കാണാ മറയത്ത്..❤: ഭാഗം 40

kanamarayath

രചന: മീര സരസ്വതി

ഒരു വിധത്തിലാണവർ രേണുവിന്റെ വീട്ടിൽ എത്തിച്ചേർന്നത്.. " മോളേ... സുഖല്ലേ...?? രേണൂ... ഇതാരാ വന്നേക്കുന്നെന്ന് നോക്കിയേ...!!" അവളുടെ മുടിയിഴകളിലൂടെ തലോടിക്കൊണ്ട് അവളുടെ അച്ഛനമ്മമാർ ഒരുപാട് നാൾക്ക് ശേഷം കണ്ടതിന്റെ ആഹ്ലാദം വാത്സല്യമായി പ്രകടിപ്പിച്ചു... പക്ഷെ അവൾക്കപ്പോൾ ആവശ്യം ചായാനൊരു തോളായിരുന്നു... ലൈല വന്നെന്ന് കേട്ട പാതി കേൾക്കാത്ത പാതി രേണു അവിടെ ഹാജർ വെച്ചിരുന്നു... അവളെ കണ്ട മാത്രയിൽ കെട്ടിപ്പിടിച്ച് അവളുടെ തോളിലേക്ക് ചാഞ്ഞു കൊണ്ട് ലൈല പൊട്ടിക്കരഞ്ഞു പോയി... ആ കരച്ചിൽ രേണുവിലേക്കും പകരാൻ അധിക നേരമൊന്നും വേണ്ടി വന്നില്ല.. ********* " ബിപി കുറച്ച് കൂടുതലാണല്ലോ അമ്മേ..?? അതാണ് ക്ഷീണവും... ഇത്രയൊക്കെ ടെൻഷനടിക്കാനുള്ള കാര്യമെന്താ...?!!" ഡോക്ടർ ബിപി ചെക്ക് ചെയ്യുന്നതിനിടയിൽ സൗഹൃദ സംഭാഷണത്തിന് തുടക്കമിട്ടു... ടീച്ചർ വെറുതേയൊന്ന് ചിരിച്ചതേയുള്ളൂ...

" തൽക്കാലം മരുന്നിന്റെ ആവശ്യമേ കാണുന്നുള്ളൂ.. ഞാൻ ടാബ്ലറ്റ് എഴുതി തരാം... ഒരു മാസം കഴിഞ്ഞിട്ട് വീണ്ടും ചെക്ക് ചെയ്തിട്ട് പറയാം കണ്ടിന്യൂ ചെയ്യാണോ വേണ്ടയൊന്ന്..." ഡോക്ടർക്ക് നന്ദിയും പറഞ്ഞു കൊണ്ട് കാശിയും ടീച്ചറും പുറത്തേക്കിറങ്ങി... " അമ്മയ്ക്ക് നടക്കാൻ ബുദ്ധിമുട്ടാകുമെങ്കിൽ ഇവിടെ ഇരുന്നോളൂ... അല്ലെങ്കിൽ വേണ്ട.. ഞാനൊരു വീൽചെയർ കിട്ടുവോന്ന് നോക്കട്ടെ..." " അതൊന്നും വേണ്ടടാ, എനിക്കിപ്പോൾ നടക്കാം... നീ വന്നേ..." ഡോക്ടർ തന്ന മരുന്ന് ചീട്ടുമായി അവർ ഫാർമസി ലക്ഷ്യമാക്കി നടന്നു... " ഹേയ്.. കാശി.." പെട്ടെന്ന് പുറകിൽ നിന്നുള്ള വിളിയിൽ ഇരുവരും തിരിഞ്ഞു നോക്കി... "ഡോക്ടർ ഏബെൽ എബ്രഹാം...!!" കാശിയുടെ ചുണ്ടുകൾ ഉരുവിട്ടു.. ലൈലയെ റോഷൻ ഉപദ്രവിച്ചപ്പോൾ ചികിൽസിച്ച ഡോക്ടറാണ്... "മിസ്റ്റർ കാശിനാഥൻ.. റൈറ്റ്..???!!" സംശയം ദൂരീകരിക്കാനെന്നത് പോലെ ആൾ ചോദിച്ചതും കാശി തലയനക്കി.. " ഡോക്ടറെന്താണിവിടെ...??!!"

