കാണാ മറയത്ത്..❤: ഭാഗം 42

kanamarayath

രചന: മീര സരസ്വതി

" ഇനിയിതിനൊരു ക്ഷമാപണമൊന്നും വേണ്ട മോളെ... ശരിക്കും നിങ്ങളെ ഈ ഒരവസ്ഥയിൽ എത്തിച്ചത് ഞങ്ങളല്ലേ... അപ്പൊ ഞങ്ങളല്ലേ ക്ഷമ ചോദിക്കേണ്ടത്...??!!" അതിനുള്ള മറുപടി പറഞ്ഞത് റസീനയാണേ... അവർക്കാർക്കും ദേഷ്യമില്ലെന്നറിഞ്ഞതും ലൈലയിൽ വല്ലാത്തൊരാശ്വാസം നിറഞ്ഞു... പിന്നെയും പരസ്പരം സമാധാനിപ്പിക്കലും ക്ഷമ പറയലുമൊക്കെ അവിടെ അരങ്ങേറി... "ഇനി അതൊന്നുമാലോചിക്കാതെ മോൾ പഠിച്ച് നന്നായി എക്സാം എഴുത്... ബാക്കിയൊക്കെ അത് കഴിഞ്ഞ് നമുക്ക് ശരിയാക്കാം ട്ടോ.." ഫോൺ വെക്കുന്നതിനിടയിൽ അവൾക്ക് മനോധൈര്യം പകരാനുമവർ മറന്നില്ല... വല്ലാത്തൊരു സമാധാനമായിരുന്നു അവൾക്കത്... പാതി പ്രശ്നങ്ങൾ അലിഞ്ഞില്ലാതായത് പോലെ... ഇനി വീട്ടുകാരെ നേരിടണം... അത് ചെറിയ കടമ്പയൊന്നുമല്ലെന്ന് അറിയാമവൾക്ക്... എങ്കിലും, കാശിയും ഫൈസിയുമടങ്ങുന്ന, തന്നെ സഹായിക്കാൻ അലിവുള്ള കുറച്ചു മനുഷ്യർ തനിക്കു ചുറ്റുമുണ്ടെന്നുള്ളത് അവൾക്ക് നൽകിയ ആശ്വാസം ചെറുതൊന്നുമല്ലായിരുന്നു...

കാശിയോടൊപ്പം റെസ്റ്റോറന്റിൽ കണ്ടതിനു തെറ്റിദ്ധരിച്ച് വീട്ടു തടങ്കലിലാക്കിയ ദിവസങ്ങളോർത്തു പോയി അവൾ.. അന്ന് തനിക്കാകെയുണ്ടായിരുന്ന കൂട്ട്‌ വല്ല്യുമ്മയായിരുനു... വീട്ടിൽ മറ്റുള്ളവരറിയും മുന്നേ കാര്യങ്ങൾ വല്ല്യുമ്മയോട് പറയണമെന്നവൾ തീർച്ചയാക്കി, ഇല്ലെങ്കിൽ അവർക്കത് ഒരിക്കലും പൊറുക്കാനാകാത്ത ഒന്നായി മാറുമെന്ന് അവൾക്കറിയാം... എക്സാം കഴിഞ്ഞൊരു നാൾ പറയാമെന്നവൾ ഉറപ്പിച്ചു... ഫോൺ ശബ്ദിച്ചപ്പോഴാണ് പെണ്ണ് ചിന്തയിൽ നിന്നുണർന്നത്... കാശിയാണെന്ന് കണ്ടതും അവളുടെ ചൊടികൾ വിടർന്നു.. കവിളുകൾ ചെഞ്ചുവപ്പണിഞ്ഞു... "ലൈലൂ..." അവളോടുള്ള സ്നേഹം മുഴുവനും ആ ഒറ്റ വിളിയിൽ നിറഞ്ഞു നിൽപ്പുണ്ട്... ആ വിളി തന്നെ പതിവിലും കുളിരണിയിക്കുന്നതായി തോന്നിയവൾക്ക്... " ഹ്മ്മ്....." " ഉറങ്ങിയായിരുന്നോ...??" " ഇല്ല... ഫൈസിക്കയെയും അങ്കിളിനെയും ആന്റിയെയും വിളിച്ചിരുന്നു ഇപ്പൊ... അവർക്ക് നമ്മളോട് ദേഷ്യമൊന്നുമില്ല... അതറിഞ്ഞപ്പോ ഒരാശ്വാസം..."

