കാവ്യമയൂരം: ഭാഗം 16

kavyamayooram

രചന: അഭിരാമി ആമി

രണ്ടാഴ്ചത്തെ ഹോസ്പിറ്റൽ വാസം കഴിഞ്ഞ് നരേന്ദ്രന്റെ നിർബന്ധം കൊണ്ട് തന്നെയായിരുന്നു ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോന്നത്. എങ്കിലും മുറിവ് പൂർണമായും ഉണങ്ങിയിട്ടില്ലായിരുന്നതിനാൽ രണ്ടുദിവസത്തിലൊരിക്കൽ വീട്ടിൽ വന്നുനോക്കാൻ ഒരു ഡോക്ടറേയും ഏർപ്പാട് ചെയ്തിരുന്നു. അരുന്ധതിയും പതിയെപ്പതിയെ എല്ലാത്തിനോടും ഇണങ്ങിച്ചേർന്നിരുന്നു. എല്ലാവർക്കും നരേന്ദ്രന്റെ ആ അവസ്ഥയിൽ വിഷമമുണ്ടായിരുന്നുവെങ്കിലും ഇതൊന്നും തന്നേ ബാധിക്കുന്നില്ല എന്ന രീതിയായിരുന്നു പുള്ളിക്കാരന്. വീട്ടിലിരുന്നുതന്നെ ജോലികൾ ചെയ്യാനും അത്യാവശ്യമീറ്റിങ്ങുകളിലൊക്കെ വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 " അച്ഛാ ഞാനും കൂടി വന്നോട്ടെ ??? " തന്റെ ഡെലിവറി ഡേറ്റ് അടുത്തതിനാൽ നാട്ടിലേക്ക് വരുകയായിരുന്ന മനുവിനെ കൂട്ടാൻ എയർപോർട്ടിലേക്ക് പോകാനിറങ്ങുകയായിരുന്ന മോഹനന്റെ അരികിലേക്ക് ചെന്ന ചൈതന്യ ചോദിച്ചു.

" എന്താ മോളേയിത് ഈ അവസ്ഥയിൽ യാത്ര പാടില്ലെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടില്ലേ ??? ഞങ്ങള് വേഗമിങ്ങ് വരില്ലേ ദേ അമ്മയും വരണില്ലല്ലോ മോൾക്ക് വരാൻ പറ്റാത്തതുകൊണ്ട്..... " വാത്സല്യത്തോടവളുടെ നെറുകയിൽ തലോടിക്കൊണ്ട് മോഹനൻ പറഞ്ഞു. പക്ഷേ അവളുടെ മുഖമൊട്ടും തന്നെ തെളിഞ്ഞിരുന്നില്ല. " നോക്ക് മോളെ ഈ അവസ്ഥയിൽ നിന്നേം കൊണ്ടങ്ങോട്ട് ചെന്നാൽ അവനെന്റെ നേരെ തട്ടിക്കേറും.... അതുകൊണ്ട് മോളമ്മേടെ കൂടെ ഇവിടെത്തന്നിരിക്ക്. ഞങ്ങൾ വേഗമിങ്ങ് വരാം.... ഇന്ദു ഞാൻ പോയിട്ടുവരാം... " അവളെ സമാധാനിപ്പിച്ച ശേഷം ഇന്ദിരയോടും പറഞ്ഞിട്ട് മോഹൻ കാറിലേക്ക് കയറി. നിരാശയോടെ അവൾ പതിയെ അകത്തേക്ക് നടന്നു. അതുകണ്ട് ഒരു ചിരിയോടെ ഇന്ദിരയും അവളുടെ ഒപ്പം ചെന്നു. മോഹനൻ എയർപോർട്ടിലെത്തി കാർ പാർക്ക് ചെയ്തിട്ട് അകത്തേക്ക് കയറും മുൻപ് തന്നെ മനു പുറത്തേക്ക് വരുന്നുണ്ടായിരുന്നു. " അച്ഛാ...... " അവനോടിവന്ന് അയാളെ കെട്ടിപിടിച്ചു. മോഹനൻ തിരിച്ചും.

