കാണാ മറയത്ത്..❤: ഭാഗം 37

kanamarayath

രചന: മീര സരസ്വതി

" ഉപ്പാനെ കാണേണ്ടേ മോൾക്ക്...??" ഫൗസിയ ചോദിച്ചതും ലൈല കാണണമെന്ന് തല ചലിപ്പിച്ചു കൊണ്ട് പറഞ്ഞു... ഉമ്മയോടൊപ്പം ഉപ്പയുടെ മുറിയിലേക്ക് നടക്കുമ്പോൾ കാലുകൾക്ക് ബലം പോരെന്ന് തോന്നിപ്പോയി.. ഉടലാകെയും വിറക്കും പോലെ... എന്താകും ഉപ്പയുടെ പ്രതികരണം...??!! പഴയത് പോലെ ദേഷ്യമാകുമോ...?? ഓടിപ്പോയതിനു ബെൽറ്റ് വെച്ച് അടിക്കുമോ..??? മനസ്സേ തകർന്നിരിക്കുകയാണ്... ഇനിയുമൊരു അടി വാങ്ങിക്കുവാനുള്ള ശേഷി ശരീരത്തിനോ മനസ്സിനോയില്ല... വളരെയധികം പേടിയോടെ റൂമിനകത്തേക്കവൾ പ്രവേശിച്ചു.... പുറത്തേക്ക് തുറന്നു വെച്ചിരിക്കുന്ന ജാലകത്തിന് എതിർ വശത്തായി ഇട്ടിരിക്കുന്ന കസേരയിൽ ഇരിപ്പുണ്ട് ആള്.. അകത്തെ ബഹളങ്ങളൊന്നും അറിഞ്ഞില്ലെന്ന മട്ടിൽ പുറത്തേക്ക് നോക്കിയിരിപ്പാണ്... മുറിയിലെ കാൽ പെരുമാറ്റം അറിഞ്ഞിട്ടും അറിഞ്ഞതായി ഭാവിച്ചില്ല... ലൈല ചെന്ന് ജനലിനരികിൽ നിന്നു.. നന്നേ ക്ഷീണിച്ച് അവശനായി കസേരയിൽ ഇരിക്കുന്ന ആലി ഹാജിയെ കണ്ടതും അവളുടെ നെഞ്ചൊന്ന് പിടഞ്ഞു... തന്റെ ഉപ്പയുടെ ഒരു നിഴൽ രൂപം മാത്രമാണ് അവിടെയിരിക്കുന്നതെന്ന് തോന്നിപ്പോയി അവൾക്ക്...

എത്ര ആരോഗ്യത്തോടെ പ്രൗഢിയോടെ ഇരുന്ന ആളാണ്, എല്ലും തോലുമായി ശോഷിച്ചിരിക്കുന്നത്...!! "ഉപ്പാ....." അവൾ ശബ്ദം കുറച്ച് വിളിച്ചതും അയാൾ അവളിലേക്ക് നോട്ടമെറിഞ്ഞു... തന്നെ കത്തിച്ചു കളയാൻ ശേഷിയുള്ള നോട്ടം പ്രതീക്ഷിച്ചവളിലേക്ക് വളരെ സൗമ്യമായ നോട്ടമെത്തിയതും പെണ്ണിന് ആശ്വാസമായി... അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചതിനു ശേഷം അവിടെ നിന്നുമെഴുന്നേറ്റു അരികിലേക്ക് നടന്നു... ചേർത്ത് നിർത്തിയോ ഒമാനിച്ചോ ശീലമില്ലാത്തതിനാലാവണം തലയിൽ ഒന്ന് തലോടിയതേയുള്ളൂ... " ഫൗസീ... കുറേ യാത്ര ചെയ്ത് ഇങ്ങെത്തിയതല്ലേ.. പിള്ളേർക്ക് കഴിക്കാനെന്തേലും കൊടുക്ക്..." അത്രയും പറഞ്ഞ് തലയിൽ കെട്ടിവെച്ച തലപ്പാവഴിച്ച് ഒന്ന് കുടഞ്ഞ് തോളത്തിട്ട് ആൾ തിരിഞ്ഞു നടന്നു... ക്ഷീണിച്ചവശനായുള്ള ആ നടത്തം കണ്ടതും ലൈലയുടെ കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടു കൂടി.. കൈ വിരലുകളാൽ അവളത് ഒപ്പിയെടുത്തപ്പോൾ വല്ല്യുമ്മയവളുടെ തോളിൽ കൈ വെച്ചു...

