കാണാ മറയത്ത്..❤: ഭാഗം 32

kanamarayath

രചന: മീര സരസ്വതി

" രണ്ട് ദിവസം കൂടി നിന്നിട്ട് പോയാൽ പോരെ മക്കളെ...?? " " ആഗ്രഹമുണ്ട് ടീച്ചറെ... പക്ഷേ എമർജൻസി ലീവെന്നും പറഞ്ഞ് ലീവെടുത്തതാ.. ഇനിയും നിന്നാൽ പിന്നെ ഓഫീസിലേക്ക് തിരിച്ചു ചെല്ലേണ്ടെന്ന് പറയും... " ശരത്ത് ചിരിയോടെ പറഞ്ഞു.. ഇഷയും ശരത്തും എല്ലാവരോടും യാത്രയും പറഞ്ഞ് ഇറങ്ങി... ലഗേജെടുത്ത് ഡിക്കിയിലേക്ക് എടുത്തു വെക്കുമ്പോഴാണ് ശരത്തിന്റെ ശ്രദ്ധയിലത് പെട്ടത്... " ശേ ഇതിപ്പോ മറന്നു പോയി തിരികെ കൊണ്ട് പോയേനെ... " ഇഷയോട് പറഞ്ഞു കൊണ്ട് ആ കവറുമെടുത്ത് ലൈലയുടെ അരികിലേക്കവൻ നടന്നു... ശരത്തിനോട് കവർ വാങ്ങിച്ച് തുറന്നു നോക്കിയതും ലൈലയുടെ മുഖമാകെ വിടർന്നു... " ഇത്... ഇതെന്റെ ബുക്ക്സ് അല്ലെ...??!!!" "ആണല്ലോ... കാശി കുറച്ചു ദിവസം മുന്നേ വല്ല്യുമ്മയെ പറഞ്ഞേൽപ്പിച്ചിരുന്നു.. ആദിലിന്റെ കയ്യിൽ എന്റെ വീട്ടിലേക്ക് കൊടുത്തയച്ചതാ.. നന്നായി പഠിച്ച് എക്സാം എഴുതാൻ നോക്ക് ലൈലൂ.. ഇത്രയൊക്കെ നടന്നെങ്കിൽ അതും നടക്കും...."

ഉറപ്പോടെ പറഞ്ഞു കൊണ്ട് ശരത്ത് കാറിൽ കയറി... " പ്രശ്നോക്കെ ഒതുങ്ങിയിട്ട് തിരിച്ച് നമ്മുടെ ഓഫീസിൽ തന്നെ ജോയിൻ ചെയ്യ് കാശീ... നീയില്ലാതെ ഇറ്റ്'സ് റ്റൂ ബോറിങ് യാർ....." " ആഹ്ഹ ഇഷാ... എല്ലാം സെറ്റായിട്ട് ഞങ്ങൾ തിരിച്ചു നാട്ടിലോട്ട് തന്നെ വരാം..." " ഡാ റിയ കാര്യമായിട്ട് നിന്നോട് അന്വേഷണം പറഞ്ഞുട്ടോ.. നീയില്ലാത്തത് കൊണ്ട് ആളിപ്പോ വെള്ളത്തിലിട്ട കോഴിയെ പോലാ..." ലൈല കേൾക്കാൻ പാകത്തിലാണ് ശരത്ത് പറഞ്ഞത്... കാശി കുനിഞ്ഞു നിന്ന് തല വിൻഡോയ്‌ക്കരികിലേക്ക് താഴ്ത്തി നിന്നു... " നാറ്റിച്ചു മതിയായില്ലേടാ...??!!" " നോ നാറ്റിക്കൽസ്.. ഇതൊക്കെയൊരു ടെക്നിക്കല്ലേ മച്ചൂ.. ഞാൻ പറയുമ്പോ ലൈലയുടെ മുഖമൊന്ന് മാറിയാരുന്നു... ഈ കുശുമ്പൊക്കെ സ്നേഹിക്കുന്ന പെൺപിള്ളേർക്ക് പറഞ്ഞിട്ടുള്ളതാഡാ.. സൊ നോ ഡൌട്ട് റിയയെ പറ്റി അവളിന്ന് ചോദിച്ചിരിക്കും... " " ചോദിച്ചില്ലെങ്കിലോ...??!!!" " ചോദിക്കും.. നീ നോക്കിക്കോ.. " ഉറപ്പോടെ ശരത്ത് പറഞ്ഞു...

