കാവ്യമയൂരം: ഭാഗം 13

kavyamayooram

രചന: അഭിരാമി ആമി

അവൻ പറഞ്ഞവസാനിപ്പിക്കുമ്പോൾ ചുറ്റും നിന്നിരുന്നവരിലേക്ക് നോക്കിയ നീരജയുടെ മുഖം അപമാനഭാരത്താൽ കുനിഞ്ഞു. എല്ലാം കേട്ട് നിന്നിരുന്ന ശിവപ്രസാദിനെയും കുടുംബത്തെയും കൂടി കണ്ടതോടെ ദേഷ്യം കൊണ്ടവരുടെ മുഖം വീർത്തു. " ഹോ കെട്ടിലമ്മയും ഇവിടെയുണ്ടായിരുന്നോ ??? " അല്പം മാറി സീതയുടെ അരികിൽ നിന്നിരുന്ന ചാരുവിനെ നോക്കിയായിരുന്നു അവരത് പറഞ്ഞത്. അതുകേട്ട് അവളും സീതയുമൊരുപോലെ ഞെട്ടി. " ഞാനപ്പോഴേ പറഞ്ഞതാ ഈ ബന്ധം വേണ്ടെന്ന്.... എന്നിട്ടിപ്പോ എന്തായി നിശ്ചയം കഴിഞ്ഞപ്പോഴേക്കും എന്റെ ചേട്ടന്റെ കാല് പോയി. ഇനി ഇവളെ അങ്ങോട്ട് കെട്ടിയെടുക്കുമ്പോഴേക്കും കെട്ടുന്ന എന്റെ മരുമോന്റെ തല പോകാതിരുന്നാൽ മതിയായിരുന്നു.... " ആ വാക്കുകൾ കേട്ട് ചെവിയിൽ ഈയമുരുക്കി ഒഴിച്ചത് പോലെയാണ് ചാരുവിന് തോന്നിയത്. അവൾ മിഴി ഉയർത്തി അവരെ നോക്കുമ്പോൾ അവ ചുവന്ന്‌ കലങ്ങിയിരുന്നു. നിറമിഴികളോടെ അവൾ ചുറ്റുപാടും നിൽക്കുന്നവരിലേക്കെല്ലാമൊന്ന് പാളി നോക്കി.

അപമാനവും വേദനയും കൊണ്ട് ശരീരം തളർന്ന് പോകുന്നതവളറിഞ്ഞു. " ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത് ഈ പെണ്ണിന്റെ വല്ല പാപജാതകവുമാണോ ??? നിക്കുന്നിടം മുടിക്കുന്ന ഇങ്ങനെ ചിലത് ഉണ്ടാകും അതുകൊണ്ട് ചോദിച്ചതാ. " നിർത്താൻ ഭാവമില്ലാത്ത നീരജയുടെ അടുത്ത ചോദ്യം കേട്ട് പൊള്ളിപ്പിടഞ്ഞുപോയി സീത. ഭൂമി പിളർന്ന് താഴേക്ക് പോയാൽ മതിയെന്ന അവസ്ഥയിലായിരുന്നു ചാരുവും. ആ നിസ്സഹായത കണ്ട് ഉള്ള് പൊള്ളിയത് പോലെ സിദ്ധു മുന്നോട്ട് നടക്കാനൊരുങും മുൻപ് കസേരയിൽ ഇരിക്കുകയായിരുന്ന അരുന്ധതി ചാടിയെണീറ്റ് നീരജയുടെ കരണത്താഞ്ഞടിച്ചു. " ചേച്ചി...... " " മിണ്ടരുത് ..... ഈ ബന്ധമൊക്കെ നിനക്കൊർമയുണ്ടായിരുന്നെങ്കിൽ ഈ അവസ്ഥയിൽ ഇവിടെ നിന്ന് നീയിതുപോലെയൊന്നും സംസാരിക്കാൻ മുതിരില്ലായിരുന്നു. കുറേ സമയമായി ഞാൻ കേൾക്കുവാ ഓരോന്ന്..... "

