കാണാ മറയത്ത്..❤: ഭാഗം 7

kanamarayath

രചന: മീര സരസ്വതി

ശരിയാ ഒരാളോടിഷ്ടം തോന്നാൻ കാണണം എന്നൊന്നുമില്ല... മധുര വാക്കുകളിൽ ഈ പ്രായത്തിൽ വീണു പോകുന്നതും സ്വാഭാവികം... എന്ന് വെച്ച് അതുമോർത്ത് കരഞ്ഞു നിലവിളിച്ചിരിക്കേണ്ട... കൂടുതലൊന്നും സംഭവിക്കാതെ ആളെ മനസ്സിലാക്കാൻ പറ്റിയല്ലോ... എന്റെ മുത്ത് ലൈലാബി ധൈര്യമുള്ള കുട്ടിയാ... നമുക്കിനി നിന്റെ ഉപ്പാനെയും ഇജാസിനെയും മനസ്സിലാക്കിക്കാനുള്ള പണി നോക്കാം... അതിനു മുന്നേ വന്നീ നെയ്പത്തിരിയും ഇറച്ചിയും കഴിച്ചേ.... " ടേബിളിൽ ഇരുന്ന പ്ലേറ്റ് കയ്യിലെക്കെടുത്ത് കൊണ്ടവർ പറഞ്ഞു... എല്ലാം തുറന്നു പറഞ്ഞപ്പോൾ പെണ്ണിലുമൊരാശ്വാസം നിറഞ്ഞിരുന്നു.... വല്യുമ്മ പൊട്ടിച്ചു വായിൽ വെച്ച് കൊടുത്ത ആഹാരം ആശ്വാസത്തോടെയാണ് ലൈല കഴിച്ചത്.... പക്ഷേ ആ ആശ്വാസങ്ങൾക്ക് വെറും നീർക്കുമിളയുടെ ആയുസാണെന്ന് രണ്ടുപേരും അറിഞ്ഞതേയില്ല.... " ആലിഹാജിയുടെ മോൾക്ക് പാട്ടുകാരി ടീച്ചറുടെ ചെക്കനോട് പ്രേമം... രണ്ടാളും അരുതാത്തതെന്തോ ചെയ്യണത് അവളുടെ ജ്യേഷ്ഠൻ ചെക്കൻ കണ്ടെന്ന്...!!" "പെണ്ണ് കോളേജിലോട്ടന്നും പറഞ്ഞ് ആ കാശിയുടെ കൂടെ കറങ്ങി നടപ്പാണ് പോലും...!!"

ഇത്തരത്തിൽ ലൈലയുടെയും കാശിയുടെയും പ്രണയകഥകൾ പലരുടെയും ഭാവനകൾക്കനുസരിച്ച് പൊടിപ്പും തൊങ്ങലും ചേർത്ത് കാട്ടു തീ പോലെ നടാകെ പ്രചരിച്ചു... കേൾക്കുന്നതൊക്കെയും തൊള്ള തൊടാതെ വിശ്വസിക്കാൻ അവളുടെ ഉപ്പയും... ഓരോ കഥകൾക്കനുസരിച്ച് ആലിഹാജിയുടെ കൈയിൽ നിന്നും അവൾക്ക് ലഭിക്കുന്ന അടിയുടെ എണ്ണവും വർദ്ധിച്ചു കൊണ്ടേയിരുന്നു...!!! ലൈലയുടെ പഠനം നിർത്തി... വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിനു പോലും വിലക്ക് വീണു.... പലവട്ടമവളെ കാണാൻ രേണു വീട്ടിലേക്ക് വന്നെങ്കിലും കാണാൻ ആലിഹാജിയും ഇജാസും സമ്മതിച്ചില്ല... വല്യുമ്മയാണ് അവളെ വഷളാക്കിയതെന്നും പറഞ്ഞ് അവളോട് മിണ്ടുന്നതിനു വിലക്ക് കല്പ്പിച്ചു.. എങ്കിലും ഒളിഞ്ഞും പാത്തും ആളവളോട് കഴിയും പോലെ സംസാരിക്കും... പക്ഷേ ഒന്ന് ഉള്ളുതുറന്ന് കരഞ്ഞു സംസാരിക്കാൻ ആരുമില്ലാത്ത അവസ്ഥയായി പെണ്ണിന്... രേണുവിന്റെയോ വല്യുമ്മയുടെയോ സാന്നിധ്യം അവൾ വല്ലാതെ കൊതിച്ചു... കുടുംബക്കാരുടെ ഇടയിൽ മുറുമുറുപ്പുകൾ ഏറി വന്നു...!! കുടുംബ വീടുകളൊക്കെയും തൊട്ടടുത്താണ്....

