കാണാ മറയത്ത്..❤: ഭാഗം 4

kanamarayath

രചന: മീര സരസ്വതി

"ഇനി ഒരു വഴിയേ ഉള്ളൂ.. കാശിയേട്ടനോട് കാര്യം പറയുക.. രണ്ടാളുടെയും കമ്പനി കണ്ടിട്ട് പരസ്പരം ഷെയർ ചെയ്യാത്തതായി ഒന്നുമില്ലെന്ന് തോന്നുന്നുണ്ട്... കാശിയേട്ടന് കാര്യം അറിയാതെയിരിക്കില്ല... വൈകിട്ട് നേരത്തെ ഇറങ്ങിയാലോ നമുക്ക്...???" അതാണ് നല്ലതെന്ന് ലൈലയ്ക്കും തോന്നി.. കാശി ഇഷയെ അവൾക്ക് പരിചയപ്പെടുത്തിയ വിധമൊന്ന് പെണ്ണ് ആലോചിച്ചു നോക്കി... തന്നെക്കുറിച്ച് അറിയാമെന്നുള്ള രീതിയിലാണ് കാശി പറഞ്ഞത്... പേര് പറഞ്ഞയുടനെ അമ്മയുടെ പ്രിയപ്പെട്ട ആളെന്ന് ഇഷ തിരിച്ചു പറഞ്ഞതും ഓർത്തു പെണ്ണ്... വൈകിട്ട് ലാസ്റ്റ് ഹവറും കട്ട്‌ ചെയ്ത് രണ്ടുപേരും ഹോസ്പിറ്റലിലേക്ക് വിട്ടു... പാർക്കിങ്ങിൽ സ്കൂട്ടി വെച്ച് മുന്നോട്ട് നടക്കാൻ തുടങ്ങിയപ്പോൾ തൊട്ടരികിലേക്ക് ഓടിയെത്തിയ ആളെ കണ്ടതും രണ്ടുപേരുമൊന്ന് ഞെട്ടി... "ഇജാസിക്ക...." ലൈലയുടെ ഏട്ടനാണ്... "ലൈലാ... നീയെന്താ ഇവിടെ....?? " "ഞ... ഞാൻ..." " എന്റെ കൂടെ വന്നതാ... എനിക്കൊരു മരുന്ന് മേടിക്കാനുണ്ട്... വേറെ എവിടേം കിട്ടാനില്ല..

അതാ ഇവിടെ വന്നേ... " എന്ത് പറയുമെന്നറിയാതെ ലൈല വാക്കുകൾക്കായി പരതിയപ്പോൾ രേണു ഇടയിൽ കയറി പറഞ്ഞു... "ഉം... ശരി... മേടിച്ചിട്ട് പെട്ടെന്ന് വീട്ടിൽ ചെല്ലാൻ നോക്ക് രണ്ടാളും..." കൂടുതലൊന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ ഇജാസ് വണ്ടിയുമെടുത്ത് അവിടെ നിന്നും പോയപ്പോൾ ലൈലയും രേണുവും സമാധാനത്തോടെ നെടുവീർപ്പിട്ടു... " നിന്റെ ഇക്ക ആയത് കൊണ്ട് പറയുവല്ല... വെട്ടു പോത്തിന്റെ സ്വഭാവമാണ്.. ഇന്നെന്തേ അടങ്ങി നിന്നെ എന്തോ...??!! കൂട്ടിലടച്ച കിളിയെ പോലെ ആ വീട്ടിൽ ജീവിക്കുന്ന നിന്നെ സമ്മതിക്കണം ലൈലൂ... " " അമിതമായാൽ അമൃതും വിഷമെന്ന് കേട്ടിട്ടില്ലേ രേണു... മത വിശ്വാസങ്ങളുടെ കാര്യവും അങ്ങനെ തന്നെയാ... " " ഹ്മ്മ്.... സാരില്ല... നമുക്ക് പോയി ഇൻവെസ്റ്റിഗേഷൻ തുടരാം... ചലോ.... " ആ വിഷയം തുടർന്നാൽ ലൈലയുടെ മൂഡ് അടുത്ത ഫ്ലൈറ്റ് പിടിച്ചു ദുബായിക്ക് പോകുമെന്ന് ഉറപ്പായതിനാൽ കൂടുതൽ സംസാരിക്കാൻ അനുവദിക്കാതെ ലൈലയുടെ കൈയ്യിൽ പിടിച്ചു മുന്നോട്ട് നടത്തിച്ചു രേണു... രണ്ടുപേരും റൂമിലെത്തിയപ്പോൾ ഇഷയുമുണ്ട് അവിടെ.... " ഈ പെണ്ണിവിടെ പേറെടുക്കാൻ വന്നതാണോ...??

