കാവ്യമയൂരം: ഭാഗം 41

kavyamayooram

രചന: അഭിരാമി ആമി

" എനിക്കറിയാമളീയാ.... ഞാൻ വെറുതെ ഒരു സൊല്യൂഷനെന്ന നിലയ്ക്ക് പറഞ്ഞതല്ല. ഞാൻ അമേരിക്കയിലുള്ള എന്റൊരു ഫ്രണ്ടുമായി ഈ കാര്യം സംസാരിച്ചിരുന്നു. അവളവിടെ മണിക്കൂറിന് പോലും വിലയുള്ള ഗൈനക്കോളജിസ്റ്റാണ്. മൃദുവിന്റെ റിപ്പോർട്ട്‌സെല്ലാം ഞാനവൾക്ക് അയച്ചിരുന്നു. അവിടെ എത്തിയാൽ മൃദുവിന്റെ കാര്യത്തിൽ ഒരു ചാൻസ് ഉണ്ടെന്ന് തന്നെയാണ് അവളുടെ അഭിപ്രായം. നമുക്കൊന്ന് ശ്രമിച്ചൂടെ....??? " എല്ലാരോടുമായി അവൻ ചോദിച്ചു. ഒരു നിമിഷം ആർക്കുമാർക്കും അതിനൊരു മറുപടിയോ ഉറച്ച തീരുമാനമോ ഉണ്ടായിരുന്നില്ല. " അച്ഛാ...... " നിമിഷങ്ങൾ കടന്നുപോകെ സിദ്ധു വിളിച്ചു. നരേന്ദ്രനും സഞ്ജുവും അമൃതും ഒരേപോലവനെ നോക്കി. " അങ്ങനെ ഒരു ചാൻസുണ്ടെങ്കിൽ അതൊന്ന് ട്രൈ ചെയ്യുന്നതല്ലേ നല്ലത്.. നമ്മള് വെറുതേ സെന്റിമെൻസ് വച്ചോണ്ടിരുന്നാൽ ജീവിതമവരുടേതാണ്. അവർക്കുമൊരു കുഞ്ഞ് വേണ്ടേ....

ഏട്ടന്റെയൊരു കുഞ്ഞിനെ ലാളിക്കാൻ നമുക്കും കൊതിയില്ലെ... നാളെ ഏട്ടത്തിക്ക് പോലും തോന്നും നമ്മുടെ വാശി കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന്. അതുവേണോ അച്ഛാ...... അവര് പോയി വരട്ടേ..... " അവൻ പറഞ്ഞത് മുഴുവൻ കേട്ടിട്ട് നരേന്ദ്രനൊരുനിമിഷം മൗനമായി ആലോചനയിൽ മുഴുകിയിരുന്നു. പിന്നെ പതിയെ സമ്മതഭാവത്തിൽ തലയനക്കി. " അതെ മോനെ സഞ്ജു..... നീയവളേം കൊണ്ട് പോകണം. ചികിത്സിക്കാതെ രോഗം മാറിയില്ലെന്ന് പറയുന്നതിലർത്ഥമില്ല. ഒരു ഡോക്ടറുടെ റിസൾട്ടിൽ ഒന്നും എഴുതിത്തള്ളാൻ കഴിയില്ലല്ലോ. ഇതുമൊന്ന് ശ്രമിക്കാം. അമൃത് , അവര് വരും നിന്റെ കൂടെ. യാത്രക്കുള്ള കാര്യങ്ങളൊക്കെ നോക്കിക്കൊ നീ.... " പറഞ്ഞിട്ട് സഞ്ജുവിന്റെ തോളിലൊന്ന് തട്ടി വോക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ അദ്ദേഹം അകത്തേക്ക് നടന്നു.

