കാശിനാഥൻ: ഭാഗം 20

kashinathan mithra

രചന: മിത്ര വിന്ദ

വണ്ടി ഒതുക്കിയ ശേഷം, കാശി ഡോർ തുറന്ന് , വെളിയിലേക്ക് ഇറങ്ങി.... ബാക്കിലായി ഒരു കുപ്പി വെള്ളംകിടപ്പ് ഉണ്ടായിരുന്നു..

അവൻ അത് എടുത്ത് പാർവതിയുടെ കയ്യിലേക്ക് കൊടുത്തു...


വല്ലാത്ത ആർത്തിയോടുകൂടി ആ വെള്ളം മുഴുവനായും കുടിക്കുന്നവളെ, നോക്കി കാശി കണ്ണിമ ചിമ്മാതെ നിന്നു പോയി..


"ഇയാള് ഒന്നും കഴിച്ചിരുന്നില്ലേ "


അവൻ ചോദിച്ചതും അവളുടെ മുഖം കുനിഞ്ഞു..


അപ്പോളേക്കും കാശിയുടെ ഫോൺ ശബ്ധിച്ചു.


നോക്കിയപ്പോൾ കൈലാസ് ആയിരുന്നു..

"Hello.

ഏട്ടാ...."


" കാശി നിങ്ങൾ എവിടെ എത്തിയെടാ... മാളവിയുടെ വീട്ടിൽ നിന്നും ഇപ്പോഴേക്കും എത്തും...."


"ആഹ് ഏട്ടാ... അര മണിക്കൂർ... അതിനുള്ളിൽ ഞങ്ങൾ വരും "


അവൻ വേഗo തന്നെ ഫോൺ കട്ട് ചെയ്തു...

എന്നിട്ട് കാറിലേക്ക് കയറി..

നേരെ വണ്ടി കൊണ്ട് പോയി നിർത്തിയത്, ഒരു ഹോട്ടലിന്റെ മുന്നിൽ ആയിരുന്നു.

"ഇറങ്ങി വരൂ....."


"കാശിയേട്ടാ... എനിക്കൊന്നും വേണ്ട...."


അവൾ പറഞ്ഞതും കാശി അവളെ സൂക്ഷിച്ചു നോക്കി.


"ഇറങ്ങി വരാൻ അല്ലേ പറഞ്ഞത് "

പിന്നീട് ഒന്നും പറയാതെ കൊണ്ട് പാറു അവന്റെപിന്നാലെ പോയി

ഓരോ മസാല ദോശ ആണ് അവൻ ഓർഡർ ചെയ്തത്.

മേശമേൽ ഇരിക്കുന്ന ഭക്ഷണം കണ്ടതും അവൾക്ക് ഉള്ളിൽ ഒരു ഗദ്ഗദം വന്നു നിറഞ്ഞു..


നന്ദിയോട് കൂടി തന്നെ നോക്കുന്നവളെ കാൺകെ കാശിക്ക് എന്തോ ഒരു ബുദ്ധിമുട്ട് തോന്നി...

ശോ... ഇവളോട് ഒന്നു ചോദിച്ചത് പോലും ഇല്ലായിരുന്നു എന്തെങ്കിലും കഴിച്ചോ എന്ന്...

അവൻ ഓർത്തു.


**


വീട്ടിൽ എത്തിയപ്പോൾ തന്നെ പാർവതി കണ്ടു വില കൂടിയ കാ lറുകൾ നിരന്നു കിടക്കുന്നത്.


കുറേ ഏറെ ആളുകൾ ഒക്കെ എത്തിയിട്ടുണ്ട് എന്ന് അവൾക്ക് മനസിലായി.


വണ്ടിയിൽ നിന്നും ഇറങ്ങാതെ ഇരിക്കുന്നവളെ അവൻ ഒന്ന് നോക്കി..

അവൻ ഡോർ തുറക്കാൻ ആഞ്ഞതും പാർവതി അവന്റെ കൈയിൽ കയറി പിടിച്ചു


"മ്മ്... എന്താ....."


