കാവ്യമയൂരം: ഭാഗം 34

kavyamayooram

രചന: അഭിരാമി ആമി

രാത്രി വളരെ വൈകിയായിരുന്നു സിദ്ധു വന്നത്. അവൻ വന്ന് കയറുമ്പോൾ അരുന്ധതി ലിവിങ് റൂമിൽ ഇരിക്കുന്നുണ്ടായിരുന്നു. ചാരുവിനെയോട്ട് കാണാനുമുണ്ടായിരുന്നില്ല. അപ്പോഴേ അവൾ പിണങ്ങിയിരിക്കുമെന്ന് അവനൂഹിച്ചു. " എന്താ മോനേ ലേറ്റായേ ??? " അവനെ കണ്ടതും അരുന്ധതി ചോദിച്ചു. " അത്യാവശ്യമായി ഒരു മീറ്റിങ്ങിനുവേണ്ടി എറണാകുളം വരെ പോകേണ്ടി വന്നമ്മേ. വിളിച്ചുപറയാനുള്ള സാവകാശം കിട്ടിയുമില്ല. ഇടക്ക് ചാരുനെ വിളിക്കാമെന്ന് വിചാരിച്ചതാ. പക്ഷേ അതും പറ്റിയില്ല. ഫങ്ക്ഷനൊക്കെ എങ്ങനുണ്ടായിരുന്നു...???? " " ഫങ്ക്ഷനൊന്നും കുഴപ്പമില്ലായിരുന്നു. എല്ലാം നന്നായി നടന്നു. പക്ഷേ ചാരുമോളാകെ വിഷമത്തിലായിരുന്നു. എല്ലാവരും കൂടി ഒരുപാട് നിർബന്ധിച്ചപ്പഴാ കേക്ക് മുറിക്കാൻ സമ്മതിച്ചത് പോലും. അവസാനനിമിഷം വരെ നിന്നേ കാത്തു.... " അവർ പറഞ്ഞത് കേട്ടപ്പോൾ സിദ്ധുവിനും ആകെ വിഷമം തോന്നി. എങ്കിലും അവൻ മറുപടിയൊന്നും പറഞ്ഞില്ല. " ആഹ് നീ കഴിക്കുന്നില്ലേ.... ഞാനെടുത്തുവെക്കണോ....??? " അരുന്ധതി ചോദിച്ചു.

" വേണ്ടമ്മേ അമ്മ കിടന്നോ. ഞങ്ങൾ കഴിച്ചോളാം. " പറഞ്ഞിട്ട് അവൻ റൂമിലേക്ക് കയറിപ്പോയി. പിന്നെ നിൽക്കാതെ ലൈറ്റണച്ചിട്ട്‌ അരുന്ധതിയും കിടക്കാനായി പോയി. " കണ്ണൻ വന്നോഡോ....??? " " ആഹാ നരേട്ടനുറങ്ങിയില്ലാരുന്നോ.... വന്നു. ഇപ്പോ വന്നേയുള്ളു. എന്തോ മീറ്റിംഗ് ഉണ്ടായിരുന്നുന്ന് പറഞ്ഞു... " കിടക്കയിലേക്ക് വന്നിരുന്നുകൊണ്ട് അരുന്ധതി പറഞ്ഞു. " ചാരുമോളോ...??? " " മുറിയിലുണ്ട്. ഒന്നും കഴിച്ചിട്ടുമില്ല ഇതുവരെ. നല്ല വിഷമം ഉണ്ട്. പക്ഷേ ഒന്നും പുറത്തുകാണിച്ചില്ല പാവം. " " അവള് നല്ല കുട്ടിയാടോ... നമ്മുടെ മോനെയറിയുന്ന പെണ്ണ്. " നരേന്ദ്രൻ പറഞ്ഞത് ശെരി വയ്ക്കുംപോലെ അരുന്ധതിയും പുഞ്ചിരിച്ചു. സിദ്ധു റൂമിലെത്തുമ്പോൾ റൂമിൽ വെളിച്ചമുണ്ടായിരുന്നില്ല. അകത്തുകയറി ഡോറടച്ച് ലൈറ്റ് ഇടുമ്പോൾ കണ്ടു ബെഡിൽ ചരിഞ്ഞുകിടക്കുന്ന ചാരുവിനെ. താൻ വന്നതറിയാതെ ഉറങ്ങികിടക്കുന്നവളെക്കണ്ട് അവനല്പനേരമങ്ങനെ നിന്നു.

