കാണാ മറയത്ത്..❤: ഭാഗം 6

kanamarayath

രചന: മീര സരസ്വതി

" എന്നോട് വഴക്കിടുന്ന ടീച്ചറമ്മയുടെ ലൈലൂസ് മതി... അതാ രസം... ഇങ്ങനെ കരഞ്ഞ് മുഖം വീർപ്പിച്ചിരിക്കുന്ന ലൈലയെ രസമില്ലാട്ടോ...." ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന കാശിയെ മുഖമുയർത്തി നോക്കിയൊന്ന് ലൈല ചിരിക്കാൻ ശ്രമിച്ചു... അപ്പോൾ തങ്ങളെയും വീക്ഷിച്ച് നേരെ എതിർ വശത്തെ ടേബിളിൽ ഇരിക്കുന്ന ആളിനെ കണ്ടതും ലൈലയുടെ നെഞ്ചിൽ ഇടി വെട്ടി... അവൾ കണ്ടുവെന്ന് മനസ്സിലാക്കിയതും സീറ്റിൽ നിന്നുമെഴുന്നേറ്റ് മുന്നോട്ട് വരുന്നയാളെ കണ്ടതും ഇരുന്നയിടത്തു നിന്നും ലൈല യന്ത്രികമായി എഴുന്നേറ്റു നിന്നു...!!! ലൈലയുടെ മുഖത്തെ പെട്ടെന്നുള്ള ഭാവമാറ്റത്തിന്റെ കാരണമറിയാനായി കാശി പിന്നോട്ട് തിരിഞ്ഞു നോക്കി.... "ഇജാസ് ..... !!" ലൈലയുടെ അടുത്തെത്തിയതും അവളുടെ മുഖത്തവൻ ആഞ്ഞു പ്രഹരിച്ചു.. കാശിക്കൊന്ന് തടയാൻ പോലും സാധിച്ചില്ല... " കണ്ടവന്റെ കൂടെയൊക്കെ അഴിഞ്ഞാടി നടക്കാനാണോടി കെട്ടിയൊരുങ്ങി കോളേജിലെന്നും പറഞ്ഞിറങ്ങുന്നേ...?? ഹിമാറെ.... " " ഇജാസിക്കാ... ഞാൻ.. ഞാൻ അങ്ങനെയൊന്നും..... " എന്ത് പറയണമെന്നറിയാതെ പതറി ലൈല... വീണ്ടുമവളെ അടിക്കാനായി ഇജാസ് കൈ ആഞ്ഞു വീശിയതും കാശിയവനെ തടഞ്ഞു..

" ഇജാസേ നീ ആവശ്യമില്ലാതെ പ്രശ്നങ്ങൾ ഉണ്ടാക്കുവാ... നീ ചിന്തിക്കുന്നത് പോലെയൊന്നുമല്ല കാര്യങ്ങൾ.... " "അതേ.. ഞാൻ ചിന്തിക്കുന്നത് പോലെയൊന്നുമല്ല കാര്യങ്ങൾ.... അതെനിക്ക് നീയെന്റെ പെങ്ങടെ കയ്യിൽ കയറി പിടിച്ചപ്പോഴേ മനസ്സിലായി..." " അനാവശ്യം പറയരുത്..... " " അതേടാ... നീ കാണിച്ചതൊന്നും അനാവശ്യമല്ല.... ഞാൻ പറയുന്നതാ അനാവശ്യം.... നിങ്ങളെ കൂട്ടത്തിൽ വേറെ പെണ്ണുങ്ങളൊന്നും ഇല്ലാഞ്ഞിട്ടാണോ എന്റെ പെങ്ങളെ തന്നെ വലവീശി പിടിച്ചത് റാസ്‌ക്കൽ......!!! " ഇജാസ് കാശിയുടെ ഷർട്ട്‌ കൂട്ടിപ്പിടിച്ചു കൊണ്ട് അലറി.... ദേഷ്യത്തോടെ കാശിയുമവന്റെ ഷർട്ട് കൂട്ടിപ്പിടിച്ചു... പോരു കോഴികളെ പോലെ മത്സരിക്കാൻ നിൽക്കുന്നവരെ രണ്ടു പേരെയും കഷ്ടപ്പെട്ട് അടർത്തി മാറ്റി ശരത്ത്.... " ഇജാസ് നീ വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കി നാട്ടുകാരെ കൂട്ടുവാ... ഇങ്ങനെ ബഹളങ്ങൾ ഉണ്ടാക്കിയാൽ മോശം ലൈലയ്ക്കാ... നീ ഇവിടിരിക്ക്... ഞാൻ കാര്യങ്ങൾ പറഞ്ഞു തരാം.... " ബഹളം കേട്ട് കഫെയിൽ കൂടി നിൽക്കുന്ന ആൾക്കാരെ ചൂണ്ടി ശരത്ത് പറഞ്ഞു... " വേണ്ട.... നീയൊക്കെ എന്താ പറയാൻ പോണതെന്ന് എനിക്കറിയാം.. കണ്ടതും കേട്ടതുമൊക്കെ മതി...

