കാവ്യമയൂരം: ഭാഗം 38

kavyamayooram

രചന: അഭിരാമി ആമി

ഉച്ചകഴിഞ്ഞ് ചാരുവിനെ ഡിസ്ചാർജ് ചെയ്ത് ദേവരാഗത്തിലേക്ക് കൊണ്ടുവരുമ്പോൾ സീതയും ശിവപ്രസാദും അവിടെയുണ്ടായിരുന്നു. ചാരുനെ വിളച്ചിട്ട് കിട്ടാതെ അരുന്ധതിയേ ഫോൺ വിളിച്ചപ്പോ അവർ പറഞ്ഞറിഞ്ഞതായിരുന്നു അവിടെ കാര്യങ്ങൾ. " എന്താ മോളെ..... പെട്ടന്നെന്താ ഉണ്ടായേ. രാവിലെ അവിടുന്ന് പോരുമ്പോഴും കുഴപ്പമൊന്നുമുണ്ടായിരുന്നില്ലല്ലോ. " അവളെ സോഫയിലേക്ക് കൊണ്ടുവന്നിരുത്തിയതും അരികിലേക്ക് ചെന്നിരുന്ന് വേവലാതിയോടെ സീത ചോദിച്ചു.. " അറിയില്ലമ്മേ.... എന്തായാലും ഒന്നും സംഭവിച്ചില്ലല്ലോ അമ്മ വിഷമിക്കണ്ട . " അവരെ ആശ്വസിപ്പിച്ചുകൊണ്ട് ചാരു പറഞ്ഞു. അപ്പോഴായിരുന്നു എവിടെയോ പോയിരുന്ന ജ്യോതിയും തിരികെയെത്തിയത്. പതിവില്ലാതെ എല്ലാവരെയും ഹാളിൽ കണ്ട് അവളൊന്നമ്പരന്നു. പിന്നെ വേഗത്തിൽ അകത്തേക്ക് വന്നു. " എന്താ പതിവില്ലാതെ എല്ലാരും കൂടിയൊരു ചർച്ച. " വന്നപാടെ പുഞ്ചിരിയോടവൾ ചോദിച്ചു. " ഓഹ് ഒന്നും പറയണ്ട മോളെ. ചാരുന് ചെറിയൊരു ബ്ലീഡിങ് പോലെ തോന്നി. അങ്ങനെ ഹോസ്പിറ്റലിൽ പോയി വന്നേയുള്ളൂ. " അരുന്ധതിയായിരുന്നു മറുപടി പറഞ്ഞത്.

" അയ്യോ എന്നിട്ടിപ്പോ എങ്ങനെയുണ്ട്....??? " " ഇപ്പൊ കുഴപ്പമൊന്നുല്ല ഡി " തളർച്ചയോടെ സിദ്ധുവിന്റെ നെഞ്ചിൽ ചാരിയിരിക്കുകയായിരുന്ന ചാരു പറഞ്ഞു. " നിന്നോട് ഞാൻ പറയാറില്ലേ ചാരു സൂക്ഷിക്കണമെന്ന്. പറഞ്ഞാൽ കേൾക്കില്ലല്ലോ നീ. ഈ സ്റ്റെപ് കയറിയിറക്കമൊക്കെ ഒഴിവാക്കുന്നതാ നല്ലത്. " " അതേ അത് ഞാനും ഓർത്തു. ഒരു കാര്യം ചെയ്യാം കണ്ണനും ചാരുവും കൂടി തല്ക്കാലം താഴെ ഏതെങ്കിലും റൂമിലേക്ക് മാറ്. ഡെലിവറി കഴിയും വരെ അതാ നല്ലത്. " ജ്യോതി പറഞ്ഞത് ശെരിവെക്കും പോലെ അരുന്ധതിയും പറഞ്ഞു. ചാരുവിന്റെ ആ അവസ്ഥയിൽ ആ തീരുമാനത്തോട് പൂർണമായ യോജിപ്പായിരുന്നു സിദ്ധുവിനും. അതുകൊണ്ട് തന്നെ ആ കാര്യങ്ങളെല്ലാം അവർക്ക് വിട്ട് അവൻ മിണ്ടാതെയിരുന്നു. കുറച്ചുകഴിഞ്ഞപ്പോഴേക്കും മൃദുവും ജ്യോതിയും കൂടി താഴെയുള്ള റൂം വൃത്തിയാക്കി ചാരുവിനെ അവിടെ കൊണ്ട് കിടത്തി. വൈകുന്നേരത്തോടെ സീതയും ശിവപ്രസാദും തിരികെ സ്മൃതിയിലേക്കും പോയിരുന്നു. വൈകുന്നേരം ജ്യോതി കുളി കഴിഞ്ഞിറങ്ങുമ്പോഴായിരുന്നു ഫോൺ റിങ് ചെയ്തത്.