പിന്നെ പതിയെ കുളിക്കാനായി കയറി. അവൻ കുളി കഴിഞ്ഞ് തിരികെ വരുമ്പോഴും അവളതെ കിടപ്പ് തന്നെയായിരുന്നു. കണ്ണാടിയിൽ നോക്കി മുടിയൊക്കെ ഒന്നൊതുക്കിവച്ച് സിദ്ധു പതിയെ അവൾക്കരികിലേക്ക് വന്ന് കിടന്നവളുടെ വയറിൽ ചുറ്റിപ്പിടിച്ച് തന്നോട് ചേർത്തു. അവന്റെ ദേഹത്തെ തണുപ്പ് തന്നിലേക്ക് അരിച്ചിറങ്ങിയതും ചാരുവൊന്ന് ഞരങ്ങി. പിന്നെ പതിയെ മിഴികൾ തുറന്നു. " കണ്ണേട്ടനെപ്പോ വന്നു.....???? " നേർത്തതായിരുന്നു ചോദ്യം. " കുറച്ചുനേരമായി.... " " എന്നിട്ടെന്താ എന്നെ വിളിക്കാഞ്ഞേ....?? " " നീയുറങ്ങുവല്ലാരുന്നോ... " " മ്മ്മ്... കണ്ണേട്ടനെണീറ്റ് വാ ഞാൻ ഫുഡെടുത്ത് വയ്ക്കാം. " പറഞ്ഞുകൊണ്ടവന്റെ കൈ വിടീച്ചെഴുന്നേറ്റെങ്കിലും അതേ സ്പീഡിൽ തന്നെ അവൾ ബെഡിലേക്ക് വീണു. " നിനക്കൊട്ടും വിഷമം തോന്നുന്നില്ലേ ചാരു...??? " തലയ്ക്ക് കൈ കൊടുത്ത് കിടന്ന് മറുകൈകൊണ്ടവളെ ചുറ്റിപ്പിടിച്ച് സിദ്ധു ചോദിച്ചു. അവനിൽ വല്ലാത്തൊരു വിഷമം തളം കെട്ടിയിരുന്നെങ്കിലും ചാരുവാ കണ്ണുകളിലേക്ക് നോക്കി പതിയെ പുഞ്ചിരിച്ചു.

" എന്തിനാ കണ്ണേട്ടാ.... കണ്ണേട്ടന്റെ ജോലിത്തിരക്കൊക്കെ എനിക്കറിയാവുന്നതല്ലേ. പിന്നെ ഞാനെന്തിനാ വിഷമിക്കുന്നത് ...??? " " ഒട്ടും വിഷമം ഇല്ലേ....?? " അവൻ വീണ്ടുമാ മിഴികളിലേക്ക് തന്നെ നോക്കിക്കിടന്നുകൊണ്ട് ചോദിച്ചു. " എന്ന് ചോദിച്ചാൽ ആ സമയത്ത് ഞാനേറ്റവും ആഗ്രഹിച്ചത് കണ്ണേട്ടന്റെ പ്രസന്റ്സായിരുന്നു. പക്ഷേ അത് കിട്ടാഞ്ഞപ്പോ വേദന തോന്നിയെന്നുള്ളത് സത്യമാണ്. പക്ഷേ അതിന്റെ പേരിൽ എനിക്ക് പിണക്കമൊന്നുമില്ല കണ്ണേട്ടാ..... കണ്ണേട്ടന്റെ ഉത്തരവാദിത്തങ്ങളേപ്പറ്റി എനിക്ക് നല്ല ബോധമുണ്ട്. അതുകൊണ്ട് അതൊന്നുമോർത്ത് എന്റെ പൊന്നുമോൻ വിഷമിക്കണ്ട. എണീറ്റെ കഴിക്കാം. ഞാനും ഒന്നും കഴിച്ചിട്ടില്ല. കണ്ണേട്ടനെ കാത്തിരിക്കുവാരുന്നു. പക്ഷേ ഇടയ്ക്ക് ഉറങ്ങിപ്പോയി.... " അവൾ പറഞ്ഞത് കേട്ട് സിദ്ധു പതിയെ ചിരിച്ചു. പിന്നെ പതിയെ അവൾക്കൊപ്പം എണീറ്റ് താഴേക്ക് നടന്നു.