ലൈലയോട് മിണ്ടരുതെന്ന് കസിൻസ് പിള്ളേർക്കൊക്കെയും നിർദ്ദേശങ്ങൾ കിട്ടിത്തുടങ്ങി...!!! ഇനി എന്തേലും മിണ്ടിയാൽ തന്നെയും പറഞ്ഞതെന്താണെന്ന് മാറ്റി നിർത്തി ചോദിച്ചു തുടങ്ങി... ലമീസും ഹയയും നാട്ടിലേക്കുള്ള വരവ് ക്യാൻസൽ ചെയ്തു.. ഹയയുടെ വീട്ടുകാരുടെ ചോദ്യങ്ങൾക്കു മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റില്ലെന്നായിരുന്നു കാരണമായി പറഞ്ഞത്...... ഇതൊക്കെയും കേൾക്കുന്നവർക്ക് ചെറിയ കാര്യങ്ങളായി തോന്നിയേക്കാം... പക്ഷേ ആ അവഗണനകളൊക്കെയും ലൈലയ്ക്ക് താങ്ങാൻ കഴിയുന്നതിലുമപ്പുറമായിരുന്നു... അല്ലെങ്കിലും ഏറ്റവും പ്രിയപ്പെട്ടവരുടെ അവഗണന നൽകുന്ന വേദന നമുക്ക് താങ്ങാൻ പ്രയാസമാകുമല്ലോ...!! എവിടേക്കെങ്കിലും ഇറങ്ങി ഓടിയാലോ അല്ലെങ്കിൽ ആർക്കും വേണ്ടാത്തയീ ജീവിതമങ്ങ് അവസാനിപ്പിച്ചാലോ എന്ന് പലപ്പോഴുമവൾ ചിന്തിച്ചു... പക്ഷേ അതേനിമിഷം തന്നെ അങ്ങനെയെന്തേലും നടന്നാൽ കാശിയും താനും തമ്മിൽ അടുപ്പത്തിൽ ആയിരുന്നു എന്നത് എല്ലാവരും ഉറപ്പിക്കും... അതാലോചിക്കൊമ്പോൾ മരണത്തിനേക്കാൾ ഭേദം എല്ലാം സഹിച്ച് നിൽക്കുന്നതാണെന്ന് കരുതും... രണ്ടു മൂന്ന് മാസം കഴിഞ്ഞപ്പോൾ നാട്ടുകാർ കാര്യം മറന്നു തുടങ്ങി...

