കാവ്യമയൂരം: ഭാഗം 29

kavyamayooram

രചന: അഭിരാമി ആമി

ഒരുമാസത്തിന് ശേഷം കതിർമണ്ഡപത്തിൽ സുമംഗലിയായി നിൽക്കുന്ന അവളെ നോക്കി നിൽക്കുമ്പോൾ മിഴിനീരിനെ തടഞ്ഞുനിർത്താൻ കഴിയുന്നുണ്ടായിരുന്നില്ല ജയകൃഷ്ണന്. " എല്ലാ നന്മകളും ഉണ്ടാവട്ടെ.... " ചടങ്ങുകളൊക്കെ കഴിഞ്ഞ് മണ്ഡപത്തിലേക്ക് വന്ന ജയകൃഷ്ണനൊരു പുഞ്ചിരിയണിഞ്ഞുകൊണ്ട് പറഞ്ഞു. ആ മുഖത്തേക്കൊന്ന് നോക്കാൻ കഴിയാതെ നിന്നുരുകുകയായിരുന്നു അപ്പോൾ അനാമിക. " ഇത്..... ഇതെന്റെ സാറാണ് കോളേജിൽ പഠിപ്പിക്കുന്ന.... " ജയകൃഷ്ണനെ പുഞ്ചിരിയോടെ നോക്കിയരികിൽ നിൽക്കുകയായിരുന്ന സ്വന്തം താലിയുടെ അവകാശിയോടായി അനു പെട്ടന്ന് പറഞ്ഞു. അപ്പോഴും അയാളൊന്ന് പുഞ്ചിരിച്ചു. പരിചയപെടലൊക്കെ കഴിഞ്ഞ് മണ്ഡപത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങി നടക്കുമ്പോൾ കണ്ണുനീരവന്റെ കാഴ്ചയെ മറച്ചിരുന്നു. അനുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. മോഹിച്ചജീവിതം കൈപ്പിടിയിൽ നിന്നുമൂർന്നിറങ്ങി പാറിയകലുന്നത് ഹൃദയം നുറുങ്ങുന്ന നൊമ്പരത്തോടെയവൾ നോക്കിനിന്നു. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕

" എനിക്കങ്ങോട്ട് വരാമോ ??? " അവർക്കിടയിലേക്ക് വന്ന സിദ്ധുവിന്റെ സ്വരമായിരുന്നു അനുവിനെ യഥാർഥ്യത്തിലേക്ക് കൊണ്ടുവന്നത്. അപ്പോഴും അവളുടെ കവിളിണകളിൽ രണ്ടുതുള്ളി മിഴിനീർ ബാക്കിയായിരുന്നു. അവൾ വേഗമവ തുടച്ചുനീക്കി ദൂരേക്ക് നോട്ടമെറിഞ്ഞു. " ചെറിയമ്മേ.... " ജയകൃഷ്ണനെയൊന്ന് നോക്കി അനുവിന്റെ തോളിൽ തൊട്ടുകൊണ്ട് സിദ്ധു പതിയെ വിളിച്ചു. വിളി കേട്ടില്ലയെങ്കിലും അവൾ പതിയെ തല തിരിച്ചവനെ നോക്കി. ആ മിഴികളിലപ്പോഴും അരുതേയെന്ന ഭാവമായിരുന്നു. " മതിയാക്കിക്കൂടേ ഉരുകിയുരുകിയുള്ള ഈ ജീവിതം ???? ഈ മനസ്സിലിപ്പോഴും സാറുണ്ടെന്ന് എനിക്കറിയാം. ഇനിയെങ്കിലും ഒരുമിച്ചൊരു ജീവിതമായിക്കൂടെ ??? " സിദ്ധുവത് പറയുമ്പോൾ അനുവിന്റെ മിഴികൾ സ്വയമാറിയാതെ ജയകൃഷ്ണനെ തേടിപ്പോയിരുന്നു. അവന്റെ നോട്ടവും അവളിൽ തറഞ്ഞുനിന്നിരുന്നു. " സാറെല്ലാം ഞങ്ങളോട് പറഞ്ഞു.... വിധിയോ അന്നത്തേ സാഹചര്യമൊ അങ്ങനെയെന്തൊക്കെയോ ആണ് നിങ്ങളേയിന്ന് ഈ നിലയിൽ കൊണ്ടെത്തിച്ചത്.

