി... " കഴിക്ക് മോളെ..." സ്നേഹത്തോടെ ആ ഉരുളയവർ നീട്ടിയപ്പോൾ ലൈല കഴിച്ചു തുടങ്ങി.. ആ ഒരൊറ്റ കാഴ്ചയിൽ തന്നെ കാശിയുടെ ദേഷ്യവും അകന്നുപോയി..

അമ്മയെയും മോളെയും നോക്കി നിന്നവന്റെ ചുണ്ടുകളിലപ്പോൾ ഒരു ചെറു പുഞ്ചിരിയുണ്ടായിരുന്നു.. " മോള് കിടന്നോ.. ഇതൊക്കെ എനിക്ക് ചെയ്യാവുന്നതേയുള്ളൂ.. ചെല്ല്..." ടേബിളിൽ ഇരുന്ന പാത്രങ്ങളുമായി വാഷ് ബെസിനരികിലെക്ക്‌ ചെന്ന ലൈലയെ ടീച്ചറമ്മ റൂമിലേക്ക് പറഞ്ഞയച്ചു.. ശരീരത്തിനും മനസ്സിനും ഒരുപോലെ ക്ഷീണമായതിനാൽ തന്നെ അവളത് അനുസരിച്ചു.. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്രയവളെ പുൽകിയതേയില്ല... കണ്ണടയ്ക്കുമ്പോഴൊക്കെയും നരിയുടെ ക്രൂര മുഖഭാവങ്ങളാണ് മനസ്സിലേക്ക് ഓടിയെത്തുന്നത്... ആ മുഖം വല്ലാതെ പേടിപ്പെടുത്തിയിരുന്നു അവളെ.. അലറിക്കരയണമെന്നുണ്ടെങ്കിലും കരച്ചിൽ തൊണ്ടക്കുഴിയിൽ വിലങ്ങി നിന്നു. കണ്ണിൽ നിന്നും ഒരിറ്റ് കണ്ണ്നീർ പോലും വന്നില്ല. ആകെയൊരു മരവിപ്പ്‌ മാത്രം. സ്വന്തക്കാരെ പോലും കണ്ണടച്ച് വിശ്വസിക്കാൻ വയ്യാത്ത ഇക്കാലത്ത് എങ്ങനെയാണ് താൻ ഊരോ പേരോ രൂപമോ സ്വഭാവമോ ഒന്നുമറിയാത്തൊരുവനെ വിശ്വസിച്ചു...??!!

പ്രണയിച്ചു...?!! തന്റെ ജീവിതമെങ്ങനെ അവന്റെ മുന്നിലൊരു തുറന്ന പുസ്തകമായി മാറി..??!! അത്രയേ ഉണ്ടായിരുന്നുള്ളൂ താൻ..?? ആർക്കും എളുപ്പം പറ്റിക്കാവുന്നൊരുവൾ..?? തന്റെ ജീവിതം ഈയൊരവസ്ഥയിൽ ആകുവാൻ കാരണക്കാരൻ ആയിരുന്നിട്ട് കൂടി അന്നവനെ വെറുത്തില്ല.. പക്ഷെ ഇന്ന് ആ ഒരാളോളം വെറുപ്പ് വേറെയൊന്നിനോടുമില്ല... ഓരോന്ന് ആലോചിച്ചു കിടക്കുമ്പോഴാണ് റൂമിന്റെ വാതിൽ തുറന്ന് ടീച്ചറമ്മ അകത്തേക്ക് കയറിയത്... " ഉറങ്ങിയാരുന്നോ മോളേ...?? " "ഉറക്കം വരുന്നില്ല ടീച്ചറമ്മേ..." " എനിക്കും ഉറക്കം വരുന്നില്ല... അതുകൊണ്ട് ഞാനും ഇനിവിടെയാ.. മോൾ നീങ്ങിക്കിടന്നോ.. നമുക്ക് മിണ്ടിയും പറഞ്ഞും കിടക്കാം... " ടീച്ചറമ്മ അരികിൽ കിടന്നതും ലൈല അവരോട് ചേർന്നൊട്ടി കിടന്നു.. ഒരു കുഞ്ഞിനെ പോലെ തന്റെ മാറോട് ചേർന്ന് കിടക്കുന്ന പെണ്ണിനെ വാത്സല്യത്തോടെ ചേർത്തു പിടിച്ചു ആ അമ്മ... നെറുകയിൽ അവരമർത്തി ചുംബിച്ചതും അതുവരെ വിലങ്ങിക്കിടന്ന കരച്ചിൽ ഒരു പൊട്ടിക്കരച്ചിലായി പുറത്തേക്ക് വന്നു... " മനസ്സിലെ വിഷമങ്ങളൊക്കെയും ഈ കരച്ചിലിൽ അങ്ങ് ഒഴുക്കി കളഞ്ഞേക്കണം ലൈലൂ... ഇന്ന് നടന്നതൊക്കെയും വേറൊമൊരു സ്വപനം മാത്രം...

