കാണാ മറയത്ത്..❤: ഭാഗം 30

kanamarayath

രചന: മീര സരസ്വതി

" വിളിച്ചു കാണുമെന്നല്ല വിളിച്ചിരുന്നു... സർപ്രൈസ് പൊളിയേണ്ടെന്ന് കരുതി തന്റെ ഫോണിൽ നിന്നും ഞാൻ മെസ്സഞ്ചർ ഡിലീറ്റ് ചെയ്തു.. അവളുടെ നമ്പറും വാട്സാപ്പുമൊക്കെ ബ്ലോക്ക് ചെയ്തേക്കുവാ... വെരി സോറി... ഫ്രീയാകുമ്പോ അവളെയൊന്ന് വിളിച്ചേക്ക് ട്ടാ...." അമ്മുവിന്റെയും ലൈലയുടെയും സംസാരത്തിനിടയിൽ കയറി കള്ളച്ചിരിയോടെ കാശി പറഞ്ഞു... " ഹെമ്മേ, എന്തൊരു പ്ലാനിങ്...!!" അത് കേട്ടതും പൊട്ടിച്ചിരിയോടെ അമ്മു പറഞ്ഞു... പെട്ടെന്നാണ് ലൈലയുടെ ഫോണിലേക്കൊരു കോൾ വന്നത്.... ഈ വൈകിയ സമയത്തെ പ്രതീക്ഷിക്കാതെയുള്ള കോളായതിനാൽ നെഞ്ചിടിപ്പോടെയാണ് അവൾ ഫോണെടുത്തത്.... " ഉമ്മാ.. എന്താണുമ്മാ ഇന്നേരത്ത്...?? " അസമയത്തെ ഫോണായതിനാൽ വീട്ടിലാർക്കെങ്കിലും എന്തെങ്കിലും അപകടം സംഭവിച്ചോ എന്നുള്ള ആലോചനയോടെയാണ് ലൈല സംസാരിച്ചത്... " വല്യുമ്മാന്റെ മുത്ത് ലൈലാബിക്ക് പിറന്നാളാശംസകൾ.... "

" വല്യുമ്മാ..!!!! ഇതെങ്ങനെ..??!! ഇന്നേരത്തെങ്ങനെ ഫോൺ കിട്ടി..?? " അവിടെ നിന്നും എഴുന്നേറ്റ്‌ ലൈല ആരുമില്ലാത്തയിടത്തേക്ക് മാറി നിന്നു.. ലൈല പോകുന്നത് ഒരു നിമിഷം നോക്കിയതിനു ശേഷം കാശി ശരത്തിനൊപ്പം സംസാരം തുടർന്നു... " ആലിയും ഇജാസും പള്ളിയിൽ സലാത്ത് മജ്ലിസിന് പോയേക്കുവാ മോളേ... ഇന്നിനി എന്തായാലും ഒരു നേരമാകും എത്താൻ... രണ്ടാളും പോകാൻ കാത്ത് നിന്നതാ മോളെയൊന്ന് വിളിക്കാൻ... സുഖല്ലേ മോൾക്ക്..??!!" " സുഖാണ് വല്യുമ്മാ... എന്താണ് നിങ്ങളെ വിശേഷങ്ങൾ...? " "ഇങ്ങനെ പോണു മോളെ..." ഇരുവരും കുറച്ചു നേരം പരസ്പരം വിശേഷങ്ങൾ പങ്കു വെച്ചു.. " ഉമ്മാക്ക് കൊടുക്കാ ലൈലൂ... ഓളിവിടെ കാത്തിരിപ്പ് തുടങ്ങീട്ട് ഒരു നേരായി..." " മോളേ... ലൈലാ...." ഉമ്മ വളരെ ആർദ്രമായി വിളിച്ചതും മറുപടിയാടി അവളൊന്ന് മൂളിയതേയുള്ളൂ... രണ്ടു ദിവസമായി ഉമ്മയുടെ സാന്നിധ്യം വല്ലാതെ കൊതിക്കുന്നു.... " സുഖല്ലേ മോളെ...." " ഹാ ഉമ്മാ... ഉമ്മായ്ക്കറിയോ...???!!

