കാവ്യമയൂരം: ഭാഗം 40

kavyamayooram

രചന: അഭിരാമി ആമി

" ഡീ.... " ഉറങ്ങിക്കിടക്കുകയായിരുന്ന മൃദുല ഒന്ന് ഞെട്ടി ചാടിയെണീറ്റു. മുന്നിൽ നിൽക്കുന്ന അമൃതിനെ കണ്ടതും പെട്ടന്നവളൊന്ന് അമ്പരന്നുപോയെന്ന് തോന്നി. " നീയെപ്പോ വന്നു.....??? " കണ്ണൊക്കെ ഒരിക്കൽ കൂടി അമർത്തിത്തിരുമ്മി കണ്ടത് സ്വപ്നമല്ലെന്നൊരിക്കൽ കൂടി ഉറപ്പിച്ചുകൊണ്ട് അവൾ ചോദിച്ചു. " വന്നിറങ്ങിയേയുള്ളെടി ചേച്ചി.... അല്ല ഇതെന്ത് കോലമാടി...??? നിനക്കെന്താ വല്ല അസുഖവുമുണ്ടോ ....??? " " സഞ്ജുവേട്ടൻ വിളിച്ചിരുന്നോ നിന്നേ....??? " അവൻ ചോദിച്ചതിന് മറുപടിക്ക് പകരം ഒരു മറുചോദ്യമായിരുന്നു മൃദുലയിൽ നിന്നുമുണ്ടായത്. " അതെന്താടി അളിയൻ ക്ഷണിച്ചാലേ എനിക്കിങ്ങോട്ട് വരാൻ പാടുള്ളോ.... ഒരു ലോങ്ങ്‌ ലീവ് കിട്ടിയപ്പോ ഞാൻ പെട്ടിയും മുറുക്കി ഇങ്ങോട്ട് പോന്നു. അതിനിപ്പോ എന്താ...??? " " ഏയ് ഒന്നുല്ല ചോദിച്ചുന്നേയുള്ളു. നീ താഴേക്ക് ചെല്ല് ഞാനൊന്ന് കുളിച്ചിട്ട് വരാം.... "

പറഞ്ഞിട്ട് അവൾ പെട്ടന്ന് ബെഡിൽ നിന്നും എണീറ്റു. പിന്നെ അലമാര തുറന്ന് ഒരു ചുരിദാറുമെടുത്ത് ബാത്‌റൂമിലേക്ക് പോകാൻ തുടങ്ങി. " മൃദു..... " പെട്ടന്നായിരുന്നു അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് അമൃത് വിളിച്ചത്. അവൾ പെട്ടന്ന് തിരിഞ്ഞുനിന്ന് ചോദ്യഭാവത്തിലവനെ നോക്കി. " ഇതെന്താടി ഈ മുടിയൊക്കെ ഇങ്ങനെ.... മുൻപ് ഭയങ്കര ബ്യുട്ടീകോൺഷ്യസൊക്കെ ആയിരുന്നല്ലോ. " അവൻ ചോദിച്ചു. അതിന് മറുപടിയായി അവൾ വെറുതേയൊന്ന് പുഞ്ചിരിച്ചു. " അതൊക്കെ പണ്ടല്ലേ.... ഇപ്പോ പഴയത് പോലൊന്നും അല്ലല്ലോ.... " " ഇപ്പോ എന്താ സഞ്ജു അളിയൻ നിന്നേ ഡിവോർഴ്സ് ചെയ്തോ....??? " അവൻ കളിയാക്കും പോലെ ചോദിച്ചു. അപ്പോഴും വിഷാദം കലർന്നൊരു പുഞ്ചിരി മാത്രമായിരുന്നു അവളിൽ. " നീയിങ്ങുവന്നേടി ചേച്ചി.... കുറേ നാളായില്ലേ നമ്മള് കുറച്ചുനേരമൊന്ന് ഒന്നിച്ചിരുന്നിട്ട്. " പറഞ്ഞിട്ട് അവളുടെ കയ്യും പിടിച്ച് അവൻ ബാൽക്കണിയിലേക്ക് നടന്നു. " നിനക്കെന്താ ചെക്കാ.... വിട്ടേ ഞാൻ പോയി കുളിക്കട്ടെ.... "