ഹാളിലപ്പോഴും ബർത്ത്ഡേ ആഘോഷങ്ങളുടെ അലങ്കാരങ്ങളും മറ്റുമൊക്കെ അവശേഷിച്ചിരുന്നു. അതൊക്കെയൊന്ന് വെറുതേ നോക്കിയിട്ട് സിദ്ധു പതിയെ ചാരുവിന്റെ പിന്നാലെ ചെന്ന് ഡൈനിങ് ടേബിളിലേക്കിരുന്നു. ചാരു പെട്ടന്ന് തന്നെ സിദ്ധുവിന്റെ മുന്നിലേക്ക് പ്ളേറ്റ് വച്ച് ചോറും കറികളുമെല്ലാം വിളമ്പി. പിറന്നാൾ സദ്യയായിരുന്നത് കൊണ്ട് പായസം സഹിതമുണ്ടായിരുന്നു. " അല്ല നീ കഴിച്ചില്ലെന്ന് പറഞ്ഞിട്ട് കഴിക്കുന്നില്ലേ ??? " ചോറിലേക്ക് കയ്യിടാൻ തുടങ്ങിയിട്ട് പെട്ടന്നെന്തോ ഓർത്തത് പോലെ സിദ്ധു ചോദിച്ചു. " ഓഹ് എനിക്കിനി കൈ കഴുകാൻ ഒന്നും വയ്യ കണ്ണേട്ടൻ തന്നാ മതി..... " ചുമൽ കൂച്ചി ചിരിച്ചുകൊണ്ട് പറഞ്ഞവളെ കണ്ടപ്പോൾ വല്ലാത്തൊരു വാത്സല്യം തോന്നിപ്പോയി സിദ്ധുവിന്. ചിരിയോടെ തന്നെ ആദ്യത്തെ ഉരുള അവളുടെ വായിൽ വച്ചുകൊടുത്തവൻ. " അല്ല ഒന്ന് വിളിച്ചുപോലും പറയാതെ കളക്ടർ സാറെവിടെപ്പോയിരുന്നു ??? " കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ തന്നെ ചാരു ചോദിച്ചു.

" ഓഹ് അതൊന്നും പറയണ്ട. പെട്ടന്ന് ഒരു മീറ്റിംഗിന് പോകേണ്ടി വന്നു. എറണാകുളത്തായിരുന്നു. മന്ത്രിയൊക്കെ ഉണ്ടായിരുന്നു. " അവൻ പറഞ്ഞു. " എന്നാപ്പിന്നൊന്ന് വിളിച്ചുപറഞ്ഞുടാരുന്നോ ??? " " അതിനൊന്നും പറ്റിയ സാഹചര്യം ആയിരുന്നില്ല അപ്പോ. ശെരിക്കും പറഞ്ഞാൽ ഞാൻ പോകണ്ടതായിരുന്നില്ല. മൂർത്തിസാറിന് പകരമാ ഞാൻ പോയത് ??? " അവൻ പറയുന്നതോരൊന്നും അവൾ മൂളിക്കേട്ടുകൊണ്ടിരുന്നു. ഒടുവിൽ ആഹാരമൊക്കെ കഴിച്ചിട്ട് ബാക്കി വന്നതൊക്കെ അടുക്കളയിൽ കൊണ്ടുവച്ചിട്ട് മുകളിലേക്ക് നടക്കുമ്പോൾ സിദ്ധുവിന്റെ കയ്യിലൊരു കൊച്ചുകുട്ടിയേപ്പോലെ തൂങ്ങിയിരുന്നു ചാരു. 💞💞💞💞💞💞💞 " അല്ല വൈശാഖ് സിദ്ധാർഥിനെ തകർക്കാൻ ഒരുമിച്ച് നിൽക്കാമെന്നൊക്കെ പറഞ്ഞെങ്കിലും അതിന്റെ കാരണം നീയിതുവരെ പറഞ്ഞില്ലല്ലോ..... ഒരുമിച്ച് വർഷങ്ങൾ ഉണ്ടായിരുന്ന സുഹൃത്തിനോട്‌ നിനക്കെന്താ പക ???? " ഗസ്റ്റ്‌ ഹൗസിലെ മദ്യസൽക്കാരത്തിനിടയിൽ വൈശാഖനോടായി അലക്സ്‌ ചോദിച്ചു. അത് കേട്ട് അവൻ വെറുതേയൊന്ന് ചിരിച്ചു.

