കാണാ മറയത്ത്..❤: ഭാഗം 34

kanamarayath

രചന: മീര സരസ്വതി

" എപ്പഴാണെന്നോ എങ്ങനെയാണെന്നോ ഒന്നുമറിയില്ല, കാശിയേട്ടനെന്റെ മനസ്സിൽ കയറിക്കൂടിയിട്ട് കുറച്ചു നാളുകളായി... എപ്പോഴൊക്കെയോ നിങ്ങളെന്റെ ജീവിതത്തിലേക്ക് കയറി വന്നാൽ കളറാകുമല്ലോ എന്നൊക്കെ തോന്നിത്തുടങ്ങിയിരുന്നു.. കാരണം ഇത്രയും കംഫർട്ടബിളായി മറ്റൊരാളോടും സംസാരിക്കാനും പെരുമാറാനും എനിക്ക് കഴിയാറില്ല... ഇനിയും പറഞ്ഞില്ലെങ്കിൽ ഒരിക്കലും പറയാൻ കഴിഞ്ഞില്ലെങ്കിലോയെന്ന പേടി കൊണ്ട് മാത്രാ ഇപ്പൊ തന്നെ ഇത് പറയുന്നേ... എനിക്ക് നിങ്ങളിയിഷ്ടാ...." ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നവളെ ഓടിച്ചെന്ന് പുൽകാൻ തോന്നിപോയി അവന്... പക്ഷെ, വീട്ടിൽ വന്നിരിക്കുന്നത് അപകടമാണോ അനുഗ്രഹമാണോ എന്നറിയാത്ത സാഹചര്യം ഓർത്തതും മറുത്തൊന്നും പറയാതെ, പ്രകടിപ്പിക്കാതെ അവളുടെ പിന്നാലെ കാശി നടന്നു.. മുറ്റത്ത് നിർത്തിയിരിക്കുന്ന കറുത്ത കാർ കണ്ടതേ ലൈലയുടെ നെഞ്ചിലൂടെയൊരു മിന്നൽ പിണർ പാഞ്ഞു പോയി... " ഇ... ഇജാസിക്ക.....!!!" ഉമ്മറത്ത് തങ്ങളെയും കാത്തിരിക്കുന്നയാളെ നോക്കി ഭയത്തോടെ ലൈല തരിച്ചു നിന്നു..

പക്ഷേ, ലൈലയെ കണ്ടതുമാ മുഖത്ത് വിരിഞ്ഞ ഭാവം വ്യത്യസ്തമായിരുന്നു... നിറഞ്ഞ പുഞ്ചിരിയോടെയുള്ള അയാളുടെയാ നിൽപ്പ് കാശിയിൽ ഒരായിരം വിസ്ഫോടനങ്ങൾ സൃഷ്ടിച്ചു... പെട്ടെന്നിങ്ങനെയൊരു ഭാവ മാറ്റം കാശിയൊട്ടും പ്രതീക്ഷിച്ചതേയില്ല... " മോളേ.... ലൈലൂ... ക്ഷമിക്കില്ലെടി ഇക്കാനോട്...??!!" ലൈലയോടയാൾ ചോദിച്ചതും സത്യമാണോ മിഥ്യയാണോ എന്ന സംശയത്താൽ തരിച്ചു നിൽപ്പ് തന്നെയായിരുന്നു അവൾ പിന്നെയും... " ഇതെന്താണ് നിങ്ങള് രണ്ടുമിങ്ങനെ മിഴിച്ചു നിൽക്കണേ...??!!!" " ഏഹ്ഹ്..??!! " " ഇക്കാനെ കണ്ട് പേടിച്ചോടി...??!!" അവളുടെ അരികിലേക്ക് ചെന്നവൻ കവിളിൽ തലോടിക്കൊണ്ട് ചോദിച്ചപ്പോൾ പേടിയോടെ അവൾ രണ്ടടി പിന്നോട്ട് മാറി... അവൻ അപകടമാണേൽ അവൾക്കായി തിരിച്ചെന്തും ചെയ്യുമെന്നുള്ള കരുതലോടെ നിൽപ്പാണ് കാശി.... ടീച്ചറുടെ മുഖത്തും ഭയം വിട്ടു മാറിയിരുന്നില്ല...

