കാണാ മറയത്ത്..❤: ഭാഗം 8

kanamarayath

രചന: മീര സരസ്വതി

" എന്താടാ ഇന്നേരത്ത്...?? കാര്യം പറഞ്ഞിട്ട് പോ രണ്ടാളും.... " " പെട്ടെന്ന് ഇങ്ങെത്തിക്കോളാം ടീച്ചറെ... ഇവനെ കൊണ്ട് ചെറ്യൊരു ആവശ്യമുണ്ട്... " വണ്ടിയെടുക്കുന്നതിനിടയിൽ ശരത്ത് വിളിച്ചു പറഞ്ഞു... ക്ലബ്ബിലാണ് ആ യാത്ര അവസാനിച്ചത്.. കാരംസ് കളിക്കാനും, കളി കാണാനും ബാറ്റ്, ബോൾ ഇത്യാദി സാധനങ്ങൾ സൂക്ഷിച്ചു വെക്കുവാനും മറ്റുമായി നാട്ടിലെ യുവാക്കൾ ഉപയോഗിക്കുന്ന കുഞ്ഞു കടമുറിയാണ് അവരുടെ ക്ലബ്ബ്... "കാശീ ചെറിയൊരു പ്രശ്നമുണ്ടെടാ... ലൈല സൂയിസൈഡിന് ശ്രമിച്ചു....!! " കാശിയുടെ തോളിൽ കൈ വെച്ച് കൊണ്ട് ശരത്ത് പറഞ്ഞു.... "ഏഹ്ഹ്... എപ്പോ??!!! എന്നിട്ടവൾക്ക് എങ്ങനിണ്ട്..? ഒന്നും പറ്റീലലോ...??എന്തേലും വിവരമറിഞ്ഞോ നീ..??" ഒറ്റ ശ്വാസത്തിൽ കാശി ചോദിച്ചു.... " പ്രശ്നമൊന്നുമില്ലെന്നാടാ അറിഞ്ഞേ... ഞരമ്പ് കട്ട്‌ ചെയ്തതാ.. " കാശി ദീർഘമായൊന്ന് നിശ്വസിച്ചു.. "കുറച്ചു നേരത്തെ ആദിലിനെ കണ്ടപ്പോ കല്യാണ വീട്ടിലുണ്ടായ സംഭവത്തെ കുറിച്ച് പറഞ്ഞായിരുന്നു.. അവളുടെ കൂടെ ഫസീനയുണ്ടെന്ന് പറഞ്ഞപ്പോ ഞാനൊന്ന് ആശ്വസിച്ചതാ... ഡാ അവളെയൊന്ന് കാണാൻ വല്ല വഴിയുമുണ്ടോ..??"

"ഇപ്പൊ അവളെ കാണാതിരിക്കുന്നതല്ലേ കാശി നല്ലത്.. ഹോസ്പിറ്റലിൽ കൂടെ ആരാണെന്ന് പോലുമറിയില്ല... ഇനി ഒരുവട്ടം കൂടി നമ്മളെ അവൾടെ കൂടെ കണ്ടാൽ വെച്ചേക്കില്ല അവന്മാർ...." " അവിടെ കല്യാണമായ സ്ഥിതിക്ക് കൂടെ ചിലപ്പോൾ പിള്ളേര് ആരേലുമാകും... ഫസി സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിൽ കാണില്ലേ..? നമ്പറെടുത്ത് ഒന്ന് വിളിച്ചു നോക്കിയാലോ..??!!" " ഹ്മ്മ്‌.. നീ നില്ല്... ഞാനൊന്ന് വിളിച്ചു നോക്കിയിട്ട് വരാം... " ശരത്ത് ഫോണുമെടുത്ത് പുറത്തേക്ക് നടന്നു... "അവൾക്ക് കുഴപ്പമൊന്നുമില്ലെടാ.. കുറച്ചു ബ്ലഡ്‌ ലോസ്സുള്ളതോണ്ട് ട്വന്റി ഫോർ ഹവെഴ്സ് ഒബ്സെർവഷനിൽ ഇരിക്കാൻ പറഞ്ഞു... പിന്നേ കൂട്ടിനു ഇജാസാണുള്ളത്.. അങ്ങോട്ട് ചെല്ലാനേ നിൽക്കരുതെന്നാ ഫസിയുടെ ഓർഡർ... അല്ലെങ്കിൽ തന്നെയവളെ അവിടെയിട്ട് കൊല്ലാക്കൊല ചെയ്യുവാ അവർ...!! പിന്നൊരു കാര്യമുണ്ട് കാശീ... നിങ്ങള് തമ്മിൽ ഇഷ്ടത്തിലാണെന്നാ ഫസീന പോലും വിശ്വസിച്ചേക്കുന്നേ... ഞാനായിട്ട് തിരുത്താനും പോയില്ല..