" ചേച്ചി എന്റെ ചേട്ടൻ...... " " മതിയെടി നിന്റെ ചേട്ടനോടുള്ള സ്നേഹം വന്നപ്പോൾ മുതലുള്ള നിന്റെ വാക്കുകളിൽ മുഴുവൻ നിറഞ്ഞുനിക്കുന്നത് ഞാൻ കേൾക്കുന്നുണ്ട്. കേട്ടിടത്തോളം മതി. വന്നനേരം മുതൽ നീ മാറി മാറി എന്റെ കുഞ്ഞുങ്ങളുടെ ചങ്കിൽ തന്നെ കുത്തി രസിക്കുവാ.... ഇനിയും ഞാനത് കേട്ടുനിൽക്കുമെന്നാണോ നീ കരുതിയത്. നിലമറന്ന് നിൽക്കുവാ ഞാൻ ഇനിയും നിന്റെയീ വൃത്തികെട്ട നാവെന്റെ കുഞ്ഞുങ്ങൾക്ക് നേരെ തിരിഞ്ഞാൽ ഞാനെന്ത് ചെയ്യുമെന്ന് എനിക്ക് പോലുമറിയില്ല. " അതുവരെ കണ്ട നിസ്സഹായതയായിരുന്നില്ല അരുന്ധതിയിൽ അപ്പോൾ കണ്ടത്. അത്രമേൽ തിളച്ചുമറിയുകയായിരുന്നു അവരുടെ നെഞ്ച്. ഇനിയും എന്തെങ്കിലും മിണ്ടിയാൽ കുഴപ്പമാകുമെന്ന് തോന്നിയ നീരജ പിന്നീടൊന്നും പറയാതെ കവിളും തടവി ഭർത്താവിനരികിലേക്ക് നീങ്ങി നിന്നു. പെട്ടന്ന് എന്തോ ഓർത്തത് പോലെ അരുന്ധതി ചാരുവിന്റെ അടുത്തേക്ക് ചെന്നു. അവളെ ചേർത്തുപിടിച്ച് നെറുകയിൽ ചുണ്ടമർത്തി. " ഇപ്പൊ എന്റെ മോളെ ഇങ്ങനെ ആശ്വസിപ്പിക്കാനേ അമ്മയ്ക്കറിയൂ.... "

അവർ പറഞ്ഞത് കേട്ട് അവളുമവരെ പുണർന്ന് കരഞ്ഞു. എങ്കിലും അവളുടെ ഉള്ളിലെ നീറ്റലപ്പോഴുമടങ്ങിയിരുന്നില്ല. സമയമിഴഞ്ഞ് നീങ്ങുന്നതിനിടയിലെപ്പോഴോ ആണ് ചാരു ഇരുന്നിടം ശൂന്യമാണെന്ന് സിദ്ധു കണ്ടത്. അവിടമാകെ അവളെ തിരഞ്ഞൊടുവിൽ സീതയോട് ചോദിക്കാൻ തന്നെ അവൻ തീരുമാനിച്ചു. " അമ്മേ ഇനി കുഴപ്പമൊന്നുമില്ലല്ലോ നിങ്ങള് വീട്ടിലേക്ക് പൊക്കോ.... " ഒന്ന് സംസാരിച്ചുതുടങ്ങാൻ വേണ്ടി മാത്രം അവൻ സീതയോട് പറഞ്ഞു. " വേണ്ട മോനെ ഞങ്ങളുമിനി ചേട്ടനെ കണ്ടേ പോണുള്ളു. " അത് കേട്ട് അവനൊന്ന്‌ മൂളി. " അല്ലമ്മേ ചാരു എവിടെ??? " " അവള് വീട്ടിലേക്ക് പോയി.... അത്രക്ക് നൊന്തിട്ടുണ്ട് മോനെ എന്റെ കുഞ്ഞിന്.... ഒറ്റയ്ക്കിരുന്നൊന്ന് കരയുവെങ്കിലും ചെയ്തോട്ടെന്റെ മോള്. " പറയുമ്പോൾ സീതയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അതവനേയും വല്ലാതെ നോവിച്ചു. പിന്നെയും അവിടേ നിൽക്കുന്നുണ്ടായിരുന്നെങ്കിലും അവന്റെ ഉള്ളിൽ മുഴുവൻ അവളായിരുന്നു.

ഒടുവിൽ അവിടെത്തന്നെ മുറിയെടുത്ത് എല്ലാവരെയും അങ്ങോട്ട്‌ മാറ്റിയിട്ട് അവൻ നേരെ തന്റെ കാറുമെടുത്ത് ഹോസ്പിറ്റലിന് പുറത്തേക്ക് പോയി. പോകും മുൻപ് അവിടെത്തന്നെ ഉണ്ടാകണമെന്ന് അനിയെ പറഞ്ഞേൽപ്പിക്കുകയും ചെയ്തു. നീരജയും വിശ്വവും നേരത്തെ തന്നെ ദേവരാഗത്തിലേക്ക് പോയിരുന്നു. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ഈ സമയം വീട്ടിലെത്തിയ ചാരു ഡൈനിങ് ടേബിളിൽ തല ചെയ്ച്ചിരുന്ന് സങ്കടം മുഴുവൻ കരഞ്ഞുതീർത്തുകൊണ്ടിരിക്കുകയായിരുന്നു. നീരജയുടെ വാക്കുകൾ ഓർമ്മയിലേക്ക് വരും തോറും അവൾ വിങ്ങി വിങ്ങി കരഞ്ഞു. ഒന്നും കഴിക്കാൻ പോയിട്ട് ഒരിറ്റ് വെള്ളം കുടിക്കാൻ പോലുമവൾക്ക് തോന്നിയില്ല. അത്രമേലവളുടെ നെഞ്ച് കലങ്ങിയിരുന്നു. പെട്ടന്നാണ് പുറത്തൊരു വണ്ടി വന്ന ശബ്ദം കേട്ടത്. അവൾ വേഗത്തിൽ ചാടിപ്പിടഞ്ഞെണീറ്റ് മുഖമൊക്കെ തുടച്ചു. അല്പസമയം കഴിഞ്ഞപ്പോൾ കാളിങ് ബെൽ മുഴങ്ങിത്തുടങ്ങി. അത് കേട്ടതും എവിടെനിന്നൊ ഒരു ഭയം തന്നെ വന്നുമൂടുന്നതവളറിഞ്ഞു. കാരണം വന്നത് ശിവപ്രസാദും സീതയുമല്ലെന്ന കാര്യമവൾക്കുറപ്പായിരുന്നു. " ആ.... ആരാ ???? " വീണ്ടും കാളിങ് ബെൽ മുഴങ്ങിയപ്പോൾ പേടിച്ചരണ്ട സ്വരത്തിൽ അവൾ വിളിച്ചുചോദിച്ചു. " വാതില് തുറക്കെടി..... "

