കാവ്യമയൂരം: ഭാഗം 39

kavyamayooram

രചന: അഭിരാമി ആമി

" സഞ്ജുവേട്ടന്റൊരു കുഞ്ഞിനെ പ്രസവിക്കാൻ എനിക്ക് കഴിയുമെന്ന് സഞ്ജുവേട്ടനിപ്പോഴും വിശ്വസിക്കുന്നുണ്ടോ ???? " എടുത്തടിച്ചത് പോലെയായിരുന്നു അവളുടെയാ ചോദ്യം. പെട്ടന്ന് അതിനെന്ത്‌ മറുപടി പറയണമെന്നറിയാതെ സഞ്ജയ്‌ തറഞ്ഞിരുന്നു.. അതുകണ്ട് അവളൊന്ന് ചിരിച്ചു. നൊമ്പരമലിഞ്ഞുചേർന്നൊരു പുഞ്ചിരി. " എന്താ സഞ്ജുവേട്ടനൊന്നും പറയാനില്ലേ...??? പറയേട്ടാ എനിക്കതിന് കഴിയുമെന്ന് ഏട്ടന് തോന്നുന്നുണ്ടോ.....??? " അവൾ വീണ്ടുമത് തന്നെ ചോദിച്ചപ്പോൾ അവൻ പതിയെ ആ മുഖത്തേക്ക് നോക്കി. " എന്താ മൃദു നീയിങ്ങനെ. കുഞ്ഞുങ്ങൾ ഉണ്ടായില്ലേ നമ്മൾ ജീവിക്കില്ലേ.... ഇത്ര നാളും നമുക്ക് കുഞ്ഞുങ്ങളൊന്നും ഉണ്ടായിരുന്നില്ലല്ലോ. എന്നിട്ട് നമ്മൾ ജീവിച്ചില്ലേ. ഇനിയും അതുപോലെ നമ്മൾ ജീവിക്കും. കുഞ്ഞുങ്ങളൊക്കെ ഉണ്ടാകുമ്പോ ഉണ്ടാവട്ടെ. നമുക്ക് കാത്തിരിക്കാം മോളെ. അതിന്റെ പേരിൽ നീയിങ്ങനെ വിഷമിക്കല്ലേ.... ഞാനില്ലേ നിന്റെ കൂടെ. നമ്മടെ വീട്ടിൽ എല്ലാരും ഇല്ലേ. പിന്നെ സിദ്ധുന്റെ കുഞ്ഞ് നമ്മുടേം കുഞ്ഞല്ലേ.... പിന്നെന്താ. ''

അവളെ ചേർത്തിരുത്തി തലോടിക്കൊണ്ട്‌ അവൻ പറഞ്ഞു. " എന്നേ.... എന്നെയൊന്നിനും കൊള്ളില്ല സഞ്ജുവേട്ടാ. എന്നേയെന്റെ വീട്ടിൽ കൊണ്ടുവിട്ടേക്ക്. ഞാൻ പൊക്കോളാം. സഞ്ജുവേട്ടനൊരു കുഞ്ഞിനെ പോലും തരാൻ കഴിയാത്ത ഞാനെന്തിനാ ഇങ്ങനെ.... " അവന്റെ മാറിൽ മുഖമമർത്തി അവൾ വിങ്ങിക്കരഞ്ഞു. അവളുടെയാ കണ്ണുനീർ അവനേ ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു. എങ്കിലും അവളല്പം കരഞ്ഞുതന്നെയടങ്ങട്ടെന്ന് കരുതി അവൻ വെറുതേയാ പെണ്ണിനെ ചേർത്തുപിടിച്ചങ്ങനെയിരുന്നു. " പാതിവഴിയിലുപേക്ഷിച്ചുകളയാനല്ല ഞാൻ നിന്നേ ഒപ്പം കൂട്ടിയത്..... എന്നും എനിക്കൊപ്പം നീ വേണമെന്ന് ഉറപ്പിച്ചിട്ടാ. ആ നീയില്ലാതെ ഞാനൊന്നുമല്ല മോളെ..... നിന്നിലാണ് എന്റെ ആത്മാവ് പോലും. അതുകൊണ്ട് ഈയൊരു ചെറിയ കാര്യം പറഞ്ഞെന്നെ വിട്ടുപോകുന്നതിനേക്കുറിച്ച് നീ ഓർക്കുക പോലും ചെയ്യരുത്. നീയില്ലാതെ ഞാനില്ല.... നീ പറഞ്ഞില്ലേ നിനക്ക് ജീവിക്കണ്ടാന്ന്.....???