നാളെ വീട്ടിലെത്തിയാൽ എങ്ങനെയേലും നിന്നെ വിളിച്ചു തരാമെന്നാ അവളു പറഞ്ഞേ...." "ഹ്മ്മ്‌... തല്ക്കാലം അമ്മയിതൊന്നും അറിയേണ്ടാ ശരത്തെ... അമ്മയെ ലൈലു വിളിച്ചു സംസാരിച്ചിരുന്നു... അവളുടെ അവസ്ഥയറിഞ്ഞ് സഹിക്കാൻ വയ്യാരുന്നു... എന്നോട് വിളിച്ചിറക്കി കൊണ്ട് വരാനൊക്കെ പറഞ്ഞതാ.. ഇനി ഇതൂടെ അറിഞ്ഞാൽ സഹിക്കില്ല..." "ഇല്ലെടാ.. നമുക്കെന്നാ വിട്ടാലോ...??" രണ്ടു പേരും കൂടി വീട്ടിലേക്ക് തിരിച്ചു... പോകും വഴിയിലും കാശിയുടെ ആലോചനയത്രയും ലൈലയെ കുറിച്ചായിരുന്നു... അവളുടെ ദുരന്തങ്ങൾക്കൊക്കെയും അറിയാതെയാണെങ്കിലും താനൊരു കാരണമായല്ലോ.... ഇനിയൊരു ദുരന്തത്തിനോ അപകടത്തിനോ അവളെ വിട്ടുകൊടുക്കില്ലയെന്നവൻ മനസ്സിലുറപ്പിച്ചു.... വീട്ടിലെത്തിയപ്പോൾ ടീച്ചറവരെയും കാത്ത് ഉമ്മറത്തിരിപ്പുണ്ട്... തന്നിൽ ചെറിയൊരു ഭാവ മാറ്റം പോലുമുണ്ടായാൽ അമ്മയ്ക്കത് മനസ്സിലാകുമെന്നുള്ളത് കൊണ്ട് തന്നെ മുഖത്തൊരു പുഞ്ചിരി വരുത്തിയാണ് കാശി വീട്ടിലേക്ക് കയറിയത്...

