കാണാ മറയത്ത്..❤: ഭാഗം 41

kanamarayath

രചന: മീര സരസ്വതി

" ഏബൽ ഡോക്ടർ വിളിച്ചു പറഞ്ഞു കാണും... ഏതായാലും നന്നായി, അവനോട് ഇന്ന് തന്നെ കാര്യങ്ങൾ പറഞ്ഞേക്കാം....!!" കാറിൽ നിന്നിറങ്ങിയതും ഉമ്മറത്ത് ഗൗരവത്തോടെ തങ്ങളെയും നോക്കി നിൽക്കുന്ന ഫൈസിയെയവർ കണ്ടു... " ഫൈസീ.... " അരികിൽ ചെന്ന് വിളിച്ചപ്പോൾ അവൻ ഊക്കോടെ കാശിയെ പിന്നിലേക്ക് തള്ളി... ഒന്ന് വേച്ചു പോയെങ്കിലും ഒരുവിധത്തിലവൻ ബാലൻസ് ചെയ്തു നിന്നു... രണ്ടാളും തമ്മിൽ സംസാരിച്ചു തീർക്കട്ടെയെന്ന് കരുതി ടീച്ചർ അകത്തേക്ക് നടന്നു... " നീയും ലൈലയും തമ്മിൽ ഇഷ്ടത്തിലാണോ...??" " ഫൈസീ...!!! ഞാനെല്ലാം പറയാം... വാ.." " വേണ്ടാ, ഇനിയൊന്നൊനും പറയണമെന്നില്ല... ഐ നോ എവെരിതിങ്...!! ഫ്രണ്ടിന്റെ ലവറെ സ്വന്തമാക്കാൻ മാത്രം അധപതിച്ചവനല്ല ഈ ഫൈസി... !! എന്നാലും ഒരു വാക്കെന്നോട് നേരത്തെ പറയായിരുന്നു കാശി... ഞാനീ കല്യാണത്തിനേ സമ്മതിക്കില്ലായിരുന്നു....!!" " സോറി ഡാ...

രണ്ടാൾക്കും മനസ്സിൽ അങ്ങനെയൊരു ഇഷ്ടമുണ്ടയിരുന്നുന്ന് നേരാ.. പക്ഷെ, ഞങ്ങളതേകുറിച്ച് തുറന്ന് സംസാരിച്ചില്ലായിരുന്നു... നിന്നോടൊപ്പമവൾ സന്തോഷായി ജീവിക്കുമെന്നുള്ള ഒരുറപ്പുണ്ടായിരുന്നു.. അത് കൊണ്ടാ കല്യാണക്കാര്യം ചർച്ചയിൽ വന്നപ്പോൾ ഇതിനെ പറ്റി പറയാതിരുന്നത്.. " " നിനക്ക് തെറ്റിയെടാ... അവളുടെ പ്രണയം അത് നീയല്ലേ കാശി...???!! പിന്നെയെങ്ങനെ എന്നോടൊപ്പം സന്തോഷത്തോടെ ജീവിക്കും..??!! ആത്മാവില്ലാത്ത ജഢത്തെ ചുമക്കുന്നതിനു തുല്യമായി മാറിയേനെ അത്... നിങ്ങൾ തമ്മിലൊരു ബോണ്ടിങ് ഉണ്ടെന്ന് നിങ്ങളോടൊപ്പമുള്ള സമയങ്ങളിൽ പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്... അത് കൊണ്ട് ലൈല കല്യാണത്തിന് സമ്മതിക്കില്ലെന്നാ ഞാൻ കരുതിയത്... അവൾ സമ്മതിച്ചപ്പോ ഐ വാസ് സർപ്രൈസ്ഡ്...!! നിങ്ങൾ തമ്മിൽ ഒന്നൂണ്ടാവില്ലെന്ന് കരുതി ആശ്വസിച്ചു... പക്ഷേ, ഇപ്പൊ ഇഷ വിളിച്ച് കാര്യങ്ങൾ പറഞ്ഞപ്പോൾ നിന്നെ ഞെരിച്ചു കൊല്ലാനാ തോന്നിയെ... ഒന്നും തുറന്നു പറയാതിരിക്കാൻ ഞാനത്രയ്ക്ക് അന്യനാണോ കാശീ...??!! ഞാൻ നിനക്ക് ശരത്തിനെയും ഇശയെയും പോലെ തന്നെയാണെന്നാ ഞാൻ കരുതിയത്... പക്ഷെ ഇപ്പോ...."