ഏത് നേരം നോക്ക്യാലും ഇവിടെ തന്നാണല്ലോ...!!" അമർഷത്തോടെ ലൈലയ്ക്ക് കേൾക്കാനായി മാത്രം രേണു പറഞ്ഞു.... " എന്താണ് രണ്ടും കൂടി ക്ലാസ്സൊക്കെ കട്ട്‌ ചെയ്ത്...???!! അമ്മേടെ പുന്നാര മക്കളായത് കൊണ്ട് പറയുവല്ല... എന്തോ ഒപ്പിച്ചോണ്ടുള്ള വരവാണ്.... " സ്വകാര്യം പറയുന്ന രണ്ടുപേരെയും നോക്കി കാശി പറഞ്ഞു... " എന്തേലും ഒപ്പിച്ചു വരണേൽ ഞങ്ങളെയ് നിങ്ങളല്ല.... ഈ ഹവർ ഫ്രീയാ.. അപ്പഴിങ്ങ് പോന്നു.... " ലൈലയും വിട്ടു കൊടുത്തില്ല... " ഉവ്വ് വ്വേ.... ഒന്നും ഒപ്പിക്കാത്ത നല്ലൂട്ടികൾ....!!" ശരത്താണേ.... ഇന്നലെ തൊട്ടേ തന്നേ കാണുമ്പോളുള്ള ശരത്തിന്റെ ഭാവം ലൈല ശ്രദ്ധിച്ചിരുന്നു... എന്നുമവളോട് വഴക്കിടുന്നത് കാശിയാണ്... അവരുടെ വഴക്കിനിടയിൽ കയറി പ്രശനം പരിഹരിക്കുന്നത് ശരത്തും.. പക്ഷേ ഇന്നലെ തൊട്ട് അവനിൽ ആകെയൊരു ഗൗരവ ഭാവം... എടുത്തടിച്ചത് പോലുള്ള സംസാരവും ആവശ്യമില്ലാത്ത ഗൗരവവും... " നിങ്ങള് രണ്ടു മണ്ടന്മാരുടെ കൂടെ നിന്ന് എനിക്ക് ബോറടിക്കുമെന്ന് എന്റെ മക്കൾക്കറിയാം.. അതല്ലേ ചാൻസ് കിട്ടുമ്പോ അവരിങ്ങ് ഓടി വരുന്നേ... " " പിന്നല്ല.. അങ്ങനെ പറഞ്ഞു കൊട് ടീച്ചറമ്മേ... "

