കാണാ മറയത്ത്..❤: ഭാഗം 28

kanamarayath

രചന: മീര സരസ്വതി

" എന്നാ നേരെ താഴോട്ട് പോയി അതുവഴിയങ്ങ് പൊക്കോ... !! നിങ്ങളെ രണ്ടിനേം തല്ക്കാലം മേളിലേക്ക് കയറ്റിവിടാൻ ഒക്കില്ല.. പോയെ പോയെ..." ശരത്ത് തടസ്സമായി നിന്നതും അമ്മുവിന് വാശിയേറി.. രണ്ടും കൂടി വാക്ക് പോര് നടത്തുന്നതിനിടയിലാണ് വേഗത്തിൽ കാശി അവിടേക്ക് വന്നത്.. " നീ വന്നേ ശരത്തേ, ഒരു കാര്യമുണ്ട്..." ധൃതിയിൽ ഇറങ്ങുന്നതിനിടയിൽ ശരത്തിനോട് പറഞ്ഞതും ഒട്ടുമാലോചിക്കാതെ ശരത്തും അവന്റെ പിന്നാലെയിറങ്ങി... കൂടെ കാര്യമറിയാനായി അമ്മുവും ലൈലയും ഇറങ്ങി... താഴേക്കിറങ്ങി ചെന്നപ്പോൾ ഗേറ്റ്‌ കടന്നു വരുന്ന ജിതേഷിനെ കണ്ടതും ആളെ മനസ്സിലാകാത്തതിനാൽ ശരത്ത് പിറകിലോട്ട് തിരിഞ്ഞു നിന്ന് ആരാണെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ച് അവരോട് ചോദിച്ചു... " റോഷന്റെ അളിയനാണ്... " "ഓഹ്...!!" ആളെ മനസ്സിലായതും കാശിക്കൊപ്പം തന്നെ ധൃതിയിൽ അവനും നടന്നു... "ടീച്ചറമ്മയില്ലേ..??" കാശിയെയും ശരത്തിനെയും മാറി മാറി നോക്കിക്കൊണ്ട് ജിതേഷ് ചോദിച്ചു....

"അമ്മ അകത്തുണ്ട് വിളിക്കാം..." പുറത്തേക്ക് വന്ന ലൈലയെ കണ്ടതും ജിതേഷ് അവളെ നോക്കി പുഞ്ചിരിച്ചു.. " ഞാൻ ഇന്നലെ തന്ന കീ എടുക്കാൻ വന്നതാ ലൈലാ.. സ്പെയർ കീ റോഷന്റെ കയ്യിലാണ്.. അവനെ ഇന്നലെ തൊട്ട് വിളിച്ചിട്ട് കിട്ടിയില്ല.. റിനിയും റീത്തുവും കാറിലിരിപ്പുണ്ട്..." ജിതേഷിന് കാര്യങ്ങളൊന്നും മനസ്സിലായില്ലെന്നറിഞ്ഞതും എല്ലാവർക്കും ഒരുപോലെ ശ്വാസം നേരെ വീണു.. " ചേച്ചിക്ക് എങ്ങനിണ്ട് ജിതേഷേട്ടാ...??" "കുറവുണ്ട്.. ആളാകെ ക്ഷീണിച്ചു..." അപ്പോഴേക്കും കീയും കൊണ്ട് ടീച്ചറമ്മ എത്തി.. " റോഷൻ ഇങ്ങോട്ടെങ്ങാനും വന്നിരുന്നോ ടീച്ചറെ.. അവനെ വിളിച്ചിട്ടാണേൽ കിട്ടിയതുമില്ല..." " ഇവിടാരും വന്നില്ലല്ലോ..." അതിനുള്ള മറുപടി കൊടുത്തത് കാശിയായിരുന്നു.. റിനിയുടെ വിശേഷങ്ങൾ ടീച്ചറോട് പറഞ്ഞതിന് ശേഷം ജിതേഷ് തിരിച്ചു പോയി.. ടീച്ചറോടൊപ്പം ലൈലയും അമ്മുവും അകത്തേക്ക് കയറി.. "സ്റ്റേഷനിൽ നിന്ന് വിളിച്ചില്ലെന്ന് തോന്നുന്നു..

