കാവ്യമയൂരം: ഭാഗം 21

kavyamayooram

രചന: അഭിരാമി ആമി

 " മൃദു ചേച്ചി..... സിദ്ധുവേട്ടനും ചാരുവുമെവിടെ ???? " റൂമിൽ ചെന്ന് ഡ്രസും മാറി താഴെ വരുമ്പോൾ സഞ്ജയ്ക്കുള്ള ചായയുമായി ഹാളിലേക്ക് വന്ന മൃദുലയേ കണ്ട് നീലിമ ചോദിച്ചു. " അവരിപ്പോ അമ്പലത്തിലെത്തിക്കാണും.... " ചായ കൊണ്ടുവന്ന് സഞ്ജുവിന് കൊടുത്തിട്ട് മൃദു പറഞ്ഞു. അതുകേട്ടതും നീലിമയുടെ മുഖത്തേ പ്രകാശം മങ്ങി. അത് ശ്രദ്ധിച്ച സഞ്ജുവും മൃദുവും പരസ്പരം നോക്കി ചിരിച്ചു. " എന്നേ കൂട്ടാതെയോ ??? " " ഹാ അവര് കല്യാണം കഴിഞ്ഞവർ തനിയെ പോകുമ്പോൾ നീയെന്തിനാ അതിന്റെയിടക്ക് ശകുനം മുടക്കാൻ പോണത് ??? " അവളുടെ ചോദ്യം കേട്ട് ചായ കുടിച്ച് കൊണ്ടിരുന്ന സഞ്ജു ചോദിച്ചു. അതുകൂടി കേട്ടതും അവൾ ചവിട്ടിക്കുലുക്കി മുകളിലേക്ക് കയറിപ്പോയി. അതുകണ്ട് അവൻ വീണ്ടും ചിരിച്ചു. നീലിമ മുകളിലേക്ക് കയറിചെല്ലുമ്പോഴായിരുന്നു നീരജയുടെ റൂം തുറന്ന് കിടക്കുന്നത് കണ്ടത്. അവൾ നേരെ അങ്ങോട്ട്‌ കയറിച്ചെന്നു. " നീയെങ്ങോട്ടാ മോളെ ഇത്ര രാവിലെ ??? "

" അമ്പലത്തിൽ പോകാൻ കെട്ടിയൊരുങ്ങിയതാ. പക്ഷേ കൂടെ കൂട്ടുമെന്നാഗ്രഹിച്ചയാള് ഒരുങ്ങി വരാൻ പറഞ്ഞിട്ട് പുത്തനച്ചിയേം കൂട്ടിപ്പോയി. " " ആര് സിദ്ധുവോ ??? " പല്ല് ഞെരിച്ചുകൊണ്ട് നീലിമ പറഞ്ഞത് കേട്ട് നീരജ ചോദിച്ചു.. " പിന്നല്ലാതാര് ???? " " നീയായിട്ടല്ലേ മോളെ വീണ്ടുമവന്റെ പുറകെ നടക്കുന്നത്. കല്യാണം വേണ്ടെന്ന് പറഞ്ഞുനിന്നവനാ. എന്നിട്ടിപ്പോ കണ്ടില്ലേ ആ ചാവാലിപ്പെണ്ണിന്റെ പുറകെ നടക്കുന്നത്.... നാണംകെട്ടവൻ.... " എരിപിരി കൊണ്ട് ബെഡിൽ ഇരിക്കുകയായിരുന്ന നീലിമയുടെ അരികിലേക്ക് വന്നിരുന്നുകൊണ്ട് നീരജ പറഞ്ഞു. " എല്ലാം ഞാൻ നിർത്തിക്കൊടുക്കുന്നുണ്ട്..... " " പോട്ടെ മോളെ അവനോട് പോകാൻ പറ. എന്റെ മോൾക്ക് അവനെക്കാളും നല്ല ചെക്കൻമാരെ കിട്ടും. " അവളെയാശ്വസിപ്പിക്കാനായി നീരജ പറഞ്ഞുവെങ്കിലും പിന്മാറാനവൾ തയാറായിരുന്നില്ല.