കയ്യിലിരുന്ന തോർത്ത്‌ മുടിയിൽ ചുറ്റിക്കെട്ടി വച്ചിട്ട് അവൾ വേഗമോടിവന്ന് ഫോണെടുത്തു. സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ട് പതിവില്ലാതെ അവളുടെ മുഖമൊന്ന് വാടി. വൈശാഖ് വിളിക്കുന്നതെപ്പോഴും ഈ വീട്ടിൽ നടക്കുന്ന കാര്യങ്ങളറിയാൻ മാത്രമാണല്ലോ. ഒരിക്കൽ പോലും നിനക്ക് സുഖാണോ എന്തെങ്കിലും പ്രശ്നമുണ്ടോ അങ്ങനെ എന്തെങ്കിലുമൊരുവാക്ക് ആ നാവിൽ നിന്നും വരിക പതിവില്ലല്ലോ. സത്യത്തിൽ വൈശാഖിന് വേണ്ടി ഈ വീട്ടിൽ കഴിഞ്ഞുകൊണ്ട് അവർക്കെതിരെ ചാരപ്പണി ചെയ്യുന്ന വെറുമൊരു മൂന്നാംകിട പെണ്ണ്. അതിനപ്പുറം താനാരാ വൈശാഖിന്...??? ഓർത്തുകൊണ്ട് അവൾ കാൾ അറ്റന്റ് ചെയ്തു. " നീയിതെവിടായിരുന്നു....??? " " ഞാൻ കുളിക്കുവാരുന്നു. " അവന്റെ ചോദ്യത്തിന് മറുപടിയായി അവൾ പറഞ്ഞു. " മ്മ്ഹ്.... അവിടെ എന്തുണ്ട്....??? " അവന്റെയാ ചോദ്യം കേട്ട് അവളിൽ ഒരുതരം പുച്ഛമായിരുന്നു തോന്നിയത്. ഒപ്പമില്ലാത്ത ഭാര്യയേ വിളിച്ചിട്ട് അവളെക്കുറിച്ചൊരുവാക്ക്..... അവൾ വെറുതേ ഓർത്തു. " വിശേഷം ഒന്നുല്ല. ചാരു ഹോസ്പിറ്റലിൽ ആയിരുന്നു. "