അവൾ പറഞ്ഞുവെങ്കിലും അതൊന്നും മൈൻഡ് ചെയ്യാതെ അമൃതവളെ ഒന്നുകൂടി ചേർത്തുപിടിച്ചു. എന്തോ ആ നിമിഷം വല്ലാത്തൊരു സുരക്ഷിതത്വം തോന്നി മൃദുലക്ക്. എന്തൊക്കെ സംഭവിച്ചാലും തന്റെ കൂടപ്പിറപ്പെപ്പോഴും തനിക്കൊപ്പമുണ്ടാകുമെന്ന തോന്നലിൽ അവളുടെ ഉള്ളൊന്ന് തണുത്തു. " ബാ നീയിവിടിരുന്നെ..... " സോപാനത്തിണ്ണയിലേക്കിരുന്ന് അവളെ പിടിച്ച് തന്റെ മുന്നിൽ നിലത്തായി ഇരുത്തിയവൻ. എന്നിട്ട് അവളുരുട്ടിക്കെട്ടിവച്ചിരുന്ന മുടിയിഴകളെ അഴിച്ച് വിടർത്തിയിട്ടു. പിന്നെ പതിയെ തലയോട്ടിയിൽ മസാജ് ചെയ്തുതുടങ്ങി. " അമ്മ പോയെപ്പിന്നെ നമ്മളിങ്ങനെ ആദ്യാണ് അല്ലേടി ചേച്ചി.... " " മ്മ്ഹ് അവളൊന്ന് മൂളി..... " മൃദുലയുടെയും അമൃതിന്റെയും അച്ഛനമ്മമാർ മരിച്ചിട്ട് ഏകദേശം ആറുകൊല്ലം കഴിഞ്ഞിരുന്നു. രണ്ടുപേരും ബാങ്ക് ജീവനക്കാരായിരുന്നു. ഒരുദിവസം എന്തിനോ പുറത്തുപോയി വരുംവഴി സ്കൂട്ടറിൽ ഒരു മിനിവാൻ വന്ന് തട്ടിയതായിരുന്നു. " ഡാ....." " മ്മ്ഹ്..... " " സത്യം പറ നീ ലീവ് കിട്ടിയിട്ട് തന്നെ വന്നതാണോ....??? " സംശയത്തോടെ അവൾ ചോദിച്ചു.

" ലീവ് കിട്ടിയില്ല. പിന്നെ കുറച്ചുപ്രഷർ കൊടുത്തിട്ടായാലും ഒപ്പിച്ചു. " അവൻ ചിരിയോടെ പറഞ്ഞു. " നിനക്ക് മുഴുവട്ടാഡാ..... " " ആഹ്ടീ എനിക്ക് വട്ട് തന്നേ. ആ വട്ടിന്റെ പേരാണ് മൃദുലാ സഞ്ജയ്‌ എന്ന എന്റെയീ ചേച്ചി..... " അവൻ പറഞ്ഞതും അവൾ വെട്ടിത്തിരിഞ്ഞാ മുഖത്തേക്ക് നോക്കി. " നിനക്കൊരു വേദന എന്നറിഞ്ഞാൽ എന്നേക്കൊണ്ടവിടെ നിക്കാൻ പറ്റോഡീ പരട്ടെ..... ഇനി എനിക്കാകെ ഉള്ളത് നീയല്ലേ.... " അവനത് പറഞ്ഞതും അറിയാതവളുടെ കണ്ണ് നിറഞ്ഞു. " ആ നീയെങ്ങാനും ഡിപ്രഷനടിച്ച് ആത്മഹത്യ ചെയ്താൽ എന്റെ കല്യാണമാര് നടത്തിത്തരും.... " അടക്കിച്ചിരിച്ചുകൊണ്ട് അവൻ പറഞ്ഞതും അറിയാതെ അവളും ചിരിച്ചുപോയി. " ഹോ ഒരുമാറ്റോം ഇല്ലല്ലേ അലവലാതി....???? " അവൾ ചോദിച്ചുകൊണ്ട് നിലത്തുനിന്നെണീറ്റ് അവനരികിലേക്കിരുന്നു.

