കാവ്യമയൂരം: ഭാഗം 33

kavyamayooram

രചന: അഭിരാമി ആമി

രാവിലെ ചാരുവുണരുമ്പോൾ സിദ്ധു കുളികഴിഞ്ഞുവന്ന് കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീവുകയായിരുന്നു. " കണ്ണേട്ടൻ നേരത്തെ എണീറ്റോ....??? " ബെഡിൽ എണീറ്റിരുന്ന് മുടിയിഴകൾ ഒന്നിച്ച് ചേർത്ത് ക്ലിപ്പ് ഇട്ടുകൊണ്ട് ചാരു ചോദിച്ചു. " പിന്നെ നിന്നെപ്പോലെ ഉച്ചവരെ കിടന്നുറങ്ങുവല്ലേ...... എണീറ്റുപോയി കുളിയെടി ചീവീടെ. നാറീട്ട് പാടില്ല.... " കണ്ണാടിയിലൂടവളെ നോക്കി പുച്ഛം വാരി വിതറിക്കൊണ്ടവൻ പറഞ്ഞു. അത് കണ്ടതും ചാരുവിന്റെ മിഴികൾ തുറിച്ചു.... ചുണ്ടുകൾ കൂർത്തു. " ഇന്നലെ രാത്രിയെന്തേ സാറിന് നാറ്റം വന്നില്ലാരുന്നോ....?? " മുഖം ചുളുക്കിക്കൊണ്ടവൾ പറഞ്ഞതും സിദ്ധു ചമ്മലോടവളെ നോക്കിയൊന്നിളിച്ചുകാട്ടി. " അതുപിന്നെ ചില പ്രത്യേകസന്ദർഭങ്ങളിൽ നമ്മളെന്തും സഹിച്ചെന്ന് വരും..... " ഷർട്ടിന്റെ കൈ മടക്കി വച്ചുകൊണ്ട് ഒരു കുസൃതിച്ചിരിയോടെ അവൻ പറഞ്ഞു. അതുകൂടി കേട്ടതും ചാരു ചാടിത്തുള്ളി ബെഡിൽ നിന്നും എണീറ്റു. എന്നിട്ടോടിവന്നവനെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു. സിദ്ധുവെന്തെങ്കിലും ചോദിക്കും മുൻപേ പെരുവിരലിൽ ഉയർന്നുനിന്നവന്റെ ചുണ്ടുകളിലമർത്തി ചുംബിച്ചു.

" അങ്ങനെയാണെങ്കിലേ ഇതൂടെ സഹിച്ചോട്ടാ..... " പറഞ്ഞിട്ട് ഒരങ്കം കഴിഞ്ഞ മട്ടിൽ കൈകൾ കൂട്ടിത്തിരുമ്മി പുച്ഛം വാരി വിതറിയിട്ട് അവൾ തിരിഞ്ഞ് പോകാനൊരുങ്ങി. പക്ഷേ അതിന് മുന്നേ ഇടുപ്പിൽ പിടിവീണിരുന്നു. " അങ്ങനങ്ങ് പോയാലോ.... കാലത്തെ എന്നേ ഇളക്കിവിട്ടിട്ട് എന്റെ മോളെങ്ങോട്ടാ ഈ ഓടുന്നേ...??? " അവളെ തനിക്ക് നേരെ തിരിച്ചുനിർത്തി ആ മിഴികളിലേക്ക് നോക്കിയവൻ ചോദിച്ചു. " വിട്ടേ എന്നേ അമ്മ തിരക്കും.... " ഇനിയവിടെ നിന്നാൽ പന്തിയല്ലെന്ന് തോന്നിയപ്പോൾ വെപ്രാളത്തോടെ അവൾ പറഞ്ഞു. എന്നിട്ടും സിദ്ധുവിന്റെ കൈകൾക്കൊട്ടും തന്നെ അയവ് വന്നിരുന്നില്ല. അവനൊരു കുസൃതിയോടവളുടെ മിഴികളിലേക്ക് തന്നെ നോക്കിനിന്നു. അവയാണെങ്കിൽ അവന്റെ നോട്ടത്തെ നേരിടാൻ കഴിയാതെ ചുറ്റുപാടും പതറിയോടിക്കൊണ്ടിരുന്നു. ഒപ്പം തന്നെ അവളുടെ നിശ്വാസത്തിന്റെ വേഗവുമേറിക്കൊണ്ടിരുന്നു. അതിന്റെ ഫലമായി അവളുടെ മാറിടത്തിന്റെ ഉയർച്ച താഴ്ചകൾ അതിവേഗത്തിലായി.