പിന്നീട് എല്ലാവരും കൂടിയിരുന്ന് ആഹാരം കഴിക്കുന്ന സമയത്തായിരുന്നു ആ വിഷയത്തെക്കുറിച്ചൊരു സംസാരം വന്നത്. നരേന്ദ്രൻ തന്നെയായിരുന്നു അതിന് തുടക്കമിട്ടതും. " എഡോ അമൃത് പറയുന്നത് സഞ്ജുനേം മൃദുനേം അമേരിക്കയിലേക്ക് വിടാമെന്നാ. അവന്റെ ഏതോ ഫ്രണ്ട് നല്ലൊരു ഡോക്ടറുണ്ടത്രേ അവിടെ. മൃദു മോൾടെ റിപ്പോർട്സൊക്കെ കണ്ടിട്ട് ചാൻസുണ്ടെന്ന് അവർ പറഞ്ഞുന്ന്. " അരികിലിരുന്ന അരുന്ധതിയേ നോക്കി അദ്ദേഹം പറഞ്ഞു. " എന്റെ അഭിപ്രായം ഇവര് പോണമെന്ന് തന്നെയാ. " സിദ്ധു കൂട്ടിചേർത്തു. അപ്പോഴും എല്ലാവരും ഉറ്റുനോക്കിയത് മൃദുവിനെയായിരുന്നു. അവളിൽ ഒരു നിസംഗ ഭാവം തളം കെട്ടിയിരുന്നു അപ്പോഴും. " നീയെന്താ മോളേ ഒന്നും പറയാത്തത്....??? " " അത് ..... അച്ഛാ ഞാൻ.... എനിക്ക് വലിയ പ്രതീക്ഷയൊന്നുല്ലച്ഛാ. ഡോക്ടർ ദേവിക അത്ര മോശം ഡോക്ടറൊന്നുമല്ല. അവർ തഴഞ്ഞ കേസല്ലേ എന്റെ.... അത്രമേൽ അറ്റം പറ്റിയതൊക്കെയേ അവർ കൈ വിടൂ.....

ആ സ്ഥിതിക്ക് എന്റെ കാര്യത്തിൽ ഇനിയൊരു......." " എന്താ ഏട്ടത്തി ഈ പറയുന്നേ.... ഡോക്ടേഴ്‌സ് എല്ലാം ദൈവങ്ങളൊന്നുമല്ല. ചിലർക്ക് കഴിയാത്തത് മറ്റുചിലർക്ക് കഴിയില്ലാന്നുമില്ല. ഈ കാര്യത്തിൽ ദേവിക ഡോക്ടറ് മാത്രല്ലേ തോറ്റിട്ടുള്ളു. എന്നുകരുതി ഒരു സെക്കൻഡ് ഒപ്പിനിയൻ നോക്കുന്നതിനെന്താ പ്രോബ്ലം....???? " അതോടെ അവൾ മറുപടിയില്ലാതെ സഞ്ജുവിനെ നോക്കി. അവനും പ്രതീക്ഷയോടെ അവളിൽ തന്നെ മിഴിനട്ടിരിക്കുകയായിരുന്നു. അവനിലേ ആ പ്രതീക്ഷയായിരുന്നു അവളെ കൂടുതൽ ഭയപ്പെടുത്തിയത്. ഒരുപക്ഷേ വീണ്ടുമൊരു പരാജയത്തെ അവനെങ്ങനെ സ്വീകരിക്കും എന്നവൾക്ക് അറിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ അവളുടെ കണ്ണുകൾ നനഞ്ഞു. " എല്ലാവരുടെയും അഭിപ്രായം പോലെ തീരുമാനിച്ചോ അച്ഛാ.... എനിക്ക് എതിർപ്പൊന്നുമില്ല. " ഇനിയൊന്നും പറയാനില്ലാത്തത് പോലെ പെട്ടന്ന് പറഞ്ഞിട്ട് അവളെണീറ്റ് പോയി. അവളുടെയാ പോക്ക് നോക്കിയിരിക്കുമ്പോൾ എല്ലാ മുഖങ്ങളിലും വേദന തന്നെയായിരുന്നു.

