കാണാ മറയത്ത്..❤: ഭാഗം 38

kanamarayath

രചന: മീര സരസ്വതി

" ഇനിയും കള്ളങ്ങൾ പറയേണ്ട കാശിയേട്ടാ.. ശരത്തേട്ടനും ഇഷാൻവിയും ഇപ്പോൾ എന്റേം കൂടി ഫ്രണ്ട്സ് ആണെന്ന് ഓർക്കണം...!! എനിക്കെല്ലാം അറിയാം... എനിക്കൊരു ബെറ്റർ ഫാമിലി ഉണ്ടാക്കിത്തരാൻ ആണ് ശ്രമിക്കുന്നതെങ്കിൽ നിങ്ങളെ രണ്ടാളെയും അത്ര ബെസ്റ്റായി എനിക്കാരെയും ഇനി കിട്ടാൻ പോണില്ലെന്ന് നിങ്ങൾ ഓർക്കണം... അപ്പോഴും പറഞ്ഞതാ എന്നെ വിശ്വസിക്കാതെ തള്ളിപ്പറഞ്ഞവരെയല്ല എന്നും എന്റെ കൂടെയുണ്ടാകുമെന്ന് ഉറപ്പുള്ളവരെയാ എനിക്കാവശ്യമെന്ന്... നിങ്ങളെന്താ അത് മനസ്സിലാക്കാത്തെ...?? എനിക്ക് നിങ്ങളെ അത്രയേറെ ഇഷ്ടമാ കാശിയേട്ടാ... ഐ റിയലി റിയലി ലവ്‌സ് യൂ...!!" പെട്ടെന്ന് എന്തോ നിലത്ത് വീഴുന്ന ശബ്ദം കേട്ടതും ലൈല ഞെട്ടിത്തിരിഞ്ഞ് മുന്നോട്ട് നോക്കി... വാതിൽക്കൽ ഷോക്കേറ്റത് പോലെ നിൽക്കുന്നയാളെ കണ്ടതും അവൾ തറഞ്ഞിരുന്നു പോയി... പെട്ടെന്നുള്ള അങ്കലാപ്പ് മാറിയതും താഴെ വീണ ഫ്ലവർ വേയ്സ്‌ നേരെ വെച്ച് ഫൗസിയ മകളുടെ അടുത്തേക്ക് നടന്നു...

കാശിയോട് പിന്നീടൊന്നും പറയാതെ ലൈല ഫോൺ കട്ട് ചെയ്തു... " ഉമ്മാ... അത്..." ലൈല എന്തെങ്കിലും പറയാൻ തുടങ്ങുമ്പോഴേക്കും അവർ അവളുടെ മുഖത്ത് കൈ വീശി അടിച്ചു.... " എന്തൊക്കെയാടി ഞാനീ കേട്ടത്....???!! നിന്നെ വിശ്വസിച്ച് ഇത്രയും നാൾ നിന്ന എന്നോടും വല്ല്യുമ്മയോടും നിനക്കെങ്ങനെ ഇങ്ങനെ ചെയ്യാൻ തോന്നി...??!! ഇങ്ങനെയൊരു ഒരുമ്പെട്ടവളാണെല്ലോ തമ്പുരാനേ എന്റെ വയറ്റിൽ കുരുത്തത്...!! നീയൊന്നും ഒരു കാലത്തും..... " " നിങ്ങളിങ്ങനെ പ്രാകല്ലേ ഉമ്മാ...!! ഞാൻ എന്ത് വിശ്വാസ വഞ്ചന കാണിച്ചെന്നാ ഉമ്മ പറയുന്നത്..??!! എല്ലാരും തള്ളിപ്പറഞ്ഞിട്ടും ആ മനുഷ്യനേ എന്റെ കൂടെ നിന്നുള്ളൂ... എന്റെ ജീവൻ തന്നെ അപകടത്തിലാവുന്ന അവസ്ഥ വന്നപ്പോൾ രക്ഷിക്കാൻ അദ്ദേഹമേ ഉണ്ടായിട്ടുള്ളൂ... ചെയ്യാത്തൊരു കാര്യം ചെയ്‌തെന്ന് പറഞ്ഞ ഇക്കമാരെ പോലെയോ ആരുടെയൊക്കെയോ വാക്ക് വിശ്വസിച്ച് ഇങ്ങനെയൊരു മകളില്ലെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പടിയിറക്കി പിണ്ഡം വെച്ച ഉപ്പയെ പോലെയോ അല്ല...