" അമ്മുവോ...??" കാശി ചോദിച്ചപ്പോഴാണ് ലൈല അവളെ കുറിച്ച് ഓർത്തത് തന്നെ... ഫൈസിയുമായുള്ള വിവാഹമുറപ്പിച്ചപ്പോൾ തുള്ളിച്ചാടിയവളാണ്.. തന്നെ അത്രയേറെ സ്നേഹിക്കുന്നവൾ.... താനവളുടെ നാത്തൂനായി വരുന്നതും കാത്ത് ഏറെ കൊതിയോടെ കാത്തിരുന്നവൾ... ദിവസം പലവട്ടം ഫോൺ വിളിച്ചിരുന്നവൾ ഇന്ന് തന്നെ വിളിച്ചതുമില്ല... പഠിക്കുന്ന തിരക്കിൽ താനത് ഓർത്തതുമില്ലെന്നാണ് സത്യം... ഫൈസിയെക്കാളേറെ അമ്മുവിനെ ഓർത്തപ്പോൾ അവൾക്കുള്ളം നീറി... " ലൈലൂ..." അവളിൽ കനത്ത നിശ്ശബ്ദതയാണെന്ന് കണ്ടതും കാശി വിളിച്ചു... " അമ്മു എന്നെ വെറുത്ത് കാണുമോ കാശിയേട്ടാ... ഞാനവളോട് ഒന്ന് സംസാരിച്ചു പോലുമില്ല...." " അങ്ങനെ വെറുക്കാനൊന്നും അവൾക്ക് കഴിയില്ല ലൈലൂസേ... നാളെയൊന്ന് അവളെ വിളിച്ച് സംസാരിച്ചാൽ മതി...." " ഹ്മ്മ്... വിളിക്കാം...." " എനിക്കിപ്പോ നീ അടുത്ത് വേണമെന്ന് തോന്നുവാ ലൈലൂ... ഞാൻ അവഗണിച്ചതിനൊക്കെ ആ മുഖത്ത് നോക്കി മാപ്പ് പറയണം..."

" മാപ്പ് പറയേണ്ട ആവശ്യമെന്താ കാശിയേട്ടാ...?!!" " അത്രയേറെ സ്നേഹിച്ച പെണ്ണിനോട് ഒന്ന് തുറന്നു പറയ പോലും ചെയ്യാതെ തള്ളിപ്പറഞ്ഞുവെന്ന് തോന്നിയോ ലൈലാ...?? പേടിയായിരുന്നുടോ... എന്നെ പോലെ നീയും... ആരോരുമില്ലാത്തവളായി ജീവിക്കേണ്ടി വരുമോയെന്ന്...!!" "ആര് പറഞ്ഞു കാശിയേട്ടാ നമുക്കാരുമില്ലെന്ന്...??!! നമുക്ക് നമ്മളില്ലേ....?!!! നമ്മുടെ അമ്മയില്ലേ...??!! ശരത്തേട്ടനും ഇഷ ചേച്ചിയുമില്ലേ..??!! മാലിക്കങ്കിളും ഫാമിലിയുമില്ലേ...??!! രേണുവും രാഹുലും അച്ഛനുമമ്മയുമില്ലേ..??!! അത്രയുമൊക്കെ മതിയല്ലോ..!!" " അതല്ല ലൈലൂ... ചുറ്റിനും കുടുംബക്കാരോ ബന്ധക്കാരോ ആരുമില്ലെന്ന് അച്ഛൻ മരിക്കുന്നത് വരെ അനുഭവപ്പെട്ടിട്ടില്ലായിരുന്നു... അച്ഛന്റെ മരണശേഷം ഞങ്ങൾക്ക്‌ താങ്ങും തണലുമായി ആരെങ്കിലുമുണ്ടായെങ്കിലെന്ന് പലവട്ടം ആലോചിച്ചിട്ടുണ്ട്.. എന്നെ വളർത്താനായി അമ്മ ഒറ്റയ്ക്ക് പോരാടുമ്പോൾ, കോളേജിൽ ഫീസടയ്ക്കാനായി അമ്മ കഷ്ടപ്പെടുന്നത്