"അത് പിന്നെ... ഞാൻ വന്നാൽ, എല്ലാവർക്കും നാണക്കേട് ആകില്ലേ. മാളവിക ചേച്ചിക്ക് ഇഷ്ടം ആവില്ലരിക്കും..."


"എന്നാൽ നീ ഇവിടെ ഇരുന്നോളു..."


അവൻ ഡോർ തുറന്നു വെളിയിലേക്ക് ഇറങ്ങി..

മിടിക്കുന്ന ഹൃദയത്തോടെ പിന്നാലെ പാറുവും..


കാശിയെ കണ്ടതും എല്ലാവരും അവനോട് സംസാരിക്കുവാൻ ആയി വന്നു..


മാളവിക യുടെ അച്ഛനും, അമ്മാവനും, ചെറിയച്ഛനും ഒക്കെ ഉണ്ട്.

പാറു വിനെ ആരും ഒന്നു നോക്കുക പോലും ചെയ്തില്ല..

അവരോട് ഒക്കെ കുശലം പറഞ്ഞ ശേഷം കാർത്തി ഉള്ളിലേക്ക് കയറി..

അവന്റെ പിന്നാലെ കയറി വന്ന 
പാർവതി യേ കണ്ടതും മാളവിക യുടെ മുഖം വീർത്തു..

"ഈ നാശം പിടിച്ചവൾ എന്തിനാണ് ഇപ്പൊ എഴുന്നള്ളി വന്നത് "  അവൾ ആണെങ്കിൽ അടുത്ത് നിന്ന അമ്മാവന്റെ മകൾ ആയ ദിയ യോട് പതിയെ പറഞ്ഞു.

എല്ലാവരെയും ഒന്ന് 
നോക്കി ബദ്ധപ്പെട്ടു ഒന്ന് ചിരിച്ച ശേഷം പാർവതി തന്റെ മുഖത്തെയും കഴുത്തിലെ യിം വിയർപ്പ് തുള്ളികൾ ഒപ്പി..


മാളുവിന്റെ വീട്ടുകാർ കൊണ്ട് വന്ന പലഹാരകെട്ടുകൾ എല്ലാം ഒരു വലിയ ടേബിളിൽ നിരത്തി വെച്ചിട്ടുണ്ട്...പിന്നെ എന്തൊക്കെയോ സാധനങ്ങൾ പൊട്ടിക്കാതെ കൂട്ടി വെച്ചിട്ടുണ്ട്...

"പാർവതി എവിടെ പോയിരിന്നു.... കണ്ടേ ഇല്ലാലോ എന്ന് ഞങ്ങൾ പറഞ്ഞതെ ഒള്ളു '


മാളു വിന്റെ അമ്മ ചോദിച്ചു..


"ഞാൻ വീട് വരെ ഒന്ന് പോയതാണ് ആന്റി .."


"അവിടെ ഇനി ആരെ കാണാൻ ആണ് കുട്ടി.. അച്ഛനും അമ്മയും ഒക്കെ കെട്ടി തൂങ്ങി മരിച്ചത് അല്ലേ "


പിന്നിൽ നിന്നും മാളവികയുടെ ബന്ധുജനങ്ങളിൽ  ഏതോ ഒരു സ്ത്രീ പറയുന്നത് എല്ലാവരും കേട്ടു...


" അതെ ദുർമരണം നടന്ന വീടാണ് അതും രണ്ടുപേരുടെ... സ്ഥിരം അവിടേക്ക് പോകാതിരിക്കുന്നതാണ് കേട്ടോ നല്ലത്. കാര്യം അച്ഛനും അമ്മയും ഒക്കെ ആയിരിക്കും, എന്നാലും പണ്ടത്തെ ആളുകളൊക്കെ പറയാറില്ലേ, ഇങ്ങനെയൊക്കെയുള്ള വീടുകളിൽ പോകുമ്പോൾ നമ്മൾ വളരെയധികം ശ്രദ്ധിക്കണം എന്ന് "


