കാണാ മറയത്ത്..❤: ഭാഗം 45

kanamarayath

രചന: മീര സരസ്വതി

" എന്ത് പറ്റി ലൈലൂ.. ഇത്രയും വിപ്ലവകരമായ കല്യാണം നടന്നിട്ടും ഒരു സന്തോഷമില്ലാലോ..??!! എന്തേലും പ്രശ്നമുണ്ടോടാ..??!!" " എനിക്ക് വിശക്കുന്നൂ..." പെണ്ണിന്റെ നിഷ്കളങ്കമായ മറുപടി കേട്ടതും അവൻ പൊട്ടിച്ചിരിച്ചു പോയി... " നീയെന്നെ വല്ലാതങ്ങ് ടെൻഷനാക്കി കളഞ്ഞല്ലോ ലൈലൂസേ... " പറഞ്ഞു കഴിഞ്ഞതും സീറ്റ് ബെൽറ്റ് അഴിച്ചു വെച്ച് ഇരുന്നിടത്തു നിന്നും ചെറുതായി ഉയർന്നു വന്ന് കാശിയവളെ കെട്ടിപ്പിടിച്ചു... നെറ്റിത്തടത്തിൽ ഒരു മുത്തവും കൊടുത്ത് ഒന്നുമറിയാത്ത മട്ടിൽ തിരികെ സീറ്റിലിരുന്നു... ചെറു ചിരിയോടെയവൻ വണ്ടി മുന്നോട്ടെടുത്തപ്പോൾ പെണ്ണവിടെ വാ പിളർന്നിരിപ്പാണ്... ഡ്രൈവിങിനിടയിൽ കാശി കണ്ണാടിച്ചില്ലിലൂടെ ഇടംകണ്ണിട്ട് അവളെ നോക്കുന്നുണ്ട്.. പെണ്ണിപ്പോഴും കാര്യമായ ആലോചനയിൽ തന്നെ.. പക്ഷെ, മാറിവരുന്ന ഭാവങ്ങളിൽ നിന്നും നേരത്തെ അരങ്ങേറിയ രംഗത്തിന്റെ ഹാങ്ങോവറിലാണ് അവളെന്ന് മനസിലാക്കാം....

ഓർത്തതും അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു... nu പിന്നീട് വണ്ടി മുന്നോട്ട് നീങ്ങിയതോ നിർത്തിയതോ ഒന്നും ലൈലയറിഞ്ഞില്ല... പ്രണയമൊരു മഴയായ് പെയ്ത്‌, ആ മഴയിലൊരു കടൽ രൂപപ്പെട്ട്‌, അതിന്റെ അലകളിൽ നീന്തിത്തുടിക്കുകയായിരുന്നു ഇന്നേരമത്രയുമവൾ... " സേ ചീസ്...." ക്യാമറ ഓപ്പൺ ചെയ്ത്‌ ഫോൺ ഉയർത്തി പിടിച്ചു കാശി... അപ്രതീക്ഷിതമായതിനാൽ ലൈല പെട്ടെന്നവന്റെ മുഖത്തേക്ക് നോക്കി... ലൈലയുടെ ആ നോട്ടമാണ് സെൽഫിയിൽ പതിഞ്ഞത്... " ഇൻസ്റ്റയിൽ ഇടാം... " " ഇയ്യോ ഞാൻ ക്യാമെറയിൽ നോക്കിയില്ല...!!!" "ബട്ട്, ഇത് ക്യൂട്ടായിട്ടുണ്ട്‌... ഇത് മതി, നോക്ക്..." ക്യാമെറയിൽ നോക്കി ചിരിക്കുന്ന കാശിയും കണ്ണിൽ പ്രണയം നിറച്ചു കൊണ്ടവനെ നോക്കുന്ന ലൈലയും... എന്തോ പ്രത്യേക ആകർഷണം തോന്നി അവൾക്ക്... " ഇടട്ടെ...??" ലൈല സമ്മതം മൂളിയതും " mine ❤️" എന്ന ക്യാപ്ഷനോടെ കാശിയത് പോസ്റ്റ് ചെയ്തു... " ഇനി ഇറങ്ങിയാലോ...??" അപ്പോഴാണ് ലൈല പുറത്തേക്ക് ശ്രദ്ധിക്കുന്നത്.... " കഫെ ഡി കാപ്രിയോ..."