" അച്ഛൻ മാത്രേ വന്നുള്ളോ അമ്മയില്ലേ ??? " കാറിനടുത്തേക്ക് നടക്കുമ്പോൾ ഉള്ളിലേക്ക് നോക്കിക്കൊണ്ട് മനു ചോദിച്ചു. " ചിത്തുമോളും കൂടെ വരുമെന്ന് പറഞ്ഞ് വാശി പിടിച്ചുനിക്കുവായിരുന്നു. ഈ അവസ്ഥയിലെങ്ങനാ അവളെയും കൊണ്ട് വരുന്നത്. അതുകൊണ്ട് പിന്നെ അമ്മയുമിറങ്ങിയില്ല. " കാറിന്റെ ഡിക്കി തുറന്നുകൊണ്ട് മോഹനൻ പറഞ്ഞു. അതുകേട്ടുകൊണ്ട് തന്നെ ഒരു ചിരിയോടെ അവൻ പെട്ടികളെല്ലാം ഉള്ളിലേക്ക് എടുത്തുവച്ചു. അവന്റെ മനസിലും അപ്പോൾ ചിത്തുവിനെ ഒന്ന് കണ്ടാൽ മതിയെന്ന ചിന്ത തന്നെയായിരുന്നു. " അവൾക്കിപ്പോ എങ്ങനെയുണ്ടച്ഛാ.... ക്ഷീണമുണ്ടോ??? എന്തേലും വയ്യായ്കയുണ്ടോ???? അവൾ നന്നായിരിക്കുന്നോ ???? " പോകും വഴി ഓരോന്നും സംസാരിക്കുന്നതിനിടയിൽ മനു ചോദിച്ചുകൊണ്ടേയിരുന്നു. " എടാ പൊന്നുമോനെ അവൾ നിന്റടുത്തൂന്ന് ഇങ്ങോട്ട് വന്നിട്ട് ഇത്രയ്ക്കിത്ര മാസമല്ലേ ആയുള്ളൂ..... എന്നിട്ടും ദിവസവും നീയാവളെ കണ്ടുതന്നെ സംസാരിക്കുന്നുമില്ലേ....ഇനിയിപ്പോ നേരിൽ കാണാനും പോവാ....

പിന്നെന്തിനാഡാ ഇത്ര വെപ്രാളം ?? " ചിരിയോടെയിലുള്ള മോഹനന്റെ ചോദ്യം കേട്ട് അവനൊരു ചമ്മിയ ചിരി ചിരിച്ചു. " അല്ലച്ചാ അതുപിന്നെ ഞാൻ ഒരാവേശത്തിൽ.... " " മ്മ് മ്മ്..... മതി മതി ഞാനുമീ ആവേശമൊക്കെ കഴിഞ്ഞല്ലെടാ ഈ പ്രായത്തിലെത്തിയത്. " അതുകൂടി കേട്ടതും മനു ആകെ നാണംകെട്ടിരുന്നു. അവൻ പിന്നീടൊന്നും മിണ്ടാതെ ഒരു വളിച്ച ചിരിയോടെ പുറത്തേക്ക് നോക്കിയിരുന്നു. അവർ കുന്നത്തെത്തുമ്പോൾ ഇന്ദിര മാത്രം പൂമുഖത്ത് ഉണ്ടായിരുന്നു. മനു ഓടിച്ചെന്നവരെ പുണർന്നു.. അവർ തിരിച്ചവനെയും കെട്ടിപ്പിടിച്ച് കവിളിൽ ചുംബിച്ചു. " യാത്രയൊന്നും വിഷമമില്ലായിരുന്നല്ലോ അല്ലേ മോനെ ??? " " ഒരു വിഷമോം ഇല്ലാരുന്നെന്റെ ഇന്ദൂട്ടിയേ.... " ഇന്ദിരയുടെ ചോദ്യത്തിന് മറുപടിയായി അവരുടെ കവിളിൽ പിച്ചി ചിരിയോടെ അവൻ പറഞ്ഞു. " അല്ല എവിടെ എന്റെ പ്രീയപ്പെട്ട ഭാര്യ ??? "