" എന്റെ പകയുടെ കാരണം നിങ്ങളുടേത് പോലത്ര നിസാരമല്ല അച്ചായോ.... ആ കാരണം ഒരിക്കൽ ഞാൻ പറയും. പക്ഷേ അതിപ്പോഴല്ല.. പക്ഷേ ഒന്നുണ്ട് സിദ്ധു.... അവനെ ഞാൻ ജീവിക്കാൻ വിടില്ല. അതെന്റെ വാശിയാണ്. അവൻ ചെയ്ത ചതിക്ക് അവന്റെ കണ്ണിൽ നിന്നും ചോര തന്നെ വരുത്തും ഞാൻ. " അവൻ മുരണ്ടു. അപ്പോൾ ആ കണ്ണുകൾ ചുവന്നുകലങ്ങിയിരുന്നു. അലക്സും അരികിൽ വീൽ ചെയറിൽ ഇരുന്നിരുന്ന ക്രിസ്റ്റിയും കാര്യമറിയാതെ പരസ്പരം നോക്കി. " അറിയണ്ട വൈശാഖ് എനിക്ക്....... നിന്റെ പകയുടെ കാരണമെനിക്കറിയണ്ട. എനിക്ക് വേണ്ടത് സിദ്ധാർഥിനെതിരെ ഒരു ചാവേറിനെ മാത്രമാണ്. അതിന് നീ തന്നെ നല്ലത്.. എരിതീയിൽ എണ്ണ പകർന്ന് പകർന്ന് നിന്നേ ഞാൻ ജ്വലിപ്പിക്കും. ആ അഗ്നിയിൽ സിദ്ധാർഥിനേയും അവന്റെ കുടുംബത്തെയും ഞാൻ കത്തിച്ചുചാമ്പലാക്കും. " നേർത്ത ഒരു ചിരിയോടെ ഇരിക്കുകയായിരുന്ന അലെക്സിന്റെ ഉള്ളിൽ പറഞ്ഞു. അതേ ചിന്തയിൽ തന്നെയാവാം ഇച്ചായനെ നോക്കി ക്രിസ്റ്റിയുമൊന്ന് പുഞ്ചിരിച്ചു.

എന്നാലതേസമയം വൈശാഖിന്റെ ഉള്ളിലൂടെ കടന്നുപൊയ്ക്കോണ്ടിരുന്ന ചിന്തകൾ അവരറിഞ്ഞില്ല. " എന്നേ വച്ച് കൈ നനയാതെ മീൻ പിടിക്കാനാ നിന്റെ പ്ളാനെന്ന് എനിക്ക് നന്നായിട്ടറിയാം അലക്സേ.... പക്ഷേ എന്റെ പേര് വൈശാഖ് എന്നാണ്.. ഞാൻ തെളിക്കുന്ന വഴിയെ നീയും നിന്റെയീ പാതി ചത്ത അനിയനും നടക്കും. സിദ്ധുവിനെതിരെയുള്ള എന്റെ വെറും തുരുമ്പിച്ച ആയുധങ്ങൾ മാത്രമാണ് നീയൊക്കെ. വജ്രായുധം അതെന്റെ കയ്യിൽ ഭദ്രമാണ്..... " വല്ലാത്തൊരു ലഹരിയോടെ ഓർത്തുകൊണ്ട് അവൻ കയ്യിലിരുന്ന മദ്യം വായിലേക്ക് കമിഴ്ത്തി. 💕💕💕💕💕💕💕 " മോളെ..... ചാരു..... എണീറ്റെ. മണി മൂന്നായി. മതി കിടന്നത്. എണീറ്റ് വന്ന് വല്ലതും കഴിക്ക്. ഇങ്ങനെ കിടന്ന ക്ഷീണം കൂടത്തേയുള്ളൂ. " ഉച്ചക്ക് മുൻപ് കുറച്ചുകിടക്കട്ടെന്നും പറഞ്ഞ് റൂമിലേക്ക് വന്ന ചാരുവിനെ മൂന്നുമണി കഴിഞ്ഞിട്ടും താഴേക്ക് കാണാതെ വന്നപ്പോഴായിരുന്നു അരുന്ധതി മുകളിലേക്ക് വന്നത്. " എണീക്ക് ചാരു..... " അവളൊന്ന് ചിണുങ്ങിയതല്ലാതെ എണീക്കുന്നില്ലെന്ന് കണ്ടപ്പോൾ അരുന്ധതി വീണ്ടും പറഞ്ഞു.

