കാണാ മറയത്ത്..❤: ഭാഗം 39

kanamarayath

രചന: മീര സരസ്വതി

കിടക്കയിലേക്ക് ചാഞ്ഞു കൊണ്ട് അവളുടെ തലയിണയെ പൊതിഞ്ഞ്‌ പിടിച്ച് അവൻ പൊട്ടിക്കരഞ്ഞു... ശരീരവും ഹൃദയവും ഒരുപോലെ നീറി.... ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞുമവൻ കിടന്നു... ലൈല പോയതിൽ പിന്നെ ശരിക്കുമൊന്ന് ഉറങ്ങിയിട്ട് പോലുമില്ല.. ഫോൺ സ്‌ക്രീനിൽ അവളുടെ ഫോട്ടോയും നോക്കി കണ്ണീർ വാർത്തു കിടന്നു.. പുലരിയോട് അടുക്കുമ്പോഴാണ് അവനൊന്ന് ഉറങ്ങിയത്... *********** ഞായറാഴ്ച ആയതിനാൽ ഇന്ന് ടീച്ചർക്ക് സംഗീതം പഠിക്കാൻ കുട്ടികളുണ്ട്.. തിടുക്കത്തിൽ ജോലിയും തീർത്ത് കുളിയും കഴിഞ്ഞ് ലൈലയുടെ റൂമിനരികിലേക്ക് അവർ നടന്നു.. കാശി നല്ല ഉറക്കത്തിൽ തന്നെയാണ്.. രാത്രി ഒട്ടും ഉറങ്ങിക്കാണില്ലെന്ന് ടീച്ചർക്കറിയാം.. അത് കൊണ്ട് തന്നെ വിളിക്കാനും പോയില്ല.. ഓഫീസ് ലീവായതിനാൽ ഉറങ്ങുന്നയത്രയും ഉറങ്ങട്ടെയെന്ന് കരുതി അവർ മുകളിലേക്ക് നടന്നു... കുട്ടികൾ വന്നു കൊണ്ടിരിക്കുന്നതേയുള്ളൂ...

കുറച്ചു പേര് സ്വിങ്ങിലിരുന്ന് സംസാരിക്കുന്നുണ്ട്.. മറ്റു ചിലർ ടെറസിലിരിപ്പുണ്ട്.. കലപില സംസാരിച്ചു കൊണ്ടിരുന്നവർ ടീച്ചറെ കണ്ടതും ഒരു നിമിഷം നിശബ്ദരായി.. അവർക്ക് പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ടീച്ചറും അവിടെ പോയിരുന്നു... മനസ്സിനൊട്ടും സുഖമില്ലാത്തതിനാൽ തന്നെയും കുട്ടികളോട് സംസാരിക്കാൻ നിൽക്കാതെ എന്തൊക്കെയോ ആലോചനയിലാണ്ടു... " ഏ, എന്നാച്ച്‌ ടീച്ചർ..?? എതുക്ക് ഇവ്വളോ യോസനൈ..??!! " ശിവയാണ്... ടീച്ചറുടെ സ്റ്റുഡന്റ്... " ഏയ്... ഒന്നൂല്ലെടാ...." ശിവയ്ക്ക് പിന്നാലെ ബാക്കിയുള്ള കുട്ടികളുമെത്തി... "അത് ചുമ്മാ... ടീച്ചർക്ക് എന്തോ ടെൻഷനുണ്ട്‌..." " അത് നേരാ..." യദുവും ഹൃദ്യയും ഏറ്റുപിടിച്ചു... " ഒന്നൂല്ല കുട്ടികളെ.. ചെറിയൊരു തലവേദന പോലെ.. അത്രേ ഉള്ളൂ..." " ലൈല അക്ക എങ്കെ ടീച്ചർ..??!! പാക്കവേയില്ലയെ... " " അവൾ വീട്ടിൽ പോയെടാ..." അത് കേട്ടപ്പോൾ കുട്ടികളുടെ മുഖമിരുണ്ടു...... കാര്യമവർക്ക് ടീച്ചറിനോളം പ്രിയപ്പെട്ടതാണ് അവരുടെ ലൈല അക്കയും...

