കാവ്യമയൂരം: ഭാഗം 3

kavyamayooram

രചന: അഭിരാമി ആമി

" സിദ്ധു എവിടെ ?? " കുടുംബക്കാരെല്ലാം കൂടി നിൽക്കുന്നതിനിടയിൽ നിന്നും ആരോ വിളിച്ചുചോദിക്കുന്നത് കേട്ടുകൊണ്ടായിരുന്നു ചാരുവിന്റെ അരികിൽ നിന്നും അരുന്ധതിയങ്ങോട്ട് ചെന്നത്. " എടോ അവനെവിടെ ?? " അവരെ കണ്ടതും നരേന്ദ്രനും ചോദിച്ചു. " അത്... അതുപിന്നെ നരേട്ടാ അവന് അത്യാവശ്യമായി ഓഫീസിൽ നിന്നുമൊരു കാൾ വന്നിരുന്നു. അങ്ങനെ പോയി പെട്ടന്നെത്താമെന്ന് പറഞ്ഞിട്ടാ പോയത്.. " ചുറ്റും കൂടി നിൽക്കുന്നവരൊക്കെ എന്ത് ചിന്തിക്കുമെന്ന ഭയത്തോടെ അരുന്ധതി പറഞ്ഞൊപ്പിച്ചു. " ഏഹ് ഓഫീസിലോ ഇന്നോ??? സ്വന്തം വിവാഹനിശ്ചയദിവസമായിട്ട് കൂടി ഓഫീസിൽ പോയെന്നോ ?? " കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു തലമൂത്ത കാരണവരുടെ വകയായിരുന്നു ചോദ്യം. " അത് പിന്നെ അമ്മാമേ അവന്റെ ജോലി അങ്ങനത്തേതല്ലേ.... പോകേണ്ടി വന്നാൽ പോയല്ലേ പറ്റു.

അവൻ ചാരു മോളോട് പറഞ്ഞിട്ടാ പോയത്. " അരുന്ധതി വീണ്ടും ന്യായീകരിക്കാൻ ശ്രമിച്ചു. പക്ഷേ അതൊന്നും ആരുടെയും മുഖം തെളിയിച്ചില്ല. " ആഹ് ഇപ്പോഴത്തെ പിള്ളേർക്കൊക്കെ ഇതൊക്കെ വെറുമൊരു കുട്ടിക്കളിയല്ലേ ആഹ്.... പറഞ്ഞാലും ആര് കേൾക്കാൻ... " ആരോടെന്നില്ലാതെ പറഞ്ഞിട്ട് എല്ലാവരും ഓരോ വഴിക്ക് നീങ്ങി. ചാരുവിന്റെ വീട്ടുകരുടെ ഭാഗത്ത്‌ നിന്നും മുറുമുറുപ്പുകളുയർന്ന് തുടങ്ങിയിരുന്നു. പക്ഷേ പിന്നീടെങ്ങനെയൊക്കെയോ അരുന്ധതിയും നരേന്ദ്രനും കൂടി രംഗം ശാന്തമാക്കി.. " അമ്മേ... എനിക്ക് കണ്ണേട്ടന്റെ നമ്പറൊന്ന് തരുമോ ?? " എല്ലാം കഴിഞ്ഞ് പോകാനിറങ്ങുമ്പോഴായിരുന്നു മടിച്ചുമടിച്ച് അരുന്ധതിയുടെ അടുത്ത് ചെന്ന ചാരു ചോദിച്ചത്. " അതിനെന്തിനാ മോളിങ്ങനെ പേടിക്കുന്നത് ഇനി ഇതൊക്കെ മോൾടെ അവകാശമല്ലേ... " അവളുടെ താടിയിൽ പിടിച്ചുകൊഞ്ചിച്ചുകൊണ്ട് അരുന്ധതി പറഞ്ഞു. അത് കേട്ടതും അവരൊന്നും കരുതിയില്ലല്ലോ എന്ന സമാധാനത്തിൽ അവളും പതിയെ ഒന്ന് പുഞ്ചിരിച്ചു.

