കാവ്യമയൂരം: ഭാഗം 32

kavyamayooram

രചന: അഭിരാമി ആമി

" കണ്ണേട്ടാ ഇയാളാ ഇന്നലെ..... " അവന്റെ കയ്യിൽ പിടിച്ചുകൊണ്ട് ചാരു പറഞ്ഞുവെങ്കിലും അവന്റെ നോട്ടം മുറ്റത്ത് വന്നുനിന്ന ചെറുപ്പക്കാരനിൽ മാത്രമായിരുന്നു. " ഡാ സിദ്ധു..... നീയെന്താ ഇങ്ങനെ നോക്കുന്നേ നിനക്കെന്താ എന്നെ മനസ്സിലായില്ലേ ???? " ഓടിയുമ്മറത്തേക്ക് കയറി പിന്നിൽ കൈകെട്ടി നിൽക്കുകയായിരുന്ന സിദ്ധുവിനെ കെട്ടിപ്പിടിച്ചുകൊണ്ട് അവൻ ചോദിച്ചു. അവൻ കെട്ടിപിടിച്ചതും വല്ലാത്തൊരസ്വസ്തയോടെ സിദ്ധു മുഖം ചുളിച്ചു. അവന്റെ മുഖത്തേക്ക് തന്നെ നോക്കി അമ്പരന്ന് നിൽക്കുകയായിരുന്ന ചാരുവത് ശ്രദ്ധിക്കുകയും ചെയ്തു. " ഹലോ.... നമ്മളിന്നലെയൊന്ന് പരിചയപ്പെട്ടതാ അല്ലേ..... സത്യമായും അപ്പോ ഇയാള് ഇവന്റെ വൈഫാണെന്നെനിക്കറിയില്ലായിരുന്നു. ആഹ് സിദ്ധു ഇന്നലെ ശ്രീമതിക്കൊരു ആക്‌സിഡന്റ് പറ്റിയെന്ന് പറഞ്ഞൊ നിന്നോട് ???

പറഞ്ഞാലും ഇല്ലെങ്കിലും ആ സംഭവത്തിലെ വില്ലൻ ഞാനാ കേട്ടോ..... ഞങ്ങൾ ഒരു ഹോസ്പിറ്റൽ കേസുമായി പോകുവായിരുന്നു അപ്പോഴാ ഇയാൾ...... " സിദ്ധുവിനോടായി പറഞ്ഞിട്ട് ചാരുവിന്റെ നേരെ നോക്കി സംശയത്തോടെ അവനൊന്ന് നിർത്തി. " ചാരുശ്രീ...... " കാര്യം മനസ്സിലായത് പോലെ ചാരു പതിയെ പറഞ്ഞു. " നൈസ് നെയിം..... ഞാൻ വൈശാഖ്. ഞങ്ങൾ ഒരേ കോളേജിൽ ആയിരുന്നു. പഠിത്തമൊക്കെ കഴിഞ്ഞിട്ടിപ്പോഴാ ഒന്ന് കാണുന്നത് അല്ലെടാ.... " അവൻ ചിരിയോടെ ചോദിച്ചു പക്ഷേ അപ്പോഴും സിദ്ധുവിൽ മൗനം തന്നെയായിരുന്നു. " ആഹ് എന്റെ കൂടെ വേറൊരാളുടെ ഉണ്ട്..... ജോ...... " പറഞ്ഞിട്ട് കാറിന് നേർക്ക് നോക്കി അവൻ വിളിച്ചു. അത് കേൾക്കാനിരുന്നത് പോലെ ഡോർ തുറന്ന് ഒരു പെൺകുട്ടി പുറത്തേക്കിറങ്ങി. അവളെ കണ്ടപ്പോൾ ചാരു പരിചിത ഭാവത്തിൽ ഒന്ന് ചിരിച്ചു. അവൾ തിരിച്ചും.

