കാണാ മറയത്ത്..❤: ഭാഗം 31

kanamarayath

രചന: മീര സരസ്വതി

" എടാ പഹയാ.. കൃത്യ സമയത്ത് ഗോളടിച്ചല്ലേ...??!!" ശരത്ത് ആരും കേൾക്കാത്ത വിധത്തിൽ കാശിയെ വാരിയതും അവൻ വെളുക്കനെ ചിരിച്ചു കൊടുത്തു... പിന്നെയും പിന്നെയും അവന്റെ ചോദ്യം തന്റെ കാതുകളിൽ അലയടിക്കും പോലെ തോന്നി ലൈലയ്ക്ക്.. "കാശിയേട്ടൻ ചോദിച്ചത് ഇനി സീരിയസ് ആയിട്ടാകുമോ...??!"" അതോ ഗെയ്മിന്റെ ഭാഗമായി തമാശയ്ക്കാകുമോ...??" പലയാവർത്തി മനസ്സിൽ ചോദ്യം തികട്ടി വന്നപ്പോൾ അവൾ കാശിയെ നോക്കി... എല്ലാവരുടെയും തമാശ ആസ്വദിച്ചു കൊണ്ട് നിൽപ്പാണ് ആള്... ആ ചുണ്ടിൽ അപ്പോഴൊക്കെയും ഒരു കുസൃതി ചിരി തത്തിക്കളിക്കുന്നുണ്ട്... പെണ്ണിൽ പ്രതീക്ഷയുടെ ആയിരം പൂത്തിരി തെളിച്ചു കൊണ്ടുള്ള ചിരി.... " നമുക്കിറങ്ങാം പിള്ളേരെ...??" മാലിക്ക് അവരുടെ ഇടയിലേക്ക് കടന്ന് വന്ന് ചോദിച്ചു... " ഞങ്ങളില്ല അബ്ബാ... നിങ്ങള് പൊയ്ക്കോ...." ഫൈസിയും അമ്മുവും ഒരേ സ്വരത്തിൽ പറഞ്ഞു... " ഞങ്ങളിന്ന് ഇവിടെ കൂടിക്കോളാ അങ്കിളേ... നാളെ ഞങ്ങൾക്ക് തിരിച്ചു പോകാനുള്ളതാ...

ഇന്നിവന്മാരോടൊപ്പം കൂടാനാ ഇന്ദ്ര് ഭയ്യ വീട്ടിലേക്ക് വന്നോളാൻ പറഞ്ഞിട്ടും ഞാൻ പോകാതിരുന്നേ..." ഇഷ അപേക്ഷാ സ്വരത്തിൽ പറഞ്ഞു... " അങ്ങനെയാണേൽ നിങ്ങളെല്ലാവരും ഇന്നത്തെ ദിവസമങ്ങ് ആഘോഷിക്ക്... ഞങ്ങൾ ഇറങ്ങിയേക്കാം... അല്ല ഫൈസീ, നാളെ മോർണിംഗ് ഓഫീസിൽ പോകാൻ ഞാൻ വിളിച്ച എഴുന്നേൽപ്പിക്കേണ്ടി വരുമോ...???" " നാളേം കൂടെ ലീവെടുത്തേക്കുവാ അബ്ബാ.. " " എന്നാൽ പിന്നെ എൻജോയ്...." മാലിക്കും റസീനയും ഇറങ്ങിയതും അവരെല്ലാം കല പില സംസാരത്തിലായി... " അല്ലെടാ, നിന്റമ്മയ്ക്ക് ഇവിടെ സ്റ്റുഡന്റ്സിനെ കിട്ടിയില്ലേ..??" " കിട്ടേണ്ടതായിരുന്നു... പക്ഷേ, ചിലരിവിടെ പട്ടിയുണ്ട് സൂക്ഷിക്കുക എന്ന് പറയും പോലുള്ള ബോർഡൊക്കെ തൂക്കി വെച്ചതിന്റെ ഐശ്വര്യത്തിലാണെന്ന് തോന്നുന്നു ഒരീച്ച കുഞ്ഞ് പോലും തിരിഞ്ഞു നോക്കിയിട്ടില്ല...!!" "നിങ്ങളങ്ങനെ വല്ലാതങ്ങ് കളിയാക്കേണ്ട കാശി ഭയ്യാ... വെക്കേഷനൊന്ന് ആയിക്കോട്ടെ പിള്ളേരുടെ ഒഴുക്കാവും നോക്കിക്കോ... "