പോകാൻ റെഡിയായി എല്ലാവരും വണ്ടിയിലേക്ക് കയറിയിരുന്നതിനാൽ പിന്നീട് അധികമൊന്നും സംസാരിക്കാൻ നിൽക്കാതെ വേഗത്തിൽ സിദ്ധുവിന്റെ നമ്പറും പറഞ്ഞുകൊടുത്തിട്ട് അരുന്ധതി പുറത്തേക്ക് പോയി. എല്ലാം കഴിഞ്ഞ് വീട്ടിലെത്തി രാത്രിയോടെയായിരുന്നു ചാരു ആ നമ്പറിലേക്ക് വിളിച്ചത്. ഓഫീസിൽ നിന്ന് വന്ന് കുളിക്കാൻ കയറിയിരുന്ന സിദ്ധു കുളികഴിഞ്ഞിറങ്ങുമ്പോഴായിരുന്നു ടേബിളിൽ ലാപ്ടോപ്പിനരികിൽ ഇരിക്കുകയായിരുന്ന ഫോൺ റിങ് ചെയ്യുന്നത് കണ്ടത്. അവൻ വേഗത്തിൽ കയ്യും മുഖവും തുടച്ചുകൊണ്ട് വന്ന് കാളെടുത്തു. '' ഹലോ ആരാ ?? " " ഞ്... ഞാൻ ചാ.... ചാരുവാ... " ഒട്ടും മയമില്ലാതെയുള്ള അവന്റെ സ്വരം കേട്ടതും അതുവരെ സംഭരിച്ചുവച്ചിരുന്ന ധൈര്യമെല്ലാം ചോർന്നുപോയ അവൾ വിക്കിവിക്കി പറഞ്ഞു. " ചാരുവോ ഏത് ചാരു ?? " അവന്റെ ആ ചോദ്യം കൂടി കേട്ടതും അവൾക്ക് ശരിക്കും ദേഷ്യം വന്നിരുന്നു. " തന്റെ കെട്ടിയോൾ ആണെന്ന്.... " ഒരാവേശത്തിലായിരുന്നുവെങ്കിലും എടുത്തവായിൽ അവളങ്ങനെയാണ് പറഞ്ഞത്.

" വാട്ട്‌ !!!! ഹൂ ദി ഹെൽ..... " ദേഷ്യം കൊണ്ട് വിറച്ചുകൊണ്ട് അവനലറി. പക്ഷേ ഇപ്പൊ അവൾക്കൊട്ടും തന്നെ ഭയം തോന്നിയിരുന്നില്ല. " കിടന്നലറണ്ട ഇന്ന് രാവിലെ നിങ്ങളുമായി നിശ്ചയം നടന്നില്ലേ ആ ചാരുവാ ഞാൻ. നിശ്ചയം കഴിഞ്ഞ സ്ഥിതിക്ക് ഞാനിപ്പോ നിങ്ങളുടെ പാതി ഭാര്യയായിക്കഴിഞ്ഞു. " അവൾ പറഞ്ഞതെല്ലാം മുഷ്ടി ചുരുട്ടിപ്പിടിച്ച് കേട്ട് നിൽക്കുകയായിരുന്നു അവൻ. മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു. " നിനക്കെവിടുന്ന് കിട്ടിയെടി എന്റെ നമ്പർ ?? " " ഓഹ് അതോ അതെന്റെ അമ്മായിയമ്മ തന്നതാ .... " " എഡീയെടി നീ കൂടുതലങ്ങ്‌ നെഗളിക്കല്ലേ .... നിനക്കറിയില്ലി സിദ്ധുനെ. " " ഓഹ് ഇനി ഇതിൽ കൂടുതലെന്തറിയാനാ നിങ്ങളെപ്പറ്റി ?? സ്വന്തം നിശ്ചയദിവസം ഓഫീസിൽ പോയി ചരിത്രം സൃഷ്ടിച്ച മഹാനല്ലേ അതിനെപ്പറ്റിയൊന്നും കൂടുതൽ പറയണ്ട. "

