കാവ്യമയൂരം: ഭാഗം 30

kavyamayooram

രചന: അഭിരാമി ആമി

" അതേ കണ്ണേട്ടാ എനിക്കൊരു ഐഡിയ..... " " എന്താണാവോ ??? " റെഡിയായിക്കൊണ്ടിരിക്കുന്നതിനിടയിൽ തന്നെ ബെഡിന്റെ നടുവിൽ ചമ്രം പടഞ്ഞിരുന്നുകൊണ്ട് പറഞ്ഞവളെ നോക്കിക്കൊണ്ട്‌ സിദ്ധു ചോദിച്ചു. " അല്ല ഇനിയിപ്പോ ഒരാഴ്ച കൂടിയേ ഉള്ളു ഓണം ഹോളിഡേ തുടങ്ങാൻ.... അപ്പൊ പിന്നെ ഇപ്പൊ ധൃതിവച്ച് കോളേജിലോട്ട് പോണോ. ഹോളിഡേ കൂടി കഴിഞ്ഞിട്ട് പോയാ പോരെ ?? അതുവരെ ഞാനിവിടെ കണ്ണേട്ടൻ വൈകുന്നേരം വരുമ്പോൾ പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന ഭാര്യയായിട്ടിവിടെ നിന്നാലോ ???? " " ഓഹോ കോളേജിൽ പോകാതിരിക്കാനുള്ള അടവാരുന്നോ ??? തല്ക്കാലം ഈ ഐഡിയ മടക്കി ബാഗിലോട്ട് വച്ചോ മോള്. എന്നിട്ടേ വേഗം റെഡിയാവാൻ നോക്ക് നിന്നെ കോളേജിൽ വിട്ടിട്ട് വേണം എനിക്ക് പോകാൻ.... " " കണ്ണേട്ടാ.... " ചിണുങ്ങിക്കൊണ്ട്‌ വിളിച്ചവളെ നോക്കി അവൻ ചിരിച്ചു.

" അതേ ക്ലാസ്സ്‌ കട്ട് ചെയ്തോണ്ടൊന്നും എന്റെ മോള് പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തണ്ടാട്ടോ..... ഇനി നിനക്കത്ര നിർബന്ധമാണെങ്കിൽ കോളേജിൽ പോയി വന്നിട്ട് വിടർത്തിക്കോ.... " കളിയാക്കി പറഞ്ഞുകൊണ്ട് അവളെ ബെഡിൽ നിന്നും പിടിച്ചെണീപ്പിച്ച് ഡ്രസിംഗ് ടേബിളിന് മുന്നിൽ കൊണ്ട് നിർത്തി സിദ്ധു. " ഇനിയും ചിണുങ്ങിക്കൊണ്ട്‌ നിക്കാതെ പൊന്നുമോള് വേഗം റെഡിയായിക്കേ.... " അവളുടെ കവിളിലൊന്ന് ചുണ്ടമർത്തി പറഞ്ഞിട്ട് അവൻ തന്റെ ഓഫീസ് റൂമിലേക്ക് പോയി. എല്ലാ അടവുകളും പരാജയപ്പെട്ടെന്ന് ബോധ്യമായപ്പോൾ ചാരു പതിയെ ഒരുങ്ങാൻ തുടങ്ങി. ചില്ലി റെഡ് കളറിലൊരു ചുരിദാർ ഇട്ട് മുടി ഫ്രീയായി ഇട്ടു. പുരികങ്ങൾക്ക് നടുവിലൊരു കുഞ്ഞ് പൊട്ടും തൊട്ട് നെറുകയിൽ സിന്ദൂരവുമിട്ട് കണ്ണുമെഴുതിയതോടെ അവളുടെ ഒരുക്കം കഴിഞ്ഞു.

