കാണാ മറയത്ത്..❤: ഭാഗം 9

kanamarayath

രചന: മീര സരസ്വതി

"ദാ ബാംഗ്ലൂർക്കുള്ള ടിക്കറ്റ്സ്.... ഈ ക്യാഷ് വെച്ചോ... പിന്നേ ഈ ഫോണും കയ്യിൽ വെച്ചോ... നിന്റെ ഫോൺ ഓഫ്‌ ചെയ്തിട്ടേക്ക്... അവിടെ എത്തിയിട്ട് എന്റെ നമ്പറിലേക്ക് വിളിക്കേണ്ട... അതിൽ ഫീഡ് ചെയ്ത നമ്പറിലേക്ക് വിളിച്ചാൽ മതി.. ഇഷാൻവി അവളുടെ ഫ്ലാറ്റിന്റെ കീ വാച്ച്മാനെ ഏല്പിച്ചിട്ടുണ്ട്.. അത്‌ തരാൻ അവള് വിളിച്ചു പറയും... സൂക്ഷിക്കണേ ഡാ..." കാശി ശരത്തിനെ ആഞ്ഞു പുണർന്നു.... "ഡാ ഓഫീസിലെ കാര്യം...??!!" " അതൊക്കെ ഞാൻ നോക്കിക്കോളാം... നീ സമയം കളയാതെ കയറിക്കോ.. ടൈമായി... " നിർത്തിയിട്ട ട്രെയിനിൽ പെട്ടെന്ന് തന്നെ മൂവരും കയറി... ട്രെയിൻ മുന്നോട്ടു നീങ്ങിയതും ശരത്ത് സ്റ്റേഷനിൽ നിന്നുമിറങ്ങി.... ബൈക്കിനടുത്തേക്ക് നടക്കുമ്പോൾ കുറച്ചു ദൂരെയായി ഇജാസിന്റെ കൂട്ടുകാരന്റെ ജീപ്പ് വരുന്നത് കണ്ടതും ശരത്ത് പെട്ടെന്ന് തൊട്ടരികിലെ കാറിന്റെ മറവിലേക്ക് മാറി നിന്നു...!! ജീപ്പിൽ നിന്നുമിറങ്ങിയവർ സ്റ്റേഷനിലേക്ക് കയറിപ്പോയതും അവന്മാരുടെ കണ്ണിൽ പെടാതെയവൻ തന്റെ ബൈക്കിൽ കയറി മുന്നോട്ട് പോയി.... ട്രെയിനിൽ കയറിയിരുന്നപ്പോൾ ലൈല ടീച്ചറുടെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ട് ആ തോളിലേക്ക് ചാഞ്ഞു....

അവർ തല ചെരിച്ചു കൊണ്ട് അവളുടെ നെറുകയിൽ ചുംബിച്ചു... എന്തെന്നില്ലാതെ ലൈലയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. ആ കാഴ്ച മറുവശത്തെ സീറ്റിലിരുന്ന് വീക്ഷിക്കുകയാണ് കാശി... അവന്റെ കണ്ണുകളും നിറഞ്ഞു വന്നു... മൗനം വാചാലമായി... ഒന്നുമുരിയാടാതെ മൂവരും നോവുകൾ പരസ്പരം പങ്കുവെച്ചു... " ഇതെന്താ മോളൂ കൈയ്യിലൊരു കെട്ട്...?? എന്താ പെട്ടെന്ന് സംഭവിച്ചേ....???!!" ടീച്ചർ ബാൻഡ് എയ്ഡ് വെച്ച് കെട്ടി വെച്ചേക്കുന്ന ലൈലയുടെ കയ്യിൽ നോക്കി ചോദിച്ചു... മറുപടിയില്ലാതെ പെണ്ണിരുന്നു... ഏങ്ങലുകൾ ശക്തമായപ്പോൾ ടീച്ചർ അവളുടെ തല തന്റെ മടിയിലേക്ക് ചായ്ച്ചു.. " വേണ്ട... ഒന്നുമോർക്കേണ്ട...!!! മോളുറങ്ങിക്കോ... " പിന്നീടങ്ങോട്ട് മൂവരും ആവശ്യങ്ങൾക്ക് മാത്രമേ സംസാരിച്ചുള്ളൂ.. ടീച്ചർക്ക് സംഭവിച്ച കാര്യങ്ങളറിയാൻ ആഗ്രഹമുണ്ടായിട്ടും ലൈലയ്ക്കത് വേദനയുണ്ടാക്കുമെന്ന് തോന്നിയത് കൊണ്ട് ഒന്നുമന്വേഷിച്ചില്ല... ടീച്ചർ കൈയ്യിൽ കരുതിയിരുന്ന ഷാളെടുത്ത് കാശിയ്ക്ക് കൊടുത്തു.. കണ്ണൊഴികെയുള്ള ഭാഗങ്ങൾ മറച്ചു കൊണ്ട് ആ ഷോളവൻ പുതച്ചു... മറികടന്നു പോകുന്നവരെ ഓരോരുത്തരെയും സസൂക്ഷ്മം വീക്ഷിച്ചാണ് കാശിയിരുന്നത്... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