ആ ശബ്ദം തിരിച്ചറിഞ്ഞതും ശ്വാസമൊന്നാഞ്ഞ് വലിച്ച് നെഞ്ചിൽ കൈ വച്ചുകൊണ്ട് അവൾ വാതിൽ തുറന്നു. വാതിൽ തുറന്നതും തൂണിൽ ചാരി വല്ലാത്ത ഒരു ഭാവത്തിൽ നിൽക്കുന്ന സിദ്ധുവിനെ കണ്ട് അവളൊന്ന് ഭയന്നു. അവന്റെ നെറ്റി ചെറുതായി മുറിഞ്ഞ് രക്തം പൊടിഞ്ഞിരുന്നു. ഷർട്ടിൽ അവിടവിടായി മണ്ണ് പറ്റിയിരുന്നു. " അയ്യോ കണ്ണേട്ടാ ഇതെന്തുപറ്റിയതാ..... നെറ്റിയെങ്ങനാ മുറിഞ്ഞത് ??? " ഓടിയവന്റ അരികിലേക്ക് ചെന്ന് ഒരാന്തലോടെ അവൾ ചോദിച്ചു. " ചെറിയൊരു ആക്സിഡന്റ് ഉണ്ടായി. " മുഖത്ത് നോക്കാതെ അവൻ പറഞ്ഞെങ്കിലും അതൊന്നും വിശ്വസിക്കാൻ അവൾ തയ്യാറായിരുന്നില്ല. " സത്യം പറ കണ്ണേട്ടാ....എന്താ ഉണ്ടായത് ???? " വീണ്ടുമവളുടെ നിർബന്ധം സഹിക്കാൻ വയ്യാതായപ്പോൾ അവൻ പതിയെ പറഞ്ഞുതുടങ്ങി. " ഞാൻ....ഞാൻ കാരണമാ അച്ഛനിന്നിങ്ങനെ. ഞാനവന് വഴങ്ങാതിരുന്നതിന്റെ ഫലമാ എന്റച്ഛനീ തിന്നുന്ന വേദന.... " എല്ലാം കേട്ട് കാര്യം മനസ്സിലാവാതെ നിൽക്കുന്ന അവളോട് അലക്സിനെ എല്ലാം പറയുമ്പോൾ ദേഷ്യം കൊണ്ട് അവന്റെ മുഖത്തേ ഞരമ്പുകളാകെ വലിഞ്ഞുമുറുകിയിരുന്നു.

" പക്ഷേ ..... പക്ഷേ ഞാനൊരിക്കലും അവനിങ്ങനെയൊരു നീക്കം നടത്തുമെന്ന് കരുതിയില്ല. എന്തുണ്ടായാലും അതെനിക്കായിരിക്കുമെന്നേ കരുതിയിരുന്നുള്ളു. പക്ഷേ ഇതിപ്പോ എന്റെ പാവമച്ഛൻ.... " ദേഷ്യവും സങ്കടവും കൊണ്ട് അവൻ മുഷ്ടി ചുരുട്ടി തൂണിൽ ആഞ്ഞിടിച്ചു. " ക....കണ്ണേട്ടാ..... " " ഞാൻ..... ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ ??? " " എന്താ ???? " " ഇത്.... ഇതൊക്കെ എങ്ങനെ ഉണ്ടായതാ ???? " അവന്റെ നെറ്റിയിലേക്ക് നോക്കി അവൾ പതിയെ ചോദിച്ചു. " അവനില്ലേ ആ അലക്സ്...... അവനെനിക്ക് തന്ന സമ്മാനമല്ലേ എന്റച്ഛന്റെ ഇപ്പോഴത്തേ അവസ്ഥ അതിന് പകരം അവനൊരു സമ്മാനം കൊടുത്തില്ലെങ്കിൽ ഞാനെങ്ങനെ ദേവരാഗത്തിൽ നരേന്ദ്രനാഥിന്റെ മകൻ സിദ്ധാർഥ് ആകും ??? " " അതിന്.....അതിന് കണ്ണേട്ടനിപ്പോ എന്താ ചെയ്തത് ??? " അവൻ പറഞ്ഞതൊക്കെ കേട്ടപ്പോൾ വെപ്രാളത്തോടെ ചാരു ചോദിച്ചു. സിദ്ധു അപ്പോൾ കുറച്ചു മുൻപ് നടന്ന സംഭവങ്ങളുടെ ഓർമ്മയിലായിരുന്നു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story