ഫൈസിയാണ് ഇഷയെയും ശരത്തിനെയും എയർപോർട്ടിൽ കൊണ്ട് വിടുന്നത്... ഇഷയ്ക്ക് ഫ്ലാറ്റിൽ കയറേണ്ട ആവശ്യമുള്ളതിനാൽ അമ്മുവും അപ്പോൾ തന്നെ വീട്ടിലേക്ക് പോയി... ബുക്സ് കവറുമെടുത്ത് ലൈല റൂമിലേക്ക് നടന്നു.. ബുക്സ് കിട്ടിയപ്പോഴുള്ള അവളുടെ മുഖത്തെ പ്രസാദം നോക്കിക്കാണുകയാണ് ടീച്ചറും കാശിയും.... " എനിക്ക് പഠിച്ചൊരു നിലയിലെത്തണം ടീച്ചറമ്മേ... ഇല്ലെങ്കിൽ ഉമ്മയെ പോലെ കെട്ടിയവന്റെ ശമ്പളമില്ലാത്ത ജോലിക്കാരിയായി വീട്ടിൽ കഴിയേണ്ടി വരും...!! എനിക്കത് ചിന്തിക്കാൻ പോലും വയ്യ...!!" പാട്ട് പഠിക്കാനായി വന്ന നാളുകളിൽ എപ്പോഴോ ലൈല പറഞ്ഞതവർ ഓർത്തു പോയി... അല്ലെങ്കിലും അതങ്ങനെയല്ലേ വരുള്ളൂ... മനുഷ്യർ ആഗ്രഹിക്കുന്നതൊന്ന് ദൈവം നിശ്ചയിക്കുന്നത് മറ്റൊന്നുമാവുമല്ലോ...!!! ഒരു നെടുവീർപ്പോടെ ടീച്ചർ ഉച്ചയുറക്കത്തിനായി മുറിയിലേക്ക് നടന്നു... റൂമിൽ എത്തിയ ഉടനെ ലൈല ബുക്‌സെല്ലാം കവറിൽ നിന്നും പുറത്തെടുത്തു... നിധി കിട്ടിയ സന്തോഷമാണാ മുഖത്ത്...

പലവട്ടം അവളാ പുസ്തകങ്ങൾ മറിച്ചു നോക്കി... ശേഷം ചിട്ടയോടെ ടേബിളിന് മുകളിൽ അടുക്കി വെച്ചു... ലീവായ ദിവസങ്ങളിലെ നോട്സ്‌ അപ്പപ്പോൾ രേണു അയച്ചു തന്നിട്ടുണ്ട്.. അതൊക്കെ പ്രിന്റെടുത്തു വെച്ച് വേണം പഠിച്ചു തുടങ്ങാൻ.. നാളെ തൊട്ട് ടൈം ടേബിൾ ഉണ്ടാക്കി വെച്ചു പഠിച്ചു തുടങ്ങണം... പല പല കണക്കു കൂട്ടലുകലുമവൾ മനസ്സിൽ കുറിച്ചിട്ടു... " ഡാ റിയ കാര്യമായിട്ട് നിന്നോട് അന്വേഷണം പറഞ്ഞുട്ടോ.. നീയില്ലാത്തത് കൊണ്ട് ആളിപ്പോ വെള്ളത്തിലിട്ട കോഴിയെ പോലാ..." പെട്ടെന്നാണ് ശരത്ത് പറഞ്ഞ കാര്യം മനസ്സിലേക്ക് ഓടിയെത്തിയത്... "എന്നാലും ആരാവും റിയ..??കാശിയേട്ടന്റെ ലവറാണോ ഇനി...??!! പക്ഷേ.. കാശിയേട്ടൻ ആരെയും ഫോൺ വിളിച്ച് സംസാരിക്കുന്നതൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ലാലോ..?!! " പല സംശയങ്ങളും മനസ്സിൽ രൂപപ്പെട്ടു തുടങ്ങിയതും വാഷ്‌റൂമിലേക്ക് നടന്നു.. കാര്യമെന്താണെന്നോ..??!! കാശിയുടെ റൂമും കടന്നു വേണം വാഷ്‌റൂമിലെത്താൻ...

