കാശിനാഥൻ: ഭാഗം 79

രചന: മിത്ര വിന്ദ

ജാനകി ചേച്ചിയ്ക്ക് പോകാൻ ഉള്ള അനുവാദം കൊടുത്ത ശേഷം കാശി വീണ്ടും റൂമിലേക്ക് ചെന്നപ്പോൾ പാറു ലാപ് തുറന്ന് വെച്ച് എന്തോ കാര്യമായ പണിയിൽ ആയിരുന്നു.


കാശി അവളെ ശല്യം ചെയ്യാൻ ഒട്ട് പോയതും ഇല്ലാ..

കല്ലുവിന്റെ മുഖത്തേക്ക് പാറി വീണു കിടക്കുന്ന മുടിയിഴകൾ മെല്ലെ മാടി ഒതുക്കി വെയ്ക്കുയാണ് അർജുൻ.

അവനോട് ചേർന്ന് ഇരുന്നു കൊണ്ട് ആണ് തോളിൽ തല ചായ്ച്ചു വെച്ചപ്പോൾ, അവന്റെ ഒരു നോട്ടം, ഒരു തലോടൽ എല്ലാം അവൾക്ക് വല്ലാത്തൊരു സാന്ത്വനം പോലെ ആയിരുന്നു.

നീയ് ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് ഒരുപാട് ക്ഷീണിച്ചു പെണ്ണേ...
ശിവന്റെ അമ്മ നിന്നേ ഉപദ്രവിയ്ക്കുകയോ മറ്റൊ ചെയ്തോ 

ഹേയ് ഇല്ല സാറെ.....പിന്നെ അവരിൽ എന്തൊക്കെയോ കള്ളത്തരങ്ങൾ ഉള്ളത് പോലെ എനിക്ക് തോന്നി.


ഹ്മ്മ്..... ശിവൻ പാവമാ, പക്ഷെ അമ്മ ആണ് അവിടുത്തെ പ്രശ്നം, അവര് പറയുന്നതിന് അപ്പുറം അവന്റെ അച്ഛന് ഒട്ട് ഇല്ലാ താനും..

മ്മ്..... ശിവൻ എന്നോട് മോശമായി ഒന്നും പെരുമാറിയില്ല.... രാത്രി എപ്പോളെങ്കിലും വന്നു കിടക്കും.. നേരം വെളുക്കുമ്പോൾ ആയിരുന്നു ഞാൻ അറിയുന്നത് പോലും ആള് വന്നു എന്നുള്ളത്.

അവൻ ഇവിടെ കണ്മണിടെ ഒപ്പം ആണെന്നെ.... പാതിരാത്രി ആകുമ്പോൾ കാശി വഴക്ക് പറഞ്ഞു ആണ് അവിടേക്ക് ഓടിക്കുന്നത്....

"ഭാര്യയും കുഞ്ഞും ഉണ്ടായിട്ടും എന്തിനാണ് അയാൾ എന്നേ വിവാഹം കഴിച്ചത്,
എന്തിനായിരുന്നു സാറെ എല്ലാവരും കൂടി എന്നേ ഇങ്ങനെ ഒരു വേഷം കെട്ടിച്ചത്, അതിനു മാത്രം എന്ത് ദ്രോഹം ആണ് ഞാൻ എല്ലാവരോടും ചെയ്തത്.

അത് ചോദിക്കുകയും അവളുടെ മിഴികൾ വീണ്ടും വീണ്ടും നിറഞ്ഞു തൂവി.