"ഒന്നുകിൽ അവരിവിടെ എവിടേലും കാണണം... ആ ടീച്ചറും മിസ്സിങ്ങായ സ്ഥിതിക്ക് എവിടേക്കേലും കടന്നതാകാനാ സാധ്യത.... മൻസൂറും കൂട്ടരും സ്റ്റേഷനിലെത്തിയപ്പോൾ ബാംഗ്ലൂർക്കുള്ള ട്രെയിനപ്പോ പോയിരുന്നു... മിക്കവാറും അതിൽ ബാംഗ്ലൂർക്ക് പോയിരിക്കാനാ സാധ്യത..." ഇജാസ് ഫോണിലൂടെ ആരോടോ പറഞ്ഞു... " ഇല്ല ഉപ്പാ.. അവരെയങ്ങനെ രക്ഷപ്പെടാൻ ഞാനനുവദിക്കില്ല... നാട്ടിൽ അരിച്ചു പെറുക്കാൻ ആൾക്കാരെ ഏൽപ്പിച്ചിട്ടുണ്ട്... ശരത്തിന്റെ വീടും പരിസരവും നിരീക്ഷിച്ചതാ.. അവൻ വീട്ടിൽ തന്നെയുണ്ട്... പിന്നേ ബാംഗ്ലൂർ റെയിൽവേ സ്റ്റേഷനിൽ ഞാനെന്റെ പിള്ളേരെയും ഏർപ്പാടാക്കിയിട്ടുണ്ട്... ആൾക്കാർ കാര്യങ്ങളറിയും മുന്നേ അവളെ വീട്ടിൽ കൊണ്ട് വന്നിരിക്കും...!!" അത് കേട്ടതും ക്യാനുലയിട്ട് ആശുപത്രി ബെഡിൽ ചാരി കിടക്കുന്ന റൈഹാന്റെ മുഖമിരുണ്ടു... " വെറുതെ വിടരുത് രണ്ടിനെയും... " പകയോടെ പല്ല് കടിച്ചു കൊണ്ടവൻ മുരണ്ടു.... "എന്നാലും വല്യുമ്മ ഇജ്ജാതി പണി തരുമെന്ന് പ്രതീക്ഷിച്ചില്ല റൈഹാനെ... സ്വന്തം കുടുംബത്തിനു ചീത്തപ്പേരുണ്ടായാലും അവർക്കൊരു കൂസലുമില്ല...!!

വല്യുമ്മയായിപ്പോയി.... വേറെ ആരേലുമായൊരുന്നേൽ...." ഫോൺ കട്ട് ചെയ്ത് റൈഹാന്റെ അരികിൽ ഇജാസ് വന്നിരുന്നു കൊണ്ട് പറഞ്ഞു... "ഉം.... അവരെ രണ്ടിനേം കണ്ടു കിട്ടട്ടെ..... വല്യുമ്മാക്കുള്ളത് കൂടി ചേർത്ത് ഞാൻ കൊടുത്തോളാം...." പെടലി ബെൽറ്റിലൂടെ തലോടിക്കൊണ്ട് കോപത്തോടെ റൈഹാൻ പറഞ്ഞു.... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 " ഇജാസിന്റെ ആൾക്കാർ ഉറപ്പായും സ്റ്റേഷനിൽ കാണും... ട്രെയിൻ ഇറങ്ങിയാൽ നിങ്ങൾ രണ്ടാളുമൊരുമിച്ച് എന്റെ പിന്നാലെയൊരു ഗ്യാപ്പിട്ട് നടന്നാൽ മതി.. മൂവരും ഒരുമിച്ച് നടക്കുമ്പോൾ സംശയമാകും... ഭയത്തോടെ നടക്കരുത്... കണ്ണ് മാത്രമേ പുറത്ത് കാണുന്നുള്ളു ആരും തിരിച്ചറിയാൻ പോണില്ലെന്ന കോൺഫിഡൻസോടെ വേണം നടക്കാൻ... എന്നാലും ഒരു ശ്രദ്ധ വേണം...." ട്രെയിൻ ഇറങ്ങുന്നതിനു മുൻപായി കാശി ഇരുവർക്കും നിർദ്ദേശങ്ങൾ നൽകി.. ക്യാപ് എടുത്തണിഞ്ഞ് മൂക്ക് മുതലുള്ള ഭാഗങ്ങൾ മറയും വിധം ഷാൾ ധരിച്ചു കാശിയും റെഡിയായി... ട്രെയിൻ ഇറങ്ങുമ്പോൾ നല്ല തിരക്കായിരുന്നു... കാശി കുറച്ചു മുന്നിലായും അതിനു പിന്നിലായി ടീച്ചറമ്മയും ലൈലയും നടന്നു...