" അതേടി പുല്ലേ ഞാൻ മനഃപൂർവം പോയതാ നീയെന്നെ എന്ത് ചെയ്യും ??? " " ഓഹ് മനഃപൂർവമാണെന്ന് പ്രത്യേകിച്ച് പണഞ്ഞില്ലേലും അറിയാം. അതുകൊണ്ട് എനിക്കെന്താ നഷ്ടം നിങ്ങടെ വീട്ടുകാർ നാണംകെട്ടു മറ്റുള്ളവർക്ക് മുന്നിൽ അല്ലാണ്ടിപ്പോ എനിക്കെന്താ ?? " പുച്ഛത്തോടെ അവൾ പറഞ്ഞതും സിദ്ധു ഒരു നിമിഷം മൗനമായി നിന്നു. അപ്പോഴത്തെ എടുത്തുചാട്ടത്തിൽ ഇറങ്ങിപ്പോകുമ്പോൾ ഒരിക്കലും വീട്ടുകാരെ കുറിച്ച് ഒന്നോർർത്തിരുന്നില്ല എന്ന ചിന്ത ഉള്ളിലേക്ക് വന്നതും അവന് വല്ലാത്ത കുറ്റബോധം തോന്നി. " എന്തേ കളക്ടർ സാറിന് ഉത്തരം മുട്ടിയോ ?? " വീണ്ടും ചാരുവിന്റെ സ്വരം കേട്ടതും ദേഷ്യം വീണ്ടുമവനെ കീഴ്പ്പെടുത്തി. " ഉത്തരം മുട്ടിയത് നിന്റെ.... നീയെന്താടി പുല്ലേ എന്നെ ചോദ്യം ചെയ്യാൻ വിളിച്ചതാണോ ?? " '' ചോദ്യം ചെയ്ത്തൊക്കെ നമ്മുടെ കല്യാണം കഴിഞ്ഞുപോരെ കണ്ണേട്ടാ ?? പിന്നെ ഇപ്പൊ വിളിച്ചത് അതിനൊന്നുമല്ല വെറുതെ പുലരുവോളം എന്റെ കണ്ണേട്ടനോടിങ്ങനെ സംസാരിച്ചിരിക്കാല്ലോ എന്ന് കരുതിയിട്ടാ... " നാണം കുണുങ്ങി അവൾ പറഞ്ഞു.

" സംസാരിക്കാൻ പറ്റിയൊരു സാധനം വച്ചിട്ട് പോടീ മനുഷ്യന്റെ ഉള്ള സമാധാനം കൂടി കളയാതെ... " അലറി പറഞ്ഞതും അവൻ തന്നെ ഫോൺ കട്ട്‌ ചെയ്ത് ബെഡിലേക്ക് ഇട്ടു. " എന്റെ ദൈവമേ ഈ കാട്ടാളനെ ഞാനെങ്ങനെ സഹിക്കും... വല്ല കാര്യോം ഉണ്ടായിരുന്നോ ചാരു നിനക്കിതിന്റെ ?? ഇനി എങ്ങാനും ജീവിതം മടുത്തിട്ടാണെങ്കിൽ നിനക്ക് വല്ല വണ്ടിക്കും അടവച്ചൂടായിരുന്നോ ഈ സാഹസം വേണമായിരുന്നോ ?? " ഫോണിലേക്കും വിരലിലെ മോതിരത്തിലേക്കും നോക്കി ദയനീയ ഭാവത്തിൽ അവൾ സ്വയം ചോദിച്ചു. " അല്ല എന്നാലും നിശ്ചയം കഴിഞ്ഞ് മണ്ഡപത്തിൽ നിന്നും നേരെ ഇങ്ങേരെന്തിനായിരിക്കും ഓഫീസിലേക്കോടിയത് ?? " ബെഡിലേക്ക് ഇരുന്നുകൊണ്ട് അവൾ ചിന്തിക്കാൻ തുടങ്ങി. " ഏഹ്.... എന്റെ ദൈവമേ ഇനി ഓഫീസിൽ ഏതെങ്കിലും ലേഡി ക്ലർക്കുമായി ഇയാക്ക് ഡിങ്കോൾഫി കാണുമോ ???

