കാവ്യമയൂരം: ഭാഗം 36

kavyamayooram

രചന: അഭിരാമി ആമി

" മൃദു എവിടെ.....??? " ഭക്ഷണം കഴിക്കാൻ നേരം മൃദുലയേ കാണാതെ അരുന്ധതി ചോദിച്ചു. അപ്പോഴായിരുന്നു എല്ലാവരും അവളെപ്പറ്റി ചിന്തിച്ചത്. " മുറിയിലുണ്ടാവും ഞാൻ പോയി വിളിച്ചിട്ട് വരാമ്മേ..... " പറഞ്ഞുകൊണ്ട് ചാരു മുകളിലേക്ക് നടന്നു. " മൃദുവേടത്തി.... " വാതിലിന് പുറത്തുനിന്നും ചാരുവിന്റെ വിളി കേട്ടതും ബെഡിലൊരു ഭ്രാന്തിയെപ്പോലെ ഇരുന്നിരുന്ന മൃദുല ഞെട്ടിയെണീറ്റു. പല്ല് കടിച്ചുകൊണ്ടവൾ മുഖമമർത്തി തുടച്ചുകൊണ്ട് ചെന്ന് വാതിൽ തുറന്നു. " ഏട്ടത്തിയെന്താ ഇങ്ങ് പോന്നത്. വാ അവിടെല്ലാരും ആഹാരം കഴിക്കാനിരുന്നു. " അവളെക്കണ്ടതും പുറത്ത് കാത്തുനിന്നിരുന്ന ചാരു പറഞ്ഞു. അത്‌ കേട്ട് മൃദുല വരുത്തിക്കൂട്ടിയൊന്ന് ചിരിച്ചു. " എനിക്കൊരു തലവേദന തോന്നി അതാ ഞാനിങ്ങ് പോന്നത്. " റൂമിന്റെ വാതിൽ ചാരിക്കൊണ്ട് അവൾ പറഞ്ഞു. " ഹോസ്പിറ്റലിൽ പോണോ ഏട്ടത്തി...?? " അവളുടെ ഉള്ളിൽ നുരഞ്ഞുപതഞ്ഞുകൊണ്ടിരുന്ന വിഷത്തിന്റെ തീവ്രതയറിയാതെ ചാരു ചോദിച്ചു. " ഓഹ് വേണ്ട ചാരു. ഒരു ഗുളിക കഴിച്ചാ മതി. "

" മ്മ്ഹ്.... എങ്കിൽ വേഗം വാ കഴിച്ചിട്ട് വന്നൊന്നുറങ്ങുമ്പോ ശെരിയാകും. " പറഞ്ഞുകൊണ്ട് ചാരു മുന്നേ നടന്നു. പിന്നാലെ കലങ്ങി മറിഞ്ഞ മനസുമായി മൃദുലയും. അവർ സ്റ്റെയർകേസിന് മുകളിലെത്തിയതും മൃദുലയുടെ മിഴികൾ ചുറ്റുപാടുമൊന്ന് പാഞ്ഞുനടന്നു. പിന്നെ ആരും കാണുന്നില്ലെന്നുറപ്പ് വരുത്തി സ്റ്റെപ്പിറങ്ങിത്തുടങ്ങിയിരുന്ന ചാരുവിന്റെ പുറത്തുപിടിച്ചവൾ താഴേക്ക് തള്ളി.. " ചാരൂ.....!!!! " അത്രയുമായപ്പോഴേക്കും ബെഡിൽ കിടക്കുകയായിരുന്ന മൃദുലയൊരു നിലവിളിയോടെ ഞെട്ടിയുണർന്നു. ആദ്യമൊന്ന് പകച്ചുപോയ അവൾ വെപ്രാളപ്പെട്ട് ചുറ്റും നോക്കി. താൻ താങ്കളുടെ റൂമിലാണ് ഉള്ളതെന്നും ഇത്രയും നേരം സംഭവിച്ചതൊക്കെയും സ്വപ്നമായിരുന്നുവെന്നും തിരിച്ചറിഞ്ഞപ്പോൾ വല്ലാത്തൊരാശ്വാസത്തോടെ അവൾ ദീർഘമായൊന്ന് നിശ്വസിച്ചു. വിയർപ്പുരുണ്ടുകൂടിയ മുഖമമർത്തി തുടച്ചു.