കാണുമ്പോൾ അമ്മയുടേയോ അച്ഛന്റെയോ സഹോദരങ്ങൾ ആരെങ്കിലും വന്നിരുന്നെങ്കിൽ എന്നൊക്കെ കൊതിച്ചു പോയിട്ടുണ്ട്.. സ്കൂളിൽ ഓരോ വെക്കേഷന് ശേഷവും അമ്മവീട്ടിൽ പോയി വന്ന കഥകൾ ആവേശത്തോടെ കൂട്ടുകാർ പറയുമ്പോ വിഷമിച്ചു നിന്നിട്ടുണ്ട്... ശരത്ത് പുതിയ ഡ്രെസ്സൊക്കെ തയ്പ്പിച്ച് കസിൻസിന്റെ കല്യാണത്തിനൊക്കെ പോകുമ്പോൾ ആഗ്രഹിച്ചു നിന്നിട്ടുണ്ട്... ഓണത്തിനും വിഷുവിനും പോകാനും വരാനുമൊന്നും ഒരു ഇടമില്ലാത്ത അല്ലെങ്കിൽ ആരുമില്ലാത്ത അവസ്ഥ... ഭയങ്കര ഒറ്റപെടലാണെടോ... ഞാനെങ്ങാണ്ട് ഇല്ലാതായാൽ എന്റെ അമ്മയുടെ അവസ്ഥ വന്നാലോ തനിക്ക്... അത്രയൊക്കെ ആലോചിച്ചാ ഞാൻ...." കാശി വിഷമങ്ങൾ പങ്കുവെയ്ക്കുമ്പോൾ അവന്റെയരികിലായിരുന്നു ഇപ്പോൾ താനെങ്കിലെന്ന് അവൾ ആഗ്രഹിച്ചുപോയി... അവന്റെ കണ്ണിൽ പൊടിഞ്ഞു വന്ന നീർതുള്ളികൾ തുടച്ചു മാറ്റി, തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ച്, ഞാനുണ്ടെന്ന് പറയാതെ പറഞ്ഞ് കൂടെയിരിക്കാൻ ആഗ്രഹിച്ചു പോയി... " അമ്മയുടെ ജീവിതത്തിൽ അങ്ങനെയൊക്കെ സംഭവിച്ചെന്ന് കരുതി, നമ്മുടെ ജീവിതവും അങ്ങനെയാകണമെന്നുണ്ടോ കാശിയേട്ടാ...??

ഇനിയഥവാ അങ്ങനെയാണെന്ന് വെച്ചോ... ഇതിനെയൊക്കെ അതിജീവിച്ച് ടീച്ചറമ്മ ജീവിച്ചില്ലേ...?? കാശിയേട്ടനെ വളർത്തി വലുതാക്കിയില്ലേ... അതുപോലെ എനിക്കും പറ്റും... അല്ലെങ്കിലും ഇനിയീ ഒറ്റപ്പെടലൊക്കെ നമ്മുടെ പിള്ളേരിങ്ങെത്തുമ്പോൾ തീരൂന്നേ...!!" " ഏഹ്ഹ് എന്തോന്ന്....??!!" പെണ്ണിന്റെ വർത്താനം കേട്ടതും കാശി വായും പിളർന്ന് നിന്ന് പോയി... " കെട്ടിയില്ല, അതിനു മുന്നേ....!! പെണ്ണിന്റെ പൂതി നോക്കണേ... ഇവൾ കൊള്ളാലോ...!!!" മറുപുറത്തു നിന്നും കുപ്പിവള കിലുങ്ങും പോലെയുള്ള ചിരിയൊച്ച കേട്ടതും കാശിയും പൊട്ടിച്ചിരിച്ചു പോയി... പെട്ടെന്നാണ് ലൈലയുടെ റൂമിനു പുറത്ത് കാൽപ്പെരുമാറ്റം കേട്ടത്.. " ആരോ വരുന്നുണ്ട്... ഞാൻ വെക്കുവാണേ... " മറുപടിക്ക് കാത്ത് നിൽക്കാതെയവൾ ഫോൺ വെച്ചു... ഫോൺ ലോക്ക് ചെയ്ത്‌ മുന്നിലിരിക്കുന്ന ടെക്സ്റ്റ് ബുക്കിനു താഴേക്ക് മാറ്റി വെക്കുമ്പോഴേക്കും ഡോർ തുറന്ന് ഇജാസ് അകത്തേക്ക് കയറിയിരുന്നു... " പഠിക്കുവാണോ ലൈലൂ...??" അവൾ പുഞ്ചിരിയോടെ അതേയെന്നർത്ഥത്തിൽ തലയാട്ടി... " നീ പൂർണ്ണസമ്മതത്തോടെ തന്നെയാണോ ഈ കല്യാണത്തിന് സമ്മതിച്ചത്..?? " ലൈലയ്ക്ക് മറുപടിയുണ്ടായിരുന്നില്ല...

