കാവ്യമയൂരം: ഭാഗം 2

kavyamayooram

രചന: അഭിരാമി ആമി

" ഏഹ് ഇയാളിതെന്ത് തേങ്ങയാ ഈ പറയുന്നേ... ഇയാൾടെ പറച്ചിൽ കേട്ടാൽ തോന്നുമല്ലോ ലോകത്തുള്ള ഐഎഎസ് കാരാരും സമയമില്ലാത്തോണ്ട് കല്യാണം കഴിക്കുന്നില്ലെന്ന്. " അന്തംവിട്ട് നിന്നുകൊണ്ട് ആത്മഗതിച്ചതാണെങ്കിലും അവനത് വ്യക്തമായി കേട്ടുവെന്ന് അവന്റെ നോട്ടം വ്യക്തമാക്കിയിരുന്നു. " എന്താ പറഞ്ഞത് ?? " അവന്റെ ചോദ്യം കേട്ട് അവളൊന്ന് ഞെട്ടി. " ആഹ്... അത്... അതുപിന്നെ ഒന്നുല്ല ഞാൻ വേറെന്തൊ... " അവൾ പെട്ടന്നെങ്ങനെയൊ പറഞ്ഞൊപ്പിച്ചു. " മ്മ്ഹ് ഞാൻ പറഞ്ഞതൊന്നും മറക്കണ്ട. വരട്ടേ... " ( എങ്ങോട്ട് വരട്ടേന്ന് ഇയാളിതെന്തോന്ന് റേഡിയോ കളിക്കുവാണോ ?? ) " ആഹ് അതേ ഒരു സംശയം... " പറഞ്ഞിട്ട് അകത്തേക്ക് പോകാൻ തിരിഞ്ഞ അവനെ പിന്നിൽ നിന്നും വിളിച്ചുകൊണ്ട് അവൾ പറഞ്ഞു. " എന്താ ?? " ഗൗരവമൊട്ടും ചോരാതെ തന്നെ തിരിഞ്ഞുവന്നുകൊണ്ട് സിദ്ധു ചോദിച്ചു.

" അല്ല കല്യാണം മുടക്കണമെന്ന് പറഞ്ഞല്ലോ ... " " മ്മ്ഹ് അതിന് ?? " " അല്ല അതിന് ഞാനിപ്പോ എന്ത് കാരണമാ പറയുന്നേ?? " " എന്നേ ഇഷ്ടമായില്ലെന്ന് പറഞ്ഞേക്ക്. " " അതിന് എനിക്കിഷ്ടമായല്ലോ.... " " വാട്ട്‌ !!!!!!!!!! " നിഷ്കളങ്ക ഭാവത്തിൽ അവൾ പറഞ്ഞത് കേട്ട് അവനലറി. പക്ഷേ അപ്പോഴും അവളിലൊരു കൂസലുമില്ലായിരുന്നു. " കേട്ടില്ലായിരുന്നോ ?? അതായത് ഇയാളെ എനിക്ക് ഇഷ്ടമായി പിന്നെങ്ങനെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് കല്യാണം മുടക്കുമെന്ന് ?? " ഒരു ചളിപ്പുമില്ലാതെ നിന്നുകൊണ്ട് അവൾ പറഞ്ഞത് കേട്ട് അവന്റെ ദേഷ്യം ഉച്ചസ്ഥായിയിൽ എത്തിയിരുന്നു " യൂ.... " " എന്തിനാ കണ്ണാ നീയിങ്ങനെ കിടന്നലറുന്നത് അവരൊക്കെ കേട്ടാൽ എന്ത് കരുതും ?? " പെട്ടന്നങ്ങോട്ട്‌ വന്ന അരുന്ധതിയുടെ ശബ്ദം കേട്ടതും പറയാൻ വന്നത് വിഴുങ്ങി അവനവിടെ നിന്നും മാറി നിന്നു. ചാരു ഒരു പുഞ്ചിരിയോടെ അരുന്ധതിയേ നോക്കി നിന്നു.

