കാണാ മറയത്ത്..❤: ഭാഗം 5

രചന: മീര സരസ്വതി
കിടക്കാൻ നേരം പതിവ് പോലെ ഇൻസ്റ്റയിലും എഫ്ബിയിലും നരിയുടെ അക്കൗണ്ട് ഉണ്ടോയെന്നുള്ള പരിശോധനയ്ക്കിടയിലാണ് വാട്സപ്പിൽ ഒരു മെസേജ് വന്നത്.. പരിചയമില്ലാത്ത നമ്പറാണ്... വർധിച്ച ഹൃദയമിടിപ്പോടെയാണ് പെണ്ണ് മെസേജ് ഓപ്പൺ ചെയ്തത്... " നാളെ ഈവെനിങ്ങൊന്ന് കാണാൻ പറ്റുമോ...??? " മെസേജ് കണ്ടതുമവൾ ദൃതിയിൽ മുകളിലെ കുഞ്ഞു സർക്കിളിൽ കാണുന്ന പ്രൊഫൈൽ പിക്കെടുത്തു നോക്കി.. "ശരത്തേട്ടൻ....!!!" അത്ഭുധത്തോടെ ലൈലയുടെ വിരലുകൾ ഒരു മറുപടിക്കായി കീപാഡിലൂടെ ചലിച്ചു.... " എന്ത് പറ്റി ശരത്തേട്ടാ...???" " കൂടുതൽ ചോദ്യങ്ങളോ ഉത്തരങ്ങളോ ഇപ്പൊ വേണ്ടാ.. കുറച്ചു സംസാരിക്കാനുണ്ട്.. നാളെ ഈവെനിംഗ് കഫെ ഡി കാപ്രിയോയിലോട്ട് വരാൻ പറ്റുമോ...?? കൂടെ നിന്റെ വാലിനെയും കൂട്ടിക്കോ.... " തന്റെ നമ്പർ തേടിപിടിച്ചു മെസേജ് അയക്കണേൽ അതിലെന്തെങ്കിലും കാര്യം കാണുമെന്ന് ഉറപ്പുള്ളതിനാൽ തന്നെയും വരാമെന്നുള്ള ഉറപ്പ് നൽകാൻ കൂടുതലൊന്നും ലൈലയ്ക്ക് ആലോചിക്കേണ്ടി വന്നില്ല... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
"എന്റെ ബലമായ സംശയം ശരത്തേട്ടൻ തന്നെയാകണം നിന്റെ നരിയെന്നാ ലൈലൂ...." രേണുവാണേ... രണ്ടുപേരും കഫെയിൽ ശരത്തിനെയും കാത്തുള്ള ഇരിപ്പാണ്... " ഏയ് അല്ല... നരിയുടെ ശബ്ദം ഏതുറക്കത്തിൽ കേട്ടാലും എനിക്ക് തിരിച്ചറിയാം രേണൂ.... എന്തായാലും ശരത്തേട്ടനല്ല... " " എങ്കിൽ പിന്നേ കാശിയേട്ടനാകും... അങ്ങേർക്ക് മിമിക്രിയൊക്കെ വശമുള്ളതല്ലേ... ഇനിയെങ്ങാനം സൗണ്ട് മാറ്റം വരുത്തി സംസാരിക്കുന്നതാണെലോ....?!!" " അറിയില്ല.. എന്തോ എന്റെ മനസ്സ് പറയുന്നു അവര് രണ്ടുമല്ലെന്ന്.... " അപ്പോഴാണ് കഫെയുടെ ഡോർ തുറന്ന് കാശിയും ശരത്തും അകത്തേക്ക് വന്നത്.. അവരുടെ പിറകിലായി ഇഷയും... "ഞങ്ങൾ വൈകിയല്ലേ...." ക്ഷമാപണത്തോടെ പറഞ്ഞു കൊണ്ട് ലൈലയ്ക്ക് എതിർ വശത്തായുള്ള കസേര നീക്കി കാശിയിരുന്നു... അടുത്തുള്ള കസേരകളിലായി ശരത്തും ഇഷയുമിരുന്നു... എല്ലാവർക്കും ഓരോ കാപെച്ചീനോ ഓർഡർ ചെയ്ത് ഇഷ ലൈലയോടും രേണുവിനോടും കുശലന്വേഷണത്തിലായി...