അമ്മയോട് സംസാരത്തിനൊന്നും നിൽക്കാതെ പെട്ടെന്ന് ആഹാരവും കഴിച്ചു കിടന്നു... എത്ര ശ്രമിച്ചിട്ടും ഉറക്കമവനെ തഴുകിയതേയില്ല... കണ്ണടച്ചാൽ ലൈലയുടെ മുഖം മാത്രം.... പണ്ടെങ്ങോ മുളച്ചു പൊന്തിയ പ്രണയമാണ്....!! വേരോടെ പിഴുതു കളഞ്ഞതാണ്....!! എങ്കിലും അവളുടെ വിഷമത്തിൽ നീറുന്നൊരു മനസ്സുണ്ട് തനിക്കെന്ന് കാശി മനസ്സിലാക്കുകയായിരുന്നു... എന്ത് വന്നാലും അവളെയൊന്ന് കാണണമെന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടേയിരുന്നു... ശരത്തറിയാതെ അവളെ ചെന്ന് കണ്ടാലോ എന്ന ചിന്തയോടെയാണ് രാവിലെ എഴുന്നേറ്റത്.. അവനറിഞ്ഞാൽ സമ്മതിക്കില്ല... ഞായറാഴ്ചയായതിനാൽ ഓഫീസ് അവധിയാണ്... ശരത്തിന് കൂടുതൽ ഉറങ്ങാനുള്ള ദിവസവും... പെട്ടെന്ന് കുളിച്ചു റെഡിയായി കാശിയിറങ്ങി... " കഴിച്ചിട്ട് പോ കാശീ... എങ്ങോട്ടാ ഇത്ര രാവിലെ...?? " " വന്നിട്ട് കഴിക്കാ അമ്മാ.... " കൂടുതലൊന്നും പറയാതെ കാശി വണ്ടിയെടുത്തു.... ഹോസ്പിറ്റൽ പാർക്കിങ്ങിൽ എത്തിയപ്പോൾ മനസ്സ് ചാഞ്ചാടി തുടങ്ങിയിരുന്നു...

ലൈലയെ കാണണമെന്ന തോന്നൽ ശക്തമായപ്പോൾ ഒന്നുമാലോചിക്കാതെ ധൃതി പിടിച്ചു ഇറങ്ങിയതാണ്... ഇജാസാണ്‌ അവളുടെ കൂടെയുള്ളത്.. താനവിടെ കയറിച്ചെന്നാൽ അതിനും കൂടി ആ കുട്ടിയനുഭവിക്കേണ്ടി വരുമല്ലോ എന്നാലോചിച്ചപ്പോൾ തിരികെ പോയേക്കാമെന്ന ചിന്തയിലായി കാശി... കുറച്ചു നിമിഷങ്ങൾ ആലോചനയോടെ വണ്ടിയിൽ തന്നെയിരുന്നു... അപ്പോഴാണ് ഇജാസും റൈഹാനും ഹോസ്പിറ്റലിൽ നിന്നുമിറങ്ങി വരുന്നത് കണ്ടത്.... രണ്ടുപേരും കാറിൽ കയറി പോകുന്നത് കണ്ടതും ആശ്വാസത്തോടെ കാശി പുറത്തിറങ്ങി... റിസെപ്ഷനിൽ റൂം നമ്പർ അന്വേഷിച്ച ശേഷം മുന്നോട്ട് നടന്നു.. റൂമിൽ അവൾ തനിച്ചായിരിക്കണേ എന്ന പ്രാർത്ഥനയോടെയാണ് ഓരോ ചുവടുകളും വെച്ചത്... ഡോർ നോക്ക് ചെയ്ത് കാത്തിരിക്കുമ്പോഴും അവൾ മാത്രമാകും റൂമിൽ എന്ന പ്രതീക്ഷയോടെയാണ് നിന്നത്... പക്ഷേ ഡോർ തുറന്നു തന്നയാളെ കണ്ടതും നിൽക്കണോ തിരിച്ചു പോകണോയെന്നറിയാതെ തെല്ലു ശങ്കയോടെയവൻ നിന്നു...

