കാവ്യമയൂരം: ഭാഗം 35

kavyamayooram

രചന: അഭിരാമി ആമി

 " ചാരു പ്രെഗ്നന്റാണ്..... " " വാട്ട്......???? " ചോദിച്ചതും അവന്റെ കയ്യിലിരുന്ന ഗ്ലാസ്‌ ചുവരിൽ ചെന്നിടിച്ച് തകർന്നു. പിന്നാലെ തന്നെ കാൾ കട്ടായത് ജ്യോതിയറിഞ്ഞു. " ചാരു പ്രെഗ്നന്റ് ആയെന്ന് കേട്ടപ്പോ വൈശാഖ് എന്തിനാ ഇത്രയും ദേഷ്യപ്പെടുന്നത്.... സിദ്ധാർത്ഥിനോട് വൈശാഖിനുള്ള പകയെന്താ...??? കണ്ടുപിടിച്ചേ മതിയാകൂ.... ഒന്നുറപ്പാണ് അവന്റെ പോക്ക് നേർവഴിക്കല്ല. അതിന്റെ കാരണം കണ്ടുപിടിച്ചേമതിയാകൂ. അല്ലെങ്കിൽ പകയും പ്രതികാരവുമായി നടന്ന് ഒടുവിൽ എന്നന്നേക്കുമായി അവനെയെനിക്ക് നഷ്ടപ്പെടും. " ആലോചനയോടെ ജ്യോതി കിടക്കയിലേക്ക് ഇരുന്നു. " എന്താ വൈശാഖ് എത്ര നാളായി ഞാൻ നിന്റെ പിന്നാലെയിങ്ങനെ നടക്കുന്നു. എന്നിട്ടും ഒരല്പം സ്നേഹം പോലും നിനക്കെന്നോട് തോന്നുന്നില്ലേ...??? ഒരിറ്റ് സഹതാപം പോലും ഇല്ലേ നിനക്കെന്നോട്...??? " ചോദിക്കുമ്പോൾ ജ്യോതിയുടെ മിഴികൾ കലങ്ങിയിരുന്നു. അപ്പോഴും അവന്റെ ചുണ്ടിലാ ആരെയോ തോൽപ്പിക്കാനുള്ള അവജ്ഞ നിറഞ്ഞ ചിരി തന്നെയായിരുന്നു.

" നിന്നോട് ഞാനെത്ര തവണ പറഞ്ഞതാണ് ജോ എനിക്ക് ഒരുപാട് ലക്ഷ്യങ്ങളുണ്ട്. അതിനിടയിൽ നീയെന്നല്ല ഒരു പെണ്ണിനേയും സ്നേഹിക്കാനോ ഒപ്പം കൂട്ടാനൊ എനിക്ക് കഴിയില്ല. നിന്നോടെനിക്ക് സ്നേഹമില്ലെന്ന് പറഞ്ഞാൽ അത് നുണയാകും. സ്നേഹമുണ്ട്.... പക്ഷേ അതൊരിക്കലും നിന്നെയെന്നോട് ചേർത്തുപിടിക്കാൻ മാത്രം വളർന്നിട്ടില്ല. വളർത്തില്ല ഞാൻ...... നിന്റെ കഴുത്തിലൊരു താലി കെട്ടിയാലും ഒരു ഭർത്താവിൽ നിന്നും ലഭിക്കേണ്ട ഒന്നുംതന്നെ നിനക്കെന്നിൽ നിന്നും ലഭിക്കില്ല. എന്റെ ലക്ഷ്യങ്ങൾ പൂർത്തിയാവാതെ ഒരു പെണ്ണിനേയും ഞാനെന്നോട് ചേർക്കില്ല. " അവനത് പറഞ്ഞതും അവളുടെ മിഴികൾ നിറഞ്ഞൊഴുകി. എങ്കിലും വാശിയോടതിനെ അമർത്തി തുടച്ചവൾ. " ഞാൻ കാത്തിരുന്നോളാം വൈശാഖ്.... നീയെന്നെ തേടിവരുന്ന ആ നിമിഷം വരെ ഞാൻ കാത്തിരുന്നോളാം.... " പറഞ്ഞിട്ട് അവനെന്തെങ്കിലും ന്യായം പറയാൻ അവസരം നൽകാതെ അവൾ തിരിഞ്ഞുനടന്നു. അപ്പോഴായിരുന്നു വൈശാഖിന്റെ തലയിലെന്തോ ഒന്ന് മിന്നി മാഞ്ഞത്.