" എന്തുപറ്റി അവളുടെ വയറ്റിൽ കുരുത്ത അവന്റെയാ സന്തതി ചത്തുതുലഞ്ഞോ.... " " വൈശാഖ്...... !!!! " അറിയാതെ അവൾ വിളിച്ചു. " അലറാതെടി. നിനക്കിപ്പോ എന്താ എന്നേക്കാൾ പ്രിയമാണോ എന്റെ ശത്രുനോടും അവന്റെ ഭാര്യയോടും. ?? " " എനിക്ക് നിന്നിലും മുകളിൽ മറ്റാരുമില്ല വൈശാഖ്. പക്ഷേ കാരണം പോലുമറിയാതെ ഞാനെന്തിനാ ഇവിടിങ്ങനൊരു ചാവേറിനെപ്പോലെ..... പറ ഇനിയെങ്കിലും പറ എന്താ നിനക്ക് സിദ്ധാർഥ് നോടുള്ള പകയുടെ കാരണം.....??? " അവളുടെ സ്വരം വല്ലാതെ ഉയർന്നിരുന്നു. " എന്താടി അവനേപ്പോലെ എനിക്ക് തന്ന വാക്കൊക്കെ സൗകര്യം പോലെ നീയുമങ്ങ് മറന്നോ...?? പക്ഷേ എനിക്ക് നല്ല ഓർമ്മയുണ്ട് എന്റെ ലക്ഷ്യങ്ങൾക്ക് ഒരു മറുചോദ്യം പോലുമില്ലാതെ ഒപ്പം നിൽക്കുന്നതിന് ഞാൻ നിനക്ക് നൽകിയ പ്രതിഫലമാണ് നിന്റെ കഴുത്തിൽ കിടക്കുന്ന എന്റെയാ താലി... അത് സ്വന്തമായ ശേഷം എന്നേ നിന്റെ ഇഷ്ടത്തിന് കൊണ്ടുവരാമെന്നാണ് നിന്റെ ധാരണയെങ്കിൽ ഓർത്തോ അത് ഞാൻ തിരിച്ചെടുക്കും. " പറഞ്ഞതും മറുപുറത്ത് ഫോൺ കട്ടായി.

അപ്പോഴും തകർന്ന അവസ്ഥയിൽ അതേ നില നിൽക്കുകയായിരുന്നു ജ്യോതി. അവളുടെ മിഴികൾ പെയ്തുകൊണ്ടേയിരുന്നു. ഫോൺ ബെഡിലേക്കിട്ട് തേങ്ങിക്കരഞ്ഞുകൊണ്ട് ബെഡിന്റെ സൈഡിൽ നിലത്തേക്കിരിക്കുമ്പോൾ ആറുമാസങ്ങൾക്ക് മുന്നേയുള്ള ആ ദിവസമായിരുന്നു അവളുടെ മനസ്സിൽ നിറയെ. " ജ്യോതി...... നീയിതെന്തിനുള്ള പുറപ്പാടാ....??? " ഒരു ചെറിയ ബാഗുമായി പുറത്തേക്ക് പോകാൻ തുടങ്ങിയ മകളുടെ കയ്യിൽ കടന്നുപിടിച്ചുകൊണ്ട് ശ്രീജ ചോദിച്ചു. " ഞാൻ വൈശാഖിന്റൊപ്പം പോവാ. ഞങ്ങളുടെ ജീവിതം തുടങ്ങേണ്ടത് നിങ്ങളുടെ കൂടെ അനുഗ്രഹത്തോടെയായിരിക്കണമെന്ന് ഞാൻ മോഹിച്ചിരുന്നു. പക്ഷേ നിങ്ങൾക്കൊരിക്കലും അവനേ അംഗീകരിക്കാൻ കഴിയില്ല. അനാഥനായി പോയി എന്നത് ഒരു കുറ്റമല്ലമ്മേ.... " " അനാഥനായിപ്പോയത് ഒരു കുറ്റമാണെന്ന് ഇവിടാരും പറഞ്ഞില്ല ജ്യോതി. അങ്ങനെ സ്വന്തം കാര്യം വരുമ്പോ കൊട്ടാരത്തിൽ ജനിച്ചവരോടേ ബന്ധം കൂടൂ എന്നൊന്നും ചിന്തിക്കുന്നവരല്ല നിന്റച്ചനമ്മമാരെന്ന് നിനക്കറിയാലോ. "