" ഇല്ല..... ഇതിന് മാത്രമല്ല ഒന്നിനും. നിനക്ക് ഒന്ന് വേദനിച്ചാൽ നീയാദ്യം എന്നേ തന്നെ വിളിക്കണം. എന്റെ ചേച്ചി ഒരിക്കലും തനിച്ചല്ല ഞാനുണ്ട്.... ഏതവസ്ഥയിലും...... '' ആർദ്രമായ സ്വരത്തിൽ പറഞ്ഞുകൊണ്ട് അവനവളെ ചേർത്തുപിടിച്ചു. അനുജനാണെങ്കിലും ഒരു ജേഷ്ഠന്റെ വാത്സല്യത്തോടെ. " ആഹാ കഴിഞ്ഞില്ലേ രണ്ടുപേരുടേം സെന്റിയൊക്കെ....??? " അമൃതിനുള്ള ചായയുമായി അങ്ങോട്ട് വന്ന ജ്യോതിയുടെ ചോദ്യം കേട്ടുകൊണ്ടായിരുന്നു അവരിരുവരും അങ്ങോട്ട് നോക്കിയത്. " ഏയ് സെന്റിയൊന്നുമെല്ലെടോ.... അല്ലേലും ഈ മരമോന്തക്ക് നോക്കിയാ സെന്റി വരുവോ ആർക്കേലും. " " പോടാ മരപ്പട്ടി.... " അവന്റെ കവിളിൽ കളിയായൊന്ന് കൊട്ടി മുഖം വീർപ്പിച്ച് മൃദു പറഞ്ഞു. അതെല്ലാം നോക്കി നിൽക്കുകയായിരുന്ന ജ്യോതിയിലും ഒരു പുഞ്ചിരി നിറഞ്ഞിരുന്നു. " ആഹ് എഡോ തന്റെ ഹസ്ബൻഡെന്ത്‌ ചെയ്യുന്നു....??? " ചായയൊന്നുമൊത്തി ജ്യോതിയോടായി അവൻ ചോദിച്ചു. " വൈശാഖ് ബാങ്കിൽ വർക്ക്‌ ചെയ്യുവാ. " " മ്മ്ഹ്... തന്റെ ഫാമിലിയൊക്കെ.???? "

" അച്ഛനും അമ്മയും... പക്ഷേ ഇപ്പോൾ നല്ല കണ്ടിഷനിലല്ല. വൈശാഖുമായുള്ള വിവാഹത്തോടെ അവർ..... " അവൾ വാക്കുകൾ പാതിയിൽ നിർത്തി. " ഓഹ് ഐ ആം സോറി.... " " ഇട്സ് ഓക്കേ.... " ജ്യോതി പുഞ്ചിരിച്ചു. പിന്നെ പതിയെ താഴേക്ക് പോയി. അപ്പോഴും അമൃതിന്റെ കണ്ണ് അവളിൽ തന്നെ തറഞ്ഞുനിന്നു. " ഹലോ.... " അവന്റെ ഭാവം ശ്രദ്ധിച്ചുകൊണ്ട് മൃദു തട്ടി വിളിച്ചപ്പോഴായിരുന്നു അവൻ പെട്ടന്ന് നോട്ടം പിൻവലിച്ചത്. " എന്താണ് സാർ ഒരിളക്കം....??? " അവൾ ചോദിച്ചത് കളിയായിട്ടായിരുന്നുവെങ്കിലും അവനൊരു നിരാശ പോലൊന്ന് ചിരിച്ചു. " ഞാൻ പണ്ടൊരു കാര്യം പറഞ്ഞത് നീയോർക്കുന്നോ എന്റെ വിവാഹകാര്യത്തിൽ.....??? " " മ്മ്ഹ്... അതിന്....??? " മിഴികൾ കൂർപ്പിച്ചുകൊണ്ട് അവൾ ചോദിച്ചു. " അതിപ്പോ എനിക്ക് തോന്നി.... ദാ ആ പോകുന്നവളോട്. അവളെയാദ്യം കണ്ടത് മുതൽ എനിക്കെന്തോ..... അവൾ മറ്റൊരാളിന്റെ ഭാര്യയാണെന്നറിഞ്ഞപ്പോ ജീവിതത്തിൽ ആദ്യം കണ്ട പെണ്ണായിരുന്നിട്ട് കൂടി എന്റെ നെഞ്ചൊന്ന് പിടഞ്ഞു.

