കാണാ മറയത്ത്..❤: ഭാഗം 43

kanamarayath

രചന: മീര സരസ്വതി

" എടുത്ത് കഴിക്കെടി.." കയ്യിലിരുന്ന കപ്പയും കത്തിയും നീട്ടിപ്പിടിച്ച് കൊണ്ട് ഫൗസിയ പറഞ്ഞു.. " വല്ല്യുമ്മാ... വന്ന് വന്ന് നിങ്ങൾക്കെന്റെ കാര്യത്തിൽ ഒരു ശ്രദ്ധയുമില്ലാണ്ടായി... !! ഇപ്പോ വാരിത്തരാനൊക്കെ മടിയായി... ദേ കല്ല്യോണം കഴിഞ്ഞ് ഞാൻ ബാംഗ്ലൂർക്ക് പോകും ട്ടാ..." പെണ്ണിന്റെ കുറുമ്പ് സംസാരം കേട്ടതും ഇരുവരുടെയും ചുണ്ടിൽ പുഞ്ചിരി വിടർന്നു.. പെട്ടെന്നാണ് വീട്ടുമുറ്റത്ത് വണ്ടികൾ വന്ന് നിൽക്കുന്ന ശബ്ദം കേട്ടത്... " ഇതാരപ്പാ ഇന്നേരത്ത്...?!!" ആത്മഗതത്തോടെ ഫൗസിയ എഴുന്നേറ്റു മുന്നോട്ട് നടന്നു... കൂടെ വല്ല്യുമ്മയും ലൈലയും.... രണ്ടു വാഹനങ്ങൾ വന്നു നിൽപ്പുണ്ട്... ആരുടെയൊക്കെ വണ്ടികളാണെന്ന് തിരിച്ചറിഞ്ഞതും പെണ്ണിൽ ഉൾക്കിടിലമുണ്ടായി... പിളർന്നുവന്ന വായ്ക്ക് കുറുകെ നാല് കൈ വിരലുകൾ വെച്ചു അവൾ... അവളാകെ വെട്ടി വിയർത്തു... താനിപ്പോൾ വിചാരണയ്ക്കായി മഹ്ശറയിൽ കാത്തു നിൽക്കുകയാണെന്ന് വരെ ലൈലയ്ക്ക് തോന്നിപ്പോയി...

മുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന കാറിൽ നിന്നും ഫൈസി ആദ്യമിറങ്ങിയതും അവളാ നാമം ഉച്ചത്തിൽ ഉച്ചരിച്ചു.. " ഫൈസിക്ക...!!!" ഉമ്മയും വല്ല്യുമ്മയും ആ പേര് കേട്ടതും അത്ഭുതപരകോടിയിലെത്തി... പറഞ്ഞു കേട്ടതല്ലാതെ കണ്ടിട്ടില്ലല്ലോ...!! ആദ്യമായി പുതിയാപ്പിളയും വീട്ടുകാരും വിരുന്നു വന്നതിന്റെ വെപ്രാളം ഇരുവരിലും പ്രകടമാവാൻ തുടങ്ങി... ഇടുപ്പിൽ കുത്തി വെച്ച നൈറ്റി നേരെ പിടിച്ച് താഴ്ത്തി മുടിയിൽ ചുറ്റിവെച്ച തട്ടം നേരെയിട്ട ശേഷം ഫൗസിയ ആലിഹാജിയെ വിളിക്കാനായി ഫോണെടുത്തു... "നോക്കി നിൽക്കാതെ ഓടിപ്പോയി ഇജാസിനെ വിളിച്ചിട്ട് വാ..." ലൈലയ്ക്ക് നിർദ്ദേശം കൊടുത്ത് അവർ ധൃതിയിൽ ഉപ്പയെ വിളിച്ചു... കാശിയെ കാണാനുള്ള ആഗ്രഹം ഉച്ചസ്ഥായിയിൽ നിൽക്കുന്നത് കൊണ്ട് ലൈല പോകാൻ മടിച്ചു...