അതവന്റെ ചുണ്ടിലൊരു പുഞ്ചിരി പടർത്തി. പെട്ടന്നായിരുന്നു മുന്നോട്ട് നടന്ന ജ്യോതിയുടെ കൈത്തണ്ടയിലൊരു പിടിവീണത്. " വൈശാഖ്..... " തന്റെ തൊട്ടരികിൽ നിൽക്കുന്നവന്റെ മിഴികളിലേക്ക് നോക്കി അവൾ പകച്ചുനിന്നു. " ഞാൻ..... എന്റെ കൈകൊണ്ടൊരു താലി അതല്ലെ നിനക്ക് വേണ്ടത്. അത് ഞാൻ ചെയ്യാം പക്ഷേ..... എന്റെ ലക്ഷ്യങ്ങൾ പൂർത്തിയാകും വരെ മറ്റൊന്നും എന്നിൽ നിന്നും നീ പ്രതീക്ഷിക്കരുത്. പിന്നെ എന്റെ ലക്ഷ്യങ്ങളിലേക്കെത്താൻ ഒരു മറുചോദ്യം പോലും ചോദിക്കാതെ ചിലപ്പോൾ നിനക്കെന്നേ സഹായിക്കേണ്ടി വരും. എല്ലാം നമുക്ക് വേണ്ടിയാണെന്നോർത്ത് എന്റെ കൂടെ നിൽക്കാൻ നിനക്ക് സമ്മതമാണെങ്കിൽ ഈ നിമിഷം മുതൽ നീയെന്റെ പെണ്ണാണ്.... " അവന്റെയാ വാക്കുകൾ വിശ്വസിക്കാൻ കഴിയാതെ ഒരുനിമിഷമവൾ തരിച്ചുനിന്നു. വർഷം ഒന്നര കഴിഞ്ഞു അവന്റെ പിന്നാലെയിങ്ങനെ. ഇത്രയും നാളുകൾക്കിടയിൽ ആദ്യമാണ് അവനിൽ നിന്നും ഇങ്ങനെയൊരു നീക്കമെന്നോർക്കേ സന്തോഷം കൊണ്ടവളുടെ മിഴികൾ നിറഞ്ഞുതൂകി.

" വൈശാഖ്...... മതി. ഇത്രയും മതി. എന്റെ കൂടെയുണ്ടായാൽ മാത്രം മതിയെനിക്ക്. മറ്റൊന്നും വേണ്ട. നിനക്കൊപ്പമൊരു ജീവിതത്തിനായി എത്രകാലം വേണമെങ്കിലും ഞാൻ കാത്തിരുന്നോളാം. " അവന്റെ നെഞ്ചിലേക്ക് വീണവനെ മുറുകെ പുണർന്നുകൊണ്ടവൾ പറയുമ്പോൾ തന്റെ ലക്ഷ്യത്തിലേക്കുള്ള പുതിയ ഏതോ വഴി തുറന്നുകിട്ടിയ സന്തോഷത്തോടെ അവന്റെ കൈകളുമവളെ ചേർത്തുപിടിച്ചു. " ജ്യോതി..... " താഴെ നിന്നും അരുന്ധതിയുടെ വിളി കേട്ടപ്പോഴായിരുന്നു ജ്യോതി ചിന്തകളിൽ നിന്നുമുണർന്നത്. " ദാ വരുന്നാന്റി.... " വിളിച്ചുപറഞ്ഞുകൊണ്ട് താൻ കൈവെള്ളയിലമർത്തിപ്പിടിച്ചിരുന്ന താലി മാലയിലേക്ക് ഒരിക്കൽ കൂടിയൊന്ന് നോക്കി അത്‌ മാറിലേക്ക് ചേർത്തുവച്ചൊന്ന് നെടുവീർപ്പിട്ടുകൊണ്ട് അവൾ വേഗം താഴേക്ക് പോയി. പുറത്തെ ഇരുളിലേക്ക് നോക്കി ചാരു വെറുതേ ബാൽക്കണിയിലങ്ങനെ ഇരിക്കുമ്പോഴായിരുന്നു