"കാശിയോ... അകത്തേക്ക് വാ...." വല്യുമ്മയാണേ... വിശ്വസിക്കാൻ കഴിയാതെ കാശി അവിടെ തന്നെ നിന്നു... "ഞാ... ഞാൻ... ലൈലയെ..." "ഹ... ആരേലും കാണും മുന്നേ മോൻ അകത്ത് കയറിക്കെ....!!" ചെറിയൊരു ശാസനയോടെ വല്യുമ്മ പറഞ്ഞതും കാശി അകത്തേക്ക് കയറി... ബെഡിൽ തളർച്ചയോടെ ചാരിയിരിക്കുന്ന പെണ്ണിനെ കണ്ടതും അവന്റെയുള്ളിലൊരു ഏങ്ങലുണ്ടായി... ചുവന്നു തുടുത്തു നുണക്കുഴികൾ വിരിഞ്ഞിരുന്ന കവിൾ തടങ്ങൾ ഇരുണ്ട് ഒട്ടിയിരിക്കുന്നു.. കണ്ണിനു ചുറ്റും കറുപ്പ് പടർന്നിരിക്കുന്നത് കാണുമ്പോഴേ അറിയാം ഉറങ്ങാറേയില്ലെന്ന്.. മൂന്ന് മാസം കൊണ്ട് മനസ്സിലെ ക്ഷീണം ശരീരത്തിലേക്കും പടർന്നിട്ടുണ്ട്... ആ ഒരവസ്ഥയിൽ അവളെ കാണേണ്ടിയിരിന്നില്ലെന്ന് കാശിക്ക് തോന്നിപ്പോയി... അവനെ കണ്ടതും വിളറിയൊരു ചിരിയവൾ സമ്മാനിച്ചു... "ഇജാസും റൈയ്യാനും ഇപ്പോ പോയതേയുള്ളൂ... കല്യാണം കൂടാൻ പോയതാ... അവർക്കവിടെ പണിയെന്തേലും കാണുമേ... അവര് പൊയ്ക്കഴിഞ്ഞ് മോൻ വന്നത് ഭാഗ്യായി..." നെടുവീർപ്പോടെ വല്യുമ്മ പറഞ്ഞു...

" ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലൊന്നുമല്ല ആമിനുമ്മാ..!! ഇജാസ് ഞങ്ങളെ തെറ്റിദ്ധരിച്ചതാ... " " അറിയാ മോനെ.. ലൈലു എന്നോടെല്ലാം പറഞ്ഞു.. മഞ്ഞപ്പിത്തമുള്ളവർക്ക് കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നുള്ളൂ.. പറഞ്ഞിട്ടൊരു കാര്യവുമില്ല.... " "എന്തിനാ ലൈലൂ ഇങ്ങനെയൊരു പണിയൊപ്പിച്ചേ...???!! മരിച്ചു പോകാൻ മാത്രമുള്ള തെറ്റൊന്നും താൻ ചെയ്തിട്ടില്ല.. അല്ലെങ്കിലും ഒരാളെ സ്നേഹിക്കുന്നത് എങ്ങനെ തെറ്റാവും?? ഞാൻ പറഞ്ഞതല്ലേ എന്നേലുമൊരിക്കൽ ആ ചതിയനെ തന്റെ മുന്നിൽ കൊണ്ട് വരുമെന്ന്... അതെങ്കിലും ഓർക്കാരുന്നില്ലേ...??!! " മറുപടിയൊന്നും പറയാതെ പെണ്ണ് തല കുനിച്ചിരുന്നതേയുള്ളൂ.... "നിന്റെ ടീച്ചറമ്മ പറഞ്ഞതല്ലേ വീട്ടിലേക്ക് പോന്നോളാൻ.. ഒരു വിഷമവും വരാതെ ഞങ്ങൾ നോക്കിയേനെ..." " അതൊന്നും ശെരിയാവില്ല കാശീ... ആർക്കായാലും സ്വന്തം മക്കൾ അന്യ മതസ്ഥനായ ഒരാളെ പ്രണയിക്കുന്നെന്ന് അറിയുമ്പോൾ സഹിക്കാൻ വയ്യാതാകും.. നാട്ടരുടെ വാ മൂടിക്കെട്ടാൻ പറ്റില്ലാലോ..!!

