കാവ്യമയൂരം: ഭാഗം 27

kavyamayooram

രചന: അഭിരാമി ആമി

" ചെറിയമ്മേ..... ചെറിയമ്മേ..... വാതില് തുറക്ക് ചെറിയമ്മേ..... " അതിരാവിലെ വാതിലിൽ തട്ടി വിളിക്കുന്ന ചാരുവിന്റെ സ്വരം കേട്ടാണ് അനാമിക ഉറക്കമുണർന്നത്. " എന്താ മോളെ എന്തിനാ ഇങ്ങനെ വിളിച്ചുകൂവുന്നത് ???? " " ചെറിയമ്മയെന്താ ഇന്നിത്ര താമസിച്ചതെണീക്കാൻ ???? നേരമൊരുപാടായല്ലോ... " " രാത്രി നല്ല തലവേദനയായിരുന്നു മോളെ നേരം നന്നേ പുലർന്നിട്ടാ ഒന്ന് മയങ്ങിയത്. നേരം വെളുത്തതൊന്നുമറിഞ്ഞില്ല..... " " ആഹ് അതൊന്നും സാരമില്ല ചെറിയമ്മ വേഗം ചെന്ന് കുളിച്ചിട്ട് വായോ.... നമുക്കൊന്നമ്പലത്തിൽ പോകാം.... " മുടി വാരിക്കെട്ടിക്കൊണ്ട്‌ നിന്ന അനു അവളുടെ പറച്ചില് കേട്ട് ഒന്ന് ചിരിച്ചു. " എന്തുപറ്റി ഇപ്പൊ പെട്ടന്നമ്പലത്തിൽ പോകാനൊരു മോഹം.... " " അതൊക്കെ പറയാം ചെറിയമ്മ വേഗം റെഡിയായി വായോ.... " പറഞ്ഞിട്ട് മറുപടി കേൾക്കാൻ നിൽക്കാതെ ചാരു വേഗത്തിൽ മുറിയിലേക്കോടി.

അവളുടെ ഓട്ടം നോക്കി നിന്നൊരു ചിരിയോടെ അനു കുളിക്കാനായി പോയി. ചാരു തിരികെ മുറിയിലെത്തുമ്പോഴും ബെഡിൽ നിന്നിളകിയിട്ടുണ്ടായിരുന്നില്ല സിദ്ധു. ഒരു തലയിണയും കെട്ടിപ്പിടിച്ച് കമിഴ്ന്നുകിടന്നുറങ്ങുന്ന അവന്റെ മുഖത്തേക്ക് തന്നെ അല്പനേരം നോക്കിനിന്നവൾ. പിന്നെ പതിയെ അവനരികിലേക്കിരുന്ന് നെറ്റിയിലേക്കൂർന്ന് വീണ് ഫാനിന്റെ കാറ്റിൽ പാറിക്കളിക്കുന്ന മുടിയിഴകളെ മാടിയൊതുക്കി. അതേസമയം തന്നെയായിരുന്നു ക്ലോക്കിൽ ഏഴടിച്ചത്. " എന്റെ ദൈവമേ മണിയേഴായി..... കണ്ണേട്ടാ..... കണ്ണേ....ട്ടാ..... ഒന്നെണീക്ക്......ഇന്നത്തെ കാര്യമൊക്കെ മറന്നോ ???? മണിയേഴായി.....മതിയുറങ്ങിയത് എണീറ്റ് കുളിക്ക്.... " " ഇല്ലെടി പെണ്ണേ നീ ഇവിടെ വന്ന് കിടക്ക്..... ഇത്തിരി കഴിഞ്ഞ് നമുക്കൊന്നിച്ച് കുളിക്കാം.... " ഉറക്കപ്പിച്ചിൽ കണ്ണ് തുറക്കാതെ തന്നെ പറഞ്ഞുകൊണ്ടവളെ വലിച്ച് ബെഡിലേക്കിട്ടാ കഴുത്തിടുക്കിൽ മുഖം പൂഴ്ത്തി സിദ്ധു.