" അവന് തളർച്ച കാണും..!!! ഒരു തെറ്റും ചെയ്യാത്ത എന്റെ കുഞ്ഞിനെ തെരുവിലേക്ക് വലിച്ചെറിഞ്ഞതിന്റെ ദണ്ണമാണ്..." തെരുവിലേക്കല്ല, വലിച്ചെറിഞ്ഞത് സുരക്ഷിതമായ നാല് കരങ്ങളിലേക്കാണെന്ന് ലൈലയ്ക്ക് അവരോട് പറയാൻ തോന്നിപ്പോയി.. " വാ മോളെ... മോൾ ഫ്രഷായി വാ.. ഞാൻ കഴിക്കാനെടുക്കാം..." ഉമ്മ പറഞ്ഞതും അവരുടെ പിന്നാലെ അവളും റൂമിനു പുറത്തേക്ക് നടന്നു... കുളിച്ച് ഫ്രഷായി വന്നപ്പോഴേക്കും വീട്ടിൽ കുറേ ബന്ധുക്കൾ വന്നു നിൽപ്പുണ്ട്... കുറെ നാൾ കാണാത്തതിന്റെ കുശലം പറച്ചിലും ബന്ധം പുതുക്കലുമൊക്കെ അരങ്ങേറി... തള്ളിപ്പറഞ്ഞവരൊക്കെയും ചിരിക്കുകയും കുശലം ചോദിക്കുകയും ചെയ്തപ്പോൾ ലൈലയ്ക്ക് സ്വയം പുച്ഛം തോന്നിപ്പോയി... " ഉമ്മാ, വല്ലാത്ത ക്ഷീണം... എനിക്കൊന്ന് കിടക്കണം.." ഭക്ഷണം കഴിച്ചതിനു ശേഷം കുടുംബക്കാരിൽ നിന്നൊരു രക്ഷയ്ക്കെന്നോണം പറഞ്ഞു കൊണ്ടവൾ റൂമിലേക്ക് നടന്നു...

ഡോർ ലോക്ക് ചെയ്ത ശേഷം ബെഡിലേക്കവൾ തളർച്ചയോടെ വീണു... എത്ര നിയന്ത്രിച്ചിട്ടും ചിന്തകൾ കാശിയിൽ മാത്രം തറഞ്ഞു നിൽപ്പാണ്... ടീച്ചറെ വിളിച്ചില്ലെന്നവൾ അപ്പോഴാണ് ഓർത്തത്... ഒന്ന് ദീർഘമായി നിശ്ച്വസിച്ചു കൊണ്ട് നമ്പർ ഡയൽ ചെയ്ത്‌ ചെവിയിലേക്കടുപ്പിച്ചു പെണ്ണ്... കാത്തിരുന്നത് പോലെ ഒറ്റ റിങ്ങിൽ തന്നെ ടീച്ചർ ഫോണെടുത്തു... " മോളേ...." മറുപുറത്തു നിന്നും നീട്ടിയുള്ള വിളി കേട്ടതും സന്തോഷവും സങ്കടവും ഒരുമിച്ചവളിൽ തിരതല്ലി... " ടീച്ചറമ്മേ... ഞാനിവിടെ എത്തിട്ടോ.." " യാത്രയൊക്കെ സുഖായിരുന്നോ മോളെ...?? അവിടെ പ്രശ്നങ്ങളൊന്നുമില്ലല്ലോ...?? മോളെയാരും തല്ലിയൊന്നുമില്ലല്ലോ..?? ഉപ്പയ്ക്ക് ദേഷ്യമുണ്ടോ...??" ഒറ്റ ശ്വാസത്തിൽ നിർത്താതെയുള്ള ടീച്ചറുടെയാ ചോദ്യങ്ങളിൽ തന്നെ അവരത്രയും നേരം അനുഭവിച്ച ടെൻഷനുകൾ അത്രയുമുണ്ട്.... " പേടിക്കാതെന്റെ ടീച്ചറമ്മേ... ഇവിടൊക്കെയും നോർമലാ... ഇങ്ങനെയൊരു സംഭവങ്ങളും നടക്കാത്തത് പോലെയാ ഇവിടുള്ളോരുടെ പെരുമാറ്റങ്ങൾ...!!!