" ഉവ്വേ..." കാശിയുടെയും അമ്മുവിന്റെയും കുഞ്ഞു വഴക്ക് ചിരിയോടെ നോക്കിക്കാണുകയാണ് ലൈല.. അവളുടെ ചിരിയോടെയുള്ള ഇരിപ്പ് നോക്കിയിരിപ്പാണ് ഫൈസി... ഇന്നലെ ഒറ്റ ദിവസം അവളനുഭവിച്ച ദുരിതമോർത്തതും അവന്റെ കണ്ണുകൾ നിറഞ്ഞു... ഈ ചിരിയുടെ ഉള്ളിലും കരയുന്നൊരു മനസ്സു കാണും.. ജീവിത കാലം മുഴുവൻ വേട്ടയാടുന്ന ഓർമ്മകൾ കാണും... ഒരു പുരുഷനോട് സംസാരിക്കുവാൻ പോലും ഇൻസെക്യൂരിറ്റി ഉണ്ടാകും.. വല്ലാത്ത ട്രോമയിലൂടെയാകും അവളിപ്പോൾ കടന്നു പോകുന്നത്... ഈയൊരു അവസ്ഥയിൽ അവൾക്ക് താങ്ങായി തണലായി എന്നും കൂടെ നിൽക്കണം... മനസ്സിൽ പറഞ്ഞുറപ്പിച്ച് കൊണ്ട് അവനും അവരുടെ സംസാരത്തിലേക്ക് ചേർന്നു... കുറേ വർത്തമാനങ്ങളും കളി ചിരികളുമൊക്കെയായപ്പോൾ തന്നെ എല്ലാവരും ക്ഷീണിച്ചു...

ഓരോരുത്തരായി അവിടിവിടെ കിടന്ന് ഉറക്കം പിടിച്ചു തുടങ്ങി... അമ്മുവും ലൈലയും ഇഷയും നിലത്തു പായ വിരിച്ച് ഒരുമിച്ചാണ് കിടന്നത്.. ഇഷയും അമ്മുവും ഉറക്കത്തിലേക്ക് വഴുതി വീണെങ്കിലും ലൈലയെ ഉറക്കം തഴുകിയതേയില്ല... മൊബൈലെടുത്ത് യുട്യൂബിൽ ഓരോന്ന് കണ്ടിരിപ്പായി.. അതിനിടയിൽ എപ്പോഴോ രേണുവിന്റെ കാര്യം ഓർമ്മ വന്നതും വാട്സാപ്പിലെ ബ്ലോക്ക് മാറ്റി അവൾക്ക് മെസേജ് അയച്ചു... " എടിയെടി മങ്കി, ശവി... എത്രയെത്ര വിളി വിളിച്ചു നിന്നെ..??!! എത്ര മെസേജ് അയച്ചു നിനക്ക്..??!! എവിടെപ്പോയി കിടക്കുവാരുന്നെടി ദുഷ്ടേ..??!!" " സോറി ഡി രേണൂ... ചൂടാവല്ലേ പ്ളീസ്... " " ഞാൻ ചൂടാവും... രണ്ടു ദിവസായിട്ട് വിവരൊന്നും ഇല്ലാനിട്ട് ഞാനെത്ര പേടിച്ചെന്നോ..??!! നിനക്കതു വല്ലോം പറഞ്ഞാൽ മനസ്സിലാകോ..??" രേണു വിടാനുള്ള ഭാവമൊന്നുമില്ലേ... " രണ്ടു ദിവസായിട്ട് ഞാൻ വല്ലാത്ത അവസ്ഥയിലായിരുന്നുഡാ... പിന്നേ.... ഇന്ന് നരിയുടെ പ്രശ്നം സോൾവ് ആയി രേണൂ... "