അല്ലെങ്കിൽ ഇന്നേരം കൊണ്ട് അവർ കാര്യങ്ങളറിയേണ്ടതാണ്.." " ഇവിടെ നടന്ന കാര്യങ്ങളൊന്നും ഇന്ദ്രേട്ടൻ പറയാൻ പോണില്ലല്ലോ കാശി.. പിന്നെ നീയെന്തിനാ അയാളെ കണ്ടപ്പോ ഇത്ര പേടിച്ച് ഓടി വന്നേ..??" " എനിക്കറിയില്ലേടാ ശരത്തേ... അവളൊരുപാട് വേദനിക്കുന്നുണ്ട്.. ഇനിയും ആരുമവളെ ക്രൂശിക്കുന്നതോ വേദനിപ്പിക്കുന്നതോ എനിക്ക് സഹിക്കാൻ പറ്റില്ല.. ജിതേഷിനെ കണ്ടപ്പോൾ അയാൾ കാര്യമറിഞ്ഞുള്ള വരവാണെന്ന് തോന്നിപ്പോയി.." " ഓക്കേ... കാര്യമതാണെന്ന് എനിക്ക് മനസ്സിലായി.. പക്ഷേ മോനെ കാശീ... അവൾക്ക് വേദനിക്കുമ്പോ നിനക്ക് വേദനിക്കുന്നു... !! അതിലെന്തോ വശപ്പിശകില്ലേ...???!!" " ഒരു വശപ്പിശകുമില്ല.. നീ വന്നേ.. നടക്ക്.. ആ കുരിപ്പുകൾ രണ്ടും മുകളിൽ കേറിയാൽ പ്രശ്നമാ..."

സംശയക്കണ്ണാൽ നോക്കുന്നവനെ കള്ളച്ചിരിയോടെ ഉന്തിത്തള്ളി മുകളിലേക്ക് നടത്തിച്ചു കാശി.. ഊണ് കഴിക്കാനാവുമ്പോഴേക്കും ലൈലയും അമ്മുവും ടീച്ചർ വിളമ്പിക്കൊടുത്ത ഭക്ഷണങ്ങൾ തീൻ മേശയിൽ നിരത്തി.. ശരണ്യയും ടീച്ചറമ്മയും കൂടി ഒരു മിനി സദ്യ തന്നെ തയ്യാറാക്കിയിട്ടുണ്ട്... ഓരോരുത്തരായി ടേബിളിൻറെ ഓരോ ഇടങ്ങളിലായി സ്ഥാനം പിടിച്ചു.. ലൈല ഇരിക്കാനായി സീറ്റ് നോക്കിയപ്പോൾ കാശിയുടെയും ഫൈസിയുടെയും അരികിൽ ഓരോ കസേരകൾ ഒഴിഞ്ഞു കിടപ്പുണ്ട്.. കാശിയും ഫൈസിയും ഒരുപോലെ പ്രതീക്ഷയോടെ ലൈലയെ നോക്കി.. ഇത്രയും നേരം അവഗണിച്ച വേദന മനസ്സിലുള്ളത് കൊണ്ടാവാം ലൈല വേഗം ചെന്ന് ഫൈസിയുടെ അരികിലിരുന്നു... ഫൈസിയുടെ മുഖം തെളിഞ്ഞു അതേസമയം കാശിയുടെ മുഖം ഇരുണ്ടു.. അവൾക്ക് ഫൈസി ചോറും കറികളും വിളമ്പി കൊടുക്കുന്നത് തെല്ല് കുശുമ്പോടെ കാശി നോക്കിയിരുന്നു... ഫൈസി അവളുടെ പാത്രത്തിൽ പപ്പടം വെച്ച് കൊടുത്തത് കണ്ടതും അവന്റെ പ്ലേറ്റിൽ ഉണ്ടായിരുന്ന പപ്പടം ദേഷ്യത്തോടെ ഞെരിച്ചു പൊടിച്ചു കാശി... " ഡാ ഡാ മതിയെടാ നോക്കി ദഹിപ്പിച്ചത്..