ഫൈസിയുടെ കണ്ണുകൾ മുറുകി... ശബ്ദമിടറി... കാശിയും ലൈലയും ടീച്ചറും ബാംഗ്ലൂർക്ക് വന്ന അന്ന് മുതൽ എല്ലാത്തിനും കൂട്ടായി താങ്ങായി അവർക്ക് നിന്നവനാണ്... അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ഓരോന്നും ഇഷയെയും ശരത്തിനെയും പോലെ അറിയാൻ അവകാശമുണ്ടെന്ന് കരുതിയതാണ്... എന്നിട്ടിപ്പോൾ ലൈലയോടുള്ള ഇഷ്ടം ഇഷയോടും ശരത്തിനോടും പറഞ്ഞിട്ടും തന്നോട് പറഞ്ഞില്ല... അവനു പരിഭവം തോന്നി... വേദന തോന്നി... അവഗണിച്ചുവെന്ന തോന്നലിൽ മനമിടറി... " നീ മാത്രമല്ലല്ലോ ഫൈസി അവളെ ആഗ്രഹിച്ചത്... അങ്കിളും ആന്റിയും അമ്മുവുമൊക്കെ ആഗ്രഹിച്ചതല്ലേ...?! അവരൊക്കെ വിഷമിക്കുമല്ലോ കരുതിയപ്പോ...." " സ്വയമങ്ങ് വിഷമിക്കാമെന്ന് രണ്ടാളും കരുതി... അല്ലെ...???!!" " സോറി ഫൈസി..." ഉത്തരമില്ലാതെ ക്ഷമ പറയാൻ മാത്രമേ കാശിക്കായുള്ളൂ... " നീ അത് വിട്... ഇനിയെന്താ പ്ലാൻ, അത് പറയ്... അവളിപ്പോ അവിടെയായ സ്ഥിതിക്ക് വല്ല്യൊരു സീനുണ്ടാകാല്ലോ...??"

" അവളുടെ എക്സാം കഴിഞ്ഞിട്ട് വീട്ടിൽ ചെന്ന് ചോദിക്കണം ഫൈസീ.. അവര് സമ്മതിക്കുമൊന്ന് നോക്കാം... ഇല്ലെങ്കിൽ വിളിച്ചിറക്കി വരേണ്ടി വരും... " " ഹ്മ്മ്... എക്സാം കഴിഞ്ഞു മതി കല്യാണമെന്ന് അബ്ബ വിളിച്ചു പറഞ്ഞിരുന്നു... സൊ അത് അങ്ങനെ തന്നെയിരിക്കട്ടെ അല്ലെ..??" " ഹാടാ... മാലിക്ക് അങ്കിളും റസീനയാന്റിയും....?? അവരിതെങ്ങനെയെടുക്കുമെന്നാ... " " അവരുടെ കാര്യം ഞാനേറ്റെടാ..." ചിരിയോടെ പറയുന്നവന്റെ കയ്യിൽ നന്ദിയോടെ പിടിച്ചു കാശി.. " സോറി ഡാ... ദേഷ്യമൊന്നും തോന്നരുതേ..." മതിവരാത്തത് പോലും പിന്നെയും ക്ഷമയാജിച്ചു.. " ഏയ് ഇല്ലെടാ... ഞങ്ങളുടെ ലൈലൂസിനെ പൊന്നു പോലെ നോക്കിയാൽ മതി..!!! വേറെയൊന്നും വേണ്ടാ..." ഉള്ളിലെ വിഷമം മറച്ചു വെച്ച് കൊണ്ടവൻ ചിരിച്ചു... " അല്ല ചോദിക്കാൻ വിട്ടു, രാവിലെയെങ്ങോട്ടാ രണ്ടാളും കൂടെ പോയത്...??" " അമ്മയ്ക്കൊരു തല കറക്കം... ബിപി കൂടിയതിന്റെയാ..." അപ്പോഴേക്കും ടീച്ചർ ജ്യൂസുമായി വന്നു...