താഴെ സിദ്ധുവിന്റെ കാറ് വന്നുനിന്നത്. അതുവരെ അവനെയൊന്ന് കാണാൻ വെമ്പി നിൽക്കുകയായിരുന്നുവെങ്കിലും കാറിൽ നിന്നിറങ്ങിയവനെ കണ്ടതും ദേഹമാകെയൊരു വിറയൽ പടരും പോലെ തോന്നിയവൾക്ക്. ആകെപ്പാടെയൊരു വെപ്രാളവും പരവേശവും കൊണ്ട് എങ്ങനവന്റെ മുന്നിലേക്ക് പോകുമെന്നോർത്ത് അവളവിടെത്തന്നിരുന്നു. " ആഹാ കണ്ണൻ വന്നല്ലോ..... " അവൻ കയറി വന്നതും ഹാളിൽ നിരന്നിരുന്നെന്തോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന എല്ലാവരും ഒരുപോലെ ചിരിച്ചു. സിദ്ധുവിന്റെ കണ്ണുകളാണെങ്കിൽ തേടിക്കൊണ്ടിരുന്നത് മുഴുവനും ചാരുവിനെയും. " എന്താ എല്ലാരും കൂടൊരു ചർച്ച....???" പുഞ്ചിരിയോടവൻ ചോദിച്ചു.

" ഓഹ് ഒന്നുല്ല ചാരുനെ നാളെയൊന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോകുന്ന കാര്യം പറയുവായിരുന്നു. " സഞ്ജയ്‌ ആയിരുന്നു. " ഹോസ്പിറ്റലിലോ അതിനവൾക്കെന്താ.... വയ്യേ...??? അപ്പൊ അതിനാരുന്നോ അവൾ നേരത്തെയെന്നെ വിളിച്ചത് ..... " വെപ്രാളത്തോടെ സിദ്ധു ചോദിക്കുന്നത് കണ്ട് ചിരിയടക്കിയിരിക്കുകയായിരുന്നു എല്ലാവരും. " എന്താമ്മേ അവൾക്കെന്തുപറ്റി....???? " അരുന്ധതിയെ നോക്കി അവൻ ചോദിച്ചു. " നീ തന്നെ ചെന്ന് ചോദിക്ക്. അവൾ റൂമിലുണ്ട് ഒട്ടും വയ്യാരുന്നു ഇന്ന് കിടക്കാ.... " അരുന്ധതി പറഞ്ഞതും പിന്നീടൊന്നും കേൾക്കാൻ നിൽക്കാതെ അവൻ വേഗത്തിൽ മുകളിലേക്ക് കയറിപ്പോയി. " ചാരു.... ചാരു..... കിടക്കുവാണെന്ന് പറഞ്ഞിട്ട് ഇവളിതെവിടെപ്പോയി...??? " തങ്ങളുടെ ബെഡ്റൂമിലേക്ക് വന്നുകയറിയപ്പോൾ ചാരുവിനെ അവിടെ കാണാതെ സിദ്ധു പറഞ്ഞു. അവന്റെയാ പറച്ചിലൊക്കെ കേട്ടെങ്കിലും ഇരുന്നിടത്ത് നിന്നൊന്നെണീക്കാൻ പോലും ശ്രമിക്കാതെ കാൽമുട്ടിൽ മുഖം പൂഴ്ത്തി അവളങ്ങനെയിരുന്നു .