മൂക്കിൻ തുമ്പിലും കഴുത്തടിയിലുമെല്ലാം വിയർപ്പുമണികളുരുണ്ടുകൂടി. തൊണ്ടയിൽ കൂടി ഉമിനീരിറങ്ങുമ്പോൾ അവിടം തുടിച്ചുനിന്നു. " ഞാനടുത്തുവരുമ്പോൾ ഇത്രയൊക്കെ വെപ്രാളം വരുന്ന എന്റെ മോളെന്നെ വെല്ലുവിളിക്കാൻ നിൽക്കേണ്ട വല്ല കാര്യോമുണ്ടോ....??? " അവളുടെ ചെവിക്ക് മുന്നിലും നെറ്റിത്തടത്തിലുമൊക്കെ വീണുകിടന്ന നീളം കുറഞ്ഞ മുടിയിഴകളെ പിന്നിലേക്കൊതുക്കി ആ തുടുത്ത അധരങ്ങളിലൂടെ വിരലോടിച്ചുകൊണ്ട് നേർത്ത സ്വരത്തിൽ അവൻ ചോദിച്ചു. പക്ഷേ ചാരു തിരിച്ചൊരക്ഷരം പോലും മിണ്ടുന്നുണ്ടായിരുന്നില്ല. അവളുടെയാ നിൽപ്പ് കണ്ട് സിദ്ധു വെറുതേ പുഞ്ചിരിച്ചു. പിന്നെ പതിയെ കുനിഞ്ഞവളുടെ അധരങ്ങളെ മെല്ലെ നുകർന്നു. ഓരോ തവണ അവനാ അധരങ്ങളെ നുണയുമ്പോഴും വിറച്ചുകൊണ്ടാപ്പെണ്ണവനോട്‌ കൂടുതൽ ചേർന്നു. അവളുടെ നനുത്ത വിരലുകൾ അവന്റെ പുറത്ത് നഖക്ഷതങ്ങൾ തീർത്തു. പക്ഷേ സിദ്ധുവതൊന്നുമറിയുന്നത് പോലുമുണ്ടായിരുന്നില്ല.

അവന്റെ വിരലുകൾ അവളിലൂടെന്തോ തേടിയലഞ്ഞുകൊണ്ടേയിരുന്നു. അധരങ്ങൾ പരസ്പരം മത്സരിക്കുന്നതിനൊപ്പം ഇരുവരുടെയും ശ്വാസഗതിയുമേറിക്കൊണ്ടിരുന്നു. ഒടുവിൽ ശ്വാസം കിട്ടാതെ പിടഞ്ഞ ചാരുവിന്റെ കൈകൾ വെപ്രാളത്തോടവന്റെ പുറത്ത് പരതിത്തുടങ്ങിയപ്പോൾ കിതപ്പോടെ സിദ്ധുവവളുടെ അധരങ്ങളെ മോചിപ്പിച്ചു. അപ്പോഴേക്കും തളർന്ന് പോയിരുന്ന അവളവനെ ചുറ്റിപ്പിടിച്ച് ആ നെഞ്ചിലേക്ക് തന്നെ വീണു. അവന്റെകൈകളുമാവളെ ചേർത്തുപിടിച്ച് മുടിയിലൂടെ തലോടി. " happy birthday..... " കുറച്ചുസമയത്തിന് ശേഷം അവളിലെ കിതപ്പടങ്ങിയപ്പോൾ ആ നെറുകയിൽ ചുംബിച്ചുകൊണ്ട് സിദ്ധു പറഞ്ഞു. വളരെ നേർത്ത സ്വരത്തിൽ അവളുടെ കാതോരം..... അത് കേട്ടതും ചാരു പെട്ടന്ന് മുഖമുയർത്തി അവന്റെ മുഖത്തേക്ക് നോക്കി. ആ മുഖത്തും മിഴികളിലും വല്ലാത്തൊരു തിളക്കം. " എന്താടീ ഇങ്ങനൊരു നോട്ടം....??? " സിദ്ധു ചിരിയോടെ ചോദിച്ചു. " അല്ല നമ്മുടെ മാര്യേജ് കഴിഞ്ഞുള്ള ആദ്യത്തെ പിറന്നാളാണ്. എന്നിട്ടും കണ്ണേട്ടനോർമയുണ്ടല്ലോ.... "