അവരതുമിതും പറയുന്നത് കേൾക്കുമ്പോ കാര്യമൊന്നും മനസിലാക്കാൻ ശ്രമിക്കാതെയാ ദേഷ്യൊക്കെ മക്കളുടെ മേൽ പ്രയോഗിച്ചെന്നിരിക്കും..!! അതൊന്നും സ്നേഹക്കുറവ് കൊണ്ടാകില്ല.. കുറച്ചു കഴിയുമ്പോ സത്യമൊക്കെ മനസ്സിലാകുമ്പോൾ കെട്ടടങ്ങാവുന്ന ദേഷ്യമാ ഇതൊക്കെ... അതിന്റെ പേരിൽ കാശിയുടെ വീട്ടിൽ വന്ന് താമസിച്ചാൽ പിന്നെയൊരിക്കലും ദേഷ്യം മറന്നെന്നു വരില്ല..!! ഇതിപ്പോ ന്റെ കുഞ്ഞിനൊരബദ്ധം പറ്റിയതല്ലേ.. ന്റെ മുത്ത് ലൈലാബി ഇനിയൊരിക്കലും തളരില്ല...!! അല്ലേ..??!!" അവളുടെ അടുത്ത് ചെന്നിരുന്ന് തലയിലെ തട്ടത്തിനു പുറത്തു കൂടി വിരലോടിച്ചു കൊണ്ട് വല്യുമ്മ പറഞ്ഞു... അതിനു മറുപടിയായി ലൈലയൊന്ന് ആ മുഖത്ത് നോക്കി പുഞ്ചിരിച്ചു.. പെട്ടന്നാണ് ഡോർ തട്ടുന്ന ശബ്ദം കേൾക്കുന്നത്.. " ഓഹ് ആ സിസ്റ്റർ ആവും... രാവിലെ മരുന്നുണ്ടെന്ന് പറഞ്ഞായിരുന്നു... " എഴുന്നേൽക്കാൻ ശ്രമിച്ച അവരെ കാശി തടഞ്ഞു കൊണ്ട് പോയി ഡോർ തുറന്നു.. സെക്കന്റിനുള്ളിൽ കാശി ചവിട്ടേറ്റ് പിന്നോട്ട് മറിഞ്ഞു..!!

ഡോറിന് പിന്നിൽ നിന്നും മുന്നോട്ട് വന്നായാളെ കണ്ടതും ലൈലയും വല്യുമ്മയും ഒരുപോലെ ഞെട്ടി... "സുബ്ഹാനല്ലാഹ്..... റൈഹാൻ....!!" വല്യുമ്മ തലയിൽ കൈവെച്ചു നിന്നു പോയി... " അപ്പോ ഇതാരുന്നു വല്യുമ്മയുടേം മോളുടെം പരിപാടി... നിങ്ങളിജ്ജാതി നാറിയ പണിക്ക് കൂട്ട് നിക്കുമെന്ന് കരുതീല വല്യുമ്മാ.... ന്റെ ഫോൺ മറന്നു വെച്ചതേതായാലും നന്നായി... രണ്ടാളുടേം കള്ളി വെളിച്ചത്തായല്ലോ.. " രണ്ടുപേരെയും നോക്കി ദേഷ്യം കടിച്ചമർത്തി റൈഹാൻ പറഞ്ഞു.. "കള്ള ഹിമാറ്...!! ഇവനെ ഞാനുണ്ടല്ലോ...!!" ദേഷ്യത്തോടെ മുന്നോട്ട് നടന്നു വീണിടത്തു നിന്നും എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുന്ന കാശിയെ കോളർ കൂട്ടിപ്പിടിച്ച് എഴുനേൽപ്പിച്ചു നിർത്തി റൈഹാൻ.. ദേഷ്യത്തോടെ കൈ വീശിയപ്പോൾ കാശിയുടെ മൂക്കിനാണ് കൊണ്ടത്.. പൊടിഞ്ഞു വന്ന ചോര കൈകൊണ്ട് തുടച്ചു നീക്കാൻ ശ്രമിച്ചപ്പോഴേക്കും റൈഹാൻ ഒരു വട്ടം കൂടി കൈയാഞ്ഞു വീശി.. പക്ഷേ കാശിയത് തടഞ്ഞു അവന്റെ കൈ തന്റെ കൈക്കുള്ളിലാക്കി....