ടീച്ചർ അവരെ പിന്തുണച്ചു സംസാരിച്ചതും ലൈലയും രേണുവും ഒരേ സ്വരത്തിൽ പറഞ്ഞു... " എന്നാൽ പിന്നെ നിങ്ങളിരുന്ന് ബോറടി മാറ്റ്... ഞാൻ പോയി എല്ലാർക്കും ചായ മേടിച്ചോണ്ട് വരാം... " അതും പറഞ്ഞു ശരത്ത് പുറത്തേക്കിറങ്ങി പോയി... നാല് പെണ്ണുങ്ങളും ഓരോരോ വർത്തമാനം പറഞ്ഞിരുന്നതിനാൽ അവരുടെ ഇടയിൽ നിന്ന് കാശിക്ക് ബോറടിച്ചു തുടങ്ങി.. അടുത്തിരുന്ന ഇഷയോട് അവനെന്തോ സ്വകാര്യം പറഞ്ഞു... "അമ്മേടെ പാട്ട് ഞാനിതുവരെ കേട്ടിട്ടില്ലല്ലോ... ഒരു പാട്ട് പാട്... കൂടെ ലൈലയും...." "അയ്യോ... ഇവിടെ വെച്ചോ....??!! പിന്നൊരിക്കലാകാം മോളേ... ഒരീസം വീട്ടിലേക്കിറങ്ങൂ...." " അതൊന്നും പറ്റില്ല..!!! ഇപ്പോ പാടൂ പ്ലീസ്.... " അപേക്ഷാ സ്വരത്തിൽ ഇഷ പറഞ്ഞതും ടീച്ചറമ്മയ്ക്ക് പാടാതിരിക്കാനായില്ല... ടീച്ചറൊരു മെലഡിയിൽ പിടിച്ചതും കൂടെ ലൈലയും പാടി തുടങ്ങി... ഉള്ളിലൊരു സങ്കടക്കടൽ ഇരമ്പുന്നതിനാലാകും ലൈലയുടെ സ്വരമൊന്നിടറി... കണ്ണ് നിറഞ്ഞു തൂവി.. ടീച്ചറമ്മ പെട്ടെന്ന് തന്നെ പാട്ട് നിർത്തി...എല്ലാവരുടെയും ശ്രദ്ധ ലൈലയെന്ന കേന്ദ്രബിന്ദുവിലേക്ക് മാത്രമായൊതുങ്ങി... "എന്താ പറ്റിയെ മോളേ...." അവളുടെ തോളിൽ തൊട്ട് കൊണ്ട് ടീച്ചറമ്മ ചോദിച്ചു....

" വിക്ക്സ് ഗുളിക കഴിക്കൂ കിച്ച് കിച്ച് അകറ്റൂ....!!!!" സംഗതി അത്ര പന്തിയല്ലെന്ന് മനസ്സിലായതും രേണു ഇടയിൽ കയറി പറഞ്ഞു.... പെണ്ണിന്റെ അസ്ഥാനത്തുള്ള കോമഡി കേട്ടപ്പോൾ കരച്ചിലിന് വക്കോളമെത്തിയ ലൈല പോലും ചിരിച്ചു പോയി... അന്തരീക്ഷം ശാന്തമാകാൻ അത്രയും മതിയായിരുന്നു.... അപ്പോഴേക്കും ശരത്തും എത്തിയിരുന്നു... എല്ലാവരും കളി ചിരിയുമായി ചായ കുടിച്ചു... പക്ഷേ അപ്പോഴും ശരത്തിൽ ഗൗരവം നിറഞ്ഞു നിന്നിരുന്നു.... ലൈലയും രേണുവും തിരിച്ചു പോകാനിറങ്ങിയതും ഇഷാൻവിയും കൂടെയിറങ്ങി... മൂന്നുപേരും ഒരുമിച്ച് ഹോസ്പിറ്റൽ വരാന്തയിലൂടെ നടക്കുമ്പോൾ ലൈലയുടെ മനസ്സിലൂടെ ഒരു വടം വലി നടക്കുന്നുണ്ടായിരുന്നു.. മറ്റൊന്നുമല്ല, ഇഷയോട് തന്നെ അവൾ രാവിലെ പറഞ്ഞ കാര്യങ്ങൾ ചോദിക്കണമോ വേണ്ടയോ എന്നുള്ള സംശയം... ഒടുവിൽ ഒത്തിരി നേരത്തെ ആലോചനയ്ക്കൊടുവിൽ ഇഷയോട് കാര്യങ്ങൾ ചോദിക്കുവാനവൾ തീരുമാനിച്ചു.... " ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുതേ... എന്നെയിതിനു മുന്നേ ചേച്ചിക്ക് അറിയാമോ...??!! രാവിലെ കാശിയേട്ടൻ പരിചയപ്പെടുത്തിയപ്പോൾ മുന്നേ അറിയുന്നൊരാളെ പോലെയാണല്ലോ സംസാരിച്ചത്...

