കാവ്യമയൂരം: ഭാഗം 31

kavyamayooram

രചന: അഭിരാമി ആമി

" അഹ് ഞാനിറങ്ങുവാ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ സെർവന്റുണ്ട്. പിന്നെ ഒറ്റയ്ക്കാണെന്ന് കരുതി നിന്റെയാ പിഴച്ചവളുമാരെ എല്ലാം കൂടി ഇങ്ങോട്ട് വിളിച്ചുകയറ്റിയേക്കരുത്...... " " ഓഹ് പിഴച്ചവളുമാരുടെ ഒന്നും കൂടെ കിടന്നിട്ടില്ലാത്ത പുണ്യാത്മാവ്.... വീട്ടിൽ ഇരിക്കുന്ന ആ മാലാഖേടെ കൂടെ മാത്രമല്ലേ കിടന്നിട്ടുള്ളു..... വെറുതെ എന്റെ വായീന്ന് ഒന്നും കേൾക്കാൻ നിൽക്കാതെ ഇച്ചായൻ പോകാൻ നോക്ക്. എന്നിട്ട് ചെന്നാ ശീലാവതിയേം അവളുടെയാ മോളേം കൊഞ്ചിക്ക് എന്റെ കാര്യം ഞാൻ നോക്കിക്കോളാം.... " " നിന്നോടൊക്കെ പറയാൻ വന്ന എന്നേ ചെരുപ്പൂരിയടിക്കണം. ഞാനിറങ്ങുന്നു. " പറഞ്ഞിട്ട് അലക്സ്‌ റൂമിന് പുറത്തേക്ക് നടന്നു. " മോനച്ചാ..... എടാ മോനച്ചാ..... " പുറത്ത് സിറ്റൗട്ടിലേക്ക് ഇറങ്ങിക്കൊണ്ട്‌ അയാൾ ഉച്ചത്തിൽ വിളിച്ചതും അമ്പതിനടുത്ത് പ്രായം വരുന്ന ഒരാൾ അങ്ങോട്ട് വന്നു.

" എന്താ അച്ചായാ ??? " " ആഹ് നീയിവിടെത്തന്നെ വേണം. ഇവിടെ എന്ത് നടന്നാലും എന്നേയറിയിക്കണം. പിന്നെ അവന്റെ മേൽ എപ്പോഴും ഒരു ശ്രദ്ധ വേണം.... പറഞ്ഞത് മനസ്സിലായല്ലോ ??? " " ഉവ്വച്ചായാ... " " മ്മ് ഞാനിറങ്ങുന്നു.... " പറഞ്ഞിട്ട് അലക്സ്‌ ചെന്നു വണ്ടിയിലേക്ക് കയറി പുറത്തേക്ക് പോയി. ആ കാർ ഗേറ്റ് കടന്നതും മോനച്ചനോടിച്ചെന്ന് ഗേറ്റടച്ചു. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 വൈകുന്നേരം നേരത്തെ ക്ലാസ്സ്‌ കഴിഞ്ഞതുകൊണ്ട് ദേവരാഗത്തിൽ നിന്നാരേയും വിളിക്കാൻ നിൽക്കാതെ കൂട്ടുകാർക്കൊപ്പം ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്നു ചാരു. സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടയിലാണ് ബാഗിൽ കിടന്നിരുന്ന അവളുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്. " ഹലോ കണ്ണേട്ടാ.... " ഡിസ്പ്ലേയിൽ തെളിഞ്ഞ സിദ്ധുവിന്റെ ചിരിക്കുന്ന മുഖം കണ്ടതും ഫോൺ കാതോട് ചേർത്തവൾ വിളിച്ചു. " നീയിതെവിടാ കോളേജിൽ അല്ലേ ??? " ഫോണിൽ കൂടി കേട്ട വണ്ടികളുടെ ഹോണും മറ്റുമൊക്കെ കേട്ട് സിദ്ധു ചോദിച്ചു.

