കാവ്യമയൂരം: ഭാഗം 22

kavyamayooram

രചന: അഭിരാമി ആമി

" ചാരു എന്തിയെ കണ്ണാ ???? " രാത്രി അത്താഴം കഴിക്കാൻ എല്ലാവർക്കുമൊപ്പം ഇരിക്കുമ്പോഴായിരുന്നു സിദ്ധുവിനോടായി അരുന്ധതി ചോദിച്ചത്. " മുറിയിലുണ്ടമ്മേ.... തലവേദനയാണെന്ന് പറഞ്ഞ് കിടന്നു. " കസേരയിലേക്കിരുന്നുകൊണ്ട് അവൻ പറഞ്ഞു. " അവളെ നിർബന്ധിച്ചെന്തെങ്കിലുമൊന്ന് കഴിപ്പിക്കണം കണ്ണാ... പാവം ഇന്നീനേരം വരെയും ഒരുവക കഴിച്ചിട്ടില്ല. " അരുന്ധതി പറഞ്ഞത് കേട്ട് സിദ്ധുവൊന്ന് വല്ലാതെയായി. " അവൾക്കൂടാ പ്ളേറ്റിലെടുത്തോ അമ്മേ.... ഞങ്ങളൊരുമിച്ച് കഴിച്ചോളാം..." അവൻ പറഞ്ഞത് കേട്ട് നീരജയുടേയും നീലിമയുടേയുമൊഴിച്ച് എല്ലാവരുടെയും മുഖത്തൊരു ചിരി തെളിഞ്ഞു. അരുന്ധതി വേഗത്തിൽ സിദ്ധുവിന് വിളമ്പിയ പ്ളേറ്റിലേക്ക് തന്നെ ചോറും കറികളും വിളമ്പി അവന്റെ കയ്യിലേക്ക് കൊടുത്തു. പിന്നീടവിടെ നിൽക്കാതെ സിദ്ധു പെട്ടന്ന് തന്നെ മുകളിലേക്ക് പോവുകയും ചെയ്തു.

" ഓഹ് കെട്ട് കഴിഞ്ഞിട്ടിത്രയേ ആയുള്ളൂ അപ്പോഴേക്കും അവൻ വെറുമൊരു അച്ചിക്കോന്തനായി കഴിഞ്ഞു. " അവൻ പോകുന്നത് നോക്കിയിരുന്ന് നീരജ പറഞ്ഞതും അരുന്ധതിക്ക് നന്നേ ദേഷ്യം വന്നു. " നീരജേ നീ മര്യാദക്കിരുന്ന് കഴിച്ചിട്ട് പോണുണ്ടോ ???. അല്ലെങ്കിൽ നിന്റേട്ടനിവിടെ ഇരുപ്പുണ്ടെന്നൊന്നും ഞാൻ നോക്കില്ല പറഞ്ഞേക്കാം. അല്ലെങ്കിൽ തന്നെ ഇതിലിപ്പോ നിനക്കിത്ര ആക്ഷേപം തോന്നാനെന്താ ചാരുവിനൊരു വിഷമം വന്നാൽ തങ്ങേണ്ടവനാണ് സിദ്ധു. അതെന്റെ മോൻ കൃത്യമായി ചെയ്യുന്നുമുണ്ട്. അതിന് തല്ക്കാലം നീയാവന് പുതിയ പേരൊന്നും ചാർത്തിക്കൊടുക്കണ്ട. " രൂക്ഷമായി തന്നെ പറഞ്ഞിട്ട് അരുന്ധതി നരേന്ദ്രന് ആഹാരം വിളമ്പിക്കൊടുത്തു. " ഓഹോ എന്നിട്ടീവക കരുതലൊന്നും ഏട്ടത്തീടെ മൂത്തമകനിൽ കണ്ടിട്ടില്ലല്ലോ... " ഒരു പുച്ഛത്തോടെ നീരജ പറഞ്ഞു. " അയ്യോ അതമ്മായി കാണാത്തതാ.... അല്ലേടി മൃദു.... "