" നരിയോ..??!!!! അതെങ്ങനെ...?!!! നിന്നെ പിന്തുടർന്നവൻ ബാംഗ്ലൂരുമെത്തിയോ... കാര്യം പറഞ്ഞേ അല്ലെങ്കിൽ നീ വിളിക്ക് ലൈലൂ..." " ഇവിടിപ്പോ എല്ലാരും ഉറക്കമാടാ.. ഞാൻ മെസ്സേജ് ചെയ്യാം..." റോഷനെ കണ്ടപ്പോൾ തൊട്ടുള്ള ഓരോ കാര്യങ്ങളും ലൈല അവളോട് പറഞ്ഞു... " ഛേ... അവനിട്ട് രണ്ടു പൊട്ടിക്കാനുള്ള ചാൻസ് നഷ്ടയല്ലോ..." എല്ലാം അറിഞ്ഞപ്പോൾ അവനിട്ടൊന്ന് കൊടുക്കാൻ പറ്റാത്തതിലുള്ള ദേഷ്യമായിരുന്നു അവൾക്ക്... " ലൈലൂ.... നീ ഓക്കേ അല്ലേടി പെണ്ണേ...?? അവൻ നിന്നെ നല്ലോണം ഉപദ്രവിച്ചോ..?? " " ഓക്കേ ആണെടാ... ഉപദ്രവിച്ചൊന്നുമില്ല, അതിന് മുന്നേ കാശിയേട്ടൻ അവിടെത്തിയെന്നാ ഡോക്ടർ പറഞ്ഞെ... എന്നാലും എനിക്കിതെന്ത് വിധിയാണല്ലേ രേണു....?!!" " എന്ത് വിധിയെന്ന്...??!! അതിന് നീയിപ്പോ അവിടെ ഹാപ്പിയല്ലേ അത് മതി.. പക്ഷേ നീയില്ലാനിട്ട് എനിക്കാ നഷ്ടം മുഴുവൻ... കോളേജിൽ എന്തൊരു ബോറിങ്ങാണെന്നോ.. ഈ ആഴ്ച കൂടി കഴിഞ്ഞാൽ സ്റ്റഡി ലീവ് തുടങ്ങും, അതിനിടയിൽ സെന്റോഫ് നടത്താമെന്നാ പറയുന്നത്.. നീയില്ലാതെ എങ്ങനയാടാ ഞാൻ...?? " " എനിക്കും ആഗ്രഹമുണ്ടെടാ... പക്ഷേ.. " " നീ വാ ലൈലൂ.. എന്റെ വീട്ടിൽ താമസിക്കാം..

ഇനിയാരും തിരിഞ്ഞു നോക്കരുതെന്നല്ലേ നിന്റെ ഉപ്പയും ആ വെട്ടുപോത്ത് ഇക്കയും പറഞ്ഞേക്കുന്നെ.. സൊ നീ ധൈര്യമായി ഇങ്ങു പോര്.. സ്റ്റഡി ലീവിൽ നമുക്കിരുന്ന് ഒരുമിച്ച് പഠിക്കാം.. അത് കഴിഞ്ഞ് പ്ലാൻ പോലെ പിജിക്ക് ഒരുമിച്ച് ജോയിൻ ചെയ്യാം.. എന്ത് പറയുന്നു..?? " " എന്നെ കൊണ്ട് ടീച്ചറമ്മയും കാശിയേട്ടനും ബുദ്ധിമുട്ടുന്നത് പോരാഞ്ഞിട്ടാണോ നിങ്ങളും കൂടി....?? " " എന്ത് ബുദ്ധിമുട്ടെന്നാ ലൈലൂ...??!! അമ്മയും അച്ഛനുമാ എന്നോടീ കാര്യം പറഞ്ഞത്... നീ ഞങ്ങൾക്കൊരു ബുദ്ധിമുട്ടാണേൽ അവരിങ്ങനെ പറയുമോ..?? " " ഞാനൊന്ന് കാശിയേട്ടനോട് ചോദിച്ചു നോക്കാഡാ... " രേണുവിന് മെസ്സേജ് ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ലൈലയ്ക്ക് കാശിയുടെ മെസ്സേജ് നോട്ടിഫിക്കേഷൻ വന്നത്... അവളത് പെട്ടെന്ന് തന്നെ തുറന്ന് നോക്കി... " അവിടെ നിന്ന് എഴുന്നേറ്റ് വന്നേ... ഒരൂട്ടം കാണിച്ചു തരാം... " മെസേജ് വായിച്ചയുടനെ തന്നെ രേണുവിനോട് ഗുഡ് നൈറ്റ് പറഞ്ഞവൾ എഴുന്നേറ്റു... ടെറസിന്റെ അരഭിത്തിയോട് ചേർന്ന് നിൽപ്പുണ്ട് ആള്...