" ഇല്ലമ്മേ ഇതങ്ങനെ വിടാൻ ഞാനുദ്ദേശിച്ചിട്ടില്ല...... അമ്മയ്ക്കറിയോ ഫ്രണ്ട്സിൻറെ മുന്നിലെനിക്ക് തല ഉയർത്തി നടക്കാൻ വയ്യ. അതുപോലൊക്കെയാ സിദ്ധുവേട്ടനെപ്പറ്റി അവരുടെയൊക്കെ മുന്നിൽ ഞാൻ പറഞ്ഞുവച്ചിരുന്നത്. എന്നിട്ടിപ്പോ അതേയാള് എന്നേ തഴഞ്ഞ് ഏതോ ഒരലവലാതിയേ കെട്ടിയപ്പോ എല്ലാരുടേം മുന്നിൽ ഞാനാരായി ??? വിട്ടുകൊടുക്കില്ലമ്മേ എങ്ങനെങ്കിലും അവളെ ഞാനിവിടുന്ന് പുകച്ചുപുറത്ത് ചാടിക്കും. " ദേഷ്യത്തിൽ പല്ലിറുമ്മിക്കൊണ്ട് പറയുന്ന അവളെത്തന്നെ നോക്കിയിരുന്ന നീരജയ്ക്കും മനസിലാവുന്നുണ്ടായിരുന്നില്ല എന്താ അവളുടെ ഉദ്ദേശമെന്ന്. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 ക്ഷേത്രത്തിൽ കയറിയ ശേഷം അവിടുത്തെ പരിസരമൊക്കെ ശ്രദ്ധിച്ചുകൊണ്ട് നിൽക്കുകയായിരുന്നു ചാരു. അവളുടെ തൊട്ടടുത്ത് തന്നെ അവളറിയാതെ അവളെ നോക്കിക്കൊണ്ട് സിദ്ധുവുമുണ്ടായിരുന്നു.

മഹാദേവനെ പ്രതിഷ്ടിച്ചിരുന്ന ക്ഷേത്രമധികം വലിപ്പമുള്ളതായിരുന്നില്ലെങ്കിലും ക്ഷേത്രാങ്കണവും അതിന്റെ പരിസരവും വളരെ വിസ്താരമേറിയതായിരുന്നു. നിലത്ത് തറയോട് പാകിയ നടപ്പാദയൊഴിച്ചാൽ ബാക്കിയെല്ലായിടവും പുല്ലുപാകിയിരുന്നു. ഇടയ്ക്കിടെ കൂവളം , ആര്യവേപ്പ് , കണിക്കൊന്ന , അരയാൽ , ചെമ്പകം തുടങ്ങിയ മരങ്ങളൊക്കെ തണൽ വിരിച്ചുനിന്നിരുന്നു. ആ പരിസരത്ത് വീശുന്നകാറ്റിൽ പോലും കർപ്പൂരത്തിന്റെയും ചെമ്പകപ്പൂക്കളുടേയുമൊക്കെ കൂടിക്കുഴഞ്ഞൊരു മണമായിരുന്നു. ക്ഷേത്രത്തേ ചുറ്റിയൊഴുകുന്ന പുഴയും വിശാലമായ മണൽപ്പരപ്പും പുഴയിലേക്ക് ഇറങ്ങുന്ന കൽപ്പടവുകളുമെല്ലാം ആ പ്രദേശത്തിന്റെ ഭംഗിയിരട്ടിപ്പിച്ചിരുന്നു. എല്ലാം കൊണ്ടും ആ പ്രദേശം ചാരുവിനെ വല്ലാതെ ആകർഷിച്ചിരുന്നു. അതുകൊണ്ട് തന്നെ അവിടെ നിന്നും വരാനൊട്ടും താല്പര്യമില്ലാത്തത് പോലെ അവൾ വീണ്ടും വീണ്ടുമവിടമാകെ നോക്കിക്കണ്ടുകൊണ്ടിരുന്നു.