" ക്ലാസ്സ്‌ കഴിഞ്ഞു കണ്ണേട്ടാ.... ഞങ്ങൾ ബസ് സ്റ്റോപ്പിലേക്ക് നടക്കുവാ.... " " വീട്ടിലേക്ക് വിളിച്ചൂടായിരുന്നോ നിനക്ക്.... അമ്മ ആരെയെങ്കിലും വണ്ടിയുമായി വിടുമായിരുന്നില്ലേ.... " " സാരമില്ല കണ്ണേട്ടാ ഞങ്ങൾ ബസിൽ പൊക്കോളാം.... " അവൾ പറഞ്ഞത് കേട്ട് പിന്നീടൊന്നും പറയാതെ സിദ്ധുവൊന്ന് മൂളി. " അല്ല എന്താ ഈ നേരത്തൊരു വിളി ??? ആഹ്ഹ്ഹ്ഹ്ഹ്ഹ്.......... കണ്ണേട്ടാ.......... " ചോദിച്ചതും ഉച്ചത്തിലുള്ള ചാരുവിന്റെ നിലവിളിയവന്റെ കാതിൽ വന്നലച്ചു. ഒരുനിമിഷമൊന്ന് തരിച്ചുപോയ സിദ്ധു സീറ്റിൽ നിന്നും ചാടി എണീറ്റു. " ചാരു..... മോളെ..... ചാരു എന്താ പറ്റിയത് ????? ചാരൂ..... " പക്ഷേ മറുവശത്ത് നിന്നും മറുപടിയൊന്നുമുണ്ടായില്ല. പെട്ടന്ന് തന്നെ കാൾ കട്ടാക്കുകയും ചെയ്തു. അതുകൂടി ആയപ്പോൾ സിദ്ധുവിന് തന്റെ ഹൃദയം നിലച്ചത് പോലെ തോന്നി. അവളുടെ ഫോണിലേക്ക് തിരിച്ചുവിളിച്ചുകൊണ്ട് തന്നെ അവൻ കാറിന്റെ ചാവിയുമായി പുറത്തേക്ക് ഓടി.

ഇതേസമയം കോളേജിന് ഫ്രണ്ടിൽ വലിയൊരാൾക്കൂട്ടത്തിന് നടുവിൽ ഭയന്ന് വിറച്ചിരിക്കുകയായിരുന്നു ചാരു. അവളുടെ അടുത്ത് തന്നെ അവളെ ആശ്വസിപ്പിച്ചുകൊണ്ട് പ്രിയയും അനീറ്റയും ഉണ്ടായിരുന്നു. " അയ്യോ സോറി മനഃപൂർവമല്ല കേട്ടോ.... ഇവൾടെയൊരു കസിൻ ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തേക്കുവാ.... ആ ടെൻഷനിൽ ആയിരുന്നു ഞങ്ങൾ അതുകൊണ്ടാണ്..... സോറി.... " അവർക്കരികിൽ കിടന്നിരുന്ന കാറിൽ നിന്നും ഇറങ്ങി വന്ന ചെറുപ്പക്കാരൻ തന്റെ ഒപ്പമുള്ള യുവതിയെ ചൂണ്ടി പറഞ്ഞു. ബ്ലു ജീൻസും വൈറ്റ് ഷർട്ടുമായിരുന്നു അയാളുടെ വേഷം. സ്ലീവ്ലെസ്സ് ടോപ്പും ജീൻസുമായിരുന്നു ആ പെൺകുട്ടി ധരിച്ചിരൂന്നത്. മുടി ലെയർ കട്ട് ചെയ്ത് കളർ കൊടുത്തിട്ടിരുന്നു. ചുണ്ടിൽ ലിപ്ഗ്ലോസ് പുരട്ടിയിരുന്നു. ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴികളും മനോഹരമായ പുരികക്കൊടികളും അവൾക്കൊരു പ്രത്യേകഭംഗി നൽകിയിരുന്നു..