" മോൾക്കൊന്നും തോന്നരുത് അവന് ദേഷ്യവും എടുത്തുചാട്ടവുമല്പം കൂടുതലാണ്. പക്ഷേ ആള് പാവാ ഈ ചാടിക്കടിയൊക്കെയേ ഉള്ളു. അതുപോട്ടെ എന്തായിരുന്നു സംസാരം ??? " " ഏയ് ഒന്നുല്ലമ്മേ ഞങ്ങൾ വെറുതെ... " അവരൊന്നുമറിയേണ്ടെന്ന് കരുതി അവൾ പറഞ്ഞു. " മോളൊളിക്കുവൊന്നും വേണ്ട അവനെന്റെ മോനല്ലേ എനിക്കറിയാം അവനെന്താകും മോളോട് പറഞ്ഞിട്ടുണ്ടാവുക എന്ന്. " അപ്പോഴും അവളൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. " ഇതവന്റെ ഏഴാമത്തേ പെണ്ണുകാണലാണ്. ബാക്കിയെല്ലാം ഒരോ കാരണം പറഞ്ഞവനുഴപ്പി. അവന് ജോലിയും ഓഫീസും ഒക്കെയാണ് മുഖ്യം. പക്ഷേ മോള് പേടിക്കണ്ട വേറെ പ്രശ്നമൊന്നുമില്ല ഈ കാര്യത്തിൽ അവന് സത്യം പറഞ്ഞാൽ ഒരു സാമാന്യ ബോധമില്ല. കല്യാണം കഴിഞ്ഞാൽ ജോലി തടസ്സപ്പെടുമെന്നൊക്കെയാ എന്റെ സൽപുത്രന്റെ വിചാരം. പക്ഷേ മോളതൊന്നും കാര്യമാക്കരുത്. വിവാഹം കഴിയുമ്പോൾ അവന്റെ ധാരണയൊക്കെ തെറ്റായിരുന്നെന്ന് അവൻ തന്നെ മനസിലാക്കും.

അതുകൊണ്ട് അവന്റെ മണ്ടത്തരം കേട്ട് മോളീ ബന്ധത്തിൽ നിന്നും പിന്മാറരുത്. അമ്മ മോളെ അത്രക്കങ്ങാഗ്രഹിച്ചുപോയി. ഫോട്ടോ കണ്ടപ്പോൾ മുതൽ ഞാൻ സ്വപ്നം കണ്ട് തുടങ്ങിയതാണ് എന്റെ മോന്റെ വധുവായി മോളെ... " ആർദ്രമായുള്ള ആ അമ്മയുടെ വാക്കുകൾ കേട്ട് എന്ത് മറുപടി പറയണം എന്നറിയാതെ അവൾ നിന്നു. " മോളെന്താ ഒന്നും മിണ്ടാത്തത് ?? " " ഞാനെന്താ അമ്മേ പറയുക എന്റെ സമ്മതം കൊണ്ട് മാത്രം ഈ വിവാഹം നടക്കില്ലല്ലോ. അമ്മയുടെ മോൻ എന്നേ വേണ്ടെന്ന് പറഞ്ഞാൽ പിന്നെ ഞാനെന്ത് ചെയ്യാൻ ??? " അവളത് പറഞ്ഞതും അരുന്ധതിയവളെ ചേർത്ത് പിടിച്ചു. " ഇതുമാത്രം കേട്ടാൽ മതി അമ്മയ്ക്ക്. ബാക്കിയൊക്കെ അമ്മ നോക്കിക്കോളാം. അപ്പോ എന്റെ പൊന്നുമൊളൊരുങ്ങിക്കോ എന്റെ കണ്ണന്റെ പാതിയായി ദേവരാഗത്തിന്റെ മരുമകളാകാൻ. " അവളുടെ നെറുകയിൽ ചുംബിച്ചുകൊണ്ട് അരുന്ധതി പറഞ്ഞു. ചാരുവിന്റെ കൈകളും അവരെ പുണർന്നു.