പക്ഷെ ഫൗസിയ മൗനമായി പേടിപ്പിച്ചു കൊണ്ടൊരു നോട്ടമെറിഞ്ഞതും ലൈലയുടെ കാലുകൾ യാന്ത്രികമായി മുകളിലേക്ക് ചലിച്ചു... തന്റെ പ്രാണന്റെ അതിശയത്തോടെയുള്ള മുഖം കാറിൽ നിന്നും കണ്ട കാശിയ്ക്ക് ചിരി വന്നു പോയി.. അതുവരെ അനുഭവിച്ച ടെൻഷനൊന്ന് കുറയാൻ ആ എക്സ്പ്രഷൻസ് ധാരാളമായിരുന്നു എന്നവൻ ചിന്തിച്ചു... " പറയാതെ സർപ്രൈസ് ആയി വന്നത് നന്നായി...!!" ആത്മഗതമാണേ... പക്ഷെ, ലൈലയോടൊപ്പം താഴേക്കിറങ്ങി വരുന്ന ഇജാസിനെ കണ്ടതും നേരിയ തോതിൽ ടെൻഷൻ പിന്നെയും ആരംഭിച്ചിരുന്നു... വണ്ടിയിൽ നിന്നും ഓരോരുത്തരായി ഇറങ്ങി വന്നു... ഫൈസിയും മാലിക്കും റസീനയും അമ്മുവും ടീച്ചറും കാശിയും കൂടെ ശരത്തും ഇഷാൻവിയും ഇരു വാഹനങ്ങളിൽ നിന്നുമിറങ്ങി...

ടീച്ചറെയും കാശിയെയും കണ്ടപ്പോൾ വല്ല്യുമ്മയുടെ മുഖമൊന്ന് തിളങ്ങി, അതേ നേരം ഫൗസിയയുടെ മുഖം മങ്ങി... അവരുടെ നോട്ടം നേരെ ചെന്നെത്തിയത് പ്രസന്ന വദനവുമായി കാശിയിലേക്ക് നോട്ടമെറിഞ്ഞു നിൽക്കുന്ന ലൈലയിലേക്കാണ്... അവർ അകത്തേക്ക് കയറും മുന്നേ രേണുവും രേവതിയും സുരേഷും എത്തിയിരുന്നു... അവരെയും കൂടെ കണ്ടതോടു കൂടി ഫൗസിയയുടെ സംശയം ബലപ്പെട്ടു.. അവർ നെറ്റി ചുളിച്ച് കൊണ്ട് ലൈലയെ നോക്കി... പെണ്ണ് പക്ഷെ ആ ലോകത്തൊന്നുമായിരുന്നില്ല... " നിങ്ങളെന്താ അവിടെ തന്നെ നിന്ന് കളഞ്ഞത്...??!! കേറി വരീ ..." വല്ല്യുമ്മ എല്ലാവരെയും അകത്തേക്ക് ക്ഷണിക്കുമ്പോൾ ഫൗസിയയും അവരെ സ്വീകരിച്ച് അകത്തേക്കാനയിച്ചു... " ലൈലൂസേ...." അമ്മു ഓടിവന്ന് ലൈലയെ കെട്ടിപ്പിടിച്ച് അവളുടെ കവിളിലായി ചുംബിച്ചു...