ചോദിച്ചുകൊണ്ട് ഒരുരുള ചോറുരുട്ടി സഞ്ജയ്‌ മൃദുവിന്റെ വായിലേക്ക് വച്ചുകൊടുത്തു. അവളൊന്ന് ചമ്മിയെങ്കിലും സന്തോഷത്തോടെ തന്നെ അത് വാങ്ങി. അത് കൂടി കണ്ടതും മുഖത്ത് അടിയേറ്റത് പോലെയായി നീരജയ്ക്ക്. അവരുടെ മുഖമിരുണ്ടു. നീലിമയുടേയും. " പിന്നേ അമ്മായി.... ഞാനും എന്റെ കണ്ണനും കണ്ട് പഠിച്ചത് ഞങ്ങടെ അച്ഛനെയും അമ്മയെയുമാണ്. അമ്മക്കൊരു ക്ഷീണമെന്ന് തോന്നിയാൽ എല്ലാജോലിയുമുപേക്ഷിച്ച് അമ്മക്കൊപ്പം നിൽക്കുന്ന അച്ഛനെ കണ്ടാണ് ഞങ്ങൾ വളർന്നത്. അതുകൊണ്ട് താലികെട്ടിയ പെണ്ണിനൊരു തളർച്ച വന്നാൽ താങ്ങിപ്പിടിക്കുന്നതൊരു കുറച്ചിലായി ഞങ്ങൾക്ക് തോന്നിയിട്ടില്ല. പിന്നെ വേറൊരു കാര്യം കൂടിയുണ്ട് ഭർത്താക്കൻമാരതുപോലെ ചേർത്തുപിടിക്കണമെങ്കിൽ ഭാര്യമാരുടെ സ്വഭാവവും അതുപോലെയായിരിക്കണം.

അതായത് അമ്മായീടെ ഈ പുന്നാരമോളേപ്പോലെയാവരുതെന്ന് സാരം. " നീലിമയേ നോക്കിയൊന്നാക്കി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞത് കേട്ടതും അവരിരുവരിലും കലിയിരച്ചുകയറി. എങ്കിലും ആരുമാരുമൊന്നും മിണ്ടിയില്ല. " മതിയെടാ മതി നീയൊക്കെ അച്ചിക്കോന്തന്മാരായാൽ എനിക്കെന്താ..... അല്ലേ തന്നെ അവൻ പറഞ്ഞത് തന്നെ ശരി എന്റെ പൊന്നാങ്ങളേ കണ്ടല്ലേ പഠിക്കുന്നത്. ഭാര്യേ തലേൽ കേറ്റി വച്ചേക്കുന്ന തന്തേ കണ്ടല്ലേ മക്കള് പഠിക്കുന്നത്. " കഴിപ്പ് മതിയാക്കി അടുക്കളയിലേക്കെണീറ്റ് പോകും വഴി നീരജ മുറുമുറുത്തു. അത് കണ്ട് നരേന്ദ്രനുൾപ്പെടെ എല്ലാവരും ചിരിച്ചു. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 സിദ്ധു മുറിയിൽ ചെന്നപ്പോൾ കട്ടിലിൽ ചുരുണ്ട് കിടപ്പുണ്ടായിരുന്നു ചാരു. അവളുടെയാ കിടപ്പ് കണ്ട് അവന് വല്ലാത്തൊരു വാത്സല്യം തോന്നിയപ്പോൾ. സിദ്ധു ആഹാരവുമായി അവളുടെ അരികിൽ ചെന്നിരുന്നിട്ടും അവളതേ കിടപ്പിൽ തന്നെയായിരുന്നു.

