കാവ്യമയൂരം: ഭാഗം 15

kavyamayooram

രചന: അഭിരാമി ആമി

 വെളുപ്പിന് എപ്പോഴോ ആദ്യമുറക്കമുണർന്നത് സിദ്ധുവായിരുന്നു. സോഫയിൽ ഇരുന്നുറങ്ങിയത് കൊണ്ട് തന്നെ ദേഹമൊക്കെ ചെറിയ വേദന പോലെ തോന്നിയ അവൻ ഒന്ന് നിവർന്നിരുന്ന് മൂരി നിവർക്കുമ്പോഴായിരുന്നു തൊട്ടരികിലിരുന്ന ചാരുവിലേക്കവന്റെ നോട്ടമെത്തിയത്. അവളപ്പോഴും ഒരു പൂച്ചക്കുഞ്ഞിനേപ്പോലെ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തിയിരുന്നുറങ്ങുകയായിരുന്നു. ഒന്നുമറിയാതെ നിഷ്കളങ്കമായുറങ്ങുന്ന അവളെ നോക്കിയിരിക്കുമ്പോൾ അവൻ പതിയെ ഒന്ന് പുഞ്ചിരിച്ചു. അപ്പോഴാണ് അവന് സമയത്തേപ്പറ്റി ഓർമ്മ വന്നത്. ഹോസ്പിറ്റലിലേക്ക് പോകണമെന്നോർത്തപ്പോൾ അവൻ വേഗത്തിൽ എഴുന്നേൽക്കാനൊരുങ്ങി. പക്ഷേ ചാരുവൊന്ന് ചിണുങ്ങിയിട്ട് അവന്റെ ഷർട്ടിൽ മുറുകെപ്പിടിച്ചുകൊണ്ട് അവന്റെ നഗ്നമായ മാറിലേക്ക് മുഖം പൂഴ്ത്തിക്കിടന്നു. അവനൊരു ചിരിയോടെ അവളുടെ മുടിയിലൂടെ പതിയെ ഒന്ന് തലോടി. അപ്പോഴേക്കും ഒന്ന് കുറുകിക്കൊണ്ട് ചാരു കണ്ണുകൾ ചിമ്മിത്തുറന്നു. തന്നെയും ചേർത്തുപിടിച്ചുകൊണ്ട് സോഫയിലിരിക്കുന്ന അവനെ കണ്ടതും അവളൊന്ന് വെളുക്കെ ചിരിച്ചു.

( ഏഹ്..... ഇവൾടെ ബോധം പോയൊ ??? ) ഗൗരവം വിടാതെ തന്നെ അവൻ ആത്മഗതിച്ചു. " ഹോ സ്വപ്നമാണെങ്കിലെന്താ മോന്ത വീർപ്പിച്ചുവച്ചേക്കുന്ന കണ്ടില്ലേ..... ഇയാളെന്തുമനുഷ്യനാ സ്വപ്നത്തിലെങ്കിലും ഒന്ന് ചിരിച്ചൂടെ..... എന്നേപ്പിടിച്ചുമ്മിക്കുമ്പോൾ നല്ല കിണിയാണല്ലോ.... അതും മനുഷ്യനെ കൊല്ലുന്ന ചിരി..... ശോ ഒന്ന് പോ മനുഷ്യ ഇങ്ങനെ നോക്കല്ലേ..... " ഉറക്കപ്പിച്ചിൽ അവന്റെ നെഞ്ചോട് ചേർന്നിരുന്ന് താടിയിൽ പതിയെ പിടിച്ചുവലിച്ചുകൊണ്ട് അവൾ പറഞ്ഞ് ചിരിച്ചു. ( ഓഹോ അപ്പോ മാഡത്തിനിതുവരെ ഇതുവരെ സ്വപ്നത്തിന്റെ ഹാങ്ങോവർ വിട്ടിട്ടില്ല.... ) " ഡീ..... " " സ്വപ്നത്തിലെങ്കിലും ഇങ്ങനെ അലറല്ലേ കണ്ണേട്ടാ..... " അവൻ വിളിച്ചതും സ്വപ്നത്തിലാണെന്ന് കരുതി ചിരിയോടെ തന്നെ അവളവന്റ കഴുത്തിലെ മാലയിൽ വിരൽ കൊരുത്തുകൊണ്ട് പറഞ്ഞു.