" ആഹാ, നല്ലയാളാ... വയ്യാതെ ജോലി ചെയ്യുവാണോ...??!! " ഏയ് ഇപ്പോ കുഴപ്പമൊന്നുമില്ല മോനേ.. മരുന്ന് കുടിച്ചപ്പോ കുറവുണ്ട്..." " എന്നൊന്നും പറഞ്ഞാൽ പറ്റില്ല.. ടീച്ചർ പോയി റെസ്റ്റെടുക്ക്... ഞാൻ ഇറങ്ങിയേക്കുവാണേ..." ജ്യൂസ്‌ വലിച്ചു കുടിച്ചവൻ എഴുന്നേറ്റു... കാർ മുന്നോട്ടെടുക്കുമ്പോൾ അത് വരെ കാണിച്ച മനോ ബലമൊക്കെ ഒറ്റയടിക്ക് ഒഴുകിപ്പോയത് പോലെ തോന്നിപ്പോയി ഫൈസിക്ക്... കണ്ണുകൾ നിറഞ്ഞ് കാഴ്ചയെ മറയ്ക്കുമെന്നായപ്പോൾ കാർ റോഡിനരികിലേക്ക് ഒതുക്കി നിർത്തി... കുറച്ചു ദിവസങ്ങളാണെങ്കിലും അവളെ ചേർത്ത് കണ്ട നിറമുള്ള സ്വപ്നങ്ങളൊക്കെയും വെറും പാഴ്ക്കിനാക്കളായല്ലോ എന്നോർത്തതും അവനിൽ സങ്കട കടലിരരമ്പി... "സാരമില്ല...!! ജീവിതത്തിൽ സങ്കടങ്ങളൊത്തിരി അനുഭവിച്ചവളല്ലേ... അവളുടെ ഇനിയുള്ള ജീവിതമെങ്കിലും അവളാഗ്രഹിച്ചത് പോലെയാകട്ടെ... എന്നാലും ലൈലാഹ്‌...!!! ഈ ചുരുങ്ങിയ ദിവസത്തിനിടയ്ക്ക് തന്നെ എന്റെ ഹൃദയത്തിന്റെയങ്ങേയറ്റത്ത് ആ പേര് കൊത്തിവെക്കപ്പെട്ടു കഴിഞ്ഞു...

ഇനിയൊരാൾക്കുമത്‌ മായ്ച്ചു കളയാൻ കഴിയാത്ത വിധം അതവിടെ കുടികൊള്ളട്ടെ...... നഷ്ട സ്വപ്നമാണെങ്കിൽ കൂടിയും ഞാനതിനെ പ്രണയിച്ചു പോകുന്നു....!!" അല്പം നാടകീയത കലർത്തിയവൻ ചിന്തിച്ചു... ഫ്ലാറ്റിൽ എത്തിയതും നേരെയവൻ റൂമിലേക്ക് നടന്നു... മനസ്സിനെ പാകപ്പെടുത്താൻ കുറച്ചു നേരം വേണമെന്ന് തോന്നി.. കതക് ചാരാനവൻ മുതിർന്നതും വാതിൽ തള്ളി തുറന്ന് അമ്മു അകത്തേക്ക് കയറി... " ഭയ്യാ... ലൈലയ്ക്ക് ചേരുന്ന കുറച്ചു മോഡൽസ് ഞാൻ പിന്ട്രെസ്റ്സ്റ്റിൽ സേവ് ചെയ്ത് വെച്ചിട്ടുണ്ട്... !! നോക്കിയേ ഇതിലേത് മോഡൽ ഗൗണാ ഭംഗിയെന്ന്.... ഇനിയിപ്പോ അധികം സമയം കളയാൻ ഒന്നൂല്ലാലോ.. ഡിസൈൻ ചെയ്യാൻ കൊടുക്കേണ്ടതാ..." സ്‌ക്രീനിൽ കുറച്ചു മോഡൽസ് അവൾ കാണിച്ചു കൊടുത്തെങ്കിലും ഫൈസിയിൽ നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല... " ഒന്നും ഇഷ്ടായില്ലെ..??!! എന്താണ് ഭയ്യാ...?!! അല്ലെങ്കിലും അഭിപ്രായം ചോദിച്ച എന്നെ പറഞ്ഞാൽ മതിയായിരുന്നല്ലോ...!! ലൈലയോട് തന്നെ ചോദിക്കാം.. അതാ നല്ലത്..." പുറത്തേക്ക് പോകാൻ തുടങ്ങിയ അമ്മുവിനെ ഫൈസി തടഞ്ഞു നിർത്തി... " ഐ വാണ്ണ ടോക്ക് റ്റു യൂ..."