അവരെ ഇരുവരെയും നോക്കി നിന്ന ഇജാസിനെ നോക്കി പുച്ഛ ചിരി ചിരിക്കാനും അവൾ മറന്നില്ല.... അപ്പോൾ അമ്മുവിനെ നോക്കി അവൻ കണ്ണുരുട്ടി... വല്ല്യുമ്മയും ഇജാസും അതിഥികളുമായി സംസാരത്തിലാണെന്ന് കണ്ടതും അവർക്കുള്ള ജ്യൂസ് എടുക്കാനെന്നും പറഞ്ഞ്‌ ലൈലറെയും കൂട്ടി ഫൗസിയ അടുക്കളയിലേക്ക് നടന്നു... " ഇവിടിപ്പോ എന്താ നടക്കാൻ പോവുന്നേ...??!!" " എന്ത് നടക്കാനാ ഉമ്മാ...??!!" " അവരെന്താ ഒരു മുന്നറിയിപ്പുമില്ലാതെ ഇപ്പോ ഇങ്ങോട്ട് വന്നേക്കുന്നെ...??" " എനിക്കതെങ്ങനെ അറിയാനാ ഉമ്മാ..??!! അവർ വരുന്നത് ഞാൻ അറിഞ്ഞത് പോലുമില്ല..." അരിഞ്ഞു വെച്ചേക്കുന്ന മാമ്പഴം ജ്യൂസ് ജാറിലേക്കിടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചവൾ പറഞ്ഞതും അവരൊന്ന് അമർത്തി മൂളി... ലൈലയും ഉമ്മയും ജ്യൂസുമായി അകത്തേക്ക് പ്രവേശിച്ചതും ആലിഹാജിയും സഹോദരൻ അബൂബക്കർ ഹാജിയും റയ്ഹാനും അവിടെ എത്തിയിരുന്നു... " അല്ല ഇതെന്താ പെട്ടെന്ന് ഒരറിയിപ്പുമില്ലാതെ...?? പെണ്ണുകാണൽ ചടങ്ങ് വെക്കണമെന്ന് കരുതിയതാ ഞങ്ങൾ... "

" ലൈലയ്‌ക്കൊരു സർപ്രൈസ് ആവട്ടെ കരുതി...!!" ചിരിയോടെ മാലിക്ക് പറഞ്ഞപ്പോൾ ആലിഹാജിയുടെ നോട്ടമവളിലേക്ക് നീണ്ടു.. " സത്യത്തിൽ ഞങ്ങൾ വന്നത് മറ്റൊരു കാര്യത്തിനു വേണ്ടിയാ....." മാലിക്കിന്റെ വാക്കുകൾക്കായി അവിടെയുള്ള ഓരോരുത്തരും കാതോർത്തു... ലൈലയുടെ ഹൃദയം പതിവിലുമിടിച്ചു.. കൈകാലുകൾക്ക് തളർച്ച പോലെ... വലിയൊരു പൊട്ടിത്തെറി പ്രതീക്ഷിച്ചു കൊണ്ട് തന്നെയവൾ നിന്നു... "ഞങ്ങളീ ആലോചന വേണ്ടെന്ന് വെക്കുകയാ..." ലൈലയുടെ വീട്ടുകാർ ഒന്നടങ്കം ഞെട്ടിത്തരിച്ചു... ഇജാസൊഴികെ... പ്രതീക്ഷിച്ചതെന്തോ കേട്ടത് പോലെ അവന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു... കാശിയുടെ ശ്രദ്ധ ലൈലയിൽ മാത്രമായിരുന്നു.. അതുവരെ തന്നോടുള്ള പ്രേമം പ്രതിഫലിച്ച കണ്ണുകളിലിപ്പോൾ ഭയമാണുള്ളത്... കാശിക്കവളോട് അലിവ് തോന്നിപ്പോയി..

