കാണാ മറയത്ത്..❤: ഭാഗം 44

kanamarayath

രചന: മീര സരസ്വതി

" നിങ്ങൾക്ക് വിവാഹം രജിസ്റ്റർ ചെയ്യാം... ഞാൻ കൈപിടിച്ച് തന്നാൽ ശരിയാവില്ല.. ഇത്രയും നാൾ ഉപ്പയെ ധിക്കരിച്ച് മകൾ അന്യ മതസ്ഥന്റെ കൂടെ ഓടിപ്പോയെന്ന ചീത്തപ്പേരാണ് കേട്ടത്.. അതങ്ങനെ തന്നെ നിൽക്കട്ടെ.. കാരണം,നാളെ എനിക്കീ സമൂഹത്തിൽ ജീവിക്കേണ്ടതാണ്... പള്ളിക്കാരുടെ മുഖത്ത് നോക്കേണ്ടതാണ്... അവളെ കാണണമെന്ന് തോന്നുമ്പോൾ ഞങ്ങളങ്ങ് വന്നോളാം.. പൊന്നുപോലെ നോക്കുമെന്ന് പറഞ്ഞില്ലേ, ആ ഉറപ്പ് മതിയെനിക്ക്...!! എന്റെ അനുഗ്രഹമെന്നും ഉണ്ടാകും..." പറഞ്ഞു കഴിഞ്ഞ്, എടുത്ത തീരുമാനം ശരിയായില്ലേയെന്ന അർത്ഥത്തിൽ അയാൾ നേരെ നോക്കിയത് ഫൗസിയയെയും വല്ല്യുമ്മയെയുമായിരുന്നു... അവരിരുവരും നിറഞ്ഞ് പുഞ്ചിരിച്ചതോടെ നോട്ടം ലൈലയിലേക്ക് നീണ്ടു... അവിടെയപ്പോൾ അതേ സ്റ്റക്കായുള്ള നിൽപ്പ് തന്നെ.. പിന്നെയൊരു സംസാരത്തിനു നിൽക്കാതെ അയാൾ മുറിയിലേക്ക് കയറിപ്പോയി... യാഥാർഥ്യത്തിലേക്ക് തിരിച്ചു വരാൻ ലൈലയ്ക്ക് നിമിഷങ്ങൾ വേണ്ടി വന്നു..

അമ്പരപ്പോടെയവൾ കാശിയെ നോക്കിയപ്പോൾ ഇതാരാ ഇപ്പോഴിവിടെ പടക്കം പൊട്ടിച്ചേ ഇന്ന് വിഷുവാണോ?!! എന്ന മട്ടിൽ നിൽപ്പുണ്ട് ആള്... ശരത്തവനെ ഒന്ന് തള്ളിയപ്പോൾ ലൈലയുടെമേൽ തട്ടി അവൻ നിന്നു.. സ്വബോധത്തിലേക്ക് തിരിച്ചു വന്ന കാശി ആർത്തു വിളിച്ചു കൊണ്ട് ലൈലയെ കെട്ടിപ്പുണർന്നു... കണ്ടു നിന്നവരുടെ ചുണ്ടുകളിൽ പുഞ്ചിരി സ്ഥാനം പിടിച്ചു.. അമ്മു ഓടിച്ചെന്ന് ഇരുവരെയും കൂട്ടിപ്പിടിച്ചു... അത് കണ്ടതും പുഞ്ചിരി പൊട്ടിച്ചിരിയിലേക്ക് മാറി... ഇഷയും ശരത്തും ഫൈസിയും രേണുവും കൂടി ആ കെട്ടിപ്പിടുത്തത്തിൽ പങ്കാളികളായതോടെ പൊട്ടിച്ചിരി കുഞ്ഞു കരച്ചിലിലേക്ക് വഴിമാറി.. അവരുടെ ഫ്രണ്ട്ഷിപ് കണ്ട കണ്ണുകളെയത് ഈറനണിയിച്ചു... തെല്ലു നേരത്തെ ആഹ്ലാദ പ്രകടനം കഴിഞ്ഞതും ലൈല തിടുക്കത്തിൽ വല്ല്യുമ്മയുടെ അരികിലേക്ക് നടന്നു... ആള് പിണക്കം നടിച്ച് നിൽപ്പാണേ... " വല്ല്യുമ്മാ...." ലൈല അരികത്തു നിന്നും പ്രത്യേക ഈണത്തിൽ നീട്ടി വിളിച്ചു...