" അങ്ങനെ തന്നെ ആയിരുന്നു എന്റേം ധാരണ.. പക്ഷേ ഇപ്പൊ എന്റെ ജീവിതത്തിന്റെ കാര്യം വന്നപ്പോൾ എന്റെ വിചാരമൊക്കെ തെറ്റായിരുന്നുവെന്ന് എനിക്ക് ബോധ്യപ്പെട്ടമ്മേ..... " പുച്ഛത്തോടൊന്ന് പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞത് കേട്ട് ശ്രീജ നിസ്സഹായതയോടെ കൃഷ്ണകുമാറിനെ നോക്കി. അദ്ദേഹം അപ്പോഴും മൗനമായി തന്നെ ഇരിക്കുകയായിരുന്നു. " നിനക്കെന്താ ജ്യോതി..... ഈ പറയുന്നതൊന്നും നിന്റെ തലയിലോട്ട് കയറുന്നില്ലേ..... ???? അവനേക്കുറിച്ച് അച്ഛൻ തിരക്കിയതാണ്. നീ കരുതും പോലൊന്നുമല്ല അവൻ. അവന്റെ കൂടൊരിക്കലും നീ സമാധാനത്തോടെയോ സന്തോഷത്തോടെയോ ജീവിക്കില്ല. അങ്ങനെ എല്ലാം അറിഞ്ഞുകൊണ്ട് നിന്റെ ജീവിതം അവന് ചവിട്ടി മെതിക്കാനെറിഞ്ഞുകൊടുക്കില്ല ഞങ്ങൾ. " " മതിയമ്മേ..... ഇനിയും എന്റെ മുന്നിൽ വച്ച് അവനേക്കുറിച്ച് ഇങ്ങനെയൊന്നും പറയരുത്. നിങ്ങൾക്കവൻ ചീത്തയായിരിക്കും. പക്ഷേ എന്റെ ജീവിതം അവനിലാണ്. ഞാൻ പോകാൻ തീരുമാനിച്ചു. എന്നേ തടയാൻ അച്ഛനോ അമ്മയോ ശ്രമിക്കണ്ട. " " മോളെ..... "

" ശ്രീജേ..... മതി. അവൾ പൊയ്ക്കോട്ടേ.. അവളുടെ വിശ്വാസം അവളെ രക്ഷിക്കട്ടെ. " " കൃഷ്ണേട്ടാ.... " വിളിച്ചുകൊണ്ട് ഒരാന്തലോടെ അവർ ഭർത്താവിലേക്ക് നോക്കി. " പൊയ്ക്കോട്ടേ ശ്രീജേ..... ഇരുപത്തിമൂന്നുകൊല്ലം ഒപ്പമുണ്ടായിരുന്ന നമ്മളേക്കാൾ അവൾക്ക് വിശ്വാസം അവനേയാണെങ്കിൽ അവളുടെയാ വിശ്വാസം തകരാതിരിക്കട്ടെ. നീ പൊയ്ക്കോ മോളെ നിനക്ക് നല്ലത് മാത്രം വരട്ടേ. " നിറഞ്ഞ മിഴികൾ ഭാര്യയിൽ നിന്നും മകളിൽ നിന്നും മറയ്ക്കാനായ് മറ്റെവിടേക്കോ നോക്കി നിന്നുകൊണ്ട് അയാൾ പറഞ്ഞു.. അതോടെ ശ്രീജയും നിശബ്ദയായി. ആ മിഴികളും നനഞ്ഞിരുന്നു. പിന്നീടൊരുനിമിഷം പോലും പാഴാക്കാതെ അച്ഛനമ്മമാരിരുവരെയും ഒന്ന് നോക്കി ജ്യോതി പുറത്തേക്ക് നടന്നു. ഗേറ്റിന് മുന്നിൽ കാത്തുനിന്നിരുന്ന വൈശാഖിന്റെ കാറിലേക്ക് ചെന്ന് കയറുന്നവളെ നോക്കി സിറ്റൗട്ടിൽ നിൽക്കുമ്പോൾ ഒരുപക്ഷേ ഇതൊരു ദുസ്വപനം മാത്രമായിരിക്കണേയെന്ന് പ്രാർത്ഥിച്ചുപോയിരുന്നു ആ അമ്മ.