ഒരു കുഞ്ഞില്ലാതെ എന്റെ കൂടുള്ള ജീവിതത്തിന് അർഥമില്ലെന്നാണ് നിനക്ക് തോന്നുന്നതെങ്കിൽ നിനക്ക് മരിക്കാം. പക്ഷേ അവിടെയും നിനക്കെന്നേ ഒപ്പം കൂട്ടേണ്ടി വരും. പറ്റില്ല പെണ്ണേ നീയില്ലാതെ.... " " സഞ്ജുവേട്ടാ..... " തേങ്ങിക്കരഞ്ഞുകൊണ്ടവനെ ഇറുക്കെ പുണർന്നവളെ കെട്ടിപ്പിടിക്കുമ്പോൾ അവന്റെ കണ്ണുകളും നനഞ്ഞിരുന്നു. 💞💞💞💞💞💞💞💞 " ഇതെന്ത് കിടപ്പാ മോളെ..... വന്നിട്ടിതുവരെ നീയൊന്നും കഴിച്ചിട്ടില്ലല്ലോ. എണീറ്റെന്തെങ്കിലുമൊന്ന് കഴിക്ക്. ഇതൊക്കെ ഈശ്വരന്റെ കയ്യിലല്ലേ മോളെ. ഇവിടാരും അതിന്റെ പേരിൽ നിന്നേ തള്ളിപറഞ്ഞില്ലല്ലോ. അസുഖങ്ങളൊന്നും ആരുടെയും കുറ്റമല്ല മോളെ. അത് നീയാദ്യം സ്വയം മനസ്സിലാക്ക്. " രാത്രി ഹാളിലെ സോഫയിൽ ഇരിക്കുകയായിരുന്ന അരുന്ധതിയുടെ മടിയിൽ തലവച്ച് കിടക്കുകയായിരുന്ന മൃദുലയുടെ മുടിയിഴകളെ തലോടിക്കൊണ്ട്‌ അവർ പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ അവളുടെ മിഴികൾ പെയ്തുകൊണ്ടേയിരുന്നു. എല്ലാം കണ്ടുകൊണ്ട് ചാരുവും സഞ്ജുവും നരേന്ദ്രനും എല്ലാം ഉണ്ടായിരുന്നു.

ആർക്കുമാർക്കും അവളെയെങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയില്ലായിരുന്നു. അത്രമേൽ തകർന്ന അവസ്ഥയിലായിരുന്നു അവൾ. " എന്തെങ്കിലുമൊന്ന് കഴിക്ക് മോളെ.... " വീണ്ടുമവളെ നിർബന്ധിച്ചുകൊണ്ട് അരുന്ധതി പറഞ്ഞു. " എനിക്കൊന്നും വേണ്ടമ്മേ.... വിശപ്പ് തോന്നുന്നില്ല. ഞാൻ കിടന്നോട്ടെ. " പറഞ്ഞിട്ട് അവൾ പതിയെ എണീറ്റ് മുകളിലേക്ക് കയറിപ്പോയി. " ചെല്ല് മോനെ..... നീയെപ്പോഴും അവൾടെ കൂടെ വേണം. പാവമെന്റെ കുട്ടി.....എത്ര ദിവസമായി അതൊന്ന് ചിരിച്ചിട്ട്. ആദ്യം ഹോസ്പിറ്റലിൽ പോയിവന്നത് മുതൽ അവൾ പറയാത്ത നേർച്ചകളില്ല. എന്നിട്ടും നീയെന്റെ കുഞ്ഞിന്റെ കണ്ണീര് കണ്ടില്ലല്ലോ ദൈവമേ...... " അരുന്ധതിയുടെ മിഴികൾ നിറഞ്ഞു. ഇനിയവിടെ നിന്നാൽ ശെരിയാവില്ലെന്ന് തോന്നിയിട്ടോ എന്തോ സഞ്ജുവും വേഗം റൂമിലേക്ക് പോയി. അവൻ മുറിയിലെത്തുമ്പോൾ കിടക്കയിൽ കമിഴ്ന്നുകിടക്കുകയായിരുന്നു മൃദുല. ഇനിയും സംസാരിച്ച് അവളെ കൂടുതൽ കരയിക്കണ്ടെന്ന് കരുതി അവൻ പതിയെ ഡോറടച്ച് ലൈറ്റും ഓഫ്‌ ചെയ്തവളുടെ അരികിലേക്ക് കയറിക്കിടന്നു.