പരിഭവത്തോടെയവർ മുഖം വെട്ടിച്ചു... " സോറി വല്ല്യുമ്മാ... ഇന്ന് രാത്രിയിൽ നിങ്ങളോടെല്ലാം പറയാനിരുന്നതാ... ഇത്ര പെട്ടെന്ന് ഇവരിങ്ങെത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചേയില്ല... സോറി..." പെണ്ണവരുടെ കൈ കൂട്ടിപ്പിടിച്ച് മാപ്പപേക്ഷിച്ചു... അവരാ കൈ വിടുവിച്ച് അവളെ തന്റെ നെഞ്ചോട് ചേർത്തു... "പക്ഷേ ഞാനിക്കാര്യം നേരത്തെ അറിഞ്ഞെന്റെ മുത്ത് ലൈലാബീ... നിന്റുമ്മ അന്ന് തന്നെ എല്ലാമെന്നോട് പറഞ്ഞിട്ടുണ്ട്..." ലൈല വല്ല്യുമ്മയിൽ നിന്നുമടർന്നു മാറി ആശ്ചര്യത്തോടെ അവരുടെ മുഖത്തേക്ക് നോക്കി നിന്നു.. ദിവസങ്ങളിത്രയായിട്ടും അതിനെ കുറിച്ചൊന്ന് ചോദിക്കുക പോലും ചെയ്തില്ല.. !!കാര്യങ്ങളറിയാമെന്നുള്ള ഭാവങ്ങൾ പോലും ആ മുഖത്തില്ലായിരുന്നു..!! തന്നെ കാണുന്ന ഓരോ നിമിഷവും താൻ കാര്യങ്ങൾ തുറന്നു പറയുമെന്ന് ആൾ പ്രതീക്ഷിച്ചു കാണില്ലേ...?!! ഓർത്തതും അവളിൽ കുറ്റബോധം നിറഞ്ഞു.. " മോളുടെ പരീക്ഷയ്ക്ക് പ്രശ്നമാകേണ്ടെന്ന് കരുതിയാ മോളോടൊന്നും ചോദിക്കാതിരുന്നത്...

ഫൗസിയോടും ഇനി ഇതേപ്പറ്റി സംസാരിക്കേണ്ടെന്നും അത് കൊണ്ടാ പറഞ്ഞത്... വല്ല്യുമ്മാടെ ലൈലാബിയെ ഞാൻ മനസ്സിലാക്കിയില്ലേൽ ആര് മനസ്സിലക്കാനാ..??!!" ചെറു വിതുമ്പലോടെ അവളവരെ ചേർത്ത് പിടിച്ചു... പെട്ടെന്ന് തോളിലൊരു കര സ്പർശമറിഞ്ഞതും ലൈല തിരിഞ്ഞു നോക്കി.. തന്നെ നോക്കി കണ്ണ് നിറച്ചു നിൽക്കുന്ന ഉമ്മയെ കണ്ടതും ആകെ വല്ലായ്‌മ തോന്നി... " ഉമ്മാ... എന്നെ വെറുക്കല്ലേ...." തൊഴു കയ്യോടെ അപേക്ഷിച്ചു പറഞ്ഞതും അവരാ കൈകൾ കവർന്നു... അവളുടെ മുഖമാകെയും ചുംബനങ്ങൾ കൊണ്ട് മൂടി... " ക്ഷമിക്കെടി മോളേ... കാശിയെ നിനക്കിഷ്ടമാണെന്ന് പറയുന്നത് കേട്ടപ്പോൾ സന്തോഷത്തോടെ അംഗീകരിക്കാൻ മാത്രമുള്ള അറിവോ ബോധമോ എനിക്കില്ലായിരുന്നു.. ഈ ഇട്ടാവട്ടത്തിൽ കിടന്ന് കറങ്ങുന്ന എനിക്കെങ്ങനെ ലോക പരിചയമുണ്ടാവാനാ...?? നാട്ടുകാരെന്ത് പറയും, ഉപ്പാന്റെ വിഷമം കാണണല്ലോ എന്നൊക്കെയേ ചിന്തിച്ചുള്ളൂ.... അന്നേരത്തെ ദേഷ്യത്തിന് എന്റെ പൊന്നു മോളെ ഒത്തിരി വേദനിപ്പിച്ചു പോയല്ലോ... "

