കാണാ മറയത്ത്..❤: ഭാഗം 27

kanamarayath

രചന: മീര സരസ്വതി

"പേടിക്കേണ്ട ടീച്ചറമ്മേ... മിനിമം അവന്റെ കയ്യും കാലും ഒടിക്കാതെ അവന്മാരിനി വരില്ല... ശേയ്, അവന്റെ കണ്ണ് രണ്ടും കുത്തിപ്പൊട്ടിക്കാൻ പറയാൻ മറന്നുപോയല്ലോ... ഇനിയവന്റെ വൃത്തികെട്ട കണ്ണ് കൊണ്ട് ആരെയും നോക്കാൻ പാടില്ല... ഞാനൊന്ന് വിളിച്ചു പറഞ്ഞു വരാം..." നമ്മുടെ അമ്മൂസാണേ... റോഷന് നേരിട്ട് രണ്ട് പൊട്ടിക്കാൻ കഴിയാത്തതിന്റെ വിഷമത്തിലാണവൾ... " ഈ പെണ്ണ്...!!" ഫോണെടുത്ത് വിളിക്കാൻ ശ്രമിച്ചവളുടെ തലയിലൊരു കൊട്ട് കൊടുത്ത് ലൈല ഫോൺ വാങ്ങിച്ചു വെച്ചു... പെട്ടെന്നാണ് പുറത്ത് വാഹനങ്ങളുടെ ശബ്ദം കേട്ടത്... മൂവരും ചെയ്ത് കൊണ്ടിരുന്ന ജോലികളെല്ലാം അവിടെയിട്ട് ഉമ്മറത്തേക്ക് വേഗത്തിൽ നടന്നു... "ടീച്ചറെ..." കാറിൽ നിന്നുമിറങ്ങിയ ശരണ്യ ഓടി വന്നു ടീച്ചറെ കെട്ടിപ്പിടിച്ചു... " മോളും ഉണ്ടായിരുന്നോ...??!! കാശിയൊന്നും പറഞ്ഞില്ലല്ലോ....??" " കാശിയ്ക്ക് അറിയില്ലായിരുന്നു ടീച്ചറെ.. " " ആഹാ.. ദേവകിയ്ക്കും മോനും സുഖല്ലേ ശരണ്യേ...?? " " രണ്ടാളും സുഖായിട്ടിരിക്കുന്നു ടീച്ചറേ... "

ശരണ്യയെ കണ്ടതും ലൈല അവളുടെ സമീപത്തേക്ക് നീങ്ങി.. "ലൈലാ... സുഖല്ലേടാ..?? " സുഖാ ചേച്ചി..." ശരണ്യ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിൽ ഇഷയും ശരത്തും കൂടി അകത്തേക്ക് കയറിയതും അവിടെയാകെ മേളമായി... നാട്ടിലെയും വീട്ടിലെയും വിശേഷങ്ങൾ പങ്കുവെക്കലായി.. ഫൈസിയും കാശിയും ഡിക്കിയിൽ നിന്നും അവരുടെ ലഗേജ് എടുത്തു... പെട്ടെന്നാണ് കാശിയുടെ ഫോൺ റിങ്ങ് ചെയ്തത്.. ബാഗ് താഴെ വെച്ച് പോക്കെറ്റിൽ നിന്നുമവൻ ഫോണെടുത്ത് നോക്കി.. രേണുവാണ്.. ലൈലയുടെ മെസ്സേഞ്ചർ അവന്റെ ഫോണിൽ ലോഗിൻ ആണല്ലോ എന്ന് അപ്പോഴാണ് ഓർത്തത്.. അതിനി ആവശ്യമൊന്നുമില്ലല്ലോ എന്ന് കരുതി ലോഗൗട്ട് ചെയ്യാൻ പോകുമ്പോഴാണ് രേണുവിന്റെ മെസേജ് നോട്ടിഫിക്കേഷൻ വരുന്നതും അറിയാതെ വിരലതിൽ തട്ടി ഇൻബോക്സ് തുറന്നതും അവളുടെ മെസേജുകൾ ശ്രദ്ധയിൽ പെട്ടു.. "happy birthday ഡി കൊരങ്ങീ.....😘" "ഇന്നലെ രാത്രി തൊട്ട് മെസേജ് ഇടുന്നതാണല്ലോ ലൈലൂ.. നീയെന്താ റിപ്ലൈ തരാത്തത്..?? "