" ലൈല... നമുക്ക് ആ ടേബിളിലോട്ട് മാറിയിരുന്നാലോ....?? എനിക്ക് തന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.... " കാശി ലൈലയോട് പറഞ്ഞപ്പോൾ അവളുടെ നോട്ടം ചെന്നെത്തിയത് രേണുവിലാണ്.... അവൾ കൂടെ ചെല്ലാൻ കണ്ണ് കൊണ്ട് അനുവാദം കൊടുത്തതും ലൈല കാശിയോടൊപ്പം തൊട്ടടുത്ത ടേബിളിലേക്ക് മാറിയിരുന്നു.. കാശി കയ്യിലിരുന്ന ഫോൺ അവൾക്കരികിലേക്കായി നീക്കി വെച്ചു... കാര്യം മനസ്സിലാകാതെ പെണ്ണവനെ പകച്ചു നോക്കി... " ഇതിലുണ്ട് നിന്റെ നരിയെ കുറിച്ചെല്ലാം.... ലോക്കില്ല... ഓപ്പൺ ചെയ്ത് നോക്ക്... " അറിയാനുള്ള ആകാംക്ഷയിൽ പെണ്ണ് ഫോൺ കയ്യിലെടുത്ത് നോക്കി.. കായൽ തീരത്തെ സൺസെറ്റായിരുന്നു അതിലെ വാൾ പിക്ചർ... എന്ത് വേണമെന്നറിയാതെ പിന്നെയും കാശിയുടെ മുഖത്തേക്ക് ലൈല നോട്ടം പായിച്ചു.... " നിരക്ഷരന്റെ ഫോണാണ്... താനൊന്ന് അതിലെ ഗാലറി എടുത്തു നോക്കൂ..." ഗാലറി തുറന്നതും കണ്ടത് പല പെൺകുട്ടികളുടെയും മോശമായതും അല്ലാത്തതുമായ കുറേ ഫോട്ടോസ്.. അത് കൂടാതെ കുറേ അശ്ലീല വിഡിയോസും... അതിലേക്ക് അധിക നേരം നോക്കി നിൽക്കാൻ ലൈലയ്ക്കായില്ല... ഫോൺ ടാബ്‌ളിന് മുകളിൽ വെച്ച് അവിടെ ഉണ്ടായിരുന്ന ബോട്ടിലിൽ നിന്നും വെള്ളമെടുത്തു കുടിച്ചു പെണ്ണ്....
"കഴിഞ്ഞ ഇരുപത്തിയഞ്ചു ദിവസമായി ലൈലാ ഈ ഫോൺ എന്റെ കയ്യിൽ കിട്ടിയിട്ട്..!! കൃത്യമായി പറഞ്ഞാൽ നീയും നരിയും മീറ്റ് ചെയ്യാൻ തീരുമാനിച്ച അന്ന്...!! " "അപ്പോൾ നരി..???!!!" "ഹ്മ്മ്... പറയാം... ഞങ്ങൾ അറിഞ്ഞയന്ന് തന്നെ കാര്യങ്ങൾ പറയാതിരുന്നത് താനൊന്ന് നരിയില്ലാതെ അഡ്ജസ്റ്റായിട്ട് മതിയെന്ന് തോന്നിയിട്ടാ.... പിന്നേ എന്റെ കാലിലെ കെട്ടൊന്ന് അഴിയാനും... ശരത്തിന്റെ പെങ്ങൾ ശരണ്യ പറഞ്ഞപ്പോൾ തൊട്ടാണ് ഞങ്ങളീ അക്കൗണ്ട് ശ്രദ്ധിക്കുന്നത്... അവളുടെ ഫേസ്ബുക് ഫ്രണ്ടാണ് നിരക്ഷരൻ... അയാളുടെ എഴുത്ത് വായിച്ച് ആരാധന തോന്നി പരിചയപ്പെട്ടതാണ് ആളെ... പതിയെ ആ സൗഹൃദം വളർന്നു.. വളരെ മാന്യമായിട്ടാണ് ആയാളുടെ പെരുമാറ്റം എന്നതിനാൽ തന്നെ എല്ലാം തുറന്നു പറയാനുള്ളത്രയും കൂട്ടായിരുന്നു അവൾക്ക്... സ്വന്തം ജീവിതം അയാളുടെ മുന്നിലൊരു തുറന്ന പുസ്തകമാകാൻ അധികം കാല താമസമൊന്നുമുണ്ടായില്ല... താനൊരു വിധവയും അഞ്ചു വയസ്സുകാരന്റെ അമ്മയുമാണെന്ന് ആളോട് വെളിപ്പെടുത്തി...