"സഞ്ചന ഒരു നോർത്ത് ഇന്ത്യൻ പെൺകുട്ടി ആണ്.. അവളും ശിവനും ഒരുമിച്ചു ആയിരുന്നു പഠിച്ചത്, അന്ന് മുതൽക്കേ രണ്ടാളും തമ്മിൽ ഇഷ്ടം ആയി,പഠനം ഒക്കെ കഴിഞ്ഞു ഒരുമിച്ചു ജോലിയും കിട്ടി,പിന്നെ ഇരുവർക്കും കാണാനും മിണ്ടാനും സൗകര്യം ആയിരുന്നു,ഒടുവിൽ പ്രേമം അസ്ഥിയ്ക്ക് പിടിച്ചു കഴിഞ്ഞപ്പോൾ എങ്ങനെ ഒക്കെയോ അവളുടെ വീട്ടുകാര് അറിഞ്ഞു, ഭയങ്കര ഉടക്ക്, ബഹളം.....അവൾക്ക് ആണെങ്കിൽ രണ്ടു ചേട്ടന്മാർ ഉണ്ടായിരുന്നു, അവന്മാര് ശിവനെ കണ്ടു പിടിച്ചു പൊതിരെ കൊടുത്തു.....യാതൊരു നിവർത്തിയും ഇല്ലാതെ വന്നപ്പോൾ അവൻ എങ്ങനെ ഒക്കെയോ അവളെയും കൂട്ടി നാട് വിട്ടു...എന്നിട്ട് വേറെ ഏതോ കമ്പനിയിൽ ജോലി കണ്ടു പിടിച്ചു അവിടെ ജീവിച്ചു പോന്നു.. ഇവിടെ നാട്ടിൽ ഇവന് കല്യാണം ആലോചിച്ചപ്പോൾ അവൻ ഉടക്കി.. ഒരു പെൺകുട്ടിയെ അവനു ഇഷ്ടമാണെന്നും അവളെ മാത്രമേ വിവാഹം കഴിക്കുമെന്നും അവൻ വീട്ടുകാരെ അറിയിച്ചു, പെൺകുട്ടിയുടെ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കിയശേഷം സരസ്വതി ഭയങ്കര വഴക്കായിരുന്നു. അവൾക്ക് സ്വത്തില്ല, പണമില്ല,സ്റ്റാറ്റസ് പോര എന്നു പറഞ്ഞു സ്ഥിരം അവര് ശിവനെ വിളിച്ച്  ഉടക്കി.. അപ്പന്റെയും അമ്മയുടെയും ഇഷ്ടപ്രകാരം ഉള്ള പെണ്ണിനെ മാത്രമേ വിവാഹം കഴിക്കാൻ പറ്റൂ എന്ന് ശിവനോട് അവർ തീർത്തു പറഞ്ഞു. ശിവൻ അത് സമ്മതിച്ചു കൊടുത്തില്ല, തന്റെ ജീവിതത്തിൽ ഒരു പെൺകുട്ടി ഉണ്ടെങ്കിൽ അത് സഞ്ചന മാത്രമായിരിക്കും എന്ന് അവനും തീർത്തു പറഞ്ഞു. അങ്ങനെ പിന്നീട് അവനും വീട്ടുകാരും തമ്മിലുള്ള വഴക്ക് മൂർച്ഛിച്ചു വന്നു. ഒടുവിൽ ശിവൻ സഞ്ജനയെ രജിസ്റ്റർ ചെയ്തു. വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നതും സരസ്വതി അമ്മ ചൂലും എടുത്തായിരുന്നു ഉമ്മറത്തു നിന്നത്.  ഹോ... ആകെ കൂടി ബഹളം...അവസാനം അവൻ തിരിച്ച് അവളെയും കൂട്ടി വന്നത് പോലെ തിരികെ പോകുകയും ചെയ്തു..

പിന്നീട് രണ്ടു വർഷത്തോളം ശിവൻ നാട്ടിലേക്ക് വന്നില്ല.  അങ്ങനെയിരിക്കെ ശിവന്റെ അച്ഛന്, എന്തൊക്കെയോ അസുഖങ്ങൾ വന്ന്, ഒന്ന് രണ്ട് സർജറി ഒക്കെ വേണ്ടിവന്നു,  ആ സമയത്തു അച്ഛന് മകനെ കാണുവാൻ ഒരു ആഗ്രഹം.  അത് അയാൾ സരസ്വതി അമ്മയെ അറിയിച്ചു.  അപ്പോൾ അവിടെ കാശിനാഥനും മൂർത്തി അങ്കിളും ഒക്കെ ഉണ്ടായിരുന്നു.കാശിയാണ് ശരിക്കും ശിവനോട്, അച്ഛനെ ഒന്നു വന്നു കണ്ടിട്ട് പോകുവാൻ ആവശ്യപ്പെട്ടത്. ശിവൻ അങ്ങനെ നാട്ടിലെത്തിയതും,  അവന്റെ അച്ഛന്റെ അസുഖം കൂടി, പിന്നെയും കുറച്ചു നാൾ ഹോസ്പിറ്റലിൽ ഒക്കെ ആയിരുന്നു.. ആ സമയത്ത് അവനു ഇവിടെ നിന്നും തിരികെ മടങ്ങി പോകുവാൻ പറ്റാത്ത അവസ്ഥ ആയി.. ഏകദേശം 6മാസം അവൻ ഇവിടെ ഉണ്ടായിരുന്നു.ആ നേരത്ത് ആണ്, സരസ്വതിയമ്മ കാശിയ്ടെ അമ്മയെയും കൂട്ടി ഒരു ജ്യോതിഷനെ കാണാൻ പോകുന്നത്, അയാളോട് മകന്റെ വിവരങ്ങൾ പറഞ്ഞു പ്രശ്നം വെച്ചപ്പോൾ അറിഞ്ഞു ശിവന്റെ ജാതകത്തിൽ അവന് മൂന്ന് വിവാഹത്തിന് യോഗം ഉണ്ടെന്നും, മൂന്നാം വിവാഹം മാത്രമേ വാഴുവൊള്ളൂ എന്ന്... അപ്പോൾ സുഗന്ധി ആന്റിയുടെ കുബുദ്ധിയിൽ തെളിഞ്ഞതായിരുന്നു, നിന്നെക്കൊണ്ട് ശിവനെ വിവാഹം രണ്ടാമത് കഴിപ്പിക്കാമെന്ന്, നിന്നെ നേരത്തെ തന്നെ സുഗന്ധി കണ്ടിട്ടുണ്ടല്ലോ, അങ്ങനെ നീയുമായിട്ട് വിവാഹം കഴിച്ച ശേഷം  ഒരു വർഷം ഒരുമിച്ച് താമസിച്ചിട്ട്, ബന്ധം ഉപേക്ഷിപ്പിച്ചു ഏതെങ്കിലും അവർക്ക് ചേർന്ന ഒരു കുടുംബത്തിൽ നിന്നും പെൺകുട്ടിയെ കണ്ടു പിടിച്ച്  ശിവനെ കൊണ്ട് വിവാഹം കഴിപ്പിക്കുക എന്നുള്ളത്."