" അപ്പോ അമൃത് ബാക്കി കാര്യങ്ങളൊക്കെ റെഡിയാക്കിക്കൊ. എത്രയും പെട്ടന്ന് ആയിക്കോട്ടെ യാത്ര.... " ആ മൂഡ് ഒന്ന് മാറ്റാനായിക്കൂടി നരേന്ദ്രനത് പറയുമ്പോൾ ഏവരിലും ഒരു പ്രതീക്ഷയുടെ നാളം തെളിഞ്ഞിരുന്നു. " ഈശ്വരാ ഇനിയുമെന്ത് പരീക്ഷണമാ നീയെനിക്കായ് കരുതി വച്ചിരിക്കുന്നേ....??? ഒരു കുഞ്ഞിന് ജന്മം നൽകാനുള്ള ഭാഗ്യം പോലും നിഷേധിക്കാൻ മാത്രം പാപിയായിരുന്നോ ഞാൻ....??? എനിക്ക്..... എനിക്ക് പേടിയാ ഭാഗവാനേ.... ഇനിയും തോറ്റുപോയാൽ സഞ്ജുവേട്ടൻ..... സഞ്ജുവേട്ടനെകൂടെനിക്ക് നഷ്ടമായാൽ പിന്നെന്തിനാ ഞാൻ ജീവിക്കണേ.... " മുറിയിലെത്തി ബെഡിലേക്ക് വീണ് ചങ്കുപൊട്ടിക്കരയുമ്പോൾ മൃദുലയുടെ അധരങ്ങൾ വിറച്ചു. ആ കുറച്ചുദിവസങ്ങൾ കൊണ്ട് ആ പെണ്ണത്രമേൽ തകർന്നടിഞ്ഞിരുന്നു. വൈകുന്നേരം വൈശാഖിനെ ഫോൺ ചെയ്തിട്ട് കിട്ടാതിരുന്നതിന്റെ ടെൻഷനിൽ ഇരിക്കുകയായിരുന്നു ജ്യോതി. " ഭാഗവാനേ ഇനി പുതിയ എന്തെങ്കിലും പ്രശ്നത്തിൽ ചെന്ന് ചാടിയോ..... ഞാൻ പറഞ്ഞാലൊന്നും വൈശാഖനുസരിക്കില്ല ദൈവമേ.... നീ തന്നെ നേർവഴിക്ക് നടത്തണേ.... "

അവൾ മനമുരുകി പ്രാർത്ഥിച്ചു. അപ്പോഴായിരുന്നു ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ട് അമൃതങ്ങോട്ട് വന്നത്. ടെൻഷനോടിരിക്കുകയായിരുന്ന ജ്യോതിയേക്കണ്ടതും അവൻ ഫോൺ കട്ട് ചെയ്തുകൊണ്ടങ്ങോട്ട്‌ വന്നു. " എന്താടോ തനിക്കെന്താ ഒരു വിഷമം പോലെ.... എന്തെങ്കിലും പ്രശ്നമുണ്ടോ....??? " അവളെയും അരികിൽ വച്ചിരുന്ന ഫോണിലേക്കും മാറിമാറി നോക്കിക്കൊണ്ടവൻ ചോദിച്ചു. പെട്ടന്ന് മുഖത്തെ ടെൻഷനൊളിപ്പിക്കാൻ ശ്രമിച്ചുകൊണ്ടവളൊന്ന് പുഞ്ചിരിച്ചു. " അതുപിന്നെ..... ഞാൻ..... " " എന്നോട് പറയാവുന്നതാണെങ്കിൽ പറഞ്ഞാൽ മതി.... " അവൻ ചിരിയോടെ അവളുടെ തൊട്ടരികിലെ കസേരയിലേക്കിരുന്നു. " ഏയ് അങ്ങനൊന്നുല്ല അമൃത്..... ഞാൻ വൈശാഖിനെ ട്രൈ ചെയ്യുവായിരുന്നു. പക്ഷേ ഫോണെടുക്കുന്നില്ല. ചിലപ്പോൾ ഡ്രൈവിംഗിലായിരിക്കും. അതാ.... അല്ലെങ്കിൽ എന്റെ കാളെടുക്കാതിരിക്കില്ല. " എന്തൊക്കെയോ മൂടി വയ്ക്കാനുള്ള വ്യഗ്രതയിൽ അവൾ പറഞ്ഞു. അമൃത് വെറുതെയൊന്ന് ചിരിച്ചു. " നിങ്ങൾ ലവ് മാര്യേജ് ആണല്ലേ...??? "