" പേടിക്കേണ്ട ലൈലൂസേ... കാര്യങ്ങളൊക്കെ മനസ്സിലക്കിയാ ഇക്ക വന്നേക്കുന്നെ... എന്റെ എടുത്തു ചാട്ടമാ മോളുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് എനിക്ക് നന്നായിട്ടറിയാം ഇപ്പോൾ... അപ്പോഴത്തെ ദേഷ്യത്തിൽ, പിന്നെ കൂട്ടുകാർ ഓരോന്ന് പറഞ്ഞ് കുത്തിയ ദേഷ്യത്തിൽ നിന്നെ മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചില്ല... ഉമ്മ ദേഷ്യപ്പെട്ട് പറഞ്ഞപ്പോഴാണ് നീ പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടാകുമെന്ന് ചിന്തിച്ചു തുടങ്ങിയത്... നിങ്ങൾടെ കാര്യങ്ങളന്വേഷിക്കാൻ ഇവിടെ ഞാൻ പിള്ളേരെ ഏൽപ്പിച്ചിരുന്നു.. ഇത്രയുമൊക്കെ നടന്നിട്ടും നിങ്ങൾടെ കല്യാണം നടന്നില്ലെന്ന് കേട്ടപ്പോൾ ഞാൻ ചിന്തിച്ചത് പോലെയൊന്നുമല്ല കാര്യങ്ങളെന്ന് ഏതാണ്ടൊക്കെ മനസ്സിലായി.. അതുകാരണമാ ശരത്തിനെ കാണാൻ ചെന്നതും നടന്ന കാര്യങ്ങളൊക്കെ അറിഞ്ഞതും.... ഇക്കാനോട് ക്ഷമിക്കടീ..." ക്ഷമിച്ചെന്ന അർത്ഥത്തിൽ ലൈലയൊന്ന് ഇജാസിനെ നോക്കി പുഞ്ചിരിച്ചു... "കാശിയേട്ടനും ഞാനും തമ്മിൽ ബന്ധമൊന്നുമില്ലെന്നറിഞ്ഞുള്ള ബന്ധം പുതുക്കലാണീ നടക്കുന്നതെന്ന് എനിക്ക് നന്നായി അറിയാം ഇജാസിക്കാ... എന്നാൽ ഇന്നെന്റെയീ മനസ്സ് നിറയെ കാശിയേട്ടൻ മാത്രമാ....!!"

അവൾക്കുറക്കെ വിളിച്ചു പറയാൻ തോന്നിപ്പോയി.. എന്നാൽ ഇഷ്ടം പറഞ്ഞപ്പോൾ കാശി മറുപടിയൊന്നും പറഞ്ഞില്ലല്ലോയെന്ന് ഓർത്തതും അവളത് വിഴുങ്ങി... ആ മനസ്സിലെന്താണെന്ന് തനിക്കിപ്പോഴും അജ്ഞാതമാണല്ലോ... തന്നെ പോലെയൊരിഷ്ടം ആൾക്കില്ലെങ്കിലോ...??!! അവൾ മൗനം ഭജിച്ചു... " നിങ്ങൾക്കൊരു സർപ്രൈസ് ആവട്ടെ കരുതി നിങ്ങളോട് കാര്യങ്ങൾ പറയേണ്ടെന്ന് ശരത്തിനെ പറഞ്ഞേൽപ്പിച്ചിരുന്നു... നിങ്ങളോട് രണ്ടു പേരോടും എങ്ങനെയാ നന്ദി പറയേണ്ടതെന്നറിയില്ല ടീച്ചറെ... ഇതിന്റെ പേരിൽ ഞങ്ങൾ നിങ്ങളെ ദ്രോഹിച്ചിട്ടേയുള്ളൂ... എന്നിട്ടും എന്റെ പെങ്ങളെ സംരക്ഷിക്കാൻ നിങ്ങൾ കാണിച്ച ആ നല്ല മനസ്സ്... എത്ര നന്ദി പറഞ്ഞാലുമത് മതിയാവില്ലെന്നറിയാം..." " ഏയ് അതൊന്നും സാരമില്ല ഇജാസെ... ഏതായാലും കാര്യങ്ങളൊക്കെ നിങ്ങൾ മനസ്സിലാക്കിയല്ലോ...!!! അത് മതി... ആലി ഹാജി...???" " ഉപ്പ പ്രശ്നം തന്നെയാ ടീച്ചറെ.. ആൾക്കിതൊന്നും പറഞ്ഞാൽ തലയിൽ കേറുവൊന്നുമില്ല...