ഇന്നിവിടെ എല്ലാരും കൂടി എനിക്കൊരു ബർത്ത്ഡേ പാർട്ടി ഒരുക്കി..." ആവേശത്തോടെ ലൈല വിശേഷങ്ങൾ പങ്കു വെക്കുമ്പോൾ മറു തലക്കൽ ഒരു പുഞ്ചിരിയോടെ അവരത് കേട്ട് നിന്നു ... " മോൾടെ ബെർത്ഡേ ആവുമ്പോഴെക്കെങ്കിലും മോൾക്ക് വീട്ടിലേക്ക് വരാൻ കഴിയുമെന്ന് കരുതിയതാ... ഇത്രയും ദിവസായിട്ടും എനിക്കുപ്പാന്റെ മനസ്സ് മാറ്റാൻ പറ്റിയില്ലല്ലോ മോളെ... !!" " ഹ്മ്മ് സാരില്ല ഉമ്മാ... ഉമ്മാന്റെ ഇന്നത്തെ ബിരിയാണി എനിക്ക് നല്ലോണം മിസ്സെയ്യുന്നുണ്ട്... ഉമ്മാനേം....!!" ലൈലയ്ക്ക് ശബ്ദമിടറി... കുറച്ചു നേരത്തേക്ക് രണ്ടു പേർക്കും ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല..നിമിഷ നേരത്തെ മൗനങ്ങൾക്ക് ശേഷം ഫൗസിയ സംസാരിച്ചു തുടങ്ങി... " മോളെ ഞാൻ ഗർഭം ധരിച്ചപ്പോ എന്നേക്കാൾ സന്തോഷമായിരുന്നു നിന്റെ ഉപ്പയ്ക്ക്... നീ നോക്കിക്കോ ഇത്തവണ പെണ്ണാകുമെന്ന് ഇടയ്ക്കിടെ മൂപ്പരെന്നോട്‌ പറയും... ഒരു മോളെ കിട്ടാൻ പല നേർച്ചകളും നേർന്നിട്ടുണ്ടായിരുന്നു.. ഇന്നിപ്പോ ഉപ്പ മോളെ കാണാതെ അത്ര തന്നെ വിഷമിക്കുന്നുണ്ടാകും.. "

" ഇല്ലുമ്മാ... വിഷമമൊന്നും ഉപ്പാക്ക് കാണില്ല... ഇത്രേം ഇഷ്ടമുണ്ടായിട്ടാണോ ഉപ്പ ന്റെ വാക്കുകൾ കേൾക്കാതെ മറ്റുള്ളവർ പറയണത് കേട്ടത്...??!! " " ഉപ്പാക്ക് ആൾക്കാരുടെ മുന്നിൽ ചെറുതായത് പോലെ തോന്നിയത് കൊണ്ടാകും മോളെ അങ്ങനൊക്കെ സംഭവിച്ചത്...." " എന്നിട്ടാവും ഉമ്മാ എന്നോടുള്ള ബന്ധം വാക്കുകൾ കൊണ്ട് അറുത്തു മുറിച്ച് കളഞ്ഞത്...!!" പെണ്ണിന്റെ കണ്ഠമിടറി.... " ഇന്നാരോടും ആൾക്ക് വലിയ മിണ്ടാട്ടമൊന്നും ഉണ്ടായിട്ടില്ല.. പുറത്താണേൽ ഇറങ്ങിയതുമില്ല... മിഴുവൻ സമയവും എന്തോ ആലോചനയോടെ ഇരിപ്പായിരുന്നു.. ഉപ്പ എത്രയും പെട്ടെന്ന് ശരിയാകുമെന്ന് എന്റെ മനസ്സ് പറയുന്നുണ്ട് ലൈലൂ.....!! എന്നാണേലും ഒരു ദിവസം സത്യം ഉപ്പ മനസ്സിലാക്കും... കാശിയും മോളും തമ്മിൽ അങ്ങനെയൊരു ബന്ധവുമില്ലെന്ന് അറിയും...!! അന്ന് എല്ലാം മറന്ന് വീട്ടിലേക്ക് കൊണ്ട് വന്നോളും... നോക്കിക്കോ..." ഉമ്മയത് പറഞ്ഞതും അവളുടെ നെഞ്ചിൽ വലിയൊരു ഭാരം കയറ്റി വെച്ചത് പോലെയായി.. ശരിയാണ്....