" ഞാനിവിടെയാ ഇപ്പൊ വർക്ക് ചെയ്യുന്നേ.. നല്ലൊരു ഓപ്പർച്യുണിറ്റി കിട്ടിയപ്പോൾ ഇവിടേക്ക് ചാടി... ക് ലിനിക്കിൽ ഇപ്പോ വേറെ ഡോക്ടറെ നിർത്തിയേക്കുവാ... നിങ്ങളെന്താ ഇവിടെ..??" " അമ്മയ്ക്കൊരു തല കറക്കം... ചെറിയ ബിപി വേരിയേഷനുണ്ട് അതാ...." " ഹ്മ്മ്.. മരുന്ന് കൃത്യമായി കഴിക്കെട്ടോ അമ്മേ..." ടീച്ചറെ നോക്കി പുഞ്ചിരിയോടെ പറഞ്ഞ ശേഷം വീണ്ടും കാശിയിലേക്കവൻ വന്നു... "ലൈലയ്ക്ക് എങ്ങനെയുണ്ട്..??" " ഇപ്പൊ ഒക്കെയാണ്... അവൾ തിരികെ നാട്ടിൽ പോയി..." " ഫൈസി കല്യാണക്കാര്യം പറഞ്ഞിരുന്നു.. താനും ലൈലയും തമ്മിലുള്ള കെമിസ്ട്രി കണ്ടപ്പോ നിങ്ങൾ വിവാഹിതരാകുമെന്നാ ഞാൻ കരുതിയത്... അന്ന് ലൈലയ്ക്ക് തന്നെ എങ്ങനെ അഭിമുഖീകരിക്കുമെന്നതായിരുന്നുടോ വലിയ പ്രശ്നം.. കൗൺസിലിംഗിനിടയിൽ അവളത് പറയേം ചെയ്തു... അതാടോ ഞാൻ അങ്ങനെയൊക്കെ ചിന്തിച്ചത്.." കാശിക്ക് തിരികെയൊന്നും പറയാനുണ്ടായിരുന്നില്ല..

ആ മുഖത്തു മൊട്ടിട്ട വിഷാദം മറച്ചു വെക്കാനായി അവനൊന്ന് ചിരിക്കാൻ ശ്രമിച്ചു... " ശെരിയെടോ.. ഇനിയിപ്പോ അവന്റെ കല്യാണത്തിന് വീണ്ടും കാണാം... ബൈ..." " ഹ്മ്മ്.. ഓക്കേ.. ബൈ..." ഡോക്ടർ തിരിഞ്ഞു നടന്നതും കൺകോണുകളിൽ ഒളിപ്പിച്ചു വെച്ച കണ്ണുനീർ അനുവാദമില്ലാതെ താഴേക്ക് പതിച്ചിരുന്നു.... ടീച്ചർ അവന്റെ പുറത്ത് പതിയെ തട്ടി ആശ്വസിപ്പിച്ചു... മകന്റെ അവസ്ഥയിപ്പോൾ മറ്റാരേക്കാളും മനസ്സിലാക്കാൻ കഴിയുന്നത് ആ അമ്മയ്ക്ക് മാത്രമാണല്ലോ..!! " പോകാ അമ്മാ..." കണ്ണുകൾ അമർത്തി തുടച്ചവൻ മുന്നോട്ട് നടന്നു... കൂടെ ടീച്ചറും... ********* "എന്തിനാടി പട്ടീ കരയുന്നേ...??!! മനുഷ്യനെക്കൂടി കരയിക്കാൻ... പോടീ..!!" കുറുമ്പോടെ ലൈലയുടെ തോളിൽ തല്ലിക്കൊണ്ട്‌ രേണു അവളെ തന്നിൽ നിന്ന് അടർത്തി മാറ്റി... പക്ഷേ, ലൈല കരച്ചിലടക്കാൻ വയ്യാതെ വേച്ച് കൊണ്ട് സോഫയിലേക്ക് വീണു... തല കുമ്പിട്ടിരുന്ന് പിന്നെയും പൊട്ടിക്കരയുന്നവളെ കണ്ടതും മൂവർക്കുമെന്തോ പന്തികേട് തോന്നി..