" കോളേജിൽ പോകുമ്പോ നെറ്റിയിലീ സ്റ്റിക്കറൊക്കെ വേണോ പെണ്ണേ.... " ഏതൊക്കെയോ ഫയലുകളൊക്കെയെടുത്ത് മുറിയിലേക്ക് വരുമ്പോൾ റെഡിയായി നിന്നിരുന്ന ചാരുവിന്റെ നെറുകയിലെ സിന്ദൂരം കണ്ട് സിദ്ധുവൊരു ചിരിയോടെ ചോദിച്ചു. " ആഹ് ഇനിയിപ്പോ സ്റ്റിക്കറുണ്ടേലെന്താ ഇല്ലേലെന്താ..... അന്നൊരൊറ്റ ദിവസം കൊണ്ട് എന്റെ മാർക്കറ്റിടിച്ചില്ലേ മനുഷ്യ നിങ്ങള്.... " തന്നേ നോക്കി നിന്ന് ചുണ്ട് കൂർപ്പിച്ച് പറയുന്ന പെണ്ണിനെ കണ്ട് അവൻ ചിരിച്ചുപോയി. " ഓഹോ അപ്പോ നിരാശയുണ്ട്..... " " പിന്നെ ഇല്ലാതിരിക്കുവോ..... എന്തോരം ഫാൻസ്‌ ഉണ്ടായിരുന്നതാ ഇനിയിപ്പോ ആര് നോക്കാനാ.... " ചിരി കടിച്ചുപിടിച്ച് നിരാശയോടെ പറയുന്നവളെയല്പനേരം നോക്കി നിന്നിട്ട് സിദ്ധു പതിയെ വാതിലടച്ച് ബോൾട് ഇട്ടു. " എ..... എന്ത് ചെയ്യാൻ പോകുവാ ???? " " നിന്നോട് ഞാൻ ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ പോകുവാ.... "

പറഞ്ഞതും അവൾക്കൊഴിഞ്ഞുമാറാൻ കഴിയും മുന്നേ അവളെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ച് തന്നോട് ചേർത്ത് ആ കഴുത്തിലെ തുടിപ്പിൽ അമർത്തി ചുംബിച്ചിരുന്നു സിദ്ധു. " ക്.... കണ്ണേട്ടാ.... " പെരുവിരലിലുയർന്ന് പോയ ചാരുവവന്റ തോളിലള്ളിപ്പിടിച്ചുകൊണ്ട് വിളിച്ചു. അപ്പോഴേക്കും സിദ്ധുവൊരു കള്ളച്ചിരിയോടെ അവളെ വിട്ടകന്നിരുന്നു. " ലേറ്റായിപ്പോയി അല്ലെ കാണാരുന്നു.... " അവളുടെ അധരങ്ങളിൽ പതിയെ ഒന്ന് തലോടിയൊരു കള്ളച്ചിരിയോടെ പറഞ്ഞിട്ട് സിദ്ധു താഴേക്ക് പോയി. ചാരു ബാഗൊക്കെ എടുത്തുകൊണ്ട് ഇറങ്ങിവരുമ്പോഴേക്കും മറ്റുള്ളവർക്കൊപ്പം അവനും കഴിക്കാൻ ഇരുന്നിരുന്നു. " വേഗം വന്നിരുന്ന് കഴിക്ക് പെണ്ണേ..... " താഴേക്ക് വന്ന ചാരുവിനെയും ഹാളിലെ ക്ലോക്കിലേക്കും മാറി മാറി നോക്കിക്കൊണ്ട്‌ പ്ളേറ്റിലേക്ക് ചപ്പാത്തി എടുത്തുവയ്ക്കുന്നതിനിടയിൽ മൃദു പറഞ്ഞു.

" എനിക്ക് വിശക്കുന്നില്ല ഏടത്തീ.... " " ദേ നീയെന്റെ കയ്യിന്ന് വാങ്ങുമിപ്പോ വാ ഇങ്ങോട്ട് മര്യാദക്ക്.... " അവളുടെ നേരെ കണ്ണുരുട്ടിക്കൊണ്ട്‌ അരുന്ധതി പറഞ്ഞതും ചാരു സിദ്ധുവിനെ നോക്കി. അവനാണെങ്കിൽ അതൊന്നും കേട്ടഭാവമില്ലാതെ ഇരുന്നുകഴിക്കുന്നത് കണ്ട് ചിണുങ്ങിക്കൊണ്ടവൾ അവനരികിലായ് വന്നിരുന്നു. അരുന്ധതി തന്നെ അവളുടെ പ്ളേറ്റിലേക്ക് ചപ്പാത്തിയും കറിയും വിളമ്പി. " ഇത് മുഴുവൻ കഴിച്ചിട്ടാണേൽ മോള് പോയാ മതി.... " അവളുടെ അടുത്തേക്ക് വന്ന് പറഞ്ഞ അരുന്ധതിയേയും ചാരുവിനെയും നോക്കി എല്ലാവരും ഒന്നൂറി ചിരിച്ചു. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 " ബൈ കണ്ണേട്ടാ..... " കോളേജ് ഗേറ്റിന് മുന്നിൽ കാർ നിർത്തി ഇറങ്ങുമ്പോൾ ചിരിയോടെ അവൾ പറഞ്ഞത് കേട്ട് സിദ്ധു പതിയെ ചിരിച്ചു. " ഡീ ഒന്ന് നിന്നേ.... " ഡോറടച്ച് അവൾ മുന്നോട്ട് നടക്കാൻ തുടങ്ങുമ്പോഴായിരുന്നു സിദ്ധു പെട്ടന്ന് വിളിച്ചത്.

