കാവ്യമയൂരം: ഭാഗം 11

kavyamayooram

രചന: അഭിരാമി ആമി

" ഇതാണ് ഈ കാരണവന്മാരായിട്ട് പണക്കാരായാലുള്ള കുഴപ്പം.... പണം കൊണ്ട് കിടക്കവിരിച്ചുകിടന്ന് ശീലിച്ചതുകൊണ്ട് എത്ര പണം കണ്ടാലും നട്ടെല്ല് വളയത്തില്ല. പോരാത്തേന് അനാവശ്യമായ ഉശിരും...... അതുകൊണ്ടിപ്പോ എന്നാ ദാ ഇതുപോലെ എന്നേലും വയ്യാവേലിയെടുത്ത് തോളിലങ്ങിടും...... ആകാശത്തൂടെ പോണത് ഏണിവച്ച് പിടിച്ചേ അടങ്ങൂന്ന് വച്ചാൽ എന്നതാ ചെയ്യുന്നേ???? പക്ഷേ സിദ്ധാർഥൻ സാറേ ഈ അലക്സ് സാറ് വിചാരിക്കുന്നപോലെയേ അല്ല. എനിക്കെല്ലാത്തിനും എന്റേതായ ഒരു സ്റ്റൈലുണ്ട്. എന്നേലും ഒരു മത്സരത്തിന്റെ കാര്യം തന്നെയെടുക്കാം മത്സരിച്ചുജയിച്ചുവരുന്നവനല്ലേ നമ്മള് സമ്മാനം കൊടുക്കുന്നെ അല്ലാതെ അവന്റെ വീട്ടുകാർക്ക് കൊടുത്തിട്ടെന്നാ കാര്യം ??? ഇതിപ്പോ സാറെന്നായാലും കോടതിയിൽ റിപ്പോർട്ട്‌ കൊടുക്കും.

അപ്പോപ്പിന്നെ ഇത്രേം വല്യൊരു കാര്യം ചെയ്തിട്ട് വരുന്ന സാറിന് ഈ അലക്സിന്റെ വക എന്നതെലുമൊരു സമ്മാനം തരേണ്ടയോ അതല്ലേ തറവാടിത്തം ??? ആ സമ്മാനം ഞാനങ്ങ് തരും സാറേ.... സാറിനെ തടയാൻ ആരും വരില്ല പക്ഷേ ജയിച്ചുവരുമ്പോൾ വലിയൊരു സമ്മാനം തന്നെയുണ്ടാകും അങ്ങ് സാറിന്റെ ദേവരാഗത്തിന്റെ പൂമുഖത്ത്. ഹാ ഹാ ഹാ....... " " ദേവരാഗത്തിൽ നരേന്ദ്രനാഥിന്റെ മകൻ അല്ലേ സാ.... റെ......... " അവസാനവാക്കുകൾ പറയുമ്പോൾ അവന്റെ കടപ്പല്ലുകൾ ഞെരിഞ്ഞമർന്നു. ചെന്നിയിലെ നീലഞരമ്പുകളെഴുന്ന് നിന്നു. എന്തോ തീരുമാനിച്ചുറച്ചത് പോലെ അവൻ പുറത്തേക്കിറങ്ങിപ്പോയി. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 " സാറേ...... " " എന്താ മാധവേട്ട ???? " " ഒന്നുകൂടി ആലോചിച്ചിട്ട്‌ പോരെ സാറേ.... " " മാധവേട്ടനിതെന്തിന്റെ കാര്യമാ ഈ പറയുന്നത് ??? "