ഏതായാലും കുറച്ച് ദിവസം കൂടി അവളെയിവിടെ നിർത്താവോ..?? ഞാനെങ്ങനെയേലും ഉപ്പാനെ പറഞ്ഞു മനസ്സിലാക്കിക്കോളാം...!!" ഇജാസത് പറഞ്ഞു തീർന്നതും കാശിയുടെ ചുണ്ടിന്റെ കോണിലൊരു പുച്ഛച്ചിരി വിടർന്നു... " അല്ലെങ്കിലും ഇങ്ങനെയൊക്കെ വന്നു പറഞ്ഞയുടനെ നിന്റെ കൂടെ വിടാൻ എനിക്കും ബുദ്ധിമുട്ടുണ്ട് ഇജാസെ ...!! ആമിനുമ്മ എന്നെ വിശ്വസിച്ചേൽപ്പിച്ചതാ അവളെ... ഓര് പറയാതെ അവളെ ഞാനൊരിടത്തേക്കും വിടില്ല..." കാശി തീർത്തു പറഞ്ഞതും ഇജാസൊന്ന് പുഞ്ചിരിച്ചു... "അറിയാടോ...എന്തായലും ലോകത്തിൽ ഏറ്റവും സുരക്ഷിതമായ സ്ഥലാണവൾ ഉള്ളതെന്നുള്ള സമാധാനത്തിൽ എനിക്കിവിടുന്ന് ഇറങ്ങാലോ.. അത് മതി..." " നീയിരിക്ക് ഇജാസേ... ചായ കുടിച്ചിട്ട് പോകാം.." " പിന്നൊരിക്കലാവട്ടെ ടീച്ചറെ... ഞാനിറങ്ങട്ടെ ലൈലൂ ..??" " ഹ്മ്മ്... ഉമ്മയും ഉപ്പയും വല്ല്യുമ്മയും....??" " എല്ലാരും സുഖായിട്ടിരിക്കുന്നു... ഞാനേതായാലും എല്ലാരേം കൂട്ടി ഒരുദിവസമിങ്ങ് വരും..."