മുന്നിലെ കഫെയുടെ ബോർഡ് വായിച്ചപ്പോൾ ആകെയൊരു വല്ലായ്മ... ഇഷ്ടമില്ലാത്ത ഓർമകളുടെ കൂമ്പാരം തനിക്ക് ചുറ്റും സ്വയം കെട്ടഴിഞ്ഞു വീഴുന്നത് പോലെ.. " ഇവിടെയോ...??!" " ഉം ഇവിടെ... നമ്മളുടെ തുടക്കം ഇവിടുന്നല്ലേ..?? വേദനിപ്പിക്കുന്ന ഓർമകളാണെങ്കിൽ കൂടിയും നമ്മിളിന്നിങ്ങനെ ഒന്നായത് അന്നിവിടെത്തെ കൂടിക്കാഴ്ച കൊണ്ടല്ലേ..??!! ഇനി നമുക്കിവിടെ കുറച്ച് സന്തോഷിപ്പിക്കുന്ന ഓർമ്മകൾ കൂടി ബാക്കിയാക്കാം..." മറുപടിയൊന്നും പറയാതെ ലൈല കാറിൽ നിന്നുമിറങ്ങി... കാശി ഫൈസിയെ വിളിച്ച് കാര്യമറിയിച്ചു... പെട്ടെന്ന് കഴിച്ച് ഇറങ്ങിക്കോളാമെന്ന് പറഞ്ഞത് കൊണ്ട് അവർ യാത്ര തുടർന്നു... കയറിയ ഉടനെ അവളാകമാനം കണ്ണോടിച്ചു... അന്ന് നടന്ന സംഭവങ്ങൾ ഇപ്പോഴും ചിലരെങ്കിലും ഓർത്തിരിപ്പുണ്ടെന്ന് അവിടെയുള്ള സ്റ്റാഫുകളുടെ മുഖ ഭാവം കാണുമ്പോൾ മനസ്സിലാകുന്നുണ്ട്.. അവർക്കൊക്കെയും ഒരു പുഞ്ചിരി സമ്മാനിച്ച് കൊണ്ട് കാശിയും ലൈലയും ഒരു ടേബിളിനരികിലിരുന്നു...

വെയ്റ്റർ കൊണ്ട് വന്നു വെച്ച ഭക്ഷണം ആരെയും കാത്ത് നിൽക്കാതെ ആർത്തിയോടെ വലിച്ചു വാരിക്കഴിക്കുന്ന പെണ്ണിനെ കൗതുകത്തോടെയവൻ നോക്കി നിന്നു... ടേബിളിനു ഇരുവശവുമിരുന്ന് കൈ കോർത്ത്, കണ്ണിൽ കണ്ണും നട്ട്‌, ഒരു ജ്യൂസ് ഒരുമിച്ച് പങ്കുവെച്ച് രണ്ട് റൊമാന്റിക് സീൻ വിടാമെന്നുള്ള അവന്റെ ആഗ്രഹങ്ങളെയാണ് നിമിഷങ്ങൾക്കുള്ളിൽ അവൾ കാറ്റിൽ പറത്തിയത്... " ഹോ നശിപ്പിച്ച്....!!" മനസ്സിൽ പറയേണ്ടത് കാശി തെല്ലുറക്കെ പറഞ്ഞു പോയി.. കഴിക്കുന്നത് തൽക്കാലം നിർത്തി വെച്ചവൾ അവനെ നോക്കി.... വിശപ്പിന്റെ കാഠിന്യത്താലാവണം ആ പറഞ്ഞത് കൃത്യമായി ലൈലയ്ക്ക് മനസ്സിലായില്ല... " ഏഹ്ഹ്.. എന്താ...??!!" " നല്ല വിശപ്പുണ്ടല്ലേ...??" " ഹ്മ്മ്... രാവിലെ തൊട്ടേ ഒന്നും കഴിച്ചില്ലാരുന്നു... ബസ് കിട്ടില്ലെന്ന് കരുതി രാവിലെ കഴിക്കാതെയാ പോയത്.. വീട്ടിലെത്തിയപ്പോൾ കഴിക്കാനായി ഫുഡ് എടുക്കുമ്പോഴാ നിങ്ങൾ വന്നത്..." ചെറുപുഞ്ചിരിയോടെ പെണ്ണ് പറയുമ്പോൾ അവനു അലിവ് തോന്നി..