" സാരമില്ല എനിക്കൊന്നും പറ്റിയില്ല.... പെട്ടന്ന് പേടിച്ചുവീണുപോയതാ ഞാൻ.... നിങ്ങള് പൊയ്ക്കോ. ഹോസ്പിറ്റൽ കേസ് അല്ലേ.... " മുഖത്തേ ഭയം മറച്ചൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് ചാരു പതിയെ പറഞ്ഞു. " തനിക്ക് കുഴപ്പമൊന്നുമില്ലെന്നുറപ്പല്ലേ.... നമുക്ക് വേണമെങ്കിൽ ഹോസ്പിറ്റലിൽ പോകാം...." " വേണ്ട.... എനിക്ക് കുഴപ്പമൊന്നുല്ല... " ആ പെൺകുട്ടിയുടെ വാക്കുകളൊരു പുഞ്ചിരിയോടെ നിരസിച്ചുകൊണ്ട് ചാരു പറഞ്ഞു. " എങ്കിൽ ഞങ്ങൾ പൊക്കോട്ടെ.... ഒന്നും വിചാരിക്കല്ലേ അത്ര അത്യാവശ്യമായത് കൊണ്ടാ..... " ആ ചെറുപ്പക്കാരൻ വീണ്ടും പറഞ്ഞു. അതിനും ചാരുവൊരു പുഞ്ചിരി മാത്രം തിരികെ നൽകി. അപ്പോൾ തന്നെ അവർ കാറിലേക്ക് കയറി അവരെ കടന്നുപോയി. അപ്പോഴായിരുന്നു റോഡിൽ കുറച്ചുമാറികിടന്ന് റിങ് ചെയ്യുന്ന തന്റെ ഫോണവളുടെ കണ്ണിൽ പെട്ടത്. അവൾ വേഗം ചെന്നത് കയ്യിലെടുത്തു. സിദ്ധുവായിരുന്നു മറുവശത്ത്.

" ചാരു എന്താ പറ്റിയേ??? നീയെന്തിനാ നിലവിളിച്ചത് ???. '' കാളെടുത്തതും മറുവശത്ത് നിന്നും പരിഭ്രാന്തി നിറഞ്ഞ അവന്റെ സ്വരം കാതിൽ വന്നലച്ചു. " ഒന്നുല്ല കണ്ണേട്ടാ ഒരു വണ്ടി..... ഞാൻ പെട്ടന്ന് പേടിച്ചുപോയി.... പക്ഷേ ഒന്നും പറ്റിയില്ല.... " " നിനക്ക്..... നിനക്കൊന്നും പറ്റിയില്ലല്ലോ അല്ലേ ??? " ആധിയോടെ അവൻ വീണ്ടും ചോദിച്ചു. " ഇല്ല കണ്ണേട്ടാ പേടിച്ച് പിന്നിലേക്ക് ചാടിയപ്പോ ഒന്ന് വീണു.... അല്ലാണ്ടൊന്നുല്ല. " അവൾ പറയുമ്പോഴും സിദ്ധുവിന്റെ ഹൃദയമിടിപ്പ് വേഗത്തിൽ തന്നെയായിരുന്നു. " ആഹ് ഞാൻ കോളേജിനടുത്തെത്താറായി. നീയാവിടെത്തന്നെ നിക്ക്. ഞാനിപ്പോ വരാം.... " " കണ്ണേട്ടാ.... " അവളെന്തോ പറയാൻ വന്നുവെങ്കിലും അതിന് മുൻപ് തന്നെ സിദ്ധു ഫോൺ കട്ടാക്കിയിരുന്നു. " ഈ കണ്ണേട്ടന്റെ ഒരു കാര്യം.... "