കാശിയേട്ടനും താനും തമ്മിൽ ഒരു ബന്ധവുമുണ്ടായിരുന്നില്ല... പക്ഷെ, ഇന്നാ മനുഷ്യൻ ഈ നെഞ്ചിൽ കൂട് കെട്ടിയിട്ടുണ്ട്... അങ്ങേരല്ലാതെ വേറൊരാളെ ആ സ്ഥാനത്ത് സങ്കൽപ്പിക്കാൻ പോലും വയ്യ... ഈ സത്യം ഉപ്പയറിഞ്ഞാലുള്ള അവസ്ഥ... !! പക്ഷെ, അപ്പോഴും ആളുടെ മനസ്സിലെന്താണെന്നുള്ളതിന് ഒരുറപ്പുമില്ല.. ചിലപ്പോഴൊക്കെ ആൾക്ക് തന്നോട് പ്രണയമാണെന്ന് തോന്നും, എന്നാൽ ചില നേരം ആളുടെ പെരുമാറ്റത്തിൽ താനിപ്പോൾ ആളുടെ ഫാമിലിയിലെ ഒരംഗം മാത്രമാണെന്നുള്ള പരിഗണന പോലെയും തോന്നും...!! ആ മനസ്സിൽ എന്താണെന്ന് അറിഞ്ഞിരുന്നെങ്കിൽ....!!! അറിയാതെ അവളുടെ നോട്ടം കാശിയിലേക്ക് പാളി വീണു.. അതേ സമയം കാശിയുടെ നോട്ടവും അവളെ തേടിയെത്തി.. നോട്ടങ്ങൾ തമ്മിൽ ഉടക്കിയപ്പോൾ അവൾ പെട്ടെന്ന് തന്നെ പുറം തിരിഞ്ഞു നിന്നു... "ഹ്മ്മ് സാരില്ലുമ്മാ.. നിങ്ങളാരും കൂടെയില്ലെന്ന ഒരു വിഷമം മാത്രേ ഇപ്പൊ എനിക്കുള്ളൂ... ചുറ്റിനും എന്നെ മനസ്സിലാക്കാനും സ്നേഹിക്കാനും ഒരുപാട് പേരുണ്ട്..."