അതുവരെയും നാളുകൾക്ക് ശേഷം രേണുവിനെ കണ്ട സന്തോഷത്തിൽ കരയുന്നതാകുമെന്നാണ് അവർ കരുതിയത്... " എന്താ മോളെ, എന്താ പറ്റ്യെ..?!!! രേവമ്മയോട് പറ..." രേവതി വാത്സല്യത്തോടെ അവളുടെ തലയിൽ തലോടി... " വഴിയിൽ നിന്ന് ആരെങ്കിലും മോളെ എന്തെങ്കിലും പറഞ്ഞോ..?? അതോ ഉപദ്രവിച്ചോ...?? അല്ല, വീട്ടിൽ എന്തെങ്കിലും പ്രോബ്ലെംസ്...??" സുരേഷ് വെപ്രാളപ്പെട്ട് ചോദിച്ചു... " ഞാൻ കാശിയേട്ടനെ തേച്ചതാണെന്ന്.....!! ഞാൻ... ഞാനെങ്ങനെയാ അച്ഛാ...??! ഞാൻ സ്നേഹിച്ചിട്ടല്ലേ ഉള്ളൂ... എന്നിട്ടും... ??!! സ്നേഹത്തിനു വേണ്ടി യാചിക്കരുതെന്ന് അറിയാം, എന്നിട്ടും ഞാനിപ്പഴും യാചിച്ചോണ്ടിരിക്കുവാ... ആ ഞാൻ തേച്ചെന്ന്... എനിക്കെങ്ങനെ കാശിയേട്ടനെ തേക്കാൻ കഴിയും...?? എന്നെ ആർക്കും മനസ്സിലാക്കാൻ കഴിയില്ല... ആർക്കും...!! " " നാട്ടുകാർ ഇതല്ല ഇതിനപ്പുറവും പറയും... ചില ആളുകൾ അങ്ങനെയാ മോളെ... കേട്ടിട്ടില്ലേ, ആയിരം കുടത്തിന്റെ വായ മൂടിക്കെട്ടാം പക്ഷെ ഒരു മനുഷ്യന്റെ വായ മൂടിക്കെട്ടാൻ കഴിയില്ലെന്ന്... നാട്ടുകാര് പറയുന്നതും കേട്ട് നിന്നാൽ ജീവിക്കാൻ കഴിയില്ല.. മോളതൊക്കെ വിട്... കാശിക്ക് മോളെയും തിരിച്ച് ഇഷ്ട്ടല്ലേ..??