നിശ്ചയവിവരമറിഞ്ഞ് അവൾ തൂങ്ങിച്ചാവാൻ പോയപ്പോൾ രക്ഷിക്കാനെങ്ങാനും പോയതായിരിക്കോ ഇനി ??? ദൈവമേ കല്യാണത്തിന് മുൻപ് തന്നെ നീയെന്നെ വിധവയും ജയിൽപുള്ളിയും കൂടിയാക്കുമോ ?? " അങ്ങനെ ആരും ചിന്തിക്കാത്ത വഴികളിലൂടെ ചിന്തിച്ചലഞ്ഞൊടുവിൽ പാവം കൊച്ച് പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 " മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ ആർപ്പോ ഇർ റോ കൈകൊട്ടിപ്പാടാം വരവേറ്റീടാം വരവെതീരേറ്റീടാം ആചാരക്കതിന മുഴക്കീടാം തപ്പോ തിപ്പോ കല്യാണം കൂടാൻ കഴിയാത്തവരേ കഥയറിയാത്തവരെ ആഭ്യന്തരമന്ത്രിണിയാണേ ആഡംബരമൊത്തിരി വേണേ ആനപ്പാറേലച്ചമ്മക്കും കൊച്ചമ്മയ്ക്കും കാവല്‍പ്പട്ടാളം " " ഏഹ് നീയെന്തിനാ ഇപ്പൊ ഇത് പാടിയെ ?? " ക്ലാസ്സിലേക്ക് കയറിച്ചെന്ന ചാരുവിനെ കണ്ടതും ഉച്ചത്തിൽ പാടിയ മരിയേ നോക്കി പ്രിയ ചോദിച്ചു. " ഏഹ് അത് ശരിയാണല്ലോ... ഞാനിപ്പോ എന്തിനാ ഇത് പാടിയെ... " " യ്ഹ്... ശവം... " " അല്ലെടി ഞാൻ സന്ദർഭത്തിനൊത്തൊരു പാട്ട് പാടിയതാ... "

മന്ദബുദ്ധികളെപ്പോലെ ഇളിച്ചുകൊണ്ട് മരിയ പറഞ്ഞു. " അതിനിപ്പോ ഇവിടെ ഈ പാട്ടിന് പറ്റിയ സന്ദർഭമെന്തുവാ?? " ചാരു. " നിന്റെ നിശ്ചയം... " " ഏഹ് ??? ... " " ആഹ്ഹ്... മറ്റെ സിനിമേൽ നായിക കല്യാണം കഴിക്കാൻ പോയിട്ട് വരുമ്പോൾ ഇടുന്ന പാട്ടല്ലേ ഇത്. നിന്റെ നിശ്ചയമാ എന്നാലും പോട്ടെ കിടക്കട്ടെന്ന്... " പല്ലുമിളിച്ചുകൊണ്ട് അവൾ പറഞ്ഞതും മറ്റുള്ളവരെല്ലാം തലയിൽ കൈവച്ചു. " എന്റെ പൊന്ന് ദുരന്തമേ ആ വായൊന്നടച്ച് വെക്കാമോ ?? " സഹികെട്ട് കൈ കൂപ്പിക്കൊണ്ടാണ് പ്രിയ അത് ചോദിച്ചത്. അപ്പോഴും മരിയ വെറുതെ ഒന്ന് ചിരിച്ചു. " അല്ല അത് പറഞ്ഞപ്പഴാ ഓർത്തെ ഒരു കളക്ടറേ കിട്ടിയപ്പോൾ നീ ഞങ്ങളെയൊക്കെ അങ്ങ് മറന്നു അല്ലെടി ദുഷ്ടെ..... " എല്ലാം കേട്ട് ചിരിയോടെ നിൽക്കുകയായിരുന്ന ചാരുവിനെ നോക്കി പിണക്കം ഭവിച്ച് കൊണ്ട് അവൾ പറഞ്ഞു. " സോറീഡാ... അധികം ആരേം വിളിച്ചില്ല രണ്ട് ഫാമിലിയിൽ നിന്നുമുള്ളവർ മാത്രേ ഉണ്ടായിരുന്നുള്ളു. " " ഓ പിന്നേ ഞങ്ങൾ മൂന്ന് പേര് കൂടി വന്നുപോയാൽ ഓഡിറ്റോറിയത്തിൽ സീറ്റ് തികയില്ലായിരുന്നു ഒഞ്ഞുപോയെടീ.. "