" ചാരു.... " " --------------- " " ഡീ ചാരു..... " " മ്മ്ഹ്ഹ്..... " " എണീക്ക്.... കഴിച്ചിട്ട് കിടന്നാ മതിയിനി.... " " എനിക്ക് വേണ്ട കണ്ണേട്ടാ.... " " അതൊന്നും പറഞ്ഞാൽ പറ്റില്ല....പട്ടിണി കിടന്നാൽ വേദന മാറില്ല. ഫുഡ് കഴിച്ചിട്ടൊരു ടാബ്ലറ്റ് കൂടി കഴിച്ചിട്ട് കിടന്നോ.... " " എനിക്കൊന്നും വേണ്ട കണ്ണേട്ടാ.... " " ഡീ ചുമ്മാ എന്റകയ്യീന്ന് വാങ്ങിക്കാതെ മര്യാദക്കെണീറ്റ് ഇത് കഴിക്കെടി. " കിടന്നുകൊണ്ട് തന്നെ പറയുന്നവളെ കണ്ട് അല്പം ദേഷ്യത്തിൽ പറഞ്ഞുകൊണ്ടവനവളെ പിടിച്ചുപൊക്കിയിരുത്തി. പക്ഷേ എണീറ്റിരുന്ന അവളുടെ മുഖം കണ്ടതും അവനൊന്ന് വല്ലാതെയായി. ആ മുഖമാകെ കരഞ്ഞുകരഞ്ഞ് നീരുവന്നിരുന്നു. അത് കണ്ടതും സിദ്ധുവിനാകെ വിഷമം തോന്നി. " ഒരു തലവേദനക്കാണോ നീയീകിടന്ന് മോങ്ങുന്നത്. അതെങ്ങനാ മര്യാദക്ക് ആഹാരം കഴിച്ചില്ലെങ്കിൽ ഇതല്ല ഇതിനപ്പുറവും വരും. " പറഞ്ഞുകൊണ്ട് തന്നെ അവൻ ചോറിളക്കി വാരി അവൾക്ക് നേരെ നീട്ടി.

ചാരു ആദ്യമൊന്ന് മടിച്ചെങ്കിലും അവന്റെ ഒറ്റനോട്ടത്തിൽ മിണ്ടാതിരുന്നുകൊണ്ട് അവൻ കൊടുത്തതെല്ലാം കഴിച്ചു. അവൾ കഴിച്ചുകഴിഞ്ഞ് ബാക്കിയുള്ളത് അവനും കഴിച്ച് കയ്യൊക്കെ കഴുകി തിരികെ വരുമ്പോഴേക്കും ചാരു വീണ്ടും കിടന്നിരുന്നു. " ഡീ.... ദാ ഇതുകൂടി കഴിച്ചിട്ട് കിടക്ക്... " ഒരു ഗ്ലാസ് വെള്ളവും വേദനക്കുള്ള ഗുളികയുമായി വീണ്ടുമവളുടെ അരികിലിരുന്ന് കൊണ്ട് സിദ്ധു പറഞ്ഞു. " ഗുളികയൊന്നും വേണ്ട കണ്ണേട്ടാ ഇത് നാളത്തേക്കങ്ങുമാറിക്കോളും..... " " എന്ന് നിന്നോട് പറഞ്ഞൊ??? മര്യാദക്ക് കഴിക്ക് ചാരു... " " അതല്ല കണ്ണേട്ടാ എനിക്ക്.... എനിക്ക് തലവേദനയില്ല... " " തലവേദനയില്ലേ ???? " അവൾ പറഞ്ഞത് കേട്ട് സിദ്ധു ചോദിച്ചു. " പിന്നെ നിനക്കെന്താ കുഴപ്പം..... " " അത് എനിക്ക്.... വയറും നടുവുമാ വേദന.... " അവൾ പറഞ്ഞത് കേട്ട് പിന്നീട് നിർബന്ധിക്കാൻ നിൽക്കാതെ അവൻ മരുന്ന് ടേബിളിലേക്ക് വച്ചിട്ട് ബെഡിലേക്ക് വന്നിരുന്നു. " നിനക്ക് ഡേറ്റാണോ ??? " അവന്റെയാ ചോദ്യം കേട്ട് അവൾക്ക് അത്ഭുതം തോന്നി.