" അതുശരി വയ്യെന്ന് പറഞ്ഞിട്ടിവള് പുറത്തിറങ്ങി മഞ്ഞും കൊണ്ടിരിക്കുവാണോ.... " ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നുകിടക്കുന്നത് കണ്ടിട്ടാവണം പറഞ്ഞുകൊണ്ട് അവനങ്ങോട്ട് വരുന്നതറിഞ്ഞതും ചാരുവിന്റെ നെഞ്ചിടിപിന്റെ വേഗതയേറി. " ചാരു..... എന്തുപറ്റി എന്താ നിനക്ക് ???" വാതിൽക്കടന്നവളുടെ അരികിലേക്ക് വന്നുകൊണ്ട് സിദ്ധു ചോദിച്ചു. പക്ഷേ അവളപ്പോഴും അതേയിരുപ്പ് തന്നെയായിരുന്നു. " ഡീ നീയെന്താ ഇങ്ങനിരിക്കുന്നെ ???? " അരികിലേക്കിരുന്നവളുടെ തല പിടിച്ചുയർത്തി അവൻ ചോദിച്ചതും ചാരുവാ മുഖത്തേക്ക് നോക്കാതെ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി അവനെ ഇറുക്കെ പുണർന്നു. പ്രതീക്ഷിച്ചിരുന്നില്ലയെങ്കിലും സിദ്ധുവൊരു പുഞ്ചിരിയോടവളേ ചേർത്തുപിടിച്ചു. " എന്താടാ എന്തുപറ്റി....??? വയ്യേ എങ്കിൽ ഹോസ്പിറ്റലിൽ പോകാം.... " " വേണ്ട.... ഹോസ്പിറ്റലിലൊക്കെ പോയി. " വളരെ നേർത്ത സ്വരത്തിൽ അവൾ മൊഴിഞ്ഞു. " എന്നിട്ട് ഡോക്ടറെന്ത് പറഞ്ഞു....??? " അവൻ ചോദിച്ചതും തന്നിൽ മുറുകിയിരുന്ന അവന്റെ വലംകൈ പിടിച്ചവൾ തന്റെ ടോപ്പുയർത്തി നഗ്നമായ വയറിൽ വച്ചു.

പിന്നെ മുഖമുയർത്തി അവനെ നോക്കി. " എന്താടി ചൂടുണ്..... ഏഹ്..... സത്യാണോ....??? " ഒരുനിമിഷമൊന്ന് പകച്ചുപോയ അവന്റെയാ ചോദ്യത്തിലുണ്ടായിരുന്നു അവനിലേ സന്തോഷം മുഴുവൻ. അതറിഞ്ഞ് അതേയെന്ന അർഥത്തിൽ തല കുലുക്കിയ ചാരുവിനെ ചേർത്തുപിടിച്ച് ആ മുഖം മുഴുവൻ ചുംബനങ്ങൾകൊണ്ട് മൂടുമ്പോൾ സിദ്ധുവിന്റെ മിഴികളും നനഞ്ഞിരുന്നു. " ശോ ഞാനിപ്പോ എന്താടി നിനക്ക് തരിക..... എന്റെ കുഞ്ഞ്.... " അവനവളുടെ വയറിൽ തലോടിക്കൊണ്ട്‌ പിറുപിറുത്തു. പിന്നെ അവളെ ചേർത്തുപിടിച്ച് ആ മുഖത്ത് മുഴുവൻ ചുംബിച്ചു. " നമ്മുടെ ജീവിതത്തിലെ ഈ സന്തോഷം ആദ്യം കണ്ണേട്ടനോട്‌ പറയണം എന്ന് ഞാനെപ്പോഴും ആഗ്രഹിക്കുമായിരുന്നു. പക്ഷേ.... " അത് പറഞ്ഞപ്പോ അവളുടെ മുഖം വാടി. അതുകണ്ട് സിദ്ധു പുഞ്ചിരിച്ചു. " പോട്ടെടി പെണ്ണേ എന്തായാലും എന്റെ ചീവീട് ഹാപ്പിയല്ലേ.... " " ഒത്തിരി..... " അവന്റെ കഴുത്തിൽ കയ്യിട്ട് കെട്ടിപ്പിടിച്ചാ കവിളിൽ അമർത്തി ചുംബിച്ചുകൊണ്ട് അവൾ പറഞ്ഞു. " അതേ എന്റെ മോളെവിടെ.....??? "