എങ്ങാനം റിയയെ പറ്റി വല്ല ക്ലൂവും കിട്ടിയാലോ...!! പോകുന്ന വഴിയിൽ തലയെത്തിച്ച് റൂമിനകത്തേക്ക് നോക്കാനുമവൾ മറന്നില്ല... കാശി ലാപ്പ്ട്ടോപിൽ കാര്യമായ ജോലിയിലാണ്.. ഇടക്ക് മെസ്സേജ് സൗണ്ട് വരുന്നതും പുഞ്ചിരിയോടെ ഫോൺ നോക്കുന്നതും കാണാം.. അത് കൂടിയായപ്പോൾ പെണ്ണിൽ നിരാശ രൂപപ്പെട്ടു... " ആരാണ് റിയ.....??!!" ഓരോ പത്ത് നിമിഷം കഴിയുമ്പോഴേക്കും മനസ്സിലേക്ക് ഈ ചോദ്യം ഓടിയെത്തും.. അപ്പോഴൊക്കെയും പെണ്ണ് വാഷ്‌റൂമിലേക്ക് നടക്കും.. ഓരോ വട്ടം പോകുമ്പോഴും കാശി തലയുയർത്തി നോക്കും.. ലൈല കള്ളം ചെയ്യുന്ന കുട്ടിയുടെ വെപ്രാളത്തോടെ മുഖം മാറ്റും.. ഇനി വല്ല കോളിലോ ചാറ്റിലോ ആണ് കാശിയെങ്കിൽ വാഷ്‌ റൂമിലിരുന്ന് നഖം കടിച്ചു പൊട്ടിച്ച് ആലോചനയാകും പെണ്ണ... " റിയയെ പറ്റി കാശിയേട്ടനോട് തന്നെ ചോദിച്ചാലോ..?? അയ്യേ വേണ്ടാ...!! ആളെന്ത് കരുതും..??!!" ആലോചനയോടെയാണ് വാഷ്‌റൂമിൽ നിന്നും പുറത്തിറങ്ങിയത്... ഇത്തവണ റൂമിൽ ആളില്ല..