" ഇത് ജ്യോതി.... എന്റെ വൈഫാണ്. " അരികിലേക്ക് വന്നവളെ ചേർത്ത് നിർത്തി വൈശാഖ് പറഞ്ഞത് കേട്ടപ്പോൾ സിദ്ധുവും പതിയെ ഒന്ന് ചിരിച്ചു. " അകത്തേക്ക് വാ രണ്ടാളും ഞാൻ ചായയെടുക്കാം...... " പറഞ്ഞിട്ട് ചാരു വേഗം അകത്തേക്ക് പോയി. " എന്താടാ സിദ്ധു നീയിപ്പോഴും പഴയതൊക്കെ ഓർത്തിരിക്കുവാണോ.... അതാണോ നീയിങ്ങനെ ഒന്നും മിണ്ടാതെ നിക്കുന്നേ ??? " അവൾ പോയതും ചോദിച്ചുകൊണ്ട് വൈശാഖ് സിദ്ധുവിനെ നോക്കി. " ഏയ്‌ ഞാൻ പെട്ടന്ന് നിങ്ങളെ കണ്ടതിന്റെ ഷോക്കിലങ്ങ് നിന്നതാ.... നിങ്ങള് വാ അകത്തേക്കിരിക്കാം. " പറഞ്ഞിട്ട് മുൻപേ സിദ്ധുവും പിന്നാലെ വൈശാകും ജ്യോതിയും കൂടി അകത്തേക്ക് നടന്നു. അപ്പോഴേക്കും അവിടെയുണ്ടായിരുന്നവരൊക്കെ ഹാളിലേക്ക് വന്നിരുന്നു. എല്ലാവരെയും പരിചയപ്പെട്ടുകൊണ്ടിരിക്കുമ്പോഴേക്കും എല്ലാവർക്കുമുള്ള ചായയുമായി ചാരുവും അങ്ങോട്ട് വന്നു.

എല്ലാവർക്കും ചായ കൊടുത്തിട്ട് സിദ്ധുവിന്റെ പിന്നിൽ വന്നുനിന്നവളെ അവൻ പിടിച്ചടുത്തിരുത്തുമ്പോൾ അവളുടെ മുഖമാകെ വിളറി വെളുത്തിരുന്നു. വൈശാഖാണെങ്കിൽ അത് നോക്കിയിരുന്നൊന്നൂറി ചിരിച്ചു. " അല്ല നിങ്ങളെന്താ പെട്ടന്നൊരു മുന്നറിയിപ്പ് പോലുമില്ലാതെ.... നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ ലീവിന് ട്രൈ ചെയ്തേനെല്ലോ.... " വല്യ താല്പര്യമൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഒരു ഔപചാരികതക്ക് വേണ്ടി മാത്രം സിദ്ധു ചോദിച്ചു. " ഏയ് അതൊന്നും വേണ്ടെടാ.... ഞങ്ങള് പെട്ടന്നിറങ്ങും. മാത്രമല്ല ഞങ്ങളിങ്ങോട്ടായിട്ട് വന്നതല്ല. ഇവിടെ വരെ വന്നപ്പോ നിന്നേക്കൂടൊന്ന് കണ്ടിട്ട് പോകാമെന്നു കരുതി. പിന്നെ നിന്റെ കല്യാണത്തിന് വന്നില്ലല്ലോ. അപ്പൊ നിന്റെ ശ്രീമതിയേക്കൂടിയൊന്ന് പരിചയപ്പെടാമല്ലോ. പക്ഷേ ഇവിടെ വന്നപ്പോൾ ശരിക്കും സർപ്രൈസായി. നിന്റെ ചാരുവിനെ കണ്ടപ്പോൾ. " ചിരിയോടെയായിരുന്നു വൈശാഖ് പറഞ്ഞുനിർത്തിയത്. " ഇനിയെന്തായാലും വന്നില്ലേ രണ്ട് ദിവസം നിന്നിട്ട് പോയാ മതി രണ്ടാളും. "