പക്ഷേ കുടുംബക്കാരുടെ ചിന്താഗതിയിൽ ഒരു മാറ്റവുമുണ്ടായില്ല..!! പിന്നെയും അവഗണന മാത്രമായിരുന്നു പെണ്ണിന്... ഈ അവഗണനകളും മുറുമുറുപ്പുകളും ഭയന്ന് കുടുംബത്തിലെ പല ചടങ്ങുകളിൽ നിന്നും കല്യാണങ്ങളിൽ നിന്നുമൊക്കെയവൾ മാറി നിന്നു.... ഒരു തെറ്റുകാരിയെ പോലെ മാറി നിൽക്കാതെ എല്ലാത്തിനും പങ്കെടുക്കാൻ വല്യുമ്മ പലപ്പോഴും നിർബന്ധിക്കുമെങ്കിലും ലൈല സമ്മതിക്കില്ല.. അതിനിടയിൽ ലൈലയ്ക്കായുള്ള വിവാഹാലോചനകൾ തകൃതിയായി നടക്കുന്നുണ്ടായിരുന്നു... പക്ഷേ അന്യ മതത്തിൽ പെട്ടവനോടൊപ്പം പലയിടങ്ങളിൽ ചുറ്റിക്കറങ്ങി നടന്നിരുന്ന പെണ്ണിന് വിവാഹക്കമ്പോളങ്ങളിൽ വിലയിടിഞ്ഞിരുന്നു.... ദിവസങ്ങളായി ലൈല വീട്ടിൽ നിന്നും പുറത്തിറങ്ങിയിട്ട്... എന്തിനേറെ പറയുന്നു കഴിക്കാനായി ഉമ്മയോ വലിയുമ്മായോ വന്ന് നിർബന്ധിക്കുമ്പോൾ മാത്രമാണ് ആ മുറിയിൽ നിന്ന് പുറത്തിറങ്ങുന്നത് തന്നെ... മനസ്സ് തുറന്നു കരയാനോ ചിരിക്കാനോ മറന്നു പോയ അവസ്ഥയാണ്... മുറിയിലെ ജനലുകളും പലവട്ടം വായിച്ചു പേജുകൾ മുഷിഞ്ഞ കുറച്ചു പുസ്തകങ്ങളുമാണ് ഇപ്പോൾ അവൾക്കും അവളുടെ ഏകാന്തതക്കുമുള്ള ഏക ആശ്വാസം... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

പതിവ് പോലെ കയ്യിലൊരു ഡയറിയും പേനയുമായി പുറത്തേക്കുള്ള ജനലുകൾ തുറന്നിട്ട് എന്തേലും കുത്തിക്കുറിക്കാനായി ഇരുന്നതായിരുന്നു ലൈല.... തൊട്ടപ്പുറത്തെ വീട്ടിൽ പന്തലുയർന്നിട്ടുണ്ട്.. ചെറിയാപ്പയുടെ മകൾ ഹസീനയുടെ നിക്കാഹാണ് നാളെ... ഇന്ന് മൈലാഞ്ചിക്കല്യാണമായതിനാൽ ഇന്ന് തൊട്ടേ ആഘോഷങ്ങൾ ആരംഭിച്ചു... ഇപ്പോളന്തരീക്ഷത്തിന് ബിരിയാണിയുടെയും പോത്ത് വരളയുടേയുമൊക്കെ മിശ്രിത ഗന്ധമാണ്... കുട്ടികളുടെയും പുരുഷന്മാരുടെയും പെണ്ണുങ്ങളുടെയുമൊക്കെയായി പൊട്ടിച്ചിരികളും സംസാരങ്ങളുമൊക്കെ കേൾക്കാം... കൂടാതെ ഭക്ഷണാവശിഷ്ടങ്ങൾക്കായി കാത്തു നിൽക്കുന്ന കാക്കകളുടെ കലപിലകളും... അടുത്ത വീടുകളിലുള്ളവരും ദൂരെയുള്ള ബന്ധുക്കളുമൊക്കെ വന്നു കാണും... ലമീസീക്കയും ഹയ ബാബിയുമൊഴികെയുള്ള ദുബായിക്കാരും വന്നിട്ടുണ്ടാകും... ലമീസിക്ക ഇനിയെന്ന് തന്റെ കല്യാണം ഉറപ്പിക്കുന്നോ അന്നേ വരുന്നുള്ളൂവെന്ന വാശിയിലാണ്..!! ഇജാസിക്കയെക്കാളും തന്നോട് സ്നേഹവും അടുപ്പക്കൂടുതലുമൊക്കെ ലമീസീക്കയ്ക്കായിരുന്നു...