" എന്താ ഏട്ടത്തി വിളിച്ചത്....??? എന്തേലും വയ്യായ്കയുണ്ടോ ??? " വാതിൽക്കൽ നിന്നും ചാരുവിന്റെ സ്വരം കേട്ടാണ് അവളങ്ങോട്ട് നോക്കിയത്. " ഇല്ല.... ഇല്ല.... ഒന്നുല്ല. ഞാൻ പിന്നെ.... " അവൾ വിക്കി. " ഏട്ടത്തിക്കിതെന്തുപറ്റി ??? തലവേദന കുറവില്ലേ...??? " ചാരു ചോദിക്കുമ്പോൾ താനുറങ്ങും മുൻപ് എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു മൃദുല. " ഞാനെപ്പഴാ ഇവിടെ വന്നുകിടന്നത്....??? അങ്കിളുമാന്റിയുമൊക്കെ പോയൊ ??? " അവൾ ചോദിച്ചു. " ആഹാ ഇപ്പൊ സമയമെന്തായെന്നറിയോ....?? മണി അഞ്ചുകഴിഞ്ഞു. അമ്മയും അച്ഛനുമൊക്കെ എപ്പോഴെ പോയി. അവര് വന്ന് കുറച്ചുകഴിഞ്ഞപ്പോഴേക്കും ഏട്ടത്തിക്ക് പതിവ് തലവേദന വന്നു.. ഒത്തിരി ശർദിച്ചു. പിന്നെ സഞ്ജുവേട്ടൻ എടുത്തോണ്ട് വന്നാ ഇവിടെ കിടത്തിയത്. പിന്നെ വന്നുനോക്കിയപ്പോഴെല്ലാം ഏട്ടത്തി നല്ല ഉറക്കമായിരുന്നു. "

അവളുടെ അരികിലേക്ക് ഇരുന്നുകൊണ്ട് ചാരു പറഞ്ഞു. അപ്പോഴും സിദ്ധുവും ചാരുവിന്റെ അച്ഛനമ്മമാരും വന്നുകയറിയത് വരെയുള്ള കാര്യങ്ങൾ മാത്രമേ മൃദൂലയുടെ ഉള്ളിലുണ്ടായിരുന്നുള്ളൂ. വർഷങ്ങളായി കൊടിഞ്ഞിയുടെ ശല്യം വളരെ കൂടുതലായിരുന്നു അവൾക്ക്. തല വേദന വന്നാൽ അത്ര നേരത്തേ ഓർമകൾ പോലും നശിക്കും വിധം ആ രോഗമവളിൽ പിടിമുറുക്കിയിരുന്നു. ഇന്നും അത് തന്നെയായിരുന്നു അവൾക്ക് സംഭവിച്ചത്. " ഏട്ടത്തിയെണീക്ക്.... ഉച്ചക്കും ഒന്നും കഴിച്ചില്ലല്ലോ. എന്തെങ്കിലുമൊന്ന് കഴിക്ക്. " ചാരു പറഞ്ഞത് കേട്ട് മൃദുല അവളെത്തന്നെ നോക്കി. " ചാരു..... " മടിയിലിരിക്കുകയായിരുന്ന അവളുടെ കൈവെള്ളയിൽ മുറുകെപിടിച്ചുകൊണ്ട് അവൾ വിളിച്ചു. " എന്താ ഏട്ടത്തി....???? " " അത്..... പിന്നെ..... ഞാനൊരു സ്വപ്നം കണ്ടു. " മടിച്ചുമടിച്ചവൾ പറഞ്ഞു. " എന്താ ചേച്ചി....?? " " അത്‌.....നീ പ്രെഗ്നന്റായ സന്തോഷത്തിൽ എല്ലാവരും നിന്നേ സ്നേഹിക്കുന്ന കണ്ടപ്പോ.... പിന്നെ എനിക്കാ ഭാഗ്യമില്ലെന്നോർത്തപ്പോ.... എനിക്ക് നിന്നോട് വല്ലാത്ത പക തോന്നി. അങ്ങനെ ഞാൻ നിന്നേ സ്റ്റെയറിന്റെ മുകളിന്ന് താഴേക്ക് തള്ളിയിട്ടു. "

