കാവ്യമയൂരം: ഭാഗം 28

kavyamayooram

രചന: അഭിരാമി ആമി

" സാർ..... " ആ ശബ്ദം കേട്ടുകൊണ്ടാണ് ക്ലാസ്സെടുക്കുന്നതിനിടയിൽ നിന്നും ജയകൃഷ്ണൻ വാതിൽക്കലേക്ക് നോക്കിയത്. അവിടെ ഓടിക്കിതച്ച് വിയർപ്പിൽ കുതിർന്ന മുഖത്തോടെ ഒരു പെൺകുട്ടി നിന്നിരുന്നു. ചുരിദാറായിരുന്നു അവളുടെ വേഷം. കരിയെഴുതിയ മിഴികളും നീണ്ടപുരികക്കൊടികളും പിന്നിയിട്ട നീണ്ടമുടിയിഴകളുമുള്ള ഐശ്വര്യം തുളുമ്പുന്ന അവളുടെ മുഖം കണ്ടാൽ തന്നെയറിയാം നല്ല ടെൻഷനുണ്ടെന്ന്. " എന്താടോ ???? " പഠിപ്പിച്ചുകൊണ്ടിരുന്ന ഒഴുക്ക് നഷ്ടപ്പെട്ടതിന്റെ അരിശത്തിൽ തന്നെ അവൻ ചോദിച്ചു. " അത്.... ഞാൻ.... സാർ.... പിന്നെ.... " " എന്തോന്നാടോ നിന്ന് പെറുക്കിക്കളിക്കുന്നത് ??? വലതുമുണ്ടെങ്കിൽ വായ തുറന്നുപറ.... കാലത്തേ മനുഷ്യനെ മെനക്കെടുത്താൻ വേണ്ടി ഒരോന്നിറങ്ങിക്കോളും.... " അവൻ ദേഷ്യപ്പെടുന്നത് കണ്ട് ഭയത്തോടെ വിക്കി വിക്കി പറയാൻ ശ്രമിച്ച അവളെ നോക്കി അവൻ വീണ്ടും കലിപ്പായി. " സോറി സാർ ബസ് കിട്ടിയില്ല.... " " ഒന്ന് നിർത്തേടോ ഈ സ്ഥിരം എക്സ്ക്യൂസസ്.... താനൊക്കെ പഠിക്കാൻ തന്നെയാണോ വരുന്നത്.....

ക്ലാസ്സിന്റെ ഫ്ലോ കളയാൻ നേരം കെട്ട നേരത്ത് കേറി വന്നോളും.... ഇഡിയറ്റ്...." ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ അവൻ പറഞ്ഞത് കേട്ടതും സങ്കടം കൊണ്ടവളുടെ മിഴികൾ നിറഞ്ഞൊഴുകി. " ആഹ് തുടങ്ങിയല്ലോ അടുത്ത നമ്പർ..... ഈ അവർ താനേതായാലും ക്ലാസ്സിൽ കയറണ്ട. ഇനി തന്റെ കരച്ചിൽ മാറും വരെകൂടി കളയാൻ സമയമില്ല. ഗെറ്റ് ഔട്ട്‌..... " പറഞ്ഞിട്ട് അവൻ വീണ്ടും കയ്യിലിരുന്ന ബുക്കിലേക്ക് നോക്കി. സങ്കടവും നാണംകേടുമെല്ലാം കൊണ്ട് അവൾ ക്ലാസ്സിലോരോ മുഖങ്ങളിലേക്കും നോക്കി. ചിലതിൽ ചിരി.... മറ്റുചിലതിൽ സഹതാപം..... എല്ലാം കൂടി കണ്ടതും സങ്കടം കൊണ്ടവളൊന്നേങ്ങിപ്പോയി. അപ്പോഴാണ് ജയകൃഷ്ണൻ തല ഉയർത്തി വീണ്ടുമവളെ നോക്കിയത്. " താനിതുവരെ പോയില്ലേ.... ഗെറ്റ് ഔട്ട്‌ ഫ്രം മൈ ക്ലാസ്സ്..... " അവൻ വീണ്ടും ഒച്ചവച്ചതും പിന്നീടവിടെ നിൽക്കാതെ ഷാൾ കൊണ്ട് വായ പൊത്തിക്കൊണ്ട്‌ അവൾ പുറത്തേക്ക് നടന്നു. ജയകൃഷ്ണൻ വീണ്ടും പഠിപ്പിക്കൽ തുടർന്നു. പത്തുമണിയോടെ ക്ലാസ്സ്‌ കഴിഞ്ഞ് അവൻ പുറത്തേക്ക് വരുമ്പോഴും അവളതേ നില നിൽക്കുന്നുന്നുണ്ടായിരുന്നു പുറത്ത്..