" സാരില്ലുമ്മാ... " " എവിടെയാണേലും സന്തോഷായിട്ട് ജീവിക്ക്..." ഫൗസിയ അവളുടെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു... " ബാക്കിയുള്ള സംസാരമൊക്കെ പിന്നെയാകാം... റൈഹാൻ വെറിപിടിച്ചാ ഇറങ്ങിപ്പോയേക്കുന്നെ.. അവൻ ആൾക്കാരെയും കൂട്ടി വരും മുന്നേ നിങ്ങൾ പോകാൻ നോക്ക്..." ഇജാസ് വന്ന് പറഞ്ഞതും ലൈല അവന്റെ നേരെ തിരിഞ്ഞു നിന്നു... " ഇക്കാ...." " ഒന്നും പറയേണ്ട ലൈലൂ.. നിന്നെ ഉപദ്രവിച്ചതും വിഷമിപ്പിച്ചതുമൊക്കെ ഞങ്ങളാ... കാശി പറഞ്ഞത് പോലെ ഇതിങ്ങനെയൊക്കെയാകാൻ ഞാൻ വല്ല്യൊരു കാരണക്കാരനാ... മോള് ചെല്ല്... ഞങ്ങൾ ബാംഗ്ലൂർക്ക് വന്നോളാം..." " ലമീസിക്ക....??!!!" " അവൻ പിന്നെയും നാട്ടിലേക്ക് വരാതിരിക്കും... അത്രന്നെ... !! ഉമ്മാനേയും ഉപ്പാനെയും കാണുന്നതിനേക്കാൾ അവന് അവന്റെ അഭിമാനമാണ് വലുതെങ്കിൽ അതും കെട്ടിപ്പിടിച്ച് അവനവിടെ ഇരിക്കട്ടെ..." മറുപടി പറഞ്ഞത് ഫൗസിയ ആണേ.. ഉപ്പയോട് യാത്ര പറയാൻ ലൈല അകത്തേക്ക് നടന്നു ..