അവനരികിൽ വന്നുകിടന്നതറിഞ്ഞെങ്കിലും മൃദുല അതേകിടപ്പ് കിടന്നു. പക്ഷേ അപ്പോഴും തന്നിലേ കുറവുകളോർത്ത് അവളുടെ കണ്ണുകൾ പെയ്തുകൊണ്ടേയിരുന്നു. 💞💞💞💞💞💞💞💞 ആ രാത്രി എങ്ങനെയൊക്കെയോ കടന്നുപോയി. പിറ്റേദിവസം രാവിലെ പൂജമുറിയിൽ വിളക്കുവച്ചിട്ട് അരുന്ധതി പുറത്തേക്ക് വരുമ്പോഴായിരുന്നു മുറ്റത്തേക്കൊരു കാർ വന്നുനിന്നത്. ഇത്ര രാവിലെ ഇതാരാണെന്നോർത്തുകൊണ്ട് അവരങ്ങോട്ട് നോക്കി നിൽക്കുമ്പോഴേക്കും അതിൽ നിന്നുമൊരു ചെറുപ്പക്കാരൻ പുറത്തേക്കിറങ്ങി. ഒരു വൈറ്റ് ടീഷർട്ടും ബ്ലൂ ജീൻസും ആയിരുന്നു അവന്റെ വേഷം. നീളത്തിൽ വളർത്തിയ മുടിയിഴകൾ പിന്നിൽ ബൺ ചെയ്തിട്ടിരുന്നു. " അമൃത്...... " ആളെ മനസ്സിലായതും നിറഞ്ഞ ചിരിയോടെ അരുന്ധതി വിളിച്ചു. ആ വിളിയിലും അവരുടെ മുഖഭാവത്തിലും നിറഞ്ഞുനിന്നിരുന്നു അവനവർക്ക് അത്രമേൽ പരിചിതനാണെന്നത്. " ഹായ് ആന്റി..... " കൈ പൊക്കി അവരെ വിഷ്‌ ചെയ്ത് മനോഹരമായ ചിരിയോടെ അരുന്ധതിക്കരികിലേക്ക് വന്നു അവൻ. " മോൻ വരുന്ന വഴിയാണോ.... " " അതേ ആന്റി..... രാത്രി അളിയൻ വിളിച്ചിരുന്നു. പിന്നെ അവിടെ നിക്കാൻ തോന്നിയില്ല. ഒരു ലോങ്ങ്‌ ലീവെടുത്തിങ്ങ് പോന്നു. വീട്ടിലേക്ക് പോലും പോകാതെ നേരെയിങ്ങോട്ടാ പോന്നത്. " അവൻ പറഞ്ഞു.