അതിനു ശേഷം അയാളുടെ ചാറ്റിൽ മാറ്റങ്ങൾ വന്ന് തുടങ്ങി... ഡബിൾ മീനിംഗിൽ തുടങ്ങിയുള്ള സംസാരം ഒടുവിൽ ഡയറക്റ്റ് സെക്സ് ചാറ്റ് എന്നുള്ള രീതിയിലേക്ക് വന്നു... മോശമായ ഫോട്ടോകളും വീഡിയോകളും അനുവാദമില്ലാതെ ഇൻബോക്സിൽ എത്തി തുടങ്ങിയപ്പോഴാണ് ശരത്തിനോട് ശരണ്യ കാര്യങ്ങൾ പറയുന്നത്... അന്ന് തന്നെ ശരണ്യയെ കൊണ്ട് അയാളെ ബ്ലോക്ക് ചെയ്യിച്ചു ഞങ്ങൾ ഒരു ഫേക്ക് ഐഡി തുടങ്ങുന്നത്.. പക്ഷേ ഫേക്ക് ഐഡികളുടെ അടുത്ത് കരുതലോടെ മാത്രമേ അയാൾ സംസാരിച്ചിരുന്നുള്ളു... അങ്ങനെയാണ് ഞങ്ങൾ ഇഷയുടെ സഹായം തേടുന്നത്... അവളുടെ ഒറിജിനൽ ഐഡിയിലൂടെ അയാളുടെ സൗഹൃദവും വിശ്വാസവും നേടിയെടുത്ത് നമ്മുടെ വരുതിയിൽ എത്തിക്കുന്നത് ഇഷയാണ്... കണ്ണൂരുള്ള അയാൾ കോഴിക്കോടേക്ക് വരുന്നുണ്ട് ഒന്ന് കാണാൻ സാധിക്കുമോ എന്ന് ചോദിച്ചപ്പോൾ ഉടനെ തന്നെ യെസ് മൂളിയിരുന്നു.... ഈ കോഫി ഷോപ്പിൽ വെച്ച് തന്നെയാണ് ഇഷയുമായുള്ള കൂടിക്കാഴ്ച തീരുമാനിച്ചത്... പറഞ്ഞ സമയത്ത് തന്നെ നിരക്ഷരൻ എത്തിയിരുന്നു.... പക്ഷെ ഇഷയുമായുള്ള സംസാരത്തിനിടയിൽ ഞാനും ശരത്തും കയറിച്ചെന്നപ്പോൾ അയാൾക്കത് ട്രാപ്പാണെന്ന് മനസ്സിലായി..
ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഞാൻ പിന്നാലെയോടി.. അയാളുടെ വാഹനം പിന്തുടരുന്നതിനിടയിലാണ് എനിക്ക് അപകടം സംഭവിക്കുന്നത്... ഭാഗ്യവശാൽ ഇഷയോടുള്ള സംസാരത്തിനിടയിലെപ്പോഴോ അവൻ ഫോൺ ടേബിളിൽ വെച്ചിരുന്നു... അത് ശരത്ത് കൈക്കലാക്കി... ആ ഫോൺ പരിശോധിച്ചതിൽ നിന്നും ഇഷയ്ക്കും ശരത്തിനുമൊരു കാര്യം മനസ്സിലായി... നിരക്ഷരൻ എന്ന വ്യക്തി കംപ്ലീറ്റ് ഫ്രോഡാണ്... അവൻ ശരണ്യയെ കൂടാതെ വേറെയും ചില പെൺകുട്ടികളെ കൂടി വലയിൽ വീഴ്ത്തിയിട്ടുണ്ട്... ആദ്യമാദ്യം ചിലപ്പോൾ മാസങ്ങളോളം നല്ല മാന്യമായി സംസാരിച്ചു വിശ്വാസം നേടിയെടുക്കലാണ് ആളുടെ ആദ്യ പടി.. പിന്നീട് പ്രണയമെന്നുള്ള രീതിയിൽ പതിയെ മറ്റു പല സംസാരങ്ങളിലേക്കും എത്തിച്ചേരും... കയ്യിൽ ഫോൺ കിട്ടിയ ഉടനെ തന്നെയവർ അവന്റെ എഫ് ബി പാസ്സ്‌വേർഡും അത് തുറക്കാൻ ഉപയോഗിച്ചിരുന്ന ഗൂഗിൾ ഐഡിയുടെ പാസ്സ്‌വേർഡും ചേഞ്ച് ചെയ്തു. ഓപ്പൺ ചെയ്ത് വെച്ചേക്കുന്ന എല്ലാ ഡിവൈസിൽ നിന്നും എഫ് ബി ലോഗൗട്ടും ചെയ്തു വെച്ചു.. ആക്‌സിഡന്റ് സംഭവിച്ച് ഞാൻ ഹോസ്പിറ്റലിൽ ആയതോടെ ശരത്ത് പിന്നേ അതിന്റെ പിന്നാലെയായി....
നരിയുടെ ഫോൺ സ്വിച്ചഡ് ഓഫ് ചെയ്ത് വെച്ചു... പിന്നീട് ഹോസ്പിറ്റലിൽ വെച്ചാണ് ഞങ്ങൾ വീണ്ടുമാ ഫോൺ ഓൺ ചെയ്ത് പരിശോധിക്കുന്നത്... അതിനിടയ്ക്കാണ് ഒരു ഐഡിയിൽ നിന്നും നിരന്തരം ഫോൺ കോളുകളും മെസേജുകളും വന്നു കൊണ്ടേയിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്... ശിവന്യ അതായിരുന്നു ആ അക്കൗണ്ട് നെയിം... മെസേജുകൾ പരിശോധിച്ചപ്പോഴാണ് തമ്മിൽ കാണാനുള്ള പ്ലാനൊക്കെ നടത്തിയിരുന്നതായി മനസ്സിലാകുന്നത്.... കോഴിക്കോട്ടുകാരിയാണെന്ന് ആചാറ്റിൽ നിന്നും മനസ്സിലാക്കിയെടുത്തു... ആ കുട്ടി പാവം കാത്തിരിപ്പാകും കാര്യങ്ങൾ അറിയിക്കാമെന്ന് ശരത്ത് പറഞ്ഞതും ഞാൻ ഫോണെടുത്തു വിളിച്ചു തുടങ്ങി.... താനന്ന് ഫോൺ മറന്നു വെച്ചത് കൊണ്ട് ഈ ലൈലയാണ് ശിവന്യയെന്ന് ഞങ്ങൾ മനസ്സിലാക്കി.. ഞങ്ങൾ ആ അക്കൗണ്ട് അപ്പോൾ തന്നെ ഡിലീഷനിൽ ഇട്ടു... കുറച്ചു നേരം കഴിഞ്ഞതും അവനാ നമ്പർ ഫ്രീസ് ചെയ്തു.... അങ്ങനെ വാട്സാപ്പും അതിലില്ലാതായി... ഒരു കണക്കിന് അത് നന്നായേ ഉള്ളൂ...