" ഭയങ്കര തലവേദനയാമ്മേ.... " " അതൊക്കെ മാറും മോള് വന്ന് ഇത്തിരി ചോറ് കഴിക്ക്. എന്നിട്ട് ഒരു ഗുളിക കൂടി കഴിച്ചിട്ട് കിടന്നോ. " ഇനിയും രക്ഷയില്ലെന്ന് കണ്ടപ്പോൾ ചാരു പതിയെ കിടക്കയിൽ എണീറ്റിരുന്നു. അഴിഞ്ഞുലഞ്ഞ് കിടന്ന തലമുടി എല്ലാം കൂടി വാരി ഉച്ചിയിൽ ഒരു ക്ലിപ്പ് ഇട്ടുവച്ചു. പിന്നെ പതിയെ എണീറ്റ് അരുന്ധതിക്ക് പിന്നാലെ നടന്നു. പക്ഷേ രണ്ട് ചുവടുവച്ചതും കണ്ണിലിരുട്ട് കയറും പോലെ തോന്നി ശരീരത്തിന്റെ ബലം നഷ്ടപ്പെട്ട് അവൾ കുഴഞ്ഞുനിലത്തേക്ക് വീണു. " അയ്യോ മോളെ..... " ശബ്ദം കേട്ട് തിരിഞ്ഞുനോക്കുമ്പോൾ നിലത്ത് വീണുപോയ ചാരുവിനെ കണ്ട് അരുന്ധതി നിലവിളിച്ചു. അപ്പോഴേക്കും കട്ടിലിന്റെ കാലിലോ മറ്റൊ തട്ടിയ അവളുടെ നെറ്റിയിൽ നിന്നും ചോര ഒഴുകിത്തുടങ്ങിയിരുന്നു. " മോളെ മൃദു..... സഞ്ജു..... " ചാരുവിന്റെ അരികിലേക്കിരുന്നവളുടെ തലയെടുത്ത് മടിയിൽ വച്ചുകൊണ്ട് അവർ വിളിച്ചു.

" എന്തെമ്മേ.....??? " ആദ്യമോടിയെത്തിയ സഞ്ജയ്‌ ചോദിച്ചു. " അറിയില്ലഡാ..... ചാരു പെട്ടന്ന് തല ചുറ്റിവീണു. ഇന്ന് രാവിലെ മുതലേ അതിന് വയ്യാരുന്നു. ഇനി വച്ചോണ്ടിരിക്കണ്ട നമുക്ക് ഹോസ്പിറ്റലിൽ കൊണ്ടുപോകാം. " അവർ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ മൃദുവും ഓടിവന്നിരുന്നു. അവരിരുവരും കൂടി താങ്ങിയെടുത്തുകൊണ്ടായിരുന്നു ചാരുവിനെ താഴെയെത്തിച്ചത്. അപ്പോഴും അവൾക്ക് ബോധമുണ്ടായിരുന്നില്ല. " അമ്മ വരണ്ട. ഞങ്ങൾ കൊണ്ടുപൊക്കോളാം. ഇവിടെ അച്ഛൻ തനിച്ചല്ലേയുള്ളൂ..... " ചാരുവിനെ കാറിലേക്ക് കിടത്തി ഒപ്പം കയറാൻ തുടങ്ങുമ്പോൾ മൃദു പറഞ്ഞു. " എങ്കിൽ വേഗം ചെല്ല് മക്കളെ..... " അവർ ധൃതി കൂട്ടി. പിന്നീട് ഒട്ടും താമസിക്കാതെ സഞ്ജയും മൃദുവും കയറി കാറ് പുറത്തേക്ക് പാഞ്ഞു. അപ്പോഴും ഇതൊന്നുമറിയാതെ മൃദുവിന്റെ മടിയിൽ മിഴികളടച്ച് കിടക്കുകയായിരുന്നു ചാരു. " വേഗം പോ സഞ്ജുവേട്ടാ എനിക്ക് പേടിയാവുന്നു. ഞാൻ സിദ്ധുനെ വിളിച്ചുപറയട്ടെ....??? " അവളുടെ കിടപ്പ് കണ്ട് കരച്ചിലിന്റെ വക്കോളമെത്തിയ മൃദുല ചോദിച്ചു. " നീയൊന്ന് വെറുതേയിരിക്ക് മൃദു..... ഇനിയവനെക്കൂടി പേടിപ്പിക്കണ്ട.