കണ്ണുകൾ കരഞ്ഞുലങ്ങിയിരുന്നു. അവളുടെയപ്പോഴത്തേ ഭാവം കണ്ടെന്തോ പാവം തോന്നിയ ജയൻ പതിയെ അവളുടെ അരികിലേക്ക് ചെന്നു. " എന്താ തന്റെ പേര് ?? " " അനാമിക.... " അരികിലേക്ക് വന്ന് ഗൗരവം വിടാതെയുള്ള അവന്റെ ചോദ്യതിന് മറുപടി പറയുമ്പോഴും അവളിലെ തേങ്ങലുകൾ അടങ്ങിയിട്ടുണ്ടായിരുന്നില്ല. " മ്മ്ഹ്..... കരയണ്ട. ക്ലാസ്സിൽ കയറേണ്ട സമയത്ത് കേറാതെ തോന്നുമ്പോ കേറി വരുന്ന ഈ പരിപാടിയങ്ങ് നിർത്തിയേക്കണം. " " സൊ... സോറി സാർ പതിവ് ബസ് ഇന്ന് നേരത്തെ ആയിരുന്നു. പിന്നുള്ളതിലിങ്ങ് വന്നപ്പോഴേക്കും സമയം പോയി..... " അവൾ പറഞ്ഞതിന് മറുപടിയായി ഒരു മൂളൽ മാത്രം തിരികെ നൽകി അവൻ അവൻ സ്റ്റാഫ് റൂമിലേക്ക് പോയി. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 ദിവസങ്ങൾ കൊഴിഞ്ഞുകൊണ്ടിരിക്കെ അനാമികയെ ക്യാമ്പസിൽ പലയിടത്തും ക്ലാസ്സ്‌ മുറികളിലുമൊക്കെയായി അവൻ കാണാറുണ്ടായിരുന്നു.

അവളെക്കുറിച്ച് തനിക്കുള്ള ധാരണ പോലെയേ അല്ല അവളെന്ന തിരിച്ചറിവിലേക്ക് ജയനെ എത്തിക്കുന്നതായിരുന്നു പിന്നീട് അവളെക്കുറിച്ചുള്ള അറിവുകളൊക്കെയും. ക്ലാസ്സ്‌ റൂമികളിലും കലാവേദികളിലുമെല്ലാം ഒരേപോലെ തിളങ്ങി നിന്നിരുന്ന അവളെ കാണുമ്പോൾ ഇടയ്ക്കിടെ അറിയാതെയെങ്കിലുമൊരു പുഞ്ചിരി തന്നിൽ വിടരുന്നത് ജയകൃഷ്ണൻ തിരിച്ചറിഞ്ഞു. പതിയെപ്പതിയെ ആദ്യത്തെ സങ്കോചമവളിൽ നിന്നുമൊഴിഞ്ഞു. ജയകൃഷ്ണന്റെ പ്രീയപ്പെട്ട വിദ്യാർത്ഥികളിൽ ഏറ്റവും മുന്നിലുള്ളവളായി അവൾ മാറാനും അധികം വൈകിയില്ല. അങ്ങനെയിരിക്കെ മഴയുള്ള ഒരു ദിവസം രാവിലെ കോളേജിലേക്ക് വരുമ്പോഴായിരുന്നു കോളേജ് ബസ്സ്റ്റോപ്പിന് കുറച്ചപ്പുറത്തായി ഒരാൾക്കൂട്ടം കണ്ട് ജയകൃഷ്ണൻ അങ്ങോട്ട് ചെന്നത്. ആളുകളെ വകഞ്ഞുമാറ്റി മുന്നോട്ട് ചെല്ലുമ്പോൾ കണ്ട കാഴ്ചയിൽ അവന്റെ നെഞ്ചിലൂടൊരു കൊള്ളിയാൻ പാഞ്ഞു. റോഡിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന അവൾ. അനാമിക.... " അനൂ..... " അറിയാതവനിൽ നിന്നുമാ പേര് ഉതിർന്നു. " എന്താ ഉണ്ടായത് ??? "