എങ്കിലും അതേയെന്ന അർഥത്തിൽ പതിയെ തലയിളക്കി. സിദ്ധുവൊന്ന് മൂളിയിട്ട് ബെഡിൽ ചാരിയിരുന്നുകൊണ്ട് അവളെ നോക്കി. " വാ.... " ബെഡിൽ ചാരിയിരുന്ന് വിളിക്കുന്ന അവനെ കണ്ട് ആദ്യമവളൊന്ന് പകച്ചു. പിന്നെ വീണ്ടും അവൻ തലയാട്ടി വിളിച്ചപ്പോൾ പതിയെ അവന്റെ അരികിലേക്ക് ചെന്നിരുന്നു. സിദ്ധു പതിയെ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. അവന്റെ പെരുമാറ്റം കണ്ട് അമ്പരന്നവനെ നോക്കിയ ചാരുവിനെ നോക്കി ഒന്ന് കണ്ണിറുക്കി ചിരിച്ചുകൊണ്ട് പതിയെ അവളുടെ മുടിയിലൂടെ വിരലോടിച്ചു. " നല്ല വേദനയുണ്ടോ ??? " " മ്മ്ഹ്ഹ്.... " അവൾ മൂളിയതും അവളിട്ടിരുന്ന ടോപ് പൊക്കി സിദ്ധുവിന്റെ കൈകളവളുടെ നടുവിനും വയറിലുമായുഴിഞ്ഞ് തുടങ്ങി. ആ കൈകളുടെ ചൂടറിഞ്ഞതും അവളൊന്ന് കൂടി അവനിലേക്ക് ചാഞ്ഞു. " കണ്ണേട്ടാ..... " കുറേ സമയം അവന്റെ തലോടലിൽ വേദന മറന്നിരുന്ന ശേഷം ചാരു പതിയെ വിളിച്ചു. കണ്ണടച്ച് പിന്നിലേക്ക് ചാരിയിരിക്കുകയായിരുന്ന സിദ്ധു പതിയെ മൂളി. " കണ്ണേട്ടന് എന്നേ ഇഷ്ടമല്ലേ ?? "

" അതെന്താ ഇപ്പൊ ഇങ്ങനൊരു സംശയം ??? " കണ്ണ് തുറന്നവളുടെ മുഖത്തേക്ക് നോക്കി ചിരിയോടെ സിദ്ധു ചോദിച്ചു. " ഞാൻ ചോദിച്ചതിന് മറുപടി പറ..... " " അങ്ങനെ ചോദിച്ചാൽ..... ഇഷ്ടമായാലും ഇല്ലെങ്കിലും ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ലല്ലോ.... തലയിലായ സ്ഥിതിക്ക് ചുമന്നല്ലേ പറ്റൂ....." ഒരു കുസൃതിച്ചിരിയോടവൻ പറഞ്ഞത് കേട്ട് ചാരു മുഖം വീർപ്പിച്ചുകൊണ്ട് അവനിൽ നിന്നുമകന്ന് മാറി മറുവശത്തേക്ക് തിരിഞ്ഞുകിടന്നു. അവളുടെയാ ചെയ്തികളൊക്കെ ഒരു ചിരിയോടെ നോക്കിയിരിക്കുകയായിരുന്ന സിദ്ധു പതിയെ അവളുടെ അരികിലേക്ക് നീങ്ങിക്കിടന്നു. എന്നിട്ട് വീണ്ടുമാ വയറിലൂടെ ചുറ്റിപ്പിടിച്ചു. എന്നിട്ടും അവൾ മൈൻഡ് ചെയ്യാതെ കിടക്കുകയായിരുന്നു. " ഇപ്പൊ ഈ ലോകത്ത് നിന്നോളം ഇഷ്ടമെനിക്കൊന്നിനോടുമില്ലെടി ചീവീടെ.... അന്ന് നമ്മുടെ നിശ്ചയം കഴിയുന്നത് വരെയും നിന്നോടെന്നല്ല ഒരു വിവാഹത്തോട് തന്നെയെനിക്ക് താല്പര്യമില്ലായിരുന്നു. പിന്നെപ്പഴാ നിന്നേ ഞാൻ സ്നേഹിച്ചുതുടങ്ങിയതെന്നെനിക്കറിയില്ല. പക്ഷേ പിന്നീടെനിക്ക് നിന്നേയെത്രയും വേഗം ദേയിങ്ങനിങ്ങ് കിട്ടിയാൽ മതിയെന്നായിരുന്നു. അതും ദേ ഇപ്പൊ നടന്നു. ഇനിയെന്താ എന്റെ വായാടിക്കറിയണ്ടേ........ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story