കാവ്യമയൂരം: ഭാഗം 12

kavyamayooram

രചന: അഭിരാമി ആമി

കോടതിയിൽ നിന്നും സിദ്ധു പുറത്തേക്ക് വരുമ്പോഴേ കണ്ടു കാറിനരികിൽ പരിഭ്രമത്തോടെ നിൽക്കുന്ന ഡ്രൈവർ അനിരുദ്ധിനെ. എന്തോ പന്തികേട് തോന്നിയ അവൻ വേഗമങ്ങോട്ട് ചെന്നു. " എന്താഡാ നിനക്കൊരു ടെൻഷൻ പോലെ ???? " ( പറയാൻ മറന്നു ഈ അനിയും സിദ്ധുവും ഒരുമിച്ച് പഠിച്ചതാണ്. അവൻ പിന്നെ പഠിക്കാൻ ഭയങ്കര മിടുക്കനായിരുന്നത് കൊണ്ട് ഇപ്പൊ സിദ്ധുവിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ കം ഡ്രൈവറാണ്. ) " എടാ അത് സഞ്ജുവേട്ടൻ വിളിച്ചിരുന്നു .... " " ആഹ് എന്റെ ഫോൺ ഓഫായിരുന്നു.... അല്ല എന്താ കാര്യം ???" അവൻ പോക്കറ്റിൽ നിന്നും ഫോണെടുത്ത് ഓണാക്കുന്നതിനിടയിൽ തന്നെ ചോദിച്ചു. " എടാ അത്..... നിന്റച്ഛന്...... " " അച്ഛന് ???? " അനി പറഞ്ഞത് കേട്ടതും ഒരാന്തലോടെ മുഖമുയർത്തി ആവനെ നോക്കിക്കൊണ്ട് സിദ്ധു ചോദിച്ചു.

" അങ്കിളിന് ചെറിയൊരു ആക്‌സിഡന്റ് ഉണ്ടായി..... ഇപ്പൊ നിങ്ങളുടെ തന്നെ ഹോസ്പിറ്റലിലാണ്. എല്ലാവരും അവിടെയുണ്ട് നിന്നേം കൂട്ടി വേഗം ചെല്ലാൻ പറഞ്ഞു. " പിന്നീടൊന്നും കേൾക്കാൻ നിൽക്കാതെ സിദ്ധു പാഞ്ഞുചെന്ന് കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. ഒപ്പം തന്നെ അനിയും. തന്റെ സ്ഥാനമാനങ്ങളും പദവിയുമെല്ലാം മറന്ന് ട്രാഫിക് സിഗ്നലിനെപ്പോലും വകവയ്ക്കാതെയായിരുന്നു അവൻ മുന്നോട്ട് പോയത്. ഹോസ്പിറ്റലിന്റെ മുന്നിൽ കാർ നിർത്തി അവനകത്തേക്ക് പാഞ്ഞു. അവരിരുവരും കൂടി icu വിന് മുന്നിലെത്തുമ്പോൾ അവിടെഎല്ലാവരുമുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ ശിവപ്രസാദും സീതയും ചാരുവുമെല്ലാം അവിടെത്തന്നെ ഉണ്ടായിരുന്നു. " കണ്ണാ........." ആവനെ കണ്ടതും മൃദുലയുടെ തോളിലേക്ക് ചാഞ്ഞുകിടന്നിരുന്ന അരുന്ധതി തല ഉയർത്തി നോക്കി വിതുമ്പലോടെ വിളിച്ചു. അവന്റെ കണ്ണുകളും നിറഞ്ഞുതുടങ്ങിയിരുന്നു. അവൻ വേഗമവരുട അരികിലേക്കിരുന്നവരെ മാറിലേക്ക് ചേർത്തുപിടിച്ചാശ്വസിപ്പിച്ചു.