" അക്കയിനി തിരിച്ചു വരില്ലേ...??" " വരാതെ പിന്നെ...??!!!" ടീച്ചർ നെടുവീർപ്പിട്ടു... ലൈല വരും, പക്ഷെ ഈ വീട്ടിലേക്കാകില്ലെന്ന് പറയാൻ നാവ് ചലിച്ചെങ്കിലും എന്ത് കൊണ്ടോ അവർ വേണ്ടെന്ന് വെച്ചു... എപ്പോഴോ അറിഞ്ഞോ അറിയാതെയോ ലൈലയെ കാശിയുടെ ഭാര്യയായി സങ്കൽപ്പിച്ചു പോയിരുന്നു... മകളായി കണ്ടു പോയിരുന്നു... ഇനിയവൾ തിരിച്ചു വരുമ്പോൾ ഒക്കെയും വെറും സങ്കല്പങ്ങളായി ഒതുങ്ങും.. ഫൈസിയുടെ കൈ കോർത്ത് അതിഥിയെ പോലെ അവൾ കയറി വരുന്നത് ആലോചിച്ചതും തലയിൽ ഒരായിരം കടന്നൽ കൂട്ടങ്ങൾ മൂളും പോലെ... കുട്ടികളോട് കളിയായി പറഞ്ഞ തലവേദന കാര്യമായി തുടങ്ങി.. ചെന്നി പൊട്ടിപ്പൊളിയുന്ന വേദന.. ദേഹത്തിനു ക്ഷീണം പോലെ.. തല കറങ്ങും പോലെ തോന്നിയതും അറിയാതെ തന്നെ അരികിൽ ഇട്ടിരിക്കുന്ന കസേരയിലേക്ക് ഇരുന്നു പോയി... " ടീച്ചറെ.. എന്താ പറ്റ്യെ..??!!" " എന്നാച്ച്‌ ടീച്ചർ...?? ഒടമ്പ് സരിയില്ലെയാ..??!!" "ടീച്ചറേ..."

പിള്ളേർ കൂടി നിന്ന് വിളിക്കുന്നുണ്ട്... കുട്ടികളിലാരോ താഴേക്ക് ഓടിച്ചെന്ന് കാശിയെ വിളിച്ചു കൊണ്ട് വന്നു... കാശി ഓടിയരികിൽ എത്തി.. കസേരയിൽ നിന്നും താഴേക്ക് വീഴാഞ്ഞാഞ്ഞ ടീച്ചറെ ഓടിച്ചെന്നവൻ താങ്ങിപ്പിടിച്ചു.. " അമ്മേ... എന്താ പറ്റ്യെ..?? അമ്മേ... കേൾക്കാമോ..??" അവനവരെ കുലുക്കി വിളിച്ചതും മയക്കം വിട്ടുണരാത്തത് പോലെ കണ്ണ് പതിയെ തുറക്കാൻ ടീച്ചർ ശ്രമിച്ചു... കാശിയുടെ നിർദ്ദേശ പ്രകാരം ഹൃദ്യ ബാഗിൽ നിന്നും ബോട്ടിലെടുത്തു കൊണ്ട് വന്നു... കാശി കുറച്ചു വെള്ളം മുഖത്ത് തളിക്കുകയും കുടിപ്പിക്കുകയും ചെയ്തു... ബോധം തിരിച്ചു വന്നതും കാശിയും കുട്ടികളും ഒരുപോലെ ആശ്വസിച്ചു... " എന്താമ്മാ...??!!! പേടിപ്പിച്ചല്ലോ...! വാ ഹോസ്പിറ്റലിൽ പോയി വരാം..." " ഹേയ്, അത് വേണ്ടാ... ശരിയായല്ലോ.. ചെറിയൊരു തല കറക്കം.. അത്രല്ലേ ഉള്ളൂ...." നിസ്സാര മട്ടിൽ ടീച്ചർ പറഞ്ഞതും കാശിയവരെ കൂർപ്പിച്ചു നോക്കി.. ആയൊരു നോട്ടത്തിൽ അവരൊരു അനുസരണയുള്ള കുട്ടിയായി മാറി...

പിള്ളേരെ വീട്ടിലേക്ക് പറഞ്ഞു വിട്ട് ഇരുവരും ഹോസ്പിറ്റലിലേക്ക് തിരിച്ചു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 " ഇതൂടെ കഴിച്ചിട്ട് ഇറങ്ങ് ലൈലൂ..." " മതി വല്ല്യുമ്മാ... ഇനിയും ലേറ്റായാ രേണു എന്നെ ജീവനോടെ വിഴുങ്ങും..." തീൻ മേശയ്ക്കരികിൽ നിന്ന് തിടുക്കത്തിൽ എഴുന്നേറ്റ്‌ വാഷ് ബേസിനരികിലേക്ക് ലൈല നടന്നു.. " ഇത്ര തിടുക്കത്തിൽ ഓടിപ്പോകാൻ ക്ലാസ്സൊന്നുമില്ലാലോ..??!! രേണുന്റെ വീട്ടിലേക്കല്ലേ...??" അവരുടെ സംസാരം കേട്ട് നിന്ന ഫൗസിയ ആണേ... " ഞാൻ വൈകും തോറും അവളുടെ പഠിപ്പും മുടങ്ങിപ്പോകൂലെ ഉമ്മാ... ഞാൻ ചെന്നിട്ടെ പഠിക്കാൻ തുടങ്ങുള്ളൂന്ന്..." തിരികെ മറുപടിക്ക് കാത്തു നിൽക്കാതെ ബാഗുമെടുത്തവൾ പുറത്തേക്ക് ഓടി.. നാട്ടിൽ വന്നതിനു ശേഷം ഇന്നാണൊന്ന് പുറത്തേക്കിറങ്ങിയത് ... വീട്ടിനു സമീപത്തെ കടകളിലുള്ള ആൾക്കാരുടെയൊക്കെ കണ്ണുകൾ തന്റെ മേലാണെന്ന് അവൾ അറിയുന്നുണ്ട്... പരമാവധി ആരിലും ശ്രദ്ധ ചെലുത്താതെ നടക്കാൻ അവൾ ശ്രദ്ധിക്കുന്നുണ്ട്..