" എന്നാ നിങ്ങള് സംസാരിക്ക് അമ്മയങ്ങോട്ട് ചെല്ലട്ടെ.... " അവളുടെ കവിളിൽ തട്ടി പറഞ്ഞിട്ട് അരുന്ധതി അകത്തേക്ക് പോയതും അല്പം മാറി നിന്നിരുന്ന സിദ്ധു അവളുടെ അരികിലേക്ക് വന്നു. " അമ്മയെന്താ പറഞ്ഞത് ?? " അരുന്ധതി പോയ വഴിയിലേക്കും അവളുടെ മുഖത്തേക്കും മാറിമാറി നോക്കിക്കൊണ്ട് അവൻ ചോദിച്ചു. " അതോ ഈ പൂച്ചക്കണ്ണന്റെ വധുവാകാൻ ഒരുങ്ങിക്കോളാൻ... " മുഖത്തും വാക്കുകളിലും ആവുന്നത്ര നാണം കലർത്തിക്കൊണ്ട് അവൾ പറഞ്ഞു. അത് കണ്ടതും ദേഷ്യം കൊണ്ടവന്റെ മുഖം വലിഞ്ഞുമുറുകി. " എന്നിട്ട് നീയെന്ത് പറഞ്ഞു ?? " " എന്ത് പറയാൻ ഞാൻ ഇന്നലേ ഒരുങ്ങിയെന്ന് പറഞ്ഞു. " " ഉവ്വാ അത് നീ മാത്രമങ്ങ് തീരുമാനിച്ചാൽ മതിയോ ?? ആ വെള്ളമങ്ങ് വാങ്ങിയേക്ക് മോളെ ഇപ്പോഴേ... " " എന്താ കണ്ണേട്ടാ കൊച്ചുപിള്ളേരെപ്പോലെ.... കണ്ണേട്ടനമ്മേ പേടിയാണെന്ന് ഇത്രയും സമയം കൊണ്ട് തന്നെ എനിക്ക് മനസിലായി. ആ അമ്മ തന്നെയാ എനിക്കുറപ്പ് തന്നത് പിന്നെ ഞാനെന്തിനാ വെള്ളം വാങ്ങുന്നെ ?? " കുറുമ്പോടവനെ നോക്കി പറഞ്ഞുകൊണ്ട് അവൾ ചിരിച്ചു.

" ഡീ നീ ഞാൻ പറയുന്നതങ്ങോട്ട് കേട്ടാൽ മതി... " " ശോ ഈ കണ്ണേട്ടന്റെ ഒരു കാര്യം കല്യാണം കഴിഞ്ഞില്ല അതിന് മുൻപേ തുടങ്ങി... ഈ വിവാഹത്തിൽ നിന്നും പിന്മാറണമെന്ന് നിങ്ങൾ പറയും വരെ എനിക്കിതിൽ യാതൊരു വിധ താല്പര്യവുമില്ലായിരുന്നു. പക്ഷേ ഇപ്പൊ എനിക്കിത് വാശിയാ. ഈ ചാരുന്റെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ അത് നിങ്ങടെ കൈകൊണ്ട് തന്നെയായിരിക്കും. " നാണത്തോടെ പറഞ്ഞുതുടങ്ങിയത് ഒരു വെല്ലുവിളി പോലെ പറഞ്ഞവസാനിപ്പിച്ച അവളെയവൻ അമ്പരന്ന് നോക്കി നിന്നു. " പോട്ടേ കണ്ണേട്ടാ... ഇനിയും നമ്മളിവിടിങ്ങനെ നിന്നാൽ അവരൊക്കെ തെറ്റിദ്ധരിക്കും... " പറഞ്ഞിട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ അകത്തെക്കൊടി. " ഡാമിറ്റ്.... " അവൾ പോയ വഴി നോക്കി നിന്ന് അവൻ നിലത്താഞ്ഞ് ചവിട്ടി. പിന്നെയും കുറച്ചുസമയം കൂടി കഴിഞ്ഞപ്പോൾ അവർ തിരികെ പോകാനിറങ്ങി. പോകാൻ സമയം എല്ലാരോടും യാത്രപറഞ്ഞിട്ട് ചരുവിന്റെ കവിളിൽ സ്നേഹത്തോടെ ചുംബിച്ചിട്ടായിരുന്നു അരുന്ധതി കാറിലേക്ക് കയറിയത്. 💞💞💞💞💞💞💞💞💞💞💞💞💞💞💞