അതിൽ കൂടുതൽ ഒരു ഭാരമായി മനസ്സിൽ കയറ്റിയേക്കരുത്... " " എന്നെ പടച്ചോന് പോലും ഇഷ്ടല്ല ടീച്ചറമ്മേ.. അതല്ലേ എനിക്ക് മാത്രം ഇങ്ങനെയൊരു വിധി... " " ആരു പറഞ്ഞു ഇഷ്ടല്ലെന്ന്...??!! ഈ സംഭവങ്ങളെയൊക്കെ മോളൊന്ന് പോസ്റ്റിവ് ആയി ചിന്തിച്ചേ... കാശിയവിടെ എത്തിയില്ലായിരുന്നേൽ എന്തായേനെ..??!! എന്റെ മോൾക്കൊന്നും ഇപ്പൊ സംഭവിച്ചിട്ടില്ല... അതിനർത്ഥം തന്നെ പടച്ചവൻ മോളുടെ കൂടെതന്നെ ഉണ്ടെന്നല്ലെ..?? ഇതൊക്കെയവന്റെ ചെറു പരീക്ഷണമായി കണ്ടാൽ മതി.. ഒക്കെ ശരിയാവും.. മോള് സമാധാനത്തോടെ ഉറങ്ങിക്കോ.." "ശരിയാണ്.. പല ഘട്ടത്തിലും വലിയുമ്മയുടെയും കാശിയേട്ടന്റെയും ടീച്ചറമ്മയുടേയുമൊക്കെ രൂപത്തിൽ പടച്ചോൻ വന്നിട്ടുണ്ട്.. !!! പടച്ചോൻ എന്റെ കൂടെയുണ്ട്... " ലൈല സൗമ്യമായി പറഞ്ഞു... ആ കെട്ടിപ്പിടിത്തത്തിൽ, ആ സ്നേഹത്തണലിൽ അവളെപ്പോഴോ നിദ്രയെ പുല്കിയിരുന്നു...

കൊച്ചു കുഞ്ഞിനെ ഉറക്കിയ അമ്മയുടെ കരുതലോടെ അവളെ പതിയെ തന്നിൽ നിന്നുമടർത്തി കാൽ ഭാഗത്ത് കിടന്നിരുന്ന പുതപ്പെടുത്ത ടീച്ചർ അവളെ പുതപ്പിച്ചു.. ശേഷം അവളുടെ അരികിലായി ചേർന്ന് അവരും കിടന്നു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "അമ്മേ... ഞാനിറങ്ങുവാ..." "എന്തേലും കഴിച്ചിട്ട് പോ കാശി..." "നേരമില്ലമ്മേ... ഇശയെയും ശരത്തിനെയും കൂട്ടി ഫൈസി എത്തുമ്പോഴേക്കും എനിക്കവിടെ എത്തണം...." "ആ പയ്യനെ അരുതാത്തതൊന്നും ചെയ്തേക്കല്ലേ മോനെ.. ഒന്ന് താക്കീത് ചെയ്ത് വിട്ടാൽ മതി..." " അത്രേള്ളൂ അമ്മാ.. നിങ്ങള് ധൈര്യായിയിട്ടിരി..." അവനതും പറഞ്ഞ് ടീച്ചറുടെ പിറകിൽ നിൽക്കുന്ന ലൈലയെ നോക്കി കണ്ണിറുക്കി ചിരിച്ചു കൊണ്ട് കാറിൽ കയറി.. " കാശിയേട്ടാ, ആ നാറിക്ക് എന്റെ രണ്ടെണ്ണം എന്റെ വക കൂടി കൊടുത്തേക്കണേ..." ഓടിക്കിതച്ചു വന്ന് പറയുന്നത് വേറാരുമല്ലാട്ടോ അത് നമ്മുടെ അമ്മുവാണേ.. രാവിലെ എയർപോർട്ടിലേക്ക് പോകും വഴിക്ക് ഫൈസി അവളെ കൊണ്ടിറക്കിയതാണ്..