" മ്മ്ഹ്..... കോളേജിൽ എന്റെ സീനിയറായിരുന്നു വൈശാഖ്. " " മ്മ്ഹ്..... " വെറുതേയൊന്ന് മൂളുമ്പോൾ അമൃതിൽ വീണ്ടുമെന്തൊക്കെയോ നഷ്ടബോധം തല പൊക്കിയിരുന്നു. എങ്കിലും അതവളിൽ നിന്നുമൊളിക്കുവാൻ അവനൊരു പാഴ്ചിരിയുടെ മുഖംമൂടിയണിഞ്ഞു. പൊടുന്നനെയായിരുന്നു അരികിൽ വച്ചിരുന്ന ജ്യോതിയുടെ ഫോൺ റിങ് ചെയ്തത്. " വൈശാഖാ..... " മൊബൈൽ സ്ക്രീനിലേക്ക് നോക്കി സന്തോഷത്തോടെ പറയുന്നവളുടെ മിഴികളിലെ തിളക്കം നോക്കിയിരിക്കെ അമൃതിന്റെ നെഞ്ചിലെന്തോ ഒന്ന് കൊളുത്തിവലിക്കും പോലെ തോന്നി. " എന്നാപ്പിന്നെ നിങ്ങള് സംസാരിക്ക്...... ഞാൻ സ്വർഗത്തിലെ കട്ടുറുമ്പാകുന്നില്ല....." ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞിട്ട് അവനെണീറ്റ് സ്റ്റെയർ കേസിനരികിലേക്ക് പോയി. എന്നിട്ടും അവിടെ നിന്ന് പോകാൻ കഴിയാതെ അവൻ തിരിഞ്ഞുനോക്കുമ്പോൾ ജ്യോതി കാൾ അറ്റന്റ് ചെയ്ത് വൈശാഖിനോടെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. " എന്തിനാ പെണ്ണേ നീ മാറ്റാർക്കോ സ്വന്തമായത്.......??? ഞാനെന്തേ നിന്നിലേക്ക്‌ക്കെത്താനിത്രയും വൈകി......???? "

വേദനയോടവൻ സ്വയം ചോദിച്ചു. പിന്നെ നിരാശയോടെ താഴേക്ക് നടന്നു. " എന്തിനാഡീ കോപ്പേ ഇങ്ങനെ കിടന്നുവിളിക്കുന്നത്..... എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാനങ്ങോട്ട് വിളിക്കില്ലേ.....??? " വൈശാഖിന്റെ സ്വരത്തിൽ ഈർഷ്യ നിറഞ്ഞിരുന്നു. " എന്താ വൈശാഖ് ഇത്..... ഞാൻ നിന്റെ ഭാര്യയല്ലേ....??? നിന്നോടൊന്ന് സംസാരിക്കണമെന്നെനിക്ക് ആഗ്രഹമില്ലേ.... നിന്നെ കണ്ടില്ലേ , നിന്റെ വിളി കേട്ടില്ലേ എന്റെ നെഞ്ചിടിപ്പേറില്ലേ.....??? അതെന്താ നീ മനസ്സിലാക്കാത്തത്.... നിന്റെ ആവശ്യങ്ങൾക്ക് മാത്രമാണോ നീയെന്നേ വിളിക്കേണ്ടത്....??? " ചോദിക്കുമ്പോൾ കരഞ്ഞുപോയിരുന്നു ജ്യോതി. " നിർത്തേഡി നിന്റെ പൂങ്കണ്ണീര്.....പല തവണ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് നിന്റെ കോപ്പിലെ സെന്റിമെൻസും കൊണ്ട് എന്റടുത്തോട്ട് വരരുതെന്ന്. അതേടി എന്റെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ഒരുത്തി തന്നെയാ നീ.....അതിനപ്പുറം ഒന്നുല്ല.... അങ്ങനെയായിരിക്കുമെന്ന വാക്ക് നീ തന്നിട്ട് തന്നെയാ നിന്നെ ഞാൻ കെട്ടിയെടുത്ത് തലേൽ വച്ചത്. " " വൈശാഖ്.... !!!!!! "

" എന്താടി പുല്ലേ.... ഇനി എനിക്ക് വേണ്ടി ജോലി ചെയ്യുന്നതിന് നിനക്ക് കൂലി വേണോ.... പറയെടി എത്ര വേണം നിനക്ക്.....???? " '' വൈശാഖ് നീ എന്തൊക്കെയാ ഈ പറയുന്നതെന്ന് വല്ല ബോധവുമുണ്ടോ നിനക്ക്....???? " " ഉണ്ടെടി ഉണ്ട്...... ഇപ്പൊ അവിടെ ചെന്ന് നിന്ന് നിനക്കെന്നേക്കാൾ കൂറ് അവരോടാണെന്ന് എനിക്ക് നല്ലത് പോലെ അറിയാടി. അതുകൊണ്ട ചോദിച്ചത്...... എന്റെ കൂടെ നിക്കുന്നതിന് നിനക്കെത്ര വേണം പറഞ്ഞൊ. അതിനി എത്രയായാലും ഞാനത് തരും.... " അവൻ പറയുന്ന ഓരോ വാക്കുകളും ഓരോ അസ്ത്രങ്ങൾ പോലെ തന്റെ നെഞ്ച് പിളർക്കുന്നത് ജ്യോതിയറിഞ്ഞു. അവളുടെ മിഴികൾ കവിഞ്ഞൊഴുകിക്കൊണ്ടേയിരുന്നു. " ഇരുന്നുമോങ്ങാതെ വച്ചിട്ട് പോടീ ശവമേ..... ആഹ് പിന്നെ ഞാൻ വരുന്നുണ്ട്. ആ കുടുംബത്തിന്റെ കാലനാവാൻ. വേണമെങ്കിൽ നിനക്കിനിയും എന്റെ കൂടെത്തന്നെ നിൽക്കാം. ഇല്ലെങ്കിൽ കൊന്നുതള്ളും ഞാൻ..... " മറുവശത്ത് കാൾ കട്ടായതും ജ്യോതിയുടെ കയ്യിൽ നിന്നും ഫോൺ ഊർന്ന് നിലത്തേക്ക് വീണു.