റൂം അകത്തു നിന്ന് ലോക്ക് ചെയ്തിരിക്കുന്നത് കണ്ടതും ശല്യം ചെയ്യാൻ മുതിരാതെ അവൾ പുറത്തേക്ക് നടന്നു.... പൂർണ്ണ മനസ്സോടെയാകില്ല ഉപ്പ സമ്മതിച്ചതെന്ന് ലൈലയ്ക്ക് തീർച്ചയാണ്... ഇത്രയെങ്കിലും മാറ്റം വന്നില്ലേ, പോകെ പോകെ തങ്ങളെ ഇരുവരെയും അംഗീകരിച്ചോളുമെന്ന് അവൾ ചിന്തിച്ചു..... എല്ലാവരോടും യാത്ര പറഞ്ഞ് കാറിൽ കയറിയപ്പോൾ അവളൊന്ന് വിങ്ങിപ്പൊട്ടി... ആഗ്രഹിച്ച ജീവിതത്തിലേക്കുള്ള യാത്രയാണെങ്കിൽ കൂടിയും കൈപിടിച്ച് നയിക്കാൻ ജന്മം നൽകിയവർ കൂടെയില്ലെന്ന സത്യം തീരാ വേദനയുണ്ടാക്കുമല്ലോ...!! എങ്കിലും അവരുടെ അനുഗ്രഹം കൂടെയുണ്ടല്ലോ എന്നത് ആശ്വാസം തന്നെയാണ്... ടീച്ചറമ്മ ലൈലയെ ചേർത്ത് പിടിച്ചതും അവളാ തോളിലേക്ക് ചാഞ്ഞു.. അടുത്തിരുന്ന ഇഷ അവളുടെ കൈയിൽ കൈ കോർത്ത് മുറുകെ പിടിച്ചു.. കൂടെയുണ്ടെന്ന് പറയാതെ പറയും പോലെ... നേരമിത്രയായിട്ടും ടീച്ചറോടോ കാശിയോടൊ ഒന്നും സംസാരിച്ചില്ലെന്ന് അവളോർത്തു... പക്ഷേ, എന്തോ ഒന്നും പറയാനുള്ള മൂഡിലല്ലാത്തതിനാൽ മൗനത്തെ കൂട്ടുപിടിച്ചങ്ങനെ ഇരുന്നു.. " ഡാ നീ രെജിസ്ട്രാറാർ ഓഫീസിൽ വിളിച്ചു നോക്കിയോ..??"

" വിളിച്ചെടാ... അവിടെ ചെന്നേക്കാൻ പറഞ്ഞിട്ടുണ്ട്... കാര്യൊക്കെ റെഡിയാണ്..." പറയുമ്പോൾ കാശി മുന്നിലെ കണ്ണാടി ചില്ലിലൂടെ ലൈലയെ നോക്കി.. ടീച്ചറുടെ തോളിൽ തല ചായ്ച്ചു കിടക്കുകയാണ്... ശ്രദ്ധ മറ്റെവിടെയോ ആണ്... ലൈലയുടെ വീട്ടിൽ സമ്മതിക്കില്ലെന്ന് മുൻകൂട്ടി കണ്ടു കൊണ്ട് തന്നെ ഒരു മാസം മുമ്പേ രെജിസ്ട്രേഷനുള്ള അപ്ലിക്കേഷൻസ്‌ കൊടുത്തിരുന്നു... അതേതായാലും നന്നായെന്ന് കാശിക്ക് തോന്നി.. റയ്ഹാന്റെ കാര്യത്തിൽ ഇജാസിന് തന്നെ പേടിയാണല്ലോ...!! " ലൈലൂ... നമുക്കിന്ന് തന്നെ പോയി രജിസ്റ്റർ ചെയ്യാലോ അല്ലെ..?? നീ ഓക്കെയല്ലേ...?? " ലൈല സമ്മതം മൂളിയതും ശരത്ത് നേരെ സബ് രജിസ്ട്രാർ ഓഫീസിലേക്ക് വണ്ടിയെടുത്തു... വിവാഹ ഉടമ്പടിയിൽ ഒപ്പ് വെക്കുമ്പോൾ അവളുട കണ്ണിൽ നിന്നുമൊരു തുള്ളി രെജിസ്ട്രേഷൻ പുസ്തകത്തിലേക്ക് ചിതറി.. ഇരുവരും ഒപ്പു വെച്ചതും എല്ലാവരും സന്തോഷത്തോടെ കയ്യടിച്ചു പാസാക്കി... ശരത്തും ഇഷയും ഫൈസിയും സാക്ഷികളായി ഒപ്പു വെച്ചു..