" അയ്യോ അത് പറ്റില്ലങ്കിൾ.... എനിക്കിന്ന് തന്നെ മടങ്ങണം. നാളെ ജോലിക്ക് ജോയിൻ ചെയ്യണം. അതിന് മുൻപ് നല്ലൊരു ഹോസ്റ്റൽ കണ്ടുപിടിച്ച് ഇവളെയൊന്ന് സെറ്റിലാക്കണം. ഇവൾക്കിവിടൊരു ജോലി റെഡിയായിട്ടുണ്ട്. " വൈശാഖ് ചിരിയോടെ പറഞ്ഞു. " ആഹാ അതുശരി അപ്പൊ ജ്യോതിമോളിനി കുറച്ചുനാളിവിടെ കാണുമല്ലോ..... അല്ല ഇവിടെ ഞങ്ങളൊക്കെ ഉള്ളപ്പോ എന്തിനാ ഹോസ്റ്റലൊക്കെ ??? മോൾക്കിവിടെ നിന്നൂടെ ??? " അരുന്ധതി ചോദിച്ചു. " അതെയതെ..... പരിചയമില്ലാത്ത സ്ഥലത്ത് ഒറ്റക്ക് ഹോസ്റ്റലിലൊന്നുമാക്കി പോകണ്ട വൈശാഖ്.... ഇവിടാകുമ്പോൾ കൂട്ടിന് മൃദുവും ചാരുവുമൊക്കെ ഉണ്ടല്ലോ.... " അരുന്ധതിയുടെ അഭിപ്രായം ശെരി വച്ചുകൊണ്ട് മേനോനും പറഞ്ഞു. " അയ്യോ അതൊന്നും വേണ്ടങ്കിൾ.... അതൊക്കെ പിന്നീടൊരു ബുദ്ധിമുട്ടാകും. ഇവൾക്കും പോകാനും വരാനുമൊക്കെ സൗകര്യം ഹോസ്റ്റൽ തന്നെയാകും. "

" അതൊന്നും സാരമില്ലെന്നേ ഇവിടെ ആരെങ്കിലും കൊണ്ടുവിട്ടോളും. അതൊന്നുമോർത്ത് മോൻ വിഷമിക്കണ്ട അല്ലേ മോനേ.... " " ആഹ് അതേ.... ഇവിടെത്തന്നെ നിക്കട്ടെ. " തന്റെ നേർക്ക് നോക്കി അരുന്ധതി ചോദിച്ചതും സിദ്ധു ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു. " എങ്കിൽപ്പിന്നേ.... " " ഇനി ആലോചിക്കാനൊന്നുല്ല ജ്യോതിമോളിവിടെത്തന്നെ നിക്കട്ടെ. " എന്തോ പറയാൻ വന്ന വൈശാഖിനെ തടഞ്ഞുകൊണ്ട് അരുന്ധതി പറഞ്ഞു. അത് സമ്മതമെന്നപോലെ വൈശാഖനും ജ്യോതിയും പരസ്പരം നോക്കി ചിരിച്ചു. " കണ്ണേട്ടാ.... " തങ്ങളുടെ റൂമിലെ സോഫയിൽ എന്തോ ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്ന സിദ്ധുവിന്റെ അരികിലേക്ക് വന്നുകൊണ്ട് ചാരു വിളിച്ചു. " എന്താടീ..... " " അല്ല ജ്യോതി ഇവിടെ നിൽക്കുന്നതിൽ കണ്ണേട്ടനെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ??? " അവന്റെ മുഖത്തേക്ക് ശ്രദ്ധിച്ചുകൊണ്ട് അവൾ ചോദിച്ചു.

