കാശിനാഥൻ: ഭാഗം 77

kashinathan mithra

രചന: മിത്ര വിന്ദ

ഇറങ്ങി വരൂ കല്യാണി... ബാക്കി ഒക്കെ നേരിട്ട് പറയാം... എന്തേ...


ഒരു ചിരിയോടെ കൂടി സീറ്റ് ബെൽറ്റ്‌ ഊരി മാറ്റുകയാണ് ശിവൻ..


ഇത്.... ഇത് കാശിയേട്ടന്റെ...


ഒക്കെ പറയാം കുട്ടി,ഇപ്പൊ തത്കാലം എന്റെ കൂടെ ഇറങ്ങി വന്നാട്ടെ... എന്നേ കാണാൻ വേണ്ടി ഒരാള് അവിടെ വെയിറ്റ് ചെയ്യുവാ.....

തന്റെ കൈയിൽ ഇരുന്ന ചോക്ലേറ്റ് പാക്കറ്റ്ലേക്ക് നോക്കിയ ശേഷം ശിവൻ കല്ലുവിനെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരി തൂകി.


മിടിക്കുന്ന ഹൃദയവുമായി അവന്റെ പിന്നാലെ കാശിയുടെ ഫ്ലാറ്റിലേക്ക് നടക്കുമ്പോൾ ഒരായിരം സങ്കടങ്ങൾ ഒരു പേമാരിയായി പെയ്യുകയായിരുന്നു കല്ലുവിന്റ ഉള്ളിൽ.

കാളിംഗ് ബെലിൽ വിരൽ അമർത്തിയ ശേഷം അക്ഷമയോട് കൂടി നിൽക്കുകയാണ്, ശിവൻ..

അല്പം കഴിഞ്ഞതും വാതിൽ തുറക്കപ്പെട്ടു.


പപ്പായി.........


ഈണത്തിൽ ഉള്ള ഒരു വിളി കേട്ടതും കല്ലുവിന്റെ മിഴികൾ ശിവന്റെ മുന്നാലേ അകത്തേക്ക് പാഞ്ഞു.

. ഏകദേശം രണ്ടു വയസ് തോന്നിക്കുന്ന ഓമനത്തം ഉള്ള ഒരു പെൺകുട്ടി...
പാറു ചേച്ചിയുടെ കൈയിൽ ഇരിക്കുന്ന കുട്ടിയേ കല്ലു സൂക്ഷിച്ചു നോക്കി


ശിവന്റെ ദേഹത്തേക്ക് ചാടി വീണു കൊണ്ട് അവന്റെ ഇരു കവിളിലും മാറി മാറി മുത്തം കൊടുക്കുകയാണ് ആ കുഞ്ഞ്.

അയാളുടെ മിഴികൾ ഒക്കെ ഈറൻ പുൽകിയിരുന്നു അപ്പോളേക്കും.

പപ്പായി.....

എന്താടാ പൊന്നെ.....

അമ്മ....

പറയുന്നതിനൊപ്പം ആ കുഞ്ഞ് അകത്തേക്ക് വിരൽ ചൂണ്ടി.

ഹ്മ്മ്.... പപ്പായി കണ്ടോളാം കേട്ടോ, എന്റെ ചക്കരകുട്ടിയ്ക്ക് പപ്പായി ചോക്ലേറ്റ് കൊണ്ട് വന്നിട്ടുണ്ട്. ദ നോക്കിയേ....

അവൻ തന്റെ കൈൽയിഇരുന്ന 
കവർ പാക്കറ്റ് ആ കുട്ടിയേ ഏൽപ്പിച്ചു..

പല ഭാവങ്ങൾ വിരിയുകയാണ് അവളുടെ മുഖത്ത് എന്ന് കല്ലുവിന് തോന്നി.ഒപ്പം ഒരായിരം സംശയങ്ങളും..


കല്ലു.... ഇങ്ങനെ നിൽക്കാതെ കേറി വാടി പെണ്ണേ അകത്തേക്ക്.

പാറു വന്നു കൈയിൽ പിടിച്ചതും കല്ലു അവളെ സൂക്ഷിച്ചു നോക്കി.

ഹോ... ഇങ്ങനെ നോക്കി പേടിപ്പിക്കാതെ കുഞ്ഞേ, കേറി വാ ഇങ്ങോട്ട്.

തെല്ലു അധികാരത്തോട് കൂടി അവളുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട്, പാറു അകത്തേക്ക് നടന്നു.

അറിയാതെ തന്റെ മിഴികൾ അർജുൻ സാറ് കിടന്നിരുന്ന ഭാഗത്തേക്ക്‌ പോകുന്നത് ഒട്ടൊരു വല്ലായ്മയോടെ കല്ലു അറിഞ്ഞു..
മനസിനെ ശാന്തമാക്കി കൊണ്ട് അവൾ പതിയെ ഒന്ന് നെടുവീർപ്പെട്ടു..