അകത്തേക്ക് എത്തി നോക്കിക്കൊണ്ട് മനു ചോദിച്ചു. " ഇതുവരെ മുറ്റത്തൂടെ നടപ്പായിരുന്നു. കാലും നടുവുമൊക്കെ കടയുന്നുന്ന് പറഞ്ഞപ്പോ ഞാനിപ്പോ മുറിയിലേക്ക് കൊണ്ടുകിടത്തി. മയങ്ങിപ്പോയെന്ന് തോന്നുന്നു. അതാ വണ്ടിയുടെ ശബ്ദം കേട്ടിട്ടും പുറത്തേക്ക് വരാഞ്ഞത്..... " ഇന്ദിര പറഞ്ഞത് കേട്ട് പുഞ്ചിരിയോടെ അവനകത്തേക്ക് നടന്നു. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 മനു ചെല്ലുമ്പോൾ റൂമിന്റെ വാതിൽ ചാരിയിരുന്നു. അവൻ പതിയെ ഡോർ തുറന്ന് അകത്തേക്ക് കയറി. പക്ഷേ അവിടെയെങ്ങും ആരെയും കാണാനുണ്ടായിരുന്നില്ല. " അവളിവിടെയുണ്ടെന്നാണല്ലോ അമ്മ പറഞ്ഞത്..... എന്നിട്ടിവളിതെങ്ങോട്ട് പോയി ???? ആഹ് ചിലപ്പോൾ ബാത്‌റൂമിലാവും.... " പിറുപിറുത്തുകൊണ്ട് അവൻ ഡ്രസ്സ്‌ മാറാൻ തുടങ്ങുമ്പോഴായിരുന്നു കട്ടിലിന്റെ മറുവശത്ത് തറയിൽ നിന്നുമൊരു ഞരക്കം പോലെ കേട്ടത്. അവൻ വേഗമങ്ങോട്ട് ചെന്നു. അവിടെക്കണ്ട കാഴ്ചയിൽ മനുവിന്റെ സർവ്വനാഡികളും തളർന്നു. തറയിൽ വീണുകിടക്കുന്ന ചൈതന്യ....

അവൾക്ക് ചുറ്റും തളം കെട്ടിയ രക്തം. ഒരുനിമിഷമെന്ത് ചെയ്യണമെന്ന് പോലും മറന്ന് നിന്നുപോയി മനു. " ചിത്തൂ..... '' പെട്ടന്ന് സ്വബോധം വീണുകിട്ടിയ അവൻ ഒരലർച്ചയോടെ അവളുടെയരികിൽ നിലത്തേക്ക് ഇരുന്നു. ചോരയിൽ കുളിച്ചുകിടന്നിരുന്ന അവളുടെ തല താങ്ങി മടിയിൽ വച്ച് കവിളിൽ തട്ടി വിളിച്ചു. " ചിത്തൂ..... മോളേ..... ഡാ ഒന്ന് കണ്ണ് തുറക്കെടാ.... മോളെ.... " അവളെ കുലുക്കിവിളിച്ചുകൊണ്ട് പദംപറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ആ കണ്ണുനീർ അവളുടെ മുഖത്തേക്ക് വീണുകൊണ്ടിരുന്നു. അപ്പോഴേക്കും മനുവിന്റെ നിലവിളി കേട്ട മോഹനനും ഇന്ദിരയും അകത്തേക്ക് കയറി വന്നിരുന്നു. " അയ്യോ മോളെ..... മോനെ എന്താടാ മോളെങ്ങനെയാ വീണത്.... " അവിടുത്തെ രംഗം കണ്ടതും വല്യവായിൽ നിലവിളിച്ചുപോയി ഇന്ദിര. ഒപ്പം തന്നെ തറയിൽ തളം കെട്ടിയിരുന്ന രക്തം കണ്ട് അവർ കുഴഞ്ഞ് നിലത്തേക്ക് വീണു. പിന്നാലെ ഓടിവന്ന മോഹനനവരെ താങ്ങാൻ ശ്രമിച്ചുവെങ്കിലും അതിനുമുൻപ് അവർ നിലത്തേക്ക് വീണുപോയിരുന്നു.

" അയ്യോ അമ്മേ.... " ഒരുകയ്യ്കൊണ്ട് ചിത്തുവിനെ താങ്ങിപ്പിടിച്ചുകൊണ്ട് തന്നെ മനു വിളിച്ചു. നിമിഷനേരം കൊണ്ട് തന്നെ അവരിരുവരെയും കൊണ്ട് മോഹനന്റെ കാർ പുറത്തേക്ക് പാഞ്ഞു. വരുംവഴി വിളിച്ചുപറഞ്ഞിരുന്നത് കൊണ്ട് കാഷ്വാലിറ്റിക്ക് മുന്നിൽ എല്ലാം തയ്യാറായിരുന്നു. ഇന്ദിരയേ കാഷ്വാലിറ്റിക്കുള്ളിലേക്കും ചിത്തുവിനെ നേരെ ഓപ്പറേഷൻ തിയേറ്ററിലേക്കുമായിരുന്നു കൊണ്ടുപോയത്. ഇന്ദിരയ്ക്ക് ബിപി കൂടി ബോധം കെട്ടതായിരുന്നെന്നും പേടിക്കാനൊന്നുമില്ലെന്നും ഡോക്ടർ പറഞ്ഞതോടെ മനുവും മോഹനനും അല്പമൊന്ന് ആശ്വസിച്ചുവെങ്കിലും അതൊരുപാട് നേരം നീണ്ടുനിന്നില്ല. അപ്പോഴേക്കും അവരിരുവരെയും ഡോക്ടറുടെ മുറിയിലേക്ക് വിളിപ്പിച്ചു. " മിസ്റ്റർ മനു..... ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തുകൊണ്ട് നിങ്ങളോട് കാര്യങ്ങൾ മറച്ചുവെക്കുന്നില്ല. ചൈതന്യയുടെ കണ്ടീഷൻ വളരെ ക്രിട്ടിക്കലാണ്.