അന്നത്തെ സംഭവങ്ങൾക്ക് ശേഷം ഒരു വട്ടം പോലുമിക്കയൊന്ന് തന്നെ വിളിച്ചില്ലെന്ന് വേദനയോടെ ലൈലയോർത്തു... മുറ്റത്ത് പൂക്കൾ വെച്ച് അലങ്കരിച്ചു വെച്ചേക്കുന്ന കാറിനരികിൽ നിന്ന് കസിൻസ് പല പോസുകളിൽ ഫോട്ടോയെടുക്കുണ്ട്... സാധാരണ രീതിയിലാണെൽ പാട്ടും കളിചിരികളുമായി അവരിലൊരാളായി താനും കാണും.. കുടുംബത്തിൽ ഒരു കല്യാണം വരുമ്പോൾ ആ ഒരുമാസം വാട്സാപ്പ് ലേഡീസ് ഗ്രൂപ്പിൽ ഒരു മേളമാവും.. ഡ്രസ്സ്‌ കോഡിന്റെയും ഓർണമെന്റ്സിന്റെയും ചർച്ചകളാകും പിന്നെയങ്ങോട്ട്... ഇന്നും നാളെയും കസിൻസ് എല്ലാവരും ഒരുപോലെ അണിഞ്ഞൊരുങ്ങും... ഡ്രസ്സ്‌ കോഡുകളും മറ്റുമുണ്ടാവും... ഡ്രെസ്സിന്റെ കാര്യമോ എന്തിനു കല്യാണത്തിന് വരുന്നോയെന്ന് പോലും ആരും തന്നോടൊന്ന് ചോദിച്ചു പോലുമില്ല... വല്ലാത്ത ഒറ്റപ്പെടൽ അനുഭവപ്പെട്ടു പെണ്ണിന്... മനസ്സ് പിന്നെയും ചരട് പൊട്ടിയ പട്ടം കണക്കെ അലഞ്ഞു തിരിയാൻ തുടങ്ങി... ചിന്തകളൊക്കെയും കറങ്ങിതിരിഞ്ഞു നരിയിലേക്ക് തന്നെ ചെന്നെത്തി... നരിയെന്ന ഒറ്റയൊരു വ്യക്തി കാരണമാണ് തനിക്കിന്നീ ഗതി വന്നത്.. എന്നിട്ട് പോലും ഒരു തരിപോലും ദേഷ്യമോ വെറുപ്പോ തനിക്കവനോട് തോന്നുന്നില്ല...

ഇന്നും തന്റെയോർമകൾ ജഡ പിടിച്ചു കെട്ടു പിണഞ്ഞ് അവനിൽ തന്നെ ചുറ്റപ്പെട്ടു കിടപ്പുണ്ട്... ഓർക്കാനിഷ്ടപ്പെടുന്ന ഒരുപാടോർമ്മകളവൻ സമ്മാനിച്ചിട്ടുണ്ട്... അത് കൊണ്ടാവാം ഓർമ്മകൾക്കിപ്പോൾ വല്ലാത്ത ഭാരമാണ്.. "ചിതറിത്തെറിച്ച കുപ്പിവള പൊട്ടുകൾ പോലെയാണ് നിന്നോർമ്മകൾ... ഞാനിപ്പോഴുമത് മനസ്സിൻ ചെപ്പിനകത്ത് ഭദ്രമായ് സൂക്ഷിച്ചു വെച്ചിട്ടുണ്ട്.... " ഡയറി തുറന്ന് ലൈല കുറിച്ചിട്ടു... മുകളിലേക്ക് കയറുന്ന മരപ്പടികളിൽ കാൽപെരുമാറ്റം കേട്ടതും ഡയറി അടച്ചു വെച്ചവൾ എഴുന്നേറ്റു... ഉമ്മിയും വല്യുമ്മയുമടക്കം എല്ലാവരും കല്യാണവീട്ടിലാണ്... ചിലപ്പോൾ അവൾക്കുള്ള ഫുഡുമായി ഉമ്മി വരുന്നതാകാം.. പക്ഷേ ഡോർ തുറന്ന് കടന്നു വന്നത് ചെറിയാപ്പയുടെ മൂത്ത മകൾ ഫസീനയാണ്... ലൈലയോട് ദേഷ്യം കാണിക്കാത്ത ചിലരിൽ ഒരാൾ... കല്യാണം പ്രമാണിച്ച് ദുബായിൽ നിന്നും വന്നതാണവർ... കയ്യിലെ പൊതിക്കെട്ട് ബെഡിൽ വെച്ചവർ ലൈലയുടെ അരികിലേക്ക് നടന്നു...