" കാശി പറഞ്ഞു നിർത്തിയതും പെണ്ണ് തളർച്ചയോടെ തല കുനിച്ചിരുന്നു... അവളുടെ കണ്ണിൽ നിന്നും ധാരയായി കണ്ണുനീർ പൊഴിഞ്ഞു കൊണ്ടേയിരുന്നു.. ധരിച്ചിരുന്ന തട്ടത്തിന്റെ തലപ്പ് കൊണ്ട് ഇടയ്ക്കിടെ കണ്ണുനീരൊപ്പിയെടുക്കുന്ന പെണ്ണിനെ കണ്ടതും എന്തിനെന്നറിയാതെ കാശിയുടെ ഉള്ളവും നൊന്തു നീറി... " എനിക്ക്... എനിക്ക് വിശ്വസിക്കാൻ പറ്റണില്ല... ന്റെ നരി... ന്റെ നരി എന്നോടങ്ങനെയൊന്നും ചെയ്യില്ല... എന്നെ അത്രയേറെ ഇഷ്ടമാ... ന്റെ പ്രണയത്തിനേക്കാൾ ന്റെ സൗഹൃദത്തിന് വാല്യൂ തന്നവനാ.. ആ അവൻ.... " വിതുമ്പലിനിടയിൽ പെണ്ണ് പറഞ്ഞൊപ്പിച്ചു... കാശി ഫോൺ കായിലെടുത്ത് ഫേസ്ബുക് ആപ്പിൽ കാണിക്കുന്ന നരിയുടെ അക്കൗണ്ട് വീണ്ടും ഓപ്പൺ ചെയ്തു... " ഞാൻ ഡിലീഷനിൽ ഇട്ടതായിരുന്നു... പക്ഷേ ഇത് ഡിലീറ്റാകാൻ ഇനിയും അഞ്ചു ദിവസം കൂടിയുണ്ട്... താൻ മെസ്സഞ്ചർ എടുത്ത് പരിശോധിക്ക്... തന്റെ നരി തന്നെയാണോ ഇതെന്ന്.... " ലൈല വിറക്കുന്ന കൈകളോടെ ആ ഫോൺ കയ്യിലെടുത്തു... രണ്ട് സെക്കന്റ് കഴിഞ്ഞതും അതിലേക്ക് ഇടതിടവില്ലാതെ മെസ്സേജ് വന്നുകൊണ്ടേയിരുന്നു... പെട്ടെന്ന് പറയാതെ പൊയ്ക്കളഞ്ഞതിനുള്ള പരാതിയാണ് പല മെസേജുകളും...
അതിനിടയിൽ അവളുടെ ചാറ്റ് ബോക്സ് ലൈല പരിശോധിച്ചു... നരിയുടെ ഫോൺ ആണതെന്ന് മനസ്സിലായി... പിന്നീടൊന്നും കാണുവാനോ കേൾക്കുവാനോ ആഗ്രഹ്മില്ലാത്തതിനാൽ ഫോൺ കാശിയുടെ കൈയിൽ തന്നെ തിരികെയേൽപ്പിച്ചു... "എന്നെ... എന്നെ.... പറ്റിച്ചതാല്ലേ.....!!! സാരവില്ല... എനിക്കൊന്ന് അയാളെ കാണിച്ചു തരാമോ.... അയാളുടെ ഫോട്ടോയെങ്കിലും.... അയാളെ വെറുക്കാൻ പോലും എന്റെ മനസ്സിലൊരു മുഖമില്ല...!!!" കണ്ണുകൾ രണ്ടും കൈകൾ കൊണ്ട് അമർത്തി തുടച്ച് ലൈല പറഞ്ഞു.... " മുഖമറിയാതെ സ്നേഹിച്ചതല്ലേ ലൈലൂ.... മുഖമറിയാതെ തന്നെ തല്ക്കാലം വെറുക്കൂ..!!! പക്ഷേ ഒരുനാൾ അവനെ എന്റെ കയ്യിൽ കിട്ടും... അന്ന് ഞാൻ കൊണ്ട് വരും