അല്ലേലും അനുഭവിച്ചത് ഞാനല്ലേ...!! അനുഭവിച്ചവർക്കല്ലേ മറക്കാൻ പാട്... അല്ലാത്തവർക്കെന്ത്...??!! അവർക്ക് ഒക്കെയും പാതിയുറക്കത്തിൽ കണ്ട അവ്യക്തങ്ങളായ സ്വപ്‌നങ്ങൾ മാത്രം....!!" " സാരല്യ... ആർക്കും വെറുപ്പും ദേഷ്യവും ഒന്നൂല്ലാല്ലോ...!!! അതെന്നെ ആശ്വാസം... " " അവിടെന്തുണ്ട്‌ ടീച്ചറമ്മേ....??" " ഇവിടെന്താ മോളേ..??!! മോള് ഇറങ്ങിയ പിന്നാലെ കാശി ഓഫിസിലോട്ടിറങ്ങി... മോൾടെ വിവരമൊന്നും അറിയാത്തത് കൊണ്ട് വിളിക്കുമെന്ന് കരുതി ഫോണും പിടിച്ച് നിൽപ്പായിരുന്നു ഞാൻ... അവനാണേൽ നീ വിളിച്ചോയെന്നറിയാൻ ഇടയ്ക്കിടെ വിളി തന്നെ... ഇനീപ്പോ പ്രശ്നമില്ലാലോ, മോള് വിളിച്ചത് ഇപ്പോ തന്നെ അവനെ അറിയിക്കട്ടെ..." ഫോൺ വെച്ചതിനു ശേഷം കാശിയെ ഒന്ന് വിളിച്ചാലോ എന്ന് കരുതിയെങ്കിലും പെട്ടെന്ന് തന്നെയവൾ തീരുമാനം മാറ്റി... ടീച്ചറെ വിളിക്കുന്നതിന്‌ പകരം അവന് ഒരു തവണയെങ്കിലും തന്നെ വിളിക്കാലോ എന്നോർത്തതും അവളിലെ പരിഭവം മൊട്ടിട്ടു തുടങ്ങി... കാശിയേട്ടൻ വിളിക്കാതെ താനിനി വിളിക്കില്ലെന്നു ശപഥമെടുത്തു കൊണ്ടവൾ ഫോൺ ഗാലറി തുറന്നു...

ഇന്നലെ സിനിമ കാണാൻ കയറുന്നതിനു തൊട്ടു മുന്നേ തീയേറ്ററിനരികിൽ വച്ചെടുത്ത ഇരുവരുടെയും സെൽഫിയിലൂടെ ലൈല വിരലോടിച്ചു... "എത്ര ശ്രമിച്ചാലും മായിച്ചു കളയാൻ കഴിയാത്തൊരു നോവായി ജീവിതാവസാനം വരെ നീയെന്നിൽ തന്നെയുണ്ടാവും കാശിയേട്ടാ... അല്ലെങ്കിലും നമ്മുടെയാ ഓർമ്മകളൊന്നും എനിക്ക് മായിച്ചു കളയേണ്ട... ആ ഓർമകളിലൂടെയെങ്കിലും എനിക്ക് ജീവിക്കണം...!!!" ഫോട്ടോയിൽ അമർത്തി മുത്തിക്കൊണ്ടവൾ പൊട്ടിക്കരഞ്ഞു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 കുറച്ചു ദിവസങ്ങൾ അങ്ങനെ കൊഴിഞ്ഞു പോയി... ലൈലയുടെ വരവിനു ശേഷം വീട്ടിലാകെ ആഘോഷമാണ്.. ആപ്പമാരും മൂത്താപ്പമാരും കല്യാണത്തിന്റെ വിശേഷങ്ങളറിയാൻ കയറിയിറങ്ങുന്നുണ്ട്.. റൈഹാനൊഴികെ ബാക്കിയുള്ള ബന്ധുക്കളൊക്കെയും അവളെ കാണാനായി വന്നിരുന്നു.. റൈഹാന്റെ ദേഷ്യത്തിനു മാത്രം അയവൊന്നും വന്നതില്ല.. വല്ല്യുമ്മയും ലൈലയും തനിച്ചായൊരു ദിവസം ലൈലയത് ചോദിക്കുക തന്നെ ചെയ്തു... " റൈഹാനിപ്പോഴും ദേഷ്യാല്ലേ വല്ല്യുമ്മാ...??!!" " ആ ദേഷ്യം നിന്നോടൊന്നുമല്ല ന്റെ മുത്ത് ലൈലാബി....