പക്ഷേ ഇപ്പൊ വിധി നിങ്ങൾക്കൊരവസരം കൂടി തന്നിരിക്കുവാ ഒരിക്കൽ നഷ്ടമായ ജീവിതം കൈപ്പിടിയിലൊതുക്കുവാൻ. ഇനിയുമത് തട്ടിത്തെറിപ്പിക്കണോ ??? " അവനത് ചോദിച്ചതും ഒരേങ്ങലോടെ അവളവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. ആ മൗനം തുളുമ്പുന്ന മിഴിനീരിലും അവളുടെ സമ്മതം വായിച്ചെടുക്കുകയായിരുന്നു ജയനും സിദ്ദുവും അപ്പോൾ. പിന്നീട് ആർക്കും ഒന്നും തന്നെ ആലോചിക്കാൻ ഉണ്ടായിരുന്നില്ല. കുടുംബക്ഷേത്രത്തിൽ വച്ച് ലളിതമായ ഒരു ചടങ്ങ് മാത്രമായി ചടങ്ങ് തീരുമാനിക്കപ്പെട്ടു. അധികമാരെയും ക്ഷണിച്ചിരുന്നില്ല എങ്കിലും ദേവരാഗത്തിൽ നിന്നും ചാരുവിന്റെ വീടായ സ്മൃതിയിൽ നിന്നും കുന്നത്ത് നിന്നും എല്ലാവരും തറവാട്ടിൽ എത്തിയിരുന്നു. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 " ദേ കണ്ണേട്ടാ ഈ പ്ലീറ്റൊന്ന് പിടിച്ചിട്ടേ ??? "

വിവാഹദിവസം രാവിലെ തങ്ങളുടെ മുറിയിൽ നിന്ന് റെഡിയായിക്കൊണ്ട്‌ നിൽക്കുമ്പോൾ കുളിച്ചിറങ്ങിവന്ന സിദ്ധുവിനെ നോക്കി ചാരു പറഞ്ഞു. " എടിയെടി ഒരു ജില്ല ഭരിക്കുന്ന കളക്ടറേക്കൊണ്ടാടി നീയിതൊക്കെ ചെയ്യിപ്പിക്കുന്നതെന്നോർമവേണം.... " അവളുടെ മുന്നിൽ മുട്ടുകുത്തിയിരുന്നുകൊണ്ട് സിദ്ധു പറയുന്നത് കേട്ട് ചാരു ചിരിച്ചു. " അല്ല അത് പറഞ്ഞപ്പഴാ ഓർത്തെ IAS ന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച് കല്യാണം പോലും വേണ്ടെന്ന് വച്ച മഹാത്മാവിന് ജില്ല ഭരിക്കാനൊന്നും പോണ്ടേ ??? " " ഓഹ് ഇപ്പൊ ഒരു മൂഡ് ഇല്ല.... ഇപ്പൊ ചേട്ടൻ വേറെ മൂഡിലല്ലേ മോളേ.... " പറഞ്ഞതും അവൻ മുന്നോട്ടാഞ്ഞ് അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് തന്നോടടുപ്പിച്ച് ആ അണിവയറിൽ അമർത്തി ചുംബിച്ചു. അവന്റെ അധരങ്ങളിലെ തണുപ്പ് തന്നിലേക്ക് അരിച്ചിറങ്ങുന്നതറിഞ്ഞതും ചാരു നിന്നനിൽപ്പിലൊന്നുയർന്ന് പൊങ്ങി. പിന്നെ വെപ്രാളത്തോടെ അവനെ പിന്നിലേക്ക് തള്ളിമാറ്റി.

" മതി ഒരുക്കിയത്..... ഇനി നിന്നാൽ കല്യാണത്തിന് പോക്ക് മുടങ്ങും.... " അവന് മുഖം കൊടുക്കാതെ ഡ്രസ്സിങ് ടേബിളിനരികിലേക്ക് നടക്കുമ്പോൾ അവൾ പിറുപിറുത്തു. അത് നോക്കിയിരുന്നൊന്ന് ചിരിച്ചിട്ട് സിദ്ധുവും എണീറ്റ് റെഡിയാവാൻ തുടങ്ങി. ഒൻപത് മണിയോടെ എല്ലാവരും ക്ഷേത്രത്തിലെത്തി. ഒൻപതേകാലിനും ഒൻപതരക്കും ഇടയിലെ ശുഭമുഹൂർത്തത്തിൽ ജയകൃഷ്ണൻ അനാമികയുടെ കഴുത്തിൽ താലി ചാർത്തി. തിരുനടയിൽ തൊഴുകൈകളോടെ നിന്നിരുന്ന അവളുടെ നെറുകയിൽ വീണ്ടും കുങ്കുമവർണം പരന്നു. മിഴിപൂട്ടി തൊഴുകൈകളോടെ നിന്നിരുന്ന അനുവിന്റെ മിഴികൾ പെയ്തൊഴുകി.....അധരങ്ങൾ വിറച്ചു. അത് കണ്ട് ജയകൃഷ്ണൻ പതിയെ അവളെ തന്നോട് ചേർത്ത് പിടിച്ചു. ഇനിയൊരിക്കലും കൈ വിടില്ലെന്ന പോലെ. " പറയാൻ അർഹതയില്ലെന്നറിയാം പക്ഷേ മോളേ....