" കരയല്ലേ അമ്മേ..... അച്ഛനൊന്നും സംഭവിക്കില്ല...... " അവരെ ആശ്വസിപ്പിക്കാനായി അങ്ങനെ പറഞ്ഞുവെങ്കിലും അവന്റെ നെഞ്ച് വിങ്ങുകയായിരുന്നു. നരേന്ദ്രനൊപ്പമുള്ള നിമിഷങ്ങളൊക്കെ ഒരുനിമിഷമവന്റെ ഉള്ളിലൂടെ കടന്നുപോയി. ആ ഓർമ്മകളിലവന്റെ ഉള്ളിലൂടൊരു കുളിര് കടന്നുപോയി. ദേവരാഗം ഗ്രൂപ്പ്‌സ് ഓഫ് കമ്പനീസെന്ന ബിസിനസ് സാമ്രാജ്യം മുഴുവൻ നരേന്ദ്രന്റെ മാത്രം വിയർപ്പിന്റെ ഫലമായിരുന്നു. ഇപ്പൊ സഹായിക്കാൻ സഞ്ജയ്യും മൃദുലയുമുണ്ടെങ്കിലും ഇപ്പോഴും എല്ലാത്തിന്റെയും നെടുംതൂൺ അദ്ദേഹം തന്നെയായിരുന്നു. " എന്താ ഏട്ടാ ഉണ്ടായത് ??? " അരുന്ധതിയെ ഒരുവിധമൊന്നാശ്വസിപ്പിച്ചിട്ട്‌ അല്പം ദൂരെ മാറി നിൽക്കുകയായിരുന്ന സഞ്ജുവിന്റെ അരികിലേക്ക് ചെന്നുകൊണ്ട് സിദ്ധു ചോദിച്ചു. അവന്റെ കണ്ണുകളും കരഞ്ഞുകലങ്ങിയിരുന്നു. അത്രമേൽ ദൃഡമായിരുന്നു

ആ അച്ഛനും മക്കളും തമ്മിലുള്ള ബന്ധം. " എനിക്കൊന്നുമറിയില്ലെടാ..... രാവിലെ എസ്റ്റേറ്റിലേക്ക് പോകുമെന്ന് പറഞ്ഞിരുന്നു. തിരികെയെത്തേണ്ട സമയം കഴിഞ്ഞിട്ടും എത്താതിരുന്നപ്പോഴാണ് ഞാൻ അന്വേഷിച്ചുചെന്നത്. വണ്ടി കൊല്ലിയിലേക്ക് മറിഞ്ഞുകിടക്കുകയായിരുന്നു. ആൾക്കൂട്ടം കണ്ട് ഞാൻ ചെല്ലുമ്പോൾ...... " തികട്ടിവന്ന സങ്കടത്തിൽ വാക്കുകൾ മുറിഞ്ഞുപോയ ആവനെ സിദ്ധു ചേർത്തുപിടിച്ചു. അതുവരെ പിടിച്ചുകെട്ടി നിർത്തിയിരുന്നതെല്ലാം അനിയന്റെ നെഞ്ചിലേക്ക് പെയ്തൊഴിച്ച ശേഷമാണ് സഞ്ജു ബാക്കി പറഞ്ഞത്. " ദീപുവിന് അപ്പോഴേ അനക്കമൊന്നുമില്ലായിരുന്നു. ഹോസ്പിറ്റലിൽ കൊണ്ടുവന്നപ്പോ ഡോക്ടറാണ് പറഞ്ഞത് അവൻ മരിച്ചിട്ട് മണിക്കൂറുകളായെന്ന്. ചിലപ്പോൾ സംഭവം നടന്നപ്പോൾ തന്നെ അവൻ.... " സഞ്ജു പറഞ്ഞുനിർത്തുമ്പോഴേക്കും സിദ്ധു ചുവരിലേക്ക് ചാരി കണ്ണുകളടച്ചു.