" നിങ്ങളിതെന്താ പറയുന്നേ..??!! പെട്ടെന്ന് ഇതെന്താ സംഭവിച്ചേ..??!! ലൈലയെ കുറിച്ച് എല്ലാം അറിയുന്നവരല്ലേ എന്നിട്ടും...??!! " ആലിഹാജിയുടെ കണ്ഠമിടറി... " നിങ്ങൾ ചുമ്മാ ആളെ മൊയന്താക്കുന്നോ..?? നിങ്ങളായിട്ട് കൊണ്ട് വന്ന ആലോചനയല്ലേ..?? എന്നിട്ടിപ്പോ വേണ്ടെന്ന് പറഞ്ഞാലെങ്ങനെയാ..??" റെയ്ഹാൻ അവരോട് തട്ടിക്കയറി... " നീയൊരു പൊടിക്കടങ്ങ് റയ്യാനെ... അവർ സംസാരിക്കട്ടെ.." അബൂബക്കർഹാജി ഇടപെട്ടു... " ഞാൻ പറഞ്ഞു വന്നത്... ലൈലയുടെ മനസ്സിൽ മറ്റൊരാളാണ്......!!! ഫൈസിയല്ല....!!! " മാലിക്ക് പറഞ്ഞു കഴിഞ്ഞതും ലൈലയുടെ നോട്ടം അറിയാതെ തന്നെ ചെന്നെത്തിയത് ആലിഹാജിയുടെ ഷർട്ടിന്റെ വിടവിലൂടെ കാണുന്ന ബെൽറ്റിലായിരുന്നു... തുണിയുടെ മുകളിൽ ഉറപ്പിച്ച ആ അരപ്പട്ടയോളം ഭീതി ജനിപ്പിക്കുന്നതൊന്നും ഈ ഭൂലോകത്ത് അവൾക്കുണ്ടാകില്ല...... ആലിഹാജി നെറ്റിയിൽ ഉഴിഞ്ഞു കൊണ്ട് തല കുമ്പിട്ടിരുന്നു... ഫൗസിയ ഒന്ന് പതറിക്കൊണ്ട് സമീപത്തെ ടേബിളിൽ ചാരി നിന്നു...

ഇട്ടിരിക്കുന്ന തട്ടം വായിൽ പൊത്തിപ്പിടിച്ചു കൊണ്ട് വിതുമ്പലടക്കിയ അവരെ വല്ല്യുമ്മ തോളിൽ തട്ടി ആശ്വസിപ്പിച്ചു.... വല്ല്യുമ്മയിൽ മാത്രം പക്ഷെ വലിയ ചലനങ്ങളൊന്നുമുണ്ടായില്ല... " ക്ഷമിക്കണം... അത് ഞങ്ങളറിയാൻ വൈകിപ്പോയി.. നിങ്ങളെയൊക്കെ കരുതിയാണ് അവളുടെ ഇഷ്ടം അവൾ മനപ്പൂർവ്വം മറന്നത്.. പക്ഷേ, നാട്ടിൽ തിരിച്ചെത്തി കഴിഞ്ഞാണ് ആ സ്നേഹം എത്രത്തോളമുണ്ടെന്ന് അവൾക്ക് മനസ്സിലായത് തന്നെ... ഞങ്ങളോടവൾ എല്ലാം തുറന്നു പറഞ്ഞപ്പോൾ അവളാണ് ശരിയെന്ന് ഞങ്ങൾക്കും തോന്നി..." " അവളാണ് ശരിയെന്ന് നിങ്ങളാണോ തീരുമാനിക്കേണ്ടത്..?? അവളായിട്ടുണ്ടാക്കി വെച്ച പേരുദോഷം കൊണ്ട് കുടുംബത്തിലാർക്കും അല്ലെങ്കിലേ പുറത്തിറങ്ങി നടക്കാൻ മേല... ഇനി അടുത്തതെന്താണോ എന്തോ..??!!!" റൈഹാൻ അവന്റെ രോഷം മുഴുവനും പ്രകടിപ്പിച്ചു... " നിങ്ങളൊന്ന് നന്നായി ആലോചിച്ച് നോക്ക് റൈഹാൻ... ആ പേരുദോഷം അവളായിട്ടുണ്ടാക്കിയതാണോ...??!! നിങ്ങളല്ലേ അവളുടെ മേൽ കുറ്റമാരോപിച്ചത്...??