എന്ത് പറയണമെന്നറിയാതെ ജാലകത്തിനുള്ളിലൂടെ പുറത്തെ കട്ട പിടിച്ച ഇരുട്ടിലേക്കവൾ നോക്കി നിന്നു.. ആ നേരം അവളുടെ മുഖത്തെ നിസ്സംഗത ഒപ്പിയെടുക്കുകയായിരുന്നു ഇജാസ്.... ബാംഗ്ലൂരിൽ ചെന്നെത്തിയ ദിവസമവൻ ഓർത്തെടുത്തു.. കാശിയോടൊപ്പം ചിരിയോടെ വീട്ടിലേക്ക് കയറിവന്ന ലൈലയായിരുന്നില്ല പിന്നെ താൻ കണ്ട ലൈല... നാട്ടിലേക്ക് തിരിക്കാനായി കാറിൽ കയറുമ്പോൾ കരഞ്ഞു വീർത്ത കൺപോളകൾ ശ്രദ്ധിച്ചിരുന്നു.. പക്ഷേ, ടീച്ചറമ്മയെ വിട്ടു പിരിയുന്നതിലുള്ള വിഷമമാകുമെന്ന് കരുതി.. യാത്രയിലുടനീളം ഒന്നുമുരിയാടാതെ നിശബ്ദയായി കണ്ണുനീർ വാർത്തവളെ ശ്രദ്ധിച്ചിരുന്നു.. കാര്യമെന്താണ് ചോദിച്ചപ്പോഴും ഒന്നുമില്ലെന്ന മറുപടിയേ വന്നുള്ളൂ... വീട്ടിലെത്തിയാൽ ശരിയാകുമെന്ന് കരുതിയതായിരുന്നു... പക്ഷെ, മ്ലാനമായുള്ള അവളുടെ നിൽപ്പവനിൽ ഒരുപാട് സംശയം ജനിപ്പിച്ചു... "നിനക്കെന്നോട് എന്തെങ്കിലും സംസാരിക്കാനുണ്ടോ ലൈലാ..??!"

അവളുടെ മൗനം തുടർന്നപ്പോൾ ഇജാസ് ചോദിച്ചു.. വളരെ ആത്മാർത്ഥമായി തന്നെയാണ് അവൻ ചോദിച്ചതെങ്കിലും കാര്യങ്ങൾ തുറന്നു പറയാൻ ലൈലയ്ക്ക് ഭയമായിരുന്നു.. എല്ലാ പ്രശ്നങ്ങളുടെയും തുടക്കക്കാരൻ ഇജാസ് ആയിരുന്നല്ലോ..!! " ഒന്നൂല്ലിക്കാ..." അവനെ തീർത്തുമവഗണിച്ച് കൊണ്ട് ലൈല പറഞ്ഞപ്പോൾ അവൻ ചെറിയൊരു പുഞ്ചിരിയോടെ പലതും മനസ്സിലുറപ്പിച്ച് കൊണ്ട് എഴുന്നേറ്റ്‌ പോയി... അവന്റെ കാലൊച്ച അകന്നു പോയപ്പോൾ ലൈല നെഞ്ചിൽ കൈവെച്ച് ആശ്വാസത്തോടെ നിശ്വസിച്ചു... എക്സാം കഴിയും വരെ തനിക്കിവിടെ പിടിച്ചു നിന്നേ പറ്റുള്ളൂ... മുന്നിലിരിക്കുന്ന പുസ്തകത്തിലേക്ക് കണ്ണും മനസ്സുമവൾ ഒരുപോലെ ചലിപ്പിച്ചു... ********** ആഗ്രഹിച്ചതൊക്കെയും ഉള്ളം കയ്യിൽ വന്നു ചേരുമെന്ന പ്രതീക്ഷയുടെ പുൽനാമ്പുകളുമായി പുതിയ പുലരി പിറന്നു...... ഇന്നലെ ഒറ്റ ദിവസം കൊണ്ട് ജീവിതം മാറിമറിഞ്ഞല്ലോ... "കാശിയേട്ടന്റെ വധുവാകാൻ ഉമ്മയും ഉപ്പയും വീട്ടിലുള്ള എല്ലാവരും സമ്മതിക്കണേ യാ റബ്ബൽ ആലമീൻ...."