പ്രിയക്ക് സപ്പോർട്ടായി അനീറ്റയും പറഞ്ഞു. " ഓഹ് ഈ കുരുപ്പുകൾ... എഡി മരയൂളകളെ നിശ്ചയമല്ലേ കഴിഞ്ഞിട്ടുള്ളു കല്യാണം നമുക്ക് പൊളിക്കാടീ... " അവരെ സമാധിപ്പിക്കാനായി ചാരു പറഞ്ഞുവെങ്കിലും ആരുടെയും മുഖം അത്രയ്ക്കങ്ങ് തെളിഞ്ഞിരുന്നില്ല. " സോറീഡീ... " " മ്മ്ഹ്... മ്മ്ഹ്... മതി പക്ഷേ ഇതിന് നിനക്ക് പണിഷ്മെന്റ് ഉണ്ട്... " ഗൗരവത്തിൽ അനീറ്റ പറഞ്ഞതും പണി പാളിയെന്ന മട്ടിൽ ദയനീയമായി അവരെ നോക്കി നിന്നുപോയി ചാരു. " നമ്മുടെ പുതിയ ബിൽഡിംങ്ങിന്റെ ഉത്ഘാടനമല്ലേ വരുന്നത്. ഇതുവരെ അതിന് പറ്റിയ ആരെയും കിട്ടിയിട്ടില്ല. അതുകൊണ്ട് നിന്റെ ഭാവി ഭർത്തുനോട്‌ വന്നതൊന്ന് ഉൽക്കാടിച്ചിട്ട്‌ പോകാൻ പറ... " അവൾ പറഞ്ഞത് കേട്ടതും ചാരുവിന്റെ ഉള്ള ജീവൻ പോയി. " ഉവ്വാ കണ്ടാൽ കടിച്ചുകീറാൻ നിൽക്കുന്ന ആ മനുഷ്യനോട്‌ ഇനി ഇത് പറയാത്ത താമസമേയുള്ളൂ... ഇപ്പൊ ഓടി വരും കാട്ടാളൻ... " ഒരു പ്രത്യേകതരം എക്സ്പ്രഷനും ഇട്ട് നിന്ന് അവൾ മനസ്സിൽ ഓർത്തു. " നീയെന്താടി ഈ ലോകത്തൊന്നുമല്ലേ ?? അതോ അങ്ങേരെ കോളേജിൽ കൊണ്ടുവരാൻ നിനക്ക് പേടിയാണോ പെൺപിള്ളേര് വായിനോക്കുമെന്നും പറഞ്ഞ്..."

ചിരിയോടെ മരിയ ചോദിച്ചത് കേട്ടതും ചാരുവിന്റെ മുഖം പുച്ഛത്തോടെ കോടി. " അയ്യടാ നോക്കാൻ പറ്റിയൊരു മുതല് ..." " അതെന്നാടി നിനക്കൊരു പുഞ്ഞം ?? അങ്ങേർക്കെന്നാ ഒരു കുഴപ്പം??? ഈ എന്റെ കയ്യിൽ തന്നെ പത്രത്തിൽ നിന്നുമൊക്കെ വെട്ടിയെടുത്ത പുള്ളിടെ എന്തോരം ഫോട്ടോ ഉണ്ടെന്നറിയോ ??. " പ്രിയ പറഞ്ഞതും ചാരുവിന്റെ കണ്ണുകൾ കുറുകി. അവളുടെ ഭാവം കണ്ടതും പ്രിയ നന്നായിട്ടൊന്നിളിച്ചു. " മോളെ സ്വന്തം കൂട്ടുകാരിയുടെ ലൈഫ് വച്ച് തന്നെ നിനക്ക് ഫുഡ്‌ബോള് കളിക്കണമല്ലേ??? " " ഈൗ.... എഡി അത് അങ്ങേര് നിന്റെ കണവൻ ആകും മുന്നേ അല്ലേ... " " അല്ലേത്തന്നെ നിന്റെ കണവൻ എന്ന് പറഞ്ഞാൽ ഞങ്ങടേം കൂടിയല്ലേ... " പെട്ടന്ന് എന്തോ ആലോചിച്ചുകൊണ്ടിരുന്ന് മരിയ പറഞ്ഞത് കേട്ട് ഡസ്കിന്റെ മുകളിൽ കയറിയിരുന്ന് വെള്ളം കുടിക്കുകയായിരുന്ന അനീറ്റ ഒരു ഞെട്ടലിന് വായിലിരുന്ന വെള്ളം മുഴുവൻ പുറത്തേക്ക് തുപ്പി. " ഹെന്തോന്നാ.... " ഇനി കേട്ടത് മാറിപ്പോയതാണോ എന്നറിയാൻ അവൾ വീണ്ടും ചോദിച്ചു.