" സാരില്ല... നന്നായി കഴിക്ക്‌..." " കാശിയേട്ടൻ കഴിക്കുന്നില്ലേ...??" " ഞാനീ ജ്യൂസ് കഴിച്ചോളാം... വീട്ടിലേക്ക് വരുന്നതിനു മുന്നേ ഞങ്ങൾ കഴിച്ചതാ..." അവൾ കഴിക്കുന്നതും നോക്കി ജ്യൂസ് നുണഞ്ഞു കൊണ്ട് അവനിരുന്നു... കഴിച്ചു കഴിഞ്ഞ് ലൈല വാഷ്‌റൂമിലേക്ക് നടന്നു.. വായ കഴുകി തുപ്പി നിവർന്നു നിന്നപ്പോഴാണ് നേരെ വെച്ചിരിക്കുന്ന കണ്ണാടിയിൽ ഒരു പ്രതിരൂപം കണ്ടത്... അവൾ ഭയത്തോടെ പിന്നോട്ട് തിരിഞ്ഞു നോക്കി... " റൈഹാൻ...??!!! താൻ... താനെന്താ ഇവിടെ...??" " പുന്നാര മോളെയൊന്ന് കാണാൻ... കണ്ട വിഴുപ്പൊക്കെ ചുമക്കേണ്ട കാര്യമെന്താ ലൈല മോളെ...? ഇക്കാനോടൊരു വാക്ക് പറഞ്ഞിരുന്നേലോ..??!! സ്വർഗ്ഗത്തിലെ ഹൂറിയെ പോലെ കൊണ്ട് നടന്നേനെല്ലോ.." വഷളൻ ചിരിയോടെ അവൻ ലൈലയുടെ കയ്യിൽ പിടിച്ചു... " ഛീ, കൈയെടുക്കെടാ നാറി..." ധൈര്യം സംഭരിച്ചവൾ ഒച്ചയെടുത്തു... അവനിൽ കുലുക്കമൊന്നുമുണ്ടായില്ല... ലൈല അടിക്കാനായി കൈ വീശിയെങ്കിലും അവൻ വിദഗ്ദമായി മാറിക്കളഞ്ഞു...

ലൈലയെ കാണാതെ അന്വേഷിച്ചു വന്ന കാശി കാണുന്നത് ഈ കാഴ്ചയാണ്... " ഡാ... എന്റെ പെണ്ണിനെ തൊട്ട് കളിക്കുന്നോ..?!!" ആക്രോശത്തോടെ അവൻ ആഞ്ഞു ചവിട്ടി... റൈഹാൻ തെറിച്ച് വീണത് കഫെയ്ക്ക് അകത്തേക്കായിരുന്നു... ഇതിനോടകം അവിടെ കാഴ്ചക്കാരായി ആളുകൾ കൂടിയിരുന്നു... " നിന്റെ പെണ്ണോ...?? ഏതു വകയിൽ..???!! എന്റെ അറിവിൽ ആലിയാപ്പ ഇവളെ നിന്റെ കയ്യിൽ പിടിച്ചേൽപ്പിച്ചിട്ടില്ല...!! കണ്ണുവെട്ടിച്ച് ഓടിക്കളഞ്ഞാൽ രണ്ടിനേം കിട്ടില്ലെന്ന് കരുതിയോ..??" ക്രൂരമായി ചിരിച്ചു കൊണ്ടവൻ എഴുന്നേൽക്കാൻ ശ്രമിച്ചു... അതിനുള്ള മറുപടി പറഞ്ഞത് കാശിയുടെ കയ്യായിരുന്നു... ചെകിട് പൊട്ടുന്ന രീതിയിൽ കാശി മുഖത്താഞ്ഞു പ്രഹരിച്ചു... വേദനയാൽ അവൻ വേച്ചു പോയി... " ഞാൻ കെട്ടിയ പെണ്ണിനെ പിന്നെ എന്റെ പെണ്ണെന്നല്ലാതെ പിന്നെയെന്താടാ പറയണ്ടേ...?? ഇനി നിന്റെ നിഴൽ പോലും എന്റെ പെണ്ണിന്റെ ചുറ്റുവട്ടത്ത് കാണരുത്... കണ്ടാൽ ഇതുപോലെയാകില്ല ഞാൻ പ്രതികരിക്കുക..." ക്രോധത്തോടെ അവനു നേരെ കൈ വിരൽ ചൂണ്ടി കാശി... റൈഹാൻ തിരികെ പ്രഹരിക്കാനായി കൈ വീശിയപ്പോഴേക്കും കാശി ഒഴിഞ്ഞു മാറി... " മതി, നിർത്ത്‌...."