അവളുടെ വയറിലൂടെ പതിയെ ഒന്ന് തഴുകിക്കൊണ്ട് അവൻ നേർത്ത സ്വരത്തിൽ ചോദിച്ചതും പൂത്തുലഞ്ഞുപോയിരുന്നു ആ പെണ്ണ്. അവൾ വീണ്ടും അവന്റെ മാറിലേക്ക് മുഖം പൂഴ്ത്തി. സിദ്ധുവിന്റെ കൈകളും അവളെ ചേർത്തുപിടിച്ചു തലോടി. " എന്തുപറ്റി നീയെന്താ ഇന്നുറങ്ങുന്നില്ലേ....???? " സാധാരണ കിടക്കുന്ന സമയമായിട്ടും കിടക്കാതെ എന്തോ ചിന്തിച്ചിരിക്കുകയായിരുന്ന മൃദുവിനെ നോക്കി സഞ്ജയ്‌ ചോദിച്ചു. " എനിക്കെന്തോ ഉറക്കം വരുന്നില്ല സഞ്ജുവേട്ടാ...... " " അതെന്തുപറ്റി....??? " അവളുടെ മടിയിലേക്ക് തല വച്ചുകിടന്നുകൊണ്ട് അവൻ ചോദിച്ചു. " നമുക്ക് നല്ലൊരു ഡോക്ടറെ കണ്ടാല്ലോ സഞ്ജുവേട്ടാ.... " " എന്തിന് അതിന് നിനക്കെന്താ അസുഖം....??? " അവനമ്പരപ്പോടെ ചോദിച്ചു. അവന്റെ മുടിയിഴകളിലൂടെ ഓടിത്തുടങ്ങിയിരുന്ന മൃദുലയുടെ വിരലുകൾ പെട്ടന്ന് നിശ്ചലമായി. " നമുക്ക് നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കാണാം സഞ്ജുവേട്ട. ചാരുവിനും സിദ്ധുവിനും ഒരു കുഞ്ഞുണ്ടാവാൻ പോവാ. നമുക്കും വേണ്ടേ സഞ്ജുവേട്ടാ അങ്ങനൊരു ഭാഗ്യം.....

നമ്മുടെ വിവാഹം കഴിഞ്ഞിട്ടിപ്പോ വർഷം നാല് കഴിഞ്ഞില്ലേ. ഇതുവരെ നമുക്കൊരു കുഞ്ഞിനെ..... " " ഡീ പെണ്ണേ നിനക്കിതെന്തുപറ്റി പെട്ടന്ന്...??? " അവളുടെ വായ മൂടിക്കൊണ്ട്‌ അവൻ ചോദിച്ചു. " നമുക്കും വേണ്ടേ സഞ്ജുവേട്ടാ കൊഞ്ചിക്കാനും ലാളിക്കാനുമൊക്കെ ഒരു കുഞ്ഞ്.....??? " " വേണം.... പക്ഷേ അതിന്റെ പേരിൽ നീയിങ്ങനെ വിഷമിക്കേണ്ട കാര്യമൊന്നുല്ല. കുഞ്ഞുങ്ങളുണ്ടാവുന്നതൊക്കെ അതിന്റെ സമയത്തങ്ങ് നടന്നോളും. അല്ലേ തന്നെ നമുക്ക് മൂക്കിൽ പല്ലൊന്നും വന്നിട്ടില്ലല്ലോ. " അവളുടെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ച് വയറിൽ മുഖമമർത്തി ചുംബിച്ചുകൊണ്ട് അവൻ പറഞ്ഞെങ്കിലും മൃദുലയുടെ ചിന്തകൾക്കൊന്നുമൊരു മാറ്റമുണ്ടായിരുന്നില്ല. " ഏട്ടൻ പറഞ്ഞതൊക്കെ നേരാ.... എന്നാലും നമുക്കൊരു ഡോക്ടറെ കാണണം സഞ്ജുവേട്ടാ. ചാരു അമ്മയായിട്ടും എനിക്കാ ഭാഗ്യമുണ്ടായില്ലെങ്കിൽ....." അവളുടെ വാക്കുകൾ പാതിയിൽ മുറിഞ്ഞു. " മൃദു എന്താടി ഇത്.... ഇത്രേയുള്ളൊ നീ.....??? ശെരി നമുക്ക് നല്ലൊരു ഡോക്ടറെ കാണാം. ഇനിയതിന്റെ പേരിൽ കണ്ണ് നിറയ്ക്കണ്ട. ഞാനില്ലേ പെണ്ണേ നിന്റൊപ്പം. "