എന്തോ കൈവിട്ട് പോയൊരു നൊമ്പരം.... " ദൂരേക്ക് നോക്കി നിന്ന് പറയുന്നവനെ നോക്കി നിൽക്കുമ്പോൾ മൃദുലക്കവനെ അളന്നെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. " പക്ഷേ എടാ.... " " എനിക്കറിയാടി ചേച്ചി.... പക്ഷേ നിന്നോടെനിക്കൊന്നും ഒളിക്കാനില്ലല്ലോ. അതുകൊണ്ട് പറഞ്ഞുവെന്ന് മാത്രം. അവളൊരിക്കലും ഇതൊന്നും അറിയില്ല..... എനിക്കറിയാം അവൾ മറ്റാരുടെയോ ഭാര്യയാണ്. അതൊന്നും ഞാൻ മറന്നുപോവില്ല. " വിഷാദം നിറഞ്ഞൊരു ചിരിയോടെ അവൻ പറഞ്ഞു. " അല്ല അതൊക്കെ പോട്ടെ ചാരു എവിടെ....??? " പെട്ടന്ന് വിഷയം മാറ്റാനെന്നപോലെ അവൻ ചോദിച്ചു. " അവള് ഗാർഡനിലോ മറ്റോ കാണും. രാവിലെ അവള് കുറേ നേരം അവിടാ..... " " മ്മ്ഹ് എന്നാപ്പിന്നെ ഞാനവളെ ഒന്ന് കണ്ടിട്ട് വരാം... " പറഞ്ഞിട്ട് കപ്പവളെ ഏല്പിച്ച് അവൻ വേഗം താഴേക്ക് പോയി. മൃദുല പക്ഷേ അപ്പോഴും അവൻ സൃഷ്ടിച്ച ആശയക്കുഴപ്പത്തിൽ നിന്നും കരകയറിയിട്ടുണ്ടായിരുന്നില്ല. അവൻ താഴെ ഗാർഡനിലെത്തുമ്പോൾ ചാരു അവിടെയുണ്ടായിരുന്നു. " ഹലോ മാഡം.... "

അവൻ വിളിച്ചതും അവൾ പെട്ടന്ന് തിരിഞ്ഞുനോക്കി. അപ്രതീക്ഷിതമായി അവനേ കണ്ടതും ആ മിഴികളൊന്ന് തിളങ്ങി. " നീയിതെപ്പോ വന്നു....???? " ഇരുന്നിടത്ത് നിന്നും ചാടി എണീറ്റുകൊണ്ട് അവൾ ചോദിച്ചു. " ജസ്റ്റ്‌ നൗ ബേബി.... " അവൻ ചിരിയോടെ പറഞ്ഞു. " നിന്റെ ജൂനിയറിന് സുഖല്ലേടി.... " പതിയെ അവളുടെ വയറിൽ വാൽസല്യത്തോടൊന്ന് തഴുകി അവൻ ചോദിച്ചു. " മ്മ്ഹ്.... " " സിദ്ധു അളിയനെവിടെ...??? " " ജോഗിങ്ങിന് പോയെടാ... കൊച്ചുവെളുപ്പാൻ കാലത്ത് സുഖമായിട്ട് മൂടിപ്പുതച്ച് കിടന്നുറങ്ങാനുള്ളേന് മഞ്ഞും കൊണ്ട് റോഡ് നീളെ ഓട്ടമാ ചേട്ടനും അനിയനും കൂടി. വട്ടെന്നല്ലാതെ എന്ത് പറയാൻ..... " " എഡീയെഡീ അതുവേണ്ടത് വേണ്ട....." " ഓഹ് നീയും ഒരിറച്ചിക്കോഴിയാണല്ലോ അത് ഞാൻ മറന്നു. " അവൻ പറഞ്ഞത് കേട്ട് മുഖം വക്രിച്ചുകൊണ്ട് അവൾ പറഞ്ഞു. അതുകേട്ട് അമൃതുച്ചത്തിൽ പൊട്ടിച്ചിരിച്ചു. ഇതേസമയം ജോഗിംഗ് പാതിയാക്കി ഗ്രൗണ്ടിന് സൈഡിൽ നിരത്തിയിരുന്ന സിമന്റ് ബെഞ്ചുകളിലൊന്നിൽ ഇരിക്കുകയായിരുന്നു സിദ്ധുവും സഞ്ജുവും. ആകാശം വെള്ളകീറി തുടങ്ങിയിരുന്നു.

