കാവ്യമയൂരം: ഭാഗം 18

kavyamayooram

രചന: അഭിരാമി ആമി

" മോളേ ചാരു ..... മതി ഉറങ്ങിയത് സമയം പോണു ഒരുങ്ങണ്ടേ വേഗമെണീക്ക്..... " " കുറച്ചുകൂടി കിടന്നോട്ടമ്മേ..... " " ദേ പെണ്ണേ ഇന്നാ കല്യാണമെന്ന ഓർമ്മ വേണം..... ബ്യൂട്ടീഷൻ വന്നുനിക്കാൻ തുടങ്ങിയിട്ട് സമയം കുറേയായി അവളിപ്പോഴുമിവിടെ തലയും കുത്തി കിടന്നുറങ്ങുവാ. അങ്ങോട്ടെണീക്കെടി.... " പറഞ്ഞതും സീതയവളുടെ പുറത്തൊരു കൊട്ട് കൊടുത്തു. " ആഹ്.... എന്തുവാ അമ്മേ ഇത്..... കല്യാണദിവസമായിട്ട് കൂടി എന്നേയിങ്ങനെ നോവിക്കുന്നത്.... " ചിണുങ്ങിപ്പറഞ്ഞുകൊണ്ട് അവൾ എണീറ്റിരുന്ന് അഴിഞ്ഞുകിടന്ന മുടിയെല്ലാം കൂടി ഉച്ചിയിൽ വാരിക്കെട്ടി. " ആഹ് മതിമതി കൊഞ്ചിയത്. ഇനിയുമിരുന്ന് നിറങ്ങി നേരം കളയാതെ ചെന്ന് കുളിക്കാൻ നോക്ക്. ബ്യൂട്ടീഷനൊക്കെ കാപ്പി കുടിക്കുവാ അവര് കഴിച്ചുകഴിയുമ്പോഴേക്കും കുളിച്ചുകഴിഞ്ഞേക്കണം. " " മ്മ്ഹ്.... " അവൾ സമ്മതഭാവത്തിൽ മൂളിക്കൊണ്ട് ഫോൺ കയ്യിലെടുത്തു. " ഇനിയെന്നെ ഇങ്ങോട്ട് വരുത്തിക്കരുത്." ഒരു ഭീഷണി പോലെ പറഞ്ഞിട്ട് സീത താഴേക്ക് പോയി. വീണ്ടും നിന്ന് സമയം കളയണ്ടല്ലോന്ന് കരുതി ചാരു വേഗത്തിൽ കുളിക്കാനും കയറി.

അവൾ കുളിച്ചിറങ്ങുമ്പോഴേക്കും അനീറ്റയും പ്രിയയും മരിയയും ഒപ്പം ബ്യൂട്ടീഷനും കൂടി മുറിയിലേക്ക് വന്നു. പിന്നീട് ഒരുക്കത്തിന്റെ തിരക്കിലായിരുന്നു എല്ലാവരും. മജന്തക്കളർ പട്ടുസാരിയുടുത്ത് ട്രഡീഷണൽ മോഡലിലുള്ള ആഭരണങ്ങളുമണിഞ്ഞ് മുടിയിൽ മുല്ലപ്പൂവും ചൂടി ചാരു ഒരുങ്ങിയിറങ്ങുമ്പോഴേക്കും ഓഡിറ്റോറിയത്തിലേക്ക് പുറപ്പെടാൻ റെഡിയായി കഴിഞ്ഞിരുന്നു എല്ലാവരും. ഒരുക്കമൊക്കെ കഴിഞ്ഞ് താഴേക്ക് വരുമ്പോൾ മരിയയും പ്രിയയും എല്ലാമുണ്ടായിരുന്നു അവളുടെ ഒപ്പം. " ഇനി ഈ നാട്ടിൽ ആരെങ്കിലും ബാക്കിയുണ്ടോഡീ ഇവളുടെ കയ്യിന്ന് ദക്ഷിണ വാങ്ങാൻ ???? " ഹാളിൽ കൂടിയിരുന്നവർക്കൊക്കെ ദക്ഷിണ കൊടുക്കുന്ന ചാരുവിനെ നോക്കി നിൽക്കുമ്പോൾ അനീറ്റയുടേയും പ്രീയയുടേയും ചെവിയിലായി മരിയ ചോദിച്ചു. " ഒന്ന് ചുമ്മാതിരി പെണ്ണേ...... " കണ്ണുരുട്ടിക്കൊണ്ട് പ്രിയ പറഞ്ഞു.