" അയ്യടാ നല്ല സുഖായിപ്പോയല്ലോ.... മാറങ്ങോട്ട് എനിക്ക് ചെറിയമ്മേടെ കൂടമ്പലത്തിൽ പോണം. " അവനെ തള്ളിമാറ്റി എണീറ്റിരുന്നുകൊണ്ട് ചാരു പറഞ്ഞു. " ഹോ നീയിതെന്തൊരു മൂരാച്ചിയാടി.....ഈ കൊച്ചുവെളുപ്പാൻകാലത്ത് ഇത്രേം റൊമാന്റിക് മൂഡിൽ അമ്പലത്തിൽ പോകാൻ നിക്കുന്ന ചീവീട്..... " " ഓഹ് പിന്നേ ഈ നേരമില്ലാത്ത നേരത്താ റൊമാൻസ്..... ഇന്നലെ പാതിരാത്രി വരേ മനുഷ്യനെ കിടന്നുറങ്ങാൻ സമ്മതിക്കാതെ റൊമാൻസിചില്ലേ അതൊക്കെ മതി പൊന്നുമോൻ മര്യാദക്കെണീറ്റ് കുളിക്കാൻ നോക്ക്. " തന്നേനോക്കി ഉണ്ടക്കണ്ണുരുട്ടി പറയുന്നവളെക്കണ്ട് സിദ്ധുവിന്റെ ചുണ്ടിലൊരു കള്ളച്ചിരിയൂറി. " ഓർമ്മിപ്പിക്കല്ലേ പെണ്ണേ..... ഇനി അതൊക്കെ കുത്തിപ്പൊക്കി വെറുതെ അമ്പലത്തിൽ പോക്ക് മുടക്കണ്ട..... "

 " എന്റെ ദൈവമേ ഇങ്ങനൊരു മനുഷ്യൻ..... കുറേനാളായല്ലോ ലീവെടുക്കാൻ തുടങ്ങിയിട്ട് നിങ്ങക്ക് ഓഫീസിൽ പൊക്കൂടെ കണ്ണേട്ടാ..... അല്ലേ കളക്ടറേറ്റിൽ പെറ്റുകിടന്നിരുന്ന മനുഷ്യനാ ഇപ്പൊ അങ്ങോട്ട് പോകാനുള്ള വഴിയേലുമറിയാമോ ??? " " ഓഹ് എന്തായാലും ഇത്രേയൊക്കെ ആയില്ലേ ഇനിയിപ്പോ നമുക്കൊരു കുഞ്ഞിക്കാലൊക്കെ കണ്ടിട്ട് പോകാടി..... " അവളുടെ ഇരുകവിളിലും പിടിച്ചുവലിച്ചുകൊണ്ട് പറയുന്ന സിദ്ധുവിനെയവൾ വീണ്ടും കൂർപ്പിച്ചുനോക്കി. " അയ്യോടാ അത് മതിയോ ??? മാറങ്ങോട്ട് ഞാനെങ്കിലും പോയി കുളിക്കട്ടെ.... " " മോളേ വേണേൽ കണ്ണേട്ടനും വരാഡീ..... " " പോടാ പട്ടി.... " കട്ടിലിൽ ചമ്രംപടഞ്ഞിരുന്നൊരു കുസൃതിച്ചിരിയോടെ പറയുന്നവനെ നോക്കി ചുണ്ടനക്കി പറഞ്ഞിട്ട് അവൾ ബാത്‌റൂമിലേക്ക് കയറി വാതിലടച്ചു. ഒരു ചിരിയോടെ സിദ്ധു വീണ്ടും ബെഡിലേക്ക് കിടന്ന് കണ്ണുകളടച്ചു. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞

" എന്റെ ദേവീ ചിറ്റയുടെ ജീവിതത്തിൽ വീണ്ടും വെളിച്ചം കൊണ്ടുവരാനുള്ള ശ്രമത്തിലാ ഞങ്ങളെല്ലാരും. എല്ലാം നന്നായിത്തന്നെ നടക്കണേ ദേവീ..... ഇനിയെങ്കിലും ആ പാവത്തിനൊരു നല്ല ജീവിതം കൊടുക്കണെ അമ്മേ.... " ശ്രീകോവിലിന് മുന്നിൽ നിന്ന് കളഭം ചാർത്തിയ ദേവീവിഗ്രഹത്തിലേക്ക് നോക്കി ചാരു പ്രാർത്ഥിക്കുമ്പോൾ അനാമികയുടെ ഉള്ളിൽ മറ്റൊന്നായിരുന്നു. " ഇനിയുമെന്നെയിങ്ങനെ പരീക്ഷിക്കല്ലേ ദേവീ.... മോഹിച്ച ജീവിതം നീയെനിക്ക് തന്നില്ല..... തന്നതൊട്ട് എനിക്ക് വാണുമില്ല.....ഇപ്പൊ വീണ്ടുമൊരു വേദനയായി ജയേട്ടൻ.... എനിക്ക് വയ്യ ദേവീ ആ മനുഷ്യനെയിങ്ങനെ കാണാൻ..... ഞാൻ കാരണം സ്വയം നശിക്കുന്ന ജയേട്ടനെ കാണുംതോറുമെന്റെ ഉള്ള് പൊള്ളുവാ.... ഇനിയേലും ആ മനസ്സ് മാറ്റിയൊരു കൂട്ട് തേടാൻ തോന്നിക്കണെ മഹാമായേ..... " " ചിറ്റേ പോകാം ??? "

ചാരുവിന്റെ ചോദ്യം കേട്ടൊന്ന് മൂളിക്കൊണ്ട് അനു അവൾക്കൊപ്പം പുറത്തേക്ക് നടന്നു. തിരികെ പോകുന്നതിനിടയിൽ ഒന്നുരണ്ട് തവണ സിദ്ധുവിന്റെ കാൾ വന്നത് കൊണ്ടുതന്നെ ചാരു വല്ലാതെ ധൃതികൂട്ടുന്നത് കണ്ട് അനുവിനാകെയൊരു ആശങ്ക തോന്നിയിരുന്നെങ്കിലും അവൾക്കൊപ്പം തന്നെ നടന്നു. അവർ തിരികെ തറവാട്ടിലെത്തുമ്പോൾ മുറ്റത്തൊരു കാർ കിടന്നിരുന്നു. ആ വണ്ടിയെവിടെയോ കണ്ടിട്ടുണ്ടല്ലൊ എന്നോർത്ത് നിൽക്കുമ്പോർത്ത് അനു അവിടെ തടഞ്ഞുനിൽക്കുന്നത് കണ്ടതും ചാരു വേഗമവളുടെ കയ്യും പിടിച്ച് മുന്നോട്ട് നടന്നു. " കേറി വാ ചിറ്റേ..... " " ഞാനപ്പുറത്തൂടെ വരാം ചാരു.... " അവളിൽ നിന്നും കയ്യിലെ പിടി വിടുവിക്കാൻ ശ്രമിച്ചുകൊണ്ട് അനു പറഞ്ഞെങ്കിലും അത് മൈൻഡ് ചെയ്യാതെ അവളെയും വലിച്ചുകൊണ്ട് തന്നെ ചാരു ഉമ്മറത്തേക്ക് ചെന്ന് കയറി. " അനു ഒന്നവിടെ നിന്നേ..... ഇവരൊക്കെ നിന്നെക്കാണാനാ വന്നിരിക്കുന്നത്..... "