അവൾ വേഗമെണീറ്റ് തന്റെ മുറിയിലേക്കോടി. നെഞ്ചിലെ ഭാരമൊക്കെയും ആരുമറിയാതൊന്ന് പെയ്തൊഴിക്കുവാനായി. പിറ്റേദിവസം രാവിലെ തന്നെ അമേരിക്കയിലേക്കുള്ള യാത്രയുടെ ഫോർമാലിറ്റീസൊക്കെ ശരിയാക്കാനായി അമൃത് പുറത്തേക്ക് പോയിരുന്നു. സിദ്ധു ഓഫിസിലേക്കും ചാരുവും അരുന്ധതിയും ക്ഷേത്രത്തിലേക്കും പോയിരുന്നു. സഞ്ജുവാണേൽ മൃദുവിന്റെ മൂഡൊക്കെയൊന്ന് മാറിക്കോട്ടെന്ന് കരുതി അവളേം കൊണ്ട് പുറത്തേക്കും പോയിരുന്നു. ആ സമയത്തയിരുന്നു പുറത്തൊരു കാർ വന്നുനിന്നത്. ആ ശബ്ദം കേട്ടുകൊണ്ട് മുകളിലായിരുന്ന ജ്യോതി താഴേക്ക് വന്നു. കാളിങ് ബെൽ ചിലച്ചതും നരേന്ദ്രന്റെ മുറിയിലേക്കൊന്ന് നോക്കിയിട്ട് അവൾ ചെന്ന് വാതിൽ തുറന്നു. " എന്താ എന്റെ പ്രീയപ്പെട്ട ഭാര്യയൊന്ന് ഭയന്നത് പോലെ തോന്നുന്നല്ലോ.... " മുന്നിൽ നിൽക്കുന്ന ആളെകണ്ടൊന്ന് പകച്ച് പോയ ജ്യോതിയുടെ കവിൾത്തടങ്ങളിൽ വിരലമർത്തി വല്ലാത്തൊരു ചിരിയോടെ വൈശാഖ് ചോദിച്ചു. " വൈശാഖ്..... "

" അതേടി ഞാൻ തന്നെ..... ഇനി നിന്നെകൊണ്ടെനിക്ക് ഗുണമൊന്നുമുണ്ടെന്ന് തോന്നുന്നില്ല. അതാ ഞാൻ നേരിട്ട് വന്നത്. അല്ല എവിടെ ഇവിടുത്തേ നിന്റെ പുതിയ ബന്ധുക്കൾ....??? " അവളുടെ കവിളിൽ നിന്ന് പിടി വിടാതെ തന്നെ അവൻ ചോദിച്ചു. അപ്പോഴെല്ലാം കവിളിന്റെ അകവും പുറവും ഒരുപോലെ വേദനയും നീറ്റലും കൊണ്ട് നീറിയിട്ട് ആ പെണ്ണിന്റെ കണ്ണ് നിറഞ്ഞു. " ഇവിടെ..... ഇവിടില്ല.. എനിക്ക് നോവുന്നു വൈശാഖ്...... " അവൾ അപേക്ഷ പോലെ പറഞ്ഞതും അവനൊരു ഭ്രാന്തനെപ്പോലെ പൊട്ടിച്ചിരിച്ചു. " ആഹാ അപ്പോ ഞാൻ വന്ന സമയം കൊള്ളാല്ലോ... " അവളുടെ തോളിലൂടെ കയ്യിട്ട് മുറുകെപ്പിടിച്ചുകൊണ്ട് അകത്തേക്ക് കയറുമ്പോൾ അവൻ പറഞ്ഞു. " അല്ല ഇവിടൊരു എടുക്കാച്ചരക്കുണ്ടല്ലോ അയാളിവിടില്ലേ..... " അവനുദ്ദേശിച്ചത് നരേന്ദ്രനെയാണെന്ന് ഉറപ്പായതും അവളൊന്നുമൂളി. " അച്ഛൻ റൂമിലുണ്ട്. ഉറക്കാ.... " " ആഹാ അതെനിക്കങ്ങ് ഇഷ്ടപ്പെട്ടു. നിന്റെ തള്ളക്ക് ഇവിടേം കണക്ഷനുണ്ടാരുന്നോ അപ്പോ നിന്റെ വീട്ടിൽ നിന്റെ തന്തയാണെന്ന് പറഞ്ഞിരിക്കുന്ന ആ..... ആരാടി... അവൾടെയൊരച്ഛൻ...... . "