അവളെ കുലുക്കി വിളിച്ചുകൊണ്ട് അടുത്ത് കരഞ്ഞുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയോട് ചോദിക്കുമ്പോൾ അവന്റെ സ്വരം വിറച്ചിരുന്നു. " ഞങ്ങൾ റോഡ് ക്രോസ്സ് ചെയ്യുമ്പോ ഒരു ബൈക്ക് വന്നിടിച്ചതാ. വണ്ടി നിർത്താതെ പോയി...... " ആ കുട്ടി കരച്ചിലടക്കാൻ പാടുപെട്ടുകൊണ്ട് പറഞ്ഞു. പിന്നീടൊന്നുമാലോചിക്കാനുണ്ടായിരുന്നില്ല ജയന്. ഒരോട്ടോ വിളിച്ച് ബോധമില്ലാതെ കിടന്നിരുന്നവളെയും വാരിയെടുത്ത് ആശുപത്രിയിലേക്ക് പോകുമ്പോൾ അവന്റെ ഹൃദയം പിടയുകയായിരുന്നു. ഹോസ്പിറ്റലിലെത്തി ക്യാഷ്വലിറ്റിയിലേക്കും അവളെ എടുത്തുകൊണ്ട് പോയത് അവൻ തന്നെയായിരുന്നു. " ഡോക്ടർ..... '' " പേടിക്കാനൊന്നുമില്ല തലയിൽ ചെറിയൊരു മുറിവേയുള്ളു. കൈ മുട്ടും ചെറുതായി പൊട്ടിയിട്ടുണ്ട്. പിന്നെ ബോധം പോയത് പേടിച്ചത് കൊണ്ടാ സാരമില്ല. ഒബ്സർവേഷൻ കഴിയുമ്പോൾ വീട്ടിലേക്ക് കൊണ്ടുപോകാം. " " താങ്ക്‌യൂ ഡോക്ടർ. " പറഞ്ഞിട്ട് അവൻ പതിയെ അകത്തേക്ക് ചെന്ന് അനുവിന്റെ അടുത്തിരുന്നു. അവളപ്പോഴും നല്ല മയക്കത്തിൽ തന്നെയായിരുന്നു.

നെറ്റിയിലേയും കയ്യിലേയും മുറിവുകൾ ബാന്റേഡ് ചെയ്തിരുന്നു. അല്പനേരം അവളെയങ്ങനെ നോക്കിയിരുന്നിട്ട് വയറിൽ മടക്കി വച്ചിരുന്ന അവളുടെ വലതുകൈ അവൻ കയ്യിലെടുത്തു. പിന്നെ ഏതോ ഒരുൾപ്രേരണയിൽ അതിലമർത്തി ചുംബിച്ചു. " എനിക്കറിയില്ല അനൂ.... നിനക്ക്...... നിനക്കെന്തെങ്കിലും സംഭവിക്കുന്നതിനെപ്പറ്റി എനിക്ക് ചിന്തിക്കാൻ പോലും വയ്യ. നിന്നെ..... നിന്നേയെനിക്കത്ര ഇഷ്ടമാണ് പെണ്ണേ...... പ്രാണനാണ് നീയെന്റെ. " ആ കൈയിൽ ചുണ്ടമർത്തിയിരുന്നുകൊണ്ട് തന്നെ അവൻ പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. ആ കണ്ണുനീർ തുള്ളികളവളുടെ കൈ വിരലുകളെ നനച്ചു. കുറേ സമയം അതേയിരുപ്പ് തന്നെ തുടർന്നശേഷം മുഖമുയർത്തി അവളിലേക്ക് നോക്കിയ ജയകൃഷ്ണന്റെ മുഖം വിളറി വെളുത്തു. കണ്ണുകൾ തുറന്നവനെ തന്നെ നോക്കി കിടക്കുന്ന അനാമിക. ആ മുഖത്തെ ഭാവമെന്തെന്ന് വ്യക്തമായിരുന്നില്ല. അവളുടെ നോട്ടമവന്റെ കണ്ണുകളിൽ നിന്നും മാറിയപ്പൊഴാണ് താനപ്പോഴുമവളുടെ വലം കയ്യേ പൊതിഞ്ഞുപിടിച്ചിരിക്കുകയാണെന്ന ബോധം അവന് വന്നത്