വീഴ്ചയിൽ വയറിന് സാരമായ ആഘാതം തന്നെ ഏറ്റിട്ടുണ്ട്. അതിന്റെ പരിണിതഫലം എന്തായിരിക്കുമെന്ന് ഞങ്ങൾക്കിപ്പോ പറയാൻ കഴിയില്ല. ഇപ്പോ തല്ക്കാലം ഒരു സിസേറിയൻ മാത്രമാണ് ഞങ്ങളുടെ ഓപ്ഷൻ. പിന്നെ മനു മറ്റൊന്നുകൂടി തുറന്നുതന്നെ പറയുകയാണ് ഞാൻ പറഞ്ഞല്ലോ ചൈതന്യക്ക് പുറമേ നിന്ന് നോക്കുമ്പോൾ പ്രശ്നങ്ങളൊന്നും തന്നെയില്ല. ഇനി ഫർദർ ചെക്കപ്പിന് ശേഷമേ എന്തെങ്കിലും ഉണ്ടോ എന്ന് പറയാൻ കഴിയൂ. ബട്ട്‌...... " " എന്താ ഡോക്ടർ ഒരു പക്ഷേ..... " അവരെന്തോ പറയാൻ മടിക്കുന്നു എന്ന് തോന്നിയപ്പോൾ മനു വെപ്രാളപ്പെട്ട് ചോദിച്ചു. " അതുപിന്നെ..... നിങ്ങൾ പേടിക്കുവൊന്നും വേണ്ട നമുക്ക് മാക്സിമം ശ്രമിക്കാം. നല്ലത് തന്നെ സംഭവിക്കുമെന്ന് വിചാരിക്കാം. " " ഡോക്ടർ പ്ലീസ് കാര്യമെന്തായാലും ഒന്ന് തെളിച്ചുപറ...... " മനുവിന്റെ ക്ഷമ തീർത്തും നശിച്ചിരുന്നു അപ്പോഴേക്കും. "

അതെന്താണെന്ന് വച്ചാൽ ഇപ്പോ നടത്തിയ പരിശോധനയിലൊന്നും കുഞ്ഞിന്റെ ഹാർട് ബീറ്റ് തിരിച്ചറിയാൻ കഴിയുന്നില്ല. ഒരുപക്ഷെ..... " ഡോക്ടറത് പറഞ്ഞതും തകർന്നുപോയ മനു ടേബിളിലേക്ക് മുഖമമർത്തി കരഞ്ഞു. " മോനെ ഒന്നുല്ലെടാ നീ വന്നേ.... " അവനെ ചേർത്തുപിടിച്ചുകൊണ്ട് മോഹനൻ എണീറ്റു. ഒരു കൊച്ചുകുഞ്ഞിനേപ്പോലെ അയാളുടെ മാറിലേക്ക് ചാഞ്ഞവൻ പൊട്ടിക്കരഞ്ഞു. ചൈതന്യയേ ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറ്റിയിട്ട് മണിക്കൂറുകൾ കഴിഞ്ഞു. മനുവാണെങ്കിൽ വെപ്രാളം പിടിച്ചതിന് മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഒടുവിൽ തിയേറ്ററിന്റെ വാതിൽ തുറക്കപ്പെട്ടു. ആകാംഷയോടെ അവരിരുവരും ഓടിയങ്ങോട്ട് ചെന്നു. പക്ഷേ പുറത്തേക്ക് വന്ന ഡോക്ടറിന്റെ മുഖം മ്ലാനമായിരുന്നു. " ഡോക്ടർ എന്റെ ചിത്തുവും കുഞ്ഞും..... " അവരുടെ മുഖഭാവം ഉള്ളുലച്ചുവെങ്കിലും അവൻ ചോദിച്ചു.