ആ കൊച്ചിന്റെ എല്ലെങ്കിലും നീ ബാക്കി വെച്ചേക്കണേ..." ശരത്ത് കളിയാക്കിയപ്പോൾ അവന്റെ കാലിൽ ഒറ്റ ചവിട്ടു വെച്ച് കൊടുത്തവൻ... ശരത്താണേൽ ഒറ്റ അലർച്ചയായിരുന്നു.. "സോറി ഡാ മച്ചാ, അറിയാതെ ചവിട്ടിപ്പോയതാ..!!" എല്ലാവരുടെയും ശ്രദ്ധ ഇരുവരുടെ മേലിലാണെന്ന് കണ്ടതും കാശി ക്ഷമാപണം നടത്തി... "പോടാ...!!" അവനെ നോക്കി പല്ലിറുമ്മി ശരത്ത്... ഉച്ച ഭക്ഷണത്തിനു ശേഷം കാശിയും ശരത്തും ലൈലയ്ക്കുള്ള ഗിഫ്റ്റ്‌ വാങ്ങിക്കാനായി പുറത്തേക്ക് പോയി.. ഫൈസിയും ഇഷയും ടെറസിലേക്കുള്ള ഡോർ അടച്ച് ലോക്ക് ചെയ്തു അകത്തിരുന്നു... ഉമ്മറത്തിരുന്ന് ലൂഡോ കളിക്കുകയാണ് ലൈലയും അമ്മുവും... "അല്ല ഡാ, ഇവിടെയെന്തായിപ്പോ നടക്കണേ...??" "എന്താ അമ്മൂസ്‌...?? " സംതിങ് ഫിഷീ ലൈലൂസ്‌...!! നമ്മളറിയാത്ത എന്തോ ഒന്ന് അവന്മാരുടെ ഇടയിൽ നടക്കുന്നുണ്ട്... അല്ലാതെ മുകളിലിങ്ങനെ അടയിരിക്കേണ്ട കാര്യമില്ലാലോ... പതിവില്ലാതെ നമ്മളെ ഒഴിവാക്കുന്നതിൽ തന്നെ എന്തോ കാര്യമില്ലേ ...?!!!"

" ഒരു കാര്യവുമില്ല... അവരു പണ്ടേ ഗാംഗ്സ് അല്ലെ അമ്മൂസേ..?? കുറച്ചായില്ലേ അവരൊന്ന് കൂടിയിട്ട്.. അവർക്കും കാണും നമ്മൾ കേട്ടൂടാത്ത രഹസ്യങ്ങൾ...!" " അതെന്താ നമ്മൾ കേട്ടാൽ...??!! ആഹാ.... എങ്കിലതിപ്പോ അറിയാണല്ലോ.. മുകളിൽ പോകാം... ചലോ..." " ഇനിയും ചെന്ന് നാണം കെടാനല്ലേ... ?? ഞാനില്ല.... നീ വേണേൽ പൊക്കോ..." "ആഹ്ഹ അല്ലേലും ഇതൊക്കെ കണ്ടുപിടിക്കാൻ ഞാനൊറ്റയ്ക്ക് മതി.. !! എനിക്കാരുടേം സഹായമൊന്നും വേണ്ടാ..." കെറുവോടെ പറഞ്ഞു കൊണ്ട് പോകുന്ന പെണ്ണിനെ നോക്കി ചിരിച്ചു കൊണ്ട് ലൈല ലുഡോയിലേക്ക് ശ്രദ്ധ തിരിച്ചു.... കുറച്ചു നിമിഷങ്ങൾ കഴിഞ്ഞതും അമ്മു പോയത് പോലെ തിരിച്ചു വന്നു.... " നല്ലോണം കലക്കിയൊരു ബൂസ്റ്റെടുക്കട്ടെ മകളെ...???!!" " ഭയ്യായ്ക്ക് ഞാൻ വെച്ചിട്ടുണ്ട്.. ഇതൊന്ന് അയേൺ ചെയ്ത് താ ഡാർലിംഗ് പറഞ്ഞോണ്ട് നാളെ രാവിലെയും വരുമല്ലോ.. ആ ഷർട്ട് ഞാൻ കത്തിക്കും നോക്കിക്കോ... " പെണ്ണ് നല്ല കലിപ്പിലാണേ.... അല്ലെങ്കിലും പെങ്ങന്മാർക്ക് ആങ്ങളമാരോട് പ്രതികാരം ചെയ്യാൻ ഇത്തരം വേലകളല്ലേ കാണുള്ളൂ...!!