. " അനു.... ഐ..... ഐ ആം സോറി.... ഞാൻ പെട്ടന്ന്..... തന്നേയാ അവസ്ഥയിൽ കണ്ടപ്പോൾ..... " അവളുടെ കൈ വിട്ടുകൊണ്ട് വിക്കി വിക്കി പറയുന്നവനെ നോക്കി പെട്ടന്നായിരുന്നു അവൾ ചിരിച്ചത്. ജയകൃഷ്ണനൊരു നിമിഷമൊന്ന് തറഞ്ഞിരുന്നു. അവളുടെ പുഞ്ചിരിയുടെ അർഥം അപ്പോഴുമവന് മനസ്സിലായിരുന്നില്ല. പക്ഷേ തന്റെ മിഴികളിലേക്ക് നോക്കികിടന്ന് വീണ്ടുമതേ പുഞ്ചിരി പൊഴിക്കുന്നവളെ നോക്കിയിരിക്കെ പതിയെ അവനിലും പുഞ്ചിരി വിരിഞ്ഞു. പിന്നെയങ്ങോട്ട് പ്രണയത്തിന്റെ നാളുകളായിരുന്നു. ശരീരം കൊണ്ട് പ്രണയിക്കുന്ന കാലത്ത് മിഴികൾ കൊണ്ടും മൗനം കൊണ്ടും നേർത്തൊരു പുഞ്ചിരി കൊണ്ട് പോലും അവർ പ്രാണനെപ്പോലെ പ്രണയിച്ചു. ക്ലാസ്സ്‌ മുറികളിലും അമ്പലനടയിലും ഉത്സവപ്പറമ്പിലെ ആൾക്കൂട്ടത്തിലുമെല്ലാം മൗനം കൊണ്ടവർ പ്രണയം കൈമാറി. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕

" എന്തേ കാണണമെന്ന് പറഞ്ഞത് ???? " അമ്പലത്തിൽ നിന്നും തൊഴുതിറങ്ങി ആൽത്തറയിലിരിക്കുകയായിരുന്ന തന്റെ അരികിലേക്ക് നടന്നുവന്ന അനാമികയേ കണ്ട് ജയകൃഷ്ണൻ ചോദിച്ചു. പക്ഷേ അവളുടെ മുഖം മങ്ങി ത്തന്നെയിരുന്നു. ഒന്നും മിണ്ടാതെ കൈ വെള്ളയിൽ നിന്നും അല്പം പ്രസാദം തൊട്ടെടുത്ത് അവന്റെ നെറ്റിയിൽ തൊട്ടുകൊടുത്തു. " എന്താ പെണ്ണേ നിനക്കൊരു വാട്ടം ??" ഒട്ടും തെളിയാത്ത അവളുടെ മുഖം ശ്രദ്ധിച്ചുകൊണ്ട് ആ താടിത്തുമ്പിൽ പിടിച്ചുയർത്തി അവൻ ചോദിച്ചു. " അത്.... അതുപിന്നെ വീട്ടിൽ.... " " വീട്ടിലെന്താ ??? " അവളെന്തോ പറയാൻ ബുദ്ധിമുട്ടുന്നുവെന്ന് തോന്നിയപ്പോൾ അവനെടുത്ത് ചോദിച്ചു. " വീട്ടിലെന്റെ വിവാഹമുറപ്പിക്കാൻ പോവാ..... ഞാനെന്താ ചെയ്യേണ്ടത് ???? " ചോദിക്കുമ്പോൾ അവളുടെ നീൾമിഴികൾ നനഞ്ഞിരുന്നു.