" എന്താ കാര്യം കാശിയേട്ടാ...?? " "അതൊക്കെയുണ്ട്... ആദ്യം താഴെക്കിറങ്ങാം..." താഴെ ഭിത്തിയോട് ചാരി വെച്ചേക്കുന്ന ഏണി നോക്കി കാശി പറഞ്ഞു.. " ഉയ്യോ ഇതിലൂടെയോ...??!! ഞാനില്ല... " "ഇതിലൂടെ ഒരു കുഴപ്പവുമില്ല... ഞാനാദ്യം ഇറങ്ങാം... പതിയെ സൂക്ഷിച്ചിറങ്ങിയാൽ മതി.. ഇനിയെങ്ങാനം അടി തെറ്റിയാലും കഴപ്പമില്ല... വീഴാതെ പിടിക്കാൻ ഞാനുണ്ടല്ലോ...!!" വീണ്ടുമാ കുസൃതി ചിരിയോടെ പറഞ്ഞതും എന്തോ അവൾക്കും ചിരി വന്നു പോയി.. കാശിയുടെ പിന്നാലെ ലൈലയും ഇറങ്ങി ചെന്നു... മുന്നോട്ട് നടക്കും തോറും ആ അന്തരീക്ഷമാകെ നല്ലൊരു പൂവിന്റെ സുഗന്ധം പരക്കുന്നുണ്ട്... നിശാഗന്ധി ചെടിയുടെ മുന്നിലാണ് കാശി നടത്തമവസാനിപ്പിച്ചത്... അതിന്റെ മോട്ടൊന്ന് ചെറുതായി വിടർന്നു തുടങ്ങിയിട്ടുണ്ട്.. അതാണ് അന്തരീക്ഷമാകെ പ്രത്യേക തരം സുഗന്ധം.. ലൈല ആ പൂവിനരികിലേക്ക് മൂക്ക് ചെറുതായി അടുപ്പിച്ച് ആ സുഗന്ധം ആവോളം വലിച്ചെടുത്തു... "

നിശാഗന്ധി പൂവ് വിരിയുന്നത് കണ്ടിട്ടുണ്ടോ ലൈലൂ...???" അവൾ ഇല്ലെന്നർത്ഥത്തിൽ ചുമല് കൂച്ചി.. " ക്ഷമയോടെ കുറച്ചു നേരം വെയിറ്റ് ചെയ്‌താൽ ഇത് വിടരുന്നത് കാണാം... രാത്രിയിൽ വിടർന്ന് രാത്രി തന്നെ വാടിപ്പോകുന്ന പൂവാണ്... അതാ വരാൻ പറഞ്ഞത്... " ഉറങ്ങാൻ സമ്മതിക്കാത്തതിനുള്ള ക്ഷമാപണം പോലെ കാശി പറഞ്ഞു... " നിശാഗന്ധി വിടരുമ്പോൾ ഗന്ധർവ സാന്നിധ്യം ഉണ്ടാകുമെന്നാ പറയുന്നത്... ഇനി വല്ല ഗന്ധർവ്വനും വന്ന് തന്നെ അടിച്ചോണ്ട് പോകുവോ..??!!" " ഇനിയെവിടെ അടിച്ചോണ്ട് പോകാൻ... ഗന്ധർവ്വ രാജാവല്ലേ എന്നെ അടിച്ചോണ്ട് വന്നിരിക്കുന്നത്...!!" ആത്മഗതം കുറച്ചുറക്കെ ആയിപ്പോയെന്ന് കണ്ണും തള്ളിയുള്ള അവന്റെ നിൽപ്പ് കണ്ടപ്പോഴാണ് ലൈലയ്ക്ക് ബോധ്യമായത്... "ഏഹ്ഹ്....!! എന്താ പറഞ്ഞേ...??!!" " മ്ച്ചും.. " അവൾ രണ്ടു കണ്ണുകളും അമർത്തി അടച്ചു തുറന്നു കൊണ്ട് ഒന്നുമില്ലെന്ന് കാണിച്ചു... കാശി മൊബൈലിൽ ടൈം ലാപ്സ് ഇട്ട് കൊണ്ട് പൂവ് വിടരുന്നത് പകർത്താനുള്ള തയ്യാറെടുപ്പിലായിരുന്നു...