" എടി ഞാൻ പറഞ്ഞതാണോ ഇപ്പൊ കുറ്റം ??? നീ കണ്ടില്ലേ ഇപ്പോത്തന്നെ ഒരു നൂറുപേർക്കെങ്കിലും അവൾ ദക്ഷിണ കൊടുത്തുകാണും. ഇനിയുമിത് നിർത്തിയില്ലെങ്കിൽ ഇവളുടെ ഫസ്റ്റ് നൈറ്റ്‌ ഹുദാ ഹവാ.... " നിഷ്കളങ്കഭാവത്തിൽ നിന്ന് പറയുന്ന അവളെക്കണ്ട് അനീറ്റ യുടെ കണ്ണ് പുറത്തേക്ക് തള്ളി. " ഈ ശവം എന്തൊക്കെയാ ദൈവമേ ഈ വിളിച്ചുപറയുന്നത് ??? " " എന്തോന്ന്.....നടുവേദന ആയാൽ പരസ്പരം നന്നായിട്ടൊന്ന് സംസാരിക്കാൻ പോലും പറ്റില്ലല്ലോന്ന് പറഞ്ഞതാ.... " " ഓഹ് അതായിരുന്നോ ..... " അവളുടെ മറുപടി കേട്ട് പ്രിയ ആശ്വാസത്തോടെ സ്വയം പറഞ്ഞു. " പിന്നല്ലാതെ..... അല്ലെഡി നിങ്ങളെന്താ വിചാരിച്ചത് ??? " ഒരു വിഡ്ഢിച്ചിരിയോടെ അവൾ ചോദിക്കുന്നത് കണ്ട് പ്രിയ വീണ്ടും കണ്ണുരുട്ടി. " ഒന്ന് പോയെഡി കോപ്പേ.... " " ഏഹ് ഇവളുമാർക്ക് പ്രാന്തായോ ???? " അവരിരുവരെയും നോക്കി പിറുപിറുത്തുകൊണ്ട് അവൾ വീണ്ടും മുന്നോട്ട് നോക്കി നിന്നു. ദക്ഷിണ കൊടുപ്പൊക്കെ കഴിഞ്ഞതും ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങാനുള്ള സമയമായി കഴിഞ്ഞിരുന്നു. " മോളേ ഇറങ്ങാം..... "

ശിവപ്രസാദ് വന്നുവിളിച്ചതും ഒരു പുഞ്ചിരിയോടെ ചാരു അയാൾക്കൊപ്പം നടന്നു. ഓഡിറ്റോറിയം അധികം ദൂരത്തിൽ അല്ലായിരുന്നത് കൊണ്ടുതന്നെ വേഗം തന്നെ അവിടെയെത്തി. ചാരുവിനെ നേരെ അവിടുത്തെ ഡ്രസ്സിംഗ് റൂമിലേക്ക് കൊണ്ടുപോയി. ശിവപ്രസാദും മനുവും മോഹനനുമൊക്കെ അവിടുത്തെ ഓരോ കാര്യങ്ങൾക്കായി ഓടി നടക്കുകയായിരുന്നു. കുറച്ചുസമയം കൂടി കഴിഞ്ഞപ്പോഴേക്കും സിദ്ധുവും വീട്ടുകാരുമെത്തി. കാറിൽ നിന്നിറങ്ങുമ്പോൾ ക്രീം കളർ ഷർട്ടിലും കസവുമുണ്ടിലും വല്ലാത്തൊരു തേജസവനിൽ നിറഞ്ഞിരുന്നു. നെറ്റിയിലെ ചന്ദനക്കുറിയിലേക്ക് മുന്നിലെ നീണ്ട മുടിയിഴകൾ പാറി വീണിരുന്നു. ചെറുക്കനെ സ്വീകരിക്കുന്ന ചടങ്ങൊക്കെ കഴിഞ്ഞ് സിദ്ധുവിനെ നേരെ മണ്ഡപത്തിലേക്ക് കൊണ്ടുവന്നിരുത്തി. അപ്പോഴേക്കും അവിടമാകെ നാഥസ്വരമേളം മുഴങ്ങിത്തുടങ്ങിയിരുന്നു. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕

" ഡീ...... എനിക്കാകെ ഒരു പേടി പോലെ.... " ഇറങ്ങാറായെന്ന് ആരോ പറയുന്നത് കേട്ടതും അരികിൽ നിന്ന പ്രിയയുടെ കയ്യിൽ മുറുകെപ്പിടിച്ചുകൊണ്ട് ചാരു പറഞ്ഞു. " ഓഹ് പിന്നേ എന്നാ പേടിക്കാനാ..... അല്ലെടി ഇമ്മാതിരി വികാരങ്ങളൊക്കെ നിന്നിൽ ആദ്യമാണല്ലോ..... " " അതുപിന്നെ കാര്യത്തോടടുത്തപ്പോ ഒരു.... " ചാരു കൈകൾ കുടഞ്ഞുകൊണ്ട് പറഞ്ഞു. " ഏയ് പേടിക്കേണ്ടടി കല്യാണത്തിന് കുറഞ്ഞത് ഒരു പത്തുരണ്ടായിരം പേരെങ്കിലും വന്നിട്ടുണ്ട്. പിന്നെ മണ്ഡപത്തിലാണെങ്കിൽ നിങ്ങടെ രണ്ടുപേരുടെയും കുടുംബക്കാര് മൊത്തോമുണ്ട്. " " അയിന് ???? " " എടി കോപ്പേ ഞാൻ എന്തേലും കാര്യം പറയുമ്പോ പണ്ടേ ഉള്ളതാ നിനക്കീ അയിന് ചോദിച്ച് തളർത്തൽ. ഇനീം ഈ ഊളതരം കാണിച്ചാൽ കല്യാണമാണെന്നൊന്നും ഞാൻ നോക്കൂല ഒറ്റത്തൊഴി വച്ചുതരും.... "

തന്റെ നേരെ കണ്ണുരുട്ടി പല്ല് കടിച്ചുപറയുന്നവളെ കണ്ട് ചാരു പൊട്ടിച്ചിരിച്ചുപോയി. " കിണിക്കാതെടി കാപാലികെ.... നീ ഓർത്തോ നീ പാമ്പിനെയാ തളർത്തിയത്. ഇതിനുള്ള ശിക്ഷ ഇന്ന് തന്നെ നിനക്ക് കിട്ടുമെടി...... ഇന്ന് രാത്രി നീ ഏതാണ്ടൊരു മുഖിയായി പാലും കൊണ്ട് റൂമിലോട്ട് ചെല്ലുമ്പോ നിന്റെ കളക്ടർ ഒരു രക്തദാഹിയേപ്പോലെ അവിടെ കാത്തിരിക്കുന്നുണ്ടാവും. " " എന്നാത്തിന് ???? " അവളുടെ പറച്ചിൽ കേട്ടതും വെള്ളം വിഴുങ്ങിക്കൊണ്ട് ചാരു ചോദിച്ചു. " അടങ്ങ്‌ പണയാം..... ആഹ് എന്നിട്ട് മറ്റേ വികാരജീവി മാമനില്ലേ അയാളെപ്പോലെ എന്റെ ശോഭേന്നും വിളിച്ച് നിന്റെമേലെക്ക് ചാടിവീണ് പട്ടിടെ കയ്യിൽ കിട്ടിയ ഇറച്ചികഷ്ണം പോലെ നിന്നേ കടിച്ചുകീറുമെടീ..... " " എടി പുല്ലേ എന്റെ കണ്ണേട്ടനെ പട്ടീന്ന് വിളിച്ചാലുണ്ടല്ലോ.... " " അയിന് ഞാനെപ്പ പട്ടീന്ന് വിളിച്ചു..... ഓഹ് ലത്.... അത് ഞാനൊന്നുപമിച്ചതല്ലേ മോളേ...... "