ഇതതിനും മാത്രമൊന്നുല്ല. അവളിന്ന് നേരാംവണ്ണം ആഹാരമൊന്നും കഴിച്ചില്ലല്ലോ. അതിന്റെയാകും. " പറഞ്ഞിട്ട് അവൻ കാറിന്റെ വേഗത അല്പം കൂടി കൂട്ടി. ഹോസ്പിറ്റലിലെത്തി ചാരുവിനെ നേരെ കാഷ്വാലിറ്റിയിലേക്കായിരുന്നു കൊണ്ടുപോയത്. " ചാരുശ്രീക്കൊപ്പം വന്നതാരാ....??? " കുറച്ചുസമയം കഴിഞ്ഞപ്പോൾ ചാരുവിനെ കിടത്തിയിരുന്ന ബെഡിനരികിൽ നിന്നും ഡോക്ടർ വിളിച്ചുചോദിച്ചു. അത് കേട്ടതും സഞ്ജയ്‌യും മൃദുവും ഓടിയങ്ങോട്ട് ചെന്നു. " ഡോക്ടർ..... " " നിങ്ങളാരാ ഇയാൾടെ.....??? " " ബ്രദറും വൈഫും ആണ് ഡോക്ടർ. ചാരുവെന്റെ അനിയന്റെ വൈഫാണ്. " സഞ്ജുവായിരുന്നു മറുപടി നൽകിയത്. " ഓക്കേ.... സന്തോഷവാർത്തയാണ് കേട്ടോ. ചാരു പ്രെഗ്നനന്റാണ്. " നിറഞ്ഞ പുഞ്ചിരിയോടെ അവരത് പറഞ്ഞതും മൃദുവിന്റെ മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു. അവൾ ബെഡിൽ കണ്ണ് തുറന്ന് കിടക്കുകയായിരുന്ന ചാരുവിന്റെ അരികിലേക്കിരുന്നവളെ ചേർത്തുപിടിച്ച് നെറുകയിൽ ചുംബിച്ചു.

ചാരുവിന്റെ മിഴികളിലും ആനന്ദം നിറഞ്ഞിരുന്നു അപ്പോൾ. സിദ്ധുവിനെയൊന്ന് കാണാൻ അവളുടെ നെഞ്ച് തുടിച്ചു. " വേറെ കുഴപ്പമൊന്നുല്ല. രക്തക്കുറവുണ്ട്. അതൊന്ന് ശ്രദ്ധിക്കണം. രണ്ടാഴ്ച കഴിഞ്ഞൊന്ന് കൊണ്ടുവാ നമുക്ക് സ്കാൻ ചെയ്തു നോക്കാം. ആഹ് പിന്നേ അന്ന് കൊണ്ടുവരേണ്ടത് ഏട്ടനും ഏട്ടത്തിയുമല്ല ഹസ്ബന്റാണ് കേട്ടോ...." അവളുടെ കവിളിലൊന്ന് തട്ടി പറഞ്ഞിട്ട് ഡോക്ടർ പുറത്തേക്ക് പോയി. അവർ തിരികെ ദേവരാഗത്തിലെത്തുമ്പോൾ നരേന്ദ്രനും അരുന്ധതിയും ഹാളിൽ തന്നെയുണ്ടായിരുന്നു. കാറിൽ നിന്നിറങ്ങിയ ചാരുവിന്റെ മുഖത്തെ ക്ഷീണവും നെറ്റിയിലെ ബാന്റേഡുമൊക്കെ കണ്ടതും അരുന്ധതി വേഗമെണീറ്റ് പുറത്തേക്ക് ചെന്നു. " എന്താ മോളെ എന്തുപറ്റിയതാ..... " നല്ല ക്ഷീണമുണ്ടായിരുന്നതുകൊണ്ട് ചാരുവിനെ ചേർത്തുപിടിച്ച് അകത്തേക്ക് വന്ന മൃദുലയോടായി അരുന്ധതി ചോദിച്ചു. അപ്പൊ അതേ ചോദ്യം തന്നെയായിരുന്നു നരേന്ദ്രനിലും. " പേടിക്കാൻ ഒന്നുല്ലമ്മേ..... ഇവൾക്കൊരു കുഴപ്പവുമില്ല. ഇതേ നമ്മുടെ കുഞ്ഞിക്കണ്ണൻ വരവറിയിച്ചതാ. "