നിങ്ങളല്ലേ പ്രശ്നമുണ്ടാക്കി നാട്ടുകാരെ അറിയിച്ചത്..?? ഒരു ബന്ധവുമില്ലാതിരുന്ന ഞങ്ങളെ തമ്മിൽ ചേർത്ത് പറഞ്ഞത് അവളുടെ ഈ നിൽക്കുന്ന ഇക്കയല്ലേ...??" അത് വരെ തോന്നാതിരുന്ന ഇഷ്ടം ഞങ്ങളിൽ ജനിപ്പിച്ചതിനു പങ്ക് നിങ്ങൾക്കുമില്ലേ..??!! " ഇജാസിന് നേരെ വിരൽ ചൂണ്ടിക്കൊണ്ട് കാശി ചോദിച്ചു... കാശിയാണ് ആളെന്ന് അപ്പോഴാണ് എല്ലാവർക്കും മനസ്സിലായത്.. ചിലരിൽ അത് ഞെട്ടലാണുണ്ടാക്കിയത്... എന്നാൽ ചിലരിൽ പ്രതീക്ഷിച്ചിരുന്നു എന്ന ഭാവമായിരുന്നു... റയ്ഹാനിലും അബൂബക്കർഹാജിയുടെയും മുഖം വലിഞ്ഞു മുറുകി... എങ്ങും സൂചി വീണാൽ പോലും കേൾക്കുന്നത്രയും നിശ്ശബ്ദത... ആർക്കുമൊന്നും പറയാനില്ലെന്ന് കണ്ടതും കാശി തുടർന്നു... " ഹാജിക്കാ.... എനിക്ക് തന്നൂടെ ലൈലയെ..?? ഞാൻ പൊന്നു പോലെ നോക്കിക്കോളാം... " " ഹറാം പിറപ്പ്... ഓരോന്ന് ഒപ്പിച്ചിട്ടിങ്ങനെ മുന്നിൽ നിൽക്കാൻ ലജ്ജയില്ലേ നിനക്ക്...?? " കിട്ടിയ അവസരത്തിൽ അവളെ അടിക്കാനായി റയ്ഹാൻ കയ്യോങ്ങി...

" വിടെടാ അവളെ... എന്റെ പെങ്ങളെ അടിക്കാനുള്ള അധികാരം നിനക്കില്ല റയ്യാൻ... അവർക്ക് സംസാരിക്കാനുള്ളത് സംസാരിക്കട്ടെ.. അതിനുള്ള തീരുമാനം എടുക്കേണ്ടത് എന്റെ ഉപ്പയും ഉമ്മയുമാ..." അവനെ തടഞ്ഞു കൊണ്ട് കത്തുന്ന കണ്ണുകളോടെ ഇജാസ് പറഞ്ഞതും അത്ഭുതത്തോടെ ലൈലയുടെ കണ്ണുകൾ മിഴിഞ്ഞു... അവളുടെ നിൽപ്പ് കണ്ടതും കണ്ണ് രണ്ടും ചിമ്മിക്കൊണ്ട് അവളെ നോക്കിയവൻ ചിരിച്ചു... സദസ്സിനു മുന്നിൽ അപഹാസ്യനായതിൽ പ്രതിഷേധിച്ച് റൈഹാൻ അവിടെ നിന്നുമിറങ്ങിപ്പോയി... " ഹ... അപ്പോൾ തീരുമാനമെടുക്കാൻ നിങ്ങൾ മതിയെങ്കിൽ പിന്നെ എന്റെ ആവശ്യമില്ലല്ലോ...!!" ഇജാസിന്റെ സംസാരം ഇഷ്ടപ്പെടാത്തതിനാൽ അബൂബക്കർ ഹാജിയും പുറത്തേക്കിറങ്ങി നടന്നു... " മതമാണ് പ്രശ്നമെങ്കിൽ അവൾക്കു വേണ്ടി മാറാനും ഞാൻ തയ്യാറാണ്... !! എനിക്കവളെ തന്നൂടെ...??" നിശബ്ദതയെ ബേധിച്ച് കാശി വീണ്ടും ചോദിച്ചു... " മതം മാറേണ്ടത് കല്യാണം കഴിക്കാൻ വേണ്ടിയാകരുത്...