കുറച്ചു നേരത്തെ നടത്തത്തിനു ശേഷം കാശി പിന്നിലേക്ക് തിരിഞ്ഞു നോക്കി.. കുറച്ചു പിന്നിലായി ലൈല ആരെയോ നോക്കി സ്റ്റക്കായി നിൽപ്പുണ്ട്...!! ടീച്ചറമ്മ മുന്നോട്ട് നടക്കാനായി അവളുടെ കയ്യിൽ പിടിച്ചു വലിക്കുന്നുണ്ടെങ്കിലും പെണ്ണ് നിന്നിടത്തു നിന്ന് അനങ്ങുന്നില്ല.....!! കാശി പെട്ടെന്ന് തന്നെ അവരുടെയടുത്തേക്ക് നടന്നു.. " എന്താ...???!! എന്താ പറ്റിയെ....???!!" "സ... സൽമാൻ..." കുറച്ചകലെയായി ആരെയോ തിരഞ്ഞു നടക്കുന്ന സൽമാനെയും കൂടെയുള്ളവരെയും കണ്ടാണ് ലൈല പകച്ചു നിൽക്കുന്നത്... സൽമാൻ ലൈലയുടെ വീടിനടുത്താണ്... ബാംഗ്ലൂരിൽ പഠിക്കുകയാണ്... തീർച്ചയായും അവരീ തിരയുന്നത് തങ്ങളെ തന്നെയാകും... " അവർക്ക് നമ്മളെ മനസ്സിലാവില്ല ലൈലൂ.... പെട്ടെന്ന് നടന്നേ... " എങ്ങനെയെങ്കിലും സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങണം എന്ന ചിന്തയോടെ ലൈലയുടെയും അമ്മയുടെയും കൈ പിടിച്ചു വലിച്ചു വേഗത്തിൽ കാശി മുന്നോട്ട് നടന്നു... ഒരു വിധത്തിൽ സ്റ്റേഷന് പുറത്തെത്തി കാബിൽ കയറിയപ്പോഴാണ് മൂവർക്കും ശ്വാസം നേരെ വീണത്.... ശരത്ത് തന്ന ഫോൺ കയ്യിലെടുത്ത് അതിൽ നേരത്തെ ഫീഡ് ചെയ്ത നമ്പറിലേക്ക് കാശി വിളിച്ചു... ശരത്തിനോട് കാര്യങ്ങളെല്ലാം ധരിപ്പിച്ചു...