അപരിചിതത്വം ഫീലായതേയില്ല....!!" " അറിയാലോ.. ലൈലയെ ഞങ്ങളുടെ ഗാങ്ങിലെ എല്ലാർക്കുമറിയാം....തന്നെ കുറിച്ച് പലപ്പോഴും കാശി പറഞ്ഞിട്ടുണ്ട്... ശരത്തിന്റെയും കാശിയുടെയും സംസാരത്തിൽ പലതവണ കടന്നു വരുന്ന പേരാണ് തന്റേത്.... " ഇഷ പറഞ്ഞതും അത്ഭുധത്തോടെ പെണ്ണവളെ നോക്കി.. " നിറയെ പറഞ്ഞിട്ടുണ്ട്...തന്നെക്കാൾ കൂടുതൽ അമ്മയ്ക്ക് പ്രിയമുള്ള ഉമ്മച്ചിക്കുട്ടിയെ കുറിച്ച്... ശാസിച്ചും വഴക്ക് പറഞ്ഞും കാശിയുടെ അടുത്ത് സ്ട്രിക്ടായി നിൽക്കുന്ന അമ്മയെ മെരുക്കിയെടുത്ത അമ്മയുടെ ലൈലപ്പെണ്ണിനെ കുറിച്ച്... നിങ്ങളുടെ ബോണ്ടിങ് കാണുമ്പോൾ അസൂയപ്പെട്ട് അമ്മയുടെ സ്നേഹം കിട്ടാൻ അടുത്ത ജന്മം ലൈലയായി ജനിക്കണമെന്ന് തമാശയായി കാശി പറയുമായിരുന്നു... " ചിരിയോടെ ഇഷ പറഞ്ഞു നിർത്തി... " പിന്നേ... പിന്നെയെന്താ രാവിലെ അങ്ങനെയൊക്കെ പറഞ്ഞത്....??!" " അതോ.... കാര്യമുണ്ടെന്ന് കൂട്ടിക്കോളൂ... സമയമാവുമ്പോൾ അവന്മാർ തന്നെ പറഞ്ഞോളും... പോട്ടെടാ...?? " രണ്ടുപേരോടും യാത്ര പറഞ്ഞ് ഇഷ വണ്ടിയെടുത്തു.. പിന്നാലെ രേണുവും ലൈലയും... " ലൈലൂ... സംതിങ് ഫിഷീ.....

എനിക്ക് തോന്നുന്നത് നിന്റെ നരി ഒന്നുകിൽ കാശിയേട്ടനോ ശരത്തേട്ടനോ ആകും... അല്ലെങ്കിൽ അവർക്കറിയുന്ന ആരോ... എപ്പോഴും കളിയാക്കി കൌണ്ടർ അടിച്ചു സംസാരിക്കുന്ന ശരത്തേട്ടന് പതിവില്ലാത്ത ഗൗരവം... നീ ശ്രദ്ധിച്ചോ...??!!" " ഹ്മ്മ്.... എന്തേലുമാവട്ടെ രേണൂ..... ഞാനത്രേം സ്നേഹിച്ചതല്ലേ....???!! ഞാനത്രേം വിശ്വസിച്ചതല്ലേ....???!! എന്നെയങ്ങനെ വേണ്ടെന്ന് വെക്കാനൊന്നും നരിക്കാവില്ല... വരും... എപ്പോഴാണേലും വരും.... ആ വിശ്വാസത്തിന്റെ പുറത്താ ഞാനിപ്പോ ജർവിച്ചിരിക്കുന്നത് തന്നെ.... " അത്രയും പറഞ്ഞപ്പോഴേക്കും പെണ്ണിന്റെ കണ്ഠമിടറിയിരുന്നു.... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരക്ഷരൻ എന്ന ഓൺലൈൻ എഴുത്തുകാരൻ ലൈലയുടെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായി മാറിയിട്ട്... ശിവന്യ അതായിരുന്നു ലൈലയുടെ ഫേസ്‌ബുക് ഐഡിയുടെ പേര്... വായനയിൽ നിന്ന് എഴുതിലേക്ക് ഭ്രമം തോന്നി തുടങ്ങിയപ്പോൾ വീട്ടുകാരോ നാട്ടുകാരോ അറിയരുത് എന്ന ലക്ഷ്യത്തോടെ എടുത്തതാണീ ഫേക്ക് ഐഡി... എഴുത്തിൽ നല്ല ശ്രദ്ധ പിടിച്ചു പറ്റാനും ഒത്തിരി വായനക്കാരെ സൃഷ്ടിച്ചെടുക്കാനും കഴിഞ്ഞതോടെ ഫേസ് ബുക്ക്‌ സൗഹൃദങ്ങളേറി വന്നു...