മത വിശ്വാസം, അത് ഹൃദയത്തിൽ നിന്ന് വരേണ്ടതാണ്... യഥാർത്ഥ വിശ്വാസമുണ്ടെങ്കിൽ മാത്രമേ മാറേണ്ടതുള്ളൂ.. അല്ലാതെ ഒരു പെണ്ണിന് വേണ്ടി മാറിയിട്ടെന്ത് കാര്യം...??" പുച്ഛത്തോടെ ആലിഹാജി ചുണ്ടു കോട്ടി.... " എങ്കിൽ ആരാണ് യഥാർത്ഥ വിശ്വാസം കൊണ്ടുള്ള മത വിശ്വാസി..?? ഞാനും നിങ്ങളുമൊക്കെ ജനനം കൊണ്ടുള്ള മത വിശ്വാസികളല്ലേ...?? ജനിച്ചത് ഇന്ന മതത്തിലുള്ള മാതാപിതാക്കളിൽ ആയത് കൊണ്ട് നമുക്കും അതേ മതം... അങ്ങനെ നോക്കുമ്പോൾ ലൈലയ്ക്ക് വേണ്ടി കാശി മതം മാറുന്നതിൽ എന്താണ് പ്രശ്നം...??" സുരേഷേട്ടൻ ചാൻസ് നോക്കി ഗോളടിച്ചു... അമ്മു അറിയാതെ തന്നെ വിസിൽ വിളിച്ചു... റസീനയവളെ നോക്കി പേടിപ്പിച്ചപ്പോൾ ബാക്കിയുള്ള ചുണ്ടുകളിൽ ചിരി വിടർന്നിരുന്നു... " സുരേഷൻ പറഞ്ഞത് തന്നെയാണ് ശരി... മതം മാറേണ്ട കാര്യമൊന്നുമിവിടില്ല... മതമല്ലല്ലോ അന്നം തരുന്നത്...!! നാട്ടുകാർ കുറ്റം പറയുന്നതാണ് പ്രശ്നമെങ്കിൽ ജീവിതാവസാനം വരെ കുറ്റങ്ങളെ കാണുള്ളൂ.

.." വല്ല്യുമ്മ ശരി വെച്ചു.... മറുപടിയൊന്നും പറയാതെ ആലിഹാജി എഴുന്നേറ്റതും ലൈല ആ കാലുകളിലേക്ക് വീണിരുന്നു... " എന്നെ എത്ര വേണെങ്കിലും തല്ലിക്കോളൂ ഉപ്പാ... ഞങ്ങളോട് പിരിയാൻ മാത്രം പറയരുത്.... പ്ലീസ്‌..." അവൾ കാൽക്കൽ വീണ് പൊട്ടിക്കരഞ്ഞപ്പോൾ അയാളുടെ ഹൃദയം നുറുങ്ങിപ്പോയി... അവളില്ലാതെയുള്ള കുറച്ചു കാലം ജീവിച്ചതെങ്ങനെയാണെന്ന് അയാൾക്ക് നല്ല നിശ്ചയമുണ്ട്.... " കാര്യമെനിക്കും മകളുള്ളതാ.. അവർ തന്നിഷ്ടത്തിനു ജീവിതം തിരഞ്ഞെടുക്കുമ്പോൾ സ്വാഭാവികമായും നമ്മൾ തകർന്നു പോകും... പക്ഷെ, പിന്നീടവർ ജീവിതത്തിൽ ഓരോ നിമിഷവും വേദനിച്ചു കഴിയുന്നത് നമ്മൾ തന്നെ കാണേണ്ടി വരും.... അതിലും ബേധമല്ലേ മനസ്സ് തുറന്നു സ്നേഹിച്ചു കൊണ്ട് അവർ സന്തോഷത്തോടെ ജീവിക്കുന്നത് കാണുന്നത്... നിങ്ങളൊന്ന് നന്നായി ആലോചിക്ക് ഹാജീക്കാ..." മാലിക്ക് എഴുന്നേറ്റു ചെന്ന് ആലിഹാജിയുടെ തോളിൽ തട്ടി... അയാൾ മാലിക്കിനെ നോക്കി പുഞ്ചിരിച്ചു...