കൂടെയുണ്ടായിരുന്ന ദിവസങ്ങളത്രയും വിശ്വസിച്ച് കൂടെ നിന്ന് സംരക്ഷിച്ചവനാ കാശിയേട്ടൻ... അങ്ങനെയൊരാളെ സ്നേഹിച്ചു പോയതിൽ എന്താണ് തെറ്റ്‌..??!! " " നീയിങ്ങ് വന്നേ..." ലൈലയുടെ കയ്യിൽ പിടിച്ചവർ മുറിക്ക് പുറത്തേക്ക് നടന്നു... മുകളിലെ കോണിപ്പടിയുടെ ഒരു മൂലയിൽ നിന്നും നോക്കിയാൽ താഴെ സ്വീകരണ മുറി കാണാം... അവിടെ മൂത്താപ്പയോടും വല്ല്യുമ്മയോടും എന്തോ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന ആലി ഹാജിക്ക് നേരെ അവർ വിരൽ ചൂണ്ടി ... " നോക്ക് നിന്റുപ്പയെ... നീ പോയതിൽ പിന്നെ അദ്ദേഹം സന്തോഷത്തോടെ ചിരിച്ചു കാണുന്നത് നീ തിരിച്ചു വന്ന ഈ നാളുകളിലാ.. തന്റെ മോളൊരു തെറ്റും ചെയ്തിട്ടില്ലെന്ന ധൈര്യത്തിൽ സമൂഹത്തിനു മുന്നിൽ തലയുയർത്തി നടക്കുന്നതിപ്പോഴാ... ഓരോ രാത്രിയിലും ഉറക്കമൊഴിഞ്ഞ് കരയുന്നത് കണ്ടവളാ ഞാൻ... എനിക്കറിയാം ആ മനസ്സിലെ ദണ്ണം..." " അപ്പൊ എന്റെയീ മനസ്സിന്റെ ദണ്ണമോ ഉമ്മാ..??!! ഞാൻ തെറ്റുകാരിയല്ലെന്ന് മനസ്സിലായത് കൊണ്ട് മാത്രമല്ലേ ഈ വീടിന്റെ വാതിൽ എനിക്ക് വേണ്ടി തുറന്നിട്ടത്..??

അല്ലെങ്കിൽ എന്നെന്നേക്കുമായി ഇതടഞ്ഞു കിടന്നേനെ അല്ലെ...??!!" മനസ്സിലെ പ്രതിഷേധം മറച്ചു വെക്കാതെ ലൈല ചോദിച്ചു... " അല്ല ലൈല... നിനക്ക് തെറ്റിപ്പോയി...!! ഉപ്പാന്റെ കണ്ണുനീർ കണ്ടൊരു രാത്രിയിൽ ഞാൻ ചോദിച്ചതാ, ഇത്രയ്ക്ക് വിഷമം ആണേൽ എന്ത് കൊണ്ട് മോളെ തിരിച്ചു കൊണ്ട് വന്നുകൂടായെന്ന്.. ഞാനവളുടെ ഉപ്പയല്ലേ അവൾക്കെന്നോട് മാപ്പ് പറഞ്ഞ് തിരികെ വരാലോ എന്നാ അന്നുപ്പ പറഞ്ഞത്... ഇജാസ് ശരത്തിനെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചതും അങ്ങോട്ട് വന്നതുമൊക്കെ ഉപ്പാന്റെ ആവശ്യ പ്രകാരമാ... പിന്നെ സ്വന്തം മോളെ കുറിച്ച് അതും രണ്ടാണ്മക്കൾക്ക് ശേഷം കാത്തിരുന്നു ലഭിച്ച കൺമണിയെ പറ്റി അപവാദങ്ങൾ കേൾക്കുമ്പോൾ ഏതൊരു ഉപ്പയും പ്രതികരിക്കുന്നത് പോലെയേ ആളും ചെയ്തുള്ളൂ... അങ്ങനെയൊരു അവസ്ഥ വരുമ്പോൾ എല്ലാവർക്കും തെറ്റാണോ ശരിയാണോ എന്നൊക്കെ അന്വേഷിച്ചു ചിന്തിച്ചു പെരുമാറാൻ പറ്റിയെന്ന് വരില്ല... ഉപ്പയും അതേ ചെയ്തുള്ളൂ... "