"oii..." "koii.." "ഓൺലൈനിൽ കിടപ്പുണ്ട്.. എന്നാ വിളിച്ചാൽ എടുത്തൂടെ.." ഇങ്ങനെ പോകുന്നു അവളുടെ മെസേജുകൾ.. കൂടെ കുറെ ആംഗ്രി ഇമോജികളും.. കാശിയവളെ തിരികെ വിളിച്ചു.. "ഞാൻ കാശിയാണ് രേണു.. എന്റെ ഫോണിൽ അവളുടെ മെസെഞ്ചർ ഓപ്പൺ ആയിരുന്നു... " " ഒഹ്ഹ്‌ സോറി കാശിയേട്ടാ... അവളെയൊന്ന് വിഷ് ചെയ്യാനായിരുന്നു ഞാൻ വിളിച്ചോണ്ടിരുന്നത്..." "അത് സാരമില്ലെടാ.. അവളോട് ഫ്രീയാകുമ്പോ വിളിക്കാൻ ഞാൻ പറഞ്ഞോളാം... ആഹ്ഹ്‌ പിന്നെ രേണൂ താങ്ക്സ്‌.." "ഏഹ്ഹ്‌..???!!" "ഇന്നവളുടെ ബേത്ത്ഡേ ആണെന്ന് അറിയില്ലായിരുന്നു..." "ഒഹ്ഹ്‌... ഓക്കെ കശിയേട്ടാ... ഫ്രീയാകുമ്പൊ അവളൊട്‌ വിളിക്കാൻ പറഞ്ഞേക്ക്‌..." രേണു ഫോൺ വെച്ചതും കാശി അകത്തേക്ക്‌ നടന്നു, അവരോടൊപ്പം വിശേഷങ്ങൾ പങ്കുവെച്ചു തുടങ്ങി... കുറച്ചു നേരം കഴിഞ്ഞതും അമ്മുവിന്റെ ക്ഷമ നശിച്ചു തുടങ്ങിയേ... " അതേയ്‌ നിർത്തുന്നുണ്ടോ എല്ലാരും കൂടെ..." അമ്മു ഒച്ചയെടുത്ത് പറഞ്ഞതും എല്ലാവരും നിശബ്ദരായി അവളെ നോക്കി... "

കാശിയേട്ടാ, പോയിട്ട് കാര്യയെന്തായി..?? അത് പറ... ഞാൻ പറഞ്ഞേൽപ്പിച്ചത് പോലെ എന്റെ വക കൊടുത്തായിരിന്നോ...?? എന്നിട്ട് അവന്റെ ഡെഡ് ബോഡി എന്താ ചെയ്തേക്കുന്നേ..??!!" വളരെ ഗൗരവത്തോടെയുള്ള അവളുടെ ചോദ്യം കേട്ടതും എല്ലാവരും പൊട്ടിച്ചിരിച്ചു പോയി... ലൈലയ്ക്കും ചിരി വന്നെങ്കിലും കാര്യമറിയാനുള്ള ആകാംക്ഷയിൽ അവളും ചെവി കൂർപ്പിച്ചു.... " അതൊക്കെ ഇരട്ടിയായി കൊടുത്തെടി അമ്മൂസേ... പക്ഷേ അവനെ കൊല്ലാൻ പറ്റാത്തോണ്ട് ബോഡി ഒന്നും ചെയ്തില്ല...!!" " ഏഹ്ഹ്... എന്ന് വെച്ചാൽ...?? കാര്യമെന്താണെന്ന് എക്സ്പ്ലൈൻ ചെയ്തേ... " കഥ കേൾക്കുവാനുള്ള ആവേശത്തോടെ മൂവരുമിരുന്നു... കാശിയും ശരത്തും സിനിമ കഥ പറയും പോലെ ഓരോന്നും വിവരിച്ച് അഭിനയിച്ചു തന്നെ കാണിച്ചു കൊടുത്തു... " ഇന്ദ്രേട്ടന്റെ സമ്മതം കൂടിയായപ്പോൾ ഒന്നും നോക്കിയില്ല... ഒറ്റ ചാമ്പായിരുന്നു... " " ഏഹ്ഹ്...??!!! അങ്ങനെ വരാൻ വഴിയില്ലല്ലോ...!! ഇന്ദ്ര് ഭയ്യാ നിയമം വിട്ടൊരു കളിക്കും നിൽക്കില്ലാലോ...!!"