പരപരാ വെളിച്ചം പരന്നുതുടങ്ങിയിരുന്നു. ഒരുപാട് ആളുകൾ ഫുട്പാത്തിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടന്നുനീങ്ങിയിരുന്നു. ഗ്രൗണ്ടിൽ നിന്നും ടെന്നിസും വോളിബോളും കളിച്ചിരുന്നവരുടെ ആരവങ്ങളുയർന്നുകൊണ്ടിരുന്നു. ആ സമയത്തെ മഞ്ഞിന്റെ കുളിരിലും അവിടെയുണ്ടായിരുന്നവരൊക്കെ വിയർത്തുകുളിച്ചിരുന്നു. " ഹാ എന്താ ഏട്ടാ ഇത്..... ഇതിപ്പോ ഏട്ടത്തിയേക്കാളും കഷ്ടമാണല്ലോ ഏട്ടന്റെ കാര്യം..... " അരികിൽ ഇരിക്കുകയായിരുന്ന സഞ്ജുവിന്റെ തുടയിൽ പതിയെ തട്ടി വിളിച്ചുകൊണ്ട് സിദ്ധു പറഞ്ഞു. " ഞാൻ.... എനിക്കറിയില്ലെഡാ.... മൃദുന്റെ അവസ്ഥ നീയും കണ്ടതല്ലേ.... അവളെ എങ്ങനെ , എന്തുപറഞ്ഞാശ്വസിപ്പിക്കണമെന്ന് എനിക്കറിയില്ല. " " എന്താ ഏട്ടാ ഇങ്ങനെ.... ഏട്ടത്തിക്ക് പെട്ടന്നതൊക്കെ കേട്ടപ്പോ ഉണ്ടായൊരു ഷോക്ക് കൊണ്ടല്ലേ ഇങ്ങനൊക്കെ. അത് രണ്ട് ദിവസം കഴിയുമ്പോ അങ്ങ് മാറും. പിന്നെ നമ്മളൊക്കെ കൂടെയുണ്ടെന്ന് ബോധ്യമാകുമ്പോ ഏട്ടത്തി ഓക്കേയാവും. " അവനേയാശ്വസിപ്പിച്ചുകൊണ്ട് സിദ്ധു പറഞ്ഞു.