" സത്യാണോ മോളെ....?? " സന്തോഷത്തോടെ മൃദു പറഞ്ഞതും അരുന്ധതി ഓടിചെന്നവളെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു. ചാരു അതേയെന്ന അർഥത്തിൽ തലയനക്കി അവർക്കൊരു വാടിയ പുഞ്ചിരി നൽകി. അരുന്ധതിയാണെങ്കിൽ സന്തോഷം കൊണ്ട് നിറഞ്ഞ മിഴികൾ തുടച്ചുകൊണ്ട് അവളുടെ നെറുകയിൽ മുത്തി. " പേടിപ്പിച്ചുകളഞ്ഞല്ലോ മോളെ നീ...... അമ്മക്ക് സന്തോഷമായി. എന്താ ഞാനിപ്പോ എന്റെ മോൾക്ക് തരിക.... നരേട്ടാ കേട്ടില്ലേ.... നമ്മളൊരു അപ്പൂപ്പനും അമ്മൂമ്മയുമായിന്ന്.... " അത്യാഹ്ലാദത്തോടെ അരുന്ധതി പറഞ്ഞു. അതുകേട്ട് നരേന്ദ്രനും പുഞ്ചിരിച്ചു. " ഇനി പഴയത് പോലെ ഇതുവഴി തുള്ളിക്കളിച്ച് നടക്കുവൊന്നും ചെയ്യരുത്. ആദ്യത്തെ കുറച്ചുമാസം നന്നായി സൂക്ഷിക്കണം. " അരുന്ധതി പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു. " എന്റമ്മേ അമ്മയിപ്പോഴേ അവളെ ബെഡ് റസ്റ്റ്‌ ആക്കല്ലേ. അവൾക്ക് വേറെ കുഴപ്പമൊന്നുമില്ലല്ലോ. " " ആഹ് ബെഡ് റസ്റ്റ്‌ ഒന്നും വേണ്ട. എന്നാലും നന്നായി സൂക്ഷിക്കണം അല്ലേ നരേട്ടാ.... " അരുന്ധതി പറഞ്ഞത് ശെരിവച്ചുകൊണ്ട് നരേന്ദ്രനും പുഞ്ചിരിച്ചു.