മറ്റാരോ അത് ഏറ്റു പിടിച്ചു കഴിഞ്ഞിരുന്നു അപ്പോളേക്കും 

"ആഹ് അതൊക്കെപോട്ടെ.. കഴിഞ്ഞത് കഴിഞ്ഞു... ഇനി അങ്ങനെ ഒരു സംസാരത്തിന്റെ ആവശ്യം ഇവിടെയില്ല"

കാശിയുടെ 
അമ്മയായ സുഗന്ധി അതു പറയുകയും ,  പെട്ടെന്ന് അവിടെ ഒരു നിശബ്ദത തളം കെട്ടി.

മാളവികയുടെ മുഖം ഇരുണ്ടു..

അവളുടെ അമ്മയ്ക്കും അത് അത്ര ഇഷ്ടപ്പെട്ടില്ല.


" അതെ അതെ അത് സത്യമാണ് സുഗന്ധി പറഞ്ഞത്.... ആ പിന്നെ മോളെ പാർവതി ഞങ്ങൾ ഇവിടെ, മാളവികയുടെ അടുക്കള കാണൽ  ചടങ്ങും ആയിട്ട് ബന്ധപ്പെട്ടു വന്നതാണ് കേട്ടോ..... "


അത് കേട്ടതും പാർവതി മെല്ലെ  തലയാട്ടി..


"എന്തിനായിരുന്നു കുട്ടി 250 പവൻ സ്വർണം ഒക്കെ സ്ത്രീധനം തരാമെന്ന് പറഞ്ഞ് ഇവരെ പറ്റിച്ചത്... അത്രയ്ക്ക് തങ്കപ്പെട്ട ആളുകൾ അല്ലായിരുന്നു ഇവർ... ഇത്രയും വലിയൊരു ഡ്രാമ നടത്താനും മാത്രം,  അധപ്പതിച്ചു പോയിരുന്നോ നിന്റെ അച്ഛനും അമ്മയും ഒക്കെ"


മനപ്പൂർവ്വം പാർവതിയേ അവിടെ അപമാനിക്കുക എന്ന് ഒരു ലക്ഷ്യം മാത്രമേ മാളവികയുടെ അമ്മയ്ക്ക് അപ്പോൾ ഉണ്ടായിരുന്നുള്ളൂ..


അവരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി കൊടുക്കാൻ ആവാതെ അവളുടെ മുഖം കുനിഞ്ഞു.

"എന്റെ സുഗന്ധി ചേച്ചി, ഈ കുട്ടിക്ക്, ഒരു കമ്മലും, മൂന്നാല് വളയും എങ്കിലും മേടിച്ചു കൊടുക്കുക കേട്ടോ... നോക്കിക്കേ, ദരിദ്രവാസി പിള്ളേരെ പോലെയാണ് ഈ കുട്ടിയുടെ നിൽപ്പ് "

അവർ അടുത്ത അമ്പ് എറിഞ്ഞു..

എങ്ങനെയെങ്കിലും അവിടെ നിന്നും ഒന്ന് രക്ഷപ്പെട്ടാൽ മതിയെന്ന് അവസ്ഥയിലായിരുന്നു പാർവതി അപ്പോൾ...

വൈദേഹി അവളെ അടുക്കളയിലേക്ക് വിളിച്ചപ്പോൾ, വേഗം തന്നെ, അവൾ അവിടെ നിന്നും പോയിരുന്ന്.

" ഇങ്ങനെ ഒരു ദരിദ്രവാസി പെണ്ണിനെ കെട്ടേണ്ട ഗതികേട് ആണല്ലോ കാശിക്ക് വന്നത്... "


മാളവികയുടെ അമ്മ സുഗന്ധിയേ നോക്കി പിറു പിറുത്തു.

അത് കേട്ടതും കാശിയുടെ മുഖത്തേ പേശികൾ വലിഞ്ഞുമുറുകി..