പരസ്പരം കൌണ്ടർ അടിച്ചും ട്രോള്ളിയും ആ സൗഹൃദങ്ങൾ ആഘോഷിക്കപ്പെട്ടു.. അതിനിടയിലാണ് ഒരു എഴുത്ത് ഗ്രൂപ്പിന്റെ ഭാഗമാവാനുള്ള ക്ഷണം ലൈലയ്ക്ക് ലഭിക്കുന്നത്.. അവിടെയും എല്ലാവരുടെയും ഇഷ്ടം പിടിച്ചു പറ്റാൻ അവൾക്ക് കഴിഞ്ഞു... അങ്ങനെ മുന്നോട്ട് പോകുന്നതിനിടയിൽ എപ്പോഴോ ആണ് ഗ്രൂപ്പിലെ സൈലന്റ് മെമ്പറായ നിരക്ഷരൻ എന്ന ഐഡി ശ്രദ്ധയിൽ പെടുന്നത്.. എന്തോ ആ പേരിനാലോ ആളുടെ ഗൗരവപരമായ പെരുമാറ്റം കൊണ്ടോ എഴുത്തു ഗ്രൂപ്പിലെ ആവിശ്യങ്ങൾക്ക് വേണ്ടി മാത്രം സംസാരിക്കുന്ന ആ ആളോട് ബഹുമാനം മാത്രമായിരുന്നു... അത്‌ കൊണ്ട് തന്നെ ആളെയൊന്ന് പരിചയപ്പെടാൻ പോലും ഇൻബോക്സിൽ ചെന്നതുമില്ല.... രാത്രിയിലെ പഠിത്തത്തിനിടയിൽ എപ്പോഴോ പതിവിന് വിപരീതമായി ഗ്രൂപ്പിലെ നിർത്താതേയുള്ള മെസ്സേജുകൾ ശ്രദ്ധിച്ചപ്പോഴാണ് നിരക്ഷരന്റെ ജന്മദിനമാണെന്ന് അറിയുന്നത്... പന്ത്രണ്ടു മണി ആയപ്പോൾ തൊട്ട് തന്നെ എല്ലാവരും ആശംസകളും ട്രോളുകളുമൊക്കെയായി ഇറങ്ങിയിരുന്നു..