പറഞ്ഞുതീരുമ്പോഴേക്കും അവളുടെ മിഴികൾ പൊട്ടിയൊഴുകിയിരുന്നു. അത് കേട്ടിരിക്കെ പെട്ടന്ന് ഒന്ന് പിടഞ്ഞുപോയെങ്കിലും ചാരു പതിയെ ചിരിച്ചു. " എന്തൊക്കെ പൊട്ടത്തരമാ ഏട്ടത്തിയീ ആലോചിച്ച് കൂട്ടിയത്....??? " അവൾ ചിരിയോടെ ചോദിച്ചു.. " ഇല്ല മോളെ സ്വപ്നത്തിൽ പോലും ഞാനങ്ങനൊന്നും..... " അവൾ വിതുമ്പി. " അയ്യേ എന്താ ചേച്ചിയിത്..... വെറുതേ എന്തേലുമൊരു സ്വപ്നം കണ്ടെന്ന് കരുതി കരയുന്നോ. വന്നെ എന്തെങ്കിലും കഴിക്കാം. " അവളുടെ കയ്യിൽ പിടിച്ചെണീപ്പിച്ചുകൊണ്ട് ചാരു വിളിച്ചു. അവളുടെ പിന്നാലെ അനുസരണയുള്ളൊരു കുട്ടിയേപ്പോലെ നടക്കുമ്പോഴും ആ സ്വപ്നം സമ്മാനിച്ച ഭയം വിട്ടുമാറിയിരുന്നില്ല മൃദൂലയിൽ നിന്നും. 💕💕 💕💕 💕💕 💕💕 " എന്റെ മനസ്സിൽ ചാരു ഇപ്പോഴും നമ്മുടെ പൊടിയാ.... പക്ഷേ ഇന്ന് നമ്മുടെ മോളും ഒരമ്മയായി അല്ലേ ശിവേട്ടാ.... " രാത്രിയുടെ നിശബ്ദതയിൽ സിറ്റൗട്ടിലിരുന്ന് തെളിഞ്ഞ ആകാശം നോക്കിയിരിക്കുമ്പോൾ ശിവപ്രസാദിനോടായി സീത ചോദിച്ചു. അയാൾ നേർത്ത പുഞ്ചിരിയോടെ ഒന്ന് മൂളി. "

അച്ഛനമ്മമാർക്ക് മക്കളെത്ര വളർന്നാലും , അവർക്കിനിയെത്ര കുട്ടികളുണ്ടായാലും അവർ കുഞ്ഞുങ്ങളല്ലേഡോ.... " " മ്മ്ഹ്..... നമുക്കവളെ കുറച്ച് ദിവസം ഇവിടെ കൊണ്ടുനിർത്തിയാലോ ശിവേട്ടാ.... " സീത പ്രതീക്ഷയോടെ ചോദിച്ചു. " അത് വേണോടോ..... ഇപ്പൊ അവൾക്ക് സന്തോഷം സിദ്ധുവിന്റെ ഒപ്പം തന്നെയായിരിക്കും. അന്നേരത്ത് നമ്മളിവിടെ കൊണ്ട് നിർത്തണോ ??? അവൾക് വരാൻ താല്പര്യമുണ്ടെങ്കിൽ വരട്ടേ. പിന്നെ ഏഴാം മാസം എന്തായാലും നമുക്കവളെ കൂട്ടിക്കോണ്ട് വന്നല്ലേ പറ്റൂ. അതുവരെ അവരൊരുമിച്ച് തന്നെ നിക്കട്ടെ. " " ഓഹ് അതിന് സിദ്ധു എപ്പോഴും അവൾക്കൊപ്പം ഇരിക്കുവല്ലേ.... ചിലപ്പോൾ ഞാനോർക്കും ഈ കല്യാണം വേണ്ടായിരുന്നുന്ന്. " സീത പറഞ്ഞത് കേട്ട് ശിവപ്രസാദ് ഒന്ന് നിവർന്നിരുന്നു. പിന്നെ ചോദ്യഭാവത്തിൽ അവരെ നോക്കി. " അല്ല ഏത് ചടങ്ങായാലും ഫങ്ക്ഷനായാലും നമ്മുടെ മോളൊറ്റയ്ക്ക്. സിദ്ധുനപ്പോഴും ജോലിത്തിരക്ക്. ബർത്ത് ഡേ ഫങ്ക്ഷന്റെ കാര്യം ഏട്ടൻ മറന്നോ.....