വീട്ടിലിരുന്ന ആ മൂന്ന് മാസം വീട്ടുകാരുടെയും കുടുംബക്കാരുടെയും അവഗണന മനസ്സിലേക്ക് ഓടിയെത്തിയതും അവൾ പറഞ്ഞു... ഇനിയും പറഞ്ഞാൽ താൻ കാട് കയറി സംസാരിച്ചു പോകും, അത് ഉമ്മയ്ക്കും തനിയ്ക്കും ഒരുപോലെ വിഷമമുണ്ടാക്കുമെന്ന് അറിയുന്നത് കൊണ്ട് തന്നെ ആ സംഭാഷണം നീട്ടാതെ അവൾ പെട്ടെന്ന് അവസാനിപ്പിച്ചു... ഫോൺ വെച്ചതിനു ശേഷം ലൈല പുറകിലോട്ട് നോക്കി... ടീച്ചറമ്മയും ശരണ്യയും അമ്മുവിന്റെ പേരെന്റ്സും കൂടിയിരുന്ന് സംസാരത്തിലാണ്... മറു വശത്ത് പിള്ളേർ സെറ്റും തമാശ പറയലും പൊട്ടിച്ചിരികളുമായി തിരക്കിലാണ്... കാശിയവരോട് സംസാരത്തിൽ ആണെങ്കിലും ഇടക്ക് നോട്ടം അവളിലെത്തുന്നുണ്ട്..!! ചെറുപ്പത്തിൽ എന്നും തന്നോട് വഴക്കായിരുന്നു ആള്... കുറച്ചു കൂടി മുതിർന്നപ്പോൾ കണ്ടാൽ കണ്ട ഭാവം നടിക്കാറില്ല, ഇനിയെങ്ങാനം അങ്ങോട്ട് ചെന്ന് മിണ്ടിയാൽ അപ്പോഴതൊരു വലിയ വഴക്കായി മാറും.. അത്കൊണ്ട് തന്നെ പലപ്പോഴും ആളെ അവഗണിക്കും.. " കഴിഞ്ഞില്ലേ ലൈലൂ...??!!!"

അമ്മുവിൻറെ ചോദ്യമാണ് അവളെ ചിന്തകളിൽ നിന്നുമുണർത്തിയത്... പെട്ടെന്നു തന്നെയാ കൂട്ടത്തിൽ അവളും ചെന്നിരുന്നു... ഇത്തവണ ലൈല ഇരിന്നത് ഫൈസിയുടെ അരികിലാണെങ്കലും കാശിയുടെ നേരെ എതിർ വശത്തായതിനാൽ അവനത് ആശ്വാസമായിരുന്നു... " ലൈല വന്നല്ലോ.. നമുക്കിനി ഗെയിംസ് കളിക്കാം..." ശരത്ത് പറഞ്ഞതോടെ എല്ലാവരും റെഡിയായി... " ഡെയർ ഓർ ട്രൂത്ത് ഗെയിം കളിക്കാം..." ഒഴിഞ്ഞൊരു ചില്ലു കുപ്പിയും, എഴുതി മടക്കി വെച്ചേക്കുന്ന പേപ്പറുകളുള്ള രണ്ടു പ്ലാസ്റ്റിക് കണ്ടെയ്നറുകളും മുന്നിലെടുത്ത് വെച്ച് അമ്മു നിർദ്ദേശങ്ങൾ ഓരോന്ന് പറഞ്ഞു തുടങ്ങി... "ആദ്യത്തെയാൾക്ക് ട്രൂത്ത് ആണെങ്കിൽ രണ്ടാമത്തെയാൾക്ക് ഡെയർ... അങ്ങനെ കളിക്കാം.." അമ്മു ബോട്ടിൽ കറക്കിയതും അത് നേരെ വന്ന് നിന്നത് അവളുടെ മുന്നിൽ തന്നെയായതിനാൽ എല്ലാവരിലും അത് ചിരി പടർത്തി... അമ്മു പറഞ്ഞപ്പോൾ ഇഷ കണ്ടെയ്നർ ഷഫ്‌ൾ ചെയ്ത്‌ അവൾക്ക് നേരെ നീട്ടി... "