പൂവ് കുറച്ചു കുറച്ചായി വിടർന്ന് വരുന്നുണ്ട്... അവിടമാകെ സുഗന്ധം പരക്കുന്നുണ്ട്... "ആരെയും കാണിക്കാതെ അറിയിക്കാതെ ഇങ്ങനെ വിടർന്ന് സുഗന്ധം പരത്തിയിട്ട് എന്തിനാല്ലേ...??!! ഇതിനു പകല് വിടർന്നാലെന്താ..." ലൈലയാണേ... " കാണേണ്ടവർ മാത്രം കണ്ടാൽ മതിയെന്ന് ചിന്തിച്ചു കാണും... " വീണ്ടുമാ കുസൃതിച്ചിരി അവന്റെ ചുണ്ടിൽ തത്തിക്കളിച്ചു... "എന്ന് വെച്ചാൽ...??!!" " ആമ്പലിനെ പോലെ ഇവളും നിലാവിന്റെ പ്രണയിനിയാകും... അവനെ മോഹിപ്പിക്കാനാവാം രാത്രിയിൽ ഉടുത്തൊരുങ്ങി സുഗന്ധം പൂശി നിൽക്കുന്നത്...!!" ഒരു പൊട്ടിച്ചിരിയോടെ കാശി പറഞ്ഞതും അവൾക്കും ചിരി പൊട്ടിപ്പോയി... കുറച്ചു നേരം ഇരുവരുടെയും ഇടയിൽ നിശബ്ദത കടന്നു വന്നു... " രേണുവിനെ വിളിച്ചോ ലൈലൂ...??!!" " മെസ്സജ് അയച്ചു... ഇപ്പഴാ ഓർത്തേ... എനിക്ക് എക്സാം അടുത്ത് വരുവാ..

കുറച്ചു ദിവസം കഴിഞ്ഞാൽ സ്റ്റഡി ലീവാണെന്ന് പറഞ്ഞു രേണു... ഇപ്പോ പ്രശ്‌നമൊന്നുമില്ലാത്ത സ്ഥിതിക്ക് അവളുടെ കൂടെ അവിടെ നിന്ന് പഠിച്ചോളാൻ പറഞ്ഞു.. ഞാൻ.. ഞാനെന്താ ചെയ്യണ്ടേ...??!!" "പോവേണ്ട.. " "ഏഹ്ഹ്..??!" " ഇപ്പൊ പോകേണ്ടെന്ന്.. എക്സാമാകുമ്പോൾ ഞാൻ കൊണ്ട് വിട്ടോളാം.. താനിപ്പോ പോയാൽ അമ്മയ്ക്കത് വലിയ വിഷമമാകും..." " അമ്മയ്ക്ക് മാത്രമാണോ...??!!" അവളുടെയാ ചോദ്യത്തിന് അവനൊന്നും മറുപടി പറഞ്ഞില്ലെങ്കിലും ആ ചുണ്ടിൽ കുസൃതി ചിരി മായാതെ കിടപ്പുണ്ടായിരുന്നു.. " നീ ഹാപ്പിയല്ലേ ലൈലൂ...?? " പെണ്ണതിന് മനോഹരമായി പുഞ്ചിരിച്ചു.. അവന്റെയുള്ളം നിറയ്ക്കാൻ അത്രയും മതിയായിരുന്നു.. കുറച്ചു മിനിറ്റുകൾ കഴിഞ്ഞതും പൂവ് നന്നായി വിടർന്ന് വന്നു.. കാശി വീഡിയോ എടുപ്പ് നിർത്തി ലൈലയ്ക്ക് നേരെ തിരിഞ്ഞു... "പോകാം...??" " മ്മ്... ഓക്കേ... " മനസ്സില്ലാ മനസ്സോടെയാണ് ലൈല സമ്മതിച്ചത്... കുറച്ചു നിമിഷങ്ങൾ കൂടി അവന്റെയരികിൽ ഇരുന്ന് സംസാരിക്കാൻ അവളുടെയുള്ളം കൊതിച്ചു...

എങ്കിലും അവന്റെ പിന്നാലെ നടന്നു... ഇറങ്ങിയത് പോലെ പേടിയുണ്ടായിരുന്നില്ല തിരികെ കയറുമ്പോൾ.. താഴെ ഏണിയും പിടിച്ച് കാശി നിൽപ്പുണ്ടെന്നുള്ളത് തന്നെ ധൈര്യം... മുകളിൽ കയറിയപ്പോൾ ടെറസിന്റെ അരഭിത്തിയും ചാരി കൈയും കെട്ടി ഇളിയോടെ നിൽപ്പുണ്ട് നമ്മുടെ ശരത്ത്... തിരിച്ച് ഒരു ഇളി വെച്ചു കൊടുത്ത് അവൾ കിടക്കാനായി പോയി... " എടാ കള്ളക്കാമുകാ... രാത്രിയാരും കാണാതെ പെണ്ണിനേയും കൊണ്ട് കറങ്ങാൻ പോയേക്കുവാ... സത്യം പറയെടാ എത്ര നാളായി ഈ പരിപാടി തുടങ്ങിയിട്ട്...??!! " കാശി കയറി വന്നതേ ശരത്തവന്റെ ഷർട്ട് കൂട്ടിപ്പിടിച്ചു കൊണ്ട് ചോദിച്ചു... " പതുക്കെ പറയെടാ പരട്ടെ...!!" കാശി ചുണ്ടിൽ വിരൽ ചേർത്ത് പറഞ്ഞതും അവനാ ചോദ്യം നിശബ്ദമായി ഒന്നുകൂടി ആവർത്തിച്ചു.. " അതിനാര് കറങ്ങാൻ പോയി.. ഞാനവളെ നിശാഗന്ധി വിരിയുന്നത് കാണിക്കാൻ കൊണ്ടോയതല്ലേ... " " അതേടാ.. ഇവിടെ ഇത്രേം പേരുണ്ടായിട്ട് ഒരെണ്ണത്തിനെ പോലും വിളിക്കാതെ എന്തിന് അവളെ മാത്രം വിളിച്ചു..?? അത് പറ നീ.. "