സുബിഹി നിസ്‌കാരാനന്തരം ലൈലയുടെ പ്രാർത്ഥനയതായിരുന്നു... ഈ ജീവിത നൗക തുഴഞ്ഞ് കരയ്ക്കടുപ്പിക്കാൻ എല്ലാവരും കൂടെ വേണമെന്നവൾ ആഗ്രഹിച്ചു... കാശിയേട്ടൻ ആഗ്രഹിക്കുന്നത് പോലെ ആരെയും നഷ്ടപ്പെടുത്താതെ ഒരു കുടുംബമായി കഴിയണം... പക്ഷെ വെറുമൊരു ആഗ്രഹമായി മാത്രമത് തീരുകയേ ഉള്ളുവെന്ന് അവൾക്കറിയാം.. കാരണം, തന്നെക്കാളും വലുത് കുടുംബത്തിന്റ പേരും മഹിമയുമാണെന്ന് ഒരുവട്ടം അവർ തെളിയിച്ചതാണല്ലോ...!! എങ്കിലും പ്രതീക്ഷയവൾ കൈവിട്ടില്ല... എല്ലാം സർവ്വശക്തനിൽ ഏൽപ്പിച്ചു... ചുരിദാറിന്റെ തട്ടം തലയിൽ കൂടി ചുറ്റിയിട്ട ശേഷം ഒരിക്കൽ കൂടി ലൈല കണ്ണാടിയിൽ നോക്കി.. മാസങ്ങൾക്ക് ശേഷം കോളേജിൽ പോകുകയാണ്.. അതിന്റെ എല്ലാ ആകാംക്ഷയും അവളിലുണ്ട്... കൂട്ടുകാരെയൊക്കെ കാണാനുള്ള ആവേശത്താലാകും പരീക്ഷയെ കുറിച്ചുള്ള ആവലാതികളൊന്നും ഉണ്ടായില്ല.. ബാഗുമെടുത്ത് താഴേക്ക് നടന്നപ്പോൾ ഉമ്മ ഫോൺ കോളിലാണ്...

"കല്യാണം അടുപ്പിച്ചുള്ള ഡേറ്റിന് വരാനാണെങ്കിൽ നിങ്ങൾ വരണ്ട.. അടുത്താഴ്ച തന്നെ രണ്ടാളും ഇങ്ങെത്തിക്കോണം..." വർത്താനം കേട്ടാൽ തന്നെ അറിയാം മറു തലക്കൽ ലമീസിക്കയാണെന്ന്... ലൈല വേഗത്തിൽ നടന്ന് ഫൗസിയയുടെ കവിളിൽ മുത്തി.. " ലമീസും ഹയയുമാ... നീ മിണ്ടിയിട്ട് പൊക്കോ..." " നേരുല്ലുമ്മാ... രേണു വരാനായി... അവരോട് അന്വേഷണം പറഞ്ഞേക്ക്... വൈകിട്ട് വിളിച്ചോളാം..." ടേബിളിൽ ഇരുന്ന ഫ്രൂട്ട്സ് ബാസ്കറ്റിൽ നിന്നും ഒരു ആപ്പിളെടുത്ത് ഉമ്മയുടെ കവിളത്ത് അമർത്തി മുത്തിക്കൊണ്ട് ലൈല പുറത്തേക്കോടി... ഉമ്മറത്തെ ചാരു കസേരയിലിരുന്ന് പത്രം വായിക്കുന്ന ആലി ഹാജിയെ കണ്ടതും ആ ഓട്ടം നടത്തമായി മാറിയിരുന്നു.. പേപ്പറിന് മുകളിലൂടെ കണ്ണ് മാത്രം പുറത്തിട്ടു കൊണ്ട് അയാൾ അവൾക്കു നേരെ നോട്ടമെറിഞ്ഞു.. "എക്സാമിനു പോകുവാ.... അസ്സലാമു അലൈകും... " ആ നോട്ടത്തിനുള്ള മറുപടിയായി അവൾ പറഞ്ഞു... തിരികെ മറുപടിയ്ക്ക് കാത്തു നിൽക്കാതെ അവൾ വേഗത്തിൽ മുന്നോട്ട് നടന്നു... രേണു എത്തുന്നതേയുള്ളൂ... ആപ്പിളും കഴിച്ചു കൊണ്ട് ഗേറ്റിനരികിൽ അവളെയും കാത്ത് നിൽക്കുമ്പോഴാണ് റയ്ഹാന്റെ രംഗ പ്രവേശനം...