" എന്താ കണ്ണേട്ടാ ??? " അവൾ തിരികെയവന്റെ അരികിലേക്ക് വന്നുകൊണ്ട് ചോദിച്ചു. " അല്ല നീയെത്ര ചപ്പാത്തി കഴിച്ചു ??? " " മൂന്ന്....എന്തേയ് ??? " " അല്ല നിന്റെ വയറ് നോക്കിയേ ഉന്തിയിരിക്കുന്നെ.... ഇങ്ങനെ തിന്നാൽ പിള്ളേര് തെറ്റിദ്ധരിക്കുമെടി പെണ്ണേ.... " " ഏഹ് ആണോ കണ്ണേട്ടാ എന്റെ വയറ് ചാടിയോ ?? ഞാനപ്പോഴേ അമ്മയോട് പറഞ്ഞതാ മൂന്നൊന്നും വേണ്ടെന്ന്.... " തന്റെ വയറിൽ കൈ വച്ച് വിഷാദത്തോടെ പറയുന്നവളെ നോക്കി ചിരിയടക്കി നിക്കുവായിരുന്നു സിദ്ധുവപ്പോൾ. " എടി ഇതിനാണ് പറയുന്നത് ചപ്പാത്തി ആരുടെയായാലും വയറ് നിന്റെയാണെന്ന് കരുതി തിന്നണമെന്ന്.... " അവനത് കൂടി പറഞ്ഞപ്പോ അവളുടെ മുഖം വീണ്ടും വാടി. അത് കൂടി കണ്ടപ്പോൾ ചിരിയടക്കാൻ കഴിയാതെ സിദ്ധു പൊട്ടിച്ചിരിച്ചു. " ഓഹോ അപ്പൊ കണ്ണേട്ടനെന്നെ കളിയാക്കിയതാ അല്ലേ??? "

ഉണ്ടകണ്ണുകളുരുട്ടി കവിളും വീർപ്പിച്ച് കെറുവോടെ അവൾ ചോദിച്ചു. " പിന്നല്ലാതെ.... ഇതിലെവിടാഡീ വണ്ണം ??? നീ കണ്ണാടിയിലൊന്നും നോക്കാറില്ലേ ??? അല്ലേത്തന്നെ ഇത്തിരി വണ്ണമൊക്കെ വെക്കുന്നെങ്കിൽ വെക്കട്ടെടി..... എന്നുമിങ്ങനെ കുഞ്ഞുകളിച്ചുനടന്നാ മതിയോ നമുക്കും വേണ്ടേ ഒരു കുഞ്ഞാവയൊക്കെ ??? " ഒരു കള്ളച്ചിരിയോടെയുള്ള അവന്റെ ചോദ്യം കേട്ട് ചാരുവിന്റെ മുഖം ചുവന്നുതുടുത്തു. അവന്റെ നോട്ടം താങ്ങാൻ കഴിയാത്തത് പോലെ അവൾ മുഖം കുനിച്ചുകളഞ്ഞു. " അതേ എനിക്കിവിടിങ്ങനെ നിന്നാൽ പോരാ ഓഫീസിൽ പോണം.... അതുകൊണ്ട് പൊന്നുമോൾ ചെല്ല്.... " അവളെയൊന്ന് ചേർത്തുപിടിച്ചുപറഞ്ഞിട്ട് ചിരിയോടെ സിദ്ധു വണ്ടിയിലേക്ക് കയറി. അവൻ വണ്ടി തിരിച്ചുപോകുന്നത് നോക്കി അല്പനേരം കൂടി അവിടെത്തന്നെ നിന്നിട്ട് ചാരുവും അകത്തേക്ക് പോയി. പക്ഷേ ഇതൊക്കെ കണ്ടുകൊണ്ട് മറ്റൊരു വണ്ടിക്കുള്ളിൽ വേറൊരാൾ കൂടി ഇരുന്നിരുന്നത് അവരിരുവരും കണ്ടില്ല. പെട്ടന്ന് ആ വണ്ടിയുടെ ഗ്ലാസ്‌ താഴ്ന്നു.