" നാട്ടിൽ കുറച്ചാളുകളൊക്കെ കാര്യം മനസ്സിലാക്കിയിട്ടുണ്ട് കാശി... ഇജാസും കൂട്ടരും തിരച്ചിലിനിയും അവസാനിപ്പിച്ചിട്ടില്ല... ഏതായാലും നിങ്ങളൊന്ന് സൂക്ഷിച്ചോളൂ... " ശരത്ത് ഫോണിലൂടെ പറഞ്ഞു.... ഇഷാൻവിയുടെ ഫ്ലാറ്റിനകത്തു പ്രവേശിക്കും വരെ ലൈലയും ടീച്ചറും പ്രാർത്ഥനയോടെയാണ് കഴിച്ചു കൂട്ടിയത്... അകത്തു കയറിയതുമവർ ആശ്വാസത്തോടെ സോഫയിലേക്കിരുന്നു... " ഞാൻ കാരണം എല്ലാർക്കും ബുദ്ധിമുട്ടായല്ലേ....??" തെല്ലൊരു നിരാശയോടെ ലൈല ഇരുവരോടും ചോദിച്ചു... " അതേ ഭയങ്കര ബുദ്ധിമുട്ടായി....!!" ചിരിയോടെ ടീച്ചർ പറഞ്ഞു.... " എന്റെ മോളതൊന്നും ഓർത്ത് ടെൻഷനാവേണ്ടാ... ആ ഗുതാവിൽ ജീവിച്ചേ എനിക്കും മടുത്തു... ബാംഗ്ലൂരിലെ ഓഫീസിലോട്ട് മാറ്റം വാങ്ങിക്കാൻ ഇവനോട് എത്ര കാലായിട്ട് പറയുവാണെന്നോ... ഹാ ഇങ്ങനെയെങ്കിലും അത്‌ നടന്നല്ലോ...!!" "ഉവ്വുവ്വേ.... ജോലി മാറാൻ ശ്രമിച്ചപ്പോഴെല്ലാം എന്നെ തടഞ്ഞതാരാ...??!! ന്റെ ലൈല മോൾ ന്റെ പിള്ളേർ എന്നും പറഞ്ഞ് കരഞ്ഞതാരാ...??!!" " അത്‌ അപ്പോഴല്ലേ.... ഇപ്പൊ ലൈല മോൾ കൂടെയുണ്ടല്ലോ.. പിന്നേ പിള്ളേർ... ഇവടെയും പാട്ട് പഠിപ്പിക്കാലോ... " ടീച്ചറമ്മ ചമ്മലോടെ പറഞ്ഞതും കാശി പൊട്ടിച്ചിരിച്ചു...

പിന്നെയുമോരോന്ന് പറഞ്ഞ് ഇരുവരും പരസ്പരം കളിയാക്കിയപ്പോൾ ലൈലയും അവരോടൊപ്പം കൂടി.. അപ്പോഴേക്കും അന്തരീക്ഷത്തിന് അയവു വന്നിരുന്നു... " രാവിലെ തൊട്ടുള്ള ഓട്ടപ്പാച്ചിലും ട്രെയിനിലെ ഇരുത്തവുമൊക്കെയാകണം കാൽ മുട്ടിനു നല്ല വേദന... ഞാനൊന്ന് ഫ്രഷായി കിടക്കാൻ നോക്കട്ടെ... മോൾക്കുമീ ഉടുപ്പൊക്കെ മാറേണ്ടേ...?? " " മാറാൻ വേറെ ഡ്രെസ്സില്ലാലോ ടീച്ചറമ്മേ... " "ഇഷയുടെ ഡ്രസ്സ്‌ വല്ലോം അകത്തിരിപ്പുണ്ടാകും.. അവളിടയ്ക്ക് ഇവിടെ വന്ന് നിൽക്കാറുള്ളതാ.... ഇന്ന് തല്ക്കാലം അങ്ങനെയൊപ്പിക്ക്.. നാളെ നമുക്ക് പോയി വാങ്ങിക്കാം..." കാശി പറഞ്ഞതും ടീച്ചറുടെ പിന്നാലെ അവളും മുറിയിലേക്ക് ചെന്നു... അതൊരു റ്റു ബെഡ്‌റൂം ഫ്ലാറ്റാണ്... ഹാളിൽ ചെറിയൊരു ബാൽക്കണിയുണ്ട്... കാശി ഫോണുമെടുത്ത് ബാൽക്കണിയിലേക്കിറങ്ങി... ശരത്തിനെ വിളിച്ചു.... " നാട്ടുകാര് അറിയുന്നതാരുന്നു ഇജാസിന്റെ പ്രശ്നം.. ഇതിപ്പോ കാര്യമറിയാൻ നാട്ടിലെ ഒറ്റ കുഞ്ഞു പോലും ബാക്കിയില്ലെടാ...