" എടി കെട്ടിയോൻ ആരുടെ ആയാലെന്താ നമുക്കിടയിൽ അങ്ങനെ വല്ലോം ഉണ്ടോ ?? " ഒരു കള്ളച്ചിരിയോടെ അവൾ പറഞ്ഞതും ചരുവിന്റെ കൈ ഊക്കോടെ അവളുടെ നടുംപുറത്ത് വീണു. " എഡി നാശമേ ഞാനൊരു തമാശ പറഞ്ഞതാ അതിന് നീയെന്റെ നടു ഒടിച്ചല്ലോടി. " " ഇനി ഇമ്മാതിരി തമാശ വരുമ്പോൾ എന്റെ കുട്ടന് ഇതോർമ വരണോട്ടാ... " ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ ഒന്ന് പിച്ചിക്കൊണ്ട് ചാരു പറഞ്ഞു. " എഡി നിനക്കൊന്നും ഈ കാപാലികയോടൊന്നും ചോദിക്കാനില്ലേ ?? " മുതുക് തടവിക്കൊണ്ട് മറ്റുരണ്ടുപേരോടായി മരിയ ദയനീയമായി ചോദിച്ചു. " ഇനി ഞങ്ങളുടെ ചോദിച്ചാൽ നീ താങ്ങൂല... പിന്നെ എന്റെ കല്യാണം കഴിഞ്ഞാൽ എന്റെ വീടിന്റെ ഏഴയലത്ത് കണ്ടുപോകരുത് നിന്നേ ശവം... " അനീറ്റ പറഞ്ഞത് കേട്ട് അവർ മൂവരും ഒരുപോലെ ചിരിച്ചു. അപ്പോഴേക്കും ക്ലാസ്സിൽ സാറ് വന്നതിനാൽ ആ ചർച്ച അവിടെയവസാനിച്ചു. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕

കോളേജിലേ ഫങ്ക്ഷൻ അടുത്ത് വരും തോറും സിദ്ധുവിനെ ചടങ്ങ് നിർവഹിക്കാനായി എത്തിക്കണമെന്നുള്ള പ്രഷർ കൂടുതലായിരുന്നു ചാരുവിന് നേർക്ക്. പക്ഷേ അത് അവനോട് പറയാനുള്ള ധൈര്യമൊട്ടവൾക്കില്ലായിരുന്നും താനും. എങ്കിലും ഒരു ദിവസം രണ്ടും കൽപ്പിച്ച് അവൾ സിദ്ധുവിന്റെ ഫോണിലേക്ക് വിളിച്ചു. " എന്താടീ... " റിങ് ചെയ്തവസാനിക്കാറായതും ഫോണെടുത്ത അവൻ ചോദിച്ചു. ( ഏഹ്....കാട്ടാളൻ എന്റെ നമ്പറൊക്കെ സേവ് ചെയ്തിട്ടുണ്ടോ ?? ശോ എനിക്ക് വയ്യ.... ) " എന്താടി ഫോണെടുത്ത് വച്ച് നീ എന്ത് കൊനഷ്ട് ആലോചിക്കുവാ ?? " അവൾ ആത്മഗതിച്ചുകൊണ്ട് നിൽക്കുമ്പോഴായിരുന്നു മറുവശത്ത് നിന്നും അവന്റെ അലർച്ച കേട്ടത്. " അതേ ഇങ്ങനെ കീറിപ്പൊളിക്കണ്ട എനിക്ക് ചെവി കേൾക്കാം... " ഫോണിരുന്ന ചെവിയിൽ വിരലിട്ട് ഒന്ന് കുടഞ്ഞുകൊണ്ട് അവൾ പറഞ്ഞു.