അതിലിരുന്നിരുന്ന ആൾ തല വെളിയിലേക്ക് ഇട്ട് നടന്നുപോവുകയായിരുന്ന ചാരുവിനെ നോക്കി വികൃതമായി ഒന്ന് ചിരിച്ചു. " അലക്സ്‌ !!!!! " 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 " തെക്കേടം " എന്ന് സുവർണ ലിപികളിൽ കൊത്തിവച്ച ഗേറ്റ് കടന്ന് അലക്സിന്റെ കാർ പോർച്ചിലേക്ക് പാഞ്ഞുകയറി ബ്രേക്കിട്ടു. " റീത്താ......" അകത്തേക്ക് കയറി വരുമ്പോൾ അവിടെയൊന്നും ആരെയും കാണാതെ അലക്സ്‌ ഉച്ചത്തിൽ വിളിച്ചു. പെട്ടന്ന് മുകളിൽ നിന്നും നാല്പത്തിയഞ്ചിനടുത്ത് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയിറങ്ങി വന്നു. " എന്താ ഇച്ചായാ ??? " " ക്രിസ്റ്റിയെവിടെ ??? " " റൂമിലുണ്ട്..... " അവർ പറഞ്ഞതും ഒന്ന് മൂളിയിട്ട് അയാൾ മുകളിലേക്ക് പോകാൻ തുടങ്ങി. " ഇച്ചായാ..... " പെട്ടന്ന് പിന്നിൽ നിന്നും അവരുടെ വിളി കേട്ട് അലക്സ്‌ തിരിഞ്ഞുനിന്നു. " ഞാൻ മോളെയും കൊണ്ടെന്റെ വീട്ടിൽ പോകുവാ.... " മുഖത്തേക്ക് നോക്കാതെ അവർ പറഞ്ഞതും അലക്സിന്റെ നെറ്റി ചുളിഞ്ഞു. " കാരണം ??? '' " നിങ്ങടനിയനുള്ള ഈ വീട്ടിൽ പ്രായം തികഞ്ഞ ഒരു പെൺകൊച്ചിനേം കൊണ്ട് ജീവിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. "

" കാര്യമെന്നതാണെന്ന് വച്ചാൽ പറഞ്ഞുതുലക്കെടി..... " ദേഷ്യത്തോടെ അലറുകയായിരുന്നു അയാൾ. " കാര്യമൊന്നുല്ല ഒരു കാലില്ലാഞ്ഞിട്ട് കൂടി അവനെന്തൊക്കെയാ ഈ വീട്ടിൽ കാണിച്ചുകൂട്ടുന്നത് ??? രാവിലെ മുതൽ കണ്ട മയക്കുമരുന്നും കുത്തിക്കേറ്റി കണ്ട പിഴച്ചവളുമാരെയൊക്കെ ഈ വീട്ടിൽ വിളിച്ചുകയറ്റി കാണിക്കുന്ന പേക്കൂത്തൊന്നും എനിക്ക് സഹിക്കാൻ മേല....പിന്നെന്റെ മോളെയിപ്പോ ഹോസ്പിറ്റലിന്നിങ്ങോട്ട് കൊണ്ടുവന്നതേയുള്ളൂ.... " " ഹോസ്പിറ്റലിലോ എന്തിന് ??? " മകളെപ്പറ്റി കേട്ടതും അലക്സ്‌ ഒന്നയഞ്ഞു. ആ മുഖത്തേ കലി മാറി അവിടെയേതൊക്കെയോ ആകുലതകൾ നിറഞ്ഞു. " രാവിലെ അവന് ചായേം കൊണ്ട് ചെന്നപ്പോ അവന് ചായ വേണ്ട കള്ള് മതി. അതെന്റെ കുഞ്ഞൊഴിച്ച് കൊടുക്കാൻ.... അത് പറ്റില്ലെന്ന് പറഞ്ഞതിന് ഫ്ലവർവേസെടുത്ത് മോൾടെ തലക്കെറിഞ്ഞു. തന്തേടെ സ്ഥാനമുള്ളവനാ.....