അവന്റെ സാമിപ്യം, ആ തലോടൽ... അവന്റെ ഗന്ധം... എല്ലാം നിറഞ്ഞു നിൽക്കും പോലെ കല്ലുവിന് തോന്നിപ്പോയി..മനസിനെ ത്വരിത 
പ്പെടുത്തി കൊണ്ട് കല്ലു പതിയെ ഉള്ളിലേക്ക് പ്രവേശിച്ചു.


ഇളം മഞ്ഞ നിറം ഉള്ള ഒരു കോട്ടൺ ചുരിദാർ ഇട്ടു കൊണ്ട് മെലിഞ്ഞു വെളുത്ത ഒരു സുന്ദരി അകത്തെ സ്വീകരണ മുറിയിൽ നിൽക്കുന്നത് കണ്ടതും കല്ലുവിന്റെ നെറ്റി ചുളിഞ്ഞു..

ഒറ്റ നോട്ടത്തിൽ അറിയാം ആളൊരു നോർത്ത് ഇന്ത്യൻ ആണെന്ന് ഉള്ളത്.

ഇത് ആരാണ്....

ഒപ്പം..... അമ്മ....... എന്ന് ആ കുട്ടി ചൂണ്ടി പറഞ്ഞത് കൂടി അവൾ ഓർത്തു.

കല്ലുവിനെ മുഖം ഉയർത്തി നോക്കിയതും ആ പെൺകുട്ടിയുടെ മിഴികളിൽ ഒരു നീർ തിളക്കം പോലെ


പപ്പായി... ദേ അമ്മ...

ശിവന്റെ കൈയിൽ ഇരുന്ന് കൊണ്ട് വീണ്ടും കുഞ്ഞ് ശബ്ദം ഉണ്ടാക്കി.


ഓടി ചെന്ന് ശിവന്റെ നെഞ്ചിലേക്ക് വീണു പൊട്ടി കരയുകയാണ് ആ പെൺകുട്ടി അപ്പോള്.

ഹിന്ദിയിൽ ആണ് സംസാരം..

കരഞ്ഞു നിലവിളിച്ചു കൊണ്ട് എന്തൊക്കെയോ പറഞ്ഞു അയാളുടെ നെഞ്ചിൽ മുഖം ഉരുട്ടുന്നവളെ കാണും തോറും ഉള്ളിന്റെ ഉള്ളിൽ പല തോന്നലുകൾ മൊട്ടിട്ടു.... എങ്കിലും യാതൊന്നും അവൾക്ക് മനസിലായില്ല എന്നത് വേറെരു സത്യവും ആയിരുന്നു.


കരച്ചില് മതിയാക്കി നീ ഇവിടെ വന്നു ഇരിയ്ക്കു പെണ്ണേ... ഞാൻ ഇങ്ങു വന്നില്ലേ..... ഇനി എന്തിനാ ഈ വിഷമം...


ശിവൻ അവളെ തന്റെ ദേഹത്തേയ്ക്ക് അണച്ചു കൊണ്ട് അവളോട് ചോദിച്ചു.

"പാറുസെ.... ഞങ്ങൾ ഒന്ന് പുറത്തു പോയിട്ട് വരാം കേട്ടോ, കാശി വരുമ്പോൾ ഈവെനിംഗ് ആവുല്ലോ അല്ലേ..."

ശിവൻ ചോദിച്ചതും പാറുചേച്ചി അയാളോട് എന്തൊക്കെയോ പറഞ്ഞു കൊണ്ട് നിൽപ്പുണ്ട്.

ഇരുവരും കൂടി കുഞ്ഞിനേയും ആയിട്ട് വേഗം പുറത്തേക്ക് പോകുവാൻ തുടങ്ങിയതും ഒരു നിമിഷം ഒന്ന് നിന്നെ എന്ന് പറഞ്ഞു കൊണ്ട് പാറു ചേച്ചി അവളുടെ അടുത്തേക്ക് വന്നു.


കല്ലു......


പാറു ചേച്ചി വിളിച്ചതും കല്ലു ഞെട്ടി പിടഞ്ഞു കൊണ്ട് തിരിഞ്ഞു.

അത് സഞ്ജന.... ആള് ഡൽഹിക്കാരിയാ, പിന്നെ ഇവള് ഈ നിൽക്കുന്ന ശിവന്റെ വൈഫ്‌ ആണ്,, ഇത് അവന്റെ മോളു കിങ്ങിണി.ശേഷം സ്‌ക്രീനിൽ അല്ലേ ശിവാ 


പാർവതി അത് പറയുമ്പോൾ ഒരു ഇളം കാറ്റ് വന്നു വീണ മീട്ടി പോകും പോലെയാണ് കല്ലുവിന് തോന്നിയത്.

ഹൃദയം സന്തോഷം കൊണ്ട് പെരുമ്പറ മുഴക്കുകയാണ്...... അകതാരിൽ നിറഞ്ഞ നൊമ്പരം  പറന്നു അകലും പോലെ......

ഈശ്വരാ..... താന്... താനിപ്പോൾ എന്താണ് കേട്ടെ,,,,, ശിവൻ വിവാഹം കഴിച്ചു, ഒരു കുട്ടിയും ഉണ്ടെന്നോ.....അപ്പോൾ അർജുൻ സാറ്.... സാറെവിടെ ആണ്.... ഒന്നറിയാൻ, ആ ശബ്ദം ഒന്ന് കേൾക്കാൻ,ആ നെഞ്ചകം നിലവിളിച്ചു...