അവളെക്കണ്ടതും പുച്ഛം കൊണ്ട് അവന്റെ ചിരി കോടി... തിരിച്ചുവളും പുച്ഛച്ചിരി ചിരിച്ചു... അത് കണ്ടതും അവൻ കാർക്കിച്ചു തുപ്പി... വല്ല്യുമ്മ മുഖത്ത് തുപ്പിയത് മറന്നു കാണില്ല, അതാവും ആ തുപ്പൽ തന്റെ മുഖത്തിന് നേരെ വരാതെ താഴേക്ക് വീണതെന്ന് അവളോർത്തു.. എന്തോ ചിരിപൊട്ടിപ്പോയി... റയ്ഹാന്റെ കോപം ഇരട്ടിച്ചു.. " തേവിടിശ്ശി... കണ്ടവന്റെ കൂടെ കറങ്ങി നടന്നിട്ടിപ്പോ തിരിച്ചു വന്നേക്കുവാ കുടുംബത്തിനെ പറയിക്കാൻ.... !! നാണവും മാനവും കെട്ടവൾ... പോയി ചത്തൂടെ നിനക്ക്...??" അവനിൽ നിന്നുമുതിർന്നു വീണ വാക്കുകൾ കേട്ടതും ലൈലയുടെ സിരകളിലെ രക്തം ചൂടുപിടിച്ചു... " നീയീ വിളിച്ചത് നിന്റെ വീട്ടിലിരിപ്പുണ്ടല്ലോ ഒരുത്തി.. അവളെ ചെന്ന് വിളിക്കണം... അല്ലാതെ എന്റെ മെക്കിട്ടു കേറാൻ വരരുത്..." ആരെയും കൂസാതെയുള്ള അവളുടെ നിൽപ്പിൽ അവനൊന്ന് പതറിപ്പോയി.. അല്ലെങ്കിലും നമ്മൾ ശബ്ദമുയർത്തുന്നത് വരെ മാത്രമേ നമ്മുടെ മേൽ അവർ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുള്ളൂ..

നമ്മളെതിർക്കുമ്പോൾ ഏത് കൊലകൊമ്പനും അടി പതറും... അവളുടെ വാക്കിലെ ശൗര്യം അവനെ ചൊടിപ്പിച്ചു... " എടീ.. എന്ത് പറഞ്ഞെടി...??!!" പതർച്ച മറച്ചു വെച്ച് കൊണ്ട് റൈഹാൻ ലൈലയെ അടിക്കാനായി കയ്യോങ്ങി.. അടി വീഴും മുന്നേയവൾ കയ്യിൽ കയറി പിടിച്ചിരുന്നു... " പറഞ്ഞതാ, നിന്റെ ഭരണമൊക്കെ നിന്റെ വീട്ടിൽ നിന്റെ ഉമ്മയോടും പെങ്ങളോടും മതി, എന്നോട് വേണ്ടാ... എനിക്ക് നീയിപ്പോൾ തികച്ചുമൊരു അന്യനാ... അന്നെന്റെ മുഖത്തു തുപ്പിയ ആ നിമിഷം നീയുമായുള്ള ബന്ധം എന്റെ മനസ്സീന്ന് ഞാൻ അറുത്തു മാറ്റിയതാ..." അപ്പോഴേക്കും രേണുവിന്റെ സ്കൂട്ടി അവരുടെ മുന്നിൽ വന്നു നിന്നിരുന്നു... അവന്റെ കൈ കുടഞ്ഞു മാറ്റി നെഞ്ചും വിരിച്ചവൾ മുന്നോട്ട് നടന്നു.... ( കയ്യടിക്കിനെടാ മക്കളെ... പഞ്ച് ഡയലോഗുമടിച്ച് ഓള് പോണ പോക്ക് കണ്ടാ...😁) സ്കൂട്ടിയിൽ കയറിപ്പോകുന്നവളെ നോക്കി റയ്ഹാൻ പല്ലിറുമ്മി... ഇനിയൊരവസരം വരും അപ്പോളെടുത്തോളാമെന്ന് മനസ്സിൽ കരുതിയവൻ... *******