പാവം എന്റെ മോൾടെ അന്നത്തെ മുഖം ഇപ്പോഴും എന്റെ ഉള്ളിലുണ്ട്.... " " നീയെന്താ സീതേ കൊച്ചുകുട്ടികളെപ്പോലെ.... സിദ്ധു ഉത്തരവാദിത്തപ്പെട്ട ഒരു ജോലിയിൽ ഇരിക്കുന്ന ആളല്ലേ. അതിന്റേതായ തിരക്കുകളില്ലേ അവന്. അത് മനസ്സിലാക്കുന്നത് കൊണ്ടല്ലേ ചാരു ഒന്നിനും വാശി പിടിക്കാത്തത്. എന്നിട്ടും നീയെന്താ ഇങ്ങനെ...??? പിന്നത് മാത്രമല്ല സിദ്ധുന് നമ്മുടെ മോളോട് സ്നേഹമില്ലെന്ന് പറയാൻ പറ്റോ തനിക്ക്.???? " ആ ചോദ്യങ്ങൾക്കൊക്കെ മൗനമായിരുന്നു സീതയുടെ മറുപടി. കാരണം ചാരുവിന്റെ സന്തോഷങ്ങളിൽ നിന്നുതന്നെ അവർ തിരിച്ചറിഞ്ഞിരുന്നു സിദ്ധുവിനപ്പുറം മറ്റൊരു ലോകം അവൾക്കില്ലെന്ന്. " ഇനി ഇന്നുമുഴുവൻ ഇത് തന്നെ പറഞ്ഞോണ്ടിരിക്കണ്ട വന്ന് കിടക്കാൻ നോക്ക്.... " ഇനിയും ഇരുന്നാ ശെരിയാവില്ലെന്ന് തോന്നിയപ്പോൾ പതിയെ എണീറ്റകത്തേക്ക് നടക്കുമ്പോൾ സീത പറഞ്ഞു. 💕💕 💕💕 💕💕 💕💕

" ഗുഡ് മോർണിംഗ് കണ്ണേട്ടാ..... " രാവിലെ ഉണർന്ന പാടെ പോകാൻ റെഡിയായിക്കൊണ്ട്‌ നിൽക്കുകയായിരുന്ന സിദ്ധുനെ നോക്കി ചാരു പറഞ്ഞു. " ഈ ഉച്ചക്കോ.... എണീറ്റുപോയി കുളിക്കെടി മടിച്ചിക്കോതേ.... " " ഇച്ചിരി കഴിയട്ടെ കണ്ണേട്ടാ... എന്തൊരു തണുപ്പാ.... " അവൾ പുതപ്പ് വലിച്ച് ദേഹം മൂടിയിരുന്നുകൊണ്ട് പറഞ്ഞു. " ഓഹ് ഇവൾടെ വയറ്റിൽ കിടക്കുന്ന എന്റെ കൊച്ചും മടി പിടിച്ചുപോകുമല്ലോ എന്റീശ്വരാ.... " മുകളിലേക്ക് നോക്കി ആരോടെന്നില്ലാതെ സിദ്ധു പറയുന്നത് കേട്ട് അവൾ ചിരിയടക്കി ഇരിക്കുകയായിരുന്നു. " ആഹ് പിന്നേ രാവിലെ നിന്റമ്മ വിളിച്ചാരുന്നു. അവിടമ്പലത്തിൽ എന്തോ വഴിപാടൊക്കെ ഉണ്ട് ഒരുദിവസം നിന്നേയങ്ങോട്ടൊന്ന് വിടാവോന്ന് ചോദിച്ചു. ഒരു ദിവസമാക്കണ്ടാ ഒരാഴ്ച നിർത്തിക്കോളാൻ ഞാനും പറഞ്ഞു. രാവിലെ അച്ഛൻ വരും അതുകൊണ്ട് പൊന്നുമോൾ പോയി റെഡിയായി നിക്ക്....