" അത് നന്നായി മോനേ.... ഇപ്പോഴത്തെ അവസ്ഥയിൽ മോനിവിടുള്ളത് മൃദുമോൾക്കൊരാശ്വാസമായിരിക്കും. " മൃദുലയുടെ കാര്യം പറഞ്ഞതും അരുന്ധതിയുടെ മുഖം വാടി. അമൃതത് ശ്രദ്ധിക്കുകയും ചെയ്തിരുന്നു. " എന്നിട്ടവളെവിടെ....??? " " മുകളിലൂണ്ട്. സാധാരണ എണീറ്റാൽ ഉടനെ അടുക്കളയിലേക്ക് വരുന്നതാ. ഇന്നതൊന്നുമില്ല. വെറുതേ അവിടവിടെ ചടഞ്ഞിരൂപ്പാ. " " എന്നാ ഞാനങ്ങോട്ടൊന്ന് ചെല്ലട്ടെ ആന്റി... " " മ്മ്ഹ് മോൻ ചെല്ല്. ഞാൻ ചായ എടുക്കാം. " പറഞ്ഞിട്ട് അരുന്ധതി അടുക്കളയിലേക്ക് തിരിയാൻ തുടങ്ങുമ്പോഴായിരുന്നു മുകളിൽ നിന്നും ജ്യോതിയങ്ങോട്ടിറങ്ങി വന്നത്. അവളെ കണ്ടതും അവനമ്പരപ്പോടെ അവളെ നോക്കി. പിന്നെ ആ നോട്ടം അരുന്ധതിയിലേക്കായി. " ഇതാരാ ആന്റി പുതിയൊരു അന്തേവാസി....??? " അവൻ ചോദിക്കുമ്പോൾ അതേ ചോദ്യം തന്നെയായിരുന്നു അവനേക്കുറിച്ച് ജ്യോതിയുടെ ഉള്ളിലും. " ആഹ് ഇത് ജ്യോതി. സിദ്ധുന്റെ ഫ്രണ്ടിന്റെ ഭാര്യയാ. ഇവിടെ അടുത്തൊരു കമ്പനിയിലാണ് ജോലി. കുറച്ചുനാളായി ഞങ്ങടെ കൂടാ താമസം.....

ആ മോളെ ഇത് അമൃത്.. മൃദു മോൾടെ ആങ്ങളയാ. ബാംഗ്ലൂര് സോഫ്റ്റ്‌വെയർ എഞ്ചിനീയറാ. " അരുന്ധതി അവരിരുവരെയും പരസ്പരം പരിജയപ്പെടുത്തിയതും ജ്യോതിയും അമൃതും പരസ്പരം നോക്കി പുഞ്ചിരിച്ചു. " ഹായ്..... " " ഹലോ... " പരസ്പരം വിഷ് ചെയ്യുമ്പോൾ അരികിലേക്ക് ചെന്നവളുടെ നേർക്ക് ഷേക്ക് ഹാൻഡിനായി കൈ നീട്ടിയവൻ. ആദ്യമൊന്ന് മടിച്ചുവെങ്കിലും പതിയെ നേർത്തൊരു പുഞ്ചിരിയോടെ ജ്യോതിയും കൈ നീട്ടിയവന് ഷേക് ഹാൻഡ് നൽകി. ആ ഒരു നിമിഷം കൊണ്ട് പരസ്പരമിടഞ്ഞ അവന്റെ കണ്ണുകളിലെ ഭാവം കണ്ട് ജ്യോതി പെട്ടന്ന് നോട്ടം മാറ്റി. അമൃതത് ശ്രദ്ധിക്കുകയും ചെയ്തു. പരൽ മീനുകളേപ്പോലെ പിടച്ചോടുന്ന അവളുടെ മിഴികളുടെ ചലനങ്ങളിലും കവിൾത്തടങ്ങളിലെ തുടുപ്പിലും നനുത്ത അധരങ്ങളിലൂടെയുമൊക്കെ വല്ലാത്തൊരു കൗതുകത്തോടെ അവൻ നോക്കി നിന്നു. അപ്പോഴും തന്റെ കൈകൾക്കുള്ളിൽ അമർന്നിരുന്ന അവളുടെ കൈപ്പത്തിയെപ്പോലും മറന്ന് ഹൃദയതാളം തെറ്റിയത് പോലെ അവളിൽ ലയിച്ചവനങ്ങനെ നിൽക്കുന്നവനെ കണ്ട് അവളുമൊന്ന് അമ്പരന്നു.