ഗൗരവം വിടാതെ പറഞ്ഞു കൊണ്ടവൻ ബാൽക്കണിയിലേക്ക് നടന്നു.. കയ്യിലെ ടാബ് ബെഡിൽ വെച്ച് അമ്മുവും അവനു പിന്നാലെ നടന്നു... ബാൽക്കണിയിലെ ചെയറിൽ അവൻ ചെന്നിരുന്നപ്പോൾ തൊട്ടരികിൽ ചെയറിൽ അമ്മുവുമിരുന്നു... ഫൈസിയുടെ നോട്ടം അറിയാതെ തന്നെ ഇഷയുടെ ബാൽക്കണിയിലേക്ക് പോയി.. ആദ്യമായി ലൈലയെ കണ്ട നിമിഷങ്ങളിലേക്ക് അവന്റെയോർമകൾ സഞ്ചരിച്ചു... അമ്മുവിൻറെ ശൂ ശൂ വിളിയിൽ കയ്യിലൊരു മാഗസിനുമായി തിരിഞ്ഞു നോക്കിയ മൊഞ്ചത്തിക്കുട്ടി.. അവളുടെ നോട്ടവും പുഞ്ചിരിയും അന്നേ ഹൃദയത്തിൽ പതിഞ്ഞതാണ്... ആദ്യമായി അവളെയും കൊണ്ട് ഷോപ്പിംഗിനു പോയതും, യാത്രയ്ക്കിടയിൽ കണ്ണ് നിറച്ചുള്ള അവളുടെ നിഷ്കളങ്കമായ നോട്ടം മിററിലൂടെ ഒപ്പിയെടുത്തതുമൊക്കെ ഓർമയിൽ തികട്ടി വന്നു.. ഓർമ്മകൾ വല്ലാതെ കുത്തി നോവിച്ചപ്പോൾ അത് മായ്ക്കാനെന്നോണം അവൻ തല ശക്തിയായി കുടഞ്ഞു... " ഇതെന്താ പറ്റ്യെ ഭയ്യാ...??!!!"

അമ്മു ചെറുതായി പേടിച്ചു... " അർഹതയില്ലാത്ത കുറേ സ്വപ്‌നങ്ങൾ നമ്മൾ നെയ്തു കൂട്ടിയല്ലോ മോളെ..!! ഒക്കെയും തിരുത്തണം...!" പറയുമ്പോൾ അവന്റെ നെഞ്ചകം വിങ്ങി.. അത് വാക്കുകളിൽ പ്രതിഫലിച്ചു... " ദേ സാഹിത്യം വിളമ്പാതെ കാര്യം മനസ്സിലാകും പോലെ പറയുന്നുണ്ടോ...??!! " " ലൈലേടെ കാര്യം..." " ഏഹ്ഹ്..??!!!" " അവൾക്ക് കാശിയെ ഇഷ്ടാ അമ്മൂ... അതിനിടെലാ ഞങ്ങളുടെ ആലോചന... ഞങ്ങളൊരധികപ്പറ്റായി അവരിലേക്ക് ചെല്ലേണ്ടിയിരുന്നില്ല..!!" അമ്മുവിന് അതൊരു ഷോക്കായിരുന്നു... " പക്ഷേ... ഞാനവളോട് പലവട്ടം ചോദിച്ചപ്പോഴും അവൾ സമ്മതിച്ചില്ലല്ലോ...!!" " അതിനവർക്ക് തമ്മിൽ ഇഷ്ടമാണെന്ന് മനസ്സിലാകുന്നത് തന്നെ നമ്മുടെ ആലോചനയ്ക്ക് ശേഷമാ...!! അവർ ഒന്നിച്ചോട്ടെ, അല്ലെ അമ്മൂസേ...??!! ജീവിതത്തിൽ കുറെ അനുഭവിച്ചതല്ലേ... ഇനിയെങ്കിലും സന്തോഷിക്കട്ടെ..." " ഹ്മ്മ്... ന്റെ ഭയ്യാക്ക് വിഷമം ഉണ്ടോ...??!!" " ഒരു പൊടിക്ക്.... അത് പിന്നെ ഇല്ലാതിരിക്കില്ലല്ലോ...!!" പറയുമ്പോൾ ഫൈസിയുടെ കണ്ഠമിടറിയിരുന്നു... " സാരില്ല... നമ്മുടെ ലൈലൂസല്ലേ... അവള് സന്തോഷായി ഇരിക്കട്ടെ..." അവനമ്മുവിന്റെ തോളിൽ കയ്യിട്ട് തന്നോട് ചേർത്ത് പിടിച്ചു.