പിന്നെങ്ങനെ മോളീ വിവാഹത്തിന് സമ്മതിച്ചു...??" രാവിലെ രേണു കാര്യങ്ങളൊക്കെ പറഞ്ഞതാണെങ്കിലും കൂടി അവളിൽ നിന്ന് തന്നെ കാര്യങ്ങളറിയാൻ വേണ്ടിയാണ് സുരേഷ് ചോദിച്ചത്... " കാശിയേട്ടൻ ഇതുവരെ ഇഷ്ടമാണെന്നൊരു വാക്ക് പോലും പറഞ്ഞിട്ടില്ല... ഫൈസിയുമായുള്ള കല്യാണക്കാര്യം വന്നപ്പോൾ സമ്മതിച്ചോളാൻ പറഞ്ഞു.. ഒക്കെയെന്റെ തോന്നലാകും കരുതിയാ ഞാൻ വിവാഹത്തിന് സമ്മതിച്ചത്... തിരിച്ച് ഇങ്ങോട്ടില്ലാത്ത ഇഷ്ടം കൊതിച്ചിട്ടെന്തിനാ എന്നേ കരുതിയുള്ളൂ... പക്ഷേ, ഇനി കാശിയേട്ടനെ കൂടാതെ ജീവിക്കാൻ വയ്യെന്ന് ഇവിടെ വന്നപ്പോഴാ മനസ്സിലാകുന്നത്.... എനിക്ക് കാശിയേട്ടനില്ലാതെ പറ്റില്ലച്ഛാ... എന്നെയെന്തേ ഏട്ടന് മനസ്സിലാക്കാൻ കഴിയാത്തെ...??!! ആ മനസ്സിൽ ഞാൻ മാത്രമേയുള്ളൂന്ന് ഇഷ ചേച്ചിയും ശരത്തേട്ടനും പറഞ്ഞെനിക്കറിയാം.... കോളേജിൽ പഠിക്കുമ്പോൾ തൊട്ടേ എന്നോട് ഇഷ്ടമായിരുന്നെന്ന്.. പക്ഷേ... പക്ഷെ, അപ്പോഴൊന്നും എനിക്കത് തിരിച്ചറിയാൻ പറ്റിയിരുന്നില്ല...."

കണ്ഠമിടറിക്കൊണ്ട് അവൾ പറഞ്ഞതും രേവതി അവളെ തന്നോട് ചേർത്ത് നിർത്തി സമാധാനിപ്പിച്ചിരുന്നു... "ലൈലാ, മോള് വിഷമിക്കാതെ..... ഞാൻ കാശിയോട് സംസാരിക്കാം... അവനും സമ്മതമാണെങ്കിൽ മോൾടെ വീട്ടിൽ വന്നവൻ സംസാരിക്കട്ടെ.. കൂട്ടത്തിൽ ഫൈസാൻറെ വീട്ടുകാരോടും... വീട്ടിൽ സമ്മതിക്കില്ലെങ്കിൽ നിങ്ങൾ കൊച്ചു കുട്ടികൾ അല്ലല്ലോ..?!! പ്രായപൂർത്തിയായ സ്ത്രീയ്ക്കും പുരുഷനും ഒരുമിക്കാനുള്ള വഴികൾ വേറെയുമുണ്ടല്ലോ... നമുക്ക് അതിന്റെ വഴിക്കും നീങ്ങാം... രേണു... ലൈലയെയും കൂട്ടി അകത്തേക്ക് ചെല്ല്.. ഞാനൊന്ന് കാശിയെ വിളിക്കട്ടെ... ******** ടീച്ചർക്കുള്ള മരുന്നും വാങ്ങിച്ച് കാറിൽ കയറുന്ന നേരത്താണ് കാശിയുടെ ഫോണടിച്ചത്... " സുരേഷേട്ടനാണല്ലോ...!!! അമ്മ കയറി ഇരുന്നോ.. " ടീച്ചറെ കാറിൽ കയറ്റിയ ശേഷം ഫോണുമെടുത്ത് കാശി കുറച്ചു മാറി നിന്നു... " ഞാനൊരു കാര്യം ചോദിച്ചറിയാനാ കാശി വിളിച്ചത്..." " പറഞ്ഞോളൂ സുരേഷേട്ടാ..."