അവളുടെ കവിളിൽ തട്ടിക്കൊണ്ടവൻ യാത്ര പറഞ്ഞിറങ്ങാൻ തുനിഞ്ഞതും മുറ്റത്തൊരു കാർ വന്നു നിന്നു... മാലിക്കും റസീനയും ഫൈസിയും അമ്മുവും കാറിൽ നിന്നിറങ്ങിയതും ഇജാസ് സംശയത്തോടെ കാശിയെ നോക്കി... " എന്റെ ഫ്രണ്ടും ഫാമിലിയുമാണ്... ഞങ്ങൾക്കിവിടെ ആകെയുള്ള സഹായമിവരാണ്...." കാശി പരിചയപ്പെടുത്തിയപ്പോൾ ഇജാസ് എല്ലാവരെയും നോക്കി ചിരിച്ചു... " അങ്കിളേ... ലൈലയുടെ ചേട്ടനാണ്...." കാശി പരിചയപ്പെടുത്തിയപ്പോൾ മാലിക്കും ഇജാസും പരസ്പരം സലാം പറഞ്ഞു കൊണ്ട് കൈ കൊടുത്തു... "അസ്സലാമു അലൈകും...." " വാ അലൈകും മുസ്സലാം...." അതിനിടയിൽ റസീനയും ഇജാസിനെ പരിചയപ്പെട്ടു... " ഓഹോ താനാണല്ലേ ആ വെട്ടുപോത്ത്‌ ഇക്ക...!! തന്നെ ഞാൻ കാണാനിരിക്കയായിരുന്നു.. തനിക്കു നാണമില്ലെടോ..?? സ്വന്തം പെങ്ങളെ വിശ്വസിക്കാതെ കണ്ട മണ്ടൻ നാട്ടുകാര് പറയുന്നത് വിശ്വസിക്കാൻ..!! ഇക്കയാണ് പോലും ഇക്ക.. എനിക്കുണ്ട് ഒരു ഭയ്യ...

അതൊക്കെയാണ് ഇക്ക... കണ്ടു പഠിക്കണം ഹേ...." അമ്മുവാണേ... ലൈലയോട് കാണിച്ചതിനുള്ള ദേഷ്യം മൊത്തം വാക്കുകളിലൂടെ പ്രകടിപ്പിക്കുന്ന പെണ്ണിനെ വായും തുറന്ന് ഇജാസ് നോക്കിപ്പോയി... കണ്ടു നിന്ന കാശിക്കും ഫൈസിക്കും ചിരി നിർത്താൻ കഴിയാതെ കടിച്ചു പിടിച്ചു നിന്ന് പോയി... മാലിക്കിനും റസീനയ്ക്കും പെണ്ണിന്റെ സംസാരം കേട്ടതും ആകെ ചമ്മൽ തോന്നിപ്പോയി... " എന്റെ പൊന്നു മോളല്ലേ..??!!! നിർത്തിക്കേ...!!! ആരോടാ എന്തൊക്കെയാ പറയണ്ടെന്നൊന്നും അറിയില്ല പെണ്ണിന്...." മാലിക്ക് അവളുടെ വാ പോത്താനൊരു ശ്രമം നടത്തിക്കൊണ്ട് പറഞ്ഞു... " ഏയ്.. കുഴപ്പമില്ലെന്നേ... അവള് പറഞ്ഞതും നേരാണല്ലോ.... എന്റെ തെറ്റെനിക്കിപ്പോ മനസ്സിലാവുന്നുണ്ട്..." അമ്മുവിനെ നോക്കിക്കൊണ്ട് ചെറുപുഞ്ചിരിയോടെ ഇജാസ് പറഞ്ഞു... " അല്ലാ, നിങ്ങളവിടെ തന്നെ നിൽക്കാണോ...??!! അകത്തേക്ക് കയറി വാ...." പുറത്തു നിന്ന് കൊണ്ട് സംസാരിക്കുന്നവരെ ടീച്ചറമ്മ ക്ഷണിച്ചതും മാലിക്ക് ഇജാസിനെ അകത്തേക്ക് പ്രത്യേകം ക്ഷണിച്ചു... " നിങ്ങള് കയറൂ അങ്കിളേ... ഞാൻ പോകാനിറങ്ങിയതാ..." " കുറച്ചു നേരം കൂടെ നില്ലെടോ... ഞങ്ങൾക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്..."