" അതുപിന്നെ സാറെ ആ അലക്സിന്റെ ..... " " ഓ അതാണോ ഇനിയൊന്നും ആലോചിക്കാനില്ല മാധവേട്ടാ...... ഇവനേപ്പോലെയുള്ള ചിലരാണ് ഈ സമൂഹത്തേത്തന്നെ ഇല്ലാതാക്കുന്നത്. അതിന് കൂട്ടുനിൽക്കാൻ ഏതായാലും എനിക്ക് പറ്റില്ല മാധവേട്ടാ..... " കോടതിയിലേക്ക് പോകാനിറങ്ങുമ്പോഴായിരുന്നു മധ്യവയസ്കനായ മാധവൻ സിദ്ധുവിന്റെ റൂമിലേക്ക് കയറി വന്നത്. കളക്ടറേറ്റിലെ സീനിയർ ക്ലർക്കായ മാധവന് മേലുദ്യോഗസ്തനെന്നതിലുപരി ഒരു മകനോടുള്ള വാത്സല്യമായിരുന്നു സിദ്ധുവിനോടുണ്ടായിരുന്നത്. " കൂട്ടുനിൽക്കണ്ട സാർ..... പക്ഷേ വെറുതെ ശത്രുത വലിച്ചുവയ്ക്കാതിരുന്നൂടെ ?? " " അതിന് ഞാൻ ഈ റിപ്പോർട്ട്‌ അവനനുകൂലമായി തിരുത്തേണ്ടി വരും. അതിനേതായാലും ഞാനൊരുക്കമല്ല. പോയിട്ടുവരാം മാധവേട്ടാ... " വീണ്ടുമൊരു സംസാരത്തിനിട കൊടുക്കാതെ അവൻ വേഗത്തിൽ പുറത്തേക്ക് നടന്നു. " ഈശ്വരാ ചെറുപ്രായമാ.....ജീവിതം തുടങ്ങിയിട്ട് പോലുമില്ല കാത്തോണേ.... " അവൻ പോകുന്നത് നോക്കി നിന്ന് ആ മനുഷ്യൻ മൗനമായി പ്രാർഥിച്ചു. 💞💞💞💞💞💞💞💞💞💞💞💞💞💞💞

" എന്താടോ ഭാര്യേ പതിവ് ചുവപ്പിന്നിവിടെ കാണുന്നില്ലല്ലോ...... " ഓഫീസിലേക്ക് പോകാൻ റെഡിയായി താഴേക്ക് വന്ന നരേന്ദ്രന്റെ പ്ലേറ്റിലേക്ക് ആഹാരം വിളമ്പുമ്പിക്കൊണ്ട് നിന്നിരുന്ന അരുന്ധതിയുടെ ഒഴിഞ്ഞ നെറ്റിത്തടം കണ്ടുകൊണ്ടായിരുന്നു ഒരു ചിരിയോടെ അയാളത് ചോദിച്ചത്. പെട്ടന്ന് നെറുകയിലേക്ക് കൈകളോടിയ അരുന്ധതിയും അതപ്പോഴാണ് ഓർത്തത്. അവർ വേഗത്തിൽ തന്നെ അയാൾക്ക് ഭക്ഷണം വിളമ്പിക്കൊടുത്തിട്ട് മുകളിലേക്കൊടി. " ഇയാളുടെയൊരു കാര്യം... '' അതുനോക്കിയിരുന്നൊരു ചെറു ചിരിയോടെ നരേന്ദ്രനോർത്തു. " ഞാനെന്താ ഇന്നത് മറന്നത് ??? മുപ്പതുവർഷമായിട്ടിന്ന് വരെ ഒരിക്കൽപ്പോലും മറന്നിട്ടില്ലത് ഇന്ന് പക്ഷേ.... ന്റെ ദേവീ..... നല്ലത് മാത്രം വരുത്തണേ... " സിന്ദൂരച്ചെപ്പിൽ നിന്നുമൊരുനുള്ള് കുങ്കുമമെടുത്ത് സീമന്തരേഖയിൽ ചാർത്തിക്കൊണ്ട് നെഞ്ചുരുകി അവർ പ്രാർഥിച്ചു. നരേന്ദ്രൻ പോയി കഴിഞ്ഞിട്ടും ആ ചിന്തകൾ അരുന്ധതിയുടെ ഉള്ളുലച്ചുകൊണ്ടിരുന്നു.