ആ നാറിയെ നിന്റെ മുന്നിൽ.... ആ മുഖത്ത് നോക്കി രണ്ടു പൊട്ടിക്കാൻ....!!! ഇതെന്റെ വാക്കാ... പിന്നെ കരയരുത് എന്നൊന്നും ഞാൻ പറയില്ല... വിഷമം ഉണ്ടേൽ കരഞ്ഞു തന്നെ തീർക്കണം....!!! പിന്നെ അവനു വേണ്ടിയുള്ള കരച്ചിൽ പോലും അവനർഹിക്കുന്നില്ലെന്ന് ഓർക്കണം... എന്തു വന്നാലും തളരരുത്..." ടേബിളിനു മുകളിൽ വെച്ചേക്കുന്ന അവളുടെ കയ്യിന്നു മുകളിൽ കൈ വെച്ച് ആശ്വസിപ്പിച്ചു കൊണ്ട് കാശി പറഞ്ഞു.... "
കാണാൻ വരുമെന്ന് പറഞ്ഞിട്ട് വരാതിരുന്നിട്ട് പോലും നരിയെന്നെ പറ്റിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല... എന്നേലുമൊരുനാൾ വരുമെന്ന് കരുതി കാത്തിരിപ്പായിരുന്നു... ഞാൻ വെറുമൊരു മണ്ടിയാണല്ലേ....!!! പല ഓൺലൈൻ ചതികൾ പലയിടങ്ങളിലും വായിച്ചിട്ട് പോലും നരിയുടെ കാര്യത്തിൽ ഓവർ കോൺഫിഡൻസ് ആയിരുന്നു... എന്നെ നരി ചതിക്കില്ലെന്ന് അത്രയേറെ വിശ്വസിച്ചിരുന്നു.... ഞാൻ വിഡ്ഢി....!! വെറും മണ്ടി....!!!" "ഇതൊന്നും ഒരിക്കലും തന്റെ തെറ്റല്ല... വല്ലാതെ വീട്ടുകാർ സ്ട്രിക്ട് ആകുമ്പോൾ, ഒരു പ്രേമം കാണുമ്പോൾ സദാചാരവും കൊണ്ട് നാട്ടുകാരിറങ്ങുമ്പോൾ നമുക്ക് സ്വാതന്ത്ര്യം കിട്ടുന്നിടത്തേക്ക് നാം ചാഞ്ഞു പോകുന്നത് സാധാരണമാണ്...!! ഓൺലൈൻ പ്രണയം ഇന്നേറി വരാനും കാരണമിതാവാം..... താനും അതുപോലെ ഒന്ന് ചാഞ്ഞുപോയെന്ന് ഓർത്താൽ മതി ലൈലൂ..... ഒന്നോർത്താൽ അധികം പറ്റിക്കപ്പെടും മുന്നേ രക്ഷപ്പെട്ടല്ലോ... കൂടെ നടക്കുന്നവർ പോലും കണ്ണിൽ നോക്കി കള്ളം പറഞ്ഞു പറ്റിക്കുന്ന കാലമാടോ...!! അപ്പോഴാണ് മുഖമില്ലാത്ത ഒരാൾ... ചിലർക്ക് കള്ളങ്ങൾ മെനയാൻ ദൈവം നല്ല കഴിവ് വാരിക്കോരി കൊടുക്കാറുണ്ട് അതിലൊന്നാ തൻറെ നരിയും... താൻ റിലാക്സായിരുന്ന് ആലോചിക്ക്... സംഭവിച്ചതൊക്കെ നല്ലതിന് വേണ്ടിയാകുമെന്ന് മനസ്സിലാകും...." "ഇല്ല.. എനിക്ക് സങ്കടമില്ല... ആ വഞ്ചകനെയോർത്ത് കരയുകയുമില്ല..