അത്‌ കൊണ്ട് തൽക്കാലം അന്വേഷണമൊക്കെ നിർത്തി വെച്ചുവെന്നാ ഫസിയെ വിളിച്ചപ്പോൾ പറഞ്ഞത്.. പിന്നേ ഹോസ്പിറ്റലിൽ നിന്ന് നിങ്ങളിറങ്ങിയ നേരത്ത് ബാംഗ്ലൂർക്കൊരു ട്രെയിനുള്ളത് കൊണ്ടാണ് ബാംഗ്ലൂരിലേക്ക് പോയിക്കാണുമെന്ന് അവർ ഊഹിച്ചത്... പേടിക്കാനൊന്നുമില്ല.. നിങ്ങളവിടെ സേഫാണ് കാശി... എന്തെങ്കിലും വിവരം കിട്ടുവാണേൽ ഞാൻ അറിയിക്കാം.. എന്തായാലും പുറത്തോട്ടൊന്നും അധികമിറങ്ങേണ്ട... ആഹ് പിന്നേ ഞാൻ ഇഷയ്ക്കീ നമ്പർ കൊടുത്തിട്ടുണ്ട്.. അവള് വിളിക്കും..." ശരത്ത് പറഞ്ഞതും ആശ്വാസത്തോടെയവൻ ഫോൺ വെച്ചു.. രണ്ട് സെക്കന്റ്‌ തികയും മുന്നേ ഇഷയുടെ കാൾ വന്നു... അവളോടും കുറച്ചു നേരം സംസാരിച്ച ശേഷമവൻ മുറിയിലേക്ക് ചെന്നു... കുളിച്ച് ഫ്രഷായി ഹാളിലേക്ക് വന്നപ്പോഴാണ് ബാൽക്കണിയിൽ നിൽക്കുന്ന ലൈലയെ കണ്ടത്... കാശി അവിടേക്ക് നടന്നു.. " എന്താടോ താഴേക്ക് ചാടാനുള്ള വല്ല പരിപാടിയുമാണോ...??? " തമാശയോടെ കാശി പറഞ്ഞതും പെണ്ണൊന്ന് കൂർപ്പിച്ചു നോക്കി.. ചിരിയോടെയവൻ റൈലിൽ ചാരി നിന്ന് അവളെ നോക്കി... "പേടിയുണ്ടോ ലൈലാ...??" " ഹ്മ്മ്‌.... ഒരുപാട്.... "

" പേടിക്കേണ്ടടോ... എന്നെ വിശ്വസിച്ചു ആമിനുമ്മ ഏൽപ്പിച്ചതല്ലേ... തന്നെയൊന്ന് നുള്ളി നോവിക്കാൻ പോലും ഞാനൊരുത്തനേം സമ്മതിക്കില്ല..." പെണ്ണ് അതിനൊന്ന് പുഞ്ചിരിച്ചു.... " വല്യുമ്മാക്ക് കാര്യങ്ങളൊക്കെ അറിയാം.. അതിന് ശേഷം എന്നെ കേട്ടതും വിശ്വസിച്ചതും വല്യുമ്മ മാത്രമാ... എന്നെ കുറിച്ചോർത്ത് പേടിയില്ലെനിക്ക്.. ഇജാസിക്കയ്ക്കൊക്കെ അല്ലേൽ തന്നെ കാശിയോടും ടീച്ചറോടും ദേഷ്യമാ.... ഇനി ഇതും കൂടി ആയപ്പോൾ...." "ഹ്മ്മ്‌.. സാരില്ലെടോ.... എന്നേലും എല്ലാവരും സത്യം മനസ്സിലാക്കും.... അന്ന് ദേഷ്യവും വെറുപ്പുമൊക്കെ മാറിക്കോളും..." അവള് മറുത്തൊന്നും പറഞ്ഞില്ല.. ഒന്ന് പുഞ്ചിരിച്ചു... പ്രതീക്ഷകൾ അസ്തമിച്ചവളുടെ വരണ്ട പുഞ്ചിരി.... "ഒത്തിരി നേരമായില്ലേ ലൈലാ.. പോയി കിടന്നോളൂ.. തല്ക്കാലം ഈ ചിന്തകളൊക്ക മാറ്റി വെച്ച് സമാധാനത്തോടെ ഉറങ്ങാൻ നോക്ക്..." ലൈല മുറിയിലേക്ക് നടന്നു... ടീച്ചറമ്മ നല്ല ഉറക്കമാണ്.. യാത്രയുടെ ക്ഷീണം നല്ലപോലെ കാണണം.. ശബ്ദമുണ്ടാക്കാതെ അവൾ അരികിൽ ചെന്ന് കിടന്നു... രണ്ട് ദിവസം കൊണ്ട് എന്തൊക്കെയാണ് തന്റെ ജീവിതത്തിൽ സംഭവിച്ചത്...!! മുഖത്ത് തുപ്പിയ ശേഷം റൈഹാന്റെ വെറുപ്പോടെയുള്ള സംസാരം അവളോർത്തു... "നിനക്ക് പോയി ചത്തൂടെടി....??? നീയൊരു ചീഞ്ഞ തക്കാളിയാ.... നല്ല തക്കാളികളുടെ കൂടെ വെക്കാൻ കൊള്ളൂല.. ബാക്കിയുള്ളത് കൂടി ബെടക്കാവും...."