നിരാശയോടെ അവൾ മുന്നോട്ട് നടന്നു.. അടുക്കളയിൽ നിന്നും ആൾ വരുന്നുണ്ടേ.. കയ്യിൽ ചായ കപ്പുണ്ട്... "ഓഹ്‌ ചായയിടാൻ പോയതാരുന്നോ...?!!" അവനോടൊരു പുഞ്ചിരി വരുത്തിക്കൊണ്ട് അവൾ റൂമിലേക്ക് കയറാൻ ഭാവിച്ചതും കാശിയുടെ വിളി വന്നു... ലൈല അവിടെ തന്നെ നിന്നതും കാശി അരികിലേക്ക് വന്ന് ചായ അവളുടെ കയ്യിലേക്ക് വെച്ച് കൊടുത്തു... ചോദ്യ ഭാവത്തിൽ പെണ്ണവനെ നോക്കി... " കട്ടൻ ചായയിൽ ചെറുനാരങ്ങ പിഴിഞ്ഞ് ഒരു പിടി പിടിച്ചാൽ ഏത് ലൂസ് മോഷനും പമ്പ കടക്കും..." പടച്ചോനെ ഇതെന്ത് കഥയെന്ന ആലോചനയുടെ പെണ്ണ് അന്താളിച്ചു നിന്നതും കാശി അവളുടെ കവിളിലൊന്ന് ചിരിയോടെ തട്ടി റൂമിലേക്ക് നടന്നു... അവൻ പോയതും വേഗത്തിൽ ലൈല റൂമിലേക്ക് കയറി വാതിലടച്ചു.. കയ്യിലെ ചായ കപ്പ് മേശമേൽ വെച്ച് തലയ്ക്ക് കയ്യും കൊടുത്തവിടെ ഇരുന്നു പോയി... " അയ്യേ നാറി.. നാറി...!! ഇനി ഞാനെങ്ങനെ ആളുടെ മുഖത്തേക്ക് നോക്കും തമ്പുരാനെ...!!" പിന്നെ വൈകിട്ടാകും വരെ അവളാ റൂമിൽ നിന്നും പുറത്തിറങ്ങിയതേയില്ല... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

" ഇതിന്റെ ഉപ്പും എരുവുമൊക്കെ പാകമാണോന്ന് നോക്കിയേ മോളെ...." ഒരു തവി അരികിലേക്ക് നീട്ടിക്കൊണ്ട് ടീച്ചറമ്മ പറഞ്ഞപ്പോൾ ലൈല ചപ്പാത്തിക്കോൽ താഴെ വെച്ച് കറിയുടെ രുചി നോക്കാനായി അവരുടെ അരികിലേക്ക് നടന്നു.... " എല്ലാം കൃത്യമാ ടീച്ചറമ്മേ... സൂപ്പറായിട്ടുണ്ട്....!!" കൈകൊണ്ട് സൂപ്പറെന്ന് കാണിച്ചു കൊണ്ട് ലൈല തിരികെ ചപ്പാത്തി പരത്താനായി തിരികെ നടന്നു.. അവൾ ചപ്പാത്തിക്കോൽ കയ്യിലെടുക്കും മുന്നേ അവിടെയെത്തിയ കാശിയത് കൈക്കലാക്കി... " ഞാൻ പരത്തിക്കോളാ ലൈലൂ.. വയ്യാത്തതല്ലേ, താൻ റെസ്റ്റെടുത്തോ.." "ഇല്ല, ഞാൻ ഓക്കേയാണ്..." "ലൈലൂന് എന്താ പറ്റ്യെ..??!! എന്നോടൊന്നും പറഞ്ഞില്ലല്ലോ..!!" ഇരുവരുടെയും സംസാരം കേട്ട് ടീച്ചർ അവരുടെ അരികിലേക്ക് ചെന്ന് ചോദിച്ചു... "അതമ്മാ..." "അതൊന്നുമില്ല ടീച്ചറെ..." കാശിയെ പറയാൻ സമ്മതിക്കാതെ ലൈല ഇടയിൽ കയറി പറഞ്ഞു... "അതിലിത്ര ഒളിച്ചു വെക്കാൻ എന്തിരിക്കുന്നു ലൈലൂ... ലൂസ് മോഷനൊക്കെ മനുഷ്യർക്ക് വരുന്നത് തന്നെല്ലെ..."