എനിക്കെ കുറച്ചുതിരക്കുണ്ട്. ഞാനിറങ്ങുവാ...." പറഞ്ഞിട്ട് അവളേ ശ്രദ്ധിക്കാതെ അവൻ പുറത്തേക്ക് പോണത് നോക്കി അന്തം വീട്ടിരിക്കുകയായിരുന്നു ചാരു. മാത്രമല്ല അവന്റെയാ പെരുമാറ്റം ഉള്ളിലെവിടെയൊ ഒരു കുഞ്ഞ് നോവ് നിറയ്ക്കുന്നതവളറിഞ്ഞു. " ആഹ് അല്ലേലും ഞാൻ പോയാൽ കണ്ണേട്ടനെന്താ...... അങ്ങേർക്ക് കളക്ട്രേറ്റുണ്ടല്ലോ. " പിറുപിറുത്തുകൊണ്ടവൾ കട്ടിലിൽ നിന്നെണീറ്റ് ബാത്‌റൂമിലേക്ക് നടക്കാനൊരുങ്ങുമ്പോഴായിരുന്നു പിന്നിൽ നിന്നുമൊരു കൈ വന്നരക്കെട്ടിൽ ചുറ്റിയത്. " അങ്ങനാണോ പെണ്ണേ...... ഞാൻ അച്ഛനെ വിളിച്ചിരുന്നു. അപ്പോ അച്ഛനാ പറഞ്ഞത് അമ്മയിന്നലെ രാത്രി ഉറങ്ങിയിട്ടില്ല നിന്നെയൊന്ന് കൂടെ നിർത്താൻ അത്ര കൊതിയുണ്ടെന്ന്. അതുകൊണ്ടല്ലേ ഞാനങ്ങനെ പറഞ്ഞത്..... " അവളുടെ കഴുത്തിടുക്കിൽ അമർത്തി ചുംബിച്ചുകൊണ്ട് അവൻ പറയുമ്പോൾ കണ്ണുകൾ ഇറുകെ പൂട്ടിയിരുന്നു ചാരു. " അതേ..... ഇങ്ങനെ നിന്നാൽ എന്റെ പോക്ക് മുടങ്ങുമിന്ന്. അതുകൊണ്ട് പിണങ്ങി നിക്കാതെ എന്റെ കുട്ടൻ ചെന്ന് കുളിച്ച് സുന്ദരി കുട്ടിയായിട്ട് നിക്ക്.

നിനക്കെപ്പോ കാണണമെന്ന് തോന്നിയാലും ഞാനോടി വന്നിരിക്കും പ്രോമിസ്.... " അവൻ പറഞ്ഞതും ചാരു തിരിഞ്ഞവനെ കെട്ടിപ്പിടിച്ച് ആ നെഞ്ചിൽ ചുണ്ടമർത്തി. പത്തുമണിയോടെ ശിവപ്രസാദ് വന്നായിരുന്നു ചാരുവിനെ സ്മൃതിയിലേക്ക് കൂട്ടിക്കൊണ്ട് പോയത്. അവളേ പറഞ്ഞുവിടാൻ ഒട്ടും താല്പര്യമുണ്ടായിരുന്നില്ലെങ്കിലും സീതയും ഒരമ്മയാണെന്ന തിരിച്ചറിവിൽ അരുന്ധതിയും മൗനം പാലിച്ചു. ചാരു പോയി കുറച്ചുകഴിഞ്ഞപ്പോഴായിരുന്നു സഞ്ജയ്‌യും മൃദൂലയും കൂടി പുറത്തേക്ക് പോകാൻ റെഡിയായി താഴേക്ക് വന്നത്. " ആഹാ നിങ്ങളിതെങ്ങോട്ടാ....??? " അവരെ കണ്ട് ലിവിങ് റൂമിൽ ഇരിക്കുകയായിരുന്ന നരേന്ദ്രൻ ചോദിച്ചു. " ആഹ് അതച്ഛാ എന്റൊരു ഫ്രണ്ട് ഒരു ഗൈനക്കോളജിസ്റ്റിന്റെ കാര്യം പറഞ്ഞു. അപ്പോൾ ഞങ്ങളൊന്ന് കാണാമെന്ന് കരുതി... " മടിച്ചുമടിച്ചായിരുന്നു സഞ്ജുവിന്റെ മറുപടി. " എന്താ മോളെ പെട്ടന്ന് ഇങ്ങനൊക്കെ ഉള്ളൊരു തോന്നൽ.... നിങ്ങൾ രണ്ടും ചെറുപ്പമല്ലേ.... ഇങ്ങനെ ടെൻഷനടിക്കേണ്ട കാര്യമൊക്കെ ഉണ്ടൊ...??? " മൃദുവിനെ നോക്കി അദ്ദേഹം ചോദിച്ചു.