പക്ഷേ എന്തുകൊണ്ടോ അതിനവൻ മറുപടിയൊന്നും പറഞ്ഞില്ല. " അതേ.... കണ്ണേട്ടാ... " " എന്താ മോളുസേ... " അവൾ സോപ്പിടാൻ വിളിച്ച അതേ ടോണിൽ അവന്റെ ചോദ്യവും വന്നപ്പോ തലക്ക് അടികിട്ടിയത് പോലെ ഇരുന്നുപോയി പെണ്ണ്. ഒരു നിമിഷം ശ്വസിക്കാൻ പോലും മറന്നത് പോലെ അവളിരുന്നു. " ഡീ.... " വീണ്ടുമവന്റെ അലർച്ച കേട്ടതും ദേഷ്യം വന്നെങ്കിലും കാര്യം നടക്കണമല്ലോ എന്നോർത്ത് അവൾ മൈൻഡ് ചെയ്യാതെ വീണ്ടും പറഞ്ഞുതുടങ്ങി. " കണ്ണേട്ടാ പിന്നേ.... എന്റെ കോളേജിൽ ഒരു ഫങ്ക്ഷൻ നടക്കാൻ പോവാ... " " അതിന് ഞാൻ തലകുത്തി നിൽക്കണോ ?? " ( വേണ്ട പഞ്ചായത്ത്‌ ഗ്രൗണ്ടിൽ കൂടി രണ്ട് റൗണ്ട് ഓട്... ) " ശേ അതല്ല കണ്ണേട്ടാ.... " " പിന്നേതാ മോളുസേ... " " അതുപിന്നെ ചടങ്ങ് കണ്ണേട്ടനെക്കൊണ്ട് ഉത്ഘാടനം ചെയ്യിപ്പിക്കാനാ എല്ലാവർക്കും താല്പര്യം. അതുകൊണ്ട് അന്ന് കണ്ണേട്ടൻ കോളേജിൽ വരണം. പ്ലീസ്... പ്ലീസ് ... പ്ലീസ്... അല്ലെങ്കിൽ എന്റെ മാനം പോകും... " പിന്നീടൊന്നുമാലോചിക്കാതെ ഒറ്റശ്വാസത്തിൽ അവൾ പറഞ്ഞുനിർത്തി.

എന്നിട്ട് അവന്റെ മറുപടിക്കായി ആകാംഷയോടെ കാത്തിരുന്നു. " ഓഹോ അപ്പോ അതാണ് കാര്യം എന്റെ ചിലവിൽ പൊന്നുമോൾക്ക് ചുളുവിലൊരു ഗോളടിക്കണം... അതങ്ങ് പള്ളീൽ ചെന്ന് പറഞ്ഞാൽ മതി പോയി പണി നോക്കെടി.... അവൾടെയൊരു സോപ്പിങ്... " പറഞ്ഞതും അവൻ ഫോൺ കട്ട്‌ ചെയ്തു. " ഏഹ് കട്ട്‌ ചെയ്തോ ?? ദുഷ്ടൻ ... തെണ്ടി... അലവലാതി... ചെറ്റ... മരപ്പട്ടി... കൂറ... ജാഡത്തെണ്ടി... " ദേഷ്യം സഹിക്കാൻ വയ്യാതെ ഫോണിലേക്ക് നോക്കിയിരുന്ന് അവൾ ഒരു തെറിയാഭിഷേകം തന്നങ്ങ് നടത്തി. " ആഹാ താനെന്തുവാടോ പറഞ്ഞത് പള്ളീൽ ചെന്ന് പറയാനോ??? പള്ളീലല്ലെഡോ പറയാൻ പോകുന്നത് തന്നെ ഞാൻ കാണിച്ചുതരാം. തന്നേ എന്റെ കോളേജിൽ വരുത്തി തന്നെക്കൊണ്ട് ഫങ്ക്ഷനുൽക്കാടിപ്പിച്ച് പണ്ടാരമടക്കിക്കളഞ്ഞില്ലെങ്കിൽ എന്റെ പേര് ചാരുന്നല്ലെഡോ കാട്ടാളാ... " പറഞ്ഞിട്ട് അവൾ വീണ്ടും ഫോണെടുത്ത് അരുന്ധതിയമ്മ എന്ന് സേവ് ചെയ്തിരുന്ന നമ്പറിലേക്ക് ഡയൽ ചെയ്തു. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕

രാത്രി വളരെ വൈകിയായിരുന്നു സിദ്ധു വീട്ടിലെത്തിയത്. അവനെത്തുമ്പോൾ ഹാളിലെ സെറ്റിയിൽ അവനെയും കാത്ത് അരുന്ധതി ഇരിക്കുന്നുണ്ടായിരുന്നു. " അമ്മയിതുവരെ ഉറങ്ങിയില്ലേ... " " ഇല്ല കണ്ണാ നിന്നേ കാണാഞ്ഞത് കൊണ്ട് എന്തോ ഉറക്കം വന്നില്ല... " അരുന്ധതി പറഞ്ഞത് കേട്ട് അവനൊന്ന്‌ പുഞ്ചിരിച്ചു. അല്ലെങ്കിലും ഇതൊരു പുതിയ കാഴ്ചയല്ലല്ലോ എന്നും ഇങ്ങനെയൊക്കെ തന്നെയാണല്ലോ. " ആഹ് നീ കൈ കഴുകിയിട്ട് വാ ഞാൻ കഴിക്കാനെടുക്കാം. " അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ അവർ പറഞ്ഞു. അവൻ കയ്യും മുഖവും കഴുകി വന്നിരുന്നപ്പോഴേക്കും അരുന്ധതി ഡൈനിങ് ടേബിളിൽ ആഹാരം വിളമ്പിവച്ചിരുന്നു. " കണ്ണാ.. " " എന്താമ്മേ... ??? " " ചാരുമോള് നിന്നേ വിളിച്ചിരുന്നോ ?? " " ആഹ് എപ്പോഴോ വിളിച്ചിരുന്നു... " പണിയായി എന്ന് മനസ്സിലായതും വല്യ താല്പര്യമില്ലാത്ത മട്ടിൽ അവൻ പറഞ്ഞു.

" നീയൊന്നവിടംവരെ ചെല്ല് കണ്ണാ... നിങ്ങടെ നിശ്ചയം കഴിഞ്ഞത് എല്ലാവരും അറിഞ്ഞതല്ലേ എന്നിട്ട് അവളൊരു കാര്യമാവശ്യപ്പെട്ടിട്ട് നീയത് തള്ളിക്കളഞ്ഞാൽ അവൾക്കല്ലേ അതിന്റെ നാണക്കേട്??? പാവല്ലേടാ അവൾ മോനൊന്ന് ചെല്ല്. പാവം എന്നേ വിളിച്ചൊത്തിരി പരാതി പറഞ്ഞു. നീ ചെല്ലുമെന്ന് ഞാൻ പറഞ്ഞു. " അരുന്ധതി പറഞ്ഞത് കേട്ടപ്പോൾ ആകെ ധർമസങ്കടത്തിലായിരുന്നു സിദ്ധു. കാരണം പോയാൽ അവൾ ജയിക്കും പോയില്ലെങ്കിൽ അമ്മ കലിപ്പാകും. " അതെങ്ങനാ വന്നുകയറും മുൻപേ അമ്മേ വളച്ചൊടിച്ചില്ലേ പേരുംകള്ളി... " കഴിക്കുന്നതിനിടയിൽ തന്നെ അവനോർത്തു. ഒടുവിൽ അമ്മയ്ക്ക് വേണ്ടി പോകാൻ തന്നെ അവൻ തീരുമാനിച്ചു. " ആഹ് ഞാൻ പോകാമമ്മേ... " പറഞ്ഞിട്ട് അവൻ എണീറ്റ് കൈ കഴുകാൻ പോയി. ആ സന്തോഷം അപ്പോൾ തന്നെ ചാരുവിനെ വിളിച്ചറിയിക്കാനായി അരുന്ധതി മുറിയിലേക്കും ഓടി..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story