മനസിലിപ്പോൾ വെറുപ്പ് മാത്രമേയുള്ളൂ... പക്ഷേ എനിക്കവന്റെ പൊയ് മുഖം മനസ്സിലായി, അതു മനസിലാകാതെ അവനെ കാത്തിരിക്കുന്ന വേറെയും പെൺകുട്ടികൾ കാണുമല്ലോ... അവരെ കാര്യങ്ങൾ അറിയിക്കണമെനിക്ക്...." " അത് വേണ്ട ലൈലാ... കാത്തിരിപ്പിന് ഒടുക്കമില്ലെന്ന് കാണുമ്പോൾ അവരത് മറന്നോളും... മറക്കും... മറക്കാതെ തരമില്ലാലോ.... " മുഖമില്ലാത്ത ഒരാളെ താനെങ്ങനെ കണ്ണുമടച്ചു വിശ്വസിച്ചു...???!!! ആരാലും പറ്റിക്കപ്പെടില്ല, ആരുടേയും വലയിൽ വീഴുല്ലെന്ന അമിത വിശ്വാസമോ അഹങ്കാരമോ ഒക്കെയുണ്ടായിരുന്നു.. എല്ലാം നിമിഷ നേരം കൊണ്ടാണ് തകർന്നു വീണത്...ഓരോന്ന് ആലോചിക്കും തോറും ലൈലയുടെ തല വെട്ടിപ്പിളരും പോലെ തോന്നി തുടങ്ങി... തലയിൽ കൈകൊടുത്തിരുന്നു പോയി പെണ്ണ്... ആരോ അടുത്തിരുന്ന് ഷോൾഡറിൽ തട്ടിയപ്പോഴാണ് എഴുന്നേറ്റിരുന്നത്... ഇഷയാണ്.... അവൾ ലൈലയെ ചേർത്ത് പിടിച്ചു... " വെറുതെ ഓർത്തു സങ്കടപ്പെടാതെ ലൈലാ..
അയാളുടെ വലയിൽ അകപ്പെടാതെ രക്ഷപ്പെട്ടല്ലോ എന്നോർത്ത് സന്തോഷിക്ക്... സ്നേഹത്തിന്റെ മറവിലിരുന്ന് പറ്റിക്കുന്ന മനുഷ്യരെ നമുക്ക് തിരിച്ചറിയാൻ പറ്റാത്തത് നമ്മുടെ തെറ്റല്ലെടാ... നമ്മുടെ വിശ്വാസത്തിന്റെ പ്രശ്നമാ... ടെൻഷനാകാതെ... ഞാൻ നല്ല ചൂട് കോഫി വാങ്ങിയേച്ചും വരാം... അതൂതിയൂതി കുടിച്ച് ആ ഓർമകളെയെല്ലാം മറവിയിലാഴ്ത്ത്...." അതും പറഞ്ഞു ഇഷ കോഫി ഓർഡർ ചെയ്യാനായി പോയി... " എന്നോട് വഴക്കിടുന്ന ടീച്ചറമ്മയുടെ ലൈലൂസ് മതി... അതാ രസം... ഇങ്ങനെ കരഞ്ഞ് മുഖം വീർപ്പിച്ചിരിക്കുന്ന ലൈലയെ രസമില്ലാട്ടോ...." ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന കാശിയെ മുഖമുയർത്തി നോക്കിയൊന്ന് ലൈല ചിരിക്കാൻ ശ്രമിച്ചു... അപ്പോൾ തങ്ങളെയും വീക്ഷിച്ച് നേരെ എതിർ വശത്തെ ടേബിളിൽ ഇരിക്കുന്ന ആളിനെ കണ്ടതും ലൈലയുടെ നെഞ്ചിൽ ഇടി വെട്ടി... അവൾ കണ്ടുവെന്ന് മനസ്സിലാക്കിയതും സീറ്റിൽ നിന്നുമെഴുന്നേറ്റ് മുന്നോട്ട് വരുന്നയാളെ കണ്ടതും ഇടുന്നയിടത്തു നിന്നും ലൈല യന്ത്രികമായി എഴുന്നേറ്റു നിന്നു...!!! .........തുടരും………..........