" വേണമച്ഛാ..... വർഷം നാല് കഴിഞ്ഞില്ലേ ഈ കാത്തിരുപ്പ് തുടങ്ങിയിട്ട്.... ഇനിയും ഇങ്ങനെ പോയാൽ ശെരിയാവില്ലെന്ന് ഞാനാ സഞ്ജുവേട്ടനോട് പറഞ്ഞത്. " മുഖം കുനിച്ചുനിന്നവളെ നോക്കി അദ്ദേഹമൊന്ന് പുഞ്ചിരിച്ചു. " മ്മ്ഹ് നിങ്ങളുടെ തീരുമാനമതാണെങ്കിൽ നടക്കട്ടെ. പക്ഷേ മോളൊന്നോർത്തോ കുഞ്ഞുങ്ങൾ ഉണ്ടാവാൻ ഇത്തിരി താമസിച്ചു എന്ന് കരുതി ഞങ്ങളുടെ മകളെ തള്ളിക്കളയില്ല ഞങ്ങൾ.....ഇനിയഥവാ എന്തേലും കുറ്റവും കുറവുമുണ്ടെങ്കിൽ തന്നെ മക്കളെയങ്ങനെ കളയാൻ പറ്റുമോ അച്ഛനമ്മമാർക്ക്..... ." നേർത്ത ചിരിയോടെ അദ്ദേഹം പറഞ്ഞതും എന്തുകൊണ്ടൊ അവളുടെ മിഴികൾ തൂകിയൊഴുകി. പിന്നെ ചുണ്ടുകൾ കടിച്ചമർത്തി കരയാതിരിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ പുറത്തേക്കൊടി. " മൃദൂ..... " അവളുടെ പിന്നാലെ ചെന്നുകൊണ്ട് സഞ്ജയ് വിളിച്ചു. " നീയെന്തിനാ പെണ്ണേ ഇങ്ങനെ കരയുന്നത്.... കേട്ടില്ലേ അച്ഛൻ പറഞ്ഞത്...??? പിന്നെയും എന്തിനാ ഈ കണ്ണീര് ??? " അവളുടെ പിന്നാലെ വന്ന് വണ്ടിയിലേക്ക് കയറുമ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ടിരിക്കുകയായിരുന്ന അവളേ കണ്ട് സഞ്ജു ചോദിച്ചു.