" ഞാനാദ്യമൊന്ന് പറയട്ടെ റൈഹാൻ...!!" " മതിയെടാ നാറി... ഇനിയൊന്നുമെനിക്ക് കേൾക്കേണ്ട.. നിനക്കുള്ളതിന് ഇജാസ് തന്നോളും..." കൈയൊന്ന് കുടഞ്ഞു കാശിയുടെ കയ്യിൽ നിന്നും തന്റെ കൈ വിടുവിച്ചു കൊണ്ട് ടേബിളിന് മുകളിൽ ഇരിക്കുന്ന ഫോൺ കയ്യിലെടുത്ത് ഇജാസിനെയവൻ വിളിച്ചു.. " ഡാ പെട്ടെന്ന് റൂമിലോട്ട് വാ.. പെങ്ങളുടെ കാമു.... " പറഞ്ഞു പൂർത്തിയാക്കും മുന്നേ റൈഹാൻ നിലത്തു ബോധ രഹിതനായി വീണു.. കയ്യിൽ കസേരയും ഉയർത്തിപ്പിടിച്ചു നിൽക്കുന്ന കാശിയെ അമ്പരപ്പോടെ ലൈലയും വല്യുമ്മയും ഒരു നിമിഷം നോക്കി നിന്നു... "മക്കളിവളെയും കൊണ്ട് വേഗമെങ്ങോട്ടാ വെച്ചാ രക്ഷപ്പെട്ടോ.. ഇവിടത്തെ കാര്യം ഞാൻ നോക്കിക്കോളാം..." സ്വബോധം വീണ്ടെടുത്തു കൊണ്ട് വല്യുമ്മ ലൈലയെ കാശിയുടെ കയ്യിൽ ഏൽപ്പിച്ചു... " വല്യുമ്മാ... " ലൈല ദയനീയമായി അവരെ വിളിച്ചു.... " ഇനിയിവിടെ നിൽക്കേണ്ട മോളേ.. അവന്മാരിനി നിന്നെ വെച്ചേക്കില്ല... മക്കള് ധൈര്യമായി പൊക്കോ... മനസ്സ് കൊണ്ട് വല്യുമ്മ കൂടെ തന്നെ കാണും...

ഇവിടം ശാന്തമാകുമ്പോ ഞാനാറിയിക്കാം... ചെല്ല്... " അവളുടെ നെറുകയിൽ അമർത്തി മുത്തിക്കൊണ്ട് അവർ പറഞ്ഞു... സമയം കളയാതെ കാശി ലൈലയുടെ കൈ പിടിച്ചു കൊണ്ട് ഡോർ തുറന്ന് മുന്നോട്ടോടി... ലിഫ്റ്റിനു കാത്തു നിന്നാൽ അതിൽ ഇജാസ് വന്നേക്കുമോ എന്നുള്ള ഭയമുടലെടുത്തതും കാശി അവളെയും കൊണ്ട് സ്റ്റൈയർകേസ് വഴി ഓടിയിറങ്ങി... " എന്റെ വണ്ടിയവർക്ക് പെട്ടെന്ന് ഐഡന്റിഫയ് ചെയ്യാൻ പറ്റും.. നമുക്ക് ടാക്സിയിൽ പോകാം.... " കൈ പിടിച്ചു ഹോസ്പിറ്റൽ ഗേറ്റിനടുത്തേക്ക് ഓടുന്നതിനിടയിൽ കാശി പറഞ്ഞു... ഭാഗ്യത്തിനവിടെ ഒരു ടാക്സി കിടപ്പുണ്ടായിരുന്നു.. പെട്ടെന്ന് തന്നെ അതിൽ കയറി റയിൽവേ സ്റ്റേഷനിലേക്ക് വിടാൻ പറഞ്ഞു.. അതിനിടയിൽ കാശി ശരത്തിനെ വിളിച്ചു... " ഡാ നീ അമ്മയെ കൊണ്ട് പെട്ടെന്ന് സ്റ്റേഷനിലോട്ട് വാ... പെട്ടെന്ന് വേണം.. എന്റെ കൂടെ ലൈലയുണ്ട്...!!" ശരത്തിനു കാര്യങ്ങൾ മനസ്സിലായിക്കാണണം.. പെട്ടെന്ന് തന്നെ ഫോൺ വെച്ചു.... സ്റ്റേഷനടുത്തുള്ള ഡ്രസ്സ്‌ ഷോപ്പിൽ എത്തിയതും കാശി വണ്ടി നിർത്താൻ ആവശ്യപ്പെട്ടു.. അവിടെ നിന്ന് രണ്ട് പർദ്ധയും ഹിജാബും ഒരു ക്യാപ്പും അവനൊരു ഷർട്ടും പെട്ടെന്ന് തിരഞ്ഞെടുത്തു..