" ഓക്കേ... സെറ്റ്..." ചിരിയോടെ പറഞ്ഞു കൊണ്ടവൻ വണ്ടി മുന്നോട്ടെടുത്തു.. സിറ്റിയിൽ നിന്നും കുറച്ച് ഉൾഭാഗത്തായി ആളൊഴിഞ്ഞിടത്തായുള്ള ഒരു പഴയ വീടിന്റെ മുന്നിലാണ് കാർ നിന്നത്.. ആ സ്ഥലവും വീടും ഇഷാനിയുടെ അച്ഛന്റെയും അമ്മയുടെയും വീടാണ്.. അവർ നാട്ടിൽ സെറ്റിൽ ആയതോടു കൂടി ജോലിയുടെ എളുപ്പത്തിനായി ഫൈസിയുടെ ഫ്ലാറ്റിനടുത്ത് അവളൊരു ഫ്ലാറ്റെടുത്തു.. അതോടെ ഈ വീട് അടച്ചിട്ടു.. കാശി ചുറ്റു ഭാഗവുമൊന്ന് നിരീക്ഷിച്ച് അകത്തേക്ക് കയറി.. റോഷനെ അടച്ചിട്ട മുറിയുടെ വാതിൽ ശബ്ദമുണ്ടാക്കാതെ തുറന്നു അവൻ.. രാത്രിയിൽ കസേരയിൽ വലിഞ്ഞു മുറുക്കി കെട്ടിയത് പോലെ തന്നെ ഇരിപ്പാണ് റോഷൻ... കാശി വന്നത് അവനറിഞ്ഞിരുന്നില്ല.... തട്ടിവിളിച്ചപ്പോൾ കണ്ണ് പാതി തുറന്ന് നോക്കിയവൻ... " വെ...വെള്ളം...വെള്ളം..."

വിശപ്പും ദാഹവും കൊണ്ട് വല്ലാതെ വലഞ്ഞിരുന്നു അവൻ.. പതിയെ കെട്ടുകളഴിച്ചു മാറ്റി കാശി.. കയ്യിലുള്ള ബോട്ടിലും ഭക്ഷണവും അവന്റെ മടിയിൽ വെച്ച് കൊടുത്തു.. ആ ബോട്ടിൽ വെള്ളം റോഷൻ ആർത്തിയോടെ വായിലോട്ട് കമിഴ്ത്തി.. പെട്ടെന്നാണ് മെയിൻ ഡോറിൽ തട്ട് കേട്ടത്.. കാശി റോഷനെ ഒന്ന് നോക്കിയതിനു ശേഷം പുറത്തേക്കിറങ്ങി മുറിയുടെ വാതിൽ ലോക്കിട്ടു.. വാതിൽ തുറക്കാൻ വൈകിയതും വന്നയാൾ കോളിംഗ് ബെല്ല് തുടരെ തുടരെ അടിച്ചു കൊണ്ടേയിരുന്നു.. " ഓഹ് വരുന്നെടാ..." വിളിച്ചു പറഞ്ഞു കൊണ്ട് കാശി കതക് തുറന്നു.. ശരത്തിനെയും ഫൈസിയെയും ഇഷാനിയെയും പ്രതീക്ഷിച്ച് വാതിൽ തുറന്ന കാശി തന്റെ മുന്നിൽ നിൽക്കുന്നയാളെ കണ്ടതും ഞെട്ടലോടെ പിന്നോട്ട് മാറി........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story