ഒന്ന് നിർത്തിയതിനു ശേഷം ഫൗസിയ ലൈലയെ നോക്കി.. കണ്ണ് നിറച്ച് നിൽപ്പാണവൾ... "നീയവനെ മറന്നേ പറ്റുള്ളൂ .... ഉപ്പ ആഗ്രഹിച്ചത് പോലെ ഈ വിവാഹം നടന്നില്ലെങ്കിൽ പിന്നെ എന്നെ നീ ജീവനോടെ കാണില്ല ലൈലാ... നീ പോയതിൽ പിന്നെ തലയുയർത്തി പുറത്തിറങ്ങാൻ സാധിച്ചിട്ടില്ല ആ പാവത്തിന്... അതുവരെ സമൂഹത്തിൽ ഉണ്ടായിരുന്ന വിലയൊക്കെ ഒറ്റയടിക്ക് ഇല്ലാതായതാ.. അതൊക്കെ പഴയത് പോലെ ആക്കേണ്ടത് നിന്റെ കടമയാണ്... ഇനിയുമൊരു അപമാനം കൂടി ആൾക്ക് താങ്ങാൻ കഴിയില്ല..." അത്രയും പറഞ്ഞു കൊണ്ട് ചവിട്ടി തുള്ളി കടന്നു പോകുന്ന ഉമ്മയെ ഒരു നിമിഷമവൾ നോക്കി നിന്ന് പോയി... ഇത്രയും കാലം മനസ്സുകൊണ്ടെങ്കിലും ഉമ്മ കൂടെയുണ്ടാകുമെന്ന് കരുതിയിരുന്നതാണ്.. ആ പ്രതീക്ഷ കൂടി ഇല്ലാതായി... സംസാരത്തിനിടയിലും ഉപ്പയുടെ ആ നോട്ടമിങ്ങ് പാളി വീഴുന്നത് താഴേക്ക് നോക്കിയപ്പോൾ കണ്ടു... അസ്വസ്ഥതയോടെ അവൾ റൂമിലേക്ക് നടന്നു...

ഫോണിൽ മിസ്ഡ് കോൾസ് കിടപ്പുണ്ട്.. കാശിയേട്ടനും ഫൈസിയും വിളിച്ചിട്ടുണ്ട്... എന്തോ രണ്ടു പേരെയും തിരിച്ചു വിളിക്കാൻ തോന്നിയില്ല... ഫോണെടുത്ത് രേണുവിനെ വിളിച്ചു... " ഹേയ് മേഡം‌.. പറയെടി.. എന്തായി കാര്യങ്ങൾ..?? കോളേജിൽ വരുന്ന കാര്യത്തിൽ തീരുമാനം ആയാ..??" " നീ അതൊക്കെ വിട് രേണു.. എനിക്ക് കുറച്ചു കാര്യങ്ങൾ നിന്നോട് പറയാനുണ്ട്..." ലൈലയുടെ ശബ്ദത്തിൽ ഗൗരവം നിറഞ്ഞതും കാര്യം സീരിയസ് ആണെന്ന് രേണുവിന്‌ മനസ്സിലായി.. " നീ പറയെടാ..." കാശിയോടുള്ള പ്രണയവും ഇതുവരെ നടന്ന കാര്യങ്ങളും ലൈല വിവരിച്ചു കഴിഞ്ഞതും പെണ്ണ് തലയിൽ കൈവെച്ച് ഇരുന്നുപോയി... " എനിക്കെന്ത് വേണമെന്നറിയില്ല രേണൂ... അന്ന് കാശിയേട്ടൻ അങ്ങനെയൊക്കെ പറഞ്ഞ ദേഷ്യത്തിലാ വീട്ടിലേക്ക് തിരിച്ചു വരാനുള്ള തീരുമാനമെടുത്തത്..!! എനിക്കിപ്പോ അങ്ങേരില്ലാതെ പറ്റുന്നില്ലെഡാ.. കാശിയേട്ടനും അവിടെ വല്ലാത്തൊരവസ്ഥയിലാകുമെന്ന് എനിക്കറിയാം...