ലൈഫിൽ ഇന്ന് വരെ കിട്ടിയ പ്രൊപ്പോസലുകളുടെ എണ്ണം....??!!" അമ്മു പേപ്പറിലുള്ളത് വായിച്ചതും എല്ലാവരും ഒരുപോലെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു..... "ഒരുപാടുള്ളതിനാൽ അവളിന്ന് എണ്ണിത്തീരുവോ എന്തോ...!!" " അവളേ ഫൈസീടെ പെങ്ങളാ... എന്നെ പേടിച്ച് അവൾക്ക് പ്രൊപോസൽസ് ഒന്നും വന്നു കാണില്ല..." ശരത്ത് കളിയായി പറഞ്ഞപ്പോൾ അവളെ പിന്തുണച്ചു കൊണ്ട് ഫൈസി രംഗത്ത് വന്നു... " ശെയ്, രണ്ടും കൂടെ കോൺസെൻട്രേഷൻ കളയാതെ... ഞാനൊന്ന് എണ്ണിക്കോട്ടെ....!!" അവളതു പറഞ്ഞതും എല്ലാവരും ഒരുപോലെ പൊട്ടിച്ചിരിച്ചു.... "ആകെ മൂന്നെണ്ണെ ഉള്ളൂ... " ചുണ്ടു കൂർപ്പിച്ച് നിരാശയോടെ പെണ്ണ് പറഞ്ഞു.. " അയ്യോടാഹ്...!! അത് കഷ്ടായിപ്പോയല്ലോ...!!" കാശി കൌണ്ടർ അടിച്ചതും എല്ലാവരും അവളെ കളിയാക്കി തുടങ്ങി... അടുത്ത തവണ ബോട്ടിൽ കറക്കിയപ്പോൾ ശരത്തിനു നേരെ ചെന്ന് നിന്നു... ഇത്തവണ ഡെയർ ആയതിനാൽ കണ്ടെയ്നർ കുലുക്കി അവനൊരു പേപ്പർ എടുത്തു... "ആക്ട് ലൈക് എ ഗേൾ..!!" ഇഷ അവനെ കണ്ണെഴുതി പൊട്ട് തൊട്ട് ലിപ്സ്റ്റിക് എഴുതിച്ചു...ഷാൾ എടുത്ത് സാരിപോലെ ഇടുവിച്ചു..

ശരത്ത് എഴുന്നേറ്റൊരു പെൺകുട്ടിയുടെ മാനറിസത്തോടെ നാണത്തോടെ ചിരിച്ചു കൊണ്ട് മുന്നോട്ടും പിന്നോട്ടും നടന്നു... കാശിയും ഫൈസിയും പൂവാലന്മാരെ പോലെ ചൂളമടിച്ചു കൊണ്ട് അവന്റെ പിറകെ നടന്നതും എല്ലാവരും ചിരിച്ചു പോയി... അടുത്ത തവണ ബോട്ടിൽ കറങ്ങിത്തിരിഞ്ഞു വന്നത് ലൈലയുടെ മുന്നിലാണ്... " എന്താണ് പ്രണയം...??? ഏറ്റവും ചുരുക്കിയ വാക്കുകളിൽ പ്രണയത്തെ കുറിച്ച് പറയുക.." അവളത് വായിച്ചതും പെട്ടെന്നെല്ലാവരും നിശബ്ദരായി ലൈലയെ കേൾക്കാൻ കാത്തിരുന്നു... ലൈല നന്നായി എഴുതുമെന്ന് എല്ലാവർക്കുമറിയാം... അവളിലൂടെ പ്രണയത്തെയറിയാൻ ഒരുപോലവർ കാതോർത്തു... "നീയും ഞാനുമെന്ന രണ്ടാത്മാക്കൾ നമ്മളെന്ന ഒറ്റയാത്മാവായി മാറുന്നതാണ് പ്രണയം...!!!" അവളത് പറഞ്ഞതും എല്ലാവരും കയ്യടിച്ചു... " മരിച്ചു മയ്യിത്തായി ആത്മാക്കളായി കഴിഞ്ഞാണ് നിന്റെ പ്രണയമെന്നാണോ ലൈലൂ...???! യൂ മീൻ എ ഗോസ്റ്റ് ലവ്..??!! ഹെമ്മേ...!!" അമ്മു വളരെ സീരിയസ് ആയി ചോദിച്ചതും എല്ലാവരും പൊട്ടിച്ചിരിച്ചു പോയി... " ഈ പ്രണയമെന്നത് നമ്മുടെ ആത്മാവിൽ അലിഞ്ഞു ചേരുന്നൊരു വികാരമല്ലേ മണുക്കൂസ്‌...