മാലിക്ക് നിർബന്ധിച്ചതും വേറെ നിവർത്തിയില്ലാത്തതിനാൽ ഇജാസും അവരോടൊപ്പം അകത്തേക്ക് ചെന്നു... അന്നുണ്ടായ തെറ്റിദ്ധാരണകളെ പറ്റിയും താൻ മൂലം ലൈലയ്ക്കുണ്ടായ ദുരവസ്ഥകളൊക്കെയും വീണ്ടും പറഞ്ഞ് ഇജാസ് പരിതപിച്ചു... " സാരമില്ലെടോ... അങ്ങനെയൊക്കെ സംഭവിച്ചത് മറ്റു ചില നല്ല കാര്യങ്ങൾ സംഭവിക്കാനാണെന്ന് കരുതി നമുക്കാശ്വസിക്കാം... ഏതായാലും ലൈലൂസും കാശിയും തെറ്റുകാരല്ലെന്ന് മനസ്സിലായല്ലോ... ?!!! അത് മതി...." " പക്ഷേ, എന്റെ ഒറ്റൊരാളുടെ തെറ്റിദ്ധാരണ മൂലം നഷ്ടപ്പെട്ട അവളുടെ ജീവിതം.... വീട്... കുടുംബം... ഇതിനൊക്കെ ആര് സമാധാനം കണ്ടെത്തും...??!!ഞാനിനി എന്ത് പറഞ്ഞാ ഉപ്പന്റെയരികിൽ ചെല്ലേണ്ടതെന്ന ഒരു ഐഡിയയും ഇല്ലെനിക്ക്...." "അതിനൊക്കെ ഒരു പരിഹാരമുണ്ട്..!!" മാലിക്ക് അത് പറഞ്ഞതും എല്ലാവരും ഒരുപോലെ ആകാംക്ഷയോടെ അദ്ദേഹത്തെ നോക്കി... " എനിക്ക് തോന്നുന്നത് ഉപ്പ ആഗ്രഹിച്ചത് പോലെയൊരാൾ ലൈലയുടെ ജീവിതത്തിൽ വരണം... അങ്ങനെയെങ്കിലും കാശിയും ലൈലയും തമ്മിൽ അങ്ങനെയൊരു പ്രണയ ബന്ധം ഉണ്ടായിരുന്നില്ലെന്ന് ആൾക്ക് മനസ്സിലാവും... "

ലൈലയും കാശിയും ഫൈസിയും അമ്മുവും ആകെ ഞെട്ടി തരിച്ചു നിൽപ്പായി.. എല്ലാത്തിനെയും പോസിറ്റിവ് മൈന്റോടെ കാണുന്ന, തങ്ങളുടെ എല്ലാ കുരുത്തക്കേടിനും കൂട്ടായി നിൽക്കുന്ന ഒരാളിൽ നിന്നും ഇത്തരത്തിലൊരു ഐഡിയ അവർ പ്രതീക്ഷിച്ചിരുന്നതേയില്ല... " വല്ലാത്തൊരു ഐഡിയ ആയിപ്പോയി അബ്ബാ... എല്ലാം അറിയുന്ന നിങ്ങള് തന്നെയിങ്ങനെ പറയുമെന്ന് കരുതിയില്ല...!!! വിവാഹമാണോ എല്ലാ പ്രശ്നത്തിനുമുള്ള പരിഹാരം..??!! കഷ്ടം...!!!" അമ്മു ദേഷ്യം കടിച്ചമർത്താൻ പ്രയാസപ്പെട്ടു കൊണ്ട് പറഞ്ഞു... "അതെന്നെ...." ഫൈസിയും അവളെ ശരി വെച്ചു.. "അതിന് ഞാൻ പറയുന്നത് മുഴുവനങ്ങ് കേൾക്കെന്റെ അമ്മൂസേ....!! കുറച്ചു ദിവസങ്ങളായി എന്റെയും റസിയുടെയും മനസ്സിൽ ചിലതൊക്കെ തോന്നാൻ തുടങ്ങിയിട്ട്... ഞങ്ങളുടെ ലൈലു നമ്മുടെ വീട്ടിലെയൊരംഗത്തെ പോലെയാണല്ലോ.. ഞങ്ങൾക്ക് എല്ലാവർക്കും മോളെയൊരുപാടിഷ്ടാണ്.. തിരിച്ചും...