" കണ്ണാ നീയൊന്നും പറഞ്ഞില്ലല്ലോ ??? " രാത്രി എല്ലാവരുമൊപ്പമിരുന്ന് അത്താഴം കഴിക്കുന്നതിനിടയിൽ സിദ്ധുവിനോടായി നരേന്ദ്രൻ ചോദിച്ചു. " ഏഹ് എന്താച്ഛാ ?? " കയ്യിലിരുന്ന ഫോൺ മാറ്റിവച്ചയാളെ നോക്കി അവൻ ചോദിച്ചു. " ഇന്ന് കണ്ട കുട്ടിയേപ്പറ്റിയാ ചോദിച്ചത്. ഇഷ്ടായോ നിനക്കവളെ??? " " ഓഹ് അതാണോ... ഇഷ്ടപ്പെടാൻ പറ്റിയൊരു മുതല്... അതിനവളൊക്കെ ഒരു പെണ്ണാണോ ??? " അല്പം ദേഷ്യത്തിൽ തന്നെ അവൻ ചോദിച്ചു. അത് കേട്ട് നരേന്ദ്രൻ പതിയെ ഒന്ന് ചിരിച്ചു. " കണ്ടിട്ട് അവൾ പെണ്ണ് തന്നെയാണെന്നാ ഞങ്ങൾക്കൊക്കെ തോന്നിയത് " പ്ലേറ്റിൽ നിന്നും മുഖമുയർത്താതെ ഇരുന്നുകൊണ്ട് സഞ്ജയ് പറഞ്ഞു. അത് കേട്ടതും എല്ലാവരും ഒരുപോലെ ചിരിച്ചു. സിദ്ധുവിന്റെ മുഖം മാത്രം വീർത്തുകെട്ടിത്തന്നെയിരുന്നു. " നീ എന്തിനാ സിദ്ധു ഇങ്ങനെ മോന്തേം വീർപ്പിച്ചിരിക്കുന്നേ അവൾ നല്ല കുട്ടിയല്ലേ ?? ഞങ്ങൾക്കൊക്കെ ഇഷ്ടമായി... " " ഏട്ടത്തീ.... " ഭർത്താവിനെ പിന്തുണച്ചുകൊണ്ടുള്ള മൃദുലയുടെ വാക്കുകൾ കൂടി കേട്ടപ്പോൾ അവൻ വീണ്ടും ഒച്ചവച്ചു. "

കാണാൻ മാത്രം കുറച്ച് ചന്തമുണ്ടായാൽ പോരല്ലോ... സ്വഭാവം കൂടി നന്നാവണ്ടേ. " " കണ്ണാ.... എന്ത് തോന്ന്യാസാ നീയീ പറയുന്നേ അവളുടെ സ്വഭാവത്തിനെന്താ നീ കണ്ട കുറവ് ??? " അതുവരെ മിണ്ടാതിരുന്നിരുന്ന അരുന്ധതിക്കപ്പോൾ ശരിക്കും ദേഷ്യം വന്നിരുന്നു. " ഓഹ് ഒരു കുറവുമില്ല കൂടുതലേ ഉള്ളു. ഒരുമുഴം നാക്ക്... " പിറുപിറുത്തുകൊണ്ട് അവൻ വേഗത്തിൽ കഴിപ്പ് നിർത്തി എണീറ്റു. " നിക്കടാ അവിടെ..... കുറേയായി ഓരോ കാരണങ്ങൾ പറഞ്ഞ് വരുന്ന ആലോചനകളെല്ലാം നീ മുടക്കാൻ തുടങ്ങിയിട്ട്. ഇനിയത് നടക്കില്ല. ഞങ്ങളെല്ലാം തീരുമാനിച്ചുകഴിഞ്ഞു നീയവളുടെ കഴുത്തിൽ തന്നെ താലി കെട്ടും. ഇനി അത് നിനക്ക് പറ്റില്ല എങ്കിൽ നിനക്കിങ്ങനെയൊരമ്മയില്ലെന്ന് തന്നെ കരുതിക്കോ നീ... " സ്വന്തം അമ്മയുടെ ആ വാക്കുകൾ അവനെയൊന്ന് പിടിച്ചുലയ്ക്കുക തന്നെ ചെയ്തു. " ഇനി ഞാൻ കാരണം ആരും വിഷമിക്കണ്ട ഞാൻ അവളെ കെട്ടിയാൽ തീരുമല്ലോ എല്ലാരുടേം പ്രശ്നം. ഞാൻ കെട്ടിക്കോളാം പോരേ ... "