എങ്കിലും ചില പരിചിത മുഖങ്ങൾ കാണുമ്പോൾ അവർക്കായി ഒരു പുഞ്ചിരി നീക്കി വെക്കാനുമവൾ മറന്നില്ല.. രേണുവിന്റെ വീട്ടിലെത്താൻ ടൗണിൽ നിന്നും വിട്ടുമാറിയുള്ള ഇടവഴിയിലൂടെ പോകണം.. ഇടവഴിയിലൂടെ നടക്കുമ്പോൾ മനസ്സ് നിറയെ കാശിയായിരുന്നു.. ബാംഗ്ലൂരിൽ ഒരുമിച്ച് സൊറപറഞ്ഞു നടന്ന സായാഹ്നങ്ങൾ ഓർത്തതും കണ്ണിലുറവ പൊട്ടി.. ഇനിയതൊക്കെയും ഓർമകളായി മാറുമല്ലോ..!! വിരഹം... അത് വല്ലാത്തൊരു വേദനയാണ്...!! ഒരു തുള്ളിപോലും ചോര പൊടിക്കാതെ ശരീരവും മനസ്സും ഒരുപോലെ കുത്തി നോവിക്കുമവ...!! അന്നേരം പ്രിയപ്പെട്ടവന്റെ ഓർമകളിൽ നമ്മളെത്രയോ വട്ടം ശ്വാസം മുട്ടി പിടഞ്ഞു മരിച്ചിരിക്കും...!! വേദനയോടെ അവൾ മുന്നോട്ട് നീങ്ങി... ഇടവഴി താണ്ടി കഴിഞ്ഞാൽ ഒത്തിരി വീടുകളുണ്ട്... രേണുവിനൊപ്പം പലവട്ടം ആ വഴി വന്നതിനാൽ തന്നെയും ഒട്ടുമിക്ക വീടുകളിലെ ആൾക്കാരെയും കണ്ടു പരിചയം ലൈലയ്ക്കുണ്ട്... വഴിവക്കിലെ കുറ്റിക്കാടുകളിൽ കമ്മ്യൂണിസ്റ്റ് പച്ചകൾ തിങ്ങി വളരുന്നുണ്ട്...

അവളതിന്റെ കുറച്ച് ഇലകൾ പൊട്ടിച്ചെടുത്തു.. തള്ള വിരലും ചൂണ്ടു വിരലും കൂട്ടി മുട്ടിച്ച് ഒരു സർക്കിൾ സൃഷ്‌ടിച്ച ശേഷം, അതിനു നടുവിലായി ഇല വെച്ച് മറു കൈ കൊണ്ട് ചെറുതായി തല്ലിപ്പൊട്ടിച്ചു...!! അപ്പോൾ ഉണ്ടായ ശബ്ദം കേട്ടതും ചെറു സന്തോഷം അവളിലുണ്ടായി.. സ്കൂൾ കാലഘട്ടങ്ങൾ ഓർമകളായി അവളിൽ അലയടിച്ചു തുടങ്ങി... കുഞ്ഞു കുട്ടികളായിരിക്കുമ്പോൾ എത്രയോ വട്ടമിങ്ങനെ ചെയ്തിരിക്കുന്നു... ആ ഓർമയിൽ നിറഞ്ഞു നിന്നതിനാലാകണം നിമിഷ നേരത്തേക്ക് കാശിയുടെ ഓർമ്മകളവളിൽ നിന്നും വ്യതി ചലിച്ചത്... ചെറു പുഞ്ചിരി ആ മുഖത്ത് പ്രത്യക്ഷപ്പെട്ടത്... ഓർമ്മകൾ അയവിറക്കി കൊണ്ട് കുറച്ചു മുന്നോട്ട് നടന്നപ്പോൾ രണ്ടു സ്ത്രീകൾ അവരുടെ മതിലിനു അപ്പുറവും ഇപ്പുറവും നിന്ന് സംസാരിക്കുന്നത് കണ്ടു.. പരിചിത മുഖങ്ങളായതിനാൽ തന്നെയും അവർക്കായൊരു പുഞ്ചിരി സമ്മാനിച്ച് അവൾ മുന്നോട്ട് നടന്നു... " ഇത് നമ്മുടെ ടീച്ചറുടെ മോന്റെ കൂടെ ഒളിച്ചോടിപ്പോയ ഉമ്മച്ചി കൊച്ചല്ലേ ശാന്തേ...??!!"