അമ്മുവിന് അത്ഭുതം സഹിക്കാനായില്ല... " അതല്ലേ അങ്ങേരെ ആദ്യം കണ്ടപ്പോ ഞനൊന്ന് ഞെട്ടിയത്... ഞങ്ങളുടെ പ്ലാൻസൊക്കെ അസ്ഥാനത്താണല്ലോ ചെന്നിടിച്ചത് ഭാഗവാനേ എന്ന് കരുതിയിരുന്നു പോയി.... " കാശി പറഞ്ഞു... "കേസ് കൊടുത്തേക്കുന്ന പെണ്ണിന് അമ്മ മാത്രമേയുള്ളൂ കാശി... സഹായിക്കാൻ ആരുമില്ലാത്തവരാ... നിയമത്തിന്റെ പിറകെ ചെന്നാലും അവൻ നൈസായിട്ട് ഊരിപ്പോകുമെന്ന് ഭയ്യയ്ക്ക് നന്നായി അറിയാം... അവനു കിട്ടേണ്ടത് കിട്ടട്ടെയെന്നു കരുതിയാ നമുക്ക് വിട്ടു തന്നത്..." "അച്ചോടാ ഉദാര മനസ്കൻ....!!" "നിന്റെ അസ്ഥാനത്തുള്ള കോമഡി പറച്ചിൽ ഇനിയും നിന്നില്ലെന്റെ അമ്മൂസ്‌...??!!" "ആഹ്ഹ എന്റെ വിധി..." അമ്മുവിൻറെ തലയിൽ കൊട്ടി ശരത്ത് കളിയാക്കിയതും ഫൈസി പിറുപുറുത്തു... "അതേ ഭയ്യാ.. നിങ്ങൾടെ വിധി.. സഹിച്ചേ പറ്റുള്ളൂ..." അമ്മു കൊഞ്ഞനം കുത്തിയതും ഫൈസി അവളെ തല്ലാൻ കൈ ഉയർത്തി... " മതി, മതി... എല്ലാരും പെട്ടെന്ന് റെഡി ആയിക്കെ... നമുക്കിന്നിത് ആഘോഷിക്കേണ്ടേ..??"

"പിന്നല്ലാതെ...!!" " നമുക്ക് മാളിൽ പോയി ഫുഡാ... അവിടെന്ന് ഒരു മൂവിയൊക്കെ കണ്ട്, പിന്നെ എവിടെയെങ്കിലുമൊക്കെ കറങ്ങി നടക്കാം..." ഇഷ പറഞ്ഞതും അമ്മുവും ഫൈസിയും ലൈലയും ശരത്തും ഒരേ സമയം ഏറ്റു പിടിച്ചു... പക്ഷെ, ടീച്ചർക്ക് മാത്രം ഇറങ്ങാനൊരു മടി.. "ഇന്നത്തെ ദിവസം ആഘോഷിച്ചില്ലേൽ നമ്മളിനി എപ്പഴാമ്മാ ആഘോഷിക്കേണ്ടേ...??! " കാശിയത് ചോദിക്കുമ്പോൾ ലൈലയുടെ മുഖത്തേക്ക് നോട്ടമെറിഞ്ഞു... അതുവരെ കാശിയെ തന്നെ നോക്കി ഇരിക്കുകയായിരുന്നു ലൈല.. കുസൃതിയോടെയുള്ള അവന്റെ നോട്ടത്തിൽ അവൾക്ക് ചമ്മൽ തോന്നിയതും പെട്ടെന്ന് തന്നെയവൾ നോട്ടം മാറ്റിക്കളഞ്ഞു.. " ഞാൻ കറികൾക്കുള്ള പച്ചക്കറികളൊക്കെ അരിഞ്ഞു വെച്ചേക്കുവാ മക്കളേ... ചോറിനുള്ള അരിയും ഇട്ടു... ഒരുകാര്യം ചെയ്യാം നിങ്ങളെല്ലാവരും പോയി വാ.. അപ്പോഴേക്കും ഞാൻ ഊണ് റെഡിയാക്കാം... " " നമുക്കെന്നാൽ ഫുഡ്‌ കഴിച്ചിട്ടിറങ്ങാം... അതാകുമ്പോൾ യാത്രയുടെ ക്ഷീണവും ആ നാറിക്കിട്ട് പെരുമാറിയതിന്റെ ക്ഷീണവുമൊക്കെ തീർക്കാം.."