ദിനങ്ങൾ കൊഴിഞ്ഞു പോയി... അവസാന പരീക്ഷയും അവസാനിച്ചു... അതിന്റെ സന്തോഷത്തിമിർപ്പിലാണ് രേണു... ഇനിയുള്ള ദിവസങ്ങളിലെ ആഘോഷങ്ങളെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നുണ്ട്... പക്ഷെ ലൈല ആകെ മൂകയാണ്... രേണു പറയുന്നത് മൂളിക്കേൾക്കുക മാത്രമാണവൾ ചെയ്തത്... ഇനിയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷ വരാൻ പോകുന്നത്... ആ കടമ്പ എങ്ങനെ കടന്നു പോകുമെന്ന് ഒരു നിശ്ചയവുമില്ല... വീട്ടിലെത്തിയ ഉടനെ വേഷം മാറാനെന്ന് പറഞ്ഞ് മുറിയിൽ കതകടച്ചിരിപ്പാണ് ലൈല.. കാര്യം കാശിയെ വിളിക്കണം... പരീക്ഷയായതിനാൽ സമാധാനത്തിൽ സംസാരിച്ചിട്ട് നാളുകളായി.. കാശിയോടൊന്ന് ഉള്ള് തുറന്ന് സംസാരിച്ചാൽ തീരാവുന്നതേയുള്ളൂ തന്റെ മൂകതയെന്ന് അവൾക്കറിയാം.. പക്ഷെ പലവട്ടം വിളിച്ചിട്ടും കാശി എടുത്തില്ല.. ഓഫീസിൽ എന്തെങ്കിലും തിരക്കിലാകുമെന്ന് കരുതി ലൈല പിന്നെ വിളിച്ചില്ല..

ഫ്രഷായി വേഷവും മാറി എന്തെങ്കിലും കഴിക്കാമെന്നോർത്ത് അടുക്കളയിലേക്ക് ലൈല നടന്നു.. വല്ല്യുമ്മയും ഉമ്മയും വൈകിട്ടേക്കുള്ള കപ്പ വെട്ടിയിടുന്ന തിരക്കിലാണ്... " വിശക്കുന്നുമ്മാ.... എന്തേലും താ..." അടുപ്പത്തിരുന്ന പാത്രങ്ങൾ തുറന്ന് പരിശോധിച്ച് കൊണ്ട് ലൈല പറഞ്ഞു... ചിക്കൻ കറിയും നെയ്ച്ചോറും കണ്ടതേ പെണ്ണിന്റെ വയർ കൂകി വിളിച്ചു തുടങ്ങി.. " എടുത്ത് കഴിക്കെടി.." കയ്യിലിരുന്ന കപ്പയും കത്തിയും നീട്ടിപ്പിടിച്ച് കൊണ്ട് ഫൗസിയ പറഞ്ഞു.. " വല്ല്യുമ്മാ... വന്ന് വന്ന് നിങ്ങൾക്കെന്റെ കാര്യത്തിൽ ഒരു ശ്രദ്ധയുമില്ലാണ്ടായി... !! ഇപ്പോ വാരിത്തരാനൊക്കെ മടിയായി... ദേ കല്ല്യോണം കഴിഞ്ഞ് ഞാൻ ബാംഗ്ലൂർക്ക് പോകും ട്ടാ..." പെണ്ണിന്റെ കുറുമ്പ് സംസാരം കേട്ടതും ഇരുവരുടെയും ചുണ്ടിൽ പുഞ്ചിരി വിടർന്നു.. പെട്ടെന്നാണ് വീട്ടുമുറ്റത്ത് വണ്ടികൾ വന്ന് നിൽക്കുന്ന ശബ്ദം കേട്ടത്... " ഇതാരപ്പാ ഇന്നേരത്ത്...?!!" ആത്മഗതത്തോടെ ഫൗസിയ എഴുന്നേറ്റു മുന്നോട്ട് നടന്നു... കൂടെ വല്ല്യുമ്മയും ലൈലയും.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story