" നീ പിന്നെന്നേക്കുറിച്ചെന്താടി ചീവീടെ വിചാരിച്ചത്..... ഇതൊക്കെയെന്ത്.... ഇനിയുമുണ്ട് സർപ്രൈസ് വേറെ. " അവൻ ചിരിയോടെ പറഞ്ഞു. " ഏഹ് ഇനിയെന്താ.....???? " " ആഹ് അതൊക്കെ പറയാം ഇപ്പൊ തല്ക്കാലം എന്റെ പൊന്നുമോള് ചെന്ന് കുളിച്ചിട്ട് വാ. " പറഞ്ഞുകൊണ്ടവനവളെ ബാത്‌റൂമിലേക്ക് തള്ളിവിട്ടു. അവൾ കുളി കഴിഞ്ഞ് വരുമ്പോൾ മുറിയിൽ സിദ്ധു ഉണ്ടായിരുന്നില്ല. പകരം ബെഡിൽ ഒരു കവർ ഇരിക്കുന്നുണ്ടായിരുന്നു. അവളാകാംഷയോടെ അതെടുത്തുതുറന്നു. മയിൽപ്പീലി നിറത്തിൽ സ്റ്റോൺ വർക്ക്‌ ഒക്കെ ചെയ്തൊരു സാരിയായിരുന്നു അത്. " നിക്കുന്ന നിൽപ്പിൽ സാരി വാങ്ങിക്കൊണ്ട്‌ വന്നുടുക്കാൻ പറഞ്ഞാൽ ഉടുക്കാൻ ഇതെന്തോന്ന് സീരിയലാണോ...... ഇതിന് ബ്ലൗസ് വേണ്ടേ..... " മുഖം ചുളുക്കിപറഞ്ഞുകൊണ്ട് അവളാ സാരിയുടെ മടക്ക് നിവർത്തുമ്പോൾ അതിനുള്ളിൽ തന്നെ അതിന്റെ ബ്ലൗസും മടക്കിവച്ചിരുന്നു. " ഏഹ്.... അതിനിടയിൽ ബ്ലൗസും തൈച്ചോ.... " ചിരിയോടെ അവളോർത്തു.