" ലൂസ് മോഷനോ...??!!! എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ...??!! ഇന്നലെ പുറത്തു നിന്നുള്ള ഫുഡ് കഴിച്ചോണ്ടാകും.. എന്നിട്ടിപ്പോ എങ്ങനിണ്ട് മോളെ..?? വയ്യാതെയാണോ ഇത്രേം ജോലി ചെയ്തേ.. ?? ദേ അവിടെങ്ങാനാമിരുന്ന് റെസ്റ്റെടുത്തെ..." ഉത്തരങ്ങൾക്കൊന്നും കാത്തു നിൽക്കാതെ ടീച്ചർ ഒറ്റ ശ്വാസത്തിൽ പറഞ്ഞതും ലൈല കാശിയെ ദയനീയമായി നോക്കി... " അതിനിപ്പോ അവളോക്കെയാ അമ്മാ... ഞാൻ കട്ടൻ ചായയിൽ ചെറുനാരങ്ങ പിഴിഞ്ഞ് കൊടുത്താരുന്നു.. അതിനു ശേഷം പിന്നെ വാഷ്‌റൂമിൽ പോകുന്നത് കണ്ടിട്ടില്ല..." കാശി അവളുടെ രക്ഷയ്ക്കെത്തി... പിന്നെ ജോലികളൊന്നും ചെയ്യാൻ കാശിയും ടീച്ചറും അവളെ സമ്മതിച്ചില്ല... കാശി പരത്തുന്ന ചപ്പാത്തികൾ ടീച്ചറമ്മ ചുട്ടെടുത്തു.. അതും നോക്കിയവൾ കസേരയിലിരുന്നു.. രാത്രി എത്ര ശ്രമിച്ചിട്ടും നിദ്രയവളെ പുൽകിയതേയില്ല.. റിയയെ കുറിച്ചുള്ള സംശയങ്ങളായിരുന്നു അവളുടെ മനസ്സ് നിറയെ.. ആകെ വട്ടു പിടിച്ച അവസ്ഥയായതും കാശിയോട് ചോദിക്കാൻ തന്നെ അവൾ തീരുമാനിച്ചു...

കാശിയുടെ റൂമിനരികിൽ ചെന്നപ്പോൾ വാതിൽ തുറന്ന് വെച്ചിരിക്കുന്നതവൾ കണ്ടു.. മൊബൈൽ വെട്ടത്തിൽ റൂമിനകത്ത് കണ്ണോടിച്ചപ്പോൾ കാശി റൂമിലില്ലെന്ന് അവൾക്ക് മനസിലായി.. മുകളിൽ കാണുമെന്ന് തോന്നിയതും അവൾ സ്റ്റെപ്പ് കയറി... സോഫ സ്വിങ്ങിൽ കിടന്ന് ഉറക്കമാണ് ആള്... ശല്ല്യം ചെയ്യേണ്ടെന്ന് കരുതി തിരികെ നടക്കാനൊരുങ്ങിയതും വിളി വന്നിരുന്നു... " ഉറങ്ങിയില്ലേ ലൈലൂ... " " മ്മ്ഹ്ഹ്... ഇല്ല.... " " എന്നാൽ കുറച്ചു നേരം ഇവിടെ വന്നിരിക്ക്... എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്... " സ്വിങ്ങിൽ ഒരു വശത്തായി ഇരുന്ന് കൊണ്ട് കാശി പറഞ്ഞു... ഒട്ടുമാലോചിക്കാതെ ലൈല മറുവശത്ത് ചെന്നിരുന്നു... " രണ്ട് ദിവസം കഴിഞ്ഞാൽ ഞാൻ ഓഫീസിൽ പോയിത്തുടങ്ങും ലൈലൂ... അമ്മുവിനോടും റസീനാന്റിയോടും ഈ ഭാഗത്തോട്ട് ഒരു ശ്രദ്ധ വേണമെന്ന് പറഞ്ഞിട്ടുണ്ട്.. എന്നാലും എവിടെയും തന്നെ പോകാൻ നിൽക്കേണ്ട ട്ടോ.. നരിയുടെ കാര്യത്തിൽ ഭയമൊന്നും വേണ്ടാ..