" അതേ എനിക്കിന്ന് ഇത് മാത്രമല്ല പണി..... വാ ഇങ്ങോട്ട് നാഗത്തറയിൽ കൂടി പോയിട്ട് വേണം ഇറങ്ങാൻ. " അവളുടെ നിൽപ്പ് നോക്കി നിന്നുകൊണ്ട് സിദ്ധു പറഞ്ഞു. പിന്നെ പതിയെ നാഗക്കാവിനരികിലേക്ക് നടന്നു. പിന്നാലെ തന്നെ ചാരുവും. പലതരം മരങ്ങളും വള്ളിപ്പടർപ്പുകളും നിറഞ്ഞ ആ പ്രദേശമാകെ വല്ലാത്തൊരു മൂടാപ്പ് ബാധിച്ചിരുന്നു. അരയാൾ പൊക്കത്തിൽ കെട്ടി ഉയർത്തിയ തറയിൽ ആയിരുന്നു പലതരം നാഗവിഗ്രഹങ്ങൾ പ്രതിഷ്ടിച്ചിരുന്നത്. അവിടമാകെ മഞ്ഞൾപ്പൊടിയിൽ കുളിച്ചിരുന്നു. വിഗ്രഹങ്ങൾക്ക് മുന്നിലെ കൽവിളക്കിലെ തിരിശക്തമായ കാറ്റിലും മുനിഞ്ഞുകത്തിയിരുന്നു. അവിടെയും മൗനമായി പ്രാർഥിച്ച് ഒരു നുള്ള് മഞ്ഞൾ തൊട്ടെടുത്ത് നെറ്റിയിൽ ചാർത്തി അവൾ സിദ്ധുവിനൊപ്പം തിരികെ നടന്നു. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 എല്ലാവരും കാപ്പി കുടിക്കാൻ ഇരുന്ന സമയത്ത് തന്നെയായിരുന്നു ക്ഷേത്രത്തിൽ പോയിരുന്ന സിദ്ധുവും ചാരുവും തിരികെ വന്നത്. അകത്തേക്ക് കയറിവന്ന അവരെ കണ്ടതും നീരജയുടെയും നീലിമയുടേയും മുഖമിരുണ്ടു.

" ആഹാ നിങ്ങള് വന്നോ വാ വന്നിരുന്ന് കഴിക്ക്..... " അവരെ കണ്ട് അരുന്ധതി പറഞ്ഞു. അതുകേട്ടതും സിദ്ധു ചെന്ന് സഞ്ജുവിനും നരേന്ദ്രനുമടുത്തായുണ്ടായിരുന്ന കസേരയിലേക്കിരുന്നു. ചാരുവും അരികിൽ ചെന്നുനിന്നവന്റെ പ്ലേറ്റിലേക്ക് വിളമ്പിക്കൊടുത്തുകൊണ്ടിരുന്നു. " ഞാൻ വിളമ്പിക്കോളാം ചാരു നീ കൂടിയിരിക്ക്.... " " വേണ്ടേച്ചി....ഞാൻ പിന്നെ കഴിച്ചോളാം എനിക്കിപ്പോ വിശപ്പ് തോന്നുന്നില്ല. " മൃദു പറഞ്ഞെങ്കിലും ചിരിയോടെ പറഞ്ഞിട്ട് ചാരു സിദ്ധുവിന്റെ അരികിൽ തന്നെ നിന്നു. " ആഹ് പുത്തനച്ചി പുരപ്പുറം തൂക്കുമെന്ന് കേട്ടിട്ടേയുള്ളൂ.... ഇപ്പൊ കണ്ടു. " എല്ലാം ശ്രദ്ധിച്ചിരിക്കുകയായിരുന്ന നീരജയൊരു പുച്ഛത്തോടെ പറഞ്ഞു. അത് കേട്ടതും പെട്ടന്ന് തന്നെ ചാരുവിന്റെ മുഖമൊന്ന് മങ്ങി. കഴിച്ചുതുടങ്ങിയ സിദ്ധു പെട്ടന്ന് മുഖമുയർത്തി നോക്കി. " നീരജേ....... "