ഒരു ചടങ്ങ് നടക്കുന്നതിനാൽ അവൻ സംയമനം പാലിക്കുകയാണ് ചെയ്തത്. എന്നാലും ഇനി എന്തെങ്കിലും ഒരു വാക്ക് അവർ പറഞ്ഞിരുന്നെങ്കിൽ അവരെ രണ്ടെണ്ണം പറയുവാൻ തന്നെയായിരുന്നു അവന്റെ  തീരുമാനം..കൈലാസേട്ടനെ ഓർത്തു മാത്രം എല്ലാം ക്ഷമിച്ചു അവൻ നിന്നു 

എല്ലാവരെയും ഫുഡ് കഴിക്കുവാനായി കൈലാസും മാളവികയും ക്ഷണിക്കുകയാണ്..


വിശാലമായ ഒരു പന്തലായിരുന്നു കോമ്പൗണ്ടിൽ ക്രമീകരിച്ചിരുന്നത്..


എല്ലാവരും ഭക്ഷണം കഴിക്കുവാൻ ഇറങ്ങിപ്പോയതും പാർവതി വേഗം തന്നെ മുറിയിലേക്ക് പോയി..


വല്ലാത്തൊരു മാനസിക അവസ്ഥ യിൽ ആയിരുന്നു അവൾ..


ഫോൺ ശബ്ധിച്ചതും അവൾ അത് എടുത്തു നോക്കി.

വല്യമ്മ ആയിരുന്നു..

"ഹെലോ.. വല്യമ്മേ "


"തിരക്ക് ആണോ മോളെ "


"അല്ല.. പറഞ്ഞോളൂ.. എന്താണ് വല്യമ്മേ "


"അത് മോളെ, നാളെ ചടങ്ങിന് വേണ്ടി മൊത്തത്തിൽ 15000രൂപ ആകും ന്നു. രണ്ടാളുടെയും അല്ലേ കർമം... അതനുസരിച്ചു ആണെന്ന് കാശ്.... നീ അത്രയും പൈസ കൊണ്ടുവരണം കേട്ടോ...."


അവളുടെ മറുപടി പോലും കേൾക്കാതെ അവർ ഫോൺ കട്ട്‌ ചെയ്തു..


പാർവതി പേഴ്സ് എടുത്തു തുറന്നു..

കാശ് മൊത്തം എണ്ണിയപ്പോൾ 13400രൂപ....

ഡയമണ്ട് റിങ് കൂടി വിറ്റാൽ മതി ആയിരുന്നു... ശോ കഷ്ടം ആയല്ലോ ന്റെ ഭഗവാനെ.... അത് അച്ചൻ വാങ്ങി തന്നത് ആണല്ലോ എന്നോർത്തു ആണ് കൊടുക്കാഞ്ഞത്... ആകെ പാടെ ആ ഒരു മോതിരം മാത്രം ഒള്ളു താനും... ഇനി ഇപ്പൊ എന്താ വഴി...


ആലോചിച്ചു നിന്നപ്പോൾ ആണ് ഡോർ തുറന്നു കാശി കയറി വന്നത്.

അവളെയിം കൈയിൽ ഇരുന്ന നോട്ട് കെട്ടിലേക്കും അവൻ സൂക്ഷിച്ചു നോക്കി..


"നാളത്തെ കർമം ചെയ്യാൻ വേണ്ടിയാ..... വല്യമ്മ വിളിച്ചു പറഞ്ഞിട്ട് "


"അതിനു ഞാൻ ഒന്നും തന്നോട് ചോദിച്ചില്ലല്ലോ...."

അവൻ പാർവതി യേ നോക്കി..

"സോറി കാശിയേട്ടാ "


"ഫോർ വാട്ട്‌ പാർവതി "?


"അല്ലാ...മാളവിക ചേച്ചി ടേ റിലേറ്റീവ്സ് എല്ലാവരും കൂടി....ഏട്ടന് നാണക്കേട് ആയോ "

"അവര് പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ "


അവൻ പാർവതി യേ സൂക്ഷിച്ചു നോക്കി..


ഇല്ലെന്ന് അവൾ ചുമൽ ചലിപ്പിച്ചു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story