അതോടെ പതിയെ കൈ വിടുവിക്കാൻ ശ്രമിച്ചുകൊണ്ട് അവളൊന്ന് മുരടനക്കി. " ഓഹ് ഐ..... ഐ ആം സോറി..... " അതിന് മറുപടിയായി അവളൊന്ന് പുഞ്ചിരിച്ചു. " ആഹ്..... മൃദു ചേച്ചി മുകളിലുണ്ട്. " അവന്റെ ചമ്മൽ മനസ്സിലായെങ്കിലും അത് ഭവിക്കാതെ ജ്യോതി പറഞ്ഞു. " ഓഹ് താങ്ക്സ്...... " പറഞ്ഞിട്ട് അവൻ പെട്ടന്ന് മുകളിലേക്ക് കയറിയോടി. " ഛേ..... ആരുടെയോ ഭാര്യയെ നോക്കിയാണോടാ മരക്കഴുതേ നീയിത്രേം നേരം വെള്ളം വിഴുങ്ങിക്കൊണ്ട്‌ നിന്നത്. ശേ അവളെന്ത് കരുതിക്കാണും.... " മുകളിലേക്ക് നടക്കുമ്പോൾ സ്വയം തലക്കടിച്ചുകൊണ്ട് അവനോർത്തു. പക്ഷേ അപ്പോഴും അവളുടെ പിടച്ചോടുന്ന മിഴികളും വിറയാർന്ന അഥരങ്ങളും അവന്റെ കണ്ണിൽ നിന്നും മാഞ്ഞിരുന്നില്ല. മുകളിൽ സഞ്ജുവിന്റെയും മൃദുലയുടെയും മുറിയുടെ വാതിൽക്കലെത്തുമ്പോൾ അത് പാതിതുറന്ന അവസ്ഥയിലായിരുന്നു. സഞ്ജുവും സിദ്ധുവും ജോഗിങ്ങിന് പോയിക്കാണുമെന്നോർത്തുകൊണ്ട് അവനകത്തേക്ക് കയറി. അത് പണ്ടേയുള്ളൊരു ശീലമായിരുന്നു അവരിരുവർക്കും.

രാവിലെ അവർ മാത്രമായി ഒരു ജോഗിങ്. ഓർത്തുകൊണ്ട് അവൻ അകത്തേക്ക് ചെല്ലുമ്പോൾ ബെഡിൽ മലർന്ന് കിടന്നുറങ്ങുകയായിരുന്നു മൃദുല. മാറ് വരെ പുതപ്പ് മൂടിയിരുന്നു. നീണ്ട മുടിയിഴകൾ തലയിണയിൽ പടർന്നുകിടന്നിരുന്നു. നെറ്റിയിലെ സിന്ദൂരം പാതി മാഞ്ഞിരുന്നു. കണ്ണും കവിളുമൊക്കെ കരഞ്ഞുവീർത്തിരുന്നു . എപ്പോഴും പുഞ്ചിരിയോടെ..... ഉത്സാഹത്തോടെ മാത്രം കണ്ടിട്ടുള്ള അവളുടെയാ കിടപ്പ് കണ്ട് നെഞ്ചിലെവിടെയോ ഒരു നൊമ്പരം പോലെ തോന്നി അമൃതിന്. " ചേച്ചി..... " അവളുടെ അരികിലേക്കിരുന്ന് നെറ്റിയിൽ തലോടുമ്പോൾ അവന്റെ ഹൃദയം വിളിച്ചു. അവളെക്കാൾ അഞ്ചുവയസിന് ഇളയതായിരുന്നു അമൃതെങ്കിലും ഒരിക്കൽ പോലും ചേച്ചിയെന്ന് വിളിക്കാതെ ഒരു കൂട്ടുകാരനെ പോലെ തന്നെയായിരുന്നു അവനവൾക്ക്.. " ഡീ....." അല്പനേരം അവിടങ്ങനെയിരുന്നിട്ട് മുഖത്ത് വിഷമമൊന്നും തോന്നിക്കുന്നില്ലെന്നുറപ്പ് വരുത്തിക്കൊണ്ടവൻ വിളിച്ചു....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story