ഫൈസിയോടും അമ്മുവിനോടും എല്ലാം തുറന്നു പറയണമെന്ന് ആലോചിച്ചിരിക്കുകയായിരുന്നു... അപ്പോഴാണ് ഉമ്മയുടെ എൻട്രി... വീട്ടിലെല്ലാവരും നല്ല സന്തോഷത്തിലാ... അത് കെടുത്താനും വയ്യ... ഞാനിനി എന്താടാ ചെയ്യേണ്ടേ...??!!" " നീ ഫോൺ വെച്ചേ...." അവളിൽ നിന്നുള്ള പ്രതികരണം കേട്ടതും ലൈല വാ പിളർന്നിരുന്നു പോയി... " എന്താടി കാര്യം....??!" " എന്താ കാര്യമെന്നോ...??!! ആ മണുങ്ങൂസ് കാശിയേട്ടനെ വിളിച്ച് ഒന്ന് നമസ്ക്കരിക്കാനാ... സ്നേഹിക്കുന്ന പെണ്ണിന് വലിയ കുടുംബമുണ്ടാക്കി കൊടുക്കുവാനായി എല്ലാം ത്യജിച്ച മഹാ മനസ്കനാല്ലേ....!! നീ വെക്ക്... ഞാനൊന്ന് വിളിക്കട്ടെ..." " ഹേയ് നീ ഫോൺ വെക്കല്ലേ, വെക്കല്ലേ..." ലൈല പറയുന്നത് കേൾക്കാൻ നിൽക്കാതെ രേണു ഫോൺ വെച്ചു... പക്ഷെ കാശിയെ വിളിക്കുന്നതിന്‌ പകരമവൾ വിളിച്ചത് ശരത്തിനെ ആയിരുന്നു... " അവനിപ്പോ വിളിച്ച് പിച്ചും പേയും പറഞ്ഞു വെച്ചതേയുള്ളൂ.. ഒന്നുമാലോചിക്കാൻ നിൽക്കാതെ പറഞ്ഞതാണെന്ന്.. ഇപ്പോ അവളില്ലാതെ പറ്റുന്നില്ലെന്ന്...!! അവളോട് തുറന്ന് പറയാൻ ഞാനന്ന് തന്നെ അവനോട് പറഞ്ഞതാ... അപ്പൊ അവന്റെയൊരു കുടുംബം നന്നാക്കൽ...!!"

" നമ്മൾക്കിനി എന്താ ചെയ്യാനാവുക ശരത്തേട്ടാ..??" " എന്ത് ചെയ്യാൻ..??!! ഇനിയവളെ ഒന്നുകൂടി കടത്തി ബാംഗ്ലൂർക്ക് കൊണ്ട് പോവുക.. അല്ലാതെന്ത്..??!! നമ്മളിനി ഫൈസിയെ കാര്യമറിയിച്ച് ആ കല്യാണം മുടക്കിന്ന് തന്നെ വെക്ക്... അവളുടെ ഉപ്പ രാത്രിക്ക് രാത്രിയിൽ വേറെ കല്ല്യാണം കഴിപ്പിക്കും.. അതുറപ്പാ..." " ഹ്മ്മ്...." " നീ ഏതായാലും ലൈലയെ ഒന്നാശ്വസിപ്പിക്ക്.. എന്തെങ്കിലും വഴിയില്ലാതിരിക്കില്ല... നോക്കാം നമ്മൾക്ക്...." രേണു ലൈലയെ വിളിച്ച് ആശ്വസിപ്പിച്ചു.. തൽക്കാലം ഫൈസിയോടോ അമ്മുവിനോടോ കാര്യങ്ങൾ സംസാരിക്കേണ്ടെന്നും പറഞ്ഞാണ് വെച്ചത്.... രേണു ഫോൺ വെച്ചയുടനെ തന്നെ ശരത്തിന് കാശിയുടെ ഫോൺ വന്നു... " എന്തുവാടാ...??!! ഇനിയും തീർന്നില്ലേ...?? " "എടാ അതെല്ലെടാ... നേരത്തെ ലൈലയെ വിളിച്ച് സംസാരിച്ചോണ്ടിരിക്കുമ്പോൾ അവിടെ എന്തോ താഴെ വീഴുന്ന ശബ്ദം വ്യക്തമായി കേട്ടതാണ്... ലൈലയാണെങ്കിൽ പെട്ടെന്ന് ഫോണും കട്ട് ചെയ്തു.. ഞാൻ വിളിച്ചിട്ടാണേൽ പിന്നെയവൾ എടുത്തതുമില്ല...