പിന്നെ വേഗം തന്നെ ആ സാരിയുടുത്ത് റെഡിയായി താഴേക്ക് ചെന്നു. താഴെ അവളേ കാത്തിട്ടെന്നപോലെ എല്ലാവരും ഉണ്ടായിരുന്നു. " ഇപ്പൊ എങ്ങനുണ്ട് മനുഷ്യ നിങ്ങളല്ലേ പറഞ്ഞെ അവളറിയാതെ തയ്ച്ച ബ്ലൗസ് ശരിയാകുമോന്ന് കണ്ടറിയാമെന്ന്. ഇപ്പൊ എങ്ങനുണ്ട്...??? " മൃദു സഞ്ജയ് ടെ കയ്യിൽ നുള്ളിക്കൊണ്ട് ചോദിച്ചു " ഉവ്വേ നിന്റെ ഫുത്തി വിമാനം തന്നെ പോരെ..... " അവൻ കളിയാക്കി. ചാരു നേരെ വന്ന് നരേന്ദ്രന്റെ കാല് തൊട്ടുതൊഴുതു. " നന്നായി വരട്ടേ മോളെ.... " അവളുടെ നെറുകയിൽ കൈ വച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. പിന്നാലെ അരുന്ധതിയുടെയും അനുഗ്രഹം വാങ്ങി സഞ്ജയ്ടെയും മൃദുവിന്റെയും അരികിലെത്തി അവന്റെ കാൽക്കലേക്ക് കുനിയാൻ തുടങ്ങും മുന്നേ അവനവളെ തടഞ്ഞുകൊണ്ട് ചേർത്തുപിടിച്ചു. " happy birthday മോളെ.... " അവളുടെ മുടിയിലൂടെ തലോടി അവൻ പറഞ്ഞു. " താങ്ക്സ് ഏട്ടാ.... " മൃദുവും അവളേ ചേർത്തുപിടിച്ച് കവിളിൽ ചുംബിച്ചു. " എന്നാപ്പിന്നെ നിങ്ങള് രണ്ടാളും അമ്പലത്തിൽ ചെന്ന് തൊഴുതുവാ. ജന്മദിനമായിട്ട് ഭാഗവാനെ ചെന്ന് കാണ്.... " അരുന്ധതിയായിരുന്നു.

അതോടെ സിദ്ധുവും ചാരുവും പുറത്തേക്ക് നടന്നു. " ഇതെപ്പോ ബ്ലൗസ് ഒക്കെ ഒപ്പിച്ചു. ??? " കാറിൽ അവനരികിൽ ഇരിക്കുമ്പോൾ ചാരു ചോദിച്ചു. " ബ്ലൗസിന്റെ ക്രെഡിറ്റ്‌ ഏട്ടത്തിക്കാ. നിന്റെ ബ്ലൗസ് അടിച്ചുമാറ്റി സ്റ്റിച് ചെയ്യാൻ കൊടുത്തതൊക്കെ ഏട്ടത്തിയാ.... " അവൻ ചിരിയോടെ പറഞ്ഞു. " സാരി ഇഷ്ടായോ....???. " " ഒത്തിരി..... " അവന്റെ ചുമലിലേക്ക് ചാഞ്ഞുകൊണ്ട് അവൾ പറഞ്ഞു. അവർ കുടുംബക്ഷേത്രത്തിലെത്തി തൊഴുതിറങ്ങുമ്പോൾ ആയിരുന്നു അടുത്തുള്ള നാഗക്കാവിൽ കൂടിയൊന്ന് പോയാലോന്ന് ചാരു ചോദിച്ചത്. സിദ്ധുവിനും അതിൽ സമ്മതക്കുറവൊന്നുമില്ലായിരുന്നത് കൊണ്ടുതന്നെ അവൻ വണ്ടിയങ്ങോട്ട് വിട്ടു. കാവിലേക്കുള്ള ചെറിയ മതിൽക്കെട്ട് കടന്നകത്തേക്ക് കയറുന്നിടം മുതൽ ചെറിയ ചെറിയ നാഗവിഗ്രഹങ്ങൾ മഞ്ഞളിലാറാടി നിലകൊണ്ടിരുന്നു. ഉള്ളിലേക്ക് കയറിയാൽ ആകാശം കാണാത്തവിധം വൻവൃക്ഷങ്ങൾ അതിനുള്ളിൽ പടർന്നുപന്തലിച്ചിരുന്നു. അവയുടെ കനത്ത വേരുകൾ ഉള്ളിലേക്കുള്ള വഴിയേ ഇരുവശവും നിലകൊണ്ടിരുന്നു പ്രതിഷ്ഠകളിൽ നിന്നും വേർതിരിച്ചിരുന്നു.