പുച്ഛത്തോടെയുള്ള അവന്റെ ചോദ്യം കേട്ട് അവളുടെ ഉള്ള് പിടഞ്ഞു. " വൈശാഖ് സൂക്ഷിച്ചുസംസാരിക്കണം." " എന്തെടി നിനക്ക് പൊള്ളിയോ.....??? " " ആ പൊള്ളി. നല്ല തന്തക്കും തള്ളക്കുമുണ്ടായ ഏതൊരു മകൾക്കും പൊള്ളും. അതറിയണമെങ്കിൽ ഒരു തന്തക്ക് പിറക്കണം.... നൊന്തുപെറ്റ ഒരു തള്ളയുണ്ടാവണം. അതൊന്നുമില്ലാത്ത നിനക്ക് അച്ഛനമ്മമാരുടെ വിലയറിയില്ല.... " " ഡീ ....... മോളേ.... " പറഞ്ഞുതീരും മുന്നേ അവന്റെ ഇടതുകൈ ശക്തമായവളുടെ കരണത്ത് പതിഞ്ഞു. തലയുടെ ഒരു വശമൊന്ന് പെരുത്തത് പോലെ തോന്നിയ ജ്യോതി കവിളത്തുകയ്യമർത്തി കണ്ണുകൾ ഇറുക്കിയടച്ച് സോഫയിലേക്കിരുന്നു. അപ്പോഴും ആ മിഴികൾ തൂവിക്കൊണ്ടിരുന്നു.

" ഇരുന്നുമോങ്ങാതെ പോയൊരുകുപ്പി വെള്ളവും ഒരു ഗ്ലാസുമെടുത്തോണ്ട് വാടി..... " പറഞ്ഞിട്ട് അവൻ വേഗത്തിൽ മുകളിലുള്ള അവളുടെ മുറിയിലേക്ക് പോയി. രണ്ട് നിമിഷം കൂടവിടങ്ങനിരുന്നിട്ട് ജ്യോതിയെണീറ്റ് കിച്ചണിലേക്ക് പോയി. " എന്നോട്..... എന്നോട് ക്ഷമിക്കച്ഛാ.... അമ്മാ സോറി.... നിങ്ങളെ വേദനിപ്പിച്ചതിന്റെ ശിക്ഷയാ ഞാനീയനുഭവിക്കുന്നതൊക്കെ. പൊറുക്കണേ അച്ഛാ.... എന്നേ ശപിക്കല്ലേ..... " സ്വന്തം അച്ഛനമ്മമാരുടെ മുഖം ഓർമ്മയിൽ വന്നപ്പോൾ നെഞ്ചുപൊള്ളിക്കരഞ്ഞുകൊണ്ടവൾ പിറുപിറുത്തു. പിന്നെ പതിയെ ഫ്രിഡ്ജ് തുറന്നൊരു ബോട്ടിൽ വെള്ളവും ഒരു ഗ്ലാസുമെടുത്തുകൊണ്ട് മുകളിലേക്ക് നടന്നു. അതേസമയം മുകളിലെ മുറിയിൽ. ചെറിയൊരു മരുന്ന് ബോട്ടിലും കയ്യിൽ പിടിച്ച് നിൽക്കുകയായിരുന്നു അവൻ. അതിലേക്ക് നോക്കും തോറും അവന്റെ കണ്ണുകൾ പൈശാചികമായി തിളങ്ങി. പിന്നെ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story