പ്രിയയുടെ കൈ പിടിച്ച് നിലത്ത് നിന്നും എണീക്കുന്നതിനിടയിൽ അവൾ പിറുപിറുത്തു. അവർ കുറച്ചപ്പുറത്തുള്ള ബസ് സ്റ്റോപ്പിലേക്ക് കയറിയിരുന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ സിദ്ധുവിന്റെ കാറും വന്നിരുന്നു. " എന്തിനാ കണ്ണേട്ടാ ഇപ്പോ ധൃതി പിടിച്ചിങ്ങോട്ടോടിയത് ??? " " നിനക്കൊന്നും പറ്റിയില്ലല്ലോ എന്താ ഉണ്ടായത്??? " അവൾ ചോദിച്ചത് ശ്രദ്ധിക്കാതെ ഓടി വന്നവളെയാകെ നോക്കിക്കൊണ്ട്‌ അവൻ ചോദിച്ചു. " ഇല്ല കണ്ണേട്ടാ.... വീണപ്പൊ കയ്യുടെ മുട്ടൊന്ന് പൊട്ടി അത്രേയുള്ളൂ. അവരെന്തോ ഹോസ്പിറ്റൽ കേസിന്റെ ടെൻഷനിൽ പോകുവായിരുന്നു. ഫോൺ ചെയ്യുന്നതിനിടയിൽ ഞാൻ ശ്രദ്ധിക്കാതെ പറ്റിയതാ.... " ചാരു പറഞ്ഞുവെങ്കിലും സിദ്ധുവിന്റെ മുഖമൊട്ടും തന്നെ അയഞ്ഞിരുന്നില്ല. ആ ഭാവം മാത്രം മതിയായിരുന്നു അവന്റെ ചിന്തകൾ മറ്റേതൊക്കെയൊ വഴി ആണെന്ന് അവൾക്കൂഹിക്കാൻ. " ഒന്നൂല്ല കണ്ണേട്ടാ വാ പോകാം.... " പ്രിയയോടും അനുവിനോടും യാത്ര പറഞ്ഞ് കാറിലേക്ക് കയറുമ്പോൾ ചാരു പറഞ്ഞുവെങ്കിലും സിദ്ധുവിന്റെ മനസ് നിറയെ അപ്പോൾ അലക്സിന്റെ മുഖമായിരുന്നു. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞

അവർ വീട്ടിലെത്തുമ്പോൾ എല്ലാവരും ഹാളിലിരുന്ന് ചായ കുടിക്കുന്ന സമയമായിരുന്നു. അവരെ കണ്ടതും മൃദു എണീറ്റ് ചെന്ന് അവർക്കും ചായയുമായി വന്നു. " ഞാനീ ഡ്രസ്സ്‌ ഒക്കെയൊന്ന് മാറ്റിയിട്ട് വരാം ഏട്ടത്തി... " പറഞ്ഞിട്ട് ചാരു പതിയെ മുകളിലേക്കുള്ള സ്റ്റെപ്പിന് നേർക്ക് തിരിഞ്ഞു. അപ്പോഴാണ് അവളുടെ തോളിൽ വിടർത്തിയിട്ടിരുന്ന ഷാളിന്റെ പിന്നിലെ തുമ്പിലൊക്കെ രക്തം പറ്റിയിരിക്കുന്നത് മൃദുലയുടെ കണ്ണിൽ പെട്ടത്. " അയ്യോ ഇതെന്തുപറ്റി ??? എവിടുന്നാ ഈ ചോര ??? " അവൾ വേഗം ചാരുവിനെ പിടിച്ചു നിർത്തിക്കൊണ്ട്‌ ചോദിച്ചു. അപ്പോഴേക്കും അരുന്ധതിയും എണീറ്റവരുടെ അരികിലേക്ക് ന്നിരുന്നു. " എന്തുപറ്റി മോളെ ??? " " അതമ്മേ ചെറിയൊരാക്സിഡന്റ്. ഞാൻ പെട്ടന്ന് പേടിച്ചുപോയി. പിന്നിലേക്ക് മാറാൻ നോക്കിയപ്പോ കാല് വഴുതി വീണു. " " അയ്യോ എന്നിട്ട് വേറെഎന്തെങ്കിലും പറ്റിയോ ?? "