നടക്കുന്നത്തിനൊപ്പം പ്രകൃതിയുടെ ആ തരംതിരിക്കലിനെ അത്ഭുതത്തോടെ കാണുകയായിരുന്നു ചാരു. വിഗ്രഹങ്ങൾക്ക് മുകളിലും വഴികളിലുമൊക്കെയായി അരളിപ്പൂക്കൾ വീണുകിടന്നിരുന്നു. മരത്തിന് മുകളിലെവിടെയോ ഇരുന്ന് പലതരം പക്ഷികൾ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. ഉള്ളിലേക്ക് നടക്കും തോറും വല്ലാത്തൊരു കുളിർമ ശരീരത്തിൽ പടരുന്നതവരറിഞ്ഞു. കുറച്ചുകൂടി ചെന്നപ്പോൾ ഒരു ചെറിയ കുളം ഉണ്ടായിരുന്നു. അതിനെ ചുറ്റിവരിഞ്ഞ് ഫണം വിടർത്തി ഒരു വലിയനാഗത്തിന്റെ പ്രതിമ നിലകൊണ്ടിരുന്നു. അതും കടന്ന് ചെല്ലുമ്പോൾ ഉള്ള നാഗരാജാവിന്റെയും നാഗയക്ഷിയുടെയും വിഗ്രഹങ്ങൾക്ക് മുന്നിൽ തൊഴുകൈകളോടെ നിൽക്കുമ്പോൾ വല്ലാത്തൊരു ശാന്തത നിറഞ്ഞിരുന്നു ചാരുവിൽ. " പോയാലോ....??? എനിക്ക് ഓഫീസിൽ പോണ്ടേ..... " പുറത്തേക്ക് നടക്കുമ്പോൾ അവൻ ചോദിച്ചു.

മറുപടിയായി അവളൊന്ന് മൂളി. അവർ തിരികെ വീട്ടിൽ എത്തുമ്പോഴേക്കും അരുന്ധതിയും മൃദുവും ജ്യോതിയും ചേർന്ന് ബ്രേക്ക്‌ ഫാസ്റ്റ് ഒക്കെ റെഡിയാക്കിയിരുന്നു. എല്ലാവരും ഒരുമിച്ച് തന്നെയായിരുന്നു കഴിക്കാൻ ഇരുന്നത്. " വിവാഹശേഷമുള്ള ചാരുമോൾടെ ആദ്യത്തെ ജന്മദിനമല്ലേ.... അത് നമുക്കൊന്ന് സെലിബ്രേറ്റ് ചെയ്യണ്ടേ കണ്ണാ....??? " നരേന്ദ്രനായിരുന്നു. " പിന്നെ വേണ്ടേ.... നമുക്ക് വൈകുന്നേരം ഫാമിലി മാത്രമായിട്ടൊരു കേക്ക് കട്ടിങ് ഒക്കെ അറേഞ്ച് ചെയ്യാം അച്ഛാ. ചാരുന്റെ അച്ഛനേം അമ്മേം കൂടി വിളിക്കാം. " സിദ്ധു എന്തെങ്കിലും പറയും മുന്നേ സഞ്ജയ്‌ പറഞ്ഞൂ. അതെല്ലാവര്ക്കും സമ്മതവുമായിരുന്നു. അതുകൊണ്ട് തന്നെ അവൻ പറഞ്ഞത് പോലെ തന്നെ എല്ലാം തീരുമാനമായി. " കണ്ണേട്ടാ....നേരത്തെ വരില്ലേ ....??? " സിദ്ധുവിനൊപ്പം കാറിനരികിലേക്ക് ചെന്ന് ചാരു ചോദിച്ചു. " പിന്നെ വരാതെ..... വൈകുന്നേരം പൊന്നുമോൾ റെഡിയായി നിന്നോ നമുക്ക് പൊളിക്കാം.... " അവളുടെ കവിളിൽ തട്ടി പറഞ്ഞുകൊണ്ട് അവൻ കാറിലേക്ക് കയറിപോയി. 💞💞💞💞💞💞