" എണീക്കെടി പുല്ലേ അങ്ങോട്ട് അവൾടെ അമ്മൂമ്മേടെ സ്വപ്നം..... " പറഞ്ഞതും അവളുടെ തലയ്ക്കൊരു കിഴുക്ക് വച്ചുകൊടുത്തു സിദ്ധു. പെട്ടന്ന് ബോധം വന്ന അവൾ അവനിൽ നിന്നും പിടഞ്ഞുമാറിയെണീറ്റു. തന്നെത്തന്നെ നോക്കുന്ന സിദ്ധുവിന്റെ മുഖത്തേക്ക് നോക്കാൻ കഴിയാതെ അവൾ വിളറി വെളുത്ത് മുഖം കുനിച്ചുനിന്നു. അവളുടെയാ നിൽപ്പ് കണ്ട് അവനുമറിയാതെ ചിരി വന്നു. പക്ഷേ അതവൻ വിദഗ്ദ്ധമായി ഒളിപ്പിച്ചുകൊണ്ട് അവളെ തുറിച്ചുനോക്കി. " എന്താടി നിന്റെ വല്ലതും കളഞ്ഞുപോയൊ ??? " തറയിൽ അവൾ നോക്കുന്നിടത്തേക്ക് തന്നെ നോക്കിക്കൊണ്ട് അവൻ ചോദിച്ചു. ചാരു വേഗത്തിൽ തല ഉയർത്തി അവനെ നോക്കി. " ഇ..... ഇല്ല..... " " പിന്നെ നിന്ന് കുണുങ്ങാതെ പോയൊരു ചായ ഇട്ടോണ്ട് വാടി എനിക്ക് ഹോസ്പിറ്റലിലോട്ട് പോണം....." അവൻ ശബ്ദമുയർത്തിയതും അവളെന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ചവിട്ടികുലുക്കി അകത്തേക്ക് പോയി. ഒരു ചിരിയോടെ സിദ്ധു ഗസ്റ്റ്‌ റൂമിലേക്കും നടന്നു.

അവൻ കുളിയൊക്കെ കഴിഞ്ഞ് വരുമ്പോഴേക്കും ചാരു ചായ ഉണ്ടാക്കിയിരുന്നു. " നീയിന്ന് കോളേജിൽ പോണില്ലേ ???? " " ഇല്ല.... ഞാനും ഹോസ്പിറ്റലിലേക്ക് വരുവാ.... " സിദ്ധുവിന്റെ ചോദ്യത്തിന് മറുപടിയായി അവൾ പറഞ്ഞു. അവനും മറുത്തൊന്നും പറഞ്ഞില്ല. കുറച്ചുസമയത്തിനുള്ളിൽ ഇരുവരും റെഡിയായി അവിടുന്നിറങ്ങി. ഹോസ്പിറ്റലിലേക്കുള്ള യാത്രയിലുടനീളം ഇരുവരും മൗനമായി തന്നെയിരുന്നു. അലക്സിനോടുള്ള പകയിൽ നീറിപ്പുകയുകയായിരുന്നു സിദ്ധുവിന്റെ ഉള്ള്. " ഇതുകൊണ്ടൊന്നും ഒന്നും അവസാനിക്കുന്നില്ല അലക്സ്..... തുടങ്ങിയിട്ടേയുള്ളൂ..... നീ തൊട്ടത് എന്റെ കുടുംബത്തിലാണ്..... ഇതിനുപകരമായി നിന്റെ അടിവേര് ഞാൻ മാന്തിയിരിക്കും.... " ഡ്രൈവ് ചെയ്യുന്നതിനിടയിലും അവന്റെ ഹൃദയം മന്ത്രിച്ചു. ഹോസ്പിറ്റലിലെത്തി അവരിരുവരും ഒരുമിച്ച് തന്നെയാണ് അകത്തേക്ക് കയറിച്ചെന്നത്. അപ്പോഴേക്കും എല്ലാവരുമൊന്ന് ശാന്തമായിരുന്നു. അരുന്ധതി മാത്രം ഇടയ്ക്കിടെ വിതുമ്പിയിരുന്നു. " ആഹാ നിങ്ങളൊരുമിച്ചാണോ വന്നത് ???? "