" എന്തിനാ ലൈലൂ തനിച്ചിവിടെ ഇരിക്കുന്നെ...??!! കഴിഞ്ഞതൊക്കെ കഴിഞ്ഞു.. ഇനി അതുമാലോചിച്ചു ടെൻഷനായി ഇരിക്കാതെ... ദേ ഇന്നും നാളെയുമിടാനുള്ള ഡ്രസ്സ്‌ ഞാൻ കൊണ്ടുവന്നിട്ടുണ്ട്... പെട്ടെന്ന് റെഡിയായി വന്നേ..." " വേണ്ട ഫസീനത്ത... ഞാനില്ല... ഞാൻ ചെന്നാൽ അവിടുള്ളോരുടെ മൂഡ് പോകത്തേയുള്ളൂ... കുടുംബത്തിന് ചീത്തപ്പേരു ഉണ്ടാക്കിയവളല്ലേ... " " ശരി.. എന്നാൽ ഞാനുമില്ല... നമുക്കിവിടെ മിണ്ടിയും പറഞ്ഞുമിരിക്കാം.. " ബെഡിൽ കയറി ഇരുന്നു കൊണ്ട് ഫസീന പറഞ്ഞു... എത്ര പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും അതേ വാശിയോടെ അവർ നിന്നു... ഒടുവിലാളുടെ നിർബന്ധം സഹിക്ക വയ്യാതെ വരാമെന്ന് ലൈല സമ്മതിച്ചു... എത്ര വേണ്ടെന്ന് പറഞ്ഞിട്ടും അവളെ അണിയിച്ചൊരുക്കിയാണ് ഫസീന കൊണ്ടുപോയത്.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "നിനക്ക് പോയി ചത്തൂടെടി....??? നീയൊരു ചീഞ്ഞ തക്കാളിയാ.... നല്ല തക്കാളികളുടെ കൂടെ വെക്കാൻ കൊള്ളൂല.. ബാക്കിയുള്ളത് കൂടി ബെടക്കാവും...." ലൈലയുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പിക്കൊണ്ട് റൈഹാൻ പറഞ്ഞു...