അവൻ വേറെ വഴിയില്ലാതെ സമ്മതിച്ചതാണെങ്കിലും എല്ലാവരുടെയും മുഖം സന്തോഷം കൊണ്ട് വിടർന്നു. പിന്നീടവിടെ നിൽക്കാതെ സിദ്ധു വേഗത്തിൽ സ്റ്റെപ് കയറി മുകളിലേക്ക് പോയി. " എന്റമ്മേ അമ്മയീ ഡയലോഗ് നേരത്തെ അടിച്ചിരുന്നെങ്കിൽ അവനെന്നേ കെട്ടിപ്പോയേനെ... " അരുന്ധതിയോടായി ശബ്ദമമർത്തിയുള്ള മൃദുവിന്റെ വർത്താനം കേട്ട് എല്ലാവരും ചിരിച്ചു. ഈ സമയം ഇരുപ്പുറയ്ക്കാത്തത് പോലെ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുവായിരുന്നു സിദ്ധു. " എന്റെ ദൈവമേ ഒരാവേശത്തിൽ കേറി കെട്ടിക്കോളാമെന്നും പറഞ്ഞു. ഇനി ജീവിതകാലം മുഴുവൻ ആ തലക്ക് വെളിവില്ലാത്തവളെ സഹിക്കണമല്ലോ ഞാൻ.... " അങ്ങനെ ഓരോന്നോർത്തുകൊണ്ട് അവൻ ബെഡിലേക്ക് കിടന്നു. ഈ സമയം ജനലോരമൊരു കസേരയിട്ടിരുന്നുകൊണ്ട് നിലാവിനെ നോക്കിയിരിക്കുകയായിരുന്നു ചാരു.

ആ നിലാവിന്റെ പ്രതിഫലനം പോലെ അവളുടെ മിഴികൾ തിളങ്ങിയിരുന്നു. " നിനക്കെന്താ ചാരു പറ്റിയേ ??? അങ്ങേര് നിന്നേ ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും ഒരുമാതിരി സീരിയൽ നായികമാരെപ്പോലെ നീയെന്തിനാ അയാളെത്തന്നെ വേണമെന്ന് വാശി പിടിക്കുന്നത് ?? ഒരു കാര്യവുമില്ലാതെ നിന്നേ വേണ്ടെന്ന് പറഞ്ഞതിലുള്ള വാശിയാണോ അതോ ആ പൂച്ചക്കണ്ണനോട്‌ നിനക്കിനി വേറെ എന്തെങ്കിലും.... അതേ എന്തോ ഉണ്ട്‌ അല്ലെങ്കിൽ അവന്റെ വർത്താനം കേട്ടപ്പോൾ നാല് ചീത്ത പറഞ്ഞ് പുച്ഛിച്ചുതള്ളാനുള്ളേന് ഒരു നാണോമില്ലാതെ ആ പൂച്ചക്കണ്ണിലോട്ട് നോക്കി നിൽക്കുമോ ?? അയ്യേ ഉള്ള വില മുഴുവൻ ആ കാട്ടാളന്റെ മുന്നിൽ നീ കളഞ്ഞല്ലോഡീ അലവലാതി... " അങ്ങനെയങ്ങനെ എന്തൊക്കെയോ അവൾ സ്വയം ചോദിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഒരു ചമ്മല് തോന്നിയ അവൾ ഇരുകൈകൾ കൊണ്ടും മുഖം പൊത്തി കസേരയിലേക്ക് ചാഞ്ഞിരുന്നു. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞

പിന്നീടെല്ലാം വളരെ വേഗത്തിൽ തന്നെ തീരുമാനമായി. ഒരുമാസത്തിന് ശേഷമുള്ള ശുഭമുഹൂർത്തത്തിൽ സിദ്ധുവും ചാരുവും തമ്മിലുള്ള മോതിരംമാറ്റം നടത്താൻ തീരുമാനവുമായി. അതോടെ ഇരുകുടുംബങ്ങളിലും സന്തോഷം നിറഞ്ഞുനിന്നു. സിദ്ധു മാത്രം ആകെ വട്ടുപിടിച്ച അവസ്ഥയിൽ ആയിരുന്നു. അങ്ങനെ കാത്തിരുപ്പുകൾക്ക് വിരാമം കുറിച്ചുകൊണ്ട് ആ ദിനം വന്നെത്തി. ഇന്നാണ് ചാരുവും അവളുടെ പൂച്ചക്കണ്ണനും തമ്മിലുള്ള നിശ്ചയം. ദേവരാഗം ഗ്രൂപ്പിന്റെ തന്നെ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ആഡംബരപൂർണമായ നിശ്ചയം നടന്നത്.. അവരവരുടെ അച്ഛൻമാർ എടുത്തുകൊടുത്ത മോതിരങ്ങൾ പരസ്പരം വിരലുകളിലണിയിക്കുമ്പോൾ ചാരുവിന്റെ മുഖത്ത് നിറഞ്ഞ പുഞ്ചിരിയായിരുന്നെങ്കിൽ പ്രത്യേക ഭാവഭേദങ്ങളൊന്നുമില്ലായിരുന്നു സിദ്ധുവിന്റെ മുഖത്ത്. തന്റെ വിരലിൽ മോതിരമണിയിച്ചവനെ പുഞ്ചിരിയോടെ നോക്കിയിരുന്ന അവളെയവൻ പുച്ഛിച്ചുതള്ളി. " കണ്ണാ നീയിതെങ്ങോട്ടാ ഈ ധൃതിവച്ചോടുന്നത് ?? "

ചടങ്ങുകളൊക്കെ കഴിഞ്ഞതും മുണ്ടിന്റെ ഒരു തുമ്പും കയ്യിൽ പിടിച്ച് മറുകയ്യിൽ ഫോണുമായി പുറത്തേക്ക് നടക്കുകയായിരുന്ന സിദ്ധുവിന്റെ പിന്നാലെ ഓടിവന്നുകൊണ്ടാണ് അരുന്ധതിയത് ചോദിച്ചത്. " ഇതെന്ത് ചോദ്യാ അമ്മേ എനിക്ക് ഓഫീസിൽ പോണ്ടേ ?? " " ഏഹ്... ഓഫീസിലോ ഇന്നോ ?? " അവന്റെ പറച്ചിൽ കേട്ടതും കണ്ണുമിഴിച്ചവനെ നോക്കി നിന്ന് ചോദിച്ചുപോയി അരുന്ധതി. " ആഹ് അതേ എനിക്ക് കുറച്ച് തിരക്കുണ്ട്. ഇവിടുത്തെ ചടങ്ങുകളൊക്കെ എന്തായാലും കഴിഞ്ഞല്ലോ ഇനി ഞാൻ പൊക്കോട്ടെ... " '' പക്ഷേ കണ്ണാ.... " " ഇനി പറയാനുള്ളതൊക്കെ വൈകുന്നേരം ഇപ്പൊ എനിക്കത്യാവശ്യമായി ഓഫീസിലെത്തണം. പോയിട്ട് വരാം " പിന്നെന്തെങ്കിലും പറയും മുൻപേ അവരുടെ കവിളിലൊന്നമർത്തി മുത്തി അവൻ വേഗത്തിൽ പുറത്തേക്ക് പോയി. നോക്കി നിൽക്കേതന്നെ അവന്റെ കാർ പുറത്തേക്ക് പാഞ്ഞു. ഇനി മറ്റുള്ളവരോടെന്ത്‌ പറയുമെന്നറിയാതെ അങ്ങോട്ട്‌ തന്നെ നോക്കി സ്തംഭിച്ചുനിന്നുപോയി അരുന്ധതി. " ഈശ്വരാ ഇവനിതെന്തൊക്കെയാ ഈ കാണിച്ചുകൂട്ടുന്നത്.... "