" ആഹ് അതെന്നെ ചേച്ചി... ഇവളവനെ തേച്ച് വീട്ടിൽ വന്ന് നിൽപ്പാണെന്ന് കേട്ട്...!! ഇപ്പൊ വേറെ കല്യാണം നടത്താനുള്ള പരിപാടിയിലാ..." " ഓഹ് കലികാലം...!! എന്തൊക്കെ കേൾക്കണം ഈശ്വരാ.. നല്ലൊരു കുടുംബത്തെ നാട്ടിൽ കാൽ കുത്താനുള്ള അവസരം ഇല്ലാണ്ടാക്കിയിട്ട് ഇവൾക്കൊക്കെ എന്ത് കിട്ടാനാണോ എന്തോ...?!! പാവം ടീച്ചർ...!!" പുറകിൽ നിന്നുള്ള കുശു കുശുക്കൽ ചാട്ടുളി കണക്കെയാണ് അവളുടെ ചെവിയിൽ പതിച്ചത്... അല്ലെങ്കിലും സ്വന്തം കുടുംബത്തെ സംബന്ധിക്കാത്തിടത്തോളം എല്ലാ കെട്ടുകഥകളും മറ്റുള്ളവർക്ക് നേരം പോക്കുകളാണല്ലോ... !!! പൊടിപ്പും തൊങ്ങലും വെച്ച് പൊലിപ്പിച്ചെടുക്കാൻ വല്ലാത്തൊരു ഉത്സാഹമായിരിക്കും... അങ്ങനെയൊരു കെട്ടു കഥയുടെ ഭാണ്ഡം താൻ ചുമക്കുന്നുണ്ടെന്ന് അപ്പോഴാണ് ലൈല അറിഞ്ഞത് തന്നെ... " എന്റെ കാശിയേട്ടനെ ഞാൻ തേച്ചെന്നോ...??!!" ചിന്തിച്ചതും ശ്വാസം പോലും വിലങ്ങി നിന്ന് പോയി...

നെഞ്ചിലൊരു ഭാരം തങ്ങി നിൽക്കുന്നത് പോലെ തോന്നിപോയി അവൾക്ക്... അവന്റെ ഓർമകളിൽ ഉറവ വറ്റാത്ത കണ്ണുകൾ പിന്നെയും പിന്നെയും നിറഞ്ഞു കൊണ്ടിരുന്നു.... അവന്റെ അസാന്നിധ്യത്തിൽ വേദനിച്ചിരുന്ന ഹൃദയം പതിന്മടങ്ങ് വേദനിച്ചു തുടങ്ങി... ചലനമില്ലാതെ പെണ്ണവിടെ നിൽക്കുന്നത് കണ്ടതും അവർക്ക് അപകടം മണത്തു കാണണം, ആമ തോടിനുള്ളിൽ തല വലിയും പോലെ വീട്ടിനകത്തേക്ക് വലിഞ്ഞിരുന്നു.. ഒരു വിധത്തിലാണവർ രേണുവിന്റെ വീട്ടിൽ എത്തിച്ചേർന്നത്.. " മോളേ... സുഖല്ലേ...?? രേണൂ... ഇതാരാ വന്നേക്കുന്നെന്ന് നോക്കിയേ...!!" അവളുടെ മുടിയിഴകളിലൂടെ തലോടിക്കൊണ്ട് അവളുടെ അച്ഛനമ്മമാർ ഒരുപാട് നാൾക്ക് ശേഷം കണ്ടതിന്റെ ആഹ്ലാദം വാത്സല്യമായി പ്രകടിപ്പിച്ചു... പക്ഷെ അവൾക്കപ്പോൾ ആവശ്യം ചായാനൊരു തോളായിരുന്നു... ലൈല വന്നെന്ന് കേട്ട പാതി കേൾക്കാത്ത പാതി രേണു അവിടെ ഹാജർ വെച്ചിരുന്നു... അവളെ കണ്ട മാത്രയിൽ കെട്ടിപ്പിടിച്ച് അവളുടെ തോളിലേക്ക് ചാഞ്ഞു കൊണ്ട് ലൈല പൊട്ടിക്കരഞ്ഞു പോയി... ആ കരച്ചിൽ രേണുവിലേക്കും പകരാൻ അധിക നേരമൊന്നും വേണ്ടി വന്നില്ല......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story