കാശി കള്ള ചിരിയോടെ നാണം അഭിനയിച്ച് കളം വരച്ചു കാണിച്ചതും ശരത്തവന്റെ നടുപ്പുറം നോക്കിയിടിച്ചു.. "ഔച്ച്...." " എന്തിനാടാ ഉള്ളിലെ പ്രണയം പറയാതെ കള്ളക്കാമുകനായി നടക്കുന്നേ..??? ഞാൻ മനസ്സിലാക്കിയടുത്തോളം അവൾക്കും നിന്നെയിഷ്ടമാ.. അല്ലാതെ ഈ രാത്രി നീ വിളിച്ചപ്പോ പിന്നാലെ വരില്ലല്ലോ...??!" " അതെനിക്ക് മനസിലായതാടാ.. പക്ഷേ, പ്രണയത്താൽ വഞ്ചിക്കപ്പെട്ടവളാണ്.. ആ മനസ്സിൽ നിറയെ പേടി കാണും.. അതൊക്കെ മാറി എന്നോടുള്ള പ്രണയം അവളിൽ നിറയണം.. മറച്ചു വെക്കാനാവാതെ വരുമ്പോൾ അവളെന്നോട് തുറന്നു പറയണം.. ഞാൻ അതിനയുള്ള കാത്തിരിപ്പാ..." " ഉവ്വേ.. അപ്പോഴേക്കും ആ പെണ്ണിനെ ആരേലും അടിച്ചോണ്ട് പോകാതിരുന്നാൽ... മതിയാരുന്നു തമ്പുരാനേ... " മുകളിലേക്ക് നോക്കി ശരത്ത് പറഞ്ഞതും കാശിയവന്റെ തോളിൽ തല്ലി... " നാക്കു വളച്ചാൽ നെഗറ്റീവല്ലാതെ കുരിപ്പിന്റെ വായേൽ നിന്നും വരില്ല.. " ശരത്ത് പല്ല് മുഴുവനും വെളിയിൽ കാണിച്ചു കൊണ്ടിളിച്ചു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

" രണ്ട് ദിവസം കൂടി നിന്നിട്ട് പോയാൽ പോരെ മക്കളെ...?? " " ആഗ്രഹമുണ്ട് ടീച്ചറെ... പക്ഷേ എമർജൻസി ലീവെന്നും പറഞ്ഞ് ലീവെടുത്തതാ.. ഇനിയും നിന്നാൽ പിന്നെ ഓഫീസിലേക്ക് തിരിച്ചു ചെല്ലേണ്ടെന്ന് പറയും... " ശരത്ത് ചിരിയോടെ പറഞ്ഞു.. ഇഷയും ശരത്തും എല്ലാവരോടും യാത്രയും പറഞ്ഞ് ഇറങ്ങി... ലഗേജെടുത്ത് ഡിക്കിയിലേക്ക് എടുത്തു വെക്കുമ്പോഴാണ് ശരത്തിന്റെ ശ്രദ്ധയിലത് പെട്ടത്... " ശേ ഇതിപ്പോ മറന്നു പോയി തിരികെ കൊണ്ട് പോയേനെ... " ഇഷയോട് പറഞ്ഞു കൊണ്ട് ആ കവറുമെടുത്ത് ലൈലയുടെ അരികിലേക്കവൻ നടന്നു... ശരത്തിനോട് കവർ വാങ്ങിച്ച് തുറന്നു നോക്കിയതും ലൈലയുടെ മുഖമാകെ വിടർന്നു........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story