ഇനിയെന്താ ചെയ്യേണ്ടതെന്നീ ഇജാസിനറിയാം.... എന്റെ കുടുംബത്തിൽ കേറിയാ താനൊക്കെ കളിച്ചത്... അതോർത്തോ...." കാശിക്കും ശരത്തിനും നേരെ ക്രോധത്തോടെ വിരൽ ചൂണ്ടിക്കൊണ്ട് ഇജാസ് പറഞ്ഞു... "എന്ത് കൂത്ത് കാണാനാടി നീയിവിടെ നിൽക്കുന്നെ..??!!! ചെന്ന് വണ്ടിയിൽ കയറെടി..." ലൈലയ്ക്ക് നേരെയവൻ ആക്രോശിച്ചതും അവളൊന്ന് ദയനീമായി രേണുവിനെ നോക്കി..... കൂടി നിന്ന ആളുകളെ വകഞ്ഞു മാറ്റി നടക്കുന്ന ഇജാസിന്റെ പിറകേ തലകുനിച്ച് പോകുന്ന പെണ്ണിനെ കണ്ടതും അവർ നാലുപേരുടെയും ഉള്ളം വിങ്ങിയിരുന്നു... കാശിയും അവന്റെ പിറകെ രേണുവും ഇഷയും ശരത്തും പുറത്തേക്ക് നടന്നു.. ഇജാസിന്റെ കാർ ദൂരേക്ക് മറയും വരെ നിസ്സഹായതയോടെ നാലാളും നോക്കി നിന്നു.... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "വല്യുമ്മാനോട് അപ്പോഴേ പറഞ്ഞതാ പാട്ടും കൂത്തും ഒന്നും വേണ്ടാന്ന്... ആളോളെ കൊണ്ട് ഓരോന്ന് പറയിച്ചപ്പോൾ തൃപ്തിയായില്ലേ...???!! " ലൈലയുടെ കൈയിൽ ദേഷ്യത്തോടെ പിടിച്ചു വലിച്ചു വലിയുമ്മയുടെ മുന്നിലേക്ക് വലിച്ചിട്ടു കൊണ്ട് ഇജാസ് പറഞ്ഞു... " എന്താടാ....?? നീയെന്തിനാ അവൾ ഉപദ്രവിക്കുന്നേ...?? "