ശരത്ത് പറഞ്ഞതും എല്ലാവരും അതുമതിയെന്ന് അംഗീകരിച്ചു.. ടീച്ചർ ശരണ്യയെയും കൂട്ടി അകത്തേക്ക് കയറിപ്പോയി... " ഇഷാ നീ വീട് കണ്ടില്ലല്ലോ...?? മുകളിൽ ഫോട്ടോയെടുക്കാൻ പറ്റിയ നല്ല ആമ്പിയൻസുണ്ട്... വാ.... " കാശി ക്ഷണിച്ചതും ഫോട്ടോ പ്രാന്തുള്ള അവൾ അവന്റെ പിറകെ മുകളിലേക്ക് കയറി... കൂടെ ശരത്തും ഫൈസിയും.. ഇഷയെ മാത്രം പ്രത്യേകം ക്ഷണിച്ച് കൊണ്ടുപോയപ്പോൾ ലൈലയ്ക്കത് വിഷമമുണ്ടാക്കി... വിഷമമല്ല...!! നല്ല ഒന്നാം തരം കുശുമ്പ്.. അല്ലെങ്കിലും നമ്മൾ സ്നേഹിക്കുന്നവർ നമ്മളിലും കൂടുതൽ മറ്റൊരാളെ പരിഗണിക്കുന്നത് കുശുമ്പൊക്കെ സ്വഭാവികമല്ലേ... അവളുടെ മുഖത്തത് പ്രകടവുമായിരുന്നു.. മുകളിലേക്ക് കോണിപ്പടി കയറുന്നതിനിടയിൽ ലൈലയെ ഒളികണ്ണിട്ട് നോക്കാനും കാശി മറന്നില്ല... ആ മുഖത്ത് വിരിയുന്ന ഭാവമാറ്റം ആസ്വദിച്ചു എന്ന പോലെ അവന്റെ ചുണ്ടിലൊരു പുഞ്ചിരി തത്തിക്കളിച്ചിരുന്നു... " വാ ലൈലൂ.. നമുക്കും മുകളിലേക്ക് പോകാ... " മൂവരും പോകുന്നത് നോക്കി അമ്മു പറഞ്ഞു... " ഓഹ് ഞാനില്ല.... " കെറുവോടെ പെണ്ണ് അകത്തേക്ക് പോകുമ്പോൾ ഇതെന്തു പറ്റിയെന്നോർത്ത് അമ്മു അത്ഭുത്തോടെ മിഴിച്ചു നോക്കി... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "

എന്റെ പൊന്നോ..!! ഇത്രയും നല്ല ആമ്പിയൻസ് ഉണ്ടായിട്ടാണോ ആഘോഷിക്കാൻ വേറെയിടം തേടി നമ്മൾ പോകാൻ തീരുമാനിച്ചത്... ??!! വെറുതെല്ല ടെറസിലെ മുല്ലയ്ക്കു മണമില്ലെന്ന് പറയുന്നത്...!!" ഇടുപ്പിൽ കൈയ്യും കൊടുത്ത്‌ ടെറെസിലെ സെറ്റപ്പിലേക്ക്‌ ആകമാനം കണ്ണോടിച്ചു കൊണ്ട്‌ ഇഷ ആശ്ചര്യപ്പെട്ടു... "ഇത്‌ മാത്രല്ല ഇഷ ഇന്നൊരാൾക്ക്‌ സർപ്പ്രൈസ്‌ ബേത്ത്ഡേ പാർട്ടി കൊടുക്കാനുണ്ട്‌...!! ഇവിടെ ശരിയാകോ..??!!" ആരുടെ ബേത്ത്ഡേ ആണെന്നറിയാനുള്ള ആകാംക്ഷയിൽ ഇഷയും ഫൈസിയും ശരത്തും ഒരുപോലെ കാശിയെ നോക്കി... "ഇന്ന് ലൈലയുടെ ബേത്ത്ഡേയാ...." " ആഹാ... അത് നമുക്കിവിടെ തന്നെ ആഘോഷിക്കാനുള്ള സെറ്റപ്പ് റെഡിയാക്കാം കാശീ... ഫുഡ്‌ നമുക്ക് ഓർഡർ ചെയ്യാം... ഡെകറെഷനുള്ളതും, കേക്കും ഗിഫ്റ്റും നമുക്കിപ്പോൾ പോയി വാങ്ങിക്കാവുന്നതല്ലേയുള്ളൂ... പിന്നേ ടീച്ചറമ്മയുടേം ലൈലയുടേം പാട്ട്... ഡാൻസ് ഇതൊക്കെയായി പൊളിക്കാൻ ഇതിലും നല്ലയിടം വേറെയെവിടെ കിട്ടും...??!! "