"Happiest birthday dear.... ❤" ചെറിയൊരു വിഷസ് ആളുടെ ഇൻബോക്സിൽ എഴുതിയിട്ട് നെറ്റും ഓഫ് ചെയ്ത് കിടന്നു.. രാവിലെ എഴുന്നേറ്റപ്പോഴും ഗ്രൂപ്പിൽ ബഹളം തന്നെ.. ക്ലാസിനു പോകേണ്ടതിനാൽ തന്നെയും പിന്നീട് അവിടെ കയറിയതേയില്ല... കുളിച്ചൊരുങ്ങി ആഹാരം കഴിക്കാനായി ഇരുന്നപ്പോഴാണ് മെസ്സഞ്ചറിലെ മെസേജുകളിലൂടെ കണ്ണോടിച്ചത്.. നിരക്ഷരന്റെ റിപ്ലൈ ഉണ്ട്... "Thanq... ❤ " അത്രയും മാത്രം.. അതിന്മേൽ ഒരു ഡബിൾ ക്ലിക്ക് അടിച്ചു ഗ്രൂപ്പിലെ മെസേജുകളിലൂടെയൊന്ന് കണ്ണോടിച്ചു... ആരോ ഒരു പാട്ട് പാടി തുടങ്ങി വെച്ചിട്ടുണ്ട്... പിറകെ ഓരോരുത്തരായി പാടിയിടുന്നുമുണ്ട്.. 🎶 കണ്മണി അമ്പോട് കാതലൻ നാൻ എഴുതും കടിതമേ .. പോണ്മണി ഉൻ വീട്ടിൽ സൗഖ്യമാ നാൻ ഇങ്ക് സൗഖ്യമേ … ഉന്നൈ എണ്ണി പാർക്കൈയിൽ കവിതയ് സൊട്ട്ത്..… അതയ് എഴുത നിനൈക്കൈയിൽ വാർത്തയ് മുട്ടുത്..…. 🎶 ഒരു കൗതുകത്തിന് രണ്ടുവരി പാടി അവളുമിട്ടു... ലൈല പാടുമെന്നുള്ള കാര്യം ഗ്രൂപ്പിൽ ആർക്കും അറിയില്ലായിരുന്നു.... കോളേജിലെ ബ്രേക്ക്‌ ടൈം ഫോണെടുത്ത് നോക്കിയപ്പോൾ പതിവ് പോലെ ഗ്രൂപ്പ് മെസ്സേജ് തിങ്ങി നിറഞ്ഞിരിപ്പുണ്ട്...

അതിനിടയിലാണ് നിരക്ഷരന്റെ മെസ്സേജ് ശ്രദ്ധയിൽ പെടുന്നത്... " എന്തൊരു മാജിക്കൽ വോയിസ്‌ ആണെടോ തന്റേത്...??!!! ഞാനത് എത്ര തവണ കേട്ടെന്നോ... എനിക്ക് 'പാതിരാവായി നേരം പനിനീർ കുളിരമ്പിളി' ആ സോങ് പാടിത്തരാമോ...?? " " ഞാനിപ്പോൾ കോളേജിലാ... വൈകിട്ട് വീട്ടിൽ ചെന്നിട്ട് പാടാമേ... " അവിടുന്ന് തുടങ്ങിയ സൗഹൃദമാണ് ലൈലയുടെയും നരിയുടെയും... അവളോടും ഗ്രൂപ്പിലുള്ള മറ്റു മെമ്പേഴ്സിനോടുമുള്ള ആളുടെ മാന്യമായ പെരുമാറ്റവും കരുതലുമൊക്കെ ലൈലയിൽ പ്രണയം മൊട്ടിടാൻ അധിക കാലമൊന്നുമെടുത്തില്ല... ദിവസങ്ങൾ കഴിയും തോറും നരിയുടെ രൂപമില്ലാത്ത രൂപം പെണ്ണിന്റെ ഉറക്കം കെടുത്തി തുടങ്ങി... ഒരു ദിവസം പോലും മിണ്ടാതിരിക്കാൻ പറ്റില്ലെന്ന അവസ്ഥ... ആഴ്ചയിലൊരിക്കലുള്ള നരിയുടെ കോളിനായി മനം തുടിച്ചു തുടങ്ങി... ആ ശബ്ദം കേൾക്കുമ്പോഴൊക്കെയും അടിവയറ്റിൽ മഞ്ഞു വീഴുന്ന പ്രതീതി... " നരീ... എനിക്ക് തോന്നുവാ എനിക്ക് തന്നോട് സൗഹൃദത്തിൽ കവിഞ്ഞൊരു ഇഷ്ടമുണ്ടെന്ന്... " ഇനിയുമിങ്ങനെ പറയാതിരുന്നാൽ ശരിയാവില്ലെന്ന അവസ്ഥയായതും അവൻ വിളിച്ചപ്പോൾ ലൈല നരിയോട് കാര്യം തുറന്നു പറഞ്ഞു.... "വാട്ട്‌ യൂ മീൻ ശിവു....???!!" "ഐ മീൻ... ഐആം ഇൻ ലവ് വിത്ത്‌ യൂ നരീ... നീയില്ലാതെയെനിക്ക് പറ്റില്ലിനി..." "നരീ...." കുറേ നേരത്തേക്ക് നരി നിശബ്ദനായിരുന്നു...