" എന്താ ജ്യോതി ഈ നേരത്തൊരു വിളി ???? " " ഇന്ന് ചാരുന്റെ ബർത്ത് ഡേ ആണ്. വൈകുന്നേരം കേക്ക് കട്ടിങ് ഒക്കെയുണ്ട്. " " ഓഹോ.... അവനെന്ത് പറയുന്നു ???? " " ഹാപ്പി ആണ്. എന്തൊക്കെയോ പ്ലാൻ ചെയ്തിട്ടുണ്ട്.... " " മ്മ്ഹ് ആഘോഷിക്കട്ടെ...... എല്ലാം ഞാനവസാനിപ്പിക്കും. അവളുടെ തൊലിവെളുപ്പിൽ അവൻ മറന്നുപോയ ഒരു വാക്കുണ്ട്. ഓർമിപ്പിക്കും അവനെ ഞാനത്. അതിനി അവന്റെ ചാരുവിന്റെ കഴുത്തറുത്തിട്ടായാൽ പോലും.... " " വൈശാഖ് ..... " " അറിയില്ല ജ്യോതി നിനക്ക് സിദ്ധുവിനെ.... അവൻ..... അവൻ ചതിയനാ..... ഇന്നും അവനോടുള്ള പ്രണയത്തിൽ നീറിപ്പുകയുന്ന ഒരു മനസുണ്ട്. പക്ഷേ അവനോ എല്ലാം മറന്ന് ഇന്നലെക്കണ്ടൊരു പെണ്ണിനൊപ്പം.... ഛേ..... " " വൈശാഖ്..... നീ വിളിച്ചപ്പോ ഞാൻ നിന്റൊപ്പം നിന്നത് നിന്നോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ടാണ്. പക്ഷേ ഇന്നുവരെ നീ പറഞ്ഞിട്ടില്ല സിദ്ധു ചതിച്ച ആ പെണ്ണാരാണെന്ന്.. അവളുമായി നിനക്കുള്ള ബന്ധം എന്താണെന്ന്. ഇനിയെങ്കിലും പറ ആരാ അവൾ .....??? "

" ഇപ്പൊ നീയെന്നോടൊന്നും ചോദിക്കരുത് ജ്യോതി..... അധികം വൈകാതെ അവൾ വരും. അന്ന് സിദ്ധു എല്ലാത്തിനും കണക്ക് പറയേണ്ടി വരും. അന്ന് എല്ലാവരുമറിയും അവളേ..... സിദ്ധുവിനോടുള്ള അവളുടെ അടങ്ങാത്ത പ്രണയത്തെ..... " ഇനിയൊന്നും ചോദിച്ചിട്ട് കാര്യമില്ലെന്നറിയാവുന്നത് കൊണ്ട് മറുപടിയൊരു മൂളലിൽ ഒതുക്കി അവൾ ഫോൺ കട്ട് ചെയ്ത് ബെഡിലേക്ക് കിടന്നു. 💞💞💞💞💞💞 വൈകുന്നേരത്തെ ഫങ്ക്ഷന് വേണ്ടി അരുന്ധതി വാങ്ങിക്കൊടുത്ത പീച്ച് നിറത്തിലുള്ള ഒരു ഗൗൺ ആയിരുന്നു ചാരു ധരിച്ചിരുന്നത്. അതിന് മാച്ചിങ് ആയിട്ട് മുടി സെറ്റ് ചെയ്യാനും മറ്റുമൊക്കെ അവളേ സഹായിച്ചത് മൃദുവും ജ്യോതിയും കൂടിയായിരുന്നു. വൈകുന്നേരം അഞ്ചുമണിയോടെ തന്നെ ശിവപ്രസാദും സീതയും എത്തിയിരുന്നു. " അച്ഛാ.... " താഴേക്ക് വരുമ്പോൾ എല്ലാർക്കും ഒപ്പം ലിവിങ് റൂമിൽ ഇരിക്കുകയായിരുന്ന ശിവപ്രസാദിനെകണ്ട് ചാരു ഓടിചെന്നയാളെ കെട്ടിപ്പിടിച്ചു. " മോളെ.... സിദ്ധു വന്നില്ലേടാ....??? " " ഇല്ലച്ഛാ.... നേരത്തെ എത്താമെന്നാ പറഞ്ഞിരുന്നത്. "