ശേഷം മാലിക്ക് കൈമാറിയ ഹാരം പരസ്പരമണിയിച്ചു.. സന്തോഷ സൂചകമായി അമ്മുവും രേണുവും അവിടെയുള്ള എല്ലാവർക്കും ലഡ്ഡു വിതരണം ചെയ്തു... രണ്ടൊപ്പിൽ രണ്ടു പ്രാണനുകൾ ഒന്നായി ചേർന്നിരിക്കുന്നു..!! കഴിഞ്ഞ വർഷം വരെയും കല്യാണത്തെ കുറിച്ച് ആലോചിക്കുമ്പോൾ ഒരുപാട് മോഹങ്ങളുണ്ടായിരുന്നു... രാജകുമാരിയെ പോലെ അണിഞ്ഞിരുങ്ങി, തോഴികൾ ചുറ്റിനും ഒപ്പന പാടി, സന്തോഷ തിമിർപ്പിലൊരു കല്യാണം...!! ആ നാളുകളിലൊക്കെയും വരന്റെ സ്ഥാനത്തൊരു മുഖമുണ്ടായിരുന്നില്ല...!! ഉപ്പ കൈ പിടിച്ചേൽപ്പിക്കുന്നതാരെയാണെലും സ്വീകരിക്കാൻ തയ്യാറായി നിൽപ്പായിരുന്നു... സ്വന്തം ജീവിതത്തെ കുറിച്ച് അഭിപ്രായങ്ങളോ കാഴ്ചപ്പാടുകളോ ഒന്നുമില്ലാത്ത ഒരു സാധാരണ പെണ്ണ്.. ഒരു പക്ഷെ കണ്ടു ശീലിച്ച കാഴ്ചകളോ കേട്ട് പഠിച്ച അനുഭവങ്ങളോ ഒക്കെയാകാം തന്റെ ചിന്തകളെയും സ്വാധീനിച്ചത്... എന്നാൽ, വളരെ കുറച്ച് നാൾ കൊണ്ടുള്ള അനുഭവങ്ങൾ കൊണ്ട് തന്നെ കുറച്ചെങ്കിലും താൻ മാറിയിരിക്കുന്നുവെന്ന് ലൈലയ്ക്ക് തോന്നി..

സ്വന്തമായി അഭിപ്രായങ്ങൾ പറയാൻ പഠിച്ചിരിക്കുന്നു... അധിക സമയം കളയാതെ തിരികെ യാത്ര ചെയ്യാൻ തീരുമാനമായി.. " അല്ല കാശി ബ്രോ, സുരേഷങ്കിൾ നേരത്തെ നമ്മളൊക്കെ ജനനം കൊണ്ടുള്ള മതവിശ്വാസികളാണെന്ന് പറഞ്ഞില്ലേ...??അങ്ങനെയാണേൽ നിങ്ങളുടെ കുട്ടിയോൾസ് ഏത് മതക്കാരായിട്ടാകും വളരുന്നേ..??!!" കാറിലേക്ക് കയറുന്നതിനിടയിൽ കാശിയെ ചൊടിപ്പിക്കാനായി അമ്മു ചോദ്യമെറിഞ്ഞു... " കുനിഷ്ട് ചോദ്യങ്ങൾ ചോദിക്കാതെ വണ്ടിയിൽ കയറാൻ നോക്ക്..." അവളുടെ ചോദ്യം കേട്ടതും റസീനയ്ക്ക് ദേഷ്യം വന്നു.... " നമ്മുടെ പിള്ളേരെ മത വിശ്വാസി ആക്കിയില്ലേലും അവരെ നല്ലൊരു മനുഷ്യരായി ഞങ്ങൾ വളർത്തും അമ്മൂസേ..." അമ്മുവിന്റെ മൂക്ക് പിടിച്ചു വലിച്ചു കൊണ്ട് കാശി പറഞ്ഞതും കൂടെ നിന്നവരിലത് സന്തോഷം നിറച്ചു... അടുത്താഴ്ച ബാംഗ്ലൂരിൽ റിസപ്ഷൻ വെക്കാമെന്നുള്ള തീരുമാനമായതോടെ രേണുവും അച്ഛനുമമ്മയും അവരുടെ കാറിൽ വീട്ടിലേക്ക് തിരിച്ചു...