കണികൾക്കിടയിൽ നിന്നുള്ള ഉറച്ച ശബ്ദത്തിനുടമയെ ലൈല തിരിച്ചറിഞ്ഞിരുന്നു... " ഇജാസെ, പുറത്ത് പിള്ളേര് നിൽപ്പുണ്ട്ഡാ... ഇവന്റെ കാര്യം അവര് നോക്കിക്കോളും.. നീ ലൈലയെയും കൊണ്ട് വീട്ടിലേക്ക് ചെല്ല്...." " നിങ്ങള് നേരം കളയാതെ ചെല്ല്... ഇവരുടെ കാര്യം ഞാൻ നോക്കിക്കോളാ..." റൈഹാന്റെ വാക്കുകൾ ഗൗനിക്കാതെ ഇജാസ് കാശിയോടും ലൈലയോടുമായി പറഞ്ഞു... "നീയിതെന്ത് കണ്ടിട്ടാ... കുടുംബത്തിന് മാനക്കേടുണ്ടാക്കാൻ നീയൊക്കെ കൂട്ട്‌ നിൽക്കുകയാണോ...?? " ഇജാസിന്റെ കോളറിൽ കൂട്ടി പിടിച്ചവൻ... ഇജാസ് കണ്ണുകൊണ്ട് പോകാൻ കാണിച്ചതും കാശി ലൈലയെയും കൊണ്ട് പുറത്തേക്ക് നടന്നു... പുറത്ത് ഒരു ജീപ്പ് നിറയെ ആളുകളെ കണ്ടതും ലൈല കാശിയുടെ കയ്യിൽ ഇറുകെ പിടിച്ചു... ആജ്ഞയ്ക്ക് കാത്തിരിക്കുന്ന വേട്ട നായ്ക്കളെ പോലെയവർ ഇരുവരെയും ഉറ്റു നോക്കി.. ഒരു ഭാവ വ്യത്യാസവും കാണിക്കാതെ കാശി ലൈലയെ കോ ഡ്രൈവിംഗ് സീറ്റിലിരുത്തി...

വണ്ടി കുറച്ചു ദൂരം പിന്നിട്ടിട്ടും ലൈലയുടെ ഭയം വിട്ടു മാറിയിട്ടില്ല.... കണ്ണുകളിൽ നീർതുള്ളി തിളക്കമുണ്ട്... പേടിയോടെ ദിഖ്‌റുകളും സ്വലാത്തുകളും ഉരുവിടുന്നുണ്ട്... ഇടയ്ക്കിടെ കാശി അവളിലേക്ക് കണ്ണെറിഞ്ഞു... " പേടിക്കാതിരി ലൈലൂ... അവരുടെ കാര്യമിനി ഇജാസ് നോക്കിക്കോളും... ആരെയും പേടിക്കേണ്ടാ... എനിക്ക് ജീവനുള്ളിടത്തോളം കാലം നിനക്കൊരു പോറൽ പോലും വരാതെ ഞാൻ നോക്കും.... മതത്തിന്റെ കെട്ടുപാടുകൾ കൊണ്ട് മാത്രം എത്ര പ്രണയങ്ങൾ ഈ ലോകത്ത് കൊഴിഞ്ഞു പോയിട്ടുണ്ടാകും...!! നമുക്ക് ജീവിച്ചു കാണിക്കണം ലൈലൂ.... പരസ്പരം സ്നേഹത്തോടെ സന്തോഷത്തോടെ ബഹുമാനത്തോടെ ജീവിക്കാൻ മതമൊരു തടസ്സമല്ലെന്ന് കാണിക്കണം... അതിനെന്റെ പെണ്ണ് ഇത്തിരി ധൈര്യം കാണിക്കണം.... ഇങ്ങനെ പേടിക്കാൻ നിന്നാൽ അതിനെ നേരം കാണുള്ളൂ... കണ്ണ് തുടച്ചേ..." ആ വാക്കുകൾ ചെറിയ ആശ്വാസമായിരുന്നില്ല ലൈലയിൽ നിറച്ചത്.. ശരിയാണ്, സന്തോഷമായി ജീവിച്ചു കാണിക്കണം... വാശിയോടെയവൾ കണ്ണുകൾ അമർത്തി തുടച്ചു.. ചെറു ചിരിയോടെ ഗിയറിൽ വച്ചിരിക്കുന്ന അവന്റെ കൈയ്യിൽ കൈ കോർത്തവൾ ചുണ്ടോടപ്പിച്ചു...