അത് നോക്കി നിന്ന ചാരുവിന്റെ ഉള്ള് നൊന്തു. ആവനെയൊന്ന് ചേർത്തുപിടിച്ചാശ്വസിപ്പിക്കാൻ വാത്സല്യത്തോടെ തലോടാൻ അവളുടെ ഉള്ള് പിടച്ചു. " സാർ...... " Icu വിന്റെ ഡോർ തുറന്ന് പുറത്തേക്ക് വന്ന ഡോക്ടറുടെ ശബ്ദം കേട്ടാണ് സിദ്ധു കണ്ണുകൾ വലിച്ചുതുറന്നത്. അപ്പോൾ ആ കണ്ണുകൾ ചുവന്നുകലങ്ങിയിരുന്നു. " നരേന്ദ്രൻ സാറിന്റെ ജീവനിപ്പോ ആപത്തൊന്നുമില്ല പക്ഷേ..... " " എന്താ ഡോക്ടർ ഒരു പക്ഷേ ????? " തങ്ങളോട് രണ്ടാളോടുമായി പറഞ്ഞ ഡോക്ടറേ നോക്കി സഞ്ജു വെപ്രാളത്തോടെ ചോദിച്ചു. മറ്റുള്ളവരും ആകാംഷയോടെ അങ്ങോട്ട്‌ തന്നെ നോക്കി നിൽക്കുകയായിരുന്നു അപ്പോൾ. " അത് സാർ..... സാറിന്റെ വലതുകാലിന്റെ അസ്ഥികൾ ഭൂരിഭാഗവും തകർന്നുപോയിരിക്കുകയാണ്. അതുകൊണ്ട്..... " " മനുഷ്യനെ ഭ്രാന്തെടുപ്പിക്കാതെ കാര്യം പറ ഡോക്ടർ ..... " ഒരലർച്ചയായിരുന്നു സിദ്ധു. അവന്റെയാ ഭാവം കണ്ട് അയാളുന്ന് പകച്ചു. " ആ കാലിനി മുട്ടിന് താഴെവച്ച് ഓപ്പറേറ്റ് ചെയ്ത് മാറ്റുകയല്ലാതെ മറ്റൊരു വഴിയുമില്ല സാർ.... "

ഒരിടിത്തീ പോലെയായിരുന്നു ആ വാക്കുകൾ എല്ലാവരും സ്വീകരിച്ചത്.. അരുന്ധതിയൊരു നിലവിളിയോടെ മൃദുവിന്റെ മാറിലേക്ക് വീണ് തലയിട്ടടിച്ച് പൊട്ടിക്കരഞ്ഞുകൊണ്ടിരുന്നു. നെഞ്ചിലെ നൊമ്പരത്തിന്റെ കാഠിന്യത്തൽ അവരുടെ നഖങ്ങൾ അവളുടെ കഴുത്തിലും കയ്യിലുമെല്ലാം ക്ഷതങ്ങളേൽപ്പിച്ചുകൊണ്ടിരുന്നു. ഒരു മറുപടി പറയാൻ പോലും കഴിയാത്ത വിധം സഞ്ജുവും തളർന്ന് പോയിരുന്നു. " സാർ നിങ്ങളുടെ അവസ്ഥ മനസിലാവാഞ്ഞിട്ടല്ല.....പക്ഷേ ഞങ്ങൾ ഡോക്ടേഴ്സിന് ഇമോഷൻസിന് മുന്നിൽ തളർന്നിരിക്കാൻ കഴിയില്ലല്ലോ. പ്രൊഫഷനിതായിപ്പോയില്ലെ....... പിന്നെ സാർ ഇപ്പൊ പകച്ചുനിൽക്കാതെ തീരുമാനങ്ങളെടുക്കേണ്ട സമയമാണ്. നമുക്ക് മുന്നിൽ സമയം തീരെയില്ല. " ഡോക്ടർ പറഞ്ഞത് കേട്ട് ഒന്നാഞ്ഞ് ശ്വാസം വലിച്ചുവിട്ട് മുഖമമർത്തി തുടച്ചു സിദ്ധു. " എന്താണെന്ന് വച്ചാൽ ചെയ്തോളു ഡോക്ടർ.... ഞങ്ങൾക്ക് അച്ഛനെ ജീവനോടെ വേണം.....അതിനുവേണ്ടി എന്ത് വേണമെങ്കിലും ചെയ്തോളു.... "

ഉറച്ചസ്വരത്തിൽ അവൻ പറഞ്ഞത് കേട്ട് എല്ലാവരുമവനെ തന്നെ നോക്കി. " കണ്ണാ..... " " വേണ്ടേട്ടാ നമുക്ക് നമ്മുടച്ഛന്റെ ജീവനല്ലേ വേണ്ടത്..... " സഞ്ജുവെന്തോ പറയാൻ വന്നുവെങ്കിലും സിദ്ധു പറഞ്ഞത് കേട്ടതും അവൻ പിന്നീടൊന്നും മിണ്ടിയില്ല. സിദ്ധു വീണ്ടും അരുന്ധതിയുടെ അരികിലേക്ക് ചെന്നു. " തെറ്റായിപ്പോയോ അമ്മേ ഞാൻ പറഞ്ഞത് ??? " അവൻ ചോദിക്കുമ്പോൾ അല്ല എന്നർഥത്തിൽ ഒന്ന് തലയനക്കി ഒരു പൊട്ടിക്കരച്ചിലോടെ അവരവന്റെ മാറിലേക്ക് വീണു. വൈകുന്നേരത്തോടെ ഓപ്പറേഷൻ കഴിഞ്ഞ് നരേന്ദ്രനെ icu വിലേക്ക് തന്നെ ഷിഫ്റ്റ്‌ ചെയ്തു. അപ്പോഴേക്കും വിവരമറിഞ്ഞ് അദ്ദേഹത്തിന്റെ ഒരേയൊരു പെങ്ങളായ നീരജയും ഭർത്താവുമൊക്കെ എത്തിയിരുന്നു. " ഡാ നിന്നോടാര് പറഞ്ഞെടാ എന്റെ ചേട്ടന്റെ കാല് മുറിച്ചുകളയാൻ പറയാൻ ??? പണ്ടേ നീയൊരു ഭൂലോക അഹങ്കാരിയാ....