അതുകേട്ടതും കല്ലു ഞെട്ടിത്തിരിഞ്ഞ് അർജുന്റെ മുഖത്തേക്ക് നോക്കി.

സാർ... പക്ഷെ, കാശിയേട്ടന്റെ അമ്മയ്ക്ക് ഈ കാര്യങ്ങൾ ഒന്നും അറിവില്ലായിരുന്നു. അന്ന് അവരുടെ തറവാട്ടിൽ വച്ചാണ് കാശി ഏട്ടന്റെ അമ്മ, എന്നെ അവർക്ക് മുൻപേ പരിചയമുണ്ട് എന്നുള്ളത് വ്യക്തമാക്കിയത്..

അതൊക്കെ അവരുടെ നാടകമാണ് കല്ലൂ.. എങ്ങനെയെങ്കിലും ഒരു വർഷത്തോളം നിന്നെ അവിടെ തളച്ചിടുക എന്നതായിരുന്നു അവരുടെ ഉദ്ദേശം. ഏതെങ്കിലും കാരണവശാൽ ശിവൻ, നിന്നോട് അവന്റെ ഭാര്യയെയും കുഞ്ഞിനെയും കുറിച്ച് പറഞ്ഞാൽ നീ അവിടം വിട്ടു പോകരുതെന്ന് ഉള്ളത് , അവർക്ക് നിർബന്ധമായിരുന്നു. അതിനുവേണ്ടിയാണ് നമ്മൾ തമ്മിലുള്ള റിലേഷനെ കുറിച്ച് അപ്പോൾ അവര് സംസാരിച്ചത്.


എന്റെ ഭഗവാനെ.......


..ശിവന്റെ അമ്മയും അച്ഛനും യാതൊരു കാരണവശാലും സഞ്ചനയെയും കുട്ടിയേയും സ്വീകരിക്കാൻ ഒരുക്കമല്ലയിരുന്നു.. പല തവണ അവൻ അവരെയും കൂട്ടി ആ വീടിന്റെ പടികൾ കയറി ഇറങ്ങിയത് ആണ്,പക്ഷെ ആ സരസ്വതി സമ്മതിക്കുന്നില്ല,കുഞ്ഞിന്റെ മുഖം പോലും കാണണ്ട എന്ന് പറഞ്ഞു അവര് അവനെ ആട്ടി പ്പായിച്ചു."

"അത്രയ്ക്ക് നട്ടെല്ലിത്താവൻ എന്തിനാണ് പിന്നെ പ്രണയിക്കാൻ ഇറങ്ങി തിരിച്ചത്... ആ പെണ്ണിനെ വിളിച്ചു കൊണ്ട് പോകാൻ മേലായിരുന്നോ .."

അവൾക്ക് ആണെങ്കിൽ ദേഷ്യം വന്നു...

ഈ വിവാഹം പോലും നടത്തുവാൻ ശിവൻ ഒരുക്കമല്ലായിരുന്നു, കാരണം അവൻ,  സഞ്ജനയും കുഞ്ഞിനെയും കൂട്ടി എവിടെയെങ്കിലും പോകത്തെ ഉള്ളൂ എന്ന് കാശിയോട് അറിയിച്ചു.. അതിനേക്കാളൊക്കെ ഉപരി നിന്റെ അമ്മയോടും അമ്മാവനോടും ഈ കാര്യങ്ങളൊക്കെ ,പറഞ്ഞു മനസ്സിലാക്കിച്ചതാണ് ഞാനും കാശിയും പാറുവും ഒക്കെ.. പക്ഷെ അവർക്ക് അത് ഒന്നും കേൾക്കാൻ പോലും താല്പര്യം ഇല്ലാ...കെട്ടിക്കുകയാണെങ്കിൽ അത് ശേഖരൻ മുതലാളിയുടെ മകനെ കൊണ്ട് മാത്രം എന്ന് നിന്റെ അമ്മ അടിവരയിട്ട് പറഞ്ഞു. പിന്നെ ഒടുവിൽ കാശിയും ഞാനും കൂടി ആണ് ശിവനോട് നിന്നെ വിവാഹ ചെയ്യാൻ ആവശ്യപ്പെട്ടത്.അല്ലാതെ വേറെ ഒരു മാർഗവും ഞങ്ങളുടെ മുന്നിൽ ഇല്ലായിരുന്നു.