" എനിക്കതത്ര താല്പര്യമില്ല.... പിന്നെ അച്ഛനുമമ്മയും പറഞ്ഞോണ്ടാ ഞാനൊന്നും മിണ്ടാൻ പോകാഞ്ഞത്..... " അനിഷ്ടത്തോടെ തന്നെ അവൻ പറഞ്ഞു. " അതെന്താ അവളോട് കണ്ണേട്ടനിഷ്ടക്കുറവ്. കണ്ണേട്ടന്റെ ഫ്രണ്ടിന്റെ വൈഫല്ലേ.... ആ കുട്ടി കൂടിവിടെ നിന്നാൽ എന്താ പ്രശ്നം ??? " പിന്നെയും സംശയം തീരാതെ അവൾ ചോദിച്ചു. " ആ ഫ്രണ്ടൊക്കെ തന്നെ. പക്ഷേ ഇതിന്റെയൊന്നും ആവശ്യമുണ്ടെന്നെനിക്ക് തോന്നിയില്ല. അത്ര തന്നെ. " " അതല്ലല്ലോ കാര്യം എന്താ മോനേ ഒരു വെപ്രാളം ??? " അവന്റെ അടുത്തേക്കിരുന്ന് ചിരിയോടെ അവൾ ചോദിച്ചു. " നിനക്കിപ്പോ എന്താ ചാരു വേണ്ടത് ??? മനുഷ്യനിവിടെ തലക്ക് ഭ്രാന്തെടുത്തിരിക്കുവാ. അപ്പോഴാ അവൾടെയൊരു.... നിനക്കെന്താ എന്നേയൊരു കോമാളിയായി തോന്നുന്നുണ്ടോ ??? എന്റെ മനസ്സിലുള്ളതെല്ലാം നിനക്കറിയണോ ???

എല്ലാം നിന്നോട് പറയാൻ മനസ്സില്ലെനിക്ക്.... അങ്ങനെ പറയാൻ ആരാടി നീ..... " ഒരു പൊട്ടിത്തെറിയോടെ അവൻ ചോദിച്ചു. പെട്ടന്നുള്ള അവന്റെയാ ഭാവമാറ്റം കണ്ട് അമ്പരന്ന് പോയ ചാരുവൊരുനിമിഷം തറഞ്ഞിരുന്നു. ഉള്ളിലെവിടെയോ ഒരു നൊമ്പരമുടലെടുക്കുന്നതവളറിഞ്ഞു. " കണ്ണേട്ടാ ഞാൻ.... വെറുതേ..... " അവളുടെ വാക്കുകൾ പാതിയിൽ മുറിഞ്ഞു. മിഴികൾ നിറഞ്ഞൊഴുകി. അധരങ്ങൾ വിതുമ്പി. ആരാടീ നീയെന്നുള്ള അവന്റെ ചോദ്യം ഹൃദയത്തിലുടക്കി വലിച്ചതും വിതുമ്പലടക്കി അവൾ പറഞ്ഞു. " സോറീ.... ഞാൻ വെറുതേ ഒരു തമാശക്ക്. ഇനി ഞാൻ ഇങ്ങനൊന്നും..... അല്ലെങ്കിലും..... ഞാൻ.... ഞാനാരുമല്ല... " അത്രയുമായപ്പോഴേക്കും പൊട്ടികരഞ്ഞുപോയ അവളെണീറ്റ് പുറത്തേക്ക് പോയി. " ചാരു.... " സിദ്ധു വിളിച്ചെങ്കിലും അവളതൊന്നും കേട്ടിരുന്നില്ല. " ഛെ..... "