ആ നീയിതും പറയും ഇതിനപ്പുറവും പറയും. അയ്യോ എന്റെ ചേട്ടനിനി ഒന്നരക്കാലനാണേ..... " കാര്യങ്ങളൊക്കെ അറിഞ്ഞതും സിദ്ധുവിന്റെ നേരെ തട്ടിക്കയറിക്കൊണ്ട് നീരജ ചോദിച്ചു. അവനൊന്നും മിണ്ടാതെ എങ്ങോട്ടോ നോക്കി നിന്നു. പക്ഷേ അവർ വീണ്ടും ഓരോന്ന് പറഞ്ഞ് നിലവിളിച്ചുകൊണ്ടേയിരുന്നു. ഒരു തുള്ളിക്കണ്ണീര് പോലും വരാതെ നെഞ്ചത്തടിച്ചു നിലവിളിക്കുന്ന നീരജയുടെ വാക്കുകൾ കേട്ടതും അരുന്ധതി വീണ്ടും പൊട്ടിക്കരഞ്ഞു. " കരയല്ലേ അമ്മേ.... " ആശ്വസിപ്പിക്കാനായി മൃദു പലതും പറയുന്നുണ്ടായിരുന്നുവെങ്കിലും അതൊന്നും അവരിലെ മുറിവുണക്കാൻ പാകമായിരുന്നില്ല. എല്ലാവരും ആ നിമിഷമാ സ്ത്രീയെ വെറുപ്പോടെ നോക്കി നിൽക്കുകയായിരുന്നു. " അയ്യോ ഇനിയീ സ്വത്തും പണവുമൊക്കെ ആര് നോക്കി നടത്തുവേ.... എന്റെ ചേട്ടനിനി എത്ര നാളുണ്ടാകുമെന്ന് ആർക്കറിയാമെന്റീശ്വരാ...... ഇന്ന് കാല് മുറിച്ചുകളയിച്ച ഇവനൊക്കെ നാളെ എന്റെ ചേട്ടന്റെ തല വെട്ടിക്കളയില്ലെന്നാര് കണ്ടെന്റെ ദേവീ..... "

" അമ്മായി........ " സഞ്ജുവായിരുന്നു അത്. അവന്റെ സ്വരം കേട്ട് ഒരു ഞെട്ടലോടെ നീരജ വായടച്ചു. അതുപോലൊരു ഭാവമായിരുന്നു അവനിലപ്പോൾ. " ദേ ഞാനൊരു കാര്യം പണഞ്ഞേക്കാം.... അകത്ത് കിടക്കുന്നത് ഞങ്ങടച്ഛനാ..... അതുകൊണ്ട് അമ്മായി വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണം. പിന്നെ ഈ കാര്യത്തിൽ ഇനിയൊരു വാക്കുകൊണ്ട് പോലും കണ്ണനെ നോവിക്കാൻ നിന്നേക്കരുത്. ഈ തീരുമാനം അവനൊറ്റയ്ക്കെടുത്തതല്ല. ഞാനും കൂടിയാണ്. അതിനിപ്പോ അനുവാദം വാങ്ങാൻ അച്ഛനില്ലാത്ത സ്ഥിതിക്ക് ഞങ്ങടമ്മേടെ സമ്മതം മാത്രം മതി ഞങ്ങൾക്ക്. അതുകൊണ്ട് ഇവിടെകിടന്ന് കൂടുതൽ ഷോ ഇറക്കാതെ അമ്മായി പോകാൻ നോക്ക്. "... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story