" ഞാനൊന്ന് കിടന്നോട്ടമ്മേ വല്ലാത്ത ക്ഷീണം.... " " വയ്യായ്ക വല്ലതുമുണ്ടോ ചാരു...??? " മൃദു പെട്ടന്ന് ചോദിച്ചു. " ഇല്ല ചേച്ചി ചെറിയൊരു ക്ഷീണം. ഒന്ന് കിടന്ന ശെരിയാകും. " ചാരു പറഞ്ഞിട്ട് റൂമിലേക്ക് പോയി. " ഞാൻ സീതേയൊന്നുവിളിക്കട്ടേ. അല്ലേ വേണ്ട അവരോട് ചെന്ന് പറയാം. ഞാൻ അമ്മേ വിളിക്കട്ടേ ആദ്യം. " സന്തോഷത്തോടെ പറഞ്ഞുകൊണ്ട് തന്റെ ഫോണെടുക്കാനായി അരുന്ധതി റൂമിലേക്ക് പോയി. ഈ സമയം ചാരു തന്റെ മുറിയിലെത്തി കിടക്കയിലേക്കിരുന്നു. സിദ്ധുവിനെ വിളിക്കാനായി ഫോണെടുത്തു. പക്ഷേ പിന്നീടെന്തോ അത് വേണ്ടെന്ന് കരുതി അവൾ ബെഡിലേക്ക് കിടന്നു. അപ്പോഴും വല്ലാത്തൊരു നിർവൃതിയോടെ അവളുടെ കൈകൾ തന്റെ വയറിനെ തഴുകിക്കൊണ്ടിരുന്നു. കുറച്ചു സമയം അങ്ങനെ കിടന്നപ്പോൾ സിദ്ധുവിന്റെ സ്വരമൊന്ന് കേൾക്കണമെന്ന് തോന്നിയ അവൾ വീണ്ടും ഫോൺ കയ്യിലെടുത്തു. " പറ ചാരു.... " ഒന്നുരണ്ട് പ്രാവശ്യം റിങ് ചെയ്തശേഷം മറുവശത്ത് നിന്നും സിദ്ധുവിന്റെ സ്വരം കാതിലെത്തി. " വെറുതെ..... എന്റെ കെട്ടിയോന്റെ ശബ്ദമൊന്ന് കേൾക്കാനൊരു കൊതി..... " ചിരിയോടെ അവൾ പറഞ്ഞപ്പോ പതിഞ്ഞസ്വരത്തിലുള്ള സിദ്ധുവിന്റെ ചിരിയും അവൾ കേട്ടു. " എന്തുപറ്റി ഭാര്യേ..... പതിവില്ലാത്തൊരു സ്നേഹം....??? "

" അതെന്താ അല്ലെങ്കിലെനിക്ക് കണ്ണേട്ടനോട്‌ സ്നേഹമില്ലേ...??" അവൾ കെറുവോടെ ചോദിച്ചു. അതുകേട്ട് സിദ്ധു വീണ്ടും ചിരിച്ചു. " ഞാൻ ചുമ്മാ പറഞ്ഞതല്ലേ പെണ്ണേ.... നീ വെറുതേ വിളിച്ചതാണോ. എങ്കിൽ വച്ചോ ഞാൻ കുറച്ചുതിരക്കിലാ. ഞാനേ നേരത്തെ വരാം. " " മ്മ്ഹ്.... " അവളൊന്ന് മൂളിക്കൊണ്ട്‌ ഫോൺ കട്ട് ചെയ്തു. പിന്നെ നേർത്തൊരു ചിരിയോടെ ബെഡിലേക്ക് ചാഞ്ഞു. " ഇതാ ചക്കരേ നിന്റച്ഛന്റെ കുഴപ്പം.... എപ്പോഴും തിരക്കാ. ഇപ്പോ തന്നെ കണ്ടില്ലേ. " വയറിൽ പതിയെ തലോടി ചാരു പറഞ്ഞു. വൈകുന്നേരം ജ്യോതി ഓഫീസിൽ നിന്നെത്തിയപ്പോഴായിരുന്നു ചാരുവിന്റെ വിശേഷമറിഞ്ഞത്. അവളപ്പോ തന്നെ ചാരുവിനെ കണ്ടിട്ടായിരുന്നു തന്റെ റൂമിലേക്ക് പോയത്. റൂമിൽ എത്തിയുടനെ അവൾ ഫോണെടുത്ത് വൈശാഖിന്റെ നമ്പറിലേക്ക് വിളിച്ചു. " എന്താടി അവിടാരേലും ചത്തൊ....??? " മദ്യപിച്ച് കുഴഞ്ഞ സ്വരത്തിൽ അവന്റെ ചോദ്യമെത്തി. " ചത്തതല്ല ഒരു വിശേഷം പറയാനുണ്ട്...." " എന്ത് വിശേഷം....??? " " ചാരു പ്രെഗ്നന്റാണ്..... " " വാട്ട്......???? " ചോദിച്ചതും അവന്റെ കയ്യിലിരുന്ന ഗ്ലാസ്‌ ചുവരിൽ ചെന്നിടിച്ച് തകർന്നു. പിന്നാലെ തന്നെ കാൾ കട്ടായത് ജ്യോതിയറിഞ്ഞു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story