പ്രണയമാകുമ്പോൾ കേവലം ശരീരങ്ങൾ തമ്മിൽ മാത്രല്ല നമ്മുടെ മനസ്സും ആത്മാവുമൊക്കെ അതിൽ ലയിച്ചു ചേരണം എന്നാണ്... അതാണ് അതിന്റെയൊരു ഇത്... കേട്ടോടി കുരുട്ടേ...??!!" അവളുടെ തലയിലൊരു കൊട്ട് കൊടുത്തു കൊണ്ട് ശരത്ത് പറഞ്ഞു... മനസ്സിലായെന്ന അർത്ഥത്തിൽ അവൾ ആലോചനയോടെ തലയാട്ടി.. ഫൈസിക്ക് കിട്ടിയത് ടങ്ക് ട്വിസ്റ്റർ ആയിരുന്നു... "ഒളരിയിലെ മുരളി കളരി പഠിച്ചു.... എന്ന് പത്തു തവണ വേഗത്തിൽ പറയുക... " നേരാവണ്ണം മലയാളം പറയാനറിയാത്ത ഫൈസി അഞ്ചു തവണ വായിക്കുമ്പോഴേക്കും എല്ലാവരും ചിരിച്ചൊരു വഴിക്കായിരുന്നു... അത്കൊണ്ട് തന്നെ അഞ്ച് തവണയായപ്പോൾ തന്നെ നിർത്താൻ സമ്മതം കൊടുത്തു... അടുത്ത ചോദ്യം ഇഷയ്ക്കുള്ളതായിരുന്നു... " ടൈം ട്രാവലർ ഉണ്ടെങ്കിൽ ലൈഫിൽ നടത്താൻ ഉദ്ദേശിക്കുന്ന ആഗ്രഹം....??? " " ഒരു വട്ടം കൂടി നമ്മുടെയാ കോളേജ് ലൈഫ്...!!! കോളേജിൽ വിലസിയിരുന്ന ത്രിമൂർത്തികളായി ഒരിക്കൽ കൂടി നമുക്ക് വിലസണം...!! " ഇഷ പറഞ്ഞതും അവളുടെ ഇടതും വലതുമായി ഇരുന്നിരുന്ന കാശിയും ശരത്തും അവളെ ഇറുകെ പുണർന്നു... അടുത്ത ഊഴം കാശിയുടേതാണ്...

പേപ്പറിൽ എഴുതിയിരിക്കുന്നത് വായിച്ചതും ഒരു വേളയവൻ തരിച്ചിരിപ്പായി... ഇങ്ങനെയൊരു ചോദ്യം എഴുതിയിട്ടത് താനാണെങ്കിലും അത് തന്നിൽ തന്നെ വന്നു ചേരുമെന്ന് ഒട്ടുമവൻ പ്രതീക്ഷിച്ചിരുന്നില്ല... അതും നേരെ എതിർവശത്ത് ഇരിക്കുന്നത് ലൈലയും...!! " ഡാ വായിക്കെടാ... " " ഇത് വേണ്ടാ... ഞാൻ മാറ്റിയെടുക്കാൻ പോകുവാ... " ആ പേപ്പർ കളഞ്ഞ് വേറൊന്ന് എടുക്കാൻ കാശി തുനിഞ്ഞെങ്കിലും ആരും സമ്മതിച്ചില്ല.... " എന്തായാലും അതിനുള്ളത് വായിച്ചേ പറ്റുള്ളൂ ഭയ്യാ... " " വായിക്ക് കാശി... " എല്ലാവരും ഒരുപോലെ നിർബന്ധിച്ചപ്പോൾ അവനത് വായിച്ചു.. " പ്രൊപ്പോസ് എ ഗേൾ ഹൂ സിറ്റ്സ് ജസ്റ്റ്‌ ഓപ്പോസിറ്റ്സ് ടു യൂ... " " ഹേയ്... കാശി... കാശി... കാശി...." എല്ലാവരും കോറസ്സായി പ്രോത്സാഹിപ്പിച്ചു തുടങ്ങി... ഒടുവിൽ സ്റ്റക്കായി നിൽക്കുന്ന ലൈലയുടെ അരികിലേക്ക് നീങ്ങി മുട്ട് കുത്തി നിന്നു കാശി... അവളുടെ വിറക്കുന്ന കൈ കവർന്നവൻ അവന്റെ നെഞ്ചിലേക്ക് ചേർത്തു വെച്ചു... അത്രയുമായപ്പോൾ തന്നെ ലൈല വെട്ടി വിയർത്തു തുടങ്ങിയിരുന്നു...