" അത് നല്ല ഐഡിയയാ ഇഷാ.. പോരാത്തതിന് എന്റെ ഫ്ലാറ്റിൽ ഒരു പ്രൊജക്ടർ കിടപ്പുണ്ട്.. വേണേൽ മൂവി നമുക്ക് അങ്ങനെ കാണാം.. എന്ത് പറയുന്നു...??!!" ഫൈസിയും കൂടി ഏറ്റു പിടിച്ചതോടെ ശരത്തിനും കാശിക്കും ഒരുപോലെ സമ്മതം... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ടീച്ചറും ശരണ്യയും കൂടി ഒരു മിനി സദ്യ തന്നെ ഒരുക്കുന്നുണ്ട്‌.‌.. സഹായിക്കനായി ചെന്ന ലൈലയെയും അമ്മുവിനെയും രണ്ടാളും അടുക്കളയിൽ കയറ്റിയതേയില്ല... അവർക്കിരുവർക്കും പറയാൻ നാട്ടിലെ വിശേഷങ്ങൾ ഏറെയുണ്ടയതിനാൽ തന്നെ പിന്നെയവർ ശല്യപ്പെടുത്താനും പോയില്ല.. കാശിയും ഇഷയും ശരത്തും പാർട്ടിക്ക്‌ വേണ്ടി മുകൾ ഭാഗം സെറ്റ്‌ ചെയ്യുന്ന തിരക്കിലാണ്.. ഫൈസി കേക്കിനുള്ള ഓർഡർ കൊടുക്കുവാനും പ്രൊജക്ടർ എടുത്തു വരാനുമായി പോയി.. മുകളിൽ നടക്കുന്ന കാര്യങ്ങൾ ഇരുവരും അറിഞ്ഞതേയില്ല... " പുറത്ത് പോകാതെ ഇന്നിവിടെ ആഘോഷിക്കാമെന്നാ എല്ലാവരുടേം പ്ലാൻ.. അവരവിടെ തകൃതിയായി പണിയെടുക്കുവാ ലൈലൂ..

നീ വന്നേ നമുക്കും അവിടെ ചെന്ന് സഹായിക്കാം..." അമ്മു കുറേ നിർബന്ധിച്ചതും മടിച്ചു മടിച്ചാണെങ്കിലും ലൈല മുകളിലേക്ക്‌ നടന്നു.. കോണിപ്പടിയിൽ ഇരുന്ന് ശരത്ത് ബലൂൺ വീർപ്പിക്കുന്നുണ്ട്... "അതേയ് രണ്ടും കൂടി എങ്ങോട്ടാ..???!!" " ഞങ്ങള് കുളു മണാലി ട്രിപ്പിന് പോകുവാണ്.. എന്തേയ് വരുന്നോ ബ്രോ..." " എന്നാ നേരെ താഴോട്ട് പോയി അതുവഴിയങ്ങ് പൊക്കോ... !! നിങ്ങളെ രണ്ടിനേം തല്ക്കാലം മേളിലേക്ക് കയറ്റിവിടാൻ ഒക്കില്ല.. പോയെ പോയെ..." ശരത്ത് തടസ്സമായി നിന്നതും അമ്മുവിന് വാശിയേറി.. രണ്ടും കൂടി വാക്ക് പോര് നടത്തുന്നതിനിടയിലാണ് വേഗത്തിൽ കാശി അവിടേക്ക് വന്നത്.. " നീ വന്നേ ശരത്തേ, ഒരു കാര്യമുണ്ട്..." ധൃതിയിൽ ഇറങ്ങുന്നതിനിടയിൽ ശരത്തിനോട് പറഞ്ഞതും ഒട്ടുമാലോചിക്കാതെ ശരത്തും അവന്റെ പിന്നാലെയിറങ്ങി... കൂടെ കാര്യമറിയാനായി അമ്മുവും ലൈലയും ഇറങ്ങി.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story