ഞാൻ മുഖത്ത് തുപ്പിയതൊന്നും അവനു മറക്കാൻ പറ്റിയിട്ടില്ല...." " എനിക്കും മറക്കാൻ പറ്റിയിട്ടില്ല വല്ല്യുമ്മാ...!!! ഒന്നും മറന്നിട്ടില്ല.....!!! മുഖത്തേക്ക് കാർക്കിച്ചു തുപ്പിയതിന്റെ നാറ്റവും നീറ്റലും ഇപ്പോഴുമുണ്ട്....!!" " ഹും... എനിക്ക് മനസ്സിലാകും മോളെ... ഇത്രയൊക്കെ നടന്നില്ലേ... അവനും മാപ്പ് പറഞ്ഞു കൊണ്ട് ഒരുദിവസം മുന്നിൽ വരും... നോക്കിക്കോ..!!!" അവളുടെ തലയിൽ തലോടിക്കൊണ്ടവർ പറഞ്ഞു... " വല്ല്യുമ്മാ... നിങ്ങളെ ഉപ്പ താഴേക്ക് വിളിക്കുന്നുണ്ട്... ഫൈസാൻറെ വീട്ടീന്നൊരു കോൾ വന്നിട്ടുണ്ട്.. അതിനെ കുറിച്ച് സംസാരിക്കാനാ...." " ദാ വരുന്നെടാ..." ഇജാസിനൊപ്പം വല്ല്യുമ്മ താഴേക്ക് നടന്നു... കോൾ എന്തിനെ കുറിച്ചാണെന്ന് ലൈലയ്ക്കറിയാം... എക്സാം അടുത്തത് കൊണ്ട് അത് കഴിഞ്ഞ് മതി എൻഗേജ്‌മെന്റും കല്ല്യാണവും എന്നവൾ മാലക്കിനോടും റസീനയോടും അപേക്ഷിക്കാൻ ഇന്നലെ അമ്മു വിളിച്ചപ്പോൾ പറഞ്ഞിരുന്നു... ആ തീരുമാനമാവുമെന്ന് അവൾക്കുറപ്പായിരുന്നു...

കണ്ണുമടച്ചവൾ ബെഡിലേക്ക് ചാഞ്ഞു... പെട്ടെന്നാണ് കിടക്കയിലിരുന്ന ഫോൺ ശബ്ദിച്ചത്... ടീച്ചറമ്മ എന്ന് ഫീഡ് ചെയ്ത പേര് കണ്ടതും അവളുടെയാ മുഖമൊന്ന് പ്രകാശിച്ചു... " ടീച്ചറമ്മേ.... വിളിക്കണമെന്ന് ഞാനിപ്പോ വിചാരിച്ചേ ഉള്ളൂ.... അപ്പോഴേക്കും വിളിച്ചല്ലോ....!!!" " ഇത് ഞാനാ ലൈലൂ.... എന്റെ ഫോണിന്ന് വിളിച്ചാൽ താൻ എടുത്തില്ലെങ്കിലോന്ന് കരുതിയാ..." മറുപുറത്ത് കാശിയുടെ ശബ്ദം കേട്ടതും അവളുടെ ശബ്ദം വറ്റി വരണ്ടത് പോലെയായി, കണ്ണുകൾ നിറഞ്ഞു തുടങ്ങി.. " ലൈലൂ...." തിരികെ അവളിൽ നിന്നൊരു മറുപടി ഉണ്ടായില്ല... " ലൈലാ....?!!" " മഹ്ഹ്..." " സുഖല്ലേ അവിടെ...? കുഴപ്പമൊന്നും ഇല്ലാലോ..??!!" "ഇല്ല...." നിമിഷങ്ങളോളം അവരുടെയിടയിൽ കനത്ത നിശബ്ദത കടന്നു വന്നു.... ഇത്രയും നാളും വിളിച്ചന്വേഷിക്കാത്തതിന്റെ പരിഭവമായിരുന്നു അവളിലേറെയും... " വേറെയെന്താ ലൈലൂ....??" " വേറെയൊന്നുമില്ല...!! ടീച്ചറമ്മ...??" " അമ്മ കിടക്കുവാ... എഴുന്നേൽക്കുമ്പോ വിളിക്കാൻ പറയാം..."