ക്ഷമിച്ചൂടെ നിനക്കെന്നോട് ??? അന്നത്തെ അവസ്ഥയിൽ അരപ്പട്ടിണിയായ എന്റെ വീട്ടിലേക്ക് സൗഭാഗ്യങ്ങളുടെ നടുവിൽ ജീവിച്ച നിന്നെക്കൂടി കൊണ്ടിട്ട് കഷ്ടപ്പെടുത്താൻ തോന്നിയില്ലെനിക്ക്.... പക്ഷേ എന്റെയാ തീരുമാനം നിന്റെ ജീവിതമിങ്ങനെയൊക്കെ ആക്കുമെന്ന് ഞാനൊരിക്കലും..... വർഷം കുറേ ഹോമിച്ച് തീർത്തില്ലേ എന്റെ തെറ്റിന് പകരമായി നീ നിന്റെ ജീവിതം തന്നെ.... ഇനി മതി. ഇനിയീ കണ്ണ് നിറയരുത്. ഞാനുണ്ട് കൂടെ..... എന്നും...." അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ അവനത് പറഞ്ഞതും ഒരേങ്ങലോടെ അവളാ നെഞ്ചിലേക്ക് ചേർന്നു. കണ്ണീരിനിടയിലും ആ അധരങ്ങൾ വിടർന്നു. അത് നോക്കിനിന്ന ചാരു സിദ്ധുവിന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു. അത് കണ്ട് അടുത്ത് നിന്നിരുന്ന നീലിമയും നീരജയും പല്ലിറുമ്മി. ചാരുവിനെ നോക്കി ചിരിച്ചിട്ട് തിരിയുമ്പോഴാണ് സിദ്ധുവവരെ കണ്ടത്. അവൻ വേഗം ചാരുവിനെ തന്നോട് ചേർത്തുപിടിച്ച് ഒരു പുച്ഛഭാവത്തോടെ അവരെ നോക്കി. " ഇവനും ഇങ്ങനൊരു പെൺകോന്തനായല്ലോ ദൈവമേ..... "

പുച്ഛത്തോടെ നീരജ പറഞ്ഞത് കേട്ട് ചിരിയോടെ അവനവളെ ഒന്നുകൂടി ചേർത്തുപിടിച്ചു. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 പിറ്റേദിവസം തന്നെ എല്ലാവരും തറവാട്ടിൽ നിന്ന് തിരിക്കാൻ തീരുമാനമായി. സിദ്ധുവിന്റെ ലീവ് കഴിയുകയും ചാരുവിന് കോളേജിൽ പോവുകയുമൊക്കെ വേണ്ടത് കൊണ്ട് അവരും അവർക്കൊപ്പം തന്നെ പോകാമെന്ന് ഉറപ്പിച്ചു. " കണ്ണാ ചാരു മോള് കുറച്ചുദിവസം കൂടി ഇവിടെ നിക്കട്ടെടാ.... " ഇറങ്ങാൻ നേരം മുത്തശ്ശി പറഞ്ഞത് കേട്ട് സിദ്ധുവും ചാരുവും ഒരുപോലെ ഞെട്ടി. ഇവളിവിടെങ്ങാനും നിന്നെക്കുമോ എന്നായിരുന്നു അവന്റെ ചിന്തയെങ്കിൽ തന്നോട് ഇവിടെ നിൽക്കാൻ അവൻ പറയുമോ എന്ന ആശങ്കയിലായിരുന്നു ചാരു. " യ്യോ മുത്തശ്ശി ഇനിയതൊന്നും പറ്റില്ല.... ഇവൾക്ക് കോളേജിൽ പോണ്ടേ.... ഇനി ലീവെടുക്കാൻ പറ്റില്ല. " ഒരു നിമിഷത്തേ നിശബ്ദതക്ക് ശേഷം സിദ്ധു പെട്ടന്ന് പറഞ്ഞു. അപ്പോഴാണ് ചാരുവിനും സമാധാനമായത്. അവരിരുവരുടേയും അപ്പോഴത്തെ ഭാവം കണ്ട് എല്ലാവരും ചിരിച്ചു. " കുരുത്തംകെട്ടവൻ..... അവന്റെയോരോ ന്യായങ്ങൾ കേട്ടില്ലേ.....