പക്ഷേ അതൊന്നും മൈൻഡ് ചെയ്യാതെ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ അവളകത്തേക്ക് കയറി. ആ മാതാപിതാക്കളെ നിസ്സഹായരാക്കിക്കൊണ്ട്‌ ആ കാർ മുന്നോട്ട് കുതിച്ചു. " ടിങ്.... ടിങ്..... ടിങ്..... " ചുവരിൽ തൂക്കിയിരുന്ന ക്ലോക്കിൽ നിന്നും ഉയർന്ന ആ ശബ്ദമായിരുന്നു അവളെ ഓർമ്മകളിൽ നിന്നും തിരികെയെത്തിച്ചത്. കരഞ്ഞുതളർന്ന മിഴികൾ അമർത്തിത്തുടച്ച് അവൾ ക്ലോക്കിലേക്ക് നോക്കി. സമയം ഏഴുകഴിഞ്ഞിരുന്നു അപ്പോഴേക്കും. അതോടെ അവൾ പതിയെ എണീറ്റ് മുടിയൊക്കെയൊന്ന് കോതിയിട്ട് മുഖം കഴുകിയൊരു പൊട്ടുമിട്ട് താഴേക്ക് നടന്നു. അതേസമയം താഴെ ഹാളിലെ സോഫയിൽ സിദ്ധുവിന്റെ മാറിൽ ചാരിയിരിക്കുകയായിരുന്നു ചാരു. തൊട്ടടുത്ത കസേരയിലിരുന്ന് അവരിരുവർക്കും മാമ്പഴം നുറുക്കി കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു അരുന്ധതി.

ഒരുനിമിഷം അവരുടെയാ ഇരുപ്പ് നോക്കി നിന്നുപോയി ജ്യോതി. സിദ്ധുവിന്റെയും ചാരുവിന്റെയും സ്ഥാനത്ത് തന്നെയും വൈശാഖിനെയുമൊന്ന് സങ്കൽപ്പിച്ചുനോക്കവേ ഒരുനിമിഷം ചാരുവിനോടസൂയ തോന്നിപ്പോയവൾക്ക്. " താനെന്താടോ അവിടെത്തന്നെ നിന്നുകളഞ്ഞത്.... വാ ഇവിടെ വന്നിരിക്ക്. " സിദ്ധുവിന്റെ ശബ്ദം കേട്ട് അവൾ പെട്ടന്ന് ഞെട്ടിയവരെ നോക്കി. അപ്പോൾ അവർ മൂവരുടെയും നോട്ടം അവളിൽ തന്നെയായിരുന്നു. അത് മനസ്സിലാക്കിയതും ഒരു പുഞ്ചിരിയോടെ അവൾ നടന്നങ്ങോട്ട് ചെന്നു. " എന്തുപറ്റി മോളെ മുഖമൊക്കെ വല്ലാതെ..... നീ കരഞ്ഞോ...??? " അടുത്ത് ചെന്നതും അവളുടെ മുഖം ശ്രദ്ധിച്ചുകൊണ്ട് അരുന്ധതി ചോദിച്ചു " ഏയ് ഇല്ലമ്മേ. " " പിന്നെന്തുപറ്റി മുഖമൊക്കെ വല്ലാതെ...?? " " ഓഹ് അതൊന്നുല്ലമ്മേ. എനിക്കൊരു തലവേദന പോലെ.... " അവൾ പെട്ടന്ന് പറഞ്ഞു. " ആണോ എന്നിട്ടെന്താ ഇതുവരെ പറയാതിരുന്നത്. മോളിത് കഴിക്ക് അമ്മ നല്ലൊരു കാപ്പിയിട്ട് തരാം... "