പക്ഷേ പറഞ്ഞിട്ടെന്നാ കാര്യം കണ്ടതൊക്കെ വലിച്ചുകേറ്റി അവന് ഭ്രാന്തായിരിക്കുവാ. ഇനിയിവിടെകിടന്ന് നിങ്ങടെ പേ പിടിച്ച അനിയന്റെ പേക്കൂത്ത് കാണാൻ ഞങ്ങളിവിടെ ഉണ്ടാവില്ല. ഞാനെന്റെ ആങ്ങളെ വിളിച്ചു പറഞ്ഞിട്ടുണ്ട്. ഞങ്ങളെ വന്നുകൊണ്ടുപോകാൻ.... " കണ്ണീരോടെ അവർ പറയുമ്പോൾ മൗനമായി നിൽക്കുകയായിരുന്നു അലക്സ്‌. പിന്നെ പതിയെ അവരുടെ തോളിലൊന്ന് തട്ടി. " വേണ്ടെടി നീയുമെന്റെ മോളുമെങ്ങും പോകണ്ട..... ഞാനവനെ ഗസ്റ്റ്‌ ഹൗസിലേക്ക് മാറ്റിക്കൊളാം. നോക്കാൻ ഹോം നേഴ്‌സിനേം വെക്കാം.... ഞാനാദ്യം അവനെയൊന്ന് കാണട്ടേ.... " പറഞ്ഞിട്ട് അലക്സ്‌ വേഗം മുകളിലേക്ക് കയറിപ്പോയി. അയാൾ മുറിയിൽ ചെല്ലുമ്പോൾ ഫോണിൽ നോക്കി ബെഡിൽ കിടക്കുന്നുണ്ടായിരുന്നു ക്രിസ്റ്റി. വാതിൽ തുറക്കുന്നത് കേട്ട് അവൻ പതിയെ മുഖമുയർത്തി നോക്കി. ആളിനെ കണ്ടതും ഒരു പുച്ഛത്തോടെ വീണ്ടും ഫോണിലേക്ക് തന്നെ നോക്കി. " ക്രിസ്റ്റി..... നീയിന്നുതന്നെ ഗസ്റ്റ്‌ ഹൗസിലേക്ക് മാറിക്കോ.... " " ഓഹ് സന്തോഷം..... അല്ലേ തന്നെ ഒരു സ്വാതന്ത്ര്യവുമില്ലാതെ ഇവിടിങ്ങനെ എനിക്ക് മടുത്തു. അതിനിടയിൽ അവളുടെ ഒരു ഭരണവും.... "

" ഏതവൾ ???? " അവൻ പറഞ്ഞത് കേട്ട് അവനെത്തന്നെ നോക്കി അലക്സ്‌ അല്പം പരുഷമായി തന്നെ ചോദിച്ചു. " വേറാര് ചേട്ടായിടെയാ മറ്റവളില്ലേ റീത്ത അവൾ തന്നെ..... " " ക്രിസ്റ്റി...... വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണം നീ.... അവളാരാണെന്നാ നിന്റെ വിചാരം ??? " അലക്സിനെയടിമുടി ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു അപ്പോൾ. " ഓഹ് എന്നായാലും ചേട്ടായിടെ കെട്ടിയോളൊന്നുമല്ലല്ലോ..... പിന്നെ കുറേക്കാലം പൈസ വാങ്ങിച്ച് നിങ്ങക്ക് പായ വിരിച്ചവൾ ആ വകയിലൊരു കൊച്ചായപ്പോ ഇവിടുത്തെ കെട്ടിലമ്മയായി കഴിയുന്നു അത്ര തന്നെ. ആ അവളേ ഞാനനുസരിക്കണമല്ലേ..... " അവൻ പറഞ്ഞത് കേട്ട് നിൽക്കുമ്പോൾ വഴിപിഴച്ച തന്റെയൊരു ഭൂതകാലത്തിന്റെ ഓർമയിലായിരുന്നു അലക്സ്‌. " ക്രിസ്റ്റി.... നീ പറഞ്ഞതൊക്കെ ശരിയാ....

എന്റെ ഭാര്യയല്ല റീത്ത. അവളെന്റെ ജീവിതത്തിലേക്ക് കടന്നുവന്നതും നീ പറഞ്ഞത് പോലെ തന്നെ. ഞാനവളെ താലി കെട്ടിയിട്ടുമില്ല. പക്ഷേ ഇന്നവളുടെ സ്ഥാനം നീ പറഞ്ഞത് മാത്രമല്ല എന്റെ കുഞ്ഞിന്റെ അമ്മ കൂടിയാണവൾ.... ആ സ്ഥാനം നീയെന്തായാലുമവൾക്ക് കൊടുക്കില്ല. അപ്പൊ നിങ്ങൾ രണ്ടാളും കൂടിയിനിയൊരു കൂരയ്ക്ക് കീഴിൽ വേണ്ട. " അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞിട്ട് അലക്സ്‌ പുറത്തേക്ക് പോയി. " സിദ്ധാർഥ്....... നീ..... നീയാഡാ എന്റെയീ അവസ്ഥയ്ക്കൊക്കെ കാരണം. കണ്ട തേവിടിച്ചികളെ വരെ അനുസരിക്കേണ്ട അവസ്ഥയിലൊരു ശവം കണക്കേയെന്നെയാക്കിയ നിന്നേ വിടില്ലെഡാ ഞാൻ.....നീയെന്റെകൈകൊണ്ട് തന്നെ തീരും..... നിന്റെയാ മറ്റവളില്ലേ അവളും എനിക്കുള്ളതാ..... " .... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story