" സന്തോഷം കൊണ്ടാ സഞ്ജുവേട്ടാ.... ഇതിലും വലിയ എന്ത് ഭാഗ്യമാ ഒരു പെണ്ണിന് കിട്ടാനുള്ളത്. ഇതിനും വേണ്ടി എന്ത് പുണ്യമാ ഞാൻ ചെയ്തത്.... " അവന്റെ മാറിലേക്ക് ചാഞ്ഞ് കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു. അപ്പോഴും സഞ്ജയ്‌ അവളേ ചേർത്ത് പിടിച്ചിരുന്നു. " അല്ല ഇപ്പൊ സമാധാനമായില്ലെ... ഇനി ഹോസ്പിറ്റലിൽ പോണോ....??? " അവളുടെ കരച്ചിലൊന്നടങ്ങിയപ്പോൾ അവൻ ചോദിച്ചു. " വേണം. ഏതവസ്ഥയിലും നമ്മുടെ കുടുംബം എന്നേ കൈ വിടില്ല എന്ന ഉറപ്പെനിക്കുണ്ട്. പക്ഷേ ഇനിയും താമസിച്ചൂടാ നമുക്കും വേണം ലാളിക്കാനും കൊഞ്ചിക്കാനും ഒക്കെ ഒരാൾ.... പിന്നെ അച്ഛനും അമ്മയും നമ്മളെ വിഷമിപ്പിക്കാതിരിക്കാനിങ്ങനെ പറയുന്നുണ്ടെങ്കിലും സഞ്ജുവേട്ടന്റെ കുഞ്ഞിനെ ഓമനിക്കാൻ അവർക്കും കൊതിയുണ്ടാവില്ലേ... അതുകൊണ്ട് ഇനിയും കാത്തിരിക്കണ്ടാ. " അവൾ പറഞ്ഞതെല്ലാം കേട്ട് ആ നെറുകയിൽ ഒന്ന് ചുംബിച്ചിട്ട് സഞ്ജയ്‌ കാറ് മുന്നോട്ടെടുത്തു. 💕💕 💕💕 💕💕 💕💕 " ചാരു..... ''

രാത്രി വീട്ടിലെത്തി ബെഡ് റൂമിലേക്ക് കയറുമ്പോൾ അവളില്ലാത്തതോർക്കാതെ പതിവുപോലെ സിദ്ധു വിളിച്ചു. പക്ഷേ പെട്ടന്ന് തന്നെ യാഥാർദ്യത്തിലേക്ക് മടങ്ങി വന്ന അവന്റെ മുഖമൊന്ന് വാടി. പിന്നെ പതിയെ ബെഡിലേക്കിരുന്ന് ഫോണെടുത്ത് ചാരുവിന്റെ നമ്പറിലേക്ക് വിളിച്ചു. ഒറ്ററിങ്ങിൽ തന്നെ ആ വിളി കാത്തിരുന്നത് പോലെ മറുവശത്ത് കാൾ അറ്റന്റ് ചെയ്തു. " ഉറങ്ങിയോ പെണ്ണേ.... " ആർദ്രമായി അവൻ ചോദിച്ചു. " ഇല്ല.... " നേർത്ത സ്വരത്തിൽ മറുപടിയെത്തി. " എന്തുപറ്റി....??? " " ഉറക്കം വന്നില്ല...." " എന്റെ മോളെവിടെടീ....??? " " ആഹാ അപ്പോ എന്നേ തിരക്കാൻ വിളിച്ചതല്ലല്ലേ.... " ചുണ്ടിലൊരു പുഞ്ചിരിയൊളിപ്പിച്ചുകൊണ്ട് ചോദിക്കുമ്പോൾ ചാരുവിന്റെ കൈകളും വയറിനെ തലോടിയിരുന്നു. " നീയെന്റെ ഒപ്പം തന്നല്ലെടീ എപ്പോഴും.... ആ നിന്നെയെന്ത് തിരക്കാനാ...." അവൻ പറഞ്ഞത് കേട്ട് നിലാവ് പോലവൾ തെളിഞ്ഞ് ചിരിച്ചു. " അതേ പൊന്നുമോൻ പോയി കുളിക്കാൻ നോക്ക്....എനിക്കുറക്കം വരുന്നു. " പിന്നെയും കുറേ നേരം എന്തൊക്കെയൊ സംസാരിച്ചശേഷം അവൾ പറഞ്ഞു.