മടിയിൽ വച്ചിരുന്ന പ്ളേറ്റ് ടേബിളിലേക്ക് വച്ചുകൊണ്ട് അരുന്ധതി എണീറ്റു. " അയ്യോ അതൊന്നും വേണ്ടമ്മേ. ഇപ്പൊ ഭേദമുണ്ട്. " " എന്നാലും ഒരു കാപ്പി കുടിക്കുന്നത് നല്ലതാ മോളെ.. ആശ്വാസം കിട്ടും. " അവളുടെ തടസ്സം വകവയ്ക്കാതെ പറഞ്ഞുകൊണ്ട് അരുന്ധതി അടുക്കളയിലേക്ക് നടന്നു. " സഞ്ജുവേട്ടാ കുഴപ്പമൊന്നും കാണില്ലല്ലോ അല്ലേ....??? " പിറ്റേദിവസം ഹോസ്പിറ്റലിലേക്ക് പോകാൻ റെഡിയായിറങ്ങുമ്പോൾ ടെൻഷനോടെ മൃദുല ചോദിച്ചു. " ഏയ് ഒന്നുല്ല പെണ്ണേ.... നീ ചുമ്മാ പേടിക്കാതെ. " ചാവി കയ്യിലെടുത്തുകൊണ്ട് സഞ്ജയ്‌ പറഞ്ഞു. എന്നിട്ടും എന്തൊക്കെയോ വിഷമങ്ങൾ ഉള്ളിലലയടിക്കുന്നത് അവളറിഞ്ഞു. അവർ താഴെ എത്തുമ്പോൾ അരുന്ധതി മുറ്റത്തുണ്ടായിരുന്നു. " അമ്മേ ഞങ്ങള് പോയിട്ട് വരട്ടേ.... " " മ്മ്ഹ് സന്തോഷമായിട്ട് പോയി വാ മക്കളേ. " മൃദു പറഞ്ഞതിന് മറുപടിയായി അവർ പറഞ്ഞു.

" ഈശ്വരാ എന്റെ കുഞ്ഞുങ്ങളേ കാത്തോണേ.... എത്രയും വേഗം അവരുടെ കണ്ണീര് കാണണേ.... " അവരുടെ കാർ പുറത്തേക്ക് പോയതും നെഞ്ചിൽ കൈവച്ച് അരുന്ധതി പ്രാർത്ഥിച്ചു. ഡോക്ടർ ദേവിക വിനോദ് എന്ന നെയിം ബോർഡ് തൂക്കിയ റൂമിന്റെ വാതിൽ തുറന്നകത്തേക്ക് കയറുമ്പോൾ മൃദുലയുടെ ഉള്ള് നിറയെ പ്രാർഥനകളായിരുന്നു. " ആഹ് വരൂ.... " ഡോർ തുറന്നകത്തേക്ക് വന്ന അവരെ കണ്ട ഡോക്ടർ ദേവിക പറഞ്ഞു. അതുകേട്ട് അവരിരുവരും അകത്തേക്ക് ചെന്നു. " ഇരിക്കൂ.....ടെസ്റ്റ്‌ റിസൾട്ട്‌ എല്ലാം വന്നിട്ടുണ്ട്. " അവരിരുവരും ഇരുന്നതും അവർ പറഞ്ഞുതുടങ്ങി. " വിഷമിക്കണ്ട കാര്യമൊന്നുമില്ല. പക്ഷേ മൃദുലക്ക് ചില പ്രോബ്ലംസ് ഉണ്ട്. അതുകൊണ്ട് ഒരു പ്രെഗ്നന്റ്സി എന്നത് കുറച്ചു കോംപ്ലിക്കേറ്റഡാണ്. എന്നുകരുതി സാധ്യതയില്ല എന്നല്ല. ചിലപ്പോൾ കുറച്ചധികം ലേറ്റായെന്ന് വരാം. " ഡോക്ടറത് പറഞ്ഞതും സകല പ്രതീക്ഷകളുമസ്തമിച്ചത് പോലെ മൃദുലയുടെ മിഴികൾ നിറഞ്ഞു. അത് ശ്രദ്ധിച്ച സഞ്ജയ്‌ ആശ്വസിപ്പിക്കും പോലെ അവളെ ചേർത്ത് പിടിച്ചു.