സിദ്ധുവിന്റെ പിന്നാലെ വന്ന ചാരുവിനെ കണ്ട് മൃദുല ചോദിച്ചു. അതുകേട്ട് സിദ്ധുവും ചാരുവും ഒരുപോലെ ഞെട്ടി. " ഏയ്..... ഞങ്ങൾ പുറത്തുവച്ച് കണ്ടതാ..... " ചാരുവെന്തെങ്കിലും പറയുന്നതിന് മുൻപ് സിദ്ധു കേറിപ്പറഞ്ഞു. പിന്നീട് ആരുമൊന്നും മിണ്ടിയില്ല. പക്ഷേ ചാരുവിനെ കണ്ടതും അവിടെയിരുന്നിരുന്ന നീരജയുടെ മുഖം മങ്ങി. " ഹും തന്ത അങ്ങോട്ടോ ഇങ്ങോട്ടോന്നറിയാതെ കിടക്കുമ്പോഴും അവനാ ഒരുമ്പെട്ടവളുടെ പുറകെ നടക്കുവാ..... " വിശ്വത്തിന് മാത്രം കേൾക്കാൻ മാത്രം പാകത്തിനാണ് നീരജയത് പറഞ്ഞതെങ്കിലും ചാരുവുമത് കേട്ടിരുന്നു. അവളുടെ മുഖമൊന്നിരുണ്ടു. " നീയൊന്ന് ചുമ്മാതിരി നീരു.... " വിശ്വം പതിയെ പറഞ്ഞു. 💕💕💕💕💕💕💕💕💕💕💕💕💕💕💕 " ക്രിസ്റ്റി പ്ലീസ് ഞാൻ പറയുന്നതൊന്നുകേൾക്ക്..... ഇത് ഹോസ്പിറ്റലാണ് ഡോക്ടേഴ്സിനോമറ്റോ എന്തെങ്കിലും സംശയം തോന്നിയാൽ നമ്മൾ പെടും..... "

ബെഡിൽ കിടന്നലറിക്കോണ്ടിരുന്ന ക്രിസ്റ്റിയെ അനുനയിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അലീന പറഞ്ഞു. " പ്ഫാാ ....മോളെ നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഈ ക്രിസ്റ്റിയെ കേറി ഉണ്ടാക്കാൻ വരരുതെന്ന്...... നീയാരാടീ എന്നേ ഉപദേശിക്കാൻ..... ഒരുപാട് അധികാരം കാണിക്കാൻ നിക്കാതെ മര്യാദക്ക് പറഞ്ഞത് ചെയ്യടി..... വേദനകൊണ്ട് ഭ്രാന്തെടുത്തിരിക്കുവാ ഞാൻ ഇനി നീ കൂടി എന്റെ ക്ഷമ പരീക്ഷിക്കരുത്.... " ബെഡിൽ കിടന്ന് തലയിട്ടടിച്ച് ബെഡ് ഷീറ്റിൽ മുറുകെപ്പിടിച്ചുകൊണ്ട് അവനലറി. അവന്റെ ഇരുകാലുകളും മുട്ടുവരെ പ്ലാസ്റ്ററിട്ട് വച്ചിരുന്നു. ദേഹമാസകലം മുറിവുകളും ചതവുകളും നിറഞ്ഞിരുന്നു. ഒരു കയ്യും തലയും പൊതിഞ്ഞുകെട്ടിയിരുന്നു. എല്ലാംകൂടി ആയപ്പോൾ വേദനകൊണ്ട് അവന്റെ കണ്ണുകൾ ചുവന്നുകലങ്ങിയിരുന്നു. " എന്താഡീ .....മോളെ ഇനിയെന്നേ അങ്ങ് സെമിത്തേരിയിലോട്ട് കെട്ടിയെടുക്കുന്നത് നോക്കി നിക്കുവാണോ നീ..... പറഞ്ഞത് ചെയ്യടി .....മോളെ.... " അവനോടിനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയപ്പോൾ അലീന ചെന്ന് ബാഗിൽ നിന്നുമൊരു സിറിഞ്ചെടുത്തുകൊണ്ട് വന്ന് അവന്റെ കൈത്തണ്ടയിലേക്ക് ഇൻജെക്റ്റ് ചെയ്തു.