ഇങ്ങനെ ഒരു വേഷം കെട്ടിയില്ലായിരുന്നു എങ്കിൽ നീ ഒരിക്കലും അർജുന്റെ പാതി ആവില്ല പെണ്ണേ..... ശിവൻ അല്ലെങ്കിൽ വേറെ ആർക്ക് എങ്കിലും നിന്റെ അമ്മ നിന്നെ പിടിച്ചു കൊടുത്തെങ്കിൽ ഒരു പക്ഷെ നിന്നെ എനിക്ക് നഷ്ടമായനെ...

"പക്ഷെ സാറെ,,,,  ശിവൻ വേറെ ഏതോ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചിരുന്നുവെന്നും അവള് ഒരാഴ്ച നിന്നിട്ട് ശിവനെ ഇട്ടിട്ടു പോയി എന്നൊക്കെയാണ് അവിടെ ജോലിക്ക് നിന്ന് ചേച്ചി എന്നോട് പറഞ്ഞത്."

" അത് സഞ്ജനയെക്കുറിച്ച് എന്തൊക്കെയോ ചെറിയ അറിവുകൾ അവർക്ക് കിട്ടിക്കാണും, അങ്ങനെ പറഞ്ഞുണ്ടാക്കിയതാണ്,  അല്ലാതെ ശിവൻ ആരെയും വിവാഹം കഴിച്ചില്ല..... "

"എന്നാലും... എന്നാലും എന്റെ അമ്മ.... അങ്ങനെ ഒക്കെ..."


"രണ്ട് ഏക്കർ തെങ്ങിൻ പുരയിടവും,, നിലവും ഒപ്പം ഒരു രണ്ടുനില വീട്, അനുജത്തിമാരുടെ പഠിപ്പും വിവാഹവും, നിലവിലുള്ള കടബാധ്യതകൾ ഒക്കെ തീർത്തു കൊടുക്കും...." അങ്ങനെ ആനുകൂല്യങ്ങൾ ഏറെ സരസ്വതി അമ്മ മുന്നോട്ടുവച്ചതും നിന്റെ അമ്മ അതിൽ മൂക്കും കുത്തി വീണുപോയി അതിന് ഞാനെന്തു പറയാനാണ് കല്ലു....

എന്നാലും.......

ഒരേന്നാലും ഇല്ല..... എന്റെ ശ്വാസം നിലയ്ക്കും വരെയും നിന്റെ ഒപ്പം ഈ അർജുൻ ഉണ്ട്..... അത് പോരേ.......

അവളെ തന്നിലേയ്ക്ക് ചേർത്തു കൊണ്ട് അർജുൻ പറഞ്ഞു നിറുത്തി.


***


കാശി ഏട്ടാ...... ആ ജാനകി ആന്റിയെ കല്ലുവിന്റെ വീട്ടിൽ പറഞ്ഞു വിട്ടിട്ട് , അവര് ചെന്ന് എന്തോ ചെയ്യാനാണ്...

ലാപ് മടക്കി വെച്ച ശേഷം പാറു അടുത്തിരുന്ന കാശിയുടെ മുഖത്തേക്ക് നോക്കി.


ഹ്മ്മ്......... അതൊക്കെ ഉണ്ട് മോളെ...... കണ്ടൊ നീയ്.....


പറ കാശിയേട്ടാ..... എന്താണ് ഈ മനസ്സിൽ ഉള്ളത് എന്ന് ഞാനും കൂടി അറിയട്ടെ....

അവൾ എഴുന്നേറ്റു വന്നു അവന്റെ അടുത്തേക്ക് ഇരുന്നു കൊണ്ട് ആ നെഞ്ചിൽ ഒന്ന് കുത്തി.


ആ പാവം കൊച്ചിനെ വിഷമിപ്പിച്ച അവളുടെ തള്ളയില്ലേ... അവർക്കിട്ട് ഒരു പണി കൊടുക്കണം... അത്രമാത്രം..
പറഞ്ഞു കൊണ്ട് അവൻ പാറുവിനെ വലിച്ചെടുത്തു തന്റെ മടിയിലേക്ക് ഇട്ടു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story