രണ്ടുപേർക്കും തനിയെ യാത്ര ചെയ്യാനുള്ള അവസരമൊരുക്കി കൊണ്ട് ഫൈസിയുടെ കാറിൽ ടീച്ചറമ്മ കയറി.. കാശിയും ലൈലയും തനിയെ അവരുടെ കാറുകളിലും.. രണ്ടു കാറുകളും അകന്നു പോയതിനു ശേഷമാണു ശരത്തും ഇഷയും ഓട്ടോ പിടിച്ച് അവരുടെ വീടുകളിലേക്ക് തിരിച്ചത്... ശരിക്കുമൊരു സ്വപ്ന ലോകത്തെത്തിയ ഫീലായിരുന്നു നമ്മുടെ കാശിക്ക്.. ഒടുവിൽ തന്റെ പ്രാണനെ സ്വന്തമാക്കിയിരുന്നു...!! കള്ളക്കാമുകനിൽ നിന്നും ഭർത്താവിലേക്കുള്ള ചുവടുമാറ്റം...!! തന്റെ പെണ്ണിനെയൊന്ന് ആശ്ലേഷിക്കാൻ അവളുടെ നെറ്റിത്തടത്തിൽ ചുംബനമർപ്പിക്കാൻ കാശിക്ക് കൊതി തോന്നിപ്പോയി... നേരമിത്രയായിട്ടും അവളോടൊന്ന് ഉള്ള് തുറന്ന് സംസാരിക്കാൻ പോലും കഴിഞ്ഞിട്ടില്ല... അവൻ തല ചെരിച്ച് ലൈലയെ നോക്കി... ആളീ ലോകത്തൊന്നുമല്ല... കാര്യമായ അലോചനയിലാണ്.. എന്താണാവോ ഇത്രയൊക്കെ ചിന്തിച്ചു കൂട്ടുന്നത്...??!! ഇനി കല്യാണം കഴിച്ചത് വെറുതെയാണെന്ന് തോന്നിക്കാണുമോ എന്തോ..?!!

വെറുതെയാണേലും ആലോചിക്കുമ്പോൾ തന്നെയും കാശിയുടെ ഹൃദയ താളം നിലച്ചു പോകും പോലെ തോന്നിപ്പോയി.. അവൻ പെട്ടെന്ന് തന്നെ വണ്ടി ഒരു സൈഡിലേക്ക് ഒതുക്കി... " എന്ത് പറ്റി ലൈലൂ.. ഇത്രയും വിപ്ലവകരമായ കല്യാണം നടന്നിട്ടും ഒരു സന്തോഷമില്ലാലോ..??!! എന്തേലും പ്രശ്നമുണ്ടോടാ..??!!" " എനിക്ക് വിശക്കുന്നൂ..." പെണ്ണിന്റെ നിഷ്കളങ്കമായ മറുപടി കേട്ടതും അവൻ പൊട്ടിച്ചിരിച്ചു പോയി... " നീയെന്നെ വല്ലാതങ്ങ് ടെൻഷനാക്കി കളഞ്ഞല്ലോ ലൈലൂസേ... " പറഞ്ഞു കഴിഞ്ഞതും സീറ്റ് ബെൽറ്റ് അഴിച്ചു വെച്ച് ഇരുന്നിടത്തു നിന്നും ചെറുതായി ഉയർന്നു വന്ന് കാശിയവളെ കെട്ടിപ്പിടിച്ചു... നെറ്റിത്തടത്തിൽ ഒരു മുത്തവും കൊടുത്ത് ഒന്നുമറിയാത്ത മട്ടിൽ തിരികെ സീറ്റിലിരുന്നു... ചെറു ചിരിയോടെയവൻ വണ്ടി മുന്നോട്ടെടുത്തപ്പോൾ പെണ്ണവിടെ വാ പിളർന്നിരിപ്പാണ്.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story