അവൻ അസ്വസ്ഥതയോടെ മുഷ്ടി ചുരുട്ടി സോഫയുടെ കൈവരിയിലിടിച്ചു. വൈശാകും ജ്യോതിയും അപ്പോൾ തിരികെപ്പോയെങ്കിലും ഉച്ചയോടെ അവളുടെ ബാഗും മറ്റുമൊക്കെയായി തിരികെയെത്തിയിരുന്നു. ഉച്ചക്ക് എല്ലാവരും ഒരുമിച്ചിരുന്ന് ഊണ് കഴിക്കുമ്പോഴും ചാരുവിന്റെ മുഖം മങ്ങി തന്നെയിരുന്നിരുന്നു. മാത്രമല്ല എല്ലാവരും ഒരുപാട് നിർബന്ധിച്ചിട്ടും എല്ലാർക്കുമൊപ്പമിരുന്ന് കഴിക്കാനുമവൾ തയ്യാറായില്ല. അതൊക്കെ സിദ്ധു ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു. അതവനിലും അസ്വസ്ഥത നിറച്ചിരുന്നു. അതുകൊണ്ട് തന്നെ അവനും ഒന്നും കഴിക്കാൻ തോന്നുന്നുണ്ടായിരുന്നില്ല. പിന്നെ ആരെയോ ബോധിപ്പിക്കാനെന്നപോലെ വെറുതേ പ്ളേറ്റിൽ കയ്യിട്ടിളക്കിക്കൊണ്ടിരുന്നു. " എന്നാപ്പിന്നെ ഞാനിറങ്ങട്ടെ അങ്കിൾ..... നാളെ ഓഫീസിൽ ജോയിൻ ചെയ്യണം. "

നാലുമണിയോടെ തിരികെപ്പോകാനിറങ്ങുമ്പോൾ നരേന്ദ്രനോടായി വൈശാഖ് പറഞ്ഞു. അദ്ദേഹം സമ്മതഭാവത്തിൽ തലയനക്കി പുഞ്ചിരിച്ചു. " ഞാൻ വീക്കെൻഡിൽ വന്നോളാം.... " ജ്യോതിയെ ചേർത്തുപിടിച്ച് നെറുകയിൽ ചുണ്ടമർത്തിക്കൊണ്ട്‌ അവൻ പറഞ്ഞു., പിന്നെ എല്ലാവരോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞ് കാറിലേക്ക് കയറി ഓടിച്ചുപോയി. ജ്യോതി പെട്ടന്ന് തനിക്ക് നൽകിയ മുറിയിലേക്കും പോയി. " പാവം ഒറ്റക്ക് പരിചയമില്ലാത്തൊരിടത്ത് പെട്ടുപോയതിന്റെ വിഷമം കാണും. " അകത്തേക്ക് പോയവളെ നോക്കി അരുന്ധതി പറഞ്ഞു. " അതൊക്കെ പെട്ടന്ന് മാറിക്കോളും.... പിന്നെ മൃദുവും ചാരുവുമൊക്കെ ഉള്ളോണ്ട് ഒറ്റപ്പെട്ടുപോയെന്നും തോന്നില്ല. " നരേന്ദ്രനും പറഞ്ഞു. രാത്രി സിദ്ധുവേറെ നേരം കാത്തിരുന്ന ശേഷമായിരുന്നു ചാരു റൂമിലേക്ക് വന്നത്. വന്നപാടെ ബെഡിലിരിക്കുകയായിരുന്ന സിദ്ധുവിനെയൊന്ന് ശ്രദ്ധിക്കുകപോലും ചെയ്യാതെ ലൈറ്റണച്ചവൾ ബെഡിലവനെതിർവശം തിരിഞ്ഞുകിടന്നു. " ചാരു.... "