സ്കൂളിൽ പഠിക്കുമ്പോൾ ഇജാസിക്ക വഴക്കിട്ടതിന് ആളുടെ പുതു പുത്തൻ ഷർട്ടിന്റെ പോക്കറ്റ് വെട്ടിക്കളഞ്ഞ് പ്രതികാരം ചെയ്തതും അതിന്റെ അനന്തര ഫലമായി ഉപ്പ പേര വടികൊണ്ട് തലങ്ങും വിലങ്ങും അടിച്ചതും ഓർത്തുപോയി.. ആ ഓർമകളിൽ ലൈല അറിയാതെ ചിരിച്ചു പോയി... " ആഹ്ഹ ചിരിച്ചോ ചിരിച്ചോ.. നിനക്കെല്ലും തമാശയാ..!! അവന്മാർ നമുക്കിട്ടെന്തോ പണിയുവാണെന്നാ എനിക്ക് ഡൌട്ട്... " " അതൊന്നുമില്ലെന്റെ അമ്മൂസേ... നീ വന്നേ നമുക്ക് ലൂഡോ കളിക്കാം... " ഒരു തരത്തിൽ അവളെ പറഞ്ഞു സമാധാനിപ്പിച്ചു വെച്ച് കൊണ്ട് ലൂഡോ കളി തുടർന്നു.. കുറച്ചു സമയം കഴിഞ്ഞതും കാശിയുടെ കാർ മുറ്റത്ത് വന്നു നിന്നു... "ഓഹ് രണ്ടും കൂടെ ഉമ്മറത്ത് കാലും നീട്ടിയിരിപ്പാണല്ലോ... ഇതൊക്കെയിനി എങ്ങനെ മുകളിലെത്തിക്കും കാശീ...??!!" മടിയിൽ വെച്ചിരിക്കുന്ന കേക്ക് നോക്കി ശരത്ത് ചോദിച്ചു... " തൽക്കാലം അവര് അകത്തേക്ക് പോകും വരെ ഇവിടെ കിടക്കട്ടെ... അല്ലേൽ തന്നെ രണ്ടിനും ചെറിയ ഡൌട്ട് ഉണ്ട്... "

ശരത്ത് കാറിൽ നിന്നുമിറങ്ങിയെങ്കിലും കാശി അവിടെ തന്നെയിരുന്നു... അടുത്തെത്തിയിട്ടും ഇരുവരും തലയുയർത്തി നോക്കിയത് പോലുമില്ല... അവനൊന്നു മുരടനക്കിയെങ്കിലും സെയിം അവസ്ഥ തന്നെ.... ഗെയ്മിൽ വീണു കിടക്കാണ് രണ്ടും... " അമ്മൂസേ ഒരു ചായയിട്ടു തരാവോടി..?? ആകെ തളർന്നു... " " നോ.. നെവർ....!! " അവൾ തലയുയർത്താതെ തന്നെ പറഞ്ഞു.. നേരത്തെ മുകളിൽ കയറ്റാത്തതിന്റെ അമർഷം തീർത്തതാണേ... " എന്ത് ദുഷ്ടയാടി നീ...!!" "ഓഹ് അതെല്ലേ...??!! ദുഷ്ടയാല്ലേ...??!!" അവളവനെ പുച്ഛിച്ചു തള്ളി.... " അതേയ് രണ്ടും വഴക്ക് വേണ്ടാ... ഞാനിട്ടു തരാം... " ഫോൺ അവിടെ വെച്ച് ലൈല അടുക്കളയിലേക്ക് നടന്നു... " എടി ഭദ്രകാളി... അവൾക്കൊരു സർപ്രൈസ് കൊടുക്കാനാ ഇത്രയും കഷ്ടപ്പെട്ടത്.. പൊളിച്ചു കയ്യിൽ തരുമല്ലോ നീ... " " സർപ്രൈസോ...??!! എന്തിന്...???!!" " ഇന്ന് ലൈലയുടെ ബെർത്ഡേയാ അമ്മൂസേ... " കാറിൽ നിന്നുമിറങ്ങി വന്ന കാശി പറഞ്ഞു... " എന്നിട്ടെന്നോട് ഇപ്പഴാണോ പറയുന്നേ... "