മുഖത്ത് ചെറിയൊരു വിഷാദത്തോടെ അവൾ പറഞ്ഞു. " ആഹ് ഇനി ഈ നേരത്ത് കണ്ണ് നിറയ്ക്കണ്ടാ.... ഒന്ന് വിളിച്ചുനോക്കിയേ.... " അവളുടെ മുഖം മങ്ങിയത് കണ്ട് അരുന്ധതി പറഞ്ഞു. അതോടെ ചാരു ഫോണെടുത്ത് സിദ്ധുവിന്റെ നമ്പറിലേക്ക് വിളിച്ചു. പക്ഷേ സ്വിച്ഡോഫ് എന്ന മറുപടി മാത്രമായിരുന്നു കിട്ടിയത്. " ഹാപ്പി ബർത്ത് ഡേ ടു യൂ.... ഹാപ്പി ബർത്ത് ഡേ ഡിയർ ചാരു..... " സിദ്ധുവിനോട് ചേർന്നുനിന്ന് കേക്ക് മുറിക്കുമ്പോൾ ചുറ്റുമുണ്ടായിരുന്ന മറ്റുള്ളവർ പാടി.. " മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ മൈ സോൾ 😘😘😘😘 " ചുറ്റും നിന്നവരെ പോലും മൈൻഡ് ചെയ്യാതെ സിദ്ധു അവളേ ചേർത്ത് പിടിച്ച് നെറുകയിൽ ചുംബിച്ചു. പുഞ്ചിരിക്കിടയിലും ചാരുവിന്റെ മിഴികളിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ പൊടിഞ്ഞു. " മോളെ മതി കാത്തിരുന്നത്.... ഇനി അവൻ വരാൻ ലേറ്റാവും മോള് കേക്ക് കട്ട് ചെയ്യ്..... അച്ഛനും അമ്മയ്ക്കും പോണ്ടേ..... "

നരേന്ദ്രന്റെ ആ വാക്കുകൾ കേട്ടായിരുന്നു ചാരു സ്വബോധത്തിലേക്ക് വന്നത്. അവൾ ഞെട്ടലോടെ ചുറ്റും നോക്കി. എല്ലാവരും അവിടവിടെ ഇരിക്കുന്നുണ്ടായിരുന്നു. നടുവിലെ ടേബിളിൽ സെറ്റ് ചെയ്ത കേക്ക് അതുപോലെ തന്നെയുണ്ടായിരുന്നു. ഇതുവരെ താൻ കണ്ടതൊക്കെ വെറുമൊരു സ്വപ്നമായിരുന്നുവെന്നറിഞ്ഞപ്പോൾ അവളുടെ നെഞ്ചൊന്ന് പിടഞ്ഞു. " അതേ മോളെ കട്ട് ചെയ്.... സിദ്ധുന്റെ ജോലിയുടെ സ്വഭാവം മോൾക്കറിയില്ലേ. അതുകൊണ്ട് വിഷമിക്കണ്ട. അവൻ വന്നോളും. " അരുന്ധതിയും പറഞ്ഞു. അങ്ങനെ മനസ്സില്ലാ മനസോടെ കേക്ക് കട്ട് ചെയ്യുമ്പോൾ ഉള്ളിലെവിടെയോ ഒരു സങ്കടമുറഞ്ഞുകൂടുന്നതവളറിഞ്ഞു. അത് മറ്റുള്ളവർക്കും മനസ്സിലായിരുന്നു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story