"പുന്നാര മോള് കാട്ടി നടക്കണത് വല്ലതും അറിയുന്നുണ്ടാ...?? ആ പാട്ടുകാരി ടീച്ചറുടെ മോന്റെ കൂടെ കണ്ട ഹോട്ടലിൽ കറങ്ങി നടക്കാൻ പോയേക്കുന്നു... അവൻ ഹോസ്പിറ്റലിൽ കിടക്കുമ്പോ ഇവളെയവിടെ കണ്ടപ്പോഴേ ഞാനൂഹിച്ചതാ... ഇന്ന് ഇവളും അവനും കൂടി കോഫി കുടിക്കാൻ പോയേക്കുന്നു...." " ഇല്ല വല്യുമ്മാ... ഞങ്ങൾ തമ്മിൽ അങ്ങനെയൊന്നുമില്ല... ഈ ഇക്ക... ഇക്ക കാര്യമറിയാതെ.... " ദയനീയമായി പെണ്ണ് പറഞ്ഞു.... " ശരിയെന്നാൽ കാര്യമെന്താണ്...???!! പറയ് കേൾക്കട്ടെ...." ഒരു മറുപടിയില്ലാതെ പെണ്ണുഴറി... നരിയുടെ കാര്യം പറഞ്ഞിരുന്നേൽ ഇതിലും കൂടുതൽ കേൾക്കേണ്ടി വരും... നിശബ്ദയായി തലകുനിച്ചു നിൽക്കാനേ അവൾക്കായുള്ളൂ... "മതി... നിർത്തിക്കോണം കോളേജിൽ പോക്കും പാട്ട് പാടാൻ പോക്കുമെല്ലാം... ഇനിയീ വീട്ടിന്നു പുറത്തിറങ്ങിപ്പോയെങ്കിൽ പറയാം... കേറിപ്പോ അകത്ത്.... " താക്കീതോടെ ലൈലയോട് പറഞ്ഞതും പെണ്ണ് കരഞ്ഞു കൊണ്ട് സ്റ്റെയർ കേസ് ഓടിക്കയറി... റൂമിൽ കയറിയയുടനെ തട്ടവും ബാഗും കിടക്കയിലേക്ക് വലിച്ചെറിഞ്ഞു.. തലയിണയിൽ മുഖം പൊത്തി പൊട്ടിക്കരഞ്ഞു... ബാഗിലിരുന്ന മൊബൈൽ ശബ്ദിക്കുന്നത് കേട്ടിട്ടും പെണ്ണ് അനങ്ങിയില്ല...

നാട്ടുകാരുടെ മുന്നിൽ അപഹാസ്യയായി നിന്നതിനേക്കാളും ഇക്കയുടെ കയ്യിൽ നിന്ന് അടി വാങ്ങിയതിനേക്കാളും ശകാര വാക്കുകളെക്കാളുമൊക്കെ അവളെ കുത്തി നോവിച്ചത് മുഖപുസ്തകത്തിലെ നരിയെന്ന മുഖമില്ലാ മനുഷ്യനായിരുന്നു.. " എന്തിനാ നരി ഇത്രമേൽ വഞ്ചനയെന്നോട് ചെയ്തത്...??? സ്നേഹിച്ചു പോയെന്നതല്ലാതെ എന്ത് തെറ്റാ ഞാൻ ചെയ്തത്....??? ഇത്രകാലം മിണ്ടിയിട്ടും കാണിച്ച സ്നേഹമത്രയും തന്റെ നേരം പോക്കുകളിൽ ഒന്നാണെന്ന് മനസ്സിലാക്കാൻ പറ്റിയതേയില്ലാലോ...???!!" പതം പറഞ്ഞു പെണ്ണ് കരഞ്ഞു.... " പരസ്പരം കാണാനിട്ടു പോലും നിന്നെ ഇത്രയും വിശ്വസിച്ചു സ്നേഹിച്ച എന്നോട് തന്നെയെനിക്ക് പുച്ഛം തോന്നുന്നു നരീ...!!! ഞാനൊരു ബിഗ് സീറോ ആണെന്ന് തോന്നുവാ.. തെറ്റേത് ശരിയേതെന്ന് മനസ്സിലാക്കാൻ പറ്റാത്ത മണ്ടി...!! വേണ്ടാ.. ഇനി നിന്റെയോർമ്മ പോലും ഇനിയെന്നോടൊപ്പം വേണ്ടാ...." ബാഗിൽ നിന്നും മൊബൈൽ കയ്യിലെടുത്ത് അവന്റെ നമ്പർ ഡിലീറ്റ് ചെയ്തു കളഞ്ഞു... മെസെഞ്ചർ വാട്സാപ്പ് തുടങ്ങിയവയിലെ ചാറ്റ് ക്ലിയർ ചെയ്ത് മെസെഞ്ചർ ഡിലീറ്റ് ചെയ്തിട്ടു... അപ്പോഴാണ് രേണുവിന്റെ കോൾ വരുന്നത്.... " നീ ഓക്കേയല്ലേ ലൈലൂ...