അമ്മുവിന് ദേഷ്യവും സങ്കടവുമൊക്കെ ഒരുപോലെ തോന്നിപ്പോയി... "അതെങ്ങനെയാ ഒട്ടിപ്പിടിച്ച് നടപ്പായിരുന്നില്ലേ സയാമീസ് ഇരട്ടകൾ..." " ആഹ്ഹ് അത് പോട്ടെ എന്നിട്ട് പ്ലാൻ എങ്ങനെയാ...?? " " പ്ലാനൊക്കെ പിന്നേ പറയാം.. അവള് വരും മുന്നേ കാറിലുള്ള സാധനങ്ങൾ മുകളിൽ കൊണ്ട് വെക്കാൻ സഹായിച്ചേ നീ..." ശരത്തും അമ്മുവും സാധനങ്ങളുമായി മുകളിലേക്ക് നടന്നപ്പോൾ തനിക്ക് കൂടെ ചായ വേണമെന്ന് പറയാൻ കാശി അടുക്കളയിലേക്ക് നടന്നു.. കാശി ശബ്ദമുണ്ടാക്കാതെ ലൈലയുടെ പിറകിൽ ചെന്ന് നിന്നു.. പാൽ തിളക്കാൻ കാത്തിരുന്നു അതിലേക്ക് നോക്കി നിൽക്കുകയായിരുന്നതിനാൽ അവൻ വന്നതവൾ അറിഞ്ഞതേയില്ല... പക്ഷേ ഒരുവേള അവന്റെ നിശ്വാസം അവളുടെ കാതിനു പിന്നിൽ പതിച്ചതും അവൾ ഞെട്ടിതിരിച്ചു.. അപ്പോഴാ മനസ്സിൽ തലേന്ന് നടന്ന സംഭവങ്ങളാണ് ഓടിയെത്തിയത്.. റോഷൻ തന്റെ പിറകിൽ വന്ന് നിന്നതും അവന്റെ നിശ്വാസം കഴുത്തിടുക്കിൽ പതിഞ്ഞതോർത്തതും ഞെട്ടലോടെയവൾ വേച്ചു പോയി... അവളെ വീഴാതെ പിടിക്കാൻ തുനിഞ്ഞ കാശിയുടെ കൈ അടുപ്പിലിരിക്കുന്ന ചായ പാത്രത്തിൽ ചെറുതായൊന്നു തട്ടിപ്പോയി...

പെട്ടെന്ന് തന്നെ കൈ പിൻവലിച്ചതിനാൽ ചെറിയ പൊള്ളൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ... ലൈലയെ നേരെ നിർത്തിയതിനു ശേഷം നീറ്റലോടെയവൻ കൈ കുടഞ്ഞു... " അയ്യോ സോറി സോറി.... " അവന്റെ കൈ പിടിച്ച് ലൈല പൊള്ളലേറ്റ ഭാഗത്തേക്ക്‌ നോക്കാൻ ശ്രമിച്ചെങ്കിലും കാശി പെട്ടെന്ന് തന്നെ കൈ പിൻവലിച്ചു... "ഏയ്‌ ഒന്നൂല്ലഡോ.." അവളെ നോക്കിയവൻ കണ്ണ് ചിമ്മി പറഞ്ഞതും അവൾ ഗൗരവം പൂണ്ടു... അവൾ കൈ നീട്ടിയതും അനുസരണയുള്ള കുട്ടിയെ പോലെ അവൻ കൈ അവൾക്ക് നേരെ നീട്ടിപ്പിടിച്ചു.. പൊള്ളാലേറ്റ ഭാഗത്ത്‌ ചെറുതായി ചുവന്നിട്ടുണ്ട്, വേറെ പ്രശ്നങ്ങളൊന്നുമില്ല.. ലൈല കബോർഡിൽ നിന്നും തേനെടുത്ത് അവിടെ പുരട്ടിയതിനു ശേഷം പതിയെ ഊതി... ലൈലയുടെ പ്രവർത്തികൾ സസൂക്ഷ്മമം വീക്ഷിക്കുകയായിരുന്നവന്റെ ചുണ്ടിലൊരു പുഞ്ചിരിയുണ്ടായിരുന്നു.. പെട്ടെന്നാണ് പാല് തിളച്ചു പൊങ്ങിയത്.. ലൈലയവന്റെ കൈ വിടുവിച്ച് ഫ്ലെയിം കുറച്ചു വെച്ചു..