ടാക്സിയിൽ വെച്ച് കാശി ഷർട്ട് മാറി.. അപ്പോഴേക്കും ലൈല പർദ്ദ ധരിച്ചു റെഡിയായിരുന്നു.. സ്റ്റേഷനിൽ എത്തിയപ്പോൾ ശരത്തും ടീച്ചറമ്മയും നിൽപ്പുണ്ട്... " ഈ പർദ്ദ ധരിച്ചോ അമ്മാ... " കയ്യിലെ കവർ ടീച്ചറെ ഏൽപ്പിച്ചു കൊണ്ട് കാശി പറഞ്ഞു... "ദാ ബാംഗ്ലൂർക്കുള്ള ടിക്കറ്റ്സ്.... ഈ ക്യാഷ് വെച്ചോ... പിന്നേ ഈ ഫോണും കയ്യിൽ വെച്ചോ... നിന്റെ ഫോൺ ഓഫ്‌ ചെയ്തിട്ടേക്ക്... അവിടെ എത്തിയിട്ട് എന്റെ നമ്പറിലേക്ക് വിളിക്കേണ്ട... അതിൽ ഫീഡ് ചെയ്ത നമ്പറിലേക്ക് വിളിച്ചാൽ മതി.. ഇഷാൻവി അവളുടെ ഫ്ലാറ്റിന്റെ കീ വാച്ച്മാനെ ഏല്പിച്ചിട്ടുണ്ട്.. അത്‌ തരാൻ അവള് വിളിച്ചു പറയും... സൂക്ഷിക്കണേ ഡാ..." കാശി ശരത്തിനെ ആഞ്ഞു പുണർന്നു.... "ഡാ ഓഫീസിലെ കാര്യം...??!!" " അതൊക്കെ ഞാൻ നോക്കിക്കോളാം... നീ സമയം കളയാതെ കയറിക്കോ.. ടൈമായി... " നിർത്തിയിട്ട ട്രെയിനിൽ പെട്ടെന്ന് തന്നെ മൂവരും കയറി... ട്രെയിൻ മുന്നോട്ടു നീങ്ങിയതും ശരത്ത് സ്റ്റേഷനിൽ നിന്നുമിറങ്ങി.... ബൈക്കിനടുത്തേക്ക് നടക്കുമ്പോൾ കുറച്ചു ദൂരെയായി ഇജാസിന്റെ കൂട്ടുകാരന്റെ ജീപ്പ് വരുന്നത് കണ്ടതും ശരത്ത് പെട്ടെന്ന് തൊട്ടരികിലെ കാറിന്റെ മറവിലേക്ക് മാറി നിന്നു...!! ജീപ്പിൽ നിന്നുമിറങ്ങിയവർ സ്റ്റേഷനിലേക്ക് കയറിപ്പോയതും അവന്മാരുടെ കണ്ണിൽ പെടാതെയവൻ തന്റെ ബൈക്കിൽ കയറി മുന്നോട്ട് പോയി....!!........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story