ആ വെട്ടുപോത്ത് അവിടെയെന്തേലും പ്രശ്നമുണ്ടാക്കിയോടി...??" " ഇല്ല രേണു... ഇനി കോളേജിൽ പോകേണ്ടെന്നൊക്കെ പറഞ്ഞു... പക്ഷേ... ഉപ്പ.. ഉപ്പ ഇവിടില്ല... വന്നാലിനി എന്താ..... " പൂർത്തിയിക്കും മുന്നേ ഫോൺ ആരോ പിടിച്ചു വാങ്ങിയിരുന്നു... കത്തുന്ന കണ്ണുളോടെ ഇജാസ് അരികിലുണ്ട്... ദേഷ്യത്തോടെ രേണുവിന്റെ കോളവൻ കട്ട് ചെയ്തു.. " കൂട്ട് കെട്ടൊക്കെ ഇന്നത്തോടെ അവസാനിപ്പിച്ചോ... ഇത്രേം സ്വാതന്ത്ര്യം തന്നത് കൊണ്ടാ തലേൽ കേറി നിരങ്ങണെ.. ഫോണും കോപ്പുമൊന്നുമിനി വേണ്ട.. ഇതിനി എന്റെ കയ്യിലിരിക്കട്ടെ... " ഫോണുമെടുത്ത് ചവിട്ടിതുള്ളി ഇജാസ് പോകുമ്പോൾ പെണ്ണൊന്ന് ആശ്വാസത്തോടെ നിശ്വസിച്ചു... ചാറ്റ് ക്ലിയർ ചെയ്യാൻ തോന്നിയ സമയത്തെയോർത്തു പടച്ചോനോട് സ്തുതിച്ചു.... പിന്നെയും തളർച്ചയോടെ ബെഡിലേക്ക് ചാഞ്ഞു ലൈല... എത്ര വേണ്ടെന്ന് വെച്ചിട്ടും നരിയുടെ ചാറ്റിലൂടെയും കോളിലൂടെയും ഓർമ്മകൾ ചുറ്റിതിരിഞ്ഞു... അവൻ പറഞ്ഞ വാക്കുകളോരോന്നും പ്രതീക്ഷകളോരോന്നും സ്വപ്നങ്ങളോരോന്നും തലയിൽ ഒരായിരം കടന്നൽ കൂട്ടങ്ങളുടെ മുരൾച്ച പോലെ തോന്നിച്ചു.. വേദന...!!! സർവത്ര വേദന....!!!

ഹൃദയമായിരം കഷ്ണങ്ങളാൽ നുറുങ്ങും പോലെ...!!! താനും പറ്റിക്കപ്പെട്ടിരിക്കുന്നു....!!! തന്റെ പ്രണയത്തിനാൽ.....!!!. അത്രമേൽ വിശ്വസിച്ചൊരുവാനാൽ....!!! അത്രമേൽ പ്രാണനായിരുന്നൊരുവനാൽ....!! തന്റേത് മാത്രമെന്ന് വിശ്വസിച്ചു ഹൃദയത്തിൽ കൂടു കൂട്ടിയവനാൽ....!!! "അന്ന് പഞ്ചസാര സിറപ്പിൽ മുക്കിയെടുത്ത് നീ ഒഴുക്കിയ വാക്കുകളോരൊന്നും ഇന്ന് കട്ടപ്പിടിച്ചു ക്രിസ്റ്റലുകളായി ഹൃദയത്തിൽ തറച്ചു നോവിച്ചു കൊണ്ടേയിരിക്കുന്നു നരീ....!!! എന്തിനു വേണ്ടിയായിരുന്നു... പാവം പെൺകുട്ടികളെ കള്ളങ്ങൾ പറഞ്ഞു പറ്റിക്കുന്നതിലൂടെ എന്ത് സുഖമാണ് നിങ്ങൾക്ക് കിട്ടുന്നത്...??!!! ഈ കണ്ണീരുകളുടെയൊക്കെയും പാപക്കറ ഏത് പുണ്യ നദിയിലൊഴുക്കിയലാണ് ശുദ്ധമാവുക...??!! " ഓർത്തോർത്ത് കരഞ്ഞു എപ്പോഴോ തളർച്ചയോടെ ഉറങ്ങിപ്പോയി പെണ്ണ്... " എവിടെപ്പോയെടി ഹറാം പിറപ്പ്.... " താഴെ നിന്നുമുള്ള ഉപ്പയുടെ കനത്ത ശബ്ദത്തിലുള്ള അലർച്ചയാണവളെ ഉണർത്തിയത്.... മുകളിലേക്കുള്ള മരപ്പടികൾ ശബ്ദമുണ്ടാക്കി തുടങ്ങിയതും അവളൊന്ന് വിറച്ചു... വീണു കിടക്കുന്ന മുടി ഉച്ചിയിൽ വലിച്ചു കെട്ടി ചാടി എഴുന്നേറ്റവൾ.. അപ്പോഴേക്കും ആലിഹാജിയും റൂമിൽ എത്തിയിരുന്നു...

"കണ്ടവന്മാരുടെ കൂടെ കറങ്ങി നടന്നു വന്നേക്കുവാ... പള്ളി മഹല്ലിന് മുന്നിൽ നാണം കെടുത്തിയപ്പോൾ മതിയായില്ലേ നിനക്ക്...??? ഒരു പെണ്ണല്ലേ വെച്ച് കെട്ടിയിട്ട് തല്ലി വളർത്താത്തിന്റെ പ്രശ്‌നമാണെന്ന് ഓരോരുത്തന്മാർ വന്ന് പറഞ്ഞപ്പോൾ തൊലിയുരിയും പോലെയായി.... തൃപ്തിയായില്ലേ നിനക്ക്...??!!" ദേഷ്യത്തോടെ അരയിൽ നിന്നും ബെൽറ്റ്‌ ഊരിയെടുത്ത് ലൈലയുടെ മേലിലേക്ക് ആഞ്ഞാഞ്ഞു പ്രഹരിച്ചു... " വേണ്ടുപ്പാ തല്ലല്ലേ.... ഞാനൊ... ഞാനൊരു തെറ്റും ചെയ്തില്ലുപ്പാ.... " അടിയൊന്ന് തടുക്കാൻ പോലുമാകാതെ നിസ്സഹായതയോടെ കരഞ്ഞു കൊണ്ടവൾ അപേക്ഷിച്ചു... " വല്യുമ്മാ.... ന്നേ തല്ലരുതെന്ന് പറയീ... നോവ്.... നോവുന്നു വല്യുമ്മാ.... ഉമ്മാ നിങ്ങളെങ്കിലും പറ...." പിന്നെയും പിന്നെയും ബെൽറ്റ്‌ ശരീരത്തിൽ തലങ്ങും വിലങ്ങും പ്രഹരിച്ചപ്പോൾ എപ്പോഴത്തെയും പോലെ മധ്യസ്ഥ വഹിക്കാനെത്താത്ത വല്യുമ്മയെ വിളിച്ച് അലറിക്കരഞ്ഞു പെണ്ണ്... അതൊക്കെ കണ്ടുകൊണ്ട് റൂമിനു പുറത്ത് നിസ്സഹായതയോടെ കണ്ണു നിറച്ചു നോക്കി നിൽക്കുവാൻ മാത്രമേ ഫൗസിയയ്ക്ക് കഴിഞ്ഞുള്ളൂ... അടിച്ചു തളർച്ച തോന്നിയത് കൊണ്ടോ എന്തോ ബെൽറ്റും താഴെ വലിച്ചെറിഞ്ഞു വാശിയോടെ ഉപ്പ തിരിഞ്ഞു നടന്നു...

" ഇന്നിനിയവൾക്ക് പച്ച വെള്ളം കൊടുത്തേക്കരുത്.. കണ്ട കാഫിരീങ്ങളെ കൂടെ കറങ്ങി വന്നേക്കുന്നു... നീയൊക്കെ നല്ലത് പറഞ്ഞു കൊടുത്തു വളർത്താത്തതിന്റെ കേടാണ്..." ബാക്കിയുള്ള ദേഷ്യം മുറിയുടെ പുറത്തുള്ള ഫൗസിയയോട് തീർത്ത് ആളിറങ്ങിപ്പോയി.. വർദ്ധിച്ച വേദനയോടെയാ അമ്മ മകളെയൊരു നിമിഷം നോക്കി... പെറ്റ വയറിന്റെ വേദനയാ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നു.... പിന്നീട് അയാള് പോയ വഴിയേ ആ ഉമ്മയും നടന്നകന്നു... ലൈല കരഞ്ഞു... ആർത്താർത്തു കരഞ്ഞു നിലത്തേയ്ക്ക് ചാഞ്ഞു വീണു പെണ്ണ്.... തറയിൽ മുഖം വെച്ചു കിടന്നവൾ... ശരീരവും മനസ്സും ഒരുപോലെ നീറിയവൾക്ക്... തന്റെ ഭാഗം കേൾക്കാനോ ചോദിക്കാനോ ആരുമില്ലെന്നൊരാവസ്ഥ...!! തന്നെ മനസിലാക്കുന്ന ഒരാൾ പോലും ചുറ്റിനുമില്ലെന്ന അവസ്ഥ....!!! ഒരാശ്വാസമായി സ്വാന്തനമായി എന്നത്തേയും പോലെ വല്യുമ്മ വന്നെങ്കിലെന്ന് ഒരു വേള ആഗ്രഹിച്ചു പോയി... കരഞ്ഞു തളർന്നെപ്പോഴോ ലൈലയുറങ്ങി... ഉണരുമ്പോൾ മുറിയിൽ കട്ട പിടിച്ച ഇരുട്ടായിരുന്നു.... തല വെട്ടിപ്പിളരും തോന്നിയതും വേച്ചു വേച്ചു വാഷ്‌റൂമിലേക്ക് നടന്നു....

ഷവറിന് കീഴിൽ നിൽക്കുമ്പോൾ നേരത്തെ ബെൽറ്റ്‌ കൊണ്ടയിടങ്ങളെല്ലാം നീറിപ്പുകഞ്ഞു.... എങ്കിലും തല വേദനയ്ക്കൊരു ശമനം തോന്നിയിരുന്നു... കുളി കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ മുറിയിൽ വെട്ടമുണ്ട്... കട്ടിലിൽ വല്യുമ്മയിരിപ്പുണ്ട്... ഒരു വേള സങ്കടമോ ദേഷ്യമോ തോന്നിപ്പോയി പെണ്ണിന്... പിണക്കം നടിച്ച് ടേബിളിൽ ചാരി മാറി നിന്നവൾ... " വല്യുമ്മാടെ മുത്ത് ലൈലാബിയിങ്ങ് വന്നേ.... " അവളുടെ പിണക്കം മാറ്റാൻ കുഞ്ഞു നാൾ തൊട്ടേ വല്യുമ്മ വിളിക്കുന്നത് മുത്ത് ലൈലാബി എന്നാണേ.... പിണക്കത്തോടെ അവളവരെ നോക്കിയതും കൈ രണ്ടും മുന്നിലേക്ക് നീട്ടി അവളെയരികിലേക്ക് വിളിച്ചു... അവളു വേച്ചു നടന്നു വല്യുമ്മയുടെ അരികിലായിരുന്ന് ആ മാറിലമർന്നു... " നൊന്തോ ന്റെ മുത്തിന്.....?? " കൈ പിടിച്ചു തിരിച്ചും മറിച്ചും നോക്കി കൊണ്ട് വല്യുമ്മ ചോദിച്ചു... "ഉം... കുറേ.... " " പോട്ടെ... വല്യുമ്മ ഓയിന്മെന്റ് തടവിത്തരാം... കാണിച്ചേ.... " " വേണ്ട... അത്‌ ഞാൻ അർഹിക്കുന്നത് തന്നെയാ... " "എന്ന് വെച്ചാൽ...?? അപ്പോ അവനീ പറഞ്ഞതൊക്കെ ഉള്ളതാണെന്നാണോ....??!!!" "അല്ല വല്യുമ്മ... കാശിയേട്ടനെ ചേർത്ത് പറയുന്നതൊന്നുമല്ല കാര്യം... കാര്യങ്ങളൊക്കെ ഞാൻ പറയാം...."

അത് വരെ നടന്ന കാര്യങ്ങളൊക്കെയും ലൈല വല്ല്യമ്മയോട് പറഞ്ഞു.... ആ കുഞ്ഞനുഭവിക്കുന്ന വേദനിയിപ്പോൾ അവരും അനുഭവിക്കുന്നുണ്ട്.. സ്നേഹത്തിന്റെ പേരിലുള്ള വഞ്ചന.. അത്രയും നോവിക്കുന്ന വഞ്ചന വേറെയില്ലല്ലോ...!! അവരവളെ ചേർത്ത് പിടിച്ചു... പെണ്ണാ മാറിൽ ചാഞ്ഞു കരഞ്ഞു.... " മോൾടെ കയ്യിൽ ഒരു തെറ്റുമില്ലെന്ന് വല്യുമ്മ പറയുന്നില്ല... ഒരാളെ അതും ഒരിക്കൽ പോലും കാണാത്തൊരാളെ കണ്ണുമടച്ചു വിശ്വസിച്ചു സ്നേഹിച്ചത് തെറ്റു തന്നെയാ.. ഇപ്പഴും അയാള് പറഞ്ഞ അറിവല്ലാതെ അയാളെ കുറിച്ച് മോൾക്കൊന്നും അറിയില്ല... അപ്പൊ ഒന്ന് കരുതിയിരിക്കണമായിരുന്നു.... ശരിയാ ഒരാളോടിഷ്ടം തോന്നാൻ കാണണം എന്നൊന്നുമില്ല... മധുര വാക്കുകളിൽ ഈ പ്രായത്തിൽ വീണു പോകുന്നതും സ്വാഭാവികം... എന്ന് വെച്ച് അതുമോർത്ത് കരഞ്ഞു നിലവിളിച്ചിരിക്കേണ്ട... കൂടുതലൊന്നും സംഭവിക്കാതെ ആളെ മനസ്സിലാക്കാൻ പറ്റിയല്ലോ... എന്റെ മുത്ത് ലൈലാബി ധൈര്യമുള്ള കുട്ടിയാ... നമുക്കിനി നിന്റെ ഉപ്പാനെയും ഇജാസിനെയും മനസ്സിലാക്കിക്കാനുള്ള പണി നോക്കാം... അതിനു മുന്നേ വന്നീ നെയ്പത്തിരിയും ഇറച്ചിയും കഴിച്ചേ.... " ടേബിളിൽ ഇരുന്ന പ്ലേറ്റ് കയ്യിലെക്കെടുത്ത് കൊണ്ടവർ പറഞ്ഞു... എല്ലാം തുറന്നു പറഞ്ഞപ്പോൾ പെണ്ണിലുമൊരാശ്വാസം നിറഞ്ഞിരുന്നു.... വല്യുമ്മ പൊട്ടിച്ചു വായിൽ വെച്ച് കൊടുത്ത ആഹാരം ആശ്വാസത്തോടെയാണ് ലൈല കഴിച്ചത്..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story