ലൈറ്റ് ഓൺ ചെയ്ത് കുറച്ചുസമയം അവളുടെ ഭാഗത്തേക്ക്‌ തന്നെ നോക്കിയിരുന്നിട്ട് അവൻ വിളിച്ചു. " കണ്ണേട്ടൻ കിടക്കാൻ നോക്ക് നാളെ ഓഫീസിൽ പോണ്ടേ.... " അവൾ പറഞ്ഞു. പിന്നെ പുതപ്പ് വലിച്ച് തലവഴി മൂടി. " ഇന്നെന്താ നിനക്കുറങ്ങാൻ ഇത്ര ധൃതി ??? കാര്യം പറഞ്ഞിട്ടുറങ്ങിയാ മതി. ആഹാരം പോലും കഴിക്കാതെ ഇത്രയേറെ പ്രതിഷേതിക്കാൻ മാത്രം എന്തുണ്ടായി ??? " ഒരു കയ്യിൽ പിടിച്ചവളെ എണീപ്പിച്ചുകൊണ്ട് അല്പം ദേഷ്യത്തിൽ തന്നെയായിരുന്നു അവന്റെ ചോദ്യം. " കണ്ണേട്ടനെന്താ ഇപ്പൊ വേണ്ടേ..... ആരോടെങ്കിലും ദേഷ്യമുണ്ടെന്നോ പ്രതിഷേധമുണ്ടെന്നോ ഞാൻ പറഞ്ഞൊ ???? ഞാനിനി വല്ലതും പറഞ്ഞിട്ട് കണ്ണേട്ടന്റെ മനസമാധാനം പോകണ്ട. എന്റെ ഉള്ളിലുള്ളതവിടെത്തന്നെ ഇരുന്നോട്ടെ... " പറഞ്ഞതും അവന്റെ കൈകൾ തട്ടിയെറിഞ്ഞവൾ ബെഡിലേക്ക് തന്നെ കിടന്നു. ആ വാക്കുകൾ കേൾക്കെ അവന്റെ മുഖം വാടി. പെട്ടന്നുള്ള ദേഷ്യത്തിൽ പറഞ്ഞുപോയതവളെ ഇത്രയേറെ വേദനിപ്പിക്കുമെന്ന് കരുതിയതേയില്ലല്ലോ. " ചാരു.... "

കുറച്ചുസമയം മൗനമായിരുന്നിട്ട് പതിയെ അവൻ വിളിച്ചു. " ഞാനപ്പഴെന്തോ ടെൻഷനിൽ.... പോട്ടെടാ.... അതിനിനിയുമിങ്ങനെ വിഷമിക്കല്ലേ നീ.... " " എനിക്കൊരു വിഷമോമില്ല.... " തിരിഞ്ഞുനോക്കാതെ തന്നെ അവൾ പറഞ്ഞു. പക്ഷേ ആ സ്വരം കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. അതവൻ തിരിച്ചറിയുകയും ചെയ്തു. " എന്നാ അതെന്റെ മുഖത്ത് നോക്കിയൊന്ന് പറഞ്ഞേ... " വീണ്ടുമവളെ പിടിച്ചുപൊക്കിക്കൊണ്ട്‌ അവൻ ചോദിച്ചു. പക്ഷേ എണീറ്റതും അവളവനെ ഇറുകെപ്പുണർന്ന് ആ മാറിലേക്ക് മുഖം പൂഴ്ത്തിയിരുന്നു. " ചാരൂ.... " " ഇനി.... ഇനിയെന്നോടിങ്ങനെ ദേഷ്യപ്പെടല്ലേ കണ്ണേട്ടാ.... നിക്ക്.... നിക്ക് സഹിക്കില്ല.... ദേഷ്യം വന്നാൽ ഒന്ന് തല്ലിയാലും വേണ്ടില്ല.... ഇങ്ങനെ..... ഇങ്ങനെ ദേഷ്യപ്പെടല്ലേ..... " അവനെ വരിഞ്ഞുമുറുക്കി പൊട്ടിക്കരഞ്ഞുകൊണ്ടവൾ പറഞ്ഞു. അതുകേട്ടിരിക്കെ സിദ്ധുവിന്റെ കൈകളും അവളിൽ മുറുകി. " പോട്ടെടാ അപ്പോഴത്തേ ദേഷ്യത്തിൽ പറഞ്ഞുപോയതാ..... ഇനിയും നീയിങ്ങനെ കരയല്ലേ.... " അവളുടെ മുടിയിഴകളെ തലോടി നെറുകയിൽ ചുംബിച്ചുകൊണ്ട് അവൻ പറഞ്ഞു.