" ലൈല ഇവിടെയുണ്ട്... അവൾക്ക് തന്റെ കൂടെ ജീവിച്ചാൽ മതിയെന്ന്... എന്താ തന്റെ അഭിപ്രായം...??!!" " അവളെന്റെ ജീവനാ സുരേഷേട്ടാ... ഞാൻ കാരണം അവളാരുമല്ലാത്തവളായി പോകരുതെന്ന് അന്ന് ഞാൻ ചിന്തിച്ച്‌ പോയി... അതാണെന്റെ തെറ്റ്‌.... അവളില്ലാതെ എനിക്കോ ഞാനില്ലാതെ അവൾക്കോ ഇനിയങ്ങോട്ട് ജീവിതത്തിൽ ഒരു ചുവടു പോലും വെയ്ക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയതിപ്പോഴാ... !! വൈകിപ്പോയി....!!" " ആര് പറഞ്ഞു വൈകിയെന്ന്...??!! കാശി അവളെ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവളുടെ വീട്ടിൽ ചെന്ന് ആലോചിക്കണം... അവർ സമ്മതിക്കുമോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യം... എനിക്കറിയാം ലൈലയുടെ വീട്ടുകാർക്ക് അംഗീകരിക്കാൻ വലിയ പാടാണെന്ന്.... പക്ഷേ, അവളെ പിരിഞ്ഞ് ഇത്രയേറെ നാൾ നിന്നതല്ലേ... അവളില്ലാതെയുള്ള ആ വീട്ടിലെ ശൂന്യത അവരനുഭവിച്ചതല്ലേ... അത് കൊണ്ട് എന്റെ മനസ്സ് പറയുന്നു അവര് സമ്മതിക്കുമെന്ന്...

കാര്യം ഞാനുമൊരു പെൺകുട്ടിയുടെ അച്ഛനാണ്... കുടുംബത്തിന് മാനക്കേടുണ്ടാക്കുന്ന കാര്യമാണെന്നോർത്ത് ആദ്യം സമ്മതിക്കാതിരിക്കുമായിരിക്കും... എന്നാലും അവൾ വേദനിക്കുമ്പോൾ വേദനിക്കുന്നത് ഞങ്ങൾക്ക് കൂടിയല്ലേ... അധിക കാലമൊന്നും മക്കളെ വേദനിപ്പിച്ച് സ്വയം വേദന തിന്നാൻ കഴിയില്ലെടോ... അത് കൊണ്ട് നീ ആദ്യം ഫൈസാനെ വിളിച്ച് കാര്യങ്ങൾ ബോധിപ്പിക്ക്... നിങ്ങളുടെ സുഹൃത്തല്ലേ ആള്.. അവനു നിങ്ങളെ മനസ്സിലാക്കാൻ കഴിയും..." " ഹ്മ്മ്... ഞാനവനെ വിളിക്കാം സുരേഷേട്ടാ... ലൈലയെ വന്ന് ഞാൻ ചോദിക്കയും ചെയ്യാം.... അവളുടെ എക്സാം കഴിയും വരെ കാത്തിരിക്കാൻ അവളോട് പറയാവോ...?? ഇതിനിടയിൽ പെട്ട്‌ എക്സാം മുടങ്ങിപ്പോകേണ്ട..." സുരേഷിന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു... " നീ തന്നെ പറയടോ... ഞാനവൾക്ക് ഫോൺ കൊടുക്കാം...." " ഞാൻ വീഡിയോ കോളിൽ വന്നോട്ടെ സുരേഷേട്ടാ.. എനിക്കവളെയൊന്ന് കാണണം...." സുരേഷ് സമ്മതമറിയിച്ചതും കാശി വീഡിയോ കോൾ ചെയ്തു... ലൈലയെ മുറിയിൽ തനിച്ചാക്കി രേണുവും രേവതിയും പുറത്തേക്കിറങ്ങി... അവനെയൊന്ന് കാണണം,