പറഞ്ഞത് അബദ്ധമായെന്ന തോന്നലിൽ ലൈല നരിയെ മൃദുവായി വിളിച്ചു.... "നരീ..... ഞാൻ പറഞ്ഞുവെന്ന് വിചാരിച്ച് നീ മിണ്ടാതിരിക്കരുത്... നമ്മുടെ സൗഹൃദം ഇല്ലാതാവുകയും വേണ്ട.... ഇതുപോലെയാണേലും നീ എന്നുമെന്റെ കൂടെയുണ്ടായാൽ arമതി...." " അതല്ല പെണ്ണേ... ഞാനിത് പലതവണ പറയണമെന്ന് ആഗ്രഹിച്ചതാ.. പക്ഷേ.. എന്റെ ശബ്ദത്തിലൂടെയും എഴുതിലൂടെയും മാത്രമേ തനിക്കെന്നെ അറിയുള്ളൂ... എനിക്ക് തോന്നിയ ഇഷ്ടം തനിക്കില്ലേൽ നമ്മുടെ ഫ്രണ്ട്ഷിപ് ഇല്ലാതാകുമോയെന്ന് ഞാൻ ഭയന്നു... ഓൺലൈൻ സൗഹൃദം പലപ്പോഴും വിശ്വാസ യോഗ്യമല്ലെന്ന് പല വാർത്തകളിലൂടെ തെളിയിച്ചു കൊണ്ടേയിരിക്കുന്ന കാലമാ... അങ്ങനെയുള്ളപ്പോൾ പ്രൊപ്പോസ് ചെയ്‌താൽ തന്റെ മനസ്സിൽ ഞാനും eഇൻബോക്സിൽ ചിക്കിപ്പെറുക്കാൻ വരുന്ന കോഴികൾക്ക് സമമായിപ്പോകുമോ എന്നൊരു പേടി.... പിന്നേ എന്നേലും തന്റെ മുന്നിൽ ഞാൻ ഞാനായിട്ട് പ്രത്യക്ഷപ്പെടുന്ന കാലം ഇഷ്ടം തുറന്നു പറയാം എന്നോർത്തതാ.." " എങ്കിൽ പിന്നേ ഈ മറയൊക്കെ അഴിച്ചുവെച്ച് പ്രത്യക്ഷപ്പെടണം ഹേ... വീഡിയോ കാളിൽ വാ നരി... നമ്മുടെ ഫസ്റ്റ് മീറ്റ് ഇന്ന് തന്നെയാവട്ടെ.... "