ഇനി എന്തെങ്കിലും പ്രശ്നം കാണുമോ അവിടെ..??!! ഞങ്ങൾ സംസാരിച്ചത് ഇനി ആരേലും കേട്ട് കാണുമോ...??!!" " ഹ്മ്മ്... കേട്ടായിരുന്നു... അവളുടെ ഉമ്മ... എന്നെയിപ്പോ രേണു വിളിച്ചിരുന്നു..." " അയ്യോ...!! സീനാണോഡാ..??!!" " സീനെന്ന് പറയാൻ പറ്റില്ല... എല്ലാ അമ്മമാരെയും പോലെ ഇമോഷണൽ ബ്ലാക്ക്മെയിലിങ്‌...!! അവളാകെ സങ്കടത്തിലാ.... അതാവും ഫോൺ എടുക്കാതിരുന്നേ... നമുക്ക് വഴി കാണാന്നെ... നീ ടെൻഷനാകാതെ ഉറങ്ങാൻ നോക്ക് കാശി..." അവനെ സമാധാനിപ്പിച്ച് ശരത്ത് ഫോൺ വെച്ചു.. ലൈലയുടെ റൂമിലാണ് കാശിയിപ്പോൾ കിടത്തം... ലൈല പോയപ്പോൾ തൊട്ട് അവളുടെ ഓർമകളെ തലോടി, ആ ഓർമകളിൽ ചിലപ്പോൾ സന്തോഷത്തോടെ ചിരിച്ച്, ചിലപ്പോൾ വേദനിച്ച് കരഞ്ഞ് അങ്ങനെ കിടക്കും... "

എന്നോട് പൊറുക്കണം ലൈലൂ... നിന്റെ ഇഷ്ടം കണ്ടില്ലെന്ന് നടിച്ചത് നീ ഭാവിയിൽ സന്തോഷവതിയാകുമെന്ന് കരുതിയാ.. പക്ഷേ, ഇന്ന് നമ്മളെങ്ങനെ കടന്നു പോകുമെന്നോ പരസ്പരം കാണാതെ മിണ്ടാതെ എങ്ങനെ കഴിയുമെന്നോ അന്നാലോചിച്ചില്ല... പറ്റുന്നില്ലെടി, നീയില്ലാതെ... മരിച്ചു പോകുമെന്ന് തോന്നുവാ... " കിടക്കയിലേക്ക് ചാഞ്ഞു കൊണ്ട് അവളുടെ തലയിണയെ പൊതിഞ്ഞ്‌ പിടിച്ച് അവൻ പൊട്ടിക്കരഞ്ഞു... ശരീരവും ഹൃദയവും ഒരുപോലെ നീറി.... ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞുമവൻ കിടന്നു... ലൈല പോയതിൽ പിന്നെ ശരിക്കുമൊന്ന് ഉറങ്ങിയിട്ട് പോലുമില്ല.. ഫോൺ സ്‌ക്രീനിൽ അവളുടെ ഫോട്ടോയും നോക്കി കണ്ണീർ വാർത്തു കിടന്നു.. പുലരിയോട് അടുക്കുമ്പോഴാണ് അവനൊന്ന് ഉറങ്ങിയത്.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story