മിണ്ടണമെന്ന് ആഗ്രഹിച്ച നേരത്തുള്ള കോൾ ആയതിനാൽ തന്നെയും സ്‌ക്രീനിൽ തന്റെ പ്രാണനെ കണ്ടതും അവളുടെയുള്ളം പിടഞ്ഞു പോയി... പൊട്ടിക്കരഞ്ഞു പോയി ലൈല.. അത് കണ്ടതും കാശിയുടെ കണ്ണും നിറഞ്ഞു വന്നു... " ലൈലൂ...." ആ വിളിയിൽ ശരീരം മുഴുവനും ശീതകാറ്റേറ്റ്‌ കുളിരും പോലെയവൾക്ക് തോന്നി... " കരയല്ലേ ലൈലൂ.. നല്ലകുട്ടിയായി കണ്ണൊക്കെ തുടച്ചേ... !!എന്നിട്ട് കരയാതെ ഞാൻ പറയുന്ന കാര്യങ്ങൾ കേൾക്ക്...." ഇട്ടിരിക്കുന്ന ഷാളിന്റെ അറ്റം കൊണ്ടവൾ കണ്ണുനീരൊപ്പി... "നിന്നെ ഞാനാർക്കും വിട്ടുകൊടിക്കില്ല ലൈലൂ... നീയീ കാശിക്കുള്ളതാ.. നിന്റേയുപ്പാന്റെ കാലു പിടിച്ചിട്ടാണെങ്കിലും ഞാൻ നിന്നെ നേടും... ഇനിയൊട്ടും സമ്മതിക്കില്ലെന്നാണെങ്കിൽ എന്റെ കൂടെയിറിങ്ങി വന്നാൽ മതി... നീ പറഞ്ഞത് പോലെ നമുക്ക് നമ്മൾ മൂവരും മാത്രം മതി... പക്ഷെ, എക്സാം ഒന്ന് കഴിയട്ടെ ലൈലൂ.. അതിനിടയിൽ പ്രശ്നം വേണ്ടാ.. ഫൈസിയെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം.." കാശി പറഞ്ഞു കഴിഞ്ഞതും അവളുടെ മുഖം നിലാവുദിച്ചത് പോലെ തിളങ്ങി... അപ്പോഴവന്റെ മുഖത്തേക്കും ആ ശോഭ പരന്നിരുന്നു... " സന്തോഷായോ... ഹ്മ്മ്..??"

"ഹ്മ്മ്..." " എന്നാ വെച്ചോട്ടെ...??" ലൈല സമ്മതമറിയിച്ചതും ഫോൺ വെച്ച് കാശി വണ്ടിക്കരികിലേക്ക് നടന്നു... ചിരിയോടെ നടന്നു വരുന്ന മകനെ കണ്ടപ്പോൾ സന്തോഷമുള്ള എന്തോ വാർത്തയാണ് ഫോണിൽ കേട്ടതെന്ന് ടീച്ചർ ഊഹിച്ചു... സീറ്റിൽ കയറി ഇരുന്നതും ടീച്ചറുടെ മുഖം ചേർത്ത് പിടിച്ച് നെറ്റിയിലവൻ അമർത്തി മുത്തി.. ടീച്ചറവനെ പുരികം വളച്ച് നോക്കിയതുമവൻ പൊട്ടിച്ചിരിച്ചു പോയി... " അമ്മയുടെ നിധി അമ്മയ്ക്ക് തന്നെ തിരിച്ചു കിട്ടാൻ പോകുന്നു...!!" "ഏഹ്ഹ്...?!!!" " പറയാം...." സ്റ്റിയറിങ് തിരിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചു കൊണ്ടവൻ കാര്യങ്ങൾ വിശദീകരിച്ചു... കാശിയുടെ കാർ ഗേറ്റിനകത്തേക്ക് പ്രവേശിച്ചപ്പോൾ അവിടെ ഫൈസിയുടെ കാർ കിടപ്പുണ്ട്... " ഏബൽ ഡോക്ടർ വിളിച്ചു പറഞ്ഞു കാണും... ഏതായാലും നന്നായി, അവനോട് ഇന്ന് തന്നെ കാര്യങ്ങൾ പറഞ്ഞേക്കാം....!!" കാറിൽ നിന്നിറങ്ങിയതും ഉമ്മറത്ത് ഗൗരവത്തോടെ തങ്ങളെയും നോക്കി നിൽക്കുന്ന ഫൈസിയെയവർ കണ്ടു... " ഫൈസീ.... " അരികിൽ ചെന്ന് വിളിച്ചപ്പോൾ അവൻ ഊക്കോടെ കാശിയെ പിന്നിലേക്ക് തള്ളി... ഒന്ന് വേച്ചു പോയെങ്കിലും ഒരുവിധത്തിലവൻ ബാലൻസ് ചെയ്തു നിന്നു......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story