" അനു ഞാൻ പിന്നെ....പെട്ടന്ന് ഇങ്ങനൊക്കെ ചോദിച്ചാൽ..... നിനക്കറിയാലോ എന്റെ കാര്യങ്ങളൊക്കെ ??? വീട് പണി പാതിയിൽ കിടക്കുവാ. ചൊവ്വാദോഷം കാരണം വിവാഹപ്രായം കഴിഞ്ഞിട്ടും ചേച്ചിടെ കാര്യത്തിലുമൊരു തീരുമാനമായിട്ടില്ല ഇതുവരെ. ഇപ്പോഴുള്ള ജോലിയാണെങ്കിലും സ്ഥിരമായിട്ടില്ല. മുന്നോട്ടെന്തെന്ന് എനിക്കിപ്പോഴുമറിയില്ല അനു. അതിനിടയിലേക്ക് നിന്നോട് ഞാനെന്താ ഇപ്പോ പറയുക..... " ചോദിക്കുമ്പോൾ ജയകൃഷ്ണനിൽ അതുവരെയുണ്ടായിരുന്ന പുഞ്ചിരിയുണ്ടായിരുന്നില്ല. ശിരസ്സ് കുനിഞ്ഞിരുന്നു. അപ്പോഴേക്കും അനാമികയുടെ മിഴികളും പെയ്തുതുടങ്ങിയിരുന്നു. " വീട്ടിൽ വന്നച്ഛനോടൊന്ന് പറയുകയെങ്കിലും..... " " ഇല്ലനൂ ഞാൻ വരില്ല.... എന്റെ സ്ഥാനം എനിക്ക് നല്ല ബോധ്യമുണ്ട്. ഈ അവസ്ഥയിൽ നിന്റച്ഛന്റെ മുന്നിൽ വന്നുനിന്ന് മകളെ ചോദിക്കാനുള്ള ധൈര്യമെനിക്കില്ല.....എന്ത് യോഗ്യതയാ അദ്ദേഹത്തോടെനിക്ക് പറയാനുള്ളത് ?? "

" ഇത്തരം മോഹങ്ങളൊന്നുമില്ലാതെ കഴിഞ്ഞിരുന്ന എന്റെ മനസ്സിലേക്ക് മോഹങ്ങൾ കുത്തിവെക്കുമ്പോൾ ഓർത്തില്ലേ ഇതൊന്നും ??? അപ്പൊ സാഹചര്യങ്ങൾ ഇതായിരുന്നില്ലേ ??? " ചോദിക്കുമ്പോൾ ഉള്ളിലെ നൊമ്പരം കൊണ്ടാവാം അവളുടെ സ്വരമല്പം ഉയർന്ന് പൊങ്ങിയിരുന്നു. " തെറ്റാണ് അനൂ.....പക്ഷേ പറ്റിപ്പോയി. എന്നുകരുതി നിന്നേ എന്നോട് ചേർത്ത് പിടിക്കാനും..... " ഒരു പരാജിതനെപ്പോലെ തന്റെ മുന്നിൽ തല കുനിച്ച് നിന്ന് പതിഞ്ഞ സ്വരത്തിൽ പറയുന്നവനെ നോക്കി നിൽക്കുമ്പോൾ അവസാനമായി ഒരുതുള്ളി കണ്ണുനീരവളുടെ മിഴികളിൽ നിന്നുമിറ്റ് വീണു. പിന്നീടൊരു വാക്ക് പോലും മിണ്ടാതെ നടന്നുപോകുന്നവളെ നോക്കി നിൽക്കുമ്പോൾ ജീവിതം തന്നെ കയ്യിൽ നിന്നുമൂർന്ന് വീഴുന്നതവനറിഞ്ഞു... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story