കൂടുതൽ ഒക്കെ ആലോചിച്ചു തല പുണ്ണാക്കാൻ ഇഷ്ടം പോലെ സമയം ഉണ്ട്, തത്കാലം നീ ഇപ്പൊ കേറി വാ, എന്നിട്ട് എന്തെങ്കിലും കഴിയ്ക്ക്.... വിശക്കുന്നില്ലേ നിനക്ക്...

ചേച്ചിയുടെ ശബ്ദം.

ശരിയാണ്... വിശക്കുന്നു, വല്ലാതെ വിശക്കുന്നു, എവിടെയൊ മറഞ്ഞു കിടന്നിരുന്ന വിശപ്പ് മെല്ലെ തല പൊക്കി വന്നത് പോലെ അവൾക്ക് തോന്നി.

കുത്തരി ചോറിലേക്ക് പരിപ്പ് കറിയും, പപ്പടവും, മത്തൻ ഇല തോരനും കൂടി എടുത്തു തന്നത് ജാനകി ചേച്ചി ആയിരുന്നു.

വയറു നിറച്ചു വല്ലതും കഴിയ്ക്ക് മോളെ,, ഈ ഒരാഴ്ച കൊണ്ട് നീ അങ്ങട് മെലിഞ്ഞു കോലം കെട്ടു പോയല്ലോ.... കണ്ടാൽ പോലും തിരിച്ചു അറിഞ്ഞു കൂടായിരുന്നു.


അവരത് പറഞ്ഞതും കല്ലു ഒന്നും മിണ്ടാതെ ഇരുന്നു ഓരോ ഉരുളയും വേഗം ഉരുട്ടി കഴിച്ചു കൊണ്ടേ ഇരുന്നു..

അത് നോക്കി നിന്നിരുന്ന പാർവതി പോലും കരഞ്ഞു പോയിരിന്നു എന്നത് ആണ് സത്യം.

കൈ കഴുകി തുടച്ചു കൊണ്ട് കല്ലു വീണ്ടും അടുക്കളയിലേക്ക് പോകാൻ തുടങ്ങിയതും പാറു അവളുടെ തോളിൽ പിടിച്ചു.

നീ വാ, പറയട്ടെ..


അവളെയും കൂട്ടി പാറു തന്റെ മുറിയിലേക്ക് നടന്നു..

മുറിയിൽ എത്തിയതും കല്ലു അവളുടെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞു.


പെയ്യാൻ വെമ്പി നിൽക്കുക ആയിരുന്നു അവളുടെ മിഴികൾ എന്നുള്ളത് പാറുവിന് വ്യക്തമായിരുന്നു.

അതുകൊണ്ട് തന്നെ അവളുടെ സങ്കടം മുഴുവൻ കണ്ണീരിലൂടെ ഒഴുകി പോകട്ടെ എന്ന് പാറുവും ഓർത്തു...

നിമിഷങ്ങൾ പിന്നിട്ടു കൊണ്ട് ഇരുന്നു..


കല്ലു..... എടാ ഇത് എന്തൊരു ഇരിപ്പ പെണ്ണേ... ഒന്നെഴുന്നേറ്റ് വന്നേ...

പാറു പറഞ്ഞതും കല്ലു അവളുടെ തോളിൽ നിന്നും അടർന്നു മാറി..

ചേച്ചി.... അർജുൻ സാറ്.... സാറിപ്പോ എവിടെ ഉണ്ട്.....


അവളുടെ മുന്നിൽ ഇരുന്ന് കൊണ്ട്,കല്ലു ആദ്യം ചോദിച്ചത് അത് ആയിരുന്നു...

ദോ...... അവിടെ.... അതല്ലേ നിന്റെ അർജുൻ സാറ്...

പാറു വിരൽ ചൂണ്ടിയ വാതിലിന്റെ വശത്തേയ്ക്ക് നോക്കിയ കല്ലുവിന്റെ നെഞ്ചിടിപ്പ് പോലും നിന്നു പോകുന്ന അവസ്ഥ ആയിരുന്നു...


ഇരു കൈകളും മാറിൽ പിണച്ചു കൊണ്ട് അല്പം ചെരിഞ്ഞു, മുഖത്തിന്റെ ഒരു വശം ചുവരിൽ ചേർത്തു കൊണ്ട് നിൽക്കുകയാണ് അർജുൻ... ഒരു മന്തസ്മിതത്തോടെ...


കാറ്റു പോലെ പാഞ്ഞു ചെന്നു അവൾ അവന്റെ നെഞ്ചിലേക്ക് ചേക്കേറിയപ്പോൾ,അർജുന്നെ നോക്കി കൊണ്ട് പാറു ഒരു കണ്ണിറുക്കി കാണിച്ചു കൊണ്ട് മുറിയിൽ നിന്നും ഇറങ്ങി പോയിരിന്നു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story