അപ്പോഴും അവളിൽ നിന്ന് നേർത്ത ഏങ്ങലുകളുയരുന്നുണ്ടായിരുന്നു. " ചാരൂ..... " കുറേസമയം അങ്ങനെയിരുന്നൊടുവിൽ അവളിൽ നിന്നും അനക്കമൊന്നും കേൾക്കുന്നില്ലെന്ന് തോന്നിയപ്പോൾ സിദ്ധു പതിയെ വിളിച്ചു. പക്ഷേ അപ്പോഴേക്കും അവൾ നല്ല ഉറക്കത്തിലായിരുന്നു. തന്റെ മാറിൽ ചാഞ്ഞിരുന്നൊരു പൂച്ചക്കുഞ്ഞിനെപ്പോലെ ഉറങ്ങുന്നവളെ നോക്കിയിരിക്കുമ്പോൾ അവന്റെ ചുണ്ടുകളിലൊരു നേർത്ത പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു. " ക്.... ക... കണ്ണേട്ടാ.... " സിദ്ധുവവളേ ബെഡിലേക്ക് കിടത്തുമ്പോൾ അവന്റെ കയ്യിൽ പിടിച്ചുകൊണ്ട് ഉറക്കത്തിലവൾ വിളിച്ചു. അതുകണ്ട് ചിരിയോടെ സിദ്ധുവും അവളുടെ അരികിലേക്ക് കിടന്നു. " ന്നേ.... വഴക്ക് പറേല്ലേ കണ്ണേട്ടാ.... " അപ്പോഴും അവളുടെ അധരങ്ങൾ മന്ത്രിച്ചു. പെട്ടന്ന് സിദ്ധുവളെ തന്നോട് ചേർത്തുകിടത്തി ഇറുകെ പുണർന്നു.

ഉറക്കത്തിലെങ്കിലും തന്റെ പാതിയെ അറിഞ്ഞത് പോലെ അവളിലൊരു പുഞ്ചിരി വിടർന്നു. ഫോൺ ബെല്ലടിക്കുന്നത് കേട്ടായിരുന്നു ഉറങ്ങിക്കിടന്നിരുന്ന ജ്യോതി കണ്ണ് തുറന്നത്. വേഗം തന്നെ ഫോണെടുത്ത് കാതിൽ ചേർത്തു. " നീയുറങ്ങിയിരുന്നോ ??? " " മ്മ്ഹ്ഹ്..... ഇന്നിനി വിളിക്കില്ലെന്ന് കരുതി.... " " മ്മ്ഹ്ഹ്.... എങ്ങനെയുണ്ട് താമസമൊക്കെ ??? " " കുഴപ്പമില്ല... " " അവിടെ ഉണ്ടുറങ്ങി സുഖിക്കാനല്ല നാടകം കളിച്ച് നിന്നെയവിടെ കയറ്റിയത് എന്ന ഓർമ വേണം. സിദ്ധുവിന്റെയും അവന്റെ ഭാര്യയുടെയും നീക്കങ്ങളെല്ലാം എനിക്കറിയണം. മനസ്സിലായല്ലോ.... " " മ്മ് ആയി... " " എല്ലാം മറന്നവന്റെ നല്ല സുഹൃത്തായാ ഞാൻ വന്നിരിക്കുന്നതെന്നാ അവന്റെ ധാരണ.... പക്ഷേ അങ്ങനൊന്നും മറക്കുന്നവനല്ല ഈ വൈശാഖ് എന്നവനറിയും. തകർത്തെറിയും അവന്റെ സകലതും ഞാൻ.... ചാരുശ്രീയെന്ന അവന്റെ പെണ്ണ്..... അവളെന്റെ കയ്യിൽ കിടന്നുപിടയും.... അവളെ കണ്ടപ്പോൾ അവൻ മറന്നുപോയൊരുവാക്കുണ്ട്.....ഈ വൈശാകിന് നൽകിയ വാക്ക്.... അതിനുള്ള ശിക്ഷ സിദ്ധാർഥ് അനുഭവിച്ചേ മതിയാകൂ....".... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story