" അതല്ലെടാ.....അവളെ ആശ്വസിപ്പിക്കാൻ ട്രീറ്റ്മെന്റ് കഴിയുമ്പോ കുഞ്ഞുണ്ടാകും എന്നൊക്കെ ഞാൻ പറയുന്നുണ്ടെങ്കിലും എനിക്കും ആ കാര്യത്തിൽ വല്യ പ്രതീക്ഷയിന്നുമില്ല. ട്രീറ്റ്മെന്റ് ചെയ്യാം എന്നല്ലാതെ ഒരുറപ്പ് ഡോക്ടറും പറഞ്ഞിട്ടില്ല. ഇനിയൊരുപക്ഷേ...... " സഞ്ജു പറഞ്ഞുവന്നത് പാതിയിൽ നിർത്തി അവനേ നോക്കി. അതിനൊരു മറുപടി നൽകാതെ സിദ്ധു വെറുതേ അവന്റെ കൈത്തണ്ടയിൽ മുറുകെപ്പിടിച്ചു. ജോഗിംഗ് കഴിഞ്ഞ് സിദ്ധുവും സഞ്ജുവും തിരികെ വരുമ്പോൾ നരേന്ദ്രനൊപ്പം പൂമുഖത്തിരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു അമൃത്. " ആഹാ നീ കാലത്തെ എത്തിയോ......വിളിച്ചിരുന്നെങ്കിൽ ഞങ്ങളാരെങ്കിലും വണ്ടിയുമായി വരുമായിരുന്നല്ലോ.... " അകത്തേക്ക് കയറി വന്നയുടനെ സിദ്ധു ചോദിച്ചു. " ഓഹ് അതൊന്നും സാരമില്ലളിയാ.... " " നീ മൃദുനെ കണ്ടോ...??? " സഞ്ജുവായിരുന്നു. " മ്മ്ഹ് കണ്ടളിയാ.... " അവർ പരസ്പരം സംസാരിക്കുമ്പോഴും നരേന്ദ്രൻ മൗനമായി തന്നെ ഇരിക്കുകയായിരുന്നു. സിദ്ധുവത് ശ്രദ്ധിക്കുകയും ചെയ്തിരുന്നു.

" സഞ്ജു...... അമൃത് പറഞ്ഞത് നിന്റെ കൂടി തീരുമാനമാണോ....??? " പെട്ടന്നായിരുന്നു ഗൗരവം നിറഞ്ഞ നരേന്ദ്രന്റെ ചോദ്യം. " എന്താച്ഛാ.....??? " " ഞാൻ പറയാമളിയാ.... മൃദുന്റെ കാര്യത്തിൽ ഇങ്ങനെ ഓരോ മൂലക്ക് വിഷമിച്ചിരിക്കാനാണോ എല്ലാരുടെയും തീരുമാനം....??? പക്ഷേ എന്റെ തീരുമാനം അതല്ല. ഞാൻ വന്നത് അളിയനേം അവളേം അമേരിക്കയ്ക്ക് കൊണ്ടുപോകാനാ......." അവൻ പറഞ്ഞത് കേട്ട് സഞ്ജുവും സിദ്ധുവും ഒരുപോലെ അമ്പരന്നു. " നീയെന്തൊക്കെയാ അമൃത് ഈ പറയുന്നേ....??? അവളുടെ ഈ അവസ്ഥയിൽ നീയവൾക്കൊപ്പമുണ്ടായാൽ അതവൾക്കൊരാശ്വാസമായിരിക്കുമെന്ന് കരുതിയിട്ടാ നിന്നോടൊന്ന് വരാൻ പറഞ്ഞത്. പക്ഷേ നീ....." " എനിക്കറിയാമളീയാ.... ഞാൻ വെറുതെ ഒരു സൊല്യൂഷനെന്ന നിലയ്ക്ക് പറഞ്ഞതല്ല. ഞാൻ അമേരിക്കയിലുള്ള എന്റൊരു ഫ്രണ്ടുമായി ഈ കാര്യം സംസാരിച്ചിരുന്നു. അവളവിടെ മണിക്കൂറിന് പോലും വിലയുള്ള ഗൈനക്കോളജിസ്റ്റാണ്. മൃദുവിന്റെ റിപ്പോർട്ട്‌സെല്ലാം ഞാനവൾക്ക് അയച്ചിരുന്നു. അവിടെ എത്തിയാൽ മൃദുവിന്റെ കാര്യത്തിൽ ഒരു ചാൻസ് ഉണ്ടെന്ന് തന്നെയാണ് അവളുടെ അഭിപ്രായം. നമുക്കൊന്ന് ശ്രമിച്ചൂടെ....??? " എല്ലാരോടുമായി അവൻ ചോദിച്ചു. ഒരു നിമിഷം ആർക്കുമാർക്കും അതിനൊരു മറുപടിയോ ഉറച്ച തീരുമാനമോ ഉണ്ടായിരുന്നില്ല....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story