" ഹ്മ്മ്.." പിന്നെയും ഒന്നും പറയാൻ കഴിയാതെ ഇരുവരെ അതേ നിൽപ്പ് തുടർന്നു... " ദേഷ്യമാണോ ലൈലൂ..??" "ഹേയ്... എന്തിനാ..??!! അങ്ങനെയൊന്നുമില്ല...!!" " ഹ്മ്മ്... ഞാൻ.... ഞാൻ വെച്ചോട്ടെ....???" " ഹ്മ്മ്... ഇനി ടീച്ചറമ്മേടെ ഫോണിൽ നിന്നും വിളിക്കാൻ നിൽക്കേണ്ട... " അത് പറയുമ്പോൾ ആ ശബ്ദം ചിലമ്പിച്ചിരുന്നു... മറുപുറത്തുള്ളവന്റെ നെഞ്ചിലുമിപ്പോൾ തീയാകുമെന്ന് പെണ്ണിനറിയാം... " ഏഹ്ഹ്...??!! സൊ... സോറി... ഇനി ഞാൻ തന്നെ വിളിക്കില്ല... റിയലി സോറി....!!" " എന്നെ വിളിക്കില്ലെന്നോ..??!!! അതെന്ത്...??!!" "...." മറുപടിയൊന്നും ഇല്ലാതായപ്പോൾ ലൈല തുടർന്നു.... "ടീച്ചറുടെ ഫോണിൽ നിന്നും വിളിക്കരുത് എന്നേ പറഞ്ഞുള്ളൂ...!!! കാശിയേട്ടന്റെ ഫോണിൽ നിന്നും വിളിച്ചാൽ ഞാൻ എടുക്കും... എടുക്കാതിരിക്കില്ല... അല്ല, കാശിയേട്ടൻ വിളിച്ചാൽ എടുക്കില്ലെന്ന് തോന്നാനെന്താ...??!!" " എന്നോട് യാത്ര പറയാതെയല്ലേ പോയത്... എന്തിന്, എന്റെ മുഖത്തു പോലും താൻ നോക്കിയില്ലെടോ...!!"

" അതെന്താണെന്നോ...??!! നിങ്ങള് കരയുന്നത് കണ്ടിട്ട് ഇറങ്ങിപ്പോരാൻ എനിക്ക് കഴിയുമായിരുന്നില്ല കാശിയേട്ടാ...!! ഫൈസി നല്ലവനാണെന്ന് ഇജാസിക്കയോട് പറഞ്ഞപ്പോൾ നിങ്ങളുടെ കണ്ണ് കലങ്ങിയത്‌ ഞാൻ കണ്ടതാ.. എത്ര ഒളിപ്പിക്കാൻ ശ്രമിച്ചാലും നിങ്ങടെയുള്ളിൽ എന്നോടുള്ള ഇഷ്ടം ഞാനാ കണ്ണുകളിൽ കണ്ടിട്ടുണ്ട്... നിങ്ങളുടെ മനസ്സ് എത്ര കണ്ട് വേദനിക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു.... ഈ മനസ്സിലും നിങ്ങള് മാത്രേ ഉള്ളൂ... പിന്നെയെങ്ങനെയാ ഞാൻ യാത്ര പറയുന്നേ...??!! " " ഏയ്.. ഇല്ല ലൈലൂ, ഞാനെങ്ങനെയൊന്നും...." " ഇനിയും കള്ളങ്ങൾ പറയേണ്ട കാശിയേട്ടാ.. ശരത്തേട്ടനും ഇഷാൻവിയും ഇപ്പോൾ എന്റേം കൂടി ഫ്രണ്ട്സ് ആണെന്ന് ഓർക്കണം...!!

എനിക്കെല്ലാം അറിയാം... എനിക്കൊരു ബെറ്റർ ഫാമിലി ഉണ്ടാക്കിത്തരാൻ ആണ് ശ്രമിക്കുന്നതെങ്കിൽ നിങ്ങളെ രണ്ടാളെയും അത്ര ബെസ്റ്റായി എനിക്കാരെയും ഇനി കിട്ടാൻ പോണില്ലെന്ന് നിങ്ങൾ ഓർക്കണം... അപ്പോഴും പറഞ്ഞതാ എന്നെ വിശ്വസിക്കാതെ തള്ളിപ്പറഞ്ഞവരെയല്ല എന്നും എന്റെ കൂടെയുണ്ടാകുമെന്ന് ഉറപ്പുള്ളവരെയാ എനിക്കാവശ്യമെന്ന്... നിങ്ങളെന്താ അത് മനസ്സിലാക്കാത്തെ...?? എനിക്ക് നിങ്ങളെ അത്രയേറെ ഇഷ്ടമാ കാശിയേട്ടാ... ഐ റിയലി റിയലി ലവ്‌സ് യൂ...!!" പെട്ടെന്ന് എന്തോ നിലത്ത് വീഴുന്ന ശബ്ദം കേട്ടതും ലൈല ഞെട്ടിത്തിരിഞ്ഞ് മുന്നോട്ട് നോക്കി... വാതിൽക്കൽ ഷോക്കേറ്റത് പോലെ നിൽക്കുന്നയാളെ കണ്ടതും അവൾ തറഞ്ഞിരുന്നു പോയി........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story