വല്ലാത്തൊരു ധർമസങ്കടത്തിൽ സ്വയം പറഞ്ഞുകൊണ്ട് അവർ പിന്നിലേക്ക് തിരിഞ്ഞതും നേരെ നോക്കിയത് ചാരുവിന്റെ മുഖത്തേക്കായിരുന്നു. അവളെ കണ്ടതും അവരൊന്ന് പരുങ്ങി. " ആഹ് മോളിവിടെ നിക്കുവായിരുന്നോ... കണ്ണന് ഓഫീസിൽ നിന്നും അത്യാവശ്യമായൊരു ഫോൺ വന്നിട്ട് പോയതാ മോള് വിഷമിക്കണ്ട അവൻ വേഗമിങ്ങ് തിരിച്ചുവരും. '' പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവർ പറഞ്ഞുവെങ്കിലും അവളുടെ മുഖം മങ്ങിത്തന്നെയിരുന്നു. പിന്നെ അവരെ ബോധിപ്പിക്കാനെന്ന പോലെ വെറുതെ ഒന്ന് പുഞ്ചിരിച്ചു. " ശ്ശെടാ എന്നിട്ടും ഈ മുഖം തെളിഞ്ഞില്ലല്ലോ... സാരമില്ല മോളെ നിങ്ങടെ വിവാഹം കഴിയുമ്പോൾ എല്ലാം ശരിയാകും. അമ്മയില്ലേ എന്റെ മോൾടെ കൂടെ ??? " ചോദിച്ചുകൊണ്ട് അരുന്ധതിയവളെ ചേർത്തുപിടിച്ചു. വരുത്തിക്കൂട്ടിയൊരു പുഞ്ചിരി അവളുടെ അധരങ്ങളിലും തെളിഞ്ഞു.

" എന്നാ അമ്മയങ്ങോട്ട് ചെല്ലട്ടെ മോളെ... " പറഞ്ഞിട്ട് അവളുടെ കവിളിലൊന്ന് തലോടിക്കൊണ്ട് അവർ അകത്തേക്ക് പോയി. ചാരു പിന്നെയും അവിടെത്തന്നെ നിന്നു. പെട്ടന്നെന്തൊ ഓർത്തത് പോലെ അവളുടെ നോട്ടം വലംകയ്യിലെ മോതിരവിരലിലേക്ക് നീണ്ടു. അതിൽ കിടക്കുന്ന 'സിദ്ധാർഥ് ' എന്ന പേര് അലേഖനം ചെയ്ത മോതിരം കണ്ടതും ഉള്ളിലെവിടെയോ ഒരു കൊളുത്തിവലി പോലെ തോന്നി അവൾക്ക്. " എന്റെ തീരുമാനം തെറ്റായിപ്പോയോ ദൈവമേ... എന്നേ വേണ്ടെന്ന് മുഖത്ത് നോക്കി പറഞ്ഞ ആളിനെ മോഹിച്ചതെന്റെ പിഴവായിപ്പോയോ...." ആ മോതിരത്തിൽ തന്നെ തെരുപ്പിടിച്ചുകൊണ്ട് നിൽക്കുമ്പോൾ അവളുടെ ഉള്ളമാരും കാണാതെ തേങ്ങി........ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story