എണീറ്റിരുന്നവളെ ചേർത്തുപിടിച്ച് നെറുകയിൽ ഉമ്മവച്ചുകൊണ്ട് അവൻ പറഞ്ഞു. പിറ്റേദിവസം രാവിലെ അമ്പലത്തിൽ പോയിട്ട് അരുന്ധതിയും മൃദുലയും കൂടി നേരെ പോയത് സ്മൃതിയിലേക്കായിരുന്നു. അവർ ചെല്ലുമ്പോൾ സിറ്റൗട്ടിലിരുന്ന് പത്രം വായിക്കുന്നുണ്ടായിരുന്നു ശിവപ്രസാദ്. " ആഹാ എന്താ രണ്ടാളും കൂടി രാവിലെ തന്നെ ??? നരേന്ദ്രൻ വന്നില്ലേ....??? " അവരെ കണ്ടയുടനെ പത്രം മടക്കി ടീപ്പോയിലേക്ക് ഇട്ടുകൊണ്ട് അയാൾ ചോദിച്ചു. " ഇല്ല ഞങ്ങൾ അമ്പലത്തിൽ പോയിട്ട് വരുന്ന വഴിയാ. ഞങ്ങളിറങ്ങുമ്പോ നരേട്ടനെണീറ്റിട്ടുകൂടിയുണ്ടായിരുന്നില്ല. " അരുന്ധതിയായിരുന്നു മറുപടി പറഞ്ഞത്. " ആഹാ ഇതാരൊക്കെയാ.... കേറി വാ. ഞാൻ ചായയിടാം. " അവരുടെ സംസാരം കേട്ടുകൊണ്ട് അങ്ങോട്ട് വന്ന സീതയായിരുന്നു അത്. " നിക്ക് നിക്ക്... ഞങ്ങള് വന്നത് ഒരു സന്തോഷമുള്ള കാര്യം പറയാനാ. അത്‌ പറഞ്ഞാലുടനെ ഞങ്ങളിറങ്ങും. കൂടുതൽ വളച്ചുചുറ്റാനുള്ള ക്ഷമയെനിക്കില്ലാ അതുകൊണ്ട് നേരെ കാര്യമങ്ങ് പറഞ്ഞേക്കാം. ചാരുമോൾക്ക് വിശേഷമുണ്ട്. "

സന്തോഷത്തോടെ അരുന്ധതി പറഞ്ഞതും സീതയുടെ മിഴികൾ വിടർന്നു. " സത്യാണോ അരുന്ധതി....??? " സീതയോടിവന്നവരുടെ കൈകൾ കവർന്നുകൊണ്ട് ചോദിച്ചു. ശിവപ്രസാദും ഇരുപ്പിടത്തിൽ നിന്നെണീറ്റ് അവരുടെ മറുപടിക്കായി കാത്തുനിന്നു. " അതേയാന്റി..... ഇന്നലെ ഞങ്ങൾ ഹോസ്പിറ്റലിൽ കൊണ്ടുപോയി കൺഫോം ചെയ്തതാണ്. കുറച്ചുദിവസമായി അവൾക്കൊരു ക്ഷീണമൊക്കെ ഉണ്ടായിരുന്നു. ഇന്നലെയൊന്ന് തലചുറ്റി വീണു. അങ്ങനെ ഹോസ്പിറ്റലിൽ കൊണ്ടുപോയപ്പഴാ അറിഞ്ഞത്. " മൃദുല പറഞ്ഞതും സന്തോഷം കൊണ്ട് സീതയുടെ മിഴികൾ നിറഞ്ഞു. " എന്റെ മോള്..... എനിക്കിപ്പോ തന്നവളെ കാണണം. " അവർ ഭർത്താവിനെ നോക്കി പറഞ്ഞു. " നമുക്ക് പോകാഡോ.... ഇന്ന് തന്നെ പോകാം. " " ആഹ് എന്നാ ഞങ്ങളിറങ്ങട്ടെ...... ചെന്നിട്ട് വേണം ബ്രേക്ക്‌ ഫാസ്റ്റ് ഒക്കെ നോക്കാൻ. നിങ്ങള് ഇന്നുതന്നെ അങ്ങോട്ട് വരുമല്ലോ. ഇന്ന് നമുക്കവിടെ കൂടാം. " അരുന്ധതി പറഞ്ഞത് സമ്മതമെന്നത് പോലെ അവരിരുവരും പുഞ്ചിരിച്ചു.