" എന്നിലെ പ്രണയത്തെ നീയറിയും നാളിനായുള്ള കാത്തിരിപ്പിലാണ് ഞാൻ....!! നീയും ഞാനും എന്നാണ് പെണ്ണേ നമ്മളെന്ന ഒറ്റയാത്മാവായി മാറുന്നത്...??!!" അവളുടെ കണ്ണിലേക്ക് നോക്കിക്കൊണ്ടവൻ ചോദിച്ചതും ആ നോട്ടത്തിന്റെ തീക്ഷണതയിൽ പരിസരം മറന്നവളിരുന്നു പോയി... നെഞ്ചിൽ കൈ വെച്ചതിനാൽ തന്നെയും അവന്റെ ഹൃദയമിടിപ്പ് അവൾക്ക് കേൾക്കാമായിരുന്നു... ആ ഹൃദയമിടിപ്പിനൊപ്പം ചേർന്ന് തന്നെ തന്റെയും ഹൃദയം മിടിക്കും പോലെ ലൈലയ്ക്ക് തോന്നി... നിമിഷങ്ങളോളം കാശിയാൽ വലയം ചെയ്ത ലോകത്തിനുള്ളിൽ ചിന്തകളാൽ ചുറ്റപ്പെട്ടിരുന്നു പോയി പെണ്ണ്... കാശിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല... ഏതോ സ്വപ്ന ലോകത്തെന്ന പോലെ അവളെ തന്നെ നോക്കിയിരിപ്പാണാൾ...

ചുറ്റുമുള്ളവരുടെ വിസിലടിയും ആക്രോശവുമാണ് ഇരുവരെയും യാഥാർഥ്യത്തിലേക്ക് കൊണ്ട് വന്നത്... " എടാ പഹയാ.. കൃത്യ സമയത്ത് ഗോളടിച്ചല്ലേ...??!!" ശരത്ത് ആരും കേൾക്കാത്ത വിധത്തിൽ കാശിയെ വാരിയതും അവൻ വെളുക്കനെ ചിരിച്ചു കൊടുത്തു... പിന്നെയും പിന്നെയും അവന്റെ ചോദ്യം തന്റെ കാതുകളിൽ അലയടിക്കും പോലെ തോന്നി ലൈലയ്ക്ക്.. "കാശിയേട്ടൻ ചോദിച്ചത് ഇനി സീരിയസ് ആയിട്ടാകുമോ...??!"" അതോ ഗെയ്മിന്റെ ഭാഗമായി തമാശയ്ക്കാകുമോ...??" പലയാവർത്തി മനസ്സിൽ ചോദ്യം തികട്ടി വന്നപ്പോൾ അവൾ കാശിയെ നോക്കി... എല്ലാവരുടെയും തമാശ ആസ്വദിച്ചു കൊണ്ട് നിൽപ്പാണ് ആള്... ആ ചുണ്ടിൽ അപ്പോഴൊക്കെയും ഒരു കുസൃതി ചിരി തത്തിക്കളിക്കുന്നുണ്ട്... പെണ്ണിൽ പ്രതീക്ഷയുടെ ആയിരം പൂത്തിരി തെളിച്ചു കൊണ്ടുള്ള ചിരി.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story