ആ പുഞ്ചിരിയിൽ വലിയ വേദനയൊളിഞ്ഞിരിപ്പുണ്ടെന്ന് ആ മുഖം കണ്ട ആർക്കും മനസ്സിലാകും... അയാൾ ലൈലയെ എഴുന്നേൽപ്പിച്ച് നിർത്തി നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു കൊടുത്തു.. അവളുടെ നെറ്റിയിലായി അമർത്തി മുത്തി... " ഇതാ.. കൊണ്ട് പൊയ്ക്കോ..." ലൈലയെ കാശിയുടെ മേൽ തള്ളിയിട്ട് കൊടുത്തു കൊണ്ട് ആലി ഹാജി പറഞ്ഞു.. കാശിയും ലൈലയും വിശ്വാസം വരാതെ കണ്ണുകൾ ചിമ്മിത്തുറന്ന് അയാളെ നോക്കി... ഏവരുടെയും മുഖത്ത് അതേ അവിശ്വാസം താങ്ങി നിൽപ്പുണ്ട്... ആലിഹാജിയിൽ നിന്നും പെട്ടെന്നൊരു മാറ്റമാരും പ്രതീക്ഷിച്ചില്ലെന്നത് തന്നെ സത്യം... ഇജാസാകട്ടെ പുഞ്ചിരിയോടെ കാശിയെയും ലൈലയെയും നോക്കി നിന്നു... " നിങ്ങൾക്ക് വിവാഹം രജിസ്റ്റർ ചെയ്യാം... ഞാൻ കൈപിടിച്ച് തന്നാൽ ശരിയാവില്ല..

ഇത്രയും നാൾ ഉപ്പയെ ധിക്കരിച്ച് മകൾ അന്യ മതസ്ഥന്റെ കൂടെ ഓടിപ്പോയെന്ന ചീത്തപ്പേരാണ് കേട്ടത്.. അതങ്ങനെ തന്നെ നിൽക്കട്ടെ.. കാരണം,നാളെ എനിക്കീ സമൂഹത്തിൽ ജീവിക്കേണ്ടതാണ്... പള്ളിക്കാരുടെ മുഖത്ത് നോക്കേണ്ടതാണ്... അവളെ കാണണമെന്ന് തോന്നുമ്പോൾ ഞങ്ങളങ്ങ് വന്നോളാം.. പൊന്നുപോലെ നോക്കുമെന്ന് പറഞ്ഞില്ലേ, ആ ഉറപ്പ് മതിയെനിക്ക്...!! എന്റെ അനുഗ്രഹമെന്നും ഉണ്ടാകും..." പറഞ്ഞു കഴിഞ്ഞ്, എടുത്ത തീരുമാനം ശരിയായില്ലേയെന്ന അർത്ഥത്തിൽ അയാൾ നേരെ നോക്കിയത് ഫൗസിയയെയും വല്ല്യുമ്മയെയുമായിരുന്നു... അവരിരുവരും നിറഞ്ഞ് പുഞ്ചിരിച്ചതോടെ നോട്ടം ലൈലയിലേക്ക് നീണ്ടു... അവിടെയപ്പോൾ അതേ സ്റ്റക്കായുള്ള നിൽപ്പ് തന്നെ.. പിന്നെയൊരു സംസാരത്തിനു നിൽക്കാതെ അയാൾ മുറിയിലേക്ക് കയറിപ്പോയി........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story