അന്നുച്ചയോടെ സിദ്ധുവിന്റെ കാറ് വരുന്ന ഒച്ച കേട്ടുകൊണ്ടായിരുന്നു അകത്തെവിടെനിന്നൊ ചാരുവോടി പൂമുഖത്തേക്ക് വന്നത്. അപ്പോഴേക്കും അവൻ അകത്തേക്ക് വന്നിരുന്നു. " പതിയെ വന്നാപ്പോരെ പെണ്ണേ...... അമ്മ കാണണ്ട നീയിങ്ങനെ ഓടിച്ചാടി നടക്കുന്നത്..... " അരികിൽ വന്നവളോടായി അവൻ പറഞ്ഞു. " ഓഹ് അമ്മ കണ്ടൊന്നൂല്ല. ഇനി കണ്ണേട്ടനായിട്ട് പറയാതിരുന്നാ മതി. അല്ല കണ്ണേട്ടനെന്താ ഈ നേരത്ത്.... " " ആഹ് എനിക്കിവിടടുത്തൊരു പരിപാടി ഉണ്ടായിരുന്നു.. അത് കഴിഞ്ഞപ്പോ ഒന്ന് കയറിയിട്ട് പോകാമെന്നുകരുതി. " പറഞ്ഞിട്ടവനകത്തേക്ക് നടന്നു. അപ്പോഴേക്കും അരുന്ധതിയും അങ്ങോട്ട് വന്നു. " ആഹ് നീ വന്നോ....നീയിരിക്ക് ഞാൻ ചോറെടുക്കാം. മോളെ മൃദു..... " അവർ വേഗം അടുക്കളയിലേക്ക് പോയി. സിദ്ധു കൈ കഴുകി കഴിക്കാനിരുന്ന നേരത്ത് തന്നെയായിരുന്നു കയ്യിലെന്തൊക്കെയോ കവറുകളുമൊക്കെയായി ശിവപ്രസാദും സീതയും കയറിവന്നത്. " മോളെ ചാരു.... " അകത്തേക്ക് വന്നതും സിദ്ധുവിന്റെയരികിലിരിക്കുകയായിരുന്ന ചാരുവിനെക്കണ്ട് സീത വിളിച്ചു

. " അമ്മേ.... " അവളോടിവന്നവരെ കെട്ടിപ്പിടിച്ചു. " ഇത്രേം നല്ലൊരു വിശേഷമുണ്ടായിട്ട് എന്റെ മോൾക്കോ മരുമോനോ ഒന്ന് വിളിച്ചുപറയാൻ പോലും തോന്നിയില്ല. " അരികിൽ വന്ന ചാരുവിനെ ചേർത്തുപിടിച്ചെങ്കിലും പരിഭവത്തോടെ സീത പറഞ്ഞു. അതുകേട്ട് ഒരു ചമ്മിയ ചിരിയോടെ സിദ്ധു മുഖം കുനിച്ചു. ചാരുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. " അത്‌ ഞങ്ങടെ കുറ്റമല്ലമ്മേ അമ്മയാ പറഞ്ഞത്. ഫോൺ വിളിച്ച് പറയണ്ടാ അമ്മ തന്നെ നേരിൽ പോയി പറഞ്ഞോളാമെന്ന്.. " അരുന്ധതിയെ നോക്കി ചാരു പറഞ്ഞതും എല്ലാവരും പുഞ്ചിരിച്ചു. ശിവപ്രസാദും ചാരുവിനെ ചേർത്തുപിടിച്ചവളുടെ നെറുകയിൽ മുകർന്നു. പക്ഷേ ഇതൊക്കെ കണ്ട് വല്ലാത്തൊരവസ്ഥയിൽ നിൽക്കുകയായിരുന്നു മൃദുല. ഉള്ളിലെവിടെയൊക്കെയോ ഒരു കുഞ്ഞു നോവൂറിക്കൂടി നിമിഷം പ്രതി അതിന്റെ കനം കൂടുന്നതവളറിഞ്ഞു. കുറച്ചുനേരം കൂടി ചിരിയണിഞ്ഞവിടെ നിൽക്കാൻ ശ്രമിച്ചിട്ടത് പരാജയപ്പെട്ടിട്ടെന്നപോൽ അവൾ പതിയെ തന്റെ മുറിയിലേക്ക് നടന്നു. അവിടെയുണ്ടായിരുന്നവരാരുമൊട്ടത് ശ്രദ്ധിച്ചതുമില്ല. തന്റെ മുറിയിലെത്തി വാതിലടക്കുമ്പോൾ അവളുടെ ഉള്ളിലെവിടെയോ മറ്റൊരു മൃദുല തല പൊക്കുകയായിരുന്നു. ആരോടൊക്കെയോ ഉള്ള പകയോ പ്രതികാരമോ ഒക്കെക്കൊണ്ട്‌ അവൾ നീറിപ്പുകഞ്ഞുകൊണ്ടിരുന്നു...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story