ഉമ്മറത്തേക്ക് കയറിയതും അവിടെയുണ്ടായിരുന്ന ആരെയും നോക്കാതെ വേഗത്തിൽ അകത്തേക്ക് പോകാൻ തുനിഞ്ഞ അവളെ തടഞ്ഞുകൊണ്ട് അരവിന്ദൻ പറഞ്ഞതും പിടിച്ചുകെട്ടിയത് പോലെ അനു അവിടെ നിന്നു. വല്ലാത്തൊരു വെപ്രാളത്തോടെ തല തിരിച്ചങ്ങോട്ട് നോക്കിയതും അവളുടെ മുഖം വിവർണമായി. മിഴികൾ പുകഞ്ഞെരിഞ്ഞ് നീർമണികളുരുണ്ടുകൂടി. ജയകൃഷ്ണനും അയാളുടെ അമ്മയും അനിയത്തിയുമായിരുന്നു അവിടെയിരുന്നിരുന്നത്. അവിടെയുണ്ടായിരുന്ന എല്ലാവരിലൂടെയുമൊഴുകി നടന്നൊടുവിൽ നിറഞ്ഞുതൂവിയ അവളുടെ മിഴികൾ ജയകൃഷ്ണനിൽ തറഞ്ഞുനിന്നു. ആ മിഴികളിലെ ഭാവമെന്തെന്നറിയാതെ വല്ലാത്തൊരവസ്ഥയിൽ ഇരിക്കുകയായിരുന്നു ജയകൃഷ്ണനും. പക്ഷേ ആരോടുമൊരു വാക്ക് പോലും മിണ്ടാതെ അനുവൊരേങ്ങലോടെ അകത്തേക്ക് ഓടിപ്പോയതോടെ എല്ലാവരുമൊന്ന് വല്ലാതെയായി. ചാരുവും ആര്യയും കൂടിയവളുടെ പിന്നാലെ ഓടാൻ തുടങ്ങിയതും സിദ്ധു അവരെ തടഞ്ഞുനിർത്തി.

" വേണ്ട..... ഇപ്പൊ നമ്മളാരുമല്ല അവിടേക്ക് പോകണ്ടത്. സർ .....സാറ് തന്നെ ചെന്ന് സംസാരിക്ക്.... " പറഞ്ഞിട്ടവൻ അരവിന്ദനെ നോക്കുമ്പോൾ അത് ശരിവെക്കുന്ന ഭാവമായിരുന്നു അദ്ദേഹത്തിലും. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 അനു പോയ പുറകെ തേടിച്ചെന്ന ജയകൃഷ്ണൻ കാണുന്നത് പിന്നാമ്പുറത്തെ ഒതുക്കുകല്ലിരുന്ന് മടിയിലേക്ക് മുഖം പൂഴ്ത്തിയിരിക്കുന്ന അവളെയാണ്. ഇടയ്ക്കിടെ ഉള്ള ഏങ്ങലടികളിൽ നിന്നും അവൾ കരയുകയാണെന്ന് മനസ്സിലായതും നെഞ്ചിലെന്തോ ഭാരമെടുത്ത് വച്ചത് പോലെ തോന്നിയവന്. " അനൂ..... " അരികിലേക്ക് ചെന്നവൻ വിളിച്ചതും ഒരു പിടച്ചിലോടെ അവൾ മുഖമുയർത്തി നോക്കി. ആ കണ്ണുകൾ കലങ്ങിമറിഞ്ഞിരുന്നു. കവിളുകളെ നനച്ചുകൊണ്ട് കണ്ണീരൊഴുകിയിറങ്ങിക്കൊണ്ടിരുന്നു . " എന്തിനാ..... എന്തിനാ വീണ്ടും എന്നോടിങ്ങനൊക്കെ ????

ഞാനെങ്ങനെങ്കിലുമൊക്കെ ഈ ജീവിതമൊന്ന് ജീവിച്ചുതീർത്തോട്ടെ..... ഇനിയുമൊരു വേഷംകെട്ടിന് വയ്യെനിക്ക്.... " " ഞാനൊന്ന് പറഞ്ഞോട്ടെ അനു..... ഇതൊന്നും സത്യമായും ഞാൻ മുൻകയ്യെടുത്തിവിടംവരെ എത്തിച്ചതല്ല. അന്ന് നമ്മൾ കാവിൽ വച്ച് സംസാരിച്ച ദിവസം നീയോർക്കുന്നില്ലേ അന്ന് നിന്നെയും കൂട്ടിപ്പോയ ചാരു കുറച്ചുകഴിഞ്ഞപ്പോൾ തിരികെ വന്നിരുന്നു അവിടെത്തന്നെ നിന്നിരുന്ന എന്നേ കാണുകയും ചെയ്തിരുന്നു. പിന്നെയും കുറച്ചുദിവസം കഴിഞ്ഞാണ് സിദ്ധു എന്നേക്കാണാൻ വന്നത്. ഒപ്പം ചാരുവുമുണ്ടായിരുന്നു. " ആ വാക്കുകൾ കേട്ട് എന്താണ് നടന്നതെന്നറിയാനുള്ള ആകാംഷയിൽ അനു ആ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുമ്പോൾ സിദ്ധുവിനെയും ചാരുവിനെയും കണ്ട ദിവസത്തെ സംഭാഷണമോർത്തെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു ജയകൃഷ്ണൻ. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞

" സാർ.... എന്നേയോർക്കുന്നുണ്ടോ ???? " കോളേജ് അവധിയായത് കൊണ്ട് അമ്പലത്തിലെ രസീത് കൗണ്ടറിലിരിക്കുകയായിരുന്ന ജയദേവൻ പരിചിതമല്ലാത്ത ആ സ്വരം കേട്ടുകൊണ്ടാണ് എഴുതിക്കൊണ്ടിരുന്നതിൽ നിന്നും മുഖമുയർത്തിയത്. " ആഹ്..... സോറി ഓർമ്മകിട്ടുന്നില്ല..... " " ഞാൻ സിദ്ധാർഥ്.... ഇതെന്റെ വൈഫ് ചാരുശ്രീ. സെന്റ് സ്റ്റീഫൻസിൽ ഗസ്റ്റ് ലെക്ചറായി സാർ വരുമ്പോൾ ഞാനവിടെ ഫൈനൽ ഇയർ ആയിരുന്നു. " " ആണോ പെട്ടന്ന് ഓർമ്മ കിട്ടുന്നില്ല. " ചിരിയോടെ പറഞ്ഞ സിദ്ധുവിനോടതെ ചിരിയോടെ തന്നെ ജയകൃഷ്ണനും മറുപടി പറഞ്ഞു. " എന്നേ ചിലപ്പോൾ സാറിനോർമകാണില്ല. പക്ഷേ എന്റമ്മേ അറിയായിരിക്കും. ഞാൻ മണിമംഗലത്തെ അരുന്ധതിയുടെ മകനാണ്. എന്റെ ചിറ്റസാറിന്റെ ജൂനിയറായിരുന്നു. അനാമിക. " അനാമികയുടെ പേര് കേട്ടതും ജയകൃഷ്ണന്റെ മുഖമൊന്ന് വിളറി.

സിദ്ധുവും ചാരുവുമത് വ്യക്തമായി ശ്രദ്ധിക്കുകയും ചെയ്തിരുന്നു. " ആഹ്.... മണിമംഗലത്തുള്ളവരെയൊക്കെ അറിയാം താനിവിടധികം വരാറില്ലല്ലൊ അതാണ് അറിയാത്തത്. " ഉള്ളിലെ അസ്വസ്ഥത മറച്ചുവച്ചുകൊണ്ട് അവൻ പറഞ്ഞു. സിദ്ധുവും വെറുതെയൊന്ന് ചിരിച്ചു. " ചിറ്റയുമായി വെറുമൊരു പരിചയം മാത്രമല്ല സാറിനുള്ളതെന്ന് ഞങ്ങൾക്കറിയാം. അതിന്റെ ആഴമെത്രത്തോളമുണ്ടെന്ന് ഒന്നറിയാൻ തന്നെയാ ഞങ്ങളും വന്നത്. " സംസാരം നീണ്ടുപോയോടുവിൽ അനാമികയിലേക്ക് ചുരുങ്ങിയപ്പോഴായിരുന്നു എടുത്തടിച്ചത് പോലെ സിദ്ധുവത് പറഞ്ഞത്. " ഒടുവിൽ അവരുടെ നിർബന്ധമധികമായപ്പോൾ എനിക്കെല്ലാം തുറന്നുപറയേണ്ടിവന്നു. " ജയദകൃഷ്ണനത് പറയുമ്പോൾ വർഷങ്ങൾക്ക് മുൻപുള്ളൊരു ജയകൃഷ്ണൻ മാഷേയും അവന്റെ മാത്രമായിരുന്നു ആമിയേയും ഓർമ്മകളിലെവിടെയോ ചികഞ്ഞുകൊണ്ടിരിക്കുകയായിരുന്നു അനു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story