" ഓഹ് ശെരിയെടി ഭാര്യേ.... എന്റെ മോളെ സൂക്ഷിച്ചോണേഡീ..... " ചിരിയോടെ പറഞ്ഞിട്ടവൻ ഫോൺ വച്ചു. '" വാവേ.... അമ്മേടെ പൊന്നുറങ്ങിയോ....??? ഉറങ്ങല്ലേ അപ്പയിപ്പോ വരും. " തന്റെ കുഞ്ഞ് വയറിൽ പതിയെ തലോടി പുഞ്ചിരിയോടെ ചാരു പറഞ്ഞു. ഇതേ സമയം ധൃതിയിൽ കുളിമുറിയിലേക്ക് ഓടുകയായിരുന്നു സിദ്ധു. " കിടക്കാറായില്ലേ... മണി പത്ത് കഴിഞ്ഞു. " ടീവി യിൽ ന്യൂസ്‌ കണ്ടുകൊണ്ടിരിക്കുകയായിരുന്ന ശിവപ്രസാദിനരികിലേക്ക് വന്നുകൊണ്ട് സീത ചോദിച്ചു. " മ്മ്... മോളുറങ്ങിയോ....??? " " മ്മ്.... ഫോൺ... " സീത പറയാൻ വന്നത് മുഴുവനാക്കും മുന്നേ പുറത്തൊരു വണ്ടി വന്ന ശബ്ദം കേട്ട് അവരിരുവരുടെയും ശ്രദ്ധ അങ്ങോട്ടേക്കായി. " ആരാ ഈ നേരത്ത്....??? " ക്ലോക്കിലേക്കൊന്ന് നോക്കി പിറുപിറുത്തുകൊണ്ട് അയാൾ വാതിലിനരികിലേക്ക് നടന്നു. പിന്നാലെ തന്നെ സീതയുമുണ്ടായിരുന്നു. വാതിൽ തുറന്നതും പുറത്തുനിൽക്കുന്ന ആളെ കണ്ട് ഒരുനിമിഷമവരിരുവരുമൊന്നമ്പരന്നു. " സിദ്ധുവാരുന്നോ.... " സീത ചോദിച്ചു.

" ആഹ്...... അതമ്മേ ഞാൻ പിന്നെ.... ചാരുന്റെ ടാബ്‌ലെറ്റ് എടുക്കാൻ അവൾ മറന്നു അതും കൊണ്ട് വന്നതാ. " വല്ലാത്തൊരു ചമ്മലുണ്ടായിരുന്നെങ്കിലും അവൻ എങ്ങനെയൊക്കെയൊ പറഞ്ഞൊപ്പിച്ചു. " മ്മ്ഹ് എന്തായാലും വന്നതല്ലേ.... ഇന്നിനി ഏതായാലും പോകണ്ട. നാളെ രാവിലെ രണ്ടാളും കൂടി പോയാ മതി. ചാരു മുകളിലുണ്ട്. മോൻ ചെല്ല്. " സീത ചിരിയോടെ പറഞ്ഞു. അത് കേട്ട് സിദ്ധുവൊരു വളിച്ച ചിരിയോടെ അകത്തേക്ക് കയറി. " അതേ മരുമോനെ.... ഒരു വിറ്റാമിൻ ഗുളിക കൊടുക്കാൻ ഈ രാത്രി തന്നെ ഇങ്ങനോടണമാരുന്നോ.....??? " അവൻ മുകളിലേക്കുള്ള സ്റ്റെപ്പ് കയറുന്നതിനിടയിൽ ശിവപ്രസാദ് ഉച്ചത്തിൽ വിളിച്ചുചോദിച്ചു. " അതുപിന്നെ അച്ഛാ ഞാൻ .... ഡോക്ടർ.... '' എന്ത് പറയണമെന്നറിയാതെ അവൻ നിന്ന് വിക്കി. പിന്നൊരു ചമ്മിയ ചിരിയോടെ മുകളിലേക്ക് തന്നെ പോയി. " നിങ്ങക്കിതെന്തിന്റെ കേടാ.... പാവം ചെറുക്കൻ നാണം കെട്ടുപോയി.... " അവൻ പോയതും ഭർത്താവിന്റെ കയ്യിലൊന്ന് നുള്ളിക്കൊണ്ട്‌ സീത ചോദിച്ചു. " നിനക്കിതിന്റെ വല്ല ആവശ്യോമുണ്ടാരുന്നോ എന്റെ സീതേ ഭാഗ്യമായി നമ്മുടെ മരുമോൻ മതില് ചാടി കൈയ്യും കാലുമൊടിക്കാഞ്ഞത്...." പൊട്ടിച്ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞത് കേട്ട് സീതയും പതിയെ ചിരിച്ചു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story