കാശിയുടെ മുഖത്ത് നൂറു വാൾട്ടിന്റെ പുഞ്ചിരി വിടരാൻ അത്രയും മതിയായിരുന്നു... പെട്ടെന്നാണ് കാശിയുടെ ഫോൺ ശബ്ദിച്ചത്.... " ഇജാസണല്ലോ...!!" വണ്ടി സൈഡിലേക്കൊതുക്കി കാശി ഫോണെടുത്തു... " അളിയോ.. എന്ത് മണ്ടത്തരമാ കാണിച്ചത്...??!! വീട്ടിലെത്തിക്കഴിഞ്ഞ് ഫോട്ടോ പോസ്റ്റ് ചെയ്താൽ മതിയായിരുന്നില്ലേ...??!! ആ ഫോട്ടോ കണ്ടയുടനെ ഞാൻ കഫേയിലേക്ക് തിരിച്ചതാ... എനിക്കുറപ്പായിരുന്നു റയ്യാനും സംഘവും അവിടെ എത്തിക്കാണുമെന്ന്...." ഇജാസ് പറഞ്ഞപ്പോഴാണ് പറ്റിയ അമളി അവനോർത്തത്... ഫോട്ടോയിൽ ലൈലയുടെ പിറകിലെ ബാക്ക്ഗ്രൗണ്ടിൽ ഉണ്ടായിരുന്നത് കഫേ ഡി കാപ്രിയോ ആയിരുന്നു... ഫോട്ടോയിൽ ലൈലയിൽ മാത്രം ദൃഷ്ടി പതിപ്പിച്ചതിനാൽ ബാക്ക്ഗ്രൗണ്ട് ശ്രദ്ധയിൽ പെട്ടതുമില്ല... " എന്തായാലും നന്നായി അളിയാ, റൈഹാനുള്ളത് ഞാൻ നേരത്തെ ഓങ്ങി വെച്ചതാ... അതേതായാലും ഒട്ടും വൈകാതെ കൊടുക്കാനായല്ലോ...!!" മറുപുറത്തപ്പോൾ പൊട്ടിച്ചിരി കേൾക്കാം... **************

ബാംഗ്ലൂരിൽ എത്തിയപ്പോൾ ഇരുട്ട് പരന്നിരുന്നു... ലൈല നല്ല ഉറക്കമാണ്... വീടിന്റെ ഗേറ്റിനകത്തേക്ക് കടക്കും വരെയും കാശിയവളെ ഉണർത്തിയില്ല.... അവരെത്തും മുന്നേ ഫൈസിയുടെ കാർ അവിടെ എത്തിയിരുന്നു... ടീച്ചർ ഇരുവരെയും ആരതി ഉഴിഞ്ഞ് അകത്തേക്ക് കൈ പിടിച്ചു കയറ്റി... കുറച്ച് നേരം അവിടെയിരുന്ന് സംസാരിച്ചതിന് ശേഷമാണ് മാലിക്കും കുടുംബവും അവിടെ നിന്നുമിറങ്ങിയത്... " ക്ഷീണിച്ചല്ലെ...?? മോള് പോയി ഫ്രഷായിട്ട് വാ... ഞാൻ ചെന്ന് എന്തേലുമുണ്ടാക്കട്ടെ..." "അമ്മയിനി ഇണ്ടാക്കാനൊന്നും നിൽക്കണ്ട.. ഫുഡ് ഓർഡർ ചെയ്യാം... " സത്യത്തിൽ ടീച്ചറുമത് ആഗ്രഹിച്ചിരുന്നു... ദൂര യാത്ര ആളെ നല്ലത് പോലെ തളർത്തിയിട്ടുണ്ട്... അവർ മുറിയിലേക്ക് നടന്നു... ലൈലയും അവളുടെ മുറിയിലേക്ക് നടന്നു... പിറകെ കാശിയും... അകത്തെത്തിയതും കാശി ലൈലയെ വലിച്ചവന്റെ നെഞ്ചോട് ചേർത്തിരുന്നു... ഇരുവരും ഇറുകെ പുണർന്നു... " ഐ മിസ്ഡ് യൂ എ ലോട്ട് ലൈലൂ... നീയില്ലാതെ ഞാനെങ്ങനെയാ ഇത്രയും നാൾ തള്ളി നീക്കിയതെന്നറിയില്ല.... നിന്നെ കാണാതിരുന്നാൽ പ്രാണൻ പോലും പോകുമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.... " അവനവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്ത് ചുംബനങ്ങൾ കൊണ്ട് മൂടി........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story