" സോറി ലൈലൂ.. എനിക്കൂടെ ചായ വേണമെന്ന് പറയാൻ വന്നതായിരുന്നു... " " ഇങ്ങനെ പതുങ്ങി വന്ന് പേടിപ്പിച്ചു കൊണ്ടോ....??!!" അവളൊരു പുരികം വളച്ചു ചോദിച്ചതും അവനൊരു കുസൃതി ചിരി ചിരിച്ചു... " ഞാൻ പറയാൻ വന്നതായിരുന്നല്ലോ, പക്ഷേ താൻ വേറെയെതോ സ്വപ്ന ലോകത്തായിരുന്നല്ലോ...??!!" ശരിയായിരുന്നു.. അപ്പോൾ തന്റെ ചിന്ത മുഴുവനും വേറെയെവിടെയൊക്കെയോ കറങ്ങി നടപ്പായിരുന്നു... കാശി അവഗണിച്ചു നടക്കുന്നതിന്റെ നിരാശയിലായിരുന്നു..!! തന്നേക്കാൾ പരിഗണന ഇഷയ്ക്കാണെന്ന പരിഭവത്തിലായിരുന്നു...!! പെട്ടെന്നെന്തോ പിന്നെയുമാ പരിഭവം അവളിൽ കയറി വന്നു... " ക്ഷമിക്കില്ലേ എന്നോട്...?? " കുറച്ചു കൂടി അവളുടെ അടുത്തേക്ക് നീങ്ങി നിന്ന് ആ കാതോരം പതിയെ പറഞ്ഞവൻ... "മ്മ്മ്....!!" അവളിൽ നിന്നൊരു മൂളൽ മാത്രമേ ഉണ്ടാരുന്നുള്ളൂ... താഴേക്ക് നോക്കി നിൽക്കുന്നവളുടെ താടി തുമ്പിൽ പിടിച്ച് മുഖമുയർത്തിയവൻ... "എന്താണ് ഒരു പരിഭവം... ഹ്മ്മ്...???!!" "മ്മ്മ്ഹ്മ്... ഒന്നൂല്ല...."

കാശിയിൽ നിന്നുമകന്ന് മാറി ലൈല മുന്നോട്ട് നടക്കാൻ തുനിഞ്ഞതും കാശിയവളുടെ കയ്യിൽ പിടിച്ച് തടഞ്ഞു നിർത്തി.. "പിണക്കമാണോ ലൈലൂ...??" "ആഹ്.. അതെ..." ലൈല മുന്നോട്ട് വന്ന് മുഷ്ടി ചുരുട്ടി അവന്റെ നെഞ്ചത്ത് ചെറുതായി കുത്തിക്കൊണ്ട്‌ പറഞ്ഞു... "ആഹ്ഹ...." വേദനിച്ചതായി അഭിനയിച്ചു കൊണ്ട് അവൻ നെഞ്ചത്ത് കൈ വെച്ചതും പെണ്ണ് ചിരിച്ചു പോയി... അന്തരീക്ഷത്തിനു അയവു വരാൻ അവളുടെയാ ചിരി മതിയാരുന്നു.... " എന്നാലേ പറ... എന്തിനാ പിണക്കം..,???" "അത് പറയൂല..." ചിരിയോടെ പറഞ്ഞു കൊണ്ട് ലൈല ചായ ഉണ്ടാക്കുന്നതിൽ ശ്രദ്ധ തിരിച്ചു... " ഈ പിണക്കം മാറ്റാൻ എനിക്കറിയാം ട്ടോ...!" ചിരിയോടെ പറഞ്ഞു കൊണ്ട് പോകുന്നവനെ ഒരു നിമിഷമവൾ നോക്കി നിന്നു പോയി.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story