" അത്‌ വേണ്ട പെണ്ണേ... നമുക്ക് നേരിട്ട് കാണാം... ന്റെ ശിവൂനെ എനിക്ക് നേരിട്ട് കണ്ടാൽ മതി.. ആ ഒരു ത്രില്ല് അത്‌ വേറെ തന്നെയാ.... " " അപ്പൊ മുന്നിൽ കാണുന്നത് പത്തറുപത് വയസ്സുള്ള കിളവിയെ ആണെങ്കിലോ...??!!" "ആവില്ല... നിനക്കായ്‌ ഞാനൊരു രൂപം പകുത്തു വെച്ചിട്ടുണ്ട് ശിവൂ... എനിക്കുറപ്പാ ആ രൂപത്തിൽ ഒരു മാറ്റവും നിനക്കുണ്ടാകില്ലെന്ന്... ഞാൻ വരുമ്പോ അതും കൊണ്ടേ വരുള്ളൂ... നീ ഞെട്ടും നോക്കിക്കോ... " അടുത്തയാഴ്ച നേരിട്ട് കാണുന്നതിനയുള്ള പദ്ധതിയും തയ്യാറാക്കിയാണ് നരി കോൾ അവസാനിപ്പിച്ചത്... ലൈലയുടെ മുന്നിൽ സ്കൂട്ടി നിർത്തിയപ്പോഴാണ് പൊടി തട്ടിയെടുത്ത ഓർമകളിൽ നിന്നുമവൾ മുക്തയായത്... "ലൈലൂ... ഫ്രീയാകുമ്പോൾ രാത്രി നീ വിളിക്ക്... നമുക്കിന്ന് ശരത്തേട്ടന്റെയും കാശിയേട്ടന്റെയും എഫ്ബിയും ഇൻസ്റ്റയുമൊക്ക അരിച്ചു പെറുക്കാം...." രേണുവാണേ.... " വേണ്ട രേണു... ആളെ അന്വേഷിച്ച് ഇനി ഞാൻ ചെല്ലില്ല... ആ സ്നേഹം സത്യമായിരുന്നേൽ നരിയെന്നെ തേടി തിരികെ വരും..." "സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവയെ സ്വതന്ത്രമായി വിടുക, തിരിച്ചു വന്നാൽ അത്‌ നിങ്ങളുടേതാണ് അല്ലെങ്കിൽ അത്‌ വേറെ ആരുടെയോ ആണ്... "

പണ്ടെങ്ങോ വായിച്ച മാധവിക്കുട്ടിയുടെ വരികൾ ഓർമിച്ചു പെണ്ണ്... ഉള്ളിലെ നോവടക്കിപ്പിടിച്ചു മുന്നോട്ട് നടക്കുന്ന ലൈലയെ ഒരു നിമിഷം നോക്കി നിന്ന ശേഷം രേണു വീട്ടിലേക്ക് തിരിച്ചു... ദിവസങ്ങൾ കൊഴിഞ്ഞു പോയി... ഒരു വാക്ക് പോലും മൊഴിയാതെ പെട്ടെന്നൊരുനാൾ അപ്രത്യക്ഷനായ തന്റെ പ്രാണന്റെ പാതിയായിരുന്നവൻ എന്നെങ്കിലുമൊരിക്കൽ തന്റെ മുന്നിൽ പ്രത്യക്ഷനാകുമെന്ന വിശ്വാസത്തിന്റെ പുറത്തായിരുന്നു ലൈലയുടെ പിന്നീടുള്ള ഓരോ ദിവസവും... കിടക്കാൻ നേരം പതിവ് പോലെ ഇൻസ്റ്റയിലും എഫ്ബിയിലും നരിയുടെ അക്കൗണ്ട് ഉണ്ടോയെന്നുള്ള പരിശോധനയ്ക്കിടയിലാണ് വാട്സപ്പിൽ ഒരു മെസേജ് വന്നത്.. പരിചയമില്ലാത്ത നമ്പർ ആണ്... വർധിച്ച ഹൃദയമിടിപ്പോടെയാണ് പെണ്ണ് മെസേജ് ഓപ്പൺ ചെയ്തത്... " നാളെ ഈവെനിങൊന്ന് കാണാൻ പറ്റുമോ...??? " മെസേജ് കണ്ടതുമവൾ ദൃതിയിൽ മുകളിലെ കുഞ്ഞു സർക്കിളിൽ കാണുന്ന പ്രൊഫൈൽ പിക്കെടുത്തു നോക്കി.. "ശരത്തേട്ടൻ....!!!" അത്ഭുധത്തോടെ ലൈലയുടെ വിരലുകൾ ഒരു മറുപടിക്കായി കീപാഡിലൂടെ ചലിച്ചു..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story