ചാരുവിന്റെ കവിളിൽ പിച്ചി ചിരിച്ചുകൊണ്ട് പ്രിയ പറഞ്ഞു. " പിന്നെ നീയൊന്നോർത്തോ നീയീ പറയുന്ന നിന്റെ പുന്നാര കണ്ണേട്ടനിലെ മൃഗം ഇന്ന് രാത്രി ഉണർന്ന് പുറത്തുചാടും.... ആ മൃഗം നിന്നേ കടിച്ചുകുടയുകയും ചെയ്യും.... " അവളെ ഏറുകണ്ണിട്ട് നോക്കി ചിരിയമർത്തിക്കൊണ്ട് പ്രിയ വീണ്ടും പറഞ്ഞു. " ഒന്ന് മിണ്ടാതിരിയെടി നാശമേ പേടിപ്പിക്കാതെ..." സിദ്ധുവിനൊപ്പം കഴിഞ്ഞുപോയ നിമിഷങ്ങളോർത്ത് നെഞ്ചിൽ കൈ വച്ചുകൊണ്ട് ചാരു പറഞ്ഞു. അവളുടെ ഭാവം കണ്ട് പ്രിയ വീണ്ടും ചിരിച്ചു. അപ്പോഴേക്കും വധുവിനെ മണ്ഡപത്തിലേക്ക് ഇറക്കാൻ സമയമായെന്ന് ആരോ വന്ന് പറഞ്ഞത് കേട്ടതും താലപ്പൊലിയുടെ അകമ്പടിയോടെ ശിവപ്രസാദിന്റെ കൈ പിടിച്ച് ചാരുവിനെ മണ്ഡപത്തിലേക്ക് കൊണ്ടുവന്നു. അവൾ ദൂരെ നിന്ന് വരുന്നത് കണ്ടപ്പോൾ തന്നെ മണ്ഡപത്തിൽ കാത്തിരിക്കകയായിരുന്ന സിദ്ധുവിന്റെ മിഴികൾ തിളങ്ങി. പക്ഷേ അവന്റെ നോട്ടം കണ്ടതും ചാരുവിന് ആകെപ്പാടെയൊരു വെപ്രാളമാണ് തോന്നിയത്.

അവളുടെ കണ്ണുകൾ സദസിനെയാകെയൊന്നുഴിഞ്ഞു. അവളുടെയാ ഭവമൊക്കെയും ഒരു കൗതുകത്തോടെ ഒപ്പിയെടുക്കുകയായിരുന്നു സിദ്ധുവപ്പോൾ. മണ്ഡപത്തിലേക്ക് കയറി മൂന്ന് വട്ടം വലം വച്ച് സദസിനെ വണങ്ങി അവൾ സിദ്ധുവിനരികിലായിരുന്നു. എന്നിട്ട് അവനെയൊന്ന് പാളി നോക്കി. പക്ഷേ അതുവരെ അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്ന അവനപ്പോൾ അവളെ കണ്ടതായി പോലും ഭാവിക്കുന്നുണ്ടായിരുന്നില്ല. അത് കണ്ടതും ചാരുവിന് കലിയിരച്ച് കയറി. ( ജാഡത്തെണ്ടി..... ഇരുപ്പ് കണ്ടില്ലേ ഇങ്ങനൊരാള് അടുത്തിരിപ്പുണ്ടെന്നൊരു ഭാവമെങ്കിലുമുണ്ടോന്ന് നോക്ക്..... പിന്നെ ഞാനാരെ കാണിക്കാനാ ഈ കെട്ടുകാഴ്ച പോലെ വന്നിരിക്കുന്നെ.... സ്വന്തം കല്യാണമായിപ്പോയി അല്ലെങ്കിൽ ഇപ്പൊ കാണിച്ചുതരാമായിരുന്നു.....ഇയാളെയൊഴിച്ച് ഇവിടെയുള്ള ഒറ്റ ചെക്കന്മാരെ വിടാതെ ഞാൻ വായിനോക്കിയേനെ...) ആത്മഗതിച്ചുകൊണ്ട് അവളവനെ നോക്കി പുച്ഛിച്ചു..... തുടരും...🥂

 

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story