അവളപ്പോൾ പൊട്ടിക്കരഞ്ഞു പോയി... അവളെ ആശ്വസിപ്പിച്ചു കൊണ്ടവൻ അവളുടെ നെറുകയിൽ മുത്തി... " അബ്ബയും ഉമ്മിയും... അവരോട് പറയേണ്ടേ....??" " വേണോന്നില്ല മക്കളെ.. ഞങ്ങൾ കേട്ടു.." ബാൽക്കണിയിലേക്കുള്ള വാതിൽ ചാരി നിൽക്കുന്ന മാലിക്കിനെയും ആളോട് ചേർന്ന് നിൽക്കുന്ന റസീനയെയും അപ്പോഴാണ് അവർ കണ്ടത്... " അബ്ബാ...." "സാരില്ലെടോ... നമുക്ക് വിധിക്കാത്തത് നമ്മൾ ആഗ്രഹിച്ചിട്ട് കാര്യമില്ലല്ലോ...?!! നീ പറഞ്ഞതാ ഫൈസി ശരി... നമ്മുടെ ലൈലൂസല്ലേ... അവള് സന്തോഷായി ഇരിക്കട്ടെ..." ******* കയ്യിലൊരു പുസ്തകവുമായി ബാൽക്കണിയിൽ വായനയിലേർപ്പെട്ടിരിക്കുകയാണ് ഫൈസി... വായിക്കുന്നുവെന്നേയുള്ളൂ.. ഒന്നും മനസ്സിൽ പതിയുന്നില്ല.. ആലോചനയത്രയും കൈവെള്ളയിൽ നിന്നൂർന്നു പോയൊരു പാവം പെണ്ണിനെ കുറിച്ചാണ്... ഇത്രയും കാലം സ്വാതന്ത്ര്യമേതെന്നറിയാതെ വളർന്ന പെണ്ണിനെ പുത്തനാകാശം കാണിക്കണമെന്നേറെ ആഗ്രഹിച്ചതാണ്... അവളെയും കൊണ്ട് രാജ്യങ്ങളായ രാജ്യങ്ങൾ സഞ്ചരിക്കണമെന്നും പ്രണയം പങ്കിടണമെന്നും കൊതിച്ചതാണ്... ഇതുവരെ ജീവിച്ചതല്ല ജീവിതം, ഇനി ജീവിക്കുന്നതാണ് ജീവിതമെന്ന് മനസ്സിലാക്കി കൊടുക്കുവാൻ ഏറെ ആഗ്രഹിച്ചതാണ്...

. എത്ര വേണ്ടെന്ന് വെച്ചിട്ടും മനസ്സിൽ ഒരു നൂറ് നൊമ്പരം കൂടു കൂട്ടി... ലൈലയെ വിളിക്കണമെന്ന് പലവട്ടം ആലോചിച്ചതാണ്... പക്ഷേ, ഇന്നലെ പലകുറി വിളിച്ചിട്ടും അവളെടുത്തില്ലല്ലോയെന്ന് ആലോചിച്ചതുമവൻ വേണ്ടെന്ന് വെച്ചു... ചിന്തകളെ വകഞ്ഞു മാറ്റി വായനയിലേക്ക് അവൻ തിരിഞ്ഞു... പെട്ടെന്നാണ് പോക്കെറ്റിലിരുന്ന ഫോൺ ശബ്ദിച്ചത്... എടുത്തു നോക്കിയപ്പോൾ ലൈലയാണ്... അവനു സന്തോഷം തോന്നി അതേ സമയം നിരാശയും... "ഹെലോ...." മറുപുറത്ത് മറുപടിയൊന്നുമില്ല... എങ്ങനെ പറഞ്ഞു തുടങ്ങുമെന്ന് ആലോചിക്കയാവും... " ലൈലാ..." അവൻ മൃദുലമായി വിളിച്ചപ്പോൾ മറുപുറത്തൊരു നെടുവീർപ്പ് കേട്ടു... " മിണ്ടില്ലേ...??" " എന്നോട് ദേഷ്യമാകോ എല്ലാർക്കും...?? ഞാൻ നിങ്ങളെയൊക്കെ പറ്റിച്ചെന്ന് കരുതിയോ...??" " ഹാ കരുതി..!! " അറുത്തുമുറിച്ചുള്ള അവന്റെ മറുപടിയവളിൽ വേദനയുണ്ടാക്കി... തന്റെ എടുത്തു ചാട്ടമാണ് എല്ലാത്തിനും കാരണം... വിവാഹത്തിനു സമ്മതിക്കാൻ തോന്നിപ്പോയ നിമിഷത്തെയോർത്തവൾ പഴിച്ചു...