നരേന്ദ്രന്റെ സ്വരമുയർന്നതും നീരജ ഒന്നും മിണ്ടാതെ ഭക്ഷണം കഴിക്കാൻ തുടങ്ങി. എങ്കിലും ഇടയ്ക്കിടെ പുച്ഛം നിറഞ്ഞ നോട്ടങ്ങൾ അവരിൽ നിന്നും ചാരുവിലേക്ക് പാളി വീണുകൊണ്ടിരുന്നു. അവളാണെങ്കിൽ ഒന്നും മിണ്ടാതിരുന്ന് കഴിക്കുന്ന സിദ്ധുവിനെ തന്നെ നോക്കി ഒരൂറിയ ചിരിയോടെ നിൽക്കുകയായിരുന്നു. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 ആഹാരമൊക്കെ കഴിച്ചുകഴിഞ്ഞ് സിദ്ധു മുകളിലെ വരാന്തയിൽ നിന്ന് ഫോണിലെന്തോ നോക്കിക്കോണ്ട് നിൽക്കുമ്പോഴായിരുന്നു നീലിമയങ്ങോട്ട് വന്നത്. " എന്തുപണിയാ കണ്ണേട്ടാ കാണിച്ചത്......എന്നോടൊരുങ്ങി വരാൻ പറഞ്ഞിട്ട് എന്നേ കൂട്ടാതെ പോയില്ലേ.... " അവന്റെ അരികിലേക്ക് ചെന്നുനിന്ന് ഒരുതരം പരിഭവത്തോടെ അവൾ പറയുന്നത് കേട്ടുകൊണ്ടാണ് ചാരു മുകളിലേക്ക് കയറി വന്നത്. നീലുവിന്റെ സംസാരം കേട്ടതും അവളവിടെത്തന്നെ തറഞ്ഞുനിന്നു. സിദ്ധുവും പെട്ടന്ന് ഫോണിൽ നിന്നും മുഖമുയർത്തി പുരികം ചലിപ്പിച്ചുകൊണ്ടവളെ നോക്കി. " കണ്ണേട്ടനോ എന്താ ഇപ്പൊ പുതിയൊരു വിളി ??? "

മുഖം ചുളിച്ചുകൊണ്ട് അവൻ ചോദിച്ചതും നാണത്തോടെ മുഖം കുനിച്ചുനിന്ന് നീലിമയൊന്ന് പുഞ്ചിരിച്ചു. " അതുപിന്നെ...... ചാരു വിളിക്കുന്നത് കേട്ടപ്പോൾ എനിക്കുമൊരു കൊതി അങ്ങനെ വിളിക്കാൻ...... " " പക്ഷേ എനിക്കതിഷടമല്ല...... " എടുത്തടിച്ചത് പോലെയുള്ള അവന്റെ മറുപടി കേട്ട്. നീലിമയും ചാരുവും ഒരുപോലെ അമ്പരന്നു. " കണ്ണേട്ടാ..... " " മ്മ്ഹ്...... ഇതിനുമുൻപ് നീയെന്നെയെന്താ വിളിച്ചിരുന്നത് ??? " അവൾ പറയാൻ വന്നതിനെ കയ്യുയർത്തി തടഞ്ഞുകൊണ്ട് അവൻ ചോദിച്ചു. " സി.... സിദ്ധുവേട്ടൻ.... " " ആഹ്.... എന്നാ ഇനിയും അങ്ങനെ വിളിച്ചാൽ മതി. ഓരോരുത്തരും എങ്ങനെയായിരുന്നോ അങ്ങനെ തന്നെ മതി. കൂടുതൽ പരിഷ്കാരമൊന്നും വേണ്ട.... കേട്ടല്ലോ.... " അവൻ പറഞ്ഞത് കേട്ട് അറിയാതെ അവൾ തല കുലുക്കിപ്പോയി. പിന്നീടവളെ മൈൻഡ് ചെയ്യാതെ ഫോണിൽ നോക്കിക്കോണ്ട് തന്നെ മുറിയിലേക്ക് കയറിപ്പോന്നവനെ നോക്കി നിൽക്കുമ്പോൾ നീലിമയുടെ മുഖം വലിഞ്ഞുമുറുകിയിരുന്നു.