അത് സിരകളിലേക്ക് ആഴ്ന്നിറങ്ങിയതും വല്ലാത്തൊരുന്മാദത്തോടെ അവൻ കണ്ണുകൾ ഇറുക്കിയടച്ചു. ശരീരത്തെ കാർന്നുതിന്നുന്ന വേദനക്കിടയിലും ഉന്മാദത്തോടവൻ ചിരിച്ചു. " ഡീ...... " ഉച്ചത്തിലുള്ള ആ വിളിയൊച്ച കേട്ടാണ് അലീന തിരിഞ്ഞുനോക്കിയത്. വാതിലിൽ ദേഷ്യത്തിൽ വിറഞ്ഞുനിൽക്കുന്ന അലക്സിനെ കണ്ടതും അവൾ ഭയത്തോടെ രണ്ടടി പിന്നിലേക്ക് നീങ്ങി. അപ്പോഴേക്കും ക്രിസ്റ്റിയും അങ്ങോട്ട് നോക്കി. അലക്സിനെ കണ്ടതും ആ മുഖത്തൊരു നിസ്സാരഭാവം വിരിഞ്ഞു. " എന്താഡീ നീയീ കാണിച്ചത് ഇത് ഹോസ്പിറ്റലാണെന്ന ബോധം പോലുമില്ലാതെയാണോ ഈ കോപ്പെടുത്ത് ഇവന്റെ അണ്ണാക്കിലോട്ട് കുത്തിയിറക്കുന്നത്..... " ദേഷ്യത്തിലാണെങ്കിലും ശബ്ദം നിയന്ത്രിച്ചുകൊണ്ട് അലക്സ്‌ ചോദിച്ചു. " സാർ.... അതുപിന്നെ ക്രിസ്റ്റി വാശി പിടിച്ചപ്പോ.... " " വാശി പിടിച്ചാൽ നീയുടനെ കുത്തിക്കേറ്റിക്കൊടുക്കുമോഡീ.... "

" മതി..... അവളുടെ മെക്കിട്ട് കേറണ്ടാ.... ഞാൻ പറഞ്ഞിട്ടാ അവളത് ചെയ്തത്..... " " നീയെന്തൊക്കെയാ ക്രിസ്റ്റി ഈ കാണിച്ചുകൂട്ടുന്നത് ??? ഇതൊരു ഹോസ്പിറ്റലാണെന്ന ബോധം പോലുമില്ലേ നിനക്ക് ???? " ദേഷ്യത്തിൽ ചോദിച്ചുകൊണ്ട് അലക്സ്‌ വന്ന് ബെഡിനടുത്തിട്ടിരുന്ന ചെയറിലേക്ക് ഇരുന്നു. " പിന്നെ ഞാനെന്നാ വേണമെന്നാ ചേട്ടായി പറയുന്നത്???? നഖം മുതൽ മുടി നാരിഴപോലും വേദനകൊണ്ട് പുളയുവാ...... ശരീരത്തിലിനിയൊരിടമില്ല അവന്റെ കൈ പതിയാത്തതായിട്ട്.... ഈ കാലുകുത്തി നടക്കമോ എന്ന കാര്യം പോലും സംശയമാ..... ഞാനൊന്ന് നേരെ നിന്നാൽ വെറുതെ വിടില്ല ഞാനാ പന്ന ..... മോനെ.... " അലക്സിനെ നോക്കി പല്ലുകടിച്ചുകൊണ്ട് ക്രിസ്റ്റി പറഞ്ഞു. " പോട്ടെടാ നീയീ അവസ്ഥയിൽ നിന്ന് റിക്കവറാകും മുൻപ് അവനെ ആ സിദ്ധാർദ്ധിനെ ഇതിലും മോശമായ അവസ്ഥയിൽ എത്തിച്ചിരിക്കും ഞാൻ..... അലക്സാ പറയുന്നത്..... "

ആ വാക്കുകൾ പറയുമ്പോൾ ദേഷ്യം കൊണ്ടയാളുടെ സ്വരം മുറുകിയിരുന്നു. ചെന്നിയിൽ ഞരമ്പുകൾ പിടഞ്ഞുകയറിയിരുന്നു. കണ്ണുകൾ ചുവന്ന്‌ പല്ലുകൾ ഞെരിഞ്ഞമർന്നു. അപ്പോഴയാളുടെ ഉള്ള് മുഴുവൻ സിദ്ധുവിനോടുള്ള പകയിൽ നീറിപ്പുകയുകയായിരുന്നു. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 നരേന്ദ്രനെ ഉടൻ തന്നെ റൂമിലേക്ക് മാറ്റുമെന്ന് പറഞ്ഞിരുന്നതിനാൽ എല്ലാവരും icu വിന്റെ മുന്നിൽ തന്നെയുണ്ടായിരുന്നു. ആ കാത്തിരുപ്പിനിടയിലെപ്പോഴോ ആയിരുന്നു ചാരു മാത്രം അവിടെയില്ലെന്നുള്ള കാര്യം സിദ്ധു ശ്രദ്ധിച്ചത്. അവൻ പതിയെ അവിടെ നിന്നും പുറത്തേക്ക് നടന്നു. സിദ്ധു പുറത്തേക്ക് വരുമ്പോൾ ചാരു പാർക്കിങ്ങിൽ ഉണ്ടായിരുന്ന അവന്റെ കാറിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു. ആ നിൽപ്പ് കണ്ടാൽ തന്നെ അറിയാമായിരുന്നു അവളുടെ ചിന്തകൾ മറ്റെവിടെയോ ആണെന്ന്.