പിന്നെയും നിശബ്ദത മൂടിയപ്പോൾ അതിനെ ബേധിച്ചു കൊണ്ട് ഫൈസി സംസാരിച്ചു തുടങ്ങി... " പ്രായവും പക്വതയുമെത്തിയ പെണ്ണാ ലൈലാ നീ... നിന്റെ അഭിപ്രായവും നിന്റെ ഇഷ്ടങ്ങളും പറയാൻ എവിടെയും മടിക്കരുത്, ആരെയും ഭയക്കരുത്... മറ്റുള്ളവരുടെ ഇഷ്ടങ്ങൾ നിന്റെ മേൽ അടിച്ചേൽപ്പിക്കുവാൻ സമ്മതിക്കയുമരുത്... നിനക്കിഷ്ടപ്പെടാത്ത കാര്യങ്ങൾ നിന്നിൽ അടിച്ചേൽപ്പിക്കുവാൻ ശ്രമിച്ചാൽ നോ പറയേണ്ടത് നിന്റെ ബാധ്യതയാണ്... ആ നോ വെറുമൊരു നോ ആവരുത്... മറിച്ച് ഓപ്പോസിറ്റ്‌ നിൽക്കുന്നവന്റെ വായടക്കാൻ ഉതകുന്ന ഒന്നാകണം... " കാശി പറഞ്ഞു നിർത്തി... ലൈലയപ്പോൾ അവന്റെ വാക്കുകളിലൂടെ ഇഴകീറി സഞ്ചരിച്ച് അവൻ പറഞ്ഞതിന്റെ പൊരുൾ തേടുകയായിരുന്നു... " നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലാകുന്നുണ്ടോ ലൈലാ..?? അറ്റ്ലീസ്റ്റ് ഇതിപ്പോൾ പറയാനുള്ള കാരണമെങ്കിലും...??" "...." " നിന്റെ എക്സാം കഴിഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് വരും..

വരുന്നത് കാശിക്ക് വേണ്ടിയുള്ള ആലോചനയുമായാകും... അവിടെ പല നാടകങ്ങളും നിനക്ക് കാണാൻ പറ്റും... കരച്ചിൽ, പിഴിച്ചിൽ, ദേഷ്യം, ഭീഷണി, അങ്ങനെ പല ഇമോഷണൽ ബ്ലാക്‌മെയ്‌ലിങും നടക്കും... അതിലൊന്നും വീണു പോകരുത്... നിന്റെ സ്റ്റാൻഡിൽ ഉറച്ചു നിൽക്കുന്ന ഉശിരുള്ള പെണ്ണാവണമപ്പോൾ... നിന്റെ സപ്പോർട്ടില്ലാതെ കാശിക്കവിടെ ഒന്നും ചെയ്യാൻ കഴിയില്ല... മനസ്സിലാകുന്നുണ്ടോ നിനക്ക്...??" " ഉണ്ട്... എന്റെ ഡിസിഷൻ അതിനി മാറില്ല ഫൈസിക്കാ... " ദൃഢമായി അവളത് പറഞ്ഞപ്പോൾ ഫൈസിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു... " ആഹ് പിന്നെ... ഞങ്ങൾക്കാർക്കും ദേഷ്യമൊന്നുമില്ല ലൈലാ... ഇതൊന്നും ആദ്യമേ പറയാതിരുന്നതിലുള്ള ചെറിയൊരു പരിഭവം മാത്രം... ദേ ഈ നിമിഷമെന്റെ പരിഭവം അലിഞ്ഞില്ലാതായി...!!" പൊട്ടിച്ചിരിയുടെ അകമ്പടിയോടെയവൻ പറഞ്ഞതും ലൈലയ്ക്കത്‌ വലിയ ആശ്വാസമായിരുന്നു... " എനിക്ക്‌ അങ്കിളിനോടും ആന്റിയോടും സംസാരിക്കണം ഫൈസിക്കാ...." "അതിനെന്താ ഞാൻ കൊടുക്കാം...." ഇതേ സമയം മാലിക്കിന്റെ കൈ തണ്ടമേൽ തലവെച്ച് കിടക്കുകയാണ് റസീന...