അവൾ ദേഷ്യത്തിൽ വെട്ടിത്തിരിയുമ്പോൾ കണ്ടത് പിന്നിലൊരു ആക്കിയ ചിരിയുമായി നിൽക്കുന്ന ചാരുവിനെയായിരുന്നു. അതുകൂടി കണ്ടതും അവളുടെ രക്തം തിളച്ചു. പക്ഷേ അത് പുറത്തുകാണിക്കാതെ ഒന്ന് ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ വേഗത്തിൽ താഴേക്ക് പോയി. ചാരു റൂമിലെത്തുമ്പോൾ ബെഡിലിരുന്ന് ഫോണിൽ കളിക്കുന്നുണ്ടായിരുന്നു സിദ്ധു. അവളകത്തേക്ക് കയറിയത് കണ്ടിട്ടും അവനതൊന്നും ശ്രദ്ധിക്കുന്നേയുണ്ടായിരുന്നില്ല. ചാരു പതിയെ ഡ്രസ്സുമെടുത്ത് ബാത്‌റൂമിലേക്ക് പോകാൻ തുടങ്ങുമ്പോഴായിരുന്നു അവനെണീറ്റ് അവളുടെ അരികിലേക്ക് വന്നത്. " എന്താടി പുത്തനച്ചീ നീ പുരപ്പുറമൊക്കെ തൂത്തുകഴിഞ്ഞോ ??? " തന്റെ അരികിലേക്ക് വന്നൊരു കുസൃതിച്ചിരിയോടെ ചോദിക്കുന്നവനെ കണ്ടവൾ കണ്ണ് മിഴിച്ചുനിന്നു. " നിനക്ക് വിഷമായോ അവരങ്ങനെ പറഞ്ഞപ്പോ??? "

പെട്ടന്നവളുടെ കവിളിൽ കൈ ചേർത്തുകൊണ്ട് അവൻ ചോദിച്ചു. " ഇല്ല കണ്ണേ...... അല്ല സിദ്ധുവേട്ടാ..... " പെട്ടന്ന് വിളിക്കാൻ വന്നത് തിരുത്തിയുള്ള അവളുടെ വിളി കേട്ട് അവന്റെ മുഖം ചുളിഞ്ഞു. " ആഹാ നിനക്കും തുടങ്ങിയോ അസുഖം ??? എന്താടി നിന്റെ വിളി മാറ്റത്തിന്റെ ഉദ്ദേശം ???. " " അത്.... അതുപിന്നെ സിദ്ധുവേട്ടൻ.... നീലുനോട്‌ പറഞ്ഞില്ലേ സി.... സിദ്ധുവേട്ടാന്ന് വിളിച്ചാ മതിയെന്ന്.... " വിക്കിവിക്കി അവൾ പറഞ്ഞൊപ്പിച്ചു. " അതവളോടല്ലേ നിന്നോട് ഞാൻ പറഞ്ഞായിരുന്നോ ???. " " ഇല്ല.... " " നീയെന്താ ഇതുവരെ എന്നേ വിളിക്കാറ് ??? " " ക്.... കണ്ണേട്ടൻ.... " " പിന്നെ നീയെന്തിനാ ഇപ്പൊ അത് മാറ്റിയത്..... " " അത്.... ഞാൻ..... വിചാരിച്ചു കണ്ണേട്ടന്.... " " മതി മതി ..... നീയെന്നെ അങ്ങനെ വിളിക്കുന്നത് കേൾക്കാനാ എനിക്കുമിഷ്ടം... " അവളെ ചേർത്തുപിടിച്ചുപറയുമ്പോൾ അവന്റെ സ്വരമാർദ്രമായിരുന്നു. അതുകേട്ട് അറിയാതെ ചാരുവിന്റെ ചൊടികളും വിടർന്നു. പെട്ടന്നേതോ ഉൾപ്രേരണയാൽ സിദ്ധുവവളുടെ കവിളിൽ അമർത്തി ചുംബിച്ചു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story