ആക്‌സിഡന്റ് എന്ന് കേട്ട വെപ്രാളത്തിൽ അരുന്ധതി ചോദിച്ചു. " ഒന്നുല്ലമ്മേ.... ഞാൻ ശ്രദ്ധിക്കാഞ്ഞിട്ടാ അവര് പാവം അത്യാവശ്യമായി ഏതോ ഹോസ്പിറ്റലിലേക്കൊ മറ്റോ പോവുകയായിരുന്നു. " അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. " ആഹ് നിലത്ത് നോക്കി നടക്കണം പെങ്കുട്ടികളായാൽ. ഇല്ലെങ്കിൽ ഇങ്ങനൊക്കെയിരിക്കും.... മാനത്ത് നോക്കിയല്ലേ നടപ്പ്.... " ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്ന നീരജ ഒരു പുച്ഛത്തോടെ പറഞ്ഞതും അവിടെയുണ്ടായിരുന്നവരൊക്കെ ദേഷ്യത്തോടെ അവരെ നോക്കി. " നീരജേ..... നീ തല്ക്കാലം നിന്റെ മോൾടെ കാര്യം മാത്രം നോക്കിയാ മതി. ചാരുന്റെ കാര്യം നോക്കാൻ അവളുടെ ഭർത്താവുണ്ടിവിടെ. പോരെങ്കിൽ ഞങ്ങളൊക്കെ ഉണ്ട്. " " ഓഹ് ഇപ്പൊ ഞാൻ പറഞ്ഞതാ കുറ്റം.... മരുമോളെന്ത് ചെയ്താലും ഏട്ടനത് നല്ലതാ. ആഹ് ഞാനിനിയൊന്നും പറയുന്നില്ല. " " ആഹ് തല്ക്കാലം നീ കൂടുതലൊന്നും പറയാൻ നിൽക്കണ്ട. നാളെത്തന്നെ പോകാൻ നോക്ക്.

വന്നിട്ട് ദിവസം കുറേ ആയല്ലോ..... " ദൃഡസ്വരത്തിൽ നരേന്ദ്രൻ പറഞ്ഞതും കുടിച്ചുകൊണ്ടിരുന്ന ചായ നെറുകയിൽ കേറിയിട്ടെന്നപോലെ നീരജയൊന്ന് ചുമച്ചു. " ഓഹോ അപ്പോ ഏട്ടനെന്നെ ഇവിടുന്നിറക്കി വിടുവാണല്ലേ... " " നിനക്കെങ്ങനെ വേണമെങ്കിലും കരുതാം. ഇവിടെ നിന്ന് ഈ കുടുംബത്തിന്റെ സമാധാനം കളയാതെ നീ മര്യാദക്ക് പോകാൻ നോക്ക്. " പറഞ്ഞിട്ട് നരേന്ദ്രൻ വീണ്ടും നോട്ടം കയ്യിലിരുന്ന പത്രത്തിലേക്ക് മാറ്റി. " ഓഹ് പുതിയ മരുമക്കളൊക്കെ വന്നപ്പോ ഏട്ടന് കൂടപ്പിറപ്പിനെയൊന്നും വേണ്ടാതായി.... ഞാനിനി നിങ്ങളുടേ കുടുംബം തകർക്കാനിവിടെ നിക്കുന്നില്ല ഞാൻ പോയേക്കാം. " പറഞ്ഞിട്ട് ചവിട്ടികുലുക്കി അകത്തേക്ക് പോയി. " മ്മ് മോള് ചെന്ന് ഈ വേഷമൊക്കെയൊന്നുമാറ്റ്... " നീരജ പോയുടൻ ചാരുവിനോടായി മൃദു പറഞ്ഞു. അവളും പതിയെ മുകളിലേക്ക് പോയി. " എന്താ കണ്ണാ നിനക്കൊരു വല്ലായ്മ പോലെ ??? " അവൾ പോയതും എന്തോ ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്ന സിദ്ധുവിനെ നോക്കി നരേന്ദ്രൻ ചോദിച്ചു.

" എനിക്കെന്തോ ഇത് വെറുമൊരു ആക്‌സിഡന്റ് ആയി തോന്നുന്നില്ലച്ഛാ.... ആ അലക്സ്‌.... അവന്റെ പക അങ്ങനെയൊന്നും ഇല്ലാതാകുന്നതല്ല. അതിന്റെ തെളിവാണല്ലോ എന്റച്ഛന്റെ ഈ അവസ്ഥ.... " നരേന്ദ്രന്റെ കൃത്രിമ കാലിലൊന്ന് തലോടിക്കൊണ്ട്‌ അത് പറയുമ്പോൾ അവന്റെ കൺകോണിലൊരുതുള്ളി കണ്ണീരുരുണ്ട് കൂടിയിരുന്നു. " ഏയ് ഇതങ്ങനെയൊന്നുമെല്ലെടാ.... അവൾ പറഞ്ഞില്ലേ അവൾ ശ്രദ്ധിക്കാതെ പറ്റിയതാണെന്ന്.... " അവനെ ആശ്വസിപ്പിച്ചുകൊണ്ട് അയാൾ പറഞ്ഞു. അതിന് മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും സിദ്ധുവിന്റെ ഉള്ളിലെ ആശങ്കകളൊന്നും അപ്പോഴും ഒഴിഞ്ഞിരുന്നില്ല. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 രാത്രി ചാരു മേല് കഴുകി വരുമ്പോ ബെഡിൽ ചാരിയിരിക്കുകയായിരുന്നു സിദ്ധു. " കണ്ണേട്ടനിതുവരെ അത് വിട്ടില്ലേ ??? " അവന്റെ അരികിലേക്ക് ഇരുന്നുകൊണ്ട് ചാരു ചോദിച്ചു.