അയാളുടെ വിരലുകൾ അവരുടെ തലമുടികളിലൂടെ സഞ്ചരിക്കുന്നുണ്ട്... " ഇക്കാ... നമ്മുടെ മോന്റെ കാര്യത്തിൽ നമ്മളെടുത്ത തീരുമാനം അത് തെറ്റായിപ്പോയോ...??!!! അവനിപ്പോൾ വല്ലാതെ വിഷമിക്കുന്നുണ്ടാകും..." " ഹ്മ്മ്... തെറ്റു തന്നെയാ റസീ... പ്രായപൂർത്തിയായ കുട്ടികളാണവർ... അവരോട് ആദ്യമേ അഭിപ്രായം ചോദിക്കാതെ അങ്ങനെയൊരു സദസ്സിൽ അവതരിപ്പിച്ചത് തെറ്റ്‌ തന്നെയാ... പക്ഷെ... സാരമില്ല... വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാനാവില്ലെന്ന് പറയാറില്ലേ...??!! ഒരു നിമിഷത്തെ സ്വാർത്ഥതയ്ക്ക്, ലൈലയോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ട് അങ്ങനെയന്ന് ചോദിച്ചു പോയി... നമ്മുടെ മോന് നമ്മോട് ക്ഷമിക്കാനാവുമെടോ..!! " അവരെ ആശ്വസിപ്പിച്ചു കൊണ്ട് മാലിക്കവരുടെ നെറ്റിത്തടത്തിൽ ചുംബിച്ചു... " അബ്ബാ...." ഡോറിൽ തട്ട് കേട്ടപ്പോൾ അവരവനെ അകത്തേക്ക് ക്ഷണിച്ചു.... " ലൈലയാണ്...." ഫോൺ കൈമാറിക്കൊണ്ട് കാശി പറഞ്ഞതും ഇരുവരുടെയും കണ്ണുകൾ വിടർന്നു..

അയാൾ എഴുന്നേറ്റിരുന്ന് ലൗഡ് സ്പീക്കറിലിട്ടു.... " മോളെ ലൈലൂ..." " എന്നോട് ക്ഷമിക്കണം അങ്കിളേ.... " " ഇനിയിതിനൊരു ക്ഷമാപണമൊന്നും വേണ്ട മോളെ... ശരിക്കും നിങ്ങളെ ഈ ഒരവസ്ഥയിൽ എത്തിച്ചത് ഞങ്ങളല്ലേ... അപ്പൊ ഞങ്ങളല്ലേ ക്ഷമ ചോദിക്കേണ്ടത്...??!!" അതിനുള്ള മറുപടി പറഞ്ഞത് റസീനയാണേ... അവർക്കാർക്കും ദേഷ്യമില്ലെന്നറിഞ്ഞതും ലൈലയിൽ വല്ലാത്തൊരാശ്വാസം നിറഞ്ഞു... പിന്നെയും പരസ്പരം സമാധാനിപ്പിക്കലും ക്ഷമ പറയലുമൊക്കെ അവിടെ അരങ്ങേറി... "ഇനി അതൊന്നുമാലോചിക്കാതെ മോൾ പഠിച്ച് നന്നായി എക്സാം എഴുത്... ബാക്കിയൊക്കെ അത് കഴിഞ്ഞ് നമുക്ക് ശരിയാക്കാം ട്ടോ.." ഫോൺ വെക്കുന്നതിനിടയിൽ അവൾക്ക് മനോധൈര്യം പകരാനുമവർ മറന്നില്ല.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story