ഇനിയെന്നാ മൂത്തശ്ശിടെ കുട്ടി ഇങ്ങോട്ട് വരുന്നേ.... " സിദ്ധുവിന്റെ തോളിൽ പതിയെ ഒന്ന് കൊട്ടിയിട്ട് ചാരുവിനെ ചേർത്തുപിടിച്ചുകൊണ്ട് അവർ ചോദിച്ചു. " കോളേജിൽ പോകേണ്ടത് കൊണ്ടല്ലേ മുത്തശ്ശി....അല്ലെങ്കിൽ ഞാൻ ഇപ്പോഴൊന്നും പോവില്ലാരുന്നു. ഇനി കോളേജ് അവധിയായാൽ ഞാനോടി വരില്ലേ ഇങ്ങോട്ട്.... " പറഞ്ഞുകൊണ്ട് ചാരുവവരെ കെട്ടിപ്പിടിച്ച് കവിളിൽ മുത്തി. ആ രംഗം സിദ്ധു ഉൾപ്പെടെ എല്ലാവരും അല്പം അസൂയയോടെ തന്നെയായിരുന്നു നോക്കി നിന്നത്. കാരണം അവർ തമ്മിലുള്ള ബന്ധം അത്ര ആഴമുള്ളതാണെന്ന് ഇതിനോടകം തന്നെ എല്ലാവർക്കും ബോധ്യമായിരുന്നു. സിദ്ധുവിന്റെ പെണ്ണായി അവൾ വന്നത് മുതൽ സ്വന്തം കൊച്ചുമക്കളോടും മക്കളോട് പോലുമുള്ളതിനെക്കാൾ ഒരു സ്നേഹവും കരുതലുമായിരുന്നു മുത്തശ്ശിക്കവളോട്. തിരിച്ചും അതങ്ങനെ തന്നെയായിരുന്നു. പിന്നാലെ തന്നെ എല്ലാവരും യാത്ര പറഞ്ഞ് കാറുകളിലേക്ക് കയറി. തറവാട്ട് മുറ്റത്ത് നിന്നും അവയകന്നുപോകുമ്പോൾ പതിവുപോലെ തന്നെ ആ വൃദ്ധയുടെ മിഴികൾ നിറഞ്ഞിരുന്നു. 💞💞💞💞💞💞💞💞💞💞💞💞💞💞💞

" കല്യാണത്തിരക്കൊക്കെയായി എത്ര ദിവസമായി പെണ്ണേ ഇതുപോലൊന്ന് കയ്യിൽ കിട്ടിയിട്ട്..... " ദേവരാഗത്തിലെത്തി തങ്ങളുടെ മുറിയിലേക്ക് വരുമ്പോൾ നിലക്കണ്ണാടിക്ക് മുൻപിൽ നിന്ന് തോളിൽ നിന്നും സാരിയുടെ പിൻ ഊരിക്കൊണ്ട്‌ നിൽക്കുകയായിരുന്ന ചാരുവിനെ പിന്നിലൂടെ ചെന്ന് ചേർത്തുപിടിച്ചുകൊണ്ടാണ് സിദ്ധുവത് പറഞ്ഞത്. " ദേ കണ്ണേട്ടാ വിട്ടേ എനിക്ക് കുളിക്കണം.... നൂറുകൂട്ടം പണി കിടക്കുന്നു.... " " ഓഹ് പിന്നേ നിന്റെ തലേലിരുന്നല്ലെ ഈ വീട് കറങ്ങുന്നത് ഒന്ന് ചുമ്മാതിരി പെണ്ണേ..... " ചിണുങ്ങി പറഞ്ഞവളെ തന്റെ നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് അവൻ പറഞ്ഞു. " ഈ മനുഷ്യനെക്കൊണ്ട്‌ ഞാൻ തോറ്റു.... " " ഹാ നിനക്കല്ലാരുന്നോ പരാതി ഞാനൊരു മൂരാച്ചിയാ എനിക്ക് റൊമാൻസ് വരില്ലെന്ന്.... " " അങ്ങനെ തോന്നിയ നിമിഷമായിരുന്നു കണ്ണേട്ടാ എന്റെ ജീവിതം മാറ്റിമറിച്ചത്..... " അവന്റെ ചോദ്യം കേട്ട് തിരിഞ്ഞുനിന്നവനെ ഇറുകെപുണർന്ന് പൊട്ടിച്ചിരിയോടെ അവൾ പറഞ്ഞു. സിദ്ധുവും അവളെ തന്നോടമർത്തിപ്പിടിച്ച് കവിളുകളിൽ ചുണ്ട് ചേർത്തു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story