ഇടയ്ക്കിടെ എന്തോ നഷ്ടപ്പെടാൻ പോകുന്നു എന്ന തോന്നലിൽ ഉള്ള് പിടയുമ്പോൾ സ്വയമറിയാതെയവരുടെ കൈകൾ കഴുത്തിലെ താലി മാലയിലേക്കിഴഞ്ഞു. രാവിലത്തേ ജോലിയൊക്കെ ഒതുങ്ങിയപ്പോൾ ഹാളൊക്കെയൊന്ന് ഒതുക്കിപ്പറക്കിക്കൊണ്ടിരിക്കുകയായിരുന്നു മൃദുല. അങ്ങനെ പൊടിയടിച്ചുകളയുന്ന ഒരു ബ്രഷ്കൊണ്ട് ഭിത്തിയിൽ തൂക്കിയിരുന്ന ഫോട്ടോകൾ വൃത്തിയാക്കിക്കൊണ്ടിരിക്കുമ്പോഴായിരുന്നു അവളുടെ കൈ തട്ടിയൊരു ഫോട്ടോ നിലത്തേക്ക് വീണത്. ആ രംഗം കണ്ടുകൊണ്ടായിരുന്നു മുകളിൽ നിന്നും അരുന്ധതിയങ്ങോട്ട് വന്നത്. " എന്താ മൃദു ഇത് ശ്രദ്ധിക്കക്കണ്ടേ മോളെ....... അതിന്റെ ചില്ല് പൊട്ടിയെന്നാ തോന്നുന്നത്..... മാറ് ഇനി കയ്യിൽ കൊള്ളിക്കണ്ട ഞാനെടുക്കാം.... " അരുന്ധതി വേഗം ചെന്ന് തറയിൽ കമിഴ്ന്നു കിടന്നിരുന്ന ആ ഫോട്ടോ കയ്യിലെടുത്തു.

അത് നിവർത്തി നോക്കിയതും എന്തിനെന്നറിയാതെ അവരുടെ ഉള്ളമൊന്ന് പൊള്ളി. ചിലന്തിവല പോലെ തകർന്നുടഞ്ഞ തങ്ങളുടെ വിവാഹഫോട്ടോ ആയിരുന്നു അത്. " അതമ്മേ ഞാനറിയാതെ..... സോറി.... " അതിൽ നോക്കി നിന്ന അരുന്ധതിയുടെ കണ്ണുകൾ കലങ്ങിയത് കണ്ടതും ഒരപരാധിനിയേപ്പോലെ മൃദുല പറഞ്ഞു. " സാരമില്ല മോളെ.... ഒരു ഫോട്ടോയല്ലേ അത് നമുക്ക് ഫ്രെയിം ചെയ്യിക്കാം. " അവളെ സമാധാനിപ്പിക്കാനായി അങ്ങനെ പറഞ്ഞെങ്കിലും എന്തോ അരുതാത്തത് നടക്കാൻ പോകുന്നു എന്ന തോന്നലിൽ അവരുടെ നെഞ്ച് പിടയുകയായിരുന്നു അപ്പോഴും. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ഓഫീസിൽ നിന്നുമെന്തോ ആവശ്യത്തിന് എസ്റ്റേറ്റിലേക്ക് പോവുകയായിരുന്നു നരേന്ദ്രൻ കയറിയ കാർ.

എന്തോ ഒരു ക്ഷീണം പോലെ തോന്നിയ അദ്ദേഹം പിൻസീറ്റിൽ ചാരി മിഴികളടച്ച് കിടക്കുകയായിരുന്നു. പെട്ടന്നാണ് വണ്ടിയൊന്നുലഞ്ഞത് പോലെ തോന്നിയത്. " ദീപക്കേ എന്താ..... " ആ ചോദ്യം മുഴുവനാകും മുൻപ് എതിരെ വന്ന ഒരു ട്രക്ക് ആ കാറിലേക്ക് ഇടിച്ചുകയറിയിരുന്നു. കാറിന്റെ ഫ്രണ്ട് ഉള്ളിലേക്ക് മടങ്ങി വന്ന് ഡ്രൈവിങ് സീറ്റിലിരുന്ന ദീപുവിന്റെ ശരീരം ഞെരിഞ്ഞമരുന്നത് ബോധം മറയുന്നതിന് മുൻപ് നരേന്ദ്രൻ കണ്ടു. " മക്കളെ.... അരു...... " പൂർത്തിയാക്കാൻ കഴിയാതിരുന്ന ഒരു നിലവിളി അയാളുടെ തൊണ്ടക്കുഴിയിൽ ഞെരിഞ്ഞമർന്നു. കണ്ണുകൾ അവസാനമായടയുമ്പോൾ എവിടെയോ തല്ലിതകർന്ന തലയിൽ നിന്നുമൊഴുകിയിറങ്ങിയ രക്തമയാളുടെ കാഴ്ചയെ മറച്ചിരുന്നു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story