" നീയെന്താ ചാരു ഇങ്ങനെ ??? റോഡിൽ കൂടൊക്കെ നടക്കുമ്പോ സൂക്ഷിക്കണ്ടേ..... എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ...." " അതിനൊന്നും പറ്റിയില്ലല്ലോ കണ്ണേട്ടാ... അത് പോട്ടെ ഇനിയതുമോർത്തിരിക്കണ്ട....." തന്നെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്ന് മാറിൽ ചുണ്ടമർത്തി അവൾ പറഞ്ഞു. " നീ സൂക്ഷിക്കണം ചാരു.... ശത്രുക്കൾ ഒന്നും രണ്ടുമൊന്നുമല്ല. പിന്നെ ആ അലക്സ്‌..... പാമ്പിന്റെ പകയാ അവന്. അന്നത്തെ ആ സംഭവത്തിന് ശേഷം പരസഹയമില്ലാതെ ഒന്നനങ്ങാൻ പോലും കഴിയില്ല അവന്റെ അനിയനിപ്പോഴും. അതിന്റെ പക അവനിപ്പോഴും എന്നോടുണ്ട്. അതുകൊണ്ടാ പറഞ്ഞത്.... " " വെറുതെ ഇങ്ങനെ ടെൻഷനാവല്ലേ കണ്ണേട്ടാ.... " " എങ്ങനെ ടെൻഷനാവാതിരിക്കും പെണ്ണേ.... ഒരനുഭവം മുന്നിലില്ലേ.

എന്റെ ശത്രുക്കളുടെ മുന്നിലേക്ക് ഇനി നിന്നെക്കൂടെ എറിഞ്ഞുകൊടുക്കാൻ വയ്യ മോളെയിനി.... " പറഞ്ഞുകൊണ്ട് അവളെ ചേർത്തുപിടിച്ച് നെറുകയിൽ മൂത്തുമ്പോൾ അവന്റെ സ്വരമിടറിയിരുന്നു. " വെറുതെയിരുന്ന് സെന്റിയടിക്കാതെ കിടക്ക് കണ്ണേട്ടാ.... എനിക്കുറക്കം വരുന്നു. " തന്നേ ചുറ്റിപ്പിടിച്ചുകൊണ്ട് തന്നെ ചിണുങ്ങുന്ന അവളെ നോക്കി ഒരു ചിരിയോടെ അവൻ പതിയെ ബെഡിലേക്ക് കിടന്നു. ആ നെഞ്ചോട് ചേർന്ന് തന്നെ ചാരും. പിറ്റേദിവസം രാവിലെ ഹാളിൽ ഇരുന്ന് പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്ന സിദ്ധുവിനുള്ള ചായയുമായി ചാരു അങ്ങോട്ട് വന്നതും പുറത്തൊരു കാർ വന്നുനിന്നതും ഒരുമിച്ചായിരുന്നു. അവരിരുവരും നോക്കിയിരിക്കെ തന്നെ ആ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും നിറഞ്ഞ പുഞ്ചിരിയോടെ ഒരു ചെറുപ്പക്കാരൻ പുറത്തേക്കിറങ്ങി. ആ മുഖം കണ്ടതും ചാരു അമ്പരന്ന് സിദ്ധുവിനെ നോക്കി. പക്ഷെ അവന്റെ മുഖത്തെ ഭാവം അവൾക്ക് തിരിച്ചറിയാൻ കഴിയുന്നതിനപ്പുറം മറ്റെന്തോ ആയിരുന്നു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story