" നമുക്ക് നോക്കാം മൃദുല.... ഞാൻ പറഞ്ഞല്ലോ പ്രതീക്ഷ കൈവിടണ്ട. പരിഹാരമില്ലാത്ത പ്രശ്നങ്ങളില്ലല്ലോ. തല്ക്കാലം ഞാൻ കുറച്ചു മെഡിസിൻ എഴുതാം. അത് കഴിച്ച് ട്രീറ്റ്മെന്റ് സ്റ്റാർട്ട്‌ ചെയ്യാം. പിന്നെ ഒന്നുരണ്ട് ടെസ്റ്റുകളും കൂടെ ചെയ്യണം. എന്നിട്ടാവാം ഫർദർ മൂവ്മെന്റസ്. " ഈ അവസ്ഥയിൽ അല്ലെങ്കിൽ ഇതിനുമപ്പുറം തകർന്നടിഞ്ഞ ഒരായിരം മനുഷ്യരെ കണ്ടറിഞ്ഞതിലാവാം അവരുടെ മാനസികാവസ്ഥയേ ഉൾക്കൊണ്ടുകൊണ്ട് തന്നെ ഡോക്ടർ പറഞ്ഞു. അവിടെ നിന്നുമിറങ്ങുമ്പോൾ മൃദുലയാകെ തകർന്ന അവസ്ഥയിലായിരുന്നു. എന്തുകൊണ്ടോ സഞ്ജയ്യെ നോക്കാനോ ഒരുവാക്ക് മിണ്ടാനോ പോലും അവൾക്ക് തോന്നിയില്ല.

കാറിലും മൗനമായ് ദൂരേക്ക് മിഴിനാട്ടിരിക്കുന്ന അവളുടെയാ ഇരുപ്പ് സഞ്ജുവിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അതുകൊണ്ട് തന്നെ അവൻ വണ്ടിയൊരു സൈഡിലേക്ക് ഒതുക്കി നിർത്തി. " മൃദു..... " പതിയെ അവൻ വിളിച്ചതും ഒരു കുറ്റവാളിയെപ്പോലവൾ അവനേ നോക്കി. അവനേ ഫേസ് ചെയ്യാനുള്ള അവളുടടെ ബുദ്ധിമുട്ട് ആ മിഴികളിൽ നിന്നും അതിനുള്ളിൽ തന്നെ അവൻ വായിച്ചെടുത്തിരുന്നു. " എന്താ മൃദു നീയിങ്ങനെ......??? നമുക്ക് കുഞ്ഞുങ്ങളുണ്ടാവില്ലെന്നൊന്നും ഡോക്ടർ തീർത്തുപറഞ്ഞില്ലല്ലോ. അതിനല്ലേ ട്രീറ്റ്മെന്റ് ചെയ്യുന്നത്. അതിന് മുന്നേ എല്ലാം അവസാനിച്ചെന്ന് നീ തന്നങ്ങ് തീരുമാനിച്ചോ....??? " അവളെ തനിക്ക് നേരെ പിടിച്ചുതിരിച്ചുകൊണ്ട് അവൻ ചോദിച്ചു. " സഞ്ജുവേട്ടന്റൊരു കുഞ്ഞിനെ പ്രസവിക്കാൻ എനിക്ക് കഴിയുമെന്ന് സഞ്ജുവേട്ടനിപ്പോഴും വിശ്വസിക്കുന്നുണ്ടോ ???? " എടുത്തടിച്ചത് പോലെയായിരുന്നു അവളുടെയാ ചോദ്യം. പെട്ടന്ന് അതിനെന്ത്‌ മറുപടി പറയണമെന്നറിയാതെ സഞ്ജയ്‌ തറഞ്ഞിരുന്നു...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story