അറപ്പോടെയും വെറുപ്പോടെയും ആ വാക്കുകൾ ലൈലയോർത്തു... ഇത്ര മോശക്കാരിയെന്ന് മുദ്ര കുത്താൻ താൻ ചെയ്ത തെറ്റെന്താണ്...??!! പ്രണയിക്കുന്നത് അത്ര വലിയ തെറ്റാണോ...??!! ആവണം.. അതാകും ഇന്ന് കൂടെ നിൽക്കാൻ സ്വന്തക്കാരായി ഒരാൾ പോലുമില്ലാതെ തനിച്ചയിപ്പോയത്... കൂടെ ടീച്ചറമ്മയും കാശിയേട്ടനും കൂടിയില്ലായിരുന്നെങ്കിലോ...??! ഓർക്കും തോറും വിഷമമിരട്ടിച്ചു... "യാ അല്ലാഹ് ഇത്രയും കൈപ്പേറിയ അനുഭവങ്ങളാർക്കും നൽകരുതേ..." മനമറിഞ്ഞവൾ പ്രാർത്ഥിച്ചു.... ഒന്ന് സമാധാനത്തോടെ ഉറങ്ങിയിട്ട് ദിവസങ്ങളായി... ഇന്നെങ്കിലും ഉറങ്ങാൻ പറ്റിയെങ്കിൽ എന്ന ആലോചനയോടെ തിരിഞ്ഞു കിടന്നു... ചിന്തകൾ കൂമ്പരമായ് കുമിഞ്ഞു കൂടിയതല്ലാതെ ഉറങ്ങാൻ സാധിച്ചില്ല... വീണ്ടും മറുവശം തിരിഞ്ഞു കിടന്നതും ടീച്ചറമ്മ പെണ്ണിനരികിലേക്ക് ചേർന്ന് കിടന്നു.. തന്റെ പുതപ്പിന് ഒരു ഭാഗം ലൈലയുടെ ദേഹത്തിട്ട് കെട്ടിപ്പിടിച്ചു കിടന്നു.. ലൈലയുടെ കണ്ണുകൾ നിറഞ്ഞു വന്നു..

പല രാത്രികളിൽ ഉറക്കം തഴുകാതെയിരിക്കുമ്പോൾ ഇതുപോലൊരു സാമീപ്യം അവളും കൊതിച്ചിട്ടുണ്ട്... പലപ്പോഴും ഉമ്മയൊന്ന് ചേർത്ത് പിടിച്ചു ഉറക്കിയെങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ട്... ഉപ്പ വരച്ച വരയിൽ ജീവിക്കുന്ന ഉമ്മയ്ക്ക് അതൊക്കെ അസാധ്യമായിരുന്നു... ആരെന്തു പറഞ്ഞാലും ഉമ്മ കൂടെയുണ്ടെന്ന ആ ഒരു വാക്കിനായി പലപ്പോഴും കൊതിച്ചിട്ടുണ്ട്... ഉമ്മ നിസ്സഹായ ആണെന്ന് അറിയാമായിരുന്നിട്ടും ഒരു സ്വാന്തനം താൻ കൊതിച്ചിട്ടുള്ളതാ... ഇന്നിപ്പോ വിഷമങ്ങളൊന്നും ചോദിക്കാതെ കൂടെ ഞാനുണ്ടെന്ന് പറയാതെ പറഞ്ഞു ചേർത്ത് പിടിച്ചു കിടക്കുന്ന ടീച്ചറമ്മയോട് എന്തെന്നില്ലാത്ത സ്നേഹം തോന്നി പെണ്ണിന്.. ഈ സ്നേഹത്തിനു പകരം ഞാനെന്താണ് നൽകേണ്ടതെന്ന് മനസ്സാലെയവൾ മൊഴിഞ്ഞു... സന്തോഷം കൊണ്ടാവാം മനസ്സാകെ ശൂന്യമായത് പോലെ.. വിഷമങ്ങളോ തന്റെ പ്രശ്നങ്ങളോ ഈ ഒരു നിമിഷത്തിൽ അപ്രത്യക്ഷമയത് പോലെ.... ലൈല കണ്ണുകളടച്ചു.. പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story