" നീയെന്താ ഒറ്റയ്ക്കിവിടെ വന്ന് നിൽക്കുന്നത് ??? " അവളുടെ തൊട്ടരികിലേക്ക് വന്നുനിന്നുകൊണ്ട് സിദ്ധു ചോദിച്ചതും ചാരു ഞെട്ടിയവന്റെ നേർക്ക് നോക്കി. അരികിൽ സിദ്ധുവാണെന്ന് കണ്ടതും അവൾ വെറുതെയൊന്ന് ചിരിച്ചു. " ഞാൻ വെറുതെ.... " " എന്താ അമ്മായി വല്ലതും പറഞ്ഞൊ ??? " " ഏയ്..... അങ്ങനെ..... അങ്ങനൊന്നുല്ല കണ്ണേട്ടാ.... " അവന്റെ മുഖത്തേക്ക് നോക്കാതെ അവൾ പറഞ്ഞു. അതുകണ്ടതും അവൻ പതിയെ ഒന്ന് ചിരിച്ചു. " കണ്ണേട്ടാ..... " പെട്ടന്നവൾ വിളിച്ചതും ചോദ്യഭാവത്തിൽ അവനാ മുഖത്തേക്ക് തന്നെ നോക്കി നിന്നു. " ഞാൻ..... എന്റെ ദോഷം കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന തോന്നൽ കണ്ണേട്ടനുമുണ്ടോ ??? " സിദ്ധു വീണ്ടുമൊന്ന് പുഞ്ചിരിച്ചു. അതുകൂടി കണ്ടതും ചാരുവിന്റെ മുഖം കൂടുതൽ വാടി. " നാളോ പൊരുത്തമൊ ജാതകച്ചേർച്ചയോ നോക്കി ജീവിതം തുടങ്ങിയവരല്ല എന്റച്ഛനുമമ്മയും. അതുപോലെ തന്നെയാണ് എന്റെ ഏട്ടനും ഏടത്തിയും. അവരുടേതാണെങ്കിൽ പ്രണയവിവാഹമായിരുന്നു. എന്നിട്ട് അവരൊക്കെ ജീവിക്കുന്നില്ലേ ???

പിന്നെ നമ്മൾ തമ്മിലുള്ള വിവാഹവും ഉറപ്പിച്ചത് ഈ വക സംഭവങ്ങളൊന്നും നോക്കിയിട്ടല്ല. ഇതിലും വലിയ എന്തുതെളിവാണ് ഇതൊന്നും ഞങ്ങടെ വിശ്വാസത്തിൽ പെടുന്ന കാര്യങ്ങളല്ല എന്ന് നിനക്ക് ബോധ്യപ്പെടാൻ ???? " സിദ്ധുവിന്റെ ചോദ്യതിന് മുന്നിൽ ചരുവിന് മറുപടിയൊന്നും തന്നെയുണ്ടായിരുന്നില്ല. അവൾ മൗനമായി അവനെ കേട്ടുകൊണ്ട് നിന്നു. അവൻ വീണ്ടും തുടർന്നു. " പിന്നെ നീരജമ്മായി പറഞ്ഞത്..... അത് മൈൻഡ് ചെയ്യാനേ പോകണ്ട. പണ്ടുമുതലേ ഞാനും അമ്മായിയും തമ്മിൽ അത്ര നല്ല ബന്ധത്തിലല്ല. പിന്നെ നിന്നോടുള്ള അവരുടെ ദേഷ്യത്തിന് മറ്റൊരു കാര്യം കൂടിയുണ്ട്. ഇവർക്കൊരു മകളുണ്ട് നീലിമ. അവളെയെന്റെ തലയിൽ കെട്ടി വയ്ക്കണമെന്നൊരു വിചാരം കൂടി പുള്ളിക്കാരിക്കുണ്ടായിരുന്നു. പക്ഷേ അതിൽ അച്ഛനുൾപ്പെടെ ആർക്കും താല്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആ സ്ഥാനത്തേക്ക് വന്ന നിന്നോടൊരു ദേഷ്യം സ്വാഭാവികമാണല്ലോ. അതോർത്ത് നീയിനി കാടുകേറാനൊന്നും നിൽക്കുണ്ടാ. വാ അച്ചനെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തുകാണും. " പറഞ്ഞിട്ട് സിദ്ധു തിരികെ നടന്നു. പിന്നാലെ തന്നെ ആശങ്കകളലിഞ്ഞുപോയ മനസുമായി ചാരുവും.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story