അവനെതിരെ സ്ട്രോങ്ങായിട്ടുള്ള എവിഡൻസ് ഇന്ദ്ര് ഭയ്യാ റെഡിയാക്കിയിട്ടുണ്ട്... എന്നാലും ആ വീട്ടിൽ നടന്ന കാര്യം റിനിയോ ജിതേഷോ അറിഞ്ഞിട്ടില്ല.. നമ്മുടെ കൂടെയന്ന് റീത്തു മോളുണ്ടായ സ്ഥിതിക്ക് ചെറുതായി നമ്മൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.. അത് കൊണ്ട് പറഞ്ഞെന്നേയുള്ളൂ... എന്ന് വെച്ച് അതുമാലോചിച്ചു പേടിച്ച് നിൽക്കേണ്ട... ഇനി എന്ത് ആവശ്യമുണ്ടയാലും ഒരു വിളിപ്പാടകലെ ഞാനുണ്ടാകും.. എന്നെ വിളിച്ചാൽ മതി... " "ഹ്മ്മ്..." " പിന്നേ... അതുമിതുമാലോചിച്ച് ഈ കുഞ്ഞിത്തല പെരുപ്പിച്ച് പഠിക്കാതിരുന്നേക്കരുത് കേട്ടല്ലോ..??!!" " റിയ ആരാ...?? " ചോദിച്ചതിന് മറുപടി പറയാതെ പെണ്ണ് ചോദ്യമേറിഞ്ഞപ്പോൾ അവനൊരു നിമിഷം അത്ഭുധത്തോടെ അവളെ നോക്കിപ്പോയി... "ഏഹ്ഹ് എന്താ...??!!!" " മ്ച്ചും.... " അവൾ എഴുന്നേൽക്കാൻ ഭാവിച്ചതും കാശിയവളുടെ കൈപിടിച്ച് വലിച്ചു അവിടെ തന്നെയിരുത്തി... അപ്പോഴവന്റെ മുഖത്ത് പതിവ് കുസൃതി ചിരി വിടർന്നു.. ആ ചിരി കണ്ടതും ചോദിക്കേണ്ടിയിരുന്നില്ലെന്ന് ലൈലയ്ക്ക് തോന്നിപ്പോയി... "

റിയ ഞങ്ങളുടെ ഓഫീസിലുള്ള കുട്ടിയായിരുന്നു.. അക്കൗണ്ടന്റാണ്... അവൾക്കെന്നെ പെരുത്തിഷ്ടാണെന്നും പറഞ്ഞു കുറേ പിറകെ നടന്നിട്ടുണ്ട്.. അവളുടെ അച്ഛൻ വന്ന് കല്യാണത്തെ പറ്റി സംസാരിക്കയൊക്കെ ചെയ്തു... " "എന്നിട്ടോ...??!" "എന്നിട്ടെന്താ...??!! അത്രേയുള്ളൂ.." " അതല്ല.... കാശിയേട്ടന് റിയയെ ഇഷ്ടാണോ...??!! കല്യാണത്തിന് സമ്മതിച്ചോ...???" പെട്ടെന്നുള്ള ടെൻഷനിൽ ചോദിച്ചു പോയതാണ് ലൈല... ആവേശം ലേശം കൂടിപ്പോയെന്ന് കാശിയുടെ പൊട്ടിച്ചിരി കേട്ടപ്പോഴാണ് മനസ്സിലായത്... പെണ്ണ് ചമ്മലോടെ തല താഴ്ത്തി.. കാശിയവളുടെ താടിത്തുമ്പിൽ പിടിച്ച് തലയുയർത്തി... " എന്താണന്റെ ലൈലൂസേ ഒരു വെപ്രാളം...?? ഹ്മ്മ്...?? " " ഏഹ്ഹ്.. വെപ്രാളാമോ..?? ഒന്നൂല്ല...!!" പെണ്ണ് ചാടിയെഴുന്നേറ്റ് വേഗത്തിൽ മുന്നോട്ട് നടന്നു... " ഞാൻ സമ്മതിച്ചിരുന്നേൽ എന്റെ കല്യാണമിപ്പോൾ കഴിഞ്ഞു കാണും ട്ടോ... " അവള് കേൾക്കാൻ പാകത്തിൽ ചിരിയോടെ കാശി പറഞ്ഞു.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story