" വീ ആർ സോ സോറി മിസ്റ്റർ മനു.... ഞങ്ങളുടെ കഴിവിന്റെ പരമാവധി ഞങ്ങൾ ശ്രമിച്ചു. പക്ഷേ നമ്മളാരും ഈശ്വരൻമാർ ഒന്നുമല്ലല്ലോ..... " " ഡോക്ടർ..... " അവന്റെ സ്വരം വല്ലാതെ വിറപൂണ്ടിരുന്നു അപ്പോൾ. " സോറി.... രണ്ടുപേരെയും രക്ഷിക്കാൻ കഴിഞ്ഞില്ല..... " പറഞ്ഞിട്ടവന്റെ തോളിലൊന്ന് തട്ടിയിട്ട് ഡോക്ടർ അവിടെ നിന്നും പോയി. മനുവാണെങ്കിൽ സർവ്വതും തകർന്നത് പോലെ തളർന്ന് നിലത്തേക്കിരുന്നു. " ചേച്ചി !!!!!!!!!!!!!!!!!!!!!!!!!! " ചാരുവിന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ടുകൊണ്ടാണ് ശിവപ്രസാദും സീതയും കൂടി ഓടി മുകളിലേക്ക് വന്നത്. അവരോടി ചാരുവിന്റെ മുറിയിൽ വരുമ്പോൾ ബെഡിൽ വിറങ്ങലിച്ചിരിക്കുകയായിരുന്നു ചാരു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. മുഖവും ദേഹവുമാകെ വിയർപ്പിൽ കുതിർന്നിരുന്നു. " മോളെ ചാരു എന്താടാ ??? "

ഓടിച്ചെന്നവളുടെ അരികിലേക്ക് ഇരുന്നവളുടെ മുടി മാടിയൊതുക്കിക്കൊണ്ട് സീത ചോദിച്ചു. " എ.... എന്റെ..... എന്റെ ചിത്തു.... അവൾ..... അവൾക്കെന്തോ പറ്റി..... അവൾ.... അവളെന്നെ വിട്ട് പോയി..... " സീതയേ വരിഞ്ഞുമുറുക്കി പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു. അത് കേട്ടതും സീതയുടെ കണ്ണുകളും നിറഞ്ഞു. എങ്കിലും അവരവളെ ചേർത്തുപിടിച്ചു. " ഇ.... ഇല്ലെടാ..... ചിത്തൂനൊന്നുല്ല... അത് വെറുമൊരു സ്വപ്നമല്ലേ.... " അവളുടെ തലയിൽ തഴുകിയാശ്വസിപ്പിച്ചുകൊണ്ട് സീത പറഞ്ഞു. പെട്ടന്നാണ് പ്രസാദിന്റെ ഫോൺ റിങ് ചെയ്തത്. കുന്നത്ത് നിന്നുമാണെന്ന് കണ്ടതും അയാൾ വേഗത്തിൽ ഫോണെടുത്ത് കാതോടുചേർത്തു.

" ഹലോ... " "......... ....... ........ ...... " " എ....എന്താ പറ്റിയത് ??? ഏത് ഹോസ്പിറ്റലിലാ.... " " ...... ........ ......... ........ " " ആഹ് ശരി ഞങ്ങളിപ്പോ തന്നെ വരാം. " വെപ്രാളത്തോടെ പറഞ്ഞിട്ട് അയാൾ ഫോൺ വച്ചു. " എന്താ.... എന്താ അച്ഛാ.... " " അത്.....ചിത്തു.... ചിത്തുവൊന്ന് വീണു..... ഇപ്പോ ഹോളിക്രോസിലേക്ക് കൊണ്ടുപോയേക്കുവാ..... ഡെലിവറി ഇന്നുതന്നെ ഉണ്ടാകുമെന്നാ മോഹനൻ പറഞ്ഞത്..... " പ്രസാദ് പറഞ്ഞതും ചാരുവും സീതയും ഒരുപോലെ നിലവിളിച്ചുപോയിരുന്നു. " എന്റെ.... എന്റെ ചിത്തു പോയി..... " " എന്റെ മോളേ...... " ചാരുവിൽ നിന്നുതിർന്ന വാക്കുകൾ കേൾക്കേ സീതയുടെ അധരങ്ങൾ വിറച്ചു..... തുടരും...🥂

 

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story