പഠനവുമായി ലൈല ബിസി ആയപ്പോഴാണ് മോളെ മിസ്സ്‌ ചെയ്യുന്നുന്ന് അമ്മുവിനൊപ്പം റസിയും പറഞ്ഞു തുടങ്ങിയത്.. അപ്പോൾ തൊട്ടാണ് മോൾ ഞങ്ങളുടെ മരുമകളായി വന്നാൽ നല്ലതാകുമല്ലേയെന്ന് ഞങ്ങൾ ഒരുപോലെ ചിന്തിച്ചത്... ഫൈസിയോടും ലൈലയോടും ആലോചിച്ച് ഒരു തീരുമാനത്തിലെത്താമെന്ന് കരുതിയിരുന്നപ്പോഴാണ് ഇജാസിന്റെ എൻട്രി... ലൈലയുടെ ഉപ്പയുടെ പിണക്കം മാറാൻ ഇത് നല്ലൊരു തീരുമാനമാകുമെന്ന് തോന്നി... അത് കൊണ്ട് തന്നെയാ മനസ്സിലുള്ളത് ഞാൻ തുറന്ന് പറഞ്ഞത്.. ഇനി രണ്ടു പേരുടെയും മനസ്സിലെന്താണെന്ന് അറിഞ്ഞാൽ അവർക്ക് ഇരുവർക്കും ഓക്കേ ആണേൽ.... പിന്നെ ഓഫ്‌കോർസ് ലൈലയുടെ വീട്ടുകാർക്കും പ്രശ്നങ്ങളില്ലെങ്കിൽ മാത്രം ട്ടോ.... തീരുമാനങ്ങൾ എല്ലാവരുടേതുമാ... ഞങ്ങളുടെ അഭിപ്രായം പറഞ്ഞൂന്നേയുള്ളൂ....." മാലിക്ക് നിർത്തിയതും അമ്മു സന്തോഷം കൊണ്ട് തുള്ളിച്ചാടി പോയി... എന്നാൽ ലൈലയും കാശിയും ഞെട്ടിത്തരിച്ചു നിൽപ്പാണ്...

ഇരുവരുടെയും ഹൃദയം കത്തികൊണ്ട് നൂറായി കീറിയിട്ടത് പോലെ വേദനിച്ചു... കണ്ണുകൾ നിറഞ്ഞൊഴുകാതിരിക്കാൻ കാശി പാടുപെട്ടപ്പോൾ ലൈലയുടെ കണ്ണുകൾ പിടിച്ചു നിർത്താൻ കഴിയാതെ ധാരയായി ഒഴുകി.... ദയനീയമായി അവൾ ടീച്ചറമ്മയെയും കാശിയെയും മാറിമാറി നോക്കി.. പെണ്ണിന്റെ ദയനീയ നോട്ടം ടീച്ചറുടെ കണ്ണുകളെ നനച്ചു... ആരും കാണാതെ അവരാ കണ്ണുകൾ സാരി തുമ്പ് കൊണ്ട് തുടച്ചു... കാശി അവളുടെ നോട്ടം പാടെ അവഗണിച്ചു... അവന്റെ നോട്ടം ചെന്നെത്തിയത് ഫൈസിയുടെ മുഖത്താണ്... ആ മുഖത്തെ ഭാവമാറ്റം ഒപ്പിയെടുക്കുന്നതിലായി പിന്നെയവന്റെ ശ്രദ്ധ.... അവന്റെ അഭിപ്രായമെന്താവും..???!! അതുമാത്രമറിഞ്ഞാൽ മതിയിനി.... കാശി പോക്കറ്റിൽ നിന്നും കർചീഫ് എടുത്ത് മുഖത്തു പൊടിഞ്ഞു വന്ന കുഞ്ഞു വിയർപ്പിൻ കണങ്ങൾ ഒപ്പിയെടുത്തു.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story