ലൈലയുടെ കസിനാണ് ആള്.... ധരിച്ചിരിക്കുന്ന തട്ടത്തിന്റെ അറ്റം കൊണ്ട് അവജ്ഞതയോടെ അവളാ തുപ്പൽ മുഖത്ത് നിന്നും ഒപ്പിയെടുത്തപ്പോൾ അനുവാദമില്ലാതെ തന്നെ കണ്ണുനീർ കൺകോണുകളിൽ ഉരുണ്ടു കൂടി തുടങ്ങിയിരുന്നു... "ഒരൊറ്റയെണ്ണം ഇവളോട് മിണ്ടുകയോ കൂടെ നടക്കുകയോ ചെയ്താൽ... പറഞ്ഞില്ലെന്നു വേണ്ടാ....!! ഒരു പ്രേമവും ഒരു മണ്ണാം കട്ടിയും..!! നല്ല കുടുംബത്തിൽ പിറന്നവർക്ക് ചേരാത്ത ഓരോന്ന് ഒപ്പിച്ചു വെച്ചിട്ട് ഒരു കൂസലില്ലാതെയുള്ള അവളുടെ നിൽപ്പ് കണ്ടില്ലേ...??!! " കൂടെയുള്ള മറ്റു കസിൻസിനോട് വിരല് ചൂണ്ടി പറഞ്ഞു കൊണ്ട് റൈഹാൻ ചവിട്ടിത്തുള്ളി പുറത്തേക്ക് നടന്നു... എല്ലാവരുടെയും കൂടെ അവരുടെയൊക്കെ സംസാരവും കേട്ട് കല്യാണ വീട്ടിൽ ഇരിക്കുകയായിരുന്നു ലൈല.. കുറേ നാളുകൾക്ക് ശേഷമാണ് പെണ്ണൊന്ന് ചെറുതായി സന്തോഷിച്ചത്.. എല്ലാവരും കൂടിയെന്തോ തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതിനിടയിലേക്കാണ് വലിയാപ്പയുടെ മകൻ റൈഹാൻ കടന്നു വന്നത്... കൂട്ടത്തിൽ ലൈലയെ കണ്ടതുമവന്റെ ദേഷ്യമിരട്ടിച്ചു... അതിന്റെ അനന്തര ഫലമാണിവിടെ അരങ്ങേറിയത്... അത്രയുമവിടെ സംഭവിച്ചിട്ടും ചുറ്റുമുള്ളവർ കാണികളായി നിന്നതല്ലാതെ റൈഹാനെ തടയാനോ ലൈലയെ പിന്തുണയ്ക്കാനോ നിന്നില്ല.. അതുവരെ കൂടെയുണ്ടായ കസിൻസ് പോലും ഒരകലം വിട്ട് നിന്നു..

അപമാനഭാരത്താൽ ലൈലയുടെ തല കുനിഞ്ഞു പോയി... പൊട്ടി വന്ന കരച്ചിലിനെ അടക്കി നിർത്താൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടുപോയിരുന്നു... പൊട്ടിക്കരഞ്ഞു കൊണ്ട് മുറിയിൽ നിന്നും പെണ്ണിറങ്ങിയോടി... ബഹളം കേട്ടവിടേക്ക് വന്ന ഫസീന അവളെ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല... അവളുടെയാ ഓട്ടം പിന്നെയവസാനിച്ചത് വീട്ടിലായിരുന്നു... റൂമിലെത്തിയ ഉടനെ ബെഡിലേക്ക് വീണു പെണ്ണ് പൊട്ടിക്കരഞ്ഞു.... ഇത്രറെയേറെ അയിത്തം കൽപ്പിക്കാൻ അവജ്ഞത കാണിക്കാൻ താൻ ചെയ്ത തെറ്റന്താണെന്ന് പലയാവർത്തി പെണ്ണ് സ്വയം ചോദിച്ചു... ഒരിത്തിരി അലിവ് താനും അർഹിക്കുന്നില്ലേ...?? സ്വന്തക്കാർക്കൊരു ഭാരമായി അപമാനമായി ജീവിക്കുന്നതിനേക്കാൾ നല്ലത് മരണമാണെന്ന് ലൈല ചിന്തിച്ചു... തലയിലൊരു കര സ്പർശമറിഞ്ഞപ്പോൾ പെണ്ണ് പിടഞ്ഞുകൊണ്ട് എഴുന്നേറ്റു... ഫസീനയാണ്... "എന്തിനാ ലൈല ഇങ്ങനെ സഹിച്ചിവിടെ ജീവിക്കുന്നെ...??!! അനുഭവിച്ചു മതിയായില്ലേ നിനക്ക്...??!! ഇറങ്ങി പൊക്കൂടെ ഇവിടെന്ന്...?? കാശിയോട് പറയ് വന്ന് കൊണ്ടുപോകാൻ.. എവിടെയാണേലും പോയി സന്തോഷത്തോടെ ജീവിക്ക്..."

കയ്യിലേക്ക് ഫോൺ വെച്ച് കൊടുത്ത് റൂമിനു പുറത്തേക്ക് നടന്നു അവൾ... ആ ഫോണും കയ്യിൽ പിടിച്ച് നിസ്സഹായായി ഇരുന്നു ലൈല... ടീച്ചറമ്മയോടെങ്കിലും എല്ലാം തുറന്നൊന്ന് സംസാരിക്കാൻ തോന്നിയതും ടീച്ചറുടെ നമ്പറിലേക്ക് വിളിച്ചു... അത്‌ വരെ അനുഭവിച്ച ഭരമെല്ലാം ഇറക്കി വെക്കുമ്പോൾ അവളിൽ ആശ്വാസം നിറഞ്ഞെങ്കിലും ടീച്ചറമ്മയുടെ ഉള്ളം നീറിപ്പുകയുകയായിരുന്നു.... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ആദിൽ മൈലാഞ്ചി കല്യാണത്തിന് പോയി തിരിച്ചു വരുന്ന വഴിയിൽ വെച്ച് കാശിയെ കണ്ടതും റൈഹാൻ ലൈലയെ ശകാരിച്ചതും സീനുണ്ടാക്കിയതുമെല്ലാം വിവരിച്ചു.. അവിളിന്നീ അനുഭവിക്കുന്നതിനു താൻ കൂടിയാണല്ലോ കാരണം എന്നാലോചിച്ചതും കാശിയ്ക്ക് വല്ലാതെ വേദന തോന്നി...തൊണ്ടയിൽ ഒരു ഗദ്ഗദം പോലെ... അമ്മയോട് വാ തോരാതെ സംസാരിക്കുന്ന കുപ്പിവളകൾ കിലുങ്ങും പോലെ ചിരിക്കുന്ന റംസാൻ നിലാവുദിച്ചത് പോലെ സദാ സമയവും പ്രകാശിക്കുന്ന മുഖമുള്ളവളെ ഒരുവേള ഓർത്തുപോയി...

ഇന്നതിനൊക്കെയും മാറ്റം വന്നിരിക്കാം... നെഞ്ചിലൊരു ഭാരം അനുഭവപ്പെട്ടു.. കൗമാര കാലത്തെന്നോ ഒരിക്കൽ അവളുടെയാ നുണക്കുഴികളും പാട്ടുകളും കാശിയുടെ മനസ്സിൽ കയറിക്കൂടിയിരുന്നു... അമ്മക്കുഞ്ഞായതിനാലാകണം മകനിലെ മാറ്റം ടീച്ചർ പെട്ടെന്ന് മനസ്സിലാക്കിയത്... "നാട്ടിൽ ഒരു ലഹള പൊട്ടിപ്പുറപ്പെടാൻ കുഞ്ഞു തീപ്പൊരി മതി കാശീ... നിന്റെ മനസ്സിൽ എന്തേലും കയറിക്കൂടിയെങ്കിൽ അതങ്ങ് കളഞ്ഞേക്ക്... " അമ്മയുടെ ആ വാക്കുകളാണ് മുളച്ചു വന്ന പ്രണയത്തെ വേരോടെ പിഴുതു കളഞ്ഞത്... പിന്നീടൊരിക്കൽ പോലും ആ മുഖം മനസ്സിൽ പ്രതിഷ്ടിക്കാതിരിക്കാൻ വേണ്ടിയാണ് അവളെ കാണുമ്പോഴൊക്കെയും വഴക്കിട്ടിരുന്നത്... വീട്ടിലേക്കുള്ള വഴിയിൽ ആലോചിച്ചതത്രയും ലൈലയെ കുറിച്ച് മാത്രമായിരുന്നു... " അമ്മാ... ആ പാവം പെണ്ണിനെയവർ അവിടെയിട്ട് നരകിപ്പിക്കുവാ... ഇനിയൊന്നുമനുഭവിക്കുവാൻ ബാക്കിയില്ല... എനിക്ക് വല്ലാതെ കുറ്റം ബോധം തോന്നുവാ.. അവളെ ഇവിടേക്ക് വിളിച്ചു വരുത്തി സംസാരിച്ചാൽ മതിയാരുന്നുല്ലേ....?? അമ്മയുടെ മുന്നിൽ തെറ്റുകാരിയെ പോലെയവൾ തല കുനിച്ചു നിൽക്കുന്നത് കാണാൻ അമ്മയ്ക്ക് കെല്പുണ്ടാകില്ലെന്ന് തോന്നിയത് കൊണ്ടാ ഞാൻ.... " വീട്ടിൽ കയറിച്ചെന്നയുടനെ ടീച്ചറോടായി കാശി പറഞ്ഞു... " ഉം... അമ്മയൊരു കാര്യം പറഞ്ഞാൽ മോൻ കേൾക്കുമോ...???!!!" കാശി സംശയത്തോടെ ടീച്ചറുടെ മുഖത്തേക്ക് നോക്കി.... " ചെന്നവളെ ഇറക്കിക്കൊണ്ട് വാ...!!! ഈ നാട് വിട്ട് എങ്ങടേലും പോകാം നമുക്ക്... "

അത്രയും പറഞ്ഞപ്പോൾ അവരുടെ ശബ്ദമിടറിയിരുന്നു... " അ.. അമ്മ കാര്യമായിട്ട് പറഞ്ഞതാണോ...??!" വിശ്വസിക്കാനാകാതെ കാശി ചോദിച്ചു... "ലൈലു എന്നെ വിളിച്ചിരുന്നു... ന്റെ കുഞ്ഞിനി അനുഭവിക്കാൻ ബാക്കിയൊന്നുമില്ല... കേട്ടപ്പോ സഹിക്കാൻ പറ്റിയില്ല മോനെ... നീ വിളിച്ചാൽ അവൾ വരും... ഞാൻ പറഞ്ഞു മനസിലാക്കിയിട്ടുണ്ട് അവളെ......" പെട്ടെന്നാണ് പുറത്തൊരു ബൈക്ക് വന്നു നിർത്താതെ ഹോണടിച്ചു കൊണ്ടേയിരുന്നത്... ശരത്താണെ... "നമുക്കൊന്ന് പുറത്ത് പോയി വരാം കാശി... നീയൊന്ന് പെട്ടെന്ന് വന്നേ..." വണ്ടിയിൽ നിന്ന് ഇറങ്ങാതെ ശരത്ത് പറഞ്ഞു... അത്‌ കേട്ടതും കൂടുതലൊന്നുമാലോചിക്കാതെ കാശി പിന്നിൽ കയറിയിരുന്നു... " എന്താടാ ഇന്നേരത്ത്...?? കാര്യം പറഞ്ഞിട്ട് പോ രണ്ടാളും.... " " പെട്ടെന്ന് ഇങ്ങെത്തിക്കോളാം ടീച്ചറെ... ഇവനെ കൊണ്ട് ചെറ്യൊരു ആവശ്യമുണ്ട്... " വണ്ടിയെടുക്കുന്നതിനിടയിൽ ശരത്ത് വിളിച്ചു പറഞ്ഞു... ക്ലബ്ബിലാണ് ആ യാത്ര അവസാനിച്ചത്.. കാരംസ് കളിക്കാനും, കളി കാണാനും ബാറ്റ്, ബോൾ ഇത്യാദി സാധനങ്ങൾ സൂക്ഷിച്ചു വെക്കുവാനും മറ്റുമായി നാട്ടിലെ യുവാക്കൾ ഉപയോഗിക്കുന്ന കുഞ്ഞു കടമുറിയാണ് അവരുടെ ക്ലബ്ബ്... "കാശീ ചെറിയൊരു പ്രശ്നമുണ്ടെടാ... ലൈല സൂയിസൈഡിന് ശ്രമിച്ചു....!! " കാശിയുടെ